“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/15/09

കൂപമണ്ഡൂക പരിണാമം




                         ദിനാന്ത്യയാമത്തിൽ പൊട്ടക്കിണറ്റിൽ നിന്നും, പൊത്തുകൾക്കുള്ളിലെ മണിമന്ദിരവാതായനങ്ങൾ തുറന്ന്, മണ്ഡൂകന്മാർ ഓരോരുത്തരായി പുറത്തിറങ്ങി. തല പുറത്ത് കാണിക്കാതെ വീട്ടിനകത്തിരിക്കുന്ന എല്ലാ മണ്ഡൂകിമാരോടും ‘റ്റാറ്റ’ പറഞ്ഞ് അവർ സ്വവസതികളുടെ പൂമുഖവാതിൽ ബന്ധിച്ച് അരക്കിട്ട് മുദ്രവെച്ചു. മണ്ഡൂകൻ തിരിച്ച് വരുന്നത്‌വരെ, അവരുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഒരു മണ്ഡൂകിയും മുൻ‌വാതിൽ തുറന്ന് പുറത്തിറങ്ങുകയില്ല. എങ്കിലും പിൻ‌വാതിൽ തുറന്ന് പുറത്തിറങ്ങാൻ മണ്ഡൂകിമാർക്ക് കഴിയും എന്നത് പരസ്യമായ രഹസ്യമായതിനാൽ, രഹസ്യമായി തന്നെ എക്കാലത്തും സൂക്ഷിക്കുന്നു. ചുറ്റുമുള്ള അന്ധകാരത്തിന്റെ ആവരണത്തിന് കട്ടികൂടുന്തോറും അവർ ചാടിച്ചാടി കിണറിനു മുകളിൽ എത്തി. പിന്നെ വിശാലമായ ഇരുട്ടിലേക്ക് നിശബ്ദമായി ഊളിയിട്ട് ആൺ‌മണ്ഡൂകങ്ങൾ ഇറങ്ങിനടന്നു. 

                          പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കടലിൽ നിന്നും കരയിലേക്ക് വന്നവരുടെ സന്തതികളായ ഒരു കൂട്ടം തവളകൾ അന്നും ഇന്നും ഒരു പൊട്ടക്കിണറ്റിന്റെ അടിത്തട്ടിൽ തന്നെയാണ് പാർക്കുന്നത്. അവർ പാർക്കുന്ന ആ പൊട്ടക്കിണർ ഒരു മുന്തിരിത്തോപ്പാണെന്ന് അവർ വിശ്വസിച്ചു. അവിടെ പകൽ‌വെളിച്ചത്തിന് പ്രവേശനം നിഷേധിച്ചതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യം വരാറില്ല.  അവർ ആയിരമായി തൊള്ളായിരമായി പതിനായിരമായി കാക്കതൊള്ളായിരമായി പെറ്റുപെരുകി. കൂപത്തിന്റ്റെ മുക്കിലും മൂലയിലും നിറയെ പൊത്തുകളും തുരങ്കങ്ങളും നിർമ്മിച്ച് അതിനുള്ളിൽ മണിമന്ദിരങ്ങൾ പണിതു. സുന്ദരമായി ശാന്തമായി സമാധാനമായി വളരെക്കാലം അവർ ജീവിച്ചു. മനസ്സിൽ ഓർക്കുന്നതെല്ലാം മുന്നിൽ എത്തിക്കാനുള്ള കഴിവ് അവരുടെ ആൺസന്തതികൾക്ക് ഉണ്ടായിരുന്നു. മണ്ഡൂക യുവാക്കൾ കൂപത്തിനു പുറത്ത് പോയി ആനന്ദജീവിതത്തിൽ ആറാടി, തിരിച്ച്‌വരുമ്പോൾ  കിട്ടാവുന്നത്ര സമ്പത്ത് വാരിയെടുത്ത് കൂപത്തിലെ സ്വവസതികളിൽ നിറക്കുകയും ചെയ്തു. അവരുടെ അമ്മ, പെങ്ങൾ, ഭാര്യ, മകൾ തുടങ്ങിയ എല്ലാവർക്കും എന്നെന്നും സുഖജീവിതം അവർ കാഴ്ചവെച്ചു.

                            മണ്ഡൂകിമാർ ഒരിക്കലും മറ്റുള്ളവരെ കാണാനോ, കൂപം‌വിട്ട് പുറത്തിറങ്ങാനോ ആഗ്രഹിച്ചിരുന്നില്ല. പെണ്ണുങ്ങൾക്ക് പ്രധാനതൊഴിൽ വംശവർദ്ധനവാണ്; അതായത് അംഗസഖ്യ കൂട്ടുക. അക്കാര്യത്തിൽ മണ്ഡൂകികൾ മിടുക്കികളാണ്. അവർക്ക് ‘വിവരം‌ വെക്കാതിരിക്കാനും’, അവരെ പുറം‌ലോകം ‘കാണാതിരിക്കാനും കാണിക്കാതിരിക്കാനും’ വേണ്ട എല്ലാ സൂത്രപ്പണികളും ആണുങ്ങൾ ചെയ്യാറുണ്ട്.

                           മണ്ഡൂകിമാരുടെ രാത്രിചര്യകൾക്ക് മാറ്റം വന്നത് ഏതാനും വർഷം മുൻപാണ്. അതുവരെ ആണുങ്ങൾ പുറത്ത്‌പോകുമ്പോൾ വീടിന്റെ വാതിൽ അടച്ചുകുറ്റിയിടാറില്ല. മറ്റൊരു ലോകത്തെകുറിച്ച് അജ്ഞാതമായ, കൂപമണ്ഡൂകികൾ ജനിച്ച്‌വളർന്ന ഈ പൊട്ടക്കിണർ വിട്ട് പുറം‌ലോകത്തെപറ്റി ചിന്തിക്കുമെന്ന് വിശ്വസിക്കാത്ത ഒരു കാലത്താണ്, ആണുങ്ങളില്ലാത്ത അർദ്ധരാത്രിയിൽ ഒരു ചിറകുള്ള ചെകുത്താൻ വന്നത്. 


                          ഒരു രാത്രി കണ്ണ് നന്നായി കാണുന്ന യാമങ്ങളിൽ നക്ഷത്രക്കണ്ണുകളുമായി പറന്നുവന്ന, ആ ചെകുത്താന്റെ വാക്കുകളിൽ മയങ്ങി ഏതാനും കൂപമണ്ഡൂകിമാർ വഴിതെറ്റിയതിനു ശേഷം ആണായിപിറന്ന മണ്ഡൂകന്മാർ വളരെ ശ്രദ്ധാലുക്കളാണ്. വഴിതെറ്റിയവളുമാരെയും അവർക്ക് പിറന്ന സന്താനങ്ങളെയും ഒന്നിച്ച് തീയിലിട്ട് കൊന്ന കഥയോർക്കുമ്പോൾ എല്ലാവരും പേടിച്ച് വിറക്കും.

                              സംഭവം നടന്നത് ഏതാനും വർഷങ്ങൾക്ക് മുൻപായിരുന്നു. അർദ്ധരാത്രി ആണുങ്ങളില്ലാത്ത നേരത്ത് കൂപമണ്ഡൂകികളുടെ ഗാനമേള കേട്ടാണ് ചിറകുള്ള വാവൽ ഗന്ധർവ്വൻ കിണറ്റിൽ പറന്നിറങ്ങിയത്. പിന്നീട് പലരാത്രികളിലും ഗന്ധർവ്വൻ വന്ന് പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവൻ കൂപത്തിന് പുറത്തുള്ള ലോകത്തെപറ്റി ധാരാളം കഥകൾ പറയാൻ തുടങ്ങി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെപറ്റിയും, വിശാലമായ കാടുകളുടെയും കായലുകളുടെയും കടലുകളുടെയും കഥകൾ പറയുന്നത് കേൾക്കാൻ എല്ലാ മണ്ഡൂകിമാരും പുറത്തിറങ്ങി. ഇക്കാര്യം മണ്ഡൂകന്മാരിൽനിന്നും രഹസ്യമാക്കി വെക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചു.

                               അങ്ങനെ പുറം‌ലോകത്തെപറ്റി അറിയാൻ തുടങ്ങിയ മണ്ഡൂകികൾക്ക് അവർ പാർക്കുന്ന പൊട്ടക്കിണറിൽ നിന്നും പുറത്തുചാടാൻ കൊതിയായി. അവരുടെ അടച്ചുപൂട്ടിയ ജീവിതത്തെ വെറുക്കാൻ തുടങ്ങി. ഓരോ പകലും വിശാലമായ ആകാശത്തെ സ്വപ്നം കണ്ട് അവർ ഉറങ്ങി. എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള സുവർണ്ണാവസരത്തിനായി ഓരോ മണ്ഡൂകിയും കൊതിച്ചു.
                              ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വലിയ അപകടം സംഭവിച്ചത്. ‘പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും മനോഹരങ്ങളായ  ചിറക് മുളച്ചിരിക്കുന്നു’! വാർത്തകൾ അറിഞ്ഞ മണ്ഡൂകന്മാർ ഞെട്ടി. കൂപത്തിനു പുറത്ത്, ഒരിക്കലും എത്തിനോക്കുകപോലും ചെയ്യാത്ത ഈ മണ്ഡൂകിമാർ പിഴച്ചിരിക്കുന്നു.  


                              അർദ്ധരാത്രിതന്നെ അടിയന്തിര മണ്ഡൂകസഭ ചേർന്നു. എല്ലാവരും ഒന്നിച്ച് പറയാൻ തുടങ്ങി, ‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’. അങ്ങിനെ അവർ ഒരു  കൂട്ടക്കുരുതിയിലൂടെ വർഗ്ഗശുദ്ധീകരണം നടത്തിയപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു. 
                           
                            പിന്നീട് മണ്ഡൂകിമാർ പൊട്ടക്കിണറിനു പുറത്തുള്ള ലോകത്തെ സ്വപ്നം കണ്ടില്ല. അത്കൊണ്ട്  അതിനു‌ശേഷം ജനിക്കുന്ന മണ്ഡൂകസന്താനങ്ങൾക്ക് ഒരിക്കൽ‌പോലും ചിറക് മുളച്ചില്ല. മണ്ഡൂകപരിണാമം അതോടുകൂടി അവസാനിച്ചു. 

12/7/09

ഇലക്‍ഷന്‍ ഡ്യൂട്ടി




                                 ഒരു തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍  നെഞ്ചിടിപ്പ് കൂടുന്നത് സര്‍ക്കാരിനെ നേരിട്ട് സേവിക്കുന്ന സര്‍ക്കാര്‍ ഓഫീസിലെ വനിതാ ജീവനക്കാരെയാണ്. കണ്ണൂര്‍ ജില്ലയില്‍ ‘ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിക്കുക’ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അപകടമായിട്ടാണ് പലരും കാണുന്നത്. വീട്ടില്‍ നിന്നും അകലെ ഡ്യൂട്ടി ലഭിച്ചാല്‍ രാത്രി താമസസൌകര്യം എന്ന ഭീഷണി മുന്നില്‍. അഥവാ വീട്ടിനടുത്ത് ഡ്യൂട്ടി ലഭിച്ചാലോ; അതൊരു വലിയ അപകടമാണ്. നാട്ടുകാരുടെ വെറുപ്പും പിന്നെ അവരുടെ ‘തനിനിറവും’ കാണേണ്ടിവരും.അതിനാല്‍ ഡ്യൂട്ടി ഒഴിവാക്കുക എന്ന മഹായജ്ഞം‌തന്നെ ചില വനിതാജീവനക്കാര്‍ നടത്തും.
                                 
                         എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയത്തിലുള്ള വനിതാ ജീവനക്കാര്‍ക്ക് ഇലക്‍ഷന്‍ ഡ്യൂട്ടിയെപറ്റി ആശങ്കയൊന്നും ഇപ്പോഴില്ല. ‘മീരാ ജോസഫ്’ നമ്മുടെ സ്ക്കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതലാണ് ഇവിടെയുള്ള  ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു സഹായം ലഭിച്ചുതുടങ്ങിയത്. മീരയുടെ ഹസ്‌ബന്റ് ജോസഫ് ജില്ലാ കേന്ദ്രത്തില്‍ ഒരു സാധാ ക്ലാര്‍ക്കാണ്. അദ്ദേഹം ഒരു സംഘടനയില്‍ അംഗം ആണെങ്കിലും വ്യക്തമായ രാഷ്ട്രീയചായ്‌വ് ഇല്ല. അവസരത്തിനൊത്ത് എങ്ങോട്ട് വേണമെങ്കിലും ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്നവനാണ്. ഓഫീസിലെ രാഷ്ട്രീയചര്‍ച്ചകളില്‍ നോക്കുകുത്തി ആയി നില്‍ക്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരുടെയും സഹായം അദ്ദേഹത്തിന് ലഭിക്കും.
                              
                        മതത്തിന്റെ മതിലുകള്‍ തകര്‍ത്ത്  ജോസഫിന്റെ ജീവിതത്തില്‍ നല്ലപാതിയായി മീര വന്നത് അവരുടെ സ്വന്തം നാട്ടില്‍ ഒരു കൊച്ചു ഭൂമികുലുക്കത്തോടെയാണ്. രണ്ട്‌പേരും ജോലിസ്ഥലമായ കണ്ണുരില്‍ വന്നതോടെ നാട്ടിലെ ഭൂകമ്പം ശാന്തമായി. മീരടീച്ചര്‍ നമ്മുടെ സ്ക്കൂളില്‍ വന്നത് ഒരു ഭാഗ്യമായിട്ടാണ് എല്ലാവര്‍ക്കും തോന്നിയത്. ഓഫീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ജോസഫിന്റെ സഹായത്താല്‍ മീരടീച്ചര്‍ പരിഹരിച്ച് തരും. അതിലൊന്നാണ് ഇലക്‍ഷന്‍ ഡ്യൂട്ടിസമയത്തെ ഈ സഹായം. ഡ്യൂട്ടിയെ പേടിയുള്ള വനിതാജീവനക്കാര്‍ കൂടാതെ പ്രയാസമുള്ള പുരുഷപ്രജകളും മീരയുടെ സഹായം തേടാറുണ്ട്. ഒരു തവണ നമ്മുടെ സ്ക്കൂളിലുള്ള ആര്‍ക്കുംതന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്തപ്പോള്‍ നമ്മുടെ പിള്ളമാസ്റ്റര്‍ പ്രശ്നമുണ്ടാക്കി,
        “അതേയ്, താനിപ്പോള്‍ നമ്മുടെ സ്ക്കൂളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കോണ്‍‌ട്രാക്റ്റ് മൊത്തത്തില്‍ ഏറ്റെടുത്തിരിക്ക്യാണോ? അങ്ങനെ എല്ലാവരെയും ഒഴിവാക്കിയാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ താല്പര്യമുള്ളവര്‍ കാണും. അവര് വെറുതെ ഇരിക്കത്തില്ല, കേട്ടോ” 
               
                         അതിന്‍ ശേഷം വന്ന തെരഞ്ഞെടുപ്പ് മുതല്‍ ഡ്യൂട്ടിയില്‍ നിന്നും‌ ഒഴിവാകണമെന്ന് ആഗ്രഹമുള്ളവര്‍ മീരടീച്ചറുടെ കൈയില്‍ പേര് കൊടുക്കും. ടീച്ചര്‍ കെട്ടിയവന്റെ കൈയില്‍ കൊടുക്കും. അങ്ങേര്‍ ഡ്യൂട്ടി റിലീസ് ചെയ്യുന്ന ഓഫീസില്‍ ഇടപെട്ട് ഒഴിവാക്കും; ഇതാണ് പതിവ്. അത് എങ്ങനെ ചെയ്യുന്നു, എന്നത് അജ്ഞാതമാണ്.
.
                         അങ്ങനെയിരിക്കെ നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. ഇലക്‍ഷന്‍ ഡ്യൂട്ടി ഒഴിവാകാന്‍ കൊതിച്ചവര്‍, നമ്മുടെ മീരടീച്ചറുടെ പരിസരത്ത് ചുറ്റി നടക്കാന്‍ തുടങ്ങി. വളരെക്കാലമായി ടീച്ചറോട് മിണ്ടാത്ത, അവരെപറ്റി ഇല്ലാത്ത കുറ്റങ്ങള്‍ പറഞ്ഞ് പരത്തുന്ന ലില്ലികുര്യന്‍ പോലും മീരയോട് സംസാരിക്കാനും പതിവില്‍‌കവിഞ്ഞ സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി. ഇത്തവണ ഡ്യൂട്ടി ഒഴിവാകാന്‍ താല്പര്യം ഉള്ളവരില്‍ എല്ലാ വനിതാജീവനക്കരും രണ്ട് പുരുഷ ജീവനക്കാരും ഉണ്ട്. മീര ഭര്‍ത്താവിന്റെ സമക്ഷം ലീസ്റ്റ് നല്‍കി.

