“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/24/09

സാഗരതീരങ്ങളില്‍ ഒരന്വേഷണം
                               കടല്‍ക്കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. തിരകള്‍ അന്യോന്യം തട്ടി മുത്തുചിതറിക്കൊണ്ട് ചിരിച്ചു കളിക്കുകയാണ്. എന്നെപ്പിടിക്കാന്‍ പറ്റില്ലെന്ന ഭാവത്തില്‍ തരകള്‍ക്കഭിമുഖമായി പതിങ്ങിയിരിക്കുന്ന ഞണ്ടുകള്‍... അസ്തമയ സൂര്യന്റെ ചുവന്ന നിറം; അതൊരനുഭൂതി തന്നെയായിരുന്നു. അയാള്‍ ആ കടല്‍ത്തീരത്ത് മെല്ലെ നടന്നുകൊണ്ടിരുന്നു. ആ കണ്ണുകളില്‍ എവിടെനിന്നോ ആരംഭിച്ച വിഷാദത്തിന്റെ കല്ലോലങ്ങള്‍ തിമര്‍ത്തുവരികയാണ്. മണല്‍ത്തരികളോട് ചേര്‍ന്നുകിടന്ന് അയാള്‍ സ്വയം മന്ത്രിച്ചു;
 ‘എന്തായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്?’

                         കരക്കാറ്റ് അയാളുടെ മിഴികളെ സാവധാനം അടുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
 ‘വര്‍ഷങ്ങളായി മിഴി പൂട്ടാതിരുന്ന ഞാന്‍ , ഇന്ന് എനിക്കെന്താണ് സംഭവിച്ചത്?’
കണ്ണിന്റെ ഒരു കോണില്‍ കണ്ണുനീര്‍ തിങ്ങിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനം നടക്കാറായ ഭാവത്തോടെ, ചെറിയൊരു സ്പന്ദനം മാത്രം മതി അവ താഴെക്ക് അടര്‍ന്നു വീഴാന്‍ . സ്വയം നിയന്ത്രണം അയാള്‍ക്ക് വശമായിരിക്കാം. കണ്ണുനീര്‍ത്തുള്ളികള്‍ നിരാശരായി ഉള്‍വലിഞ്ഞു. കാറ്റ് നേത്രങ്ങള്‍ക്ക് ഭാരം കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ അവ പരാജയം സമ്മതിച്ചു.
                                
                           ജാലകത്തിന്റെ അഴികള്‍ക്കിടയിലൂടെ ഉറ്റുനോക്കികൊണ്ടിരുന്ന രണ്ടു കണ്ണുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. നിസ്സഹായതയും നിരാലബത്വവും നിറഞ്ഞ ആ വൃദ്ധന്റെ നേത്രകോടരത്തിനുള്ളിലാഴ്ന്നു പോയ കണ്ണുകള്‍, ബാഷ്പസങ്കുലമായ ആ കണ്ണുകള്‍... അവ അയാളുടെ  മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്നു. ഞെട്ടിയെഴുന്നേറ്റ അയാള്‍ മാനത്ത് കാര്‍മേഘങ്ങള്‍ ഊറിക്കുടുന്നത് കണ്ടു. അവയില്‍ ഒരായിരം പേരുടെ നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും ശോകഛായയുടെയും പ്രതീതിയുളവാക്കുന്ന വദനങ്ങള്‍. സുഖകരമായ ആ കാറ്റിലും അയാള്‍ വിയര്‍ത്തു തുടങ്ങി. നെറ്റിത്തടത്തിലും നാസികയിലും രൂപമെടുത്ത വിയര്‍പ്പുകണങ്ങള്‍ ചാലുകള്‍ സൃഷ്ടിച്ച് താഴേക്ക് പതിച്ചു തുടങ്ങി. മനസ്സിന്റെ ഏതോ കോണില്‍, രോഗശയ്യയിലായ വൃദ്ധന്റെയും സമീപം നില്‍ക്കുന്ന അനേകം വൃദ്ധഅന്തേവാസികളുടെയും അവ്യക്തമായ ചിത്രം തെളിഞ്ഞുകൊണ്ടിരുന്നു. വൃദ്ധന്റെ കണ്ണുകള്‍ ബാഷ്പസങ്കുലമായിരുന്നു.
‘തനിക്ക് ആരായിരുന്നു അവര്‍’

                            അയാള്‍ എഴുന്നേറ്റ് നടക്കാന്‍ ആരംഭിച്ചു. നൂറുകുറി തന്നോട് തന്നെ ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ തിരമാലകള്‍ക്ക് എറിഞ്ഞുകൊടുത്തു, മണല്‍ത്തരികള്‍ക്ക് വിട്ടുകൊടുത്തു. 