                        ഇലക്‍ഷന്‍ ഡ്യൂട്ടി അറിയിപ്പ് സ്ക്കൂളില്‍ വന്നു. ആകെ പതിനൊന്ന് പേര്‍ക്ക് ഡ്യൂട്ടി ലഭിച്ചു. പത്ത് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും. അങ്ങനെ വളരെക്കാലത്തിനു ശേഷം സ്ക്കൂളിലെ ഒരു വനിതാജിവനക്കാരിക്ക്  ഇലക്‍ഷന്‍ ഡ്യൂട്ടി ലഭിച്ചു; ആ ഡ്യൂട്ടി മീരടീച്ചര്‍ക്ക് തന്നെ. എല്ലവര്‍ക്കും പരോപകാരം ചെയ്ത അവര്‍, ആദ്യമായി മലയോര മേഖലയിലെ ഒരു വിദ്യാലയത്തില്‍ പോയി പൊതുജനങ്ങളെ സമ്മതിദാനം നിര്‍വ്വഹിക്കാന്‍ സഹായിച്ചു. 
                      മീരയുടെ ഭര്‍ത്താവ് ഡ്യൂട്ടിക്കാര്യത്തില്‍ ഇടപെടുന്നത് മനസ്സിലാക്കിയ ഏതോ ഒരു സഹപ്രവര്‍ത്തകന്‍ ലാസ്റ്റ് നിമിഷത്തില്‍ ചെയ്ത കൊടും ചതിയുടെ പരിണിതഫലമാണ് ഭാര്യക്ക്  ലഭിച്ച ഡ്യൂട്ടി‘ എന്ന് പറയപ്പെടുന്നു.

11/24/09

സാഗരതീരങ്ങളില്‍ ഒരന്വേഷണം




                               കടല്‍ക്കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. തിരകള്‍ അന്യോന്യം തട്ടി മുത്തുചിതറിക്കൊണ്ട് ചിരിച്ചു കളിക്കുകയാണ്. എന്നെപ്പിടിക്കാന്‍ പറ്റില്ലെന്ന ഭാവത്തില്‍ തരകള്‍ക്കഭിമുഖമായി പതിങ്ങിയിരിക്കുന്ന ഞണ്ടുകള്‍... അസ്തമയ സൂര്യന്റെ ചുവന്ന നിറം; അതൊരനുഭൂതി തന്നെയായിരുന്നു. അയാള്‍ ആ കടല്‍ത്തീരത്ത് മെല്ലെ നടന്നുകൊണ്ടിരുന്നു. ആ കണ്ണുകളില്‍ എവിടെനിന്നോ ആരംഭിച്ച വിഷാദത്തിന്റെ കല്ലോലങ്ങള്‍ തിമര്‍ത്തുവരികയാണ്. മണല്‍ത്തരികളോട് ചേര്‍ന്നുകിടന്ന് അയാള്‍ സ്വയം മന്ത്രിച്ചു;
 ‘എന്തായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്?’

                         കരക്കാറ്റ് അയാളുടെ മിഴികളെ സാവധാനം അടുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
 ‘വര്‍ഷങ്ങളായി മിഴി പൂട്ടാതിരുന്ന ഞാന്‍ , ഇന്ന് എനിക്കെന്താണ് സംഭവിച്ചത്?’
കണ്ണിന്റെ ഒരു കോണില്‍ കണ്ണുനീര്‍ തിങ്ങിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനം നടക്കാറായ ഭാവത്തോടെ, ചെറിയൊരു സ്പന്ദനം മാത്രം മതി അവ താഴെക്ക് അടര്‍ന്നു വീഴാന്‍ . സ്വയം നിയന്ത്രണം അയാള്‍ക്ക് വശമായിരിക്കാം. കണ്ണുനീര്‍ത്തുള്ളികള്‍ നിരാശരായി ഉള്‍വലിഞ്ഞു. കാറ്റ് നേത്രങ്ങള്‍ക്ക് ഭാരം കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ അവ പരാജയം സമ്മതിച്ചു.
                                
                           ജാലകത്തിന്റെ അഴികള്‍ക്കിടയിലൂടെ ഉറ്റുനോക്കികൊണ്ടിരുന്ന രണ്ടു കണ്ണുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. നിസ്സഹായതയും നിരാലബത്വവും നിറഞ്ഞ ആ വൃദ്ധന്റെ നേത്രകോടരത്തിനുള്ളിലാഴ്ന്നു പോയ കണ്ണുകള്‍, ബാഷ്പസങ്കുലമായ ആ കണ്ണുകള്‍... അവ അയാളുടെ  മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്നു. ഞെട്ടിയെഴുന്നേറ്റ അയാള്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഊറിക്കുടുന്നത് കണ്ടു. അവയില്‍ ഒരായിരം പേരുടെ നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും ശോകഛായയുടെയും പ്രതീതിയുളവാക്കുന്ന വദനങ്ങള്‍. സുഖകരമായ ആ കാറ്റിലും അയാള്‍ വിയര്‍ത്തു തുടങ്ങി. നെറ്റിത്തടത്തിലും നാസികയിലും രൂപമെടുത്ത വിയര്‍പ്പുകണങ്ങള്‍ ചാലുകള്‍ സൃഷ്ടിച്ച് താഴേക്ക് പതിച്ചു തുടങ്ങി. മനസ്സിന്റെ ഏതോ കോണില്‍, രോഗശയ്യയിലായ വൃദ്ധന്റെയും സമീപം നില്‍ക്കുന്ന അനേകം വൃദ്ധഅന്തേവാസികളുടെയും അവ്യക്തമായ ചിത്രം തെളിഞ്ഞുകൊണ്ടിരുന്നു. വൃദ്ധന്റെ കണ്ണുകള്‍ ബാഷ്പസങ്കുലമായിരുന്നു.
‘തനിക്ക് ആരായിരുന്നു അവര്‍’

                            അയാള്‍ എഴുന്നേറ്റ് നടക്കാന്‍ ആരംഭിച്ചു. നൂറുകുറി തന്നോട് തന്നെ ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ തിരമാലകള്‍ക്ക് എറിഞ്ഞുകൊടുത്തു, മണല്‍ത്തരികള്‍ക്ക് വിട്ടുകൊടുത്തു. 
എന്തായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നത്? 
എന്തായിരുന്നു ആ നിസ്സഹായനായ വൃദ്ധന്‍ പ്രതീക്ഷിച്ചത്? 
ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങള്‍ കടലിലെക്ക് വലിച്ചെറിഞ്ഞ് അയാള്‍ തിരികെ നടന്നു. മണല്‍ത്തരികളും തിരമാലകളും അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാവാം. 

11/10/09

ചിന്താവിഷ്ടയായ ശ്യാമള




                               ശ്യാമള ഒരു കേരളീയ ഹൌസ്‌വൈഫ്, കോട്ടയക്കാരി. ‘ശ്യാമളാദേവിഅമ്മക്ക് വേണ്ടി പൊന്ന് തൂക്കികൊടുത്തും പണം എണ്ണികൊടുത്തും അവളുടെ പിതാവ് അവള്‍ക്ക് വാങ്ങികൊടുത്ത ഭര്‍ത്താവ്, കോമളന്‍ അല്ലെങ്കിലും നാട്ടുകാര്‍ പേരിട്ടു;- കോമളന്‍ . ഈ കോമളന്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസില്‍ ‘ഒരു ചിന്ന ഓഫീസര്‍ പദവി’ അലങ്കരിക്കുന്നവനാണ്. അതിനാല്‍ കോട്ടയക്കാരായ ‘ശ്യാമളാ കോമളന്മാര്‍’ കണ്ണൂരിലെത്തി ഓഫീസിനു സമീപം വാടക വീട്ടിലാണ് താമസം. അവരുടെ രണ്ട് കോമളകുമാരന്മാര്‍, ‘പിച്ചവെച്ച നാള്‍ തൊട്ട്’ പഠിക്കുന്നത് ബോര്‍ഡിങ്ങ് സ്ക്കൂളില്‍ ആയതിനാല്‍ താമസസ്ഥലത്ത് കുമാരകേളികള്‍ ആടാറില്ല.
.
                               കല്ല്യാണം കഴിഞ്ഞ് കണ്ണൂരിലെത്തിയ അന്നുമുതല്‍ ശ്യാമള, കോമളനോട് പറയാന്‍ തുടങ്ങിയതാണ്;
 “ചേട്ടാ നമുക്ക് ഇവിടെ സ്വന്തമായി വലിയ വീട്‌വെച്ച് താമസിക്കണം. എനിക്കിവിടം നന്നായി ഇഷ്ടപ്പെട്ടു”
എന്നാല്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് ആ പദ്ധതി ആരംഭിച്ചത്. അവര്‍ താമസ്സിക്കുന്ന വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കാട് നിറഞ്ഞ സ്ഥലം ചെറിയ വിലക്ക് വാങ്ങി അവിടെയുള്ള ചെറിയ കുന്ന് ഇടിച്ചുനിരത്തി അവരുടെ സ്വപ്നമായ വീടിന്റെ പ്ലാന്‍ ശരിയാക്കി.
 .
                            ഉദ്യോഗസ്ഥരുടെ വീട്ടമ്മയായ (തൊഴില്‍‌രഹിത) ഭാര്യമാരില്‍‌നിന്നും വ്യത്യസ്ഥയാണ് നമ്മുടെ ശ്യാമള. സാധാരണ ഉദ്യോഗസ്ഥനായ ഭര്‍ത്താക്കന്മാര്‍ കിട്ടുന്ന ശമ്പളം മുഴുവന്‍ ജോലിയില്ലാത്ത ഭാര്യയാണെങ്കില്‍ അവളെ ഏല്പിക്കും. വീട്ടുചെലവ് നോക്കിനടത്തുന്നത് ഭാര്യ ആയിരിക്കും. ഭര്‍ത്താവിന് ആവശ്യമായ പണം കൊടുക്കുന്നതും സമ്പാദിക്കുന്നതും ബേങ്ക് ബാലന്‍‌സിന്റെ കണക്ക് നോക്കുന്നതും  ഹൌസ്‌വൈഫിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ ഇവിടെ ശ്യാമളയുടെ വീട്ടില്‍ ഈച്ച പറക്കുന്നതുപോലും കണവന്റെ കണ്‍‌ട്രോളിലാണ്. ശ്യാമളക്ക് അത് വളരെ ഇഷ്ടമാണ്. ആദ്യരാത്രിയില്‍ ആദ്യമായി സംസാരിച്ചതു മുതല്‍ ശ്യാമള ഭര്‍ത്താവ് പറയുന്നതിനെതിരായി ഒരു വാക്ക്‍പോലും എതിര് പറയാതെ അനുസരിക്കുന്നുണ്ട്.
.
                        ശ്യാമളയുടെ ഭര്‍ത്താവ് ഓഫീസ് വിട്ട് വീട്ടിലേക്ക് വരുമ്പോഴുള്ള സ്വീകരണം കാണാനായി അടുത്ത വീടുകളിലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കാറുണ്ട്. പുരുഷന്മാര്‍ നേരിട്ട് നോക്കിആസ്വദിക്കുമ്പോള്‍ സ്ത്രീകള്‍ ഒളിച്ചിരുന്ന് നോക്കും. കല്ല്യാണത്തിനു മുന്‍പ് അവളുടെ മുത്തശ്ശി പഠിപ്പിച്ചത് പോലെ അദ്ദേഹം വരുന്ന സമയത്ത്, വഴിയില്‍ നോക്കി മതിലിനപ്പുറത്ത് ബൈക്കില്‍ വരുന്ന ആ കഷണ്ടിത്തല കണ്ടാല്‍ ഓടിപ്പോയി ഗേറ്റ് തുറക്കും. ബൈക്കില്‍ നിന്നും കൈപിടിച്ച് ഇറക്കിയ ശേഷം ബാഗും മറ്റും വാങ്ങി ഒരു കൈയില്‍ പിടിച്ച്, മറുകൈകൊണ്ട് തോട്ടത്തിലെ പൈപ്പ് തുറന്ന് കാല്‍ കഴുകാന്‍ പറയും. പിന്നെ വരാന്തയില്‍ കയറിയ ഉടനെ ഉണങ്ങിയ തോര്‍ത്ത് എടുത്ത്കൊടുക്കും. കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് അകത്തു കയറി ഡൈനിങ്ങ് റൂമിലെ ചൂടു ചായയുടെയും ചപ്പാത്തിയുടെയും മുന്നില്‍ ഇരിക്കാന്‍ പറയും. ചപ്പാത്തിയുടെ ചെറുപീസ് കറിയില്‍ മുക്കി വായില്‍ വെച്ച് കൊടുക്കും. 
                         
                             ഭര്‍ത്താവിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടായാല്‍‌പോലും ശ്യാമളയുടെ ഈ ഭര്‍തൃശുശ്രൂഷയില്‍ മാറ്റം ഉണ്ടാകാറില്ല. തന്റെ നല്ലപാതിയുടെ നല്ലഗുണം കാണിച്ച് അസൂയപ്പെടുത്താനായി ഓഫീസിലുള്ളവരെ കോമളന്‍ ചിലപ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. വീട്ടിലെത്തിയാല്‍ കോമളനെ ഒരു ജോലിയും ശ്യാമള ചെയ്യിക്കത്തില്ല. അദ്ദേഹത്തിനു വേണ്ടതെല്ലാം ഭാര്യ എടുത്ത് കൈയില്‍ കൊടുക്കും.
.
                         അതുപോലെ രാവിലെ ഓഫീസില്‍ പോകുമ്പോള്‍ ബാഗുമെടുത്ത് ഗേറ്റ്‌വരെ ശ്യാമള അനുഗമിക്കും. ഉച്ചഭക്ഷണത്തിന് മറ്റുള്ളവര്‍ പകുതി വെന്ത ചോറും മിക്സിയില്‍ അരച്ച് ഉപ്പും മുളകും ശരിയാവാത്ത ചമ്മന്തിയും കൂട്ടി ഉണ്ണുമ്പോള്‍ കോമളന്‍ അച്ചാറും ഉപ്പേരിയും പപ്പടവും സാമ്പാറും കാളനും അയല പൊരിച്ചതും കൂട്ടി നല്ല കുത്തരിയുടെ ചോറ് ഉണ്ണും. എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും,
“എടോ ഇതാണ് ജോലിയില്ലാത്ത പെണ്ണിനെ കല്ല്യാണം കഴിച്ചാലുള്ള ഗുണം”
അസൂയ അസഹനീയമായ സഹപ്രവര്‍ത്തകര്‍ പെട്ടെന്ന് ഭക്ഷണം മതിയാക്കി ലഞ്ച്‌ബോക്സ് അടച്ച്‌വെക്കും. അവര്‍ കൈകഴുകുമ്പോള്‍ വീട്ടിലെത്തിയാല്‍ സ്വന്തം ഭാര്യയെ കുറ്റം‌പറയാനുള്ള വാക്കുകള്‍ക്കായി മനസ്സില്‍ തപ്പിനോക്കും.
 .
                      ശ്യാമളകോമളന്മാര്‍ കാരണം വിഷമിച്ചത് അയല്‍‌പക്കത്തെ ഭാര്യമാരാണ്. അവരുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് ദിവസേന പത്ത് തവണയെങ്കിലും ശ്യാമളയുടെ പേര് പറഞ്ഞിരിക്കും, 
“എടീ കഴുതേ, ആ ശ്യാമളയെ നോക്കിപഠിക്ക്; അവള്‍ സ്വന്തം ഭര്‍ത്താവിനെ ദൈവത്തെപോലെയാ നോക്കുന്നത്”
ഇത് കേട്ട് അയല്‍‌വാസിനികള്‍ മിണ്ടാതിരിക്കും.
എന്നാല്‍ ഒരു ദിവസം ഒരു ടീച്ചര്‍ മറുപടി പറഞ്ഞു,
 “അവള്‍ അയാളെ നോക്കുന്നത് വെറുതേയല്ല; അയാള്‍ക്ക് ലക്ഷങ്ങള്‍ വില എണ്ണികൊടുത്തിട്ട് അവള്‍ വാങ്ങിയതാണ്. വില കൂടിയ തത്തയെ പറന്നുപോകാതെ പാലും പഞ്ചസാരയും പഴവും കൊടുത്ത് നോക്കണ്ടെ”
ആ ടീച്ചര്‍ പിറ്റേദിവസം‌തന്നെ ദന്തിസ്റ്റിനെ കാണാന്‍ പോയി.
.
                            പുതിയ വീട് നിര്‍മ്മാണവുമായി മുന്നോട്ട് പോയപ്പോള്‍ ശ്യാമളക്ക് ജോലിഭാരം കൂടി. ഒഴിവ് ദിവസങ്ങളില്‍ അവര്‍ രണ്ട്പേരും വീടു പണിയുന്ന സ്ഥലത്തായിരിക്കും. കൂടാതെ ഓഫീസ്  വിട്ട് വന്നാലും ഇരുവരും ചേര്‍ന്ന് സ്വന്തം വണ്ടിയില്‍  ഭവനനിര്‍മ്മാണ സൈറ്റിലേക്ക് പോകും. വിട്‌ നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ഇരുപത് കോല്‍ ആഴമുള്ള ‘കിണര്‍’ പണിത്, വെള്ളം ഉപയോഗിക്കാന്‍ തുടങ്ങി. ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് പോകാന്‍‌നേരത്ത്  നിര്‍മ്മാണ തൊഴിലാളികള്‍ കോമളനോടായി പറഞ്ഞു,
“സാറെ നാളെ രാവിലെ സിമന്റ് പണിക്ക് ധാരാളം വെള്ളം വേണം. ഒരു മോട്ടോര്‍ വാങ്ങി ഘടിപ്പിച്ചാല്‍ നന്നായിരുന്നു”
“അതിനിപ്പോള്‍ വെള്ളം ഇന്ന്‌തന്നെ കിണറ്റില്‍‌നിന്ന് വലിച്ച് നിറച്ചാല്‍ പോരെ? ഇവിടെ വലിയ രണ്ട് സിന്തറ്റിക്ക് ടാങ്കും അനേകം ബക്കറ്റുകളും ഉണ്ടല്ലൊ”
അതും പറഞ്ഞ് കിണറ്റിനടുത്തേക്ക് നടക്കുന്ന ഭര്‍ത്താവിനെ ഓവര്‍ടേക്ക് ചെയ്ത് ഭാര്യ വെള്ളം കോരാന്‍ തുടങ്ങി.
                           
                          അങ്ങനെ ആദ്യ ബക്കറ്റ് വെള്ളം വലിച്ച് ഒഴിക്കുമ്പോഴാണ് കോമളന്, സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന സഹപ്രവര്‍ത്തകന്റെ വിളി വന്നത്.
“എടാ നീ പെട്ടെന്ന് ഇവിടെ വരണം. ഒരാള്‍ നിന്നെയും കാത്ത് ഇവിടെ നില്പുണ്ട്, ബാക്കി ഇവിടെ എത്തിയാല്‍ പറയാം”
“ഓ ഞാനിതാ അഞ്ച് മിനിറ്റിനകം എത്താം”
ശേഷം ബൈക്കില്‍ കയറുമ്പോള്‍ ശ്യാമളയോടായി പറഞ്ഞു,
“എന്നെ ഒരാള്‍ ലോഡ്ജില്‍ കാത്തിരിക്കുന്നുണ്ട്. ഞാന്‍ പോയി വരുന്നതു വരെ നീ വെള്ളം കോരി ഒഴിക്ക്”
ശ്യാമള തലകുലുക്കികൊണ്ട് അടുത്ത ബക്കറ്റ് വെള്ളം വലിച്ച് ഉയര്‍ത്താന്‍ തുടങ്ങി.
.
                               കോമളനെ ലോഡ്ജില്‍ കാത്തിരുന്നത് ‘രണ്ട് സഹപ്രവര്‍ത്തകരും രണ്ട് കുപ്പികളും’ ആയിരുന്നു. അവ കാലിയാക്കാനായി അവരോട് സഹകരിച്ചപ്പോള്‍ സമയം പോയതും സൂര്യന്‍ അസ്തമിച്ചതും ശ്യാമള വെള്ളം കോരുന്നതും അറിഞ്ഞില്ല. പിന്നെ എല്ലാം കഴിഞ്ഞപ്പോള്‍ സമയം രാത്രി എട്ട് മണി കഴിഞ്ഞിരിക്കുന്നു.
 .
                            ശ്യാമള കിണറ്റില്‍ നിന്നും വെള്ളം കോരി ചെറുതും വലുതുമായ ബക്കറ്റുകളില്‍ നിറച്ചു. പിന്നെ ആ വലിയ 1000 ലിറ്റര്‍ കൊള്ളുന്ന ടാങ്ക് നിറക്കാന്‍ തുടങ്ങി. ഒടുവില്‍ അതും നിറഞ്ഞപ്പോള്‍ അടുത്ത ടാങ്കിന്റെ മൂടി തുറന്നു. അവള്‍ വെള്ളം വലി നിര്‍ത്താതെ തുടര്‍ന്നുകൊണ്ടേയിരുന്നു. ‘അദ്ദേഹം തിരിച്ചെത്തുന്നതു വരെ വെള്ളം കോരാനല്ലെ’ നിര്‍ദ്ദേശിച്ചത്.  ഒടുവില്‍ കിണറ്റിനടിയിലെ പാറയില്‍ ബക്കറ്റ് മുട്ടിയപ്പോള്‍ വെള്ളം തീര്‍ന്നു എന്ന് അവള്‍ക്ക് മനസ്സിലായി. 
                              ‘ഇനി അദ്ദേഹം വരുന്നത് വരെ എങ്ങനെ വെള്ളം കോരും? രണ്ടാമത്തെ ടാങ്ക് നിറയാന്‍ നാല് ബക്കറ്റ് വെള്ളം കൂടി വേണം’. 
                              അപ്പോഴാണ് അവള്‍ ചുറ്റുപാടും ശ്രദ്ധിച്ചത്. ഇരുള്‍‌മൂടിയ പരിസരത്ത് ഒരു മനുഷ്യജീവിയും ഇല്ല. സമീപത്തൊന്നും വീടുകളും ഇല്ല. പക്ഷികള്‍ ചേക്കേറാന്‍ പോയതോടെ കുറ്റിക്കാട്ടില്‍ നിന്നും രാത്രിഞ്ചരന്മാരായ കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങി. ഇരുട്ടത്ത് തിരിച്ച് പോകാന്‍ വീട്ടിലേക്കുള്ള വഴിയെപറ്റി ഒരു രൂപവും ഇല്ല. ഭയംകൊണ്ട് വിറച്ച അവള്‍ കിണറിന് സമീപത്തെ മരചുവട്ടിലിരുന്ന് പലതും ചിന്തിച്ച് കരയാന്‍ തുടങ്ങി. ‘ചേട്ടന്‍ വരുന്നത്‌വരെ വെള്ളംകോരാന്‍ ഇനി എന്ത് ചെയ്യും?’
.
                            കൃത്യം എട്ട് മണി കഴിഞ്ഞ് മൂന്ന് മിനുട്ടായപ്പോള്‍ സ്വബോധം വന്ന കോമളന്‍ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ബൈക്കില്‍ കയറി. പതിവ്‌ വഴികളിലൂടെ വീടിനു സമീപം എത്തിയപ്പോള്‍ ഒന്ന് ഞെട്ടി. ഗേറ്റ് അടഞ്ഞിരിക്കുന്നു; വീട്ടില്‍ വെളിച്ചമില്ല; ഗേറ്റ് തുറക്കാനായി ശ്യാമളയും ഇല്ല. കുടിച്ചതും തിന്നതും പെട്ടെന്ന് ദഹിച്ചുപോയി. ഒരു നിമിഷം കൊണ്ട് പരിസരബോധം വീണ്ടെടുത്ത കോമളന്‍ സൂപ്പര്‍‌ഫാസ്റ്റ് സ്പീഡില്‍ വണ്ടിയോടിച്ച് പുതിയ വീട് നിര്‍മ്മിക്കുന്നിടത്ത് എത്തി.
.
                         പേടിച്ച് കരഞ്ഞ്ക്ഷീണിച്ച ശ്യാമളയെ മരച്ചുവട്ടില്‍ കണ്ടെത്തിയ കോമളന്‍ ചോദിച്ചു,
“ഞാന്‍ ഇത്തിരി വൈകിയതിന് താനെന്തിനാടോ കരയുന്നത്?”
കരച്ചില്‍ മതിയാക്കി മുഖം സാരിയുടെ അറ്റം കൊണ്ട് തുടച്ച് ശ്യാമള മറുപടി പറഞ്ഞു,
“ചേട്ടാ കിണറ്റിലെ വെള്ളം തീര്‍ന്നുപോയി; അത്കൊണ്ട് ചേട്ടന്‍ തിരിച്ച് വരുന്നത് വരെ എനിക്ക് വെള്ളം കോരാന്‍ കഴിഞ്ഞില്ല”
                           ************************************               