എന്തായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നത്? 
എന്തായിരുന്നു ആ നിസ്സഹായനായ വൃദ്ധന്‍ പ്രതീക്ഷിച്ചത്? 
ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങള്‍ കടലിലെക്ക് വലിച്ചെറിഞ്ഞ് അയാള്‍ തിരികെ നടന്നു. മണല്‍ത്തരികളും തിരമാലകളും അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാവാം. 

11/10/09

ചിന്താവിഷ്ടയായ ശ്യാമള
                               ശ്യാമള ഒരു കേരളീയ ഹൌസ്‌വൈഫ്, കോട്ടയക്കാരി. ‘ശ്യാമളാദേവിഅമ്മക്ക് വേണ്ടി പൊന്ന് തൂക്കികൊടുത്തും പണം എണ്ണികൊടുത്തും അവളുടെ പിതാവ് അവള്‍ക്ക് വാങ്ങികൊടുത്ത ഭര്‍ത്താവ്, കോമളന്‍ അല്ലെങ്കിലും നാട്ടുകാര്‍ പേരിട്ടു;- കോമളന്‍ . ഈ കോമളന്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസില്‍ ‘ഒരു ചിന്ന ഓഫീസര്‍ പദവി’ അലങ്കരിക്കുന്നവനാണ്. അതിനാല്‍ കോട്ടയക്കാരായ ‘ശ്യാമളാ കോമളന്മാര്‍’ കണ്ണൂരിലെത്തി ഓഫീസിനു സമീപം വാടക വീട്ടിലാണ് താമസം. അവരുടെ രണ്ട് കോമളകുമാരന്മാര്‍, ‘പിച്ചവെച്ച നാള്‍ തൊട്ട്’ പഠിക്കുന്നത് ബോര്‍ഡിങ്ങ് സ്ക്കൂളില്‍ ആയതിനാല്‍ താമസസ്ഥലത്ത് കുമാരകേളികള്‍ ആടാറില്ല.
.
                               കല്ല്യാണം കഴിഞ്ഞ് കണ്ണൂരിലെത്തിയ അന്നുമുതല്‍ ശ്യാമള, കോമളനോട് പറയാന്‍ തുടങ്ങിയതാണ്;
 “ചേട്ടാ നമുക്ക് ഇവിടെ സ്വന്തമായി വലിയ വീട്‌വെച്ച് താമസിക്കണം. എനിക്കിവിടം നന്നായി ഇഷ്ടപ്പെട്ടു”
എന്നാല്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് ആ പദ്ധതി ആരംഭിച്ചത്. അവര്‍ താമസ്സിക്കുന്ന വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കാട് നിറഞ്ഞ സ്ഥലം ചെറിയ വിലക്ക് വാങ്ങി അവിടെയുള്ള ചെറിയ കുന്ന് ഇടിച്ചുനിരത്തി അവരുടെ സ്വപ്നമായ വീടിന്റെ പ്ലാന്‍ ശരിയാക്കി.
 .
                            ഉദ്യോഗസ്ഥരുടെ വീട്ടമ്മയായ (തൊഴില്‍‌രഹിത) ഭാര്യമാരില്‍‌നിന്നും വ്യത്യസ്ഥയാണ് നമ്മുടെ ശ്യാമള. സാധാരണ ഉദ്യോഗസ്ഥനായ ഭര്‍ത്താക്കന്മാര്‍ കിട്ടുന്ന ശമ്പളം മുഴുവന്‍ ജോലിയില്ലാത്ത ഭാര്യയാണെങ്കില്‍ അവളെ ഏല്പിക്കും. വീട്ടുചെലവ് നോക്കിനടത്തുന്നത് ഭാര്യ ആയിരിക്കും. ഭര്‍ത്താവിന് ആവശ്യമായ പണം കൊടുക്കുന്നതും സമ്പാദിക്കുന്നതും ബേങ്ക് ബാലന്‍‌സിന്റെ കണക്ക് നോക്കുന്നതും  ഹൌസ്‌വൈഫിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ ഇവിടെ ശ്യാമളയുടെ വീട്ടില്‍ ഈച്ച പറക്കുന്നതുപോലും കണവന്റെ കണ്‍‌ട്രോളിലാണ്. ശ്യാമളക്ക് അത് വളരെ ഇഷ്ടമാണ്. ആദ്യരാത്രിയില്‍ ആദ്യമായി സംസാരിച്ചതു മുതല്‍ ശ്യാമള ഭര്‍ത്താവ് പറയുന്നതിനെതിരായി ഒരു വാക്ക്‍പോലും എതിര് പറയാതെ അനുസരിക്കുന്നുണ്ട്.