10/21/09

10. ഒരു ചെറിയ അപകടം


        
... 
- ശ്രീജയ ടീച്ചര്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
 അന്ന് രാവിലെ സ്ക്കൂളിലെത്തുന്ന ഓരോ അധ്യാപകരെയും എതിരേറ്റത് ടീച്ചറുടെ അപകട വാര്‍ത്തയാണ്.
 കേട്ടവര്‍‌ കേട്ടവര്‍ അന്വേഷിച്ചു; “എപ്പോള്‍? എവിടെ വെച്ച്? ഏതു വാഹനം? ഏത് ആശുപത്രിയിലാണുള്ളത്?”
അതിന്റെ ഉത്തരം മാത്രം ആര്‍ക്കും അറിയില്ല.
.
                   അപകടവാര്‍ത്ത സ്ക്കൂളില്‍ വന്ന് അറിയിച്ചത് ടീച്ചറുടെ ഭര്‍ത്താവ് തന്നെയാണ്; ഏതാണ്ട് 9 മണിക്ക്. ഹെഡ്ടീച്ചര്‍ ഓഫീസിനകത്ത് കടന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനു മുന്‍പാണ്, ഒരു ഓട്ടോ സ്ക്കൂള്‍ കോമ്പൌണ്ടില്‍ വന്ന് നിര്‍ത്തിയത്. അതില്‍നിന്നും ഇറങ്ങിവന്ന ശ്രീജയയുടെ ഭര്‍ത്താവ് ഓടിവന്ന് ഹെഡ്ടീച്ചറോട് പറഞ്ഞു,   
“ജയ സ്ക്കൂളിലേക്ക് വരുന്ന വഴി ആക്സിഡന്റ് പറ്റി. ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കയാ”
                രാവിലെതന്നെ ഇങ്ങനെയൊരു വാര്‍ത്ത കേട്ട ഹെഡ്മിസ്ട്രസ്സ് ഞെട്ടി. കൂടുതല്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് വന്നയാള്‍ വീണ്ടും പറഞ്ഞു;
“ടീച്ചറെ ഞാനിപ്പോള്‍തന്നെ ആശുപത്രിയില്‍ പോവുകയാ. പിന്നെ ഞാന്‍ പെട്ടെന്നിവിടെ വന്നത് കുറച്ച് പൈസക്ക് വേണ്ടിയാ. ഒരു അയ്യായിരം ടീച്ചര്‍ അഡ്ജസ്റ്റ് ചെയ്ത് തരണം. പെട്ടെന്ന്  പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ഇവിടെ സ്ക്കൂളില്‍ വരാനാണ് എനിക്ക് തോന്നിയത്” പറയുന്നത് ടീച്ചറുടെ ഭര്‍ത്താവ് തന്നെ, അദ്ദേഹം എത്രയോ തവണ സ്ക്കൂളില്‍ വന്നതാണ്.
അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത ഹെഡ്മിസ്ട്രസ്സ് സെയിഫില്‍ സൂക്ഷിച്ച, കുട്ടികളില്‍ നിന്നും മേളകള്‍ക്കായി പിരിച്ച പണത്തില്‍ നിന്നും ‘കൃത്യം 5000രൂപ’ എടുത്ത് കൊടുത്തു. അപകടവാര്‍ത്ത കേട്ടപ്പോള്‍തന്നെ ഞെട്ടിയതിനാല്‍ മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് മറന്നു.
.
ശ്രീജയ ടീച്ചര്‍ –  
നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളിലെ രസതന്ത്രം അധ്യാപിക-
          ജോലിയോട് ഏറ്റവും ആത്മാര്‍ത്ഥതയുള്ള, വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടീച്ചര്‍ ആരാണെന്ന് അന്വേഷിച്ചാല്‍, ആ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേയൊരു ഉത്തരമായിരിക്കും പറയുന്നത്; ജയ എന്ന് വിളിക്കുന്ന ശ്രീജയ ടീച്ചര്‍. 
         എട്ട്, ഒന്‍പത്, പത്ത് എന്നീ ക്ലാസ്സുകളിലായി ചിതറിക്കിടക്കുന്ന അഞ്ഞൂറോളം വരുന്ന ശിഷ്യഗണങ്ങളില്‍ ആരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിഞ്ഞ് പേര് പറഞ്ഞ് വിളിക്കാനും അവരുടെ ബയോഡാറ്റ പറയാനും ഉള്ള കഴിവ് ശ്രീജയ ടീച്ചര്‍ക്ക് മാത്രം. അതിനാല്‍ രക്ഷിതാക്കളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും തിരിച്ചറിയാനായി; സഹപ്രവര്‍ത്തകര്‍ ചിലപ്പോള്‍ ജയയുടെ സഹായം തേടാറുണ്ട്.
 .
                      പാഠ്യ-പാഠ്യേതര കാര്യങ്ങളുടെ അവിഭാജ്യഘടകമാണ് ശ്രീജയ. സ്പോര്‍ഡ്സ് നടക്കുമ്പോള്‍ ടീച്ചര്‍ ആദ്യാവസാനം കായികാധ്യാപികയുടെ കൂടെ ഗ്രൌണ്ടിലായിരിക്കും. കലോത്സവത്തിനാണെങ്കില്‍ അണിയറയിലും സ്റ്റേജിലും ശ്രീജയയുടെ സാന്നിധ്യം ഉണ്ടാകും. 
                        പത്ത് മണി മുതല്‍ നാല് മണിവരെയാണ് സ്ക്കൂള്‍ പ്രവൃത്തിസമയം. എന്നാല്‍ ശ്രീജയ ടിച്ചറുടെ സ്ക്കൂള്‍ സമയം ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ്. രാവിലെ സ്ക്കൂളിലെ ഒന്നാം മണിയടി കേള്‍ക്കുമ്പോള്‍ എല്ലാവരും ഗേറ്റ് കടന്ന് സ്റ്റാഫ് റൂമിനകത്തേക്ക് കടക്കുന്നു. അന്നേരം ശ്രീജയടീച്ചര്‍ ഒമ്പത് മണിക്ക് ആരംഭിച്ച സ്പെഷ്യല്‍ക്ലാസ്സ് കഴിഞ്ഞ ശേഷം ഏതെങ്കിലും ക്ലാസ്സില്‍ നിന്ന് ചൂരലും ചോക്കും പുസ്തകവുമായി സ്റ്റാഫ്റൂമിലേക്ക് വരുന്നുണ്ടാവും. (ഈ ചൂരല്‍ കൈയിലുണ്ടെങ്കിലും അത് പ്രയോഗിക്കേണ്ടി വരാറില്ല) അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതില്‍ ടീച്ചര്‍ക്ക് ഒരു പരിഭവവും ഇല്ല. അസുഖം വന്നതും വീണു പരിക്കേറ്റതുമായ ശിഷ്യഗണങ്ങളെ ആശുപത്രിയിലും വീട്ടിലും എത്തിക്കാന്‍ ടീച്ചര്‍ എപ്പോഴും തയ്യാറായിരിക്കും.
 .
                        ഈ ടീച്ചര്‍ക്ക് വീട്ടില്‍ ജോലിയൊന്നും ഇല്ലെയെന്ന് ചിലരെങ്കിലും ചിലപ്പോള്‍ ചോദിക്കും. ഒരു സ്ത്രീയായതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്; കാരണം ‘സ്ത്രീ’, ടീച്ചറായാലും പ്രിന്‍സിപ്പല്‍ ആയാലും ഡോക്റ്റര്‍ ആയാലും വീട്ടില്‍ അവളുടെ വരവിനായി അടുക്കള കാത്തിരിപ്പുണ്ടാവും. എന്നാല്‍ ടീച്ചര്‍ക്ക് അത്തരം പ്രശ്നങ്ങളോന്നും ഇല്ല. സ്ക്കൂള്‍ കാര്യത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് ഒരു തടസ്സവും നില്‍ക്കാറില്ല. വീട്ടില്‍, അടുക്കളയില്‍ ടീച്ചറുടെ അമ്മയും അവിവാഹിതയായ ചേച്ചിയും ഉണ്ട്. ഏക മകന്‍ അന്യസംസ്ഥാനത്ത് എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്നു. 
.
                         ഭര്‍ത്താവ്, ടീച്ചറുടെ ഭാഷയില്‍ ഇപ്പോള്‍ ബിസിനസ് കാരനാണ്. വിവാഹ സമയത്ത് പാരലല്‍ കോളേജില്‍ മാഷ് ആയിരുന്നു. പിന്നെ ഗള്‍ഫുകാരനായി, പിന്നെ എക്സ് ഗള്‍ഫായി, ഒടുവില്‍ കച്ചവടം ചെയ്ത് സ്വത്തും പണവും പൊന്നും തീര്‍ന്നപ്പോള്‍ ബ്രോക്കറായി മാറിയിരിക്കയാണ്. എന്നുവെച്ചാല്‍ കല്ല്യാണം കം സ്വത്ത് ബ്രോക്കര്‍. ഭര്‍ത്താവ് ചെയ്യുന്നതെല്ലാം നഷ്ടത്തില്‍ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞ ടീച്ചര്‍തന്നെയാണ് ഇപ്പോള്‍ വീട്ടിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത്.
.
                        ടീച്ചറുടെ ബയോഡാറ്റ ഇവിടെ ചര്‍ച്ചചെയ്തതു കൊണ്ട് മുന്നിലുള്ള പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അപകടഘട്ടത്തില്‍ ഒരു സ്റ്റാഫിനെ സഹായിക്കേണ്ടത് മേലാധികാരിയുടെ കടമയാണ്. എന്നാല്‍ കൂടുതല്‍ വിവരം ചോദിക്കാത്തതാണ് പ്രശ്നം. ടീച്ചറുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മറുപടിയില്ല. പിന്നെ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്ന സ്വഭാവം ടീച്ചര്‍ക്കില്ല. പത്തുമണിയാവാറായിട്ടും ആരും ക്ലാസ്സില്‍ പോകേണ്ട കാര്യം ആലോചിച്ചില്ല. കുട്ടികളാണെങ്കില്‍ പതുക്കെ ഒച്ചവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
.
                         കാര്യം അറിഞ്ഞതു മുതല്‍ ഹെഡ്ടീച്ചറെ കുറ്റം പറയുകയാണ് നമ്മുടെ പിള്ള മാസ്റ്റര്‍. കാരണം പരിക്കേറ്റത് മാസ്റ്ററുടെ യൂണിയന്‍ അംഗത്തിനാണ്. അദ്ദേഹം ഫോണ്‍ ചെയ്ത് ഒരു ജീപ്പ് വരാന്‍ ഏര്‍പ്പാടാക്കി. എന്നിട്ട് മറ്റുള്ളവരോടായി പറഞ്ഞു, “ഞങ്ങള്‍ കുറച്ച് ആണുങ്ങള്‍ ടീച്ചറുടെ വീടിനു സമീപം പോയി കാര്യം തിരക്കട്ടെ. ശേഷം അഡ്മിറ്റായ ആശുപത്രിയിലും പോയി അവരെ കണ്ടേ തിരിച്ചു വരത്തുള്ളു”
.
പത്ത് മണിക്ക് ബല്ലടിച്ചു.
                         അപ്പോഴാണ് ജീപ്പിനെയും പ്രതീക്ഷിച്ചു നില്‍ക്കുന്നവര്‍ ആ കാഴ്ച കണ്ടത്
- സ്ക്കൂള്‍ ഗേറ്റ് കടന്ന് വരുന്നു-
-‘സാക്ഷാല്‍ ശ്രീജയ ടീച്ചര്‍’.
പതിവുപോലെ വിടര്‍ന്ന ചിരിയോടെ വന്ന ടീച്ചര്‍ ഓഫീസിനു മുന്നില്‍ കൂടിനില്‍ക്കുന്നവരെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു,
“ഇന്ന് സമരമാണോ? പത്രത്തിലൊന്നും കണ്ടില്ലല്ലൊ!”
“അല്ല ആര്‍ക്കാണ് ആക്സിഡന്റ് പറ്റിയത്?” പിള്ളമാസ്റ്റര്‍ ചോദിച്ചു.
“അത് എന്റെ അമ്മ ഇന്ന് രാവിലെ കുളിമുറിയില്‍നിന്നും വഴുതി കാലുളുക്കിയതാ; വൈദ്യരെ കാണിച്ച് മരുന്ന്‌വെച്ച് കെട്ടി അമ്മയെ വീട്ടിലാക്കി വരുമ്പോഴേക്കും പുറപ്പെടാന്‍ ലെയ്റ്റായി. അതെങ്ങനെയാ നിങ്ങളറിഞ്ഞത്?” ടീച്ചര്‍ ചോദിച്ചു.
                           സംഭവത്തിന്റെ കിടപ്പ് സഹപ്രവര്‍ത്തകര്‍ വിശദീകരിക്കുകയാണ്. അതിനിടയില്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോള്‍ ഹെഡ്മിസ്ട്രസ്സ് സ്വയം തീരുമാനമെടുത്തു, “ഇനി ഈ സ്ക്കൂളിലെ ആരെങ്കിലും മരിച്ചെന്ന് പറഞ്ഞാല്‍‌പോലും ഒറ്റപൈസ ഞാന്‍ കൊടുക്കത്തില്ല”

10/13/09

9. ഒരു റോബോട്ടിന്റെ പിറന്നാള്‍ ആഘോഷം




                          സ്വന്തം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ഒരു വിലപ്പെട്ട സമ്മാനം ഏറ്റവും പ്രീയപ്പെട്ടവരില്‍ നിന്നും ലഭിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ നളിനിയുടെ ജീവിതത്തില്‍ അങ്ങനെയൊന്ന് സംഭിവിക്കാറില്ല. ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല. ജന്മദിനം ഒരു സ്വപ്നത്തിലെ ഓര്‍മ്മയായി സൂക്ഷിക്കുന്ന അവള്‍ അത് മുന്‍‌കൂട്ടി അവരെ അറിയിച്ച ഒരു കാലം ഉണ്ടായിരുന്നു. മക്കള്‍ വലുതായതോടെ ആ പതിവ് മാറി. തന്റെ ജീവിതം‌പോലെ, മഴക്കാറ് മൂടിയ ആകാശം പോലെ, ശോകമൂകമായി ആ ദിനവും കടന്നുപോകാന്‍ തുടങ്ങി.
 
                        അവളുടെ കുട്ടിക്കാലത്ത് അവള്‍ക്കും ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആദ്യത്തെ കണ്‍‌മണിയായ അവള്‍ പിറന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട് അമ്പലത്തില്‍ പോയി തിരിച്ച് വരുമ്പോഴേക്കും വീട്ടില്‍ അമ്മ പാല്‍‌പായസം വിളമ്പി വെച്ചിട്ടുണ്ടാവും. പിന്നെ ഉച്ചനേരത്തെ സദ്യ കഴിഞ്ഞ് അച്ഛനും അമ്മയും അവളും ഒന്നിച്ച് ടൌണില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും ടാക്കീസില്‍ കയറി സിനിമ കാണും. എന്നാല്‍ കല്ല്യാണത്തോടെ നളിനിയുടെടെ പിറന്നാളുകള്‍‌ക്ക് മധുരമില്ലാതായി.

                    ബിസ്‌നസ് കാരനായ ഭര്‍ത്താവ്, ജീവിതം ലാഭനഷ്ടക്കണക്കുകളില്‍ എഴുതിച്ചേര്‍ക്കാന്‍ തുടങ്ങിയതോടെ അവളുടെ ജീവിതം  പ്രമേഹരോഗം ഇല്ലെങ്കിലും പ്രമേഹരോഗിയെപോലെ മധുരമില്ലാത്തത് ആയിതീര്‍ന്നു. പണക്കാരനായ അയാള്‍ക്ക് വീട്ടിലെ അടുക്കളയില്‍ എല്ലാ ജോലിയും ചെയ്യാന്‍ ഇന്ന് യന്ത്രങ്ങള്‍ ഉണ്ട്. ആ യന്ത്രങ്ങളെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഒരു ‘റോബോട്ട് ആയി’ ഭാര്യയും ഉണ്ട്. അങ്ങനെയുള്ള റോബോട്ടിന് എന്ത് പിറന്നാള്‍ ആഘോഷം!

                     അവരുടെ ദാമ്പത്യവല്ലിയില്‍ വിരിഞ്ഞ മകനും മകളും വലുതായി. മക്കളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന നളിനി അവരിലൂടെ സ്വപ്നങ്ങള്‍ നെയ്തു. എന്നാല്‍ അവര്‍ക്കും ആവശ്യം വിവരമില്ലാത്ത ഒരു വേലക്കാരിയെ ആയിരുന്നു. (വേലക്കാരിക്ക് വിവരം വെച്ചാല്‍ അവള്‍ വേലക്കാരിയല്ലാതാവും) ഏത് സമയത്തും ഭക്ഷണം റഡിയാക്കുന്ന, വസ്ത്രം അലക്കി ഇസ്ത്രിവെക്കുന്ന, വീട് വൃത്തിയാക്കുന്ന, ‘അല്പജ്ഞാനിയായ’ ഒരു വേലക്കാരി ആക്കി അമ്മയെ രൂപാന്തരപ്പെടുത്താന്‍ മക്കള്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
.  
                     അവളുടെ പിറന്നാള്‍ മക്കളോ ഭര്‍ത്താവോ ഓര്‍ക്കറില്ലെങ്കിലും, മക്കളുടെയും ഭര്‍ത്താവിന്റെയും പിറന്നാള്‍ ദിനം ഓര്‍ത്തുവെച്ച് സദ്യ ഒരുക്കാന്‍ നളിനി ഒരിക്കലും മറക്കാറില്ല. ആദ്യമൊക്കെ അക്കൂട്ടത്തില്‍ തന്റെ പിറന്നാള്‍ കൂടി മുന്‍‌കൂട്ടി ഓര്‍മ്മപ്പെടുത്തി, പതിവ് ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഭര്‍ത്താവിന് വലിയ താല്പര്യം ഇല്ലെന്ന് മനസ്സിലായപ്പോള്‍ സ്വന്തം പിറന്നാള്‍ മറ്റ് കുടും‌ബാഗംങ്ങളെ അറിയിച്ച് ആഘോഷം പിടിച്ചു വാങ്ങുന്ന രീതി നളിനി നിര്‍ത്തലാക്കി. സ്നേഹം അല്പമെങ്കിലും ഉണ്ടെങ്കില്‍ അത് അറിയുമല്ലോ.  വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊരു സാധാരണ ദിനമായി കടന്നുപോകാന്‍ തുടങ്ങി.  

                        അവരുടെ ജീവിതത്തില്‍ കാറ്റും മഴയും ഇടിയും മിന്നലും ഇടയ്ക്കിടെ ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം വഴക്കിലും ചിലപ്പൊള്‍ അടിയിലും അവസാനിക്കാന്‍ തുടങ്ങി. കുടുംബം തകരാതിരിക്കാന്‍ എല്ലാ കുറ്റങ്ങളും ഏറ്റെടുത്ത് നളിനി മൌനം ഭാര്യക്ക് ഭൂഷണമായി കരുതി.

                      അങ്ങനെയിരിക്കെ മക്കളെല്ലാം വലുതായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി. ഇനിയവരുടെ വിവാഹമാണ് കുടുംബത്തിന്റെ മുഖ്യ വിഷയം. അങ്ങനെയുള്ള ഒരു നാളില്‍ നളിനി തന്റെ പിറന്നാളിനെ കുടുംബസദസ്സില്‍ അറിയിച്ചു.
       “ഈ മാസം പതിമൂന്നാം തീയതി എന്റെ പിറന്നാളാണ്”
       “പതിമൂന്നിനോ? മുന്‍പ് നീ ഇരുപത്തിമൂന്ന് എന്നെല്ലെ പറഞ്ഞത്” ഭര്‍ത്താവ് പ്രതികരിച്ചു.
       “ഈ അമ്മയെന്തിനാ തേര്‍ട്ടീന്‍  എന്ന മോശം ഡേയില്‍ ജനിച്ചത്. അക്കാലത്ത് എളുപ്പത്തില്‍ ‘ഡെയിറ്റ് ഓഫ് ബര്‍ത്ത്’ മാറ്റാമായിരുന്നില്ലെ?” മകന്‍ പരിഹസിക്കുന്നത്  മനസ്സിലാകാത്ത ഭാവത്തില്‍ നിന്നു.
          “പിന്നെ ഈ പിറന്നാള്‍ നമുക്കൊന്ന് ഗംഭീരമായി ആഘോഷിക്കണം. അന്ന് സണ്‍‌ഡേയാ” മകള്‍.
         “പിന്നെ അതിന്റെ തലേദിവസം എന്നെ ഓര്‍മ്മപ്പെടുത്തണം. ഞാന്‍ വല്ലാത്ത മറവിക്കാരനാ” ഭര്‍ത്താവ് പറഞ്ഞു.

                   പിറന്നാളിന്റെ തലേദിവസം ഉറക്കം തഴുകിയ അന്ത്യയാമത്തില്‍ നളിനി കണവനോട് പറഞ്ഞു, “നാളെയാണ് എന്റെ ജന്മദിനം”
        “ഓ അതെന്താ എനിക്ക് ഓര്‍മ്മയില്ലെ. നാളെ രാവിലെ കടയില്‍ പോയി സദ്യക്കു വേണ്ട സാധനങ്ങള്‍ വാങ്ങി വരാം. നമുക്കൊന്ന് ആഘോഷിക്കണം” ഭര്‍ത്താവ് പറഞ്ഞതു കേട്ടപ്പോള്‍ നഷ്ടപ്പെട്ട സൌന്ദര്യം തിരിച്ചുകിട്ടിയതായി അവള്‍ തിരിച്ചറിഞ്ഞു.

                   രാവിലെ ചായ ഒഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടെലിഫോണ്‍ മണിയടിച്ചത്.
       “എടി ആ ഫോണെടുത്ത് ആരായാലും ഞാനിവിടെയില്ല എന്ന് പറ. ഇന്നൊരു ഞായറാഴ്ച പുറത്തെവിടെയും പോകാന്‍ വയ്യ”  പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ് വിളിച്ച് പറഞ്ഞു.
                 നളിനി ഫോണെടുക്കുമ്പോള്‍ ഓര്‍ത്തു, ‘തലേ ദിവസം രാത്രി പറഞ്ഞ പിറന്നാള്‍‌കാര്യം മറന്നോ? ഇനി ഫോണില്‍ എത്ര കള്ളങ്ങള്‍ തനിക്ക് പറയേണ്ടി വരും’.

        “ആരാ ഫോണ്‍ വിളിച്ചത്?” പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്താതെ അദ്ദേഹം ചോദിച്ചു.
        “അത് എന്റെ ഏട്ടനാണ്. അവന്റെ മകന് ഗള്‍ഫില്‍ പോകാന്‍ വിസ ശരിയായിട്ടുണ്ട് എന്ന് പറയാനാണ്”
         “അതെന്താ അവന്‍ അത് എന്നോട് പറയാഞ്ഞത്? ആ കള്ളന്റെ മോന്‍ ഗള്‍ഫില്‍ പോകുന്ന കാര്യം പെങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നായിരിക്കും” 
ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മറുപടിയില്‍ നളിനി പകച്ചു നിന്നു.
       “അതിന് വിളിച്ചത് വിസ ശരിയായ കാര്യം പറയാനാണ്; അല്ലാതെ ഗള്‍ഫില്‍ പോകുന്നത് പറയാനല്ല. പിന്നെ നിങ്ങള്‍ക്ക് ഫോണ്‍ എടുത്തുകൂടായിരുന്നോ?” അവള്‍ കാര്യം പറഞ്ഞു.
       “ഫോണില്‍ അളിയനാണെന്നറിഞ്ഞാല്‍ എനിക്ക് തന്നുകൂടെ, അവനെന്താ എന്നെ വിളിച്ചാല്‍; ഓ നിന്റെ വീട്ടുകാരൊക്കെ അഹങ്കാരികളല്ലെ”
ഭര്‍ത്താവിന്റെ ദേഷ്യം അവള്‍ക്ക് പുത്തിരിയല്ല. എന്ത് സംസാരിച്ചാലും അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് ഇപ്പോള്‍ പതിവാണ്.
      “അതിന്‍ നിങ്ങളിവിടെയില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞില്ലെ. പിന്നെ എങ്ങനെയാ ഫോണ്‍ തരുന്നത്?” കരച്ചില്‍ ഉള്ളിലൊതുക്കി അവള്‍ കാര്യം പറഞ്ഞു.
     “രാവിലെതന്നെ തര്‍ക്കുത്തരം പറയുന്നോ? നിന്റെ അമ്മയുടെ സ്വഭാവം ഇവിടെ വേണ്ട. ആ തെമ്മാടികള്‍ക്ക് ഏത് സമയത്തോ ഉണ്ടായ നിന്നെയല്ലെ എന്റെ തലയില്‍ കെട്ടിവെച്ചത്. എങ്ങിനെ നന്നാവാനാണ്; എന്റെ കഷ്ടകാലം” ഭര്‍ത്താവ് ഭാര്യയുടെ കുടുംബപുരാണം അവതരിപ്പിക്കുകയാണ്.
       “ഈ അമ്മക്ക് നമ്മളെക്കാള്‍ ഇഷ്ടം മാമനോടാണ്. അവരെ കുറ്റം‌പറയുമ്പോള്‍ ദേഷ്യം വരും” മകളുടെ വകയാണ്. കല്ല്യാണം കഴിയാത്ത അവള്‍ക്ക് സംഭവങ്ങള്‍ ഇനിയെത്ര വരാനുണ്ടെന്ന് അവള്‍ ഓര്‍ത്തുകാണില്ല.
     “ഇതിനൊക്കെ എന്റെ അച്ഛനെയും അമ്മയെയും എന്തിനാ പറയുന്നത്?” അത്രമാത്രം ഒരു മകള്‍ ചോദിക്കേണ്ടത് തന്നെ ചോദിച്ചു.
     “അടിച്ചു ഞാന്‍ ശരിയാക്കും. ഇത്രയും കാലമായിട്ടും ഒരു ഭര്‍ത്താവിനോടും മക്കളോടും സ്നേഹമില്ലാത്ത കഴുത. എന്റെ ഗതികേടിനാണ് ആ ജന്തുക്കള്‍ക്ക് ആ സമയത്ത് ഇങ്ങനെയൊരു മകള്‍ ഉണ്ടായത്. അതുകൊണ്ടല്ലെ ഇങ്ങനെയൊന്നിനെ കല്ല്യാണം കഴിക്കേണ്ടി വന്നത്”
 
                   എന്നിട്ടും നളിനി കരഞ്ഞില്ല. ഇന്ന് അവളുടെ ജന്മദിനമാണല്ലൊ; ജന്മം നല്‍കിയ അച്ഛനെയും അമ്മയെയും പറ്റി ഇത്രയും കേട്ടുനില്‍ക്കേണ്ട അവള്‍ക്ക് ഇനി എന്തിന് വേറൊരു ജന്മദിനാഘോഷം.

10/6/09

8. ആഴങ്ങളില്‍ മുങ്ങിയ വലിയ മോഹങ്ങള്‍


               
                 ജീവിതത്തില്‍ വളരെ വളരെ വലിയ മോഹങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ എല്ലാ മോഹങ്ങളും ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധത്തില്‍, അറബിക്കടലിന്റെ ആഴത്തില്‍ ഞാന്‍‌തന്നെ മുക്കിതാഴ്ത്തിയിരിക്കയാണ്. മോഹങ്ങളെല്ലാം നശിച്ചെങ്കിലും ജനിച്ച അന്നുമുതല്‍ കടലിനെ കേട്ടും കണ്ടും വളര്‍ന്ന എന്റെ മനസ്സിന്റെ ആഴത്തില്‍ നിന്നും ഒരു വലിയ മോഹം ഇടയ്ക്കിടെ പൊങ്ങിവരാറുണ്ട്. കടല്‍‌തീരത്ത് പോയി അനന്തവിശാലമായ ആഴിയെ ആസ്വദിക്കുമ്പോഴും ഉറക്കം വരാതെ ഉറങ്ങിയമട്ടില്‍ കിടക്കുമ്പോഴും എന്റെ ഈ മോഹം അതിരു കവിഞ്ഞ് ഒഴുകുകയാണ്. എന്റെ തീവ്രമായ ആഗ്രഹം ഒന്നുമാത്രമാണ്; ‘കടലിന്റെ അടിത്തട്ടിലൂടെ ഒന്ന് ചുറ്റിനടക്കുക’.


.
                  ഈ ആഗ്രഹവും മനസ്സില്‍‌വെച്ച് കടല്‍‌തീരത്തെ പാറക്കെട്ടുകളില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായി. മനുഷ്യനായി ജനിച്ചെങ്കിലും മനുഷ്യന് അപ്രാപ്യമായി ഒന്നും ഇല്ലല്ലൊ. ബഹിരാകാശത്തിലൂടെയും അമ്പിളിമാമനിലൂടെയും മനുഷ്യന്‍ നടക്കുമ്പോള്‍, എനിക്കൊരു ‘ചിന്നആശ’ ഉണ്ടാവുന്നതില്‍ ഒരു തെറ്റും ഇല്ല.


 .
                   വേനല്‍ക്കാലത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞ് രണ്ട്മണി ആയപ്പോള്‍ ഞാന്‍ കടല്‍ത്തീരത്തുള്ള പാറക്കെട്ടില്‍ ഇരിക്കുകയാണ്. ഏകാന്തമായ തീരം. പെട്ടെന്ന് ഒരു ആശയം എന്റെ തലയില്‍ മിന്നി. ഈ പാറക്കെട്ടില്‍ നിന്നും താഴോട്ടിറങ്ങി നേരെയങ്ങ് നടന്നാലൊ!; പിന്നെ കൂടുതല്‍ ഒന്നും ചിന്തിച്ചില്ല. ഞാന്‍ നേരെ കടലിലേക്ക് ഇറങ്ങി; പായലും കക്കകളും നിറഞ്ഞ് വഴുതുന്ന കല്ലുകളിലൂടെ ഞാന്‍ നേരെ കടലിന്റെ അടിത്തട്ടില്‍ എത്തിചേര്‍ന്നു.


.
                       ഞാന്‍ ചുറ്റുപാടും നോക്കി; ഒരു ചിത്രത്തിലും കാണാത്ത സുന്ദരമായ ഒരു ലോകം. അപ്പോള്‍ ഭംഗിയുള്ള കാഴ്ചകളെല്ലാം ഇത്രയും കാലം എന്നില്‍നിന്നും, ഈ കടല്‍ ഒളിപ്പിച്ചുവെക്കുകയാണെല്ലൊ. എത്ര സുഖമായിട്ടാണ് ഞാന്‍ വെള്ളത്തിനടിയിലൂടെ നടക്കുന്നത്. ശരീരഭാരം അറിയാതെ കരയില്‍ നടക്കുന്നതിലും എളുപ്പത്തില്‍ ഒഴുകിനടക്കുകയാണ്. ഇത്രയും കാലം എന്തെ എനിക്കിങ്ങനെ കടലിലിറങ്ങാന്‍ തോന്നാതിരുന്നത്? എങ്ങും വര്‍ണ്ണപ്രളയം. ഈ ഭംഗിക്കു മുന്നില്‍ മഴവില്ലുകള്‍ തോറ്റുപോകും. ഇവിടെ ഏഴല്ല, എഴായിരം നിറങ്ങളാണ് മിന്നിമറയുന്നത്. എന്റെ ചുറ്റും മത്സ്യങ്ങള്‍ മാത്രമല്ല, ഇതുവരെ കാണാത്ത ഒട്ടനേകം ജലജീവികള്‍ നൃത്തം ചെയ്യുകയ്യാണ്. എല്ലാം മറന്ന് കടലിനടിയിലെ മായാലോകത്തില്‍ ഞാന്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി. ഇനി ഇവിടെനിന്നും ഒരു തിരിച്ചുപോക്ക്; എനിക്ക് ചിന്തിക്കാനേ വയ്യ.


.
                  പെട്ടെന്നാണ് ഒരു വലിയ മത്സ്യത്തെ കണ്ടത്. സമീപമുള്ള വലിയ പാറക്കെട്ടിനെക്കാള്‍ വളരെ വലുത്. പുറത്തുനിന്ന് നോക്കിയാല്‍ ശാന്തമായി കാണുന്ന കടലിന്റെ അടിത്തട്ടില്‍ ഇത്ര വലിയ മത്സ്യം ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സ്യം എന്നെതന്നെ ശ്രദ്ധിച്ച് നോക്കുകയാണ്. അതിന്റെ കണ്ണില്‍ ഒരു ഭീകരഭാവം. പെട്ടെന്ന് എല്ലാം ഒരു നിമിഷംകൊണ്ട് സംഭവിച്ചു. എനിക്ക് കൂടുതല്‍ ചിന്തിക്കാന്‍ ഇട നല്‍കാതെ ആ മത്സ്യം ഓടിവന്ന് എന്നെ വിഴുങ്ങി.
         എങ്ങും അന്ധകാരം ശൂന്യത ജനിക്കുന്നതിനു മുന്‍പുള്ള, മരണത്തിനു ശേഷമുള്ള അജ്ഞാതലോകത്ത് ഞാന്‍ എത്തിചേര്‍ന്നിരിക്കയാണ്.


 .
 പെട്ടെന്ന് എന്റെ ചുറ്റും പ്രകാശം പരന്നു; തീവ്രമായ വെളിച്ചം. കൂടെ ആരുടെയോ ശബ്ദം, 
“ഉച്ചഭക്ഷണം കഴിച്ച് സ്വപ്നം‌കണ്ട് ഉറക്കമായിരിക്കും”.


               ഞെട്ടിയുണര്‍ന്ന ഞാന്‍ ഓര്‍ക്കുകയാണ്, ‘സ്വപ്നം എത്ര സുന്ദരമായാലും ഉറങ്ങിയ ഞാന്‍ ഉണരാതെ എന്ത് ചെയ്യും? ഒന്നുകൂടി ഉറങ്ങിയാല്‍ അതേ ‘സുന്ദരഭീകര’ സ്വപ്നം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയും ഇല്ലല്ലൊ’. 