.
                        ശ്യാമളയുടെ ഭര്‍ത്താവ് ഓഫീസ് വിട്ട് വീട്ടിലേക്ക് വരുമ്പോഴുള്ള സ്വീകരണം കാണാനായി അടുത്ത വീടുകളിലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കാറുണ്ട്. പുരുഷന്മാര്‍ നേരിട്ട് നോക്കിആസ്വദിക്കുമ്പോള്‍ സ്ത്രീകള്‍ ഒളിച്ചിരുന്ന് നോക്കും. കല്ല്യാണത്തിനു മുന്‍പ് അവളുടെ മുത്തശ്ശി പഠിപ്പിച്ചത് പോലെ അദ്ദേഹം വരുന്ന സമയത്ത്, വഴിയില്‍ നോക്കി മതിലിനപ്പുറത്ത് ബൈക്കില്‍ വരുന്ന ആ കഷണ്ടിത്തല കണ്ടാല്‍ ഓടിപ്പോയി ഗേറ്റ് തുറക്കും. ബൈക്കില്‍ നിന്നും കൈപിടിച്ച് ഇറക്കിയ ശേഷം ബാഗും മറ്റും വാങ്ങി ഒരു കൈയില്‍ പിടിച്ച്, മറുകൈകൊണ്ട് തോട്ടത്തിലെ പൈപ്പ് തുറന്ന് കാല്‍ കഴുകാന്‍ പറയും. പിന്നെ വരാന്തയില്‍ കയറിയ ഉടനെ ഉണങ്ങിയ തോര്‍ത്ത് എടുത്ത്കൊടുക്കും. കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് അകത്തു കയറി ഡൈനിങ്ങ് റൂമിലെ ചൂടു ചായയുടെയും ചപ്പാത്തിയുടെയും മുന്നില്‍ ഇരിക്കാന്‍ പറയും. ചപ്പാത്തിയുടെ ചെറുപീസ് കറിയില്‍ മുക്കി വായില്‍ വെച്ച് കൊടുക്കും. 
                         
                             ഭര്‍ത്താവിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടായാല്‍‌പോലും ശ്യാമളയുടെ ഈ ഭര്‍തൃശുശ്രൂഷയില്‍ മാറ്റം ഉണ്ടാകാറില്ല. തന്റെ നല്ലപാതിയുടെ നല്ലഗുണം കാണിച്ച് അസൂയപ്പെടുത്താനായി ഓഫീസിലുള്ളവരെ കോമളന്‍ ചിലപ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. വീട്ടിലെത്തിയാല്‍ കോമളനെ ഒരു ജോലിയും ശ്യാമള ചെയ്യിക്കത്തില്ല. അദ്ദേഹത്തിനു വേണ്ടതെല്ലാം ഭാര്യ എടുത്ത് കൈയില്‍ കൊടുക്കും.
.
                         അതുപോലെ രാവിലെ ഓഫീസില്‍ പോകുമ്പോള്‍ ബാഗുമെടുത്ത് ഗേറ്റ്‌വരെ ശ്യാമള അനുഗമിക്കും. ഉച്ചഭക്ഷണത്തിന് മറ്റുള്ളവര്‍ പകുതി വെന്ത ചോറും മിക്സിയില്‍ അരച്ച് ഉപ്പും മുളകും ശരിയാവാത്ത ചമ്മന്തിയും കൂട്ടി ഉണ്ണുമ്പോള്‍ കോമളന്‍ അച്ചാറും ഉപ്പേരിയും പപ്പടവും സാമ്പാറും കാളനും അയല പൊരിച്ചതും കൂട്ടി നല്ല കുത്തരിയുടെ ചോറ് ഉണ്ണും. എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും,
“എടോ ഇതാണ് ജോലിയില്ലാത്ത പെണ്ണിനെ കല്ല്യാണം കഴിച്ചാലുള്ള ഗുണം”
അസൂയ അസഹനീയമായ സഹപ്രവര്‍ത്തകര്‍ പെട്ടെന്ന് ഭക്ഷണം മതിയാക്കി ലഞ്ച്‌ബോക്സ് അടച്ച്‌വെക്കും. അവര്‍ കൈകഴുകുമ്പോള്‍ വീട്ടിലെത്തിയാല്‍ സ്വന്തം ഭാര്യയെ കുറ്റം‌പറയാനുള്ള വാക്കുകള്‍ക്കായി മനസ്സില്‍ തപ്പിനോക്കും.
 .