9/28/09

7. അച്ചുവേട്ടന്റെ മകള്‍





                      പുതിയസ്ഥലത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനു മുന്‍പ് തന്നെ, അയല്‍‌വാസിയായ അച്ചുവേട്ടനെ പരിചയപ്പെട്ടതാണ്. കോണ്‍‌ക്രീറ്റ് വീടുകള്‍ അപൂര്‍വ്വമായ കാലത്ത് വീട് നിര്‍മ്മാണത്തിലിരിക്കെ, അതിനു മുന്നില്‍ ‘കണ്ണുതട്ടാതിരിക്കാനായി ഒരു കോലം’ കുത്തിനിര്‍ത്തണമെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പകരം ചോക്ക്കൊണ്ട് മരപ്പലകയില്‍ എഴുതിവെച്ചു –‘അഭിപ്രായം ചോദിച്ചില്ല’-
  അങ്ങനെ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ബോര്‍ഡ് കണ്ടപ്പോള്‍ നാട്ടുകാര്‍ വീടിനെപറ്റി അഭിപ്രായം പറയുന്നതിനു പകരം പുതിയ ബോര്‍ഡിനെ കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.
 .
        ഇതിനിടയിലാണ് നമ്മുടെ അച്ചുവേട്ടന്റെ വരവ്. ചാരായഷാപ്പിലെ കുപ്പികള്‍ കഴിവനുസരിച്ച് കാലിയാകിയതിന് ശേഷം നടന്നും ഇഴഞ്ഞും നീങ്ങി, നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുന്നിലൂടെയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണ്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ ആടിക്കൊണ്ടിരുന്ന ആള്‍ ഒന്ന് നിന്നു. അല്പം കുനിഞ്ഞ് നിന്ന് ബോര്‍ഡില്‍ എഴുതിയതു വായിക്കാന്‍ തുടങ്ങി.
 “അഭിപ്രായം ചോദിച്ചില്ല പോലും; അന്റെ ഷാപ്പിന്റെ മൊതലാളീന്റെ അടുക്കളെന്റെ അത്രയില്ലാത്ത വീട്, നീ പോടാ” ഇതും പറഞ്ഞ് സാക്ഷാല്‍ കൃഷണന്‍നായരുടെ സിനിമാറ്റിക്ക് മോഡലില്‍ ആടി ഇഴഞ്ഞ് ഒഴുകാന്‍ തുടങ്ങി.
 .
                  ഞങ്ങള്‍ അവിടെ താമസം തുടങ്ങിയ ദിവസം മുതല്‍ അച്ചുവേട്ടന്റെ വീട്ടു വിശേഷങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കേള്‍പ്പിക്കുന്നതാവട്ടെ അച്ചുവേട്ടനും സ്വന്തം പെങ്ങളും തന്നെ. 200 മീറ്റര്‍ ദൂരെയുള്ള അച്ചുവേട്ടന്റെ വീട്ടില്‍‌നിന്നുള്ള തെറിവിളിയും കരച്ചിലും, എല്ലാ സന്ധ്യാസമയത്തും സന്ധ്യാനാമത്തിനു പകരം ഉയര്‍ന്നു കേള്‍ക്കും. അച്ചുവേട്ടന്‍ അമ്മയെ ചേര്‍ത്ത് ചീത്തവാക്ക് പറയുമ്പോള്‍, അവരുടെ പെങ്ങള്‍ അച്ഛനെ ചേര്‍ത്ത് അതേരൂപത്തിലും ശൈലിയിലും ചീത്തവാക്ക് പറയും. (നിന്റെ അമ്മക്ക് : നിന്റെ അച്ഛന്…) പറ്റുമെങ്കില്‍ മരിച്ചുപോയ അച്ഛനും അമ്മയും എഴുന്നേറ്റ് വന്ന് രണ്ട്‌വീതം അടി, രണ്ടിനും കൊടുക്കുമായിരുന്നു. പിന്നെ എന്റെ അയല്‍‌വാസിനി പറഞ്ഞത് ഈ തെറിവിളിക്കുമ്പോള്‍ ഇരുവരും മാരകായുധപ്രയോഗം കൂടാതെ ഉടുതുണി കൂടി  പോക്കാറുണ്ടെന്നാണ്.  അവരുടെ തെറികളില്‍ പലതും ആദ്യമായിട്ടാണ് പുതിയ താമസക്കാരായ ഞങ്ങള്‍ കേള്‍ക്കുന്നത്.
 .
                  ഇനി അച്ചുവേട്ടന്റെ ബയോഡാറ്റ: മൂന്ന് പെണ്‍‌മക്കള്‍, നാലാം പ്രസവത്തില്‍ ഭാര്യ ചികിത്സകിട്ടാതെ മരിച്ചു (അടിച്ചുകൊന്നു എന്ന് ജനസംസാരം). കൂടെ അവിവാഹിതയായ ഒരു സഹോദരിയും – (വിവാഹപ്രായം കഴിഞ്ഞതിനാല്‍ പ്രതീക്ഷയില്ലാത്ത) – ചേര്‍ന്ന ഒരു വലിയ (ചെറിയ) കുടുംബമാണ് നമ്മുടെ നാട്ടിലെ ഏറ്റവും ചെറിയ ചെറ്റക്കുടിലില്‍ താമസ്സിക്കുന്നത്. അച്ചുവേട്ടനും പെങ്ങള്‍ക്കും കൂലിപ്പണി. അച്ചുവേട്ടന്റെ മൂത്ത രണ്ടു മക്കള്‍ സ്വന്തമായി ഭര്‍ത്താവിനെ കണ്ടുപിടിച്ച ശേഷം കല്ല്യാണം കഴിച്ച് സസുഖം വാഴുന്നു. സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു.
 .
                     അയല്‍‌വാസികളുടെ അംഗസംഖ്യ കൂടിയതോടെ അവവരെല്ലാം അച്ചുവേട്ടനെതിരായി മുന്നണി ചേര്‍ന്നു. ഷാപ്പില്‍ പോകുന്നതും കുടിക്കുന്നതും വീട്ടില്‍ വന്ന് തല്ലുണ്ടാക്കുന്നതും പുരുഷന്മാരുടെ ജന്മാവകാശമാണ്. പക്ഷെ അത് മറ്റു വീട്ടുകാര്‍ക്ക് ശല്യമില്ലാതെയാവണം. അപ്പോഴാണ് ഒരു കാര്യം അറിയുന്നത്; അച്ചുവേട്ടന്റെ പെങ്ങള്‍ ഒരു ഭയങ്കരിയാണെന്ന്. ആങ്ങള പെങ്ങള്‍ അടിപിടി ഒത്തുതീര്‍പ്പാക്കാന്‍ അയല്‍‌വാസികള്‍ പോയാല്‍ ഉടനെ അവര്‍ ഒന്നായിചേര്‍ന്ന് അവിടെ വന്നവനെ ഓടിക്കും - പാണ്ഡവ-കൌരവ മോഡല്‍.
 .
                           ഒരു ദിവസം രാത്രി പതിവുപോലെ അച്ചുവേട്ടന്റെ വീട്ടില്‍ ‘ആങ്ങള - പെങ്ങള്‍’ ചീത്തവാക്കുകളുടെ പൊട്ടിത്തെറി തുടങ്ങി. എല്ലാവരും റേഡിയൊ ഓഫാക്കി അത് കേള്‍ക്കാന്‍ ചെവി വട്ടം‌പിടിച്ചു. തനിക്കു സ്വന്തമല്ലാത്ത, തന്നെ ബാധിക്കാത്ത, അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ. ഏഴ് മണിക്ക് പതുക്കെ ആരംഭിച്ച വെടിക്കെട്ട് എട്ടുമണിയായപ്പോള്‍ വര്‍ദ്ധിച്ച് അടിയിലും കരച്ചിലിലും എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അയല്‍‌വാസികള്‍ക്ക് ബോധോധയം ഉണ്ടായി. എല്ലാവരും സംഘടിച്ചു; .. നേരെ അച്ചുവേട്ടന്റെ വീട്ടിലേക്ക്
.
                          അവിടെയെത്തിയവര്‍ കണ്ടു; ആങ്ങള-പെങ്ങള്‍ അങ്കത്തട്ടില്‍ നില്‍ക്കുന്നു. രണ്ട്‌പേരുടെ കൈയിലും മരകായുധങ്ങള്‍; ആങ്ങളക്ക് കത്തിവാള്‍, പെങ്ങള്‍ക്ക് കത്തി. ചട്ടി കലം, ചോറ് കറി ആദിയായവ ചേര്‍ത്ത് മുറ്റത്തും വരാന്തയിലും അഭിഷേകം നടത്തിയിരിക്കുന്നു. നമ്മുടെ അച്ചുവേട്ടന്റെ ഈര്‍ക്കിലി പോലുള്ള ദേഹത്തുള്ള തുണിയെല്ലാം അഴിഞ്ഞ് താഴെ കിടക്കുന്നു. ധാരാളം പുരുഷന്മാര്‍ ഒന്നിച്ച് വീട്ടില്‍ വന്ന് ടോര്‍ച്ചടിച്ചപ്പോള്‍ പെങ്ങള്‍ കത്തി താഴെയിട്ടു. ഉടനെ കൂട്ടത്തിലൊരാള്‍ അച്ചുവേട്ടനെ മുറുകെപിടിച്ചു. ആയുധം താഴെയിട്ട അച്ചുവേട്ടന്‍ പിടിച്ചവന്‌തന്നെ ഒരടി കൊടുത്തു. അയാള്‍ തിരിച്ചടിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ചുവേട്ടന്‍ കിടക്കുന്നു; നിലത്ത് തുടര്‍ന്ന് അച്ചുവേട്ടന്റെ തലയില്‍ ബോധം തെളിയുന്നതുവരെ വെള്ളമൊഴിച്ചു.
.
                       പ്രശ്നങ്ങളെല്ലാം പെങ്ങള്‍‌തന്നെ പറഞ്ഞു. അച്ചുവേട്ടന്റെ മകള്‍ക്ക് നാളെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയാണ്. വന്ന ഉടനെ വരാന്തയിലിരുന്ന് പഠിക്കുന്ന സ്വന്തം മകളുടെ ചിമ്മിനിവിളക്കും പുസ്തകങ്ങളും എടുത്ത് അടുത്ത പറമ്പിലെ മാവിന്‍‌ചുവട്ടില്‍ എറിഞ്ഞു. അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും എടുത്ത് മുറ്റത്തെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, മകള്‍ പേടിച്ച് എവിടെയോ ഓടിയൊളിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദ്രോഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കി ജയിച്ചമട്ടില്‍ തുള്ളുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോധം വീണ്ടെടുത്ത ആങ്ങള-പെങ്ങളെ നിര്‍ത്തി ചര്‍ച്ച നടന്നു; ഭീഷണിപ്പെടുത്തി. ഇനി പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ്‌സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞ് ചര്‍ച്ചാസംഘം പിരിഞ്ഞു.
 .
                   എല്ലാവരും അച്ചുവേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എളുപ്പവഴിയിലൂടെ ഇടവഴിയില്‍ ഇറങ്ങുമ്പോള്‍, കൂട്ടത്തിലൊരാള്‍ക്ക് സംശയം‌തോന്നി അടുത്ത പറമ്പിലെ തെങ്ങിന്‍‌ചുവട്ടില്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ പതുങ്ങിയിരിപ്പുണ്ട് രണ്ടു പേര്‍; ഒരാള്‍ അച്ചുവേട്ടന്റെ പത്താം ക്ലാസ്സുകാരി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന മകള്‍ തന്നെ. രണ്ടാമന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് – അച്ചുവേട്ടനെ ഭീഷണിപ്പെടുത്തിയ അയല്‍‌വാസിയുടെ ഓമനപുത്രന്‍ .
 . 
                ടോര്‍ച്ചു തെളിയിച്ച വെളിച്ചത്തില്‍ സ്വന്തം അച്ഛനെ കണ്ടപ്പോള്‍ മകന്‍ എഴുന്നേറ്റു; ചോദ്യത്തിനു മുന്‍പെ ഉത്തരം പറഞ്ഞു. “അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” 
.
പിന്‍‌കുറിപ്പ്: കഥനടന്ന, നടക്കുന്ന, കാലത്തിനു ശേഷം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് നമ്മുടെ വീടുകളില്‍ വൈദ്യുതി കമ്പികള്‍‌വഴി എത്തിച്ചേര്‍ന്നത്.

9/16/09

6. ക്വട്ടേഷന്‍ സംഘത്തെ പിരിച്ചുവിട്ടു.

         
                                      കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതു മുതല്‍, കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ച; എല്ലാ കൊതുകുകളെയും ഏതാനും ദിവസം മുന്‍പ് പിരിച്ചുവിട്ടു. എല്ലാവിധ ആനുകൂല്യങ്ങളോടൊപ്പം പലവിധ സമ്മാനങ്ങളും നല്‍കിയാണ് അവരെ പിരിച്ചുവിട്ടതെന്ന് പ്രത്യേകം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ അംഗങ്ങളുമായി തിരിച്ചു വരുമെന്ന്, പൊകുന്നതിനു മുന്‍പ് ക്വട്ടേഷന്‍ സംഘനേതാവ് ‘അനോനീ അനോഫിലിസ്’ കേരളീയര്‍ക്ക് ഉറപ്പു നല്‍കി.


.
                   2009 ജൂണ്‍ മാസം ഒന്നാം തീയ്യതിയാണ് നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം കേരളീയരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ് എന്നീ ഇനത്തിലുള്ളവയും പിന്നെ അറിയുന്നതും അറിയപ്പെടാത്തതും ആയ അനേകം ഇനങ്ങളും കൂടി ഈ വര്‍ഷത്തെ ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. 
                      ചിക്കന്‍‌ഗുനിയ, ഡങ്കിപ്പനി, മലമ്പനി, മന്ത്,  എന്നി രോഗങ്ങള്‍ കൂടാതെ ഇതു വരെ ആര്‍ക്കും മരുന്ന് കണ്ടു‌പിടിക്കാന്‍ കഴിയാത്ത ഏതാനും രോഗങ്ങള്‍ കൂടി കേരളീയര്‍ക്ക് പകര്‍ത്താര്‍ കഴിഞ്ഞിട്ടുണ്ടെന്ന് എല്ലാ കൊതുകുകളും അഭിമാനത്തോടെ പറഞ്ഞു. വിവിധ ജാതിയിലും മതത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട മനുഷ്യരുടെ രക്തം ഇഷ്ടം‌പോലെ കുടിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ഭാഗ്യമായി അനേകം കൊതുകുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

 . 
                       എങ്കിലും ഏതാനും ചിലര്‍ക്ക് പരാതികള്‍ ഉണ്ടായിരുന്നു. നൂറ്റിഅറുപത്തിഅഞ്ച് കോടി കൊതുകുകളാണ് കാലവര്‍ഷത്തിനു മുന്‍പ് കേരളത്തില്‍ എത്തിച്ചേര്‍ന്നതെങ്കിലും തിരിച്ച് പോകുമ്പോള്‍ അം‌ഗസം‌ഖ്യ വര്‍ദ്ധിച്ചിട്ടില്ല എന്നത് പതിവിന് വിപരീതമാണ്. പിന്നെ AIDS രോഗികളുടെ രക്തം കുടിച്ചോ എന്ന സംശയം ധാരാളം കൊതുകുകള്‍ക്ക് ഉണ്ട്. അതിനാല്‍ AIDS വന്ന് ചരമം പ്രാപിക്കുന്ന കൊതുകുകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം തരണമെന്ന് പത്രസമ്മേളനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടു.

.
                      തിരിച്ചുപോകുന്നതിനു മുന്‍പ് കേരളീയരോട് പ്രത്യേകം നന്ദി രേഖപ്പെടുത്താന്‍ കൊതുകുകള്‍ മറന്നില്ല. കേരളത്തില്‍ എല്ലായിടത്തും   മലിനജലവും മാലിന്യങ്ങളും ധാരാളമായി നിറച്ച്, പരിസരങ്ങള്‍ കൊതുകുവളര്‍ച്ചക്ക് അനുയോജ്യമാക്കി തീര്‍ക്കുന്ന കേരളീയരുടെ സ്വഭാവത്തെ അഭിനന്ദിച്ചു. ഇനിയും ആ സ്വഭാവം തുടരണമെന്ന് കൊതുകുകള്‍ പറഞ്ഞു.

.
                         കേരളം വിട്ടു പോകുന്നതിനു മുന്‍പ് ഒരു ഗംഭീര യാത്രയയപ്പ് എല്ലാ കൊതുകുകള്‍ക്കും നല്‍കി. ആയുര്‍വേദ അലോപ്പതി ഹോമിയോ യുനാനി നാട്ടുവൈദ്യം എന്നീ മഹാന്മാര്‍ കൂടാതെ കൊതുകുതിരി കൊതുക് മാറ്റ് തുടങ്ങിയവരും യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം കേരളത്തിലെ പദ്ധതികളെല്ലാം വന്‍‌വിജയമായിരുന്നു എന്നും; അങ്ങനെ വിജയമാക്കിതീര്‍ക്കാന്‍ സഹായിച്ച കേരളീയരോട് നന്ദി രേഖപ്പെടുത്തുന്നു എന്നും; ക്വട്ടേഷന്‍ സം‌ഘനേതാവ് എല്ലാ കേരളീയരോടും പറഞ്ഞു.

9/12/09

5. നിലാവുള്ള രാത്രിയിലെ ചെകുത്താന്‍


                    അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചവള്‍. ഉരുകിയ സ്വര്‍ണ്ണത്തിന്റെ തിളക്കമാര്‍ന്നവള്‍.  സ്വര്‍ണ്ണത്തില്‍ നിന്നും പിറവിയെടുത്തവള്‍. സ്വര്‍ണ്ണം പോലെ പരിശുദ്ധ. ഭൂമിയില്‍ ജീവിക്കുന്ന ചെകുത്താനെ വിശ്വസിച്ചവള്‍.
 .
        അച്ഛനും അമ്മയും ചിന്തിച്ചു;... ജോലിയുള്ള മൂത്ത മകള്‍, കല്ല്യാണത്തിന് എന്തിന് തിരക്ക് കൂട്ടണം. അനുജന്റെയും അനുജത്തിയുടെയും കല്ല്യാണം കഴിഞ്ഞു. അവരുടെ കുഞ്ഞുങ്ങള്‍ വലുതായി. അവര്‍ക്ക് സ്വന്തമായി എല്ലാം ഉണ്ട്. അവര്‍ക്ക് സ്വന്തം കുടും‌ബമായി.
 .
           പെട്ടെന്ന് ഒരു ദിവസം മാതാപിതാക്കള്‍ക്ക് സ്വബോധം ഉണര്‍ന്നു. ഇനി ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ മൂത്തമകളെ ആരു നോക്കും? അവര്‍ മകനെയും ഇളയ മകളെയും വിളിച്ചു.

അവരോട് പറഞ്ഞു; “ഞങ്ങളുടെ കാലശേഷം നിങ്ങള്‍ക്കു വേണ്ടി ജീവിച്ച നിങ്ങളുടെ ചേച്ചിയെ നിങ്ങള്‍ സംരക്ഷിക്കണം അവളുടെ സ്വത്തും പെന്‍‌ഷനും സംരക്ഷിക്കുന്നവര്‍ക്ക് തരാം”.

“എനിക്ക് പറ്റില്ല” പൊന്നാങ്ങള പറഞ്ഞു.

 “എനിക്കും പറ്റില്ല” പൊന്നനുജത്തിയും പറഞ്ഞു.

.
          അപ്പോഴാണ് ഒരു ചെകുത്താന്‍ ദേവദൂതന്റെ വേഷത്തില്‍ അവിടെ വന്നത്. പ്രായം കൂടിപ്പോയെങ്കിലും സുന്ദരന്‍ സുമുഖന്‍ സുശീലന്‍ . പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, അവന്റെയും അവളുടെയും കല്ല്യാണം കഴിഞ്ഞു.
.
      ആദ്യരാത്രി അവന്‍ മദ്യക്കുപ്പികള്‍ തുറന്നു. അവള്‍ വിശ്വസിച്ചു, അത് വാട്ടര്‍ബോട്ടിലാണെന്ന്.

      അവളുടെ പണവും സ്വര്‍ണ്ണവും അവന്‍ കൈവശപ്പെടുത്തി. അവള്‍ വിശ്വസിച്ചു, അവന്റെ ബിസ്‌നസ് പച്ചപിടിക്കുമെന്ന്.

      അവന്‍ കുട്ടികളെ പീഡിപ്പിച്ചതായി അയല്‍‌വാസികള്‍ അവളോട് പറഞ്ഞു. അവര്‍ക്ക് ഒന്നും അറിയില്ല എന്ന് അവള്‍ വിശ്വസിച്ചു.

       അവന്‍ മൃഗങ്ങളെ കൊന്ന് രക്തം കുടിക്കുകയും പച്ചമാംസം തിന്നുകയും ചെയ്യാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ കള്ളം പറയുകയാണെന്ന് അവള്‍ വിശ്വസിച്ചു.

        അവന്‍ അനേകം സ്ത്രീകളെ കൊന്ന ഒരു കൊലപാതകിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അത് വെറും വാഴക്കുലയാണെന്ന് അവള്‍ വിശ്വസിച്ചു.

          ഒരു രാത്രി അവന്‍ കാറില്‍ അവളെയും കൂട്ടി വേശ്യാഗൃഹത്തില്‍ പോയി. അവളെ കാറിലിരുത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന്‍ തിരിച്ച് വന്നപ്പോള്‍, വേശ്യയെ ഉപദേശിച്ച് മാനസാന്തരം വരുത്തിയിരിക്കും എന്ന് അവള്‍ വിശ്വസിച്ചു.

          അവനെ സൂക്ഷിക്കണമെന്ന് അച്ഛനും അമ്മയും അവളോട് പറഞ്ഞു. അവള്‍ അത് അവഗണിച്ചു.

.
          ഒരു രാത്രി അവന്‍ അവളെയും കൂട്ടി നടന്നു; പൌര്‍ണ്ണമി ദിവസം അര്‍ദ്ധരാത്രിയില്‍ ഓടുന്ന  തീവണ്ടി കാണിക്കാന്‍ . നിലാവില്‍ തിളങ്ങുന്ന റെയില്‍പ്പാളത്തിലൂടെ തീവണ്ടിബോഗികള്‍ ഓരോന്നായി കടന്നുപോകുമ്പോള്‍ അവളുടെ കഴുത്തില്‍ കറിക്കത്തി താഴാന്‍ തുടങ്ങി.
 അപ്പോഴും അവള്‍ വിശ്വസിച്ചു; ‘അത് വെറും സ്വപ്നമായിരിക്കും’ എന്ന്.
 .
               അവളുടെ രക്തം കുടിച്ച ചെകുത്താന്‍ പിറ്റേദിവസം ഭാര്യയെ കാണാതെ കരയാന്‍ തുടങ്ങി.
റെയില്‍‌പാളത്തില്‍ കാണപ്പെട്ട അവളുടെ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റ്റര്‍മാര്‍ ആശ്ചര്യപ്പെട്ടു. അവളുടെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലും കാണാനില്ല.
.
          എല്ലാം കാണാനും കേള്‍ക്കാനും വേണ്ടി നാട്ടുകാരും പത്രക്കാരും ചാനലുകാരും ‘അവനെ’ പൊതിഞ്ഞു. അവരോടായി അവന്‍ പറഞ്ഞു; “അവള്‍ക്ക് പരപുരുഷബന്ധം ഉണ്ട്. അങ്ങനെയുള്ളവളെ നിലാവുള്ള രാത്രിയില്‍, റെയില്‍‌പാളത്തില്‍‌വെച്ച്, ചെകുത്താന്‍ കൊന്ന് രക്തം ഊറ്റിക്കുടിക്കും”. 

9/8/09

4. ജാതി ചോദിക്കരുത്, പറയരുത്, ???


                               'ഒരു ജാതി പ്രശ്നം'
                           പുതിയതായി പി.എസ്.സി. നിയമനം ലഭിച്ച ഇം‌ഗ്ലീഷ് ടീച്ചര്‍ സ്ക്കൂളില്‍ വന്ന ദിവസംതന്നെ, ജയരാജന്‍ മാസ്റ്റര്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്നെ ഏല്പിച്ചതാണ്… ആ ടീച്ചറുടെ ജാതിയൊന്ന് കണ്ടുപിടിക്കാന്‍. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്ന പൊതു തത്വം അംഗീകരിക്കുന്നുണ്ടെങ്കിലും രണ്ട് പിള്ളേരുടെ അച്ഛനായ മാസ്റ്റര്‍ അവളുടെ ജാതി കണ്ടെത്താന്‍ ശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ആവശ്യത്തിനാണ്. പുരനിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ അളിയനെ ഒരു കല്ല്യാണം കഴിപ്പിക്കണം. ഇതിനായി ശ്രമം തുടങ്ങിയിട്ട് നാല് വര്‍ഷമായി.


മാസ്റ്ററുടെ അളിയന്‍ ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയാണെന്ന് സ്ക്കൂളിലെ തൂണുകള്‍ക്കു പോലും അറിയാം. അളിയന്റെ കീഴില്‍ ധാരാളം അറബികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരു പാര്‍ട്ടി നടത്തുന്നതോടൊപ്പം സമ്മാനങ്ങളും നല്‍കുക പതിവാണ്.


നമ്മുടെ പൂര്‍വ്വികന്മാര്‍ തൊഴിലിന്റെ പേരില്‍ ജാതിതിരിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ചെയ്യുന്ന ജാതിയിലാണ് ജയരാജന്‍ മാസ്റ്റര്‍ ഉള്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ ജാതിയാണോ എന്ന് എളുപ്പത്തില്‍ മറ്റുള്ളവരോട് ചോദിച്ചാല്‍ അറിയാം…
അതെങ്ങിനെയെന്നോ? ഒരാളോട് ജാതി ചോദിച്ചാല്‍ മറുപടി പറയുന്നതിനു പകരം ജാതി ചോദിക്കാനോ പറയാനോ പാടില്ല, മനുഷ്യരെല്ലാം ഒരേജാതിയാണെന്ന് മറുപടി പറയുന്നുണ്ടെങ്കില്‍ ആ വ്യക്തി ജയരാജന്‍ മാസ്റ്റരുടെ ജാതിയായിരിക്കും.


ഇംഗ്ലീഷ് ടീച്ചറുടെ ജാതി ചോദിക്കാന്‍ എന്നെ ഏല്പിക്കാന്‍ ഒരു പ്രത്യേക കാരണം ഉണ്ട്. ജില്ല മുഴുവന്‍ പെണ്ണു കാണാന്‍ പോയിട്ട് ഒന്നിനെപോലും പിടിക്കാത്ത എന്റെ ആങ്ങളക്ക് ഒടുവില്‍ പെണ്ണിനെ ഞാന്‍ കണ്ടെത്തിയത് ഇതെ സ്ക്കൂളില്‍ വെച്ചാണ്. എങ്ങനെയെന്നോ? രണ്ട് വര്‍ഷം മുന്‍പ് ഗസ്റ്റ് ലക്‌ച്ചര്‍ ഇന്റര്‍വ്യൂവിന് വന്ന തരുണീമണികളില്‍ ഒന്നിനെ കണ്ടെത്തി; പ്രത്യേകം ഇന്റര്‍വ്യൂ ചെയ്ത്, സഹോദരപത്നിയാക്കി.


ജാതി ചോദിക്കാന്‍ വേണ്ടി ഇംഗ്ലീഷ് ഇഷ്ടമില്ലാത്ത ഞാന്‍ ഇംഗ്ലീഷ് ടീച്ചറുടെ അടുത്ത് കൂടി പഠിക്കാന്‍ തുടങ്ങി. ഒരുദിവസം സ്റ്റാഫ്‌റൂമില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ടീച്ചറോട് വീട്ടുകാര്യങ്ങള്‍ ഓരോന്നായി ചോദിക്കുന്ന കൂട്ടത്തില്‍ പതുക്കെ ചോദിച്ചു, “ടീച്ചറുടെ ജാതി ഏതാണ്?”

പെട്ടെന്ന് അവള്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. പിന്നത്തെ ഡയലോഗ് എല്ലാവരും കേള്‍ക്കെയാണ്. “ഇതൊരു വിദ്യാലയമല്ലെ; അദ്ധ്യാപകരല്ലെ, കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ടത്. ജാതിചോദിക്കുക, ഇത്രയും അധ:പതിച്ചവരാണോ ഇവിടെയുള്ള അദ്ധ്യാപകര്‍”.
ഇങ്ങനെയൊരു പ്രതികരണം ഞാനോ മറ്റുള്ളവരോ പ്രതീക്ഷിച്ചിരുന്നില്ല.

“ടീച്ചറേ ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്ന് മാത്രമാണ് ശ്രീനാരായണഗുരു പറഞ്ഞത്. അതുകൊണ്ട് ഒരു കടലാസില്‍ എഴുതി ചോദിച്ചാല്‍ ഉത്തരം എഴുതിത്തരും” രംഗത്തിന്റെ ചൂട് അല്പം കുറയ്ക്കാനായി സഹപ്രവര്‍ത്തകനായ പിള്ളമാസ്റ്റര്‍ പറഞ്ഞു.


അമളിപറ്റിയോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. പിന്നിട് നിശബ്ദമായ അന്തരീക്ഷത്തില്‍ എല്ലാവരും ഭക്ഷണം കഴിച്ചശേഷം ഫുള്‍സ്പീഡില്‍ ഫാന്‍ കറക്കി ഉച്ചവിശ്രമമായി. പിള്ള മാസ്റ്റര്‍ ഭക്ഷണം കഴിച്ച ശേഷം സ്ക്കൂളിന്റെ തെക്കുഭാഗത്തുള്ള ഇരുണ്ട മൂലയിലേക്ക് പോയി. അവിടെവെച്ച് ആരും കാണാതെ ഒരു സിഗരറ്റ് വലിച്ച ശേഷം സ്വന്തം സീറ്റില്‍ വന്നിരുന്നു.

അദ്ദേഹത്തിന്റെ സ്വന്തം മലയാളത്തില്‍ ഇംഗ്ലീഷ് ടീച്ചറോട് ചോദിച്ചു, “ടീച്ചറിന്റെ വീട് കൂത്തുപറമ്പ് ടൌണിനടുത്താണോ?”

“അല്ലല്ലോ, എന്റെ വീട് പയ്യന്നൂരിലാ” ടീച്ചര്‍ മറുപടി പറഞ്ഞു.