                      ശ്യാമളകോമളന്മാര്‍ കാരണം വിഷമിച്ചത് അയല്‍‌പക്കത്തെ ഭാര്യമാരാണ്. അവരുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് ദിവസേന പത്ത് തവണയെങ്കിലും ശ്യാമളയുടെ പേര് പറഞ്ഞിരിക്കും, 
“എടീ കഴുതേ, ആ ശ്യാമളയെ നോക്കിപഠിക്ക്; അവള്‍ സ്വന്തം ഭര്‍ത്താവിനെ ദൈവത്തെപോലെയാ നോക്കുന്നത്”
ഇത് കേട്ട് അയല്‍‌വാസിനികള്‍ മിണ്ടാതിരിക്കും.
എന്നാല്‍ ഒരു ദിവസം ഒരു ടീച്ചര്‍ മറുപടി പറഞ്ഞു,
 “അവള്‍ അയാളെ നോക്കുന്നത് വെറുതേയല്ല; അയാള്‍ക്ക് ലക്ഷങ്ങള്‍ വില എണ്ണികൊടുത്തിട്ട് അവള്‍ വാങ്ങിയതാണ്. വില കൂടിയ തത്തയെ പറന്നുപോകാതെ പാലും പഞ്ചസാരയും പഴവും കൊടുത്ത് നോക്കണ്ടെ”
ആ ടീച്ചര്‍ പിറ്റേദിവസം‌തന്നെ ദന്തിസ്റ്റിനെ കാണാന്‍ പോയി.
.
                            പുതിയ വീട് നിര്‍മ്മാണവുമായി മുന്നോട്ട് പോയപ്പോള്‍ ശ്യാമളക്ക് ജോലിഭാരം കൂടി. ഒഴിവ് ദിവസങ്ങളില്‍ അവര്‍ രണ്ട്പേരും വീടു പണിയുന്ന സ്ഥലത്തായിരിക്കും. കൂടാതെ ഓഫീസ്  വിട്ട് വന്നാലും ഇരുവരും ചേര്‍ന്ന് സ്വന്തം വണ്ടിയില്‍  ഭവനനിര്‍മ്മാണ സൈറ്റിലേക്ക് പോകും. വിട്‌ നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ഇരുപത് കോല്‍ ആഴമുള്ള ‘കിണര്‍’ പണിത്, വെള്ളം ഉപയോഗിക്കാന്‍ തുടങ്ങി. ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് പോകാന്‍‌നേരത്ത്  നിര്‍മ്മാണ തൊഴിലാളികള്‍ കോമളനോടായി പറഞ്ഞു,
“സാറെ നാളെ രാവിലെ സിമന്റ് പണിക്ക് ധാരാളം വെള്ളം വേണം. ഒരു മോട്ടോര്‍ വാങ്ങി ഘടിപ്പിച്ചാല്‍ നന്നായിരുന്നു”
“അതിനിപ്പോള്‍ വെള്ളം ഇന്ന്‌തന്നെ കിണറ്റില്‍‌നിന്ന് വലിച്ച് നിറച്ചാല്‍ പോരെ? ഇവിടെ വലിയ രണ്ട് സിന്തറ്റിക്ക് ടാങ്കും അനേകം ബക്കറ്റുകളും ഉണ്ടല്ലൊ”
അതും പറഞ്ഞ് കിണറ്റിനടുത്തേക്ക് നടക്കുന്ന ഭര്‍ത്താവിനെ ഓവര്‍ടേക്ക് ചെയ്ത് ഭാര്യ വെള്ളം കോരാന്‍ തുടങ്ങി.
                           
                          അങ്ങനെ ആദ്യ ബക്കറ്റ് വെള്ളം വലിച്ച് ഒഴിക്കുമ്പോഴാണ് കോമളന്, സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന സഹപ്രവര്‍ത്തകന്റെ വിളി വന്നത്.
“എടാ നീ പെട്ടെന്ന് ഇവിടെ വരണം. ഒരാള്‍ നിന്നെയും കാത്ത് ഇവിടെ നില്പുണ്ട്, ബാക്കി ഇവിടെ എത്തിയാല്‍ പറയാം”
“ഓ ഞാനിതാ അഞ്ച് മിനിറ്റിനകം എത്താം”
ശേഷം ബൈക്കില്‍ കയറുമ്പോള്‍ ശ്യാമളയോടായി പറഞ്ഞു,
“എന്നെ ഒരാള്‍ ലോഡ്ജില്‍ കാത്തിരിക്കുന്നുണ്ട്. ഞാന്‍ പോയി വരുന്നതു വരെ നീ വെള്ളം കോരി ഒഴിക്ക്”
ശ്യാമള തലകുലുക്കികൊണ്ട് അടുത്ത ബക്കറ്റ് വെള്ളം വലിച്ച് ഉയര്‍ത്താന്‍ തുടങ്ങി.
.
                               കോമളനെ ലോഡ്ജില്‍ കാത്തിരുന്നത് ‘രണ്ട് സഹപ്രവര്‍ത്തകരും രണ്ട് കുപ്പികളും’ ആയിരുന്നു. അവ കാലിയാക്കാനായി അവരോട് സഹകരിച്ചപ്പോള്‍ സമയം പോയതും സൂര്യന്‍ അസ്തമിച്ചതും ശ്യാമള വെള്ളം കോരുന്നതും അറിഞ്ഞില്ല. പിന്നെ എല്ലാം കഴിഞ്ഞപ്പോള്‍ സമയം രാത്രി എട്ട് മണി കഴിഞ്ഞിരിക്കുന്നു.
 .
                            ശ്യാമള കിണറ്റില്‍ നിന്നും വെള്ളം കോരി ചെറുതും വലുതുമായ ബക്കറ്റുകളില്‍ നിറച്ചു. പിന്നെ ആ വലിയ 1000 ലിറ്റര്‍ കൊള്ളുന്ന ടാങ്ക് നിറക്കാന്‍ തുടങ്ങി. ഒടുവില്‍ അതും നിറഞ്ഞപ്പോള്‍ അടുത്ത ടാങ്കിന്റെ മൂടി തുറന്നു. അവള്‍ വെള്ളം വലി നിര്‍ത്താതെ തുടര്‍ന്നുകൊണ്ടേയിരുന്നു. ‘അദ്ദേഹം തിരിച്ചെത്തുന്നതു വരെ വെള്ളം കോരാനല്ലെ’ നിര്‍ദ്ദേശിച്ചത്.  ഒടുവില്‍ കിണറ്റിനടിയിലെ പാറയില്‍ ബക്കറ്റ് മുട്ടിയപ്പോള്‍ വെള്ളം തീര്‍ന്നു എന്ന് അവള്‍ക്ക് മനസ്സിലായി. 
                              ‘ഇനി അദ്ദേഹം വരുന്നത് വരെ എങ്ങനെ വെള്ളം കോരും? രണ്ടാമത്തെ ടാങ്ക് നിറയാന്‍ നാല് ബക്കറ്റ് വെള്ളം കൂടി വേണം’. 
                              അപ്പോഴാണ് അവള്‍ ചുറ്റുപാടും ശ്രദ്ധിച്ചത്. ഇരുള്‍‌മൂടിയ പരിസരത്ത് ഒരു മനുഷ്യജീവിയും ഇല്ല. സമീപത്തൊന്നും വീടുകളും ഇല്ല. പക്ഷികള്‍ ചേക്കേറാന്‍ പോയതോടെ കുറ്റിക്കാട്ടില്‍ നിന്നും രാത്രിഞ്ചരന്മാരായ കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങി. ഇരുട്ടത്ത് തിരിച്ച് പോകാന്‍ വീട്ടിലേക്കുള്ള വഴിയെപറ്റി ഒരു രൂപവും ഇല്ല. ഭയംകൊണ്ട് വിറച്ച അവള്‍ കിണറിന് സമീപത്തെ മരചുവട്ടിലിരുന്ന് പലതും ചിന്തിച്ച് കരയാന്‍ തുടങ്ങി. ‘ചേട്ടന്‍ വരുന്നത്‌വരെ വെള്ളംകോരാന്‍ ഇനി എന്ത് ചെയ്യും?’
.
                            കൃത്യം എട്ട് മണി കഴിഞ്ഞ് മൂന്ന് മിനുട്ടായപ്പോള്‍ സ്വബോധം വന്ന കോമളന്‍ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ബൈക്കില്‍ കയറി. പതിവ്‌ വഴികളിലൂടെ വീടിനു സമീപം എത്തിയപ്പോള്‍ ഒന്ന് ഞെട്ടി. ഗേറ്റ് അടഞ്ഞിരിക്കുന്നു; വീട്ടില്‍ വെളിച്ചമില്ല; ഗേറ്റ് തുറക്കാനായി ശ്യാമളയും ഇല്ല. കുടിച്ചതും തിന്നതും പെട്ടെന്ന് ദഹിച്ചുപോയി. ഒരു നിമിഷം കൊണ്ട് പരിസരബോധം വീണ്ടെടുത്ത കോമളന്‍ സൂപ്പര്‍‌ഫാസ്റ്റ് സ