“ഓ ഞാനവിടെയൊക്ക കുറേക്കാലം ജോലിചെയ്തതാണല്ലോ. അക്കാലത്ത് ടൌണിനടുത്ത് ഒരു വീട്ടിലാണ് കുടുംബസമേതം താമസിച്ചത്. ടീച്ചറിന്റെ വീട്ടുപേര്?” പിള്ളയുടെ സംഭാഷണം എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.

“എന്റെ വീട് ടൌണിനടുത്ത് തന്നെയാ. എന്റെ വീട്ടുപേര് എല്ലാവര്‍ക്കും അറിയപ്പെടുന്നതാ,,, ‘വലിയവളപ്പില്‍” ടീച്ചർ മറുപടി പറഞ്ഞു.

“ആ വീട്ടുപേര് ഞാന്‍ അറിയുന്നതാണല്ലോ, ടീച്ചറിന്റെ അച്ഛന്റെ പേര്?” പിള്ള ബയോഡാറ്റ ശേഖരിക്കുകയാണ്.

“അച്ഛന്റെ പേര് ചന്ദ്രശേഖരന്‍ നമ്പ്യാര്‍ ; നാട്ടുകാര്‍ക്കെല്ലാം അറിയപ്പെടുന്ന വലിയ ബിസിനസ് കാരനാണ്” ടീച്ചര്‍ അഭിമാനത്തോടെ പറഞ്ഞു.

പിള്ളമാഷ് പൊട്ടിചിരിച്ചു. അത് കേട്ടപ്പോള്‍ അതുവരെ ഉറക്കം‌പിടിച്ച എല്ലാവരും എഴുന്നേറ്റ് പൊട്ടിചിരിക്കാന്‍ തുടങ്ങി.

“ജാതി ചോദിക്കാതെ തന്നെ പറയിക്കാന്‍ പഠിക്കണം” കൂട്ടച്ചിരിക്കിടയില്‍ പിള്ള എന്നോടായി പറഞ്ഞു.

8/30/09

3. കല്ല്യാണം കലങ്ങും (കലക്കും) വഴികള്‍




         പെണ്ണുകാണാന്‍ ആദ്യം പയ്യനും സുഹൃത്തുക്കളും വന്നു, അവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി. പിന്നെ പയ്യന്റെ വീട്ടുകാരും ബന്ധുക്കളും വന്നു, അവര്‍ക്കും പെണ്ണിനെ ഇഷ്ടമായി. ഇപ്പോള്‍ പയ്യന്റെ ബന്ധുക്കളും രണ്ട് അയല്‍‌വാസികളും ചേര്‍ന്ന് എട്ടുപേര്‍ വന്നത്, പെണ്ണിനെ അവര്‍ ഇഷ്ടപ്പെട്ടതുകൊണ്ട് കല്ല്യാണം ഏകദേശം തീരുമാനിക്കാനാണ്.


  മകള്‍ക്ക് ഇത്രയും നല്ല ആലോചന വന്നതില്‍, അവളുടെ അച്ഛനാണ് ഏറ്റവും സന്തോഷിച്ചത്. ഇതുവരെ മകളെ പെണ്ണുകാണാന്‍ വന്നവരൊന്നും പിന്നിടൊരു തവണ ആ വീടിന്റെ പടികയറി വന്നിട്ടില്ല. സെന്‍‌ട്രല്‍ സ്ക്കൂളില്‍ പഠിച്ച് ഡിഗ്രിയും പീജിയും കഴിഞ്ഞവളാണങ്കിലും ഇതുവരെ അവള്‍ക്ക് ഒരു ജോലി ലഭിച്ചിട്ടില്ല. പിന്നെ വലിയൊരു പോരായ്മ മകളുടെ സൌന്ദര്യമാണ്. മൂത്ത മകള്‍ അമ്മയെപോലെ വെളുത്ത് സുന്ദരിയാണ്. അവളുടെ കല്ല്യാണം പെട്ടെന്ന്‌തന്നെ കഴിഞ്ഞ്, ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് ഗള്‍ഫിലാണ്. ഇളയ മകളും മകനും അച്ഛനെപോലെ കറുത്ത് മെലിഞ്ഞവരാണ്. ഏതായാലും ബാംഗ്ലൂരില്‍ എഞ്ചിനീയറായ സുന്ദരനായ ഒരു പയ്യനെ മരുമകനായി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.


ചായകുടിച്ചശേഷം ചെറുക്കന്റെ കാരണവര്‍ എല്ലവരെയും പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഒരുത്തന്‍ പെങ്ങളുടെ ഭര്‍ത്താവാണ്; അയാള്‍ കണ്ണൂര്‍‌ക്കാരനല്ല എന്ന് സംഭാഷണത്തില്‍ നിന്നും മനസ്സിലായി. ‘മകളെ ഇഷ്ടപ്പട്ടു, ഇനി അടുത്ത ഒരു ദിവസം പെണ്‍‌വീട്ടുകാര്‍ വന്ന് അഭിപ്രായം അറിയിക്കണം’, ഇതുകേട്ടതോടെ അച്ഛന് മാത്രമല്ല; അമ്മയും മകളും കൂടി സന്തോഷിച്ചു.


 എല്ലാം തീരുമാനിച്ച് എല്ലാവരും എഴുന്നേറ്റ് പിരിയാന്‍ നേരത്താണ് അളിയന്‍ ഒരു കാര്യം പറഞ്ഞത്; “ഇവിടെ വരുമ്പോള്‍ എന്നോട് ഒരു കാര്യം പ്രത്യേകം ചോദിക്കാന്‍ പറഞ്ഞു, പെണ്ണിന് സ്വര്‍ണ്ണം ധാരാളം കാണുമെന്നറിയാം. എന്നാലും അത് എത്രയുണ്ടെന്ന് അറിയണം. പിന്നെ പെണ്ണിന്റെ ഷേയര്‍ കല്ല്യാണത്തിനു മുന്‍പ് തന്നെ പണമായി കൊടുക്കണമെന്നും അളിയന്‍ ആവശ്യപ്പെട്ടിട്ടിണ്ട്”.
.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു, “എന്റെ മകളുടെ കാര്യമല്ലെ, സ്വര്‍ണ്ണം നൂറ് മതിയോ? പിന്നെ പണം എത്ര ലക്ഷമാണെന്ന് പറഞ്ഞാല്‍ തരാം”.

അപ്പോഴേക്കും അമ്മയോടൊപ്പം അകത്തുപോയ മകള്‍ മുന്നില്‍ ചാടിവീണു; “ഇവരെന്താ എനിക്ക് വിലപറയാന്‍ വന്നതാണോ? ചായകുടി കഴിഞ്ഞവര്‍  പോയിക്കോട്ടെ. ഇത്രയും വിവരമില്ലാത്തവന്‍ എഞ്ചിനീയറായാലും എനിക്ക് വേണ്ട”.
.
വന്നവരെല്ലാം ഒന്നും മിണ്ടാതെ യാത്രയായി. പെണ്ണിന്റെ അച്ഛന്‍ അപ്പോള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു; ‘ഭൂമി കറങ്ങുന്നത് സൂര്യന് ചുറ്റുമല്ല, തനിക്ക് ചുറ്റുമാണെന്ന്’.

8/26/09

2. ജനറേഷന്‍ ഗ്യാ......പ്പ്.


         പതിവുപോലെ അന്ന് വൈകുന്നേരവും ഉള്‍നാടന് പ്രദേശത്തു നിന്ന് പട്ടണത്തിലേക്ക് പോകുന്ന ബസ്സില്‍, സ്ക്കൂളിന്റെ മുന്നില്‍ നിന്നാണ് ടീച്ചറായ ഞാന് കയറിയത്.  ബസ്സില്‍ വലിയ തിരക്കില്ല. ഇരിപ്പിടം കിട്ടാത്ത നാല് സ്ത്രീകളുടെ കൂടെ ഞാനും കൂടിയപ്പോള്‍ ബസ്സിന്റെ ഒഴുക്കിനനുസരിച്ച് ആടിനില്‍ക്കുന്നവര്‍  അഞ്ച്‌പേര്. കൂടുതല്‍ ആളുകളും കണ്ണൂര്‍ ടൌണില്‍ സായാഹ്നഷോപ്പിങ്ങ് നടത്താനിറങ്ങിയവരാണ്. 

ഓ, ഒരു ആറാമന്‍ കൂടിയുണ്ട്; അത് വളരെ ചെറിയ മൂന്നു വയസ്സുകാരനായതിനാല്‍ വിട്ടുപോയതാണ്. അമ്മയുടെ ചൂരിദാറിന്റെ ഷാള് പിടിച്ച് അവന് ‘നിന്ന്‘ പരാതി പറയുകയാണ്.

ബസ്സില്‍ ഇരിക്കാന് കഴിയാത്തതിലുള്ള പരാതിമുഴുവന്‍ അവന്റെ കുഞ്ഞുഭാ‍ഷയില്‍ അമ്മയുടെ മുന്നില് അവതരിപ്പിക്കുകയാണ്. എന്നാല് ചെറുപ്പക്കാരിയായ അമ്മ അതൊന്നും കേള്‍‌ക്കാത്ത മട്ടില്‍ നില്‍ക്കുന്നു.

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പയ്യന്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അമ്മയുടെ കയ്യില്‍ നുള്ളാനും കടിക്കാനും തുടങ്ങി.

അതോടെ അവള്‍ ആകെ അസ്വസ്ഥതയോടെ ചുറ്റുപാടും നോക്കി. വനിതാസംവരണം ലഭിച്ച ഒരു വനിത പോലും ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാന്‍ ഭാവമില്ല. അല്പം ഒതിങ്ങിയിരിക്കാന്‍ പറഞ്ഞ്, മകനെ അവിടെയിരുത്താന്‍ അവളുടെ ആത്മാഭിമാനം സമ്മതിച്ചില്ല. ‘ഈ കുഞ്ഞിനും എനിക്കും വേണ്ടി ഇത്ര വലിയ ബസ്സില് ഇരിക്കുന്ന ആര്‍ക്കെങ്കിലും ദയ തോന്നി എഴുന്നേറ്റ് സീറ്റ് തന്നുകൂടെ’ എന്ന് അവള് ചിന്തിച്ചു.

അവളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കാനായി കൊച്ചുകുട്ടിയുടെ കൊച്ചുകവിളില്‍ ചെറുതായി ഒന്നു നുള്ളി. അതോടെ കുട്ടി കരയാന്‍ തുടങ്ങി. റിസര്‍‌വേഷന്‍ സീറ്റില്‍ അമര്‍ന്നിരിപ്പുള്ള സ്ത്രീകള്‍ കുട്ടിയുടെ കലാപ,പരിപാടിക്കു മുന്നില്‍ കണ്ണും കാതും അടച്ച് ഇരുട്ടാക്കി.

എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സമീപ സീറ്റിലിരിക്കുന്ന; ഒരു വൃദ്ധന്‍- ആ ബസ്സില് ഏറ്റവും പ്രായമുള്ള യാത്രക്കാരന്‍ – കുട്ടിയെ വിളിച്ചു;

“കരയാതെ മോനിങ്ങു വാ, ഇവിടെയിയിരിക്ക്”

പെട്ടെന്ന് ആ കുഞ്ഞു വായില് നിന്നും പുറത്തു വന്ന വലിയ വാക്കുകള് കേട്ട് ബസ്സ് മുഴുവന് ഞെട്ടി;

നീ പോടാ പട്ടീ…”

മകന്റെ വായില്‍ നിന്നും കൂടുതല്‍ സാഹിത്യം പുറത്ത് വരാതിരിക്കാന്‍ അമ്മ അവന്റെ വായ പൊത്തി. കണ്ണൂരിലെത്തുന്നതു വരെ മകന്റെ വായ തുറക്കാന്‍ ആ അമ്മ അനുവദിച്ചില്ല.

8/24/09

1. ആകാശം ഭൂമിയോട് പറഞ്ഞത് ?




പണ്ട് പണ്ട് പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്‍പ്; അന്ന് ആകാശവും ഭൂമിയും ഉണ്ടായിരുന്നില്ല. എങ്ങും ഊര്‍ജ്ജം മാത്രം. അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ ഊര്‍ജ്ജത്തില്‍ നിന്ന് കൊച്ചുകൊച്ചു പ്രപഞ്ചങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.
അങ്ങനെ അനന്തമായ ശൂന്യതയില്‍ കാക്കത്തൊള്ളായിരം പ്രപഞ്ചം കറങ്ങിത്തിരിയാന്‍ തുടങ്ങി. കാലം കടന്നുപോകവെ കറങ്ങികൊണ്ടിരിക്കുന്ന പ്രപഞ്ചങ്ങള്‍‌ക്ക് ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കൂടിയിരുന്ന് ചിന്തിക്കാന്‍ തുടങ്ങി.


എന്ത് ചെയ്യും?...

കൂട്ടത്തില്‍ ഒരു ചിഹ്നപ്രപഞ്ചം പരിഹാരം കണ്ടുപിടിച്ചു. “മനുഷ്യനെ നിര്‍മ്മിക്കുക“

“മനുഷ്യനെയോ! അതെങ്ങനെ?” മറ്റുപ്രപഞ്ചങ്ങള്‍ ചോദിച്ചു.

“അത് എനിക്കറിയാം” കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു.

“എങ്ങനെ?” മറ്റുള്ളവര്‍ വലിയവനോട് ചോദിച്ചു.

“ആദ്യം ഒരു ഭൂമിയെ കണ്ടുപിടിക്കുക. പിന്നെ അവിടെ ജീവികളെ ഉണ്ടാക്കുക. ഒടുവില്‍ മനുഷ്യനെയും”.

“പിന്നെയോ?” കൂട്ടത്തില്‍ ചെറിയവന്‍ ചോദിച്ചു.

“എടാ, തോക്കില്‍ കയറി വെടിവെക്കല്ല” വലിയവന് വലുതായ ദേഷ്യം വന്നു. “മനുഷ്യന് വന്നാല്‍ പിന്നെ ആരും ഒന്നും ചെയ്യണ്ട. എല്ലാം അവന്‍‌തന്നെ ചെയ്തുകൊള്ളും”.

“അപ്പോള്‍ നമ്മുടെ ഈ ബോറടി എങ്ങനെ ഒഴിവാകും?” ഒരുത്തന് സംശയമായി.

“അതോ; മനുഷ്യന്‍ ഭൂമിയില്‍ നിറഞ്ഞാല്‍ അവന്റെ ഓരോ ചലനങ്ങളും നമ്മള്‍ എല്ലാവരും നോക്കിയിരിക്കേണ്ടി വരും. ഒടുവില്‍ ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്ത് ഈ പ്രപഞ്ചം മുഴുവനായി അവന്‍ നശിപ്പിച്ചു കൊള്ളും”.

അങ്ങനെ എല്ലാ പ്രപഞ്ചങ്ങളും വളരെ സന്തോഷത്തോടെ ചായ കുടിച്ച് പിരിഞ്ഞു.
...
കഥകള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആകാശം ഭൂമിയെ നോക്കി.
‘അവള്‍ സുഖമായി ഉറങ്ങുകയാണ്; ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്തെ സ്വപ്നം കാണാനായി കൊതിച്ച് ഭൂമി ഉറങ്ങുകയാണ്’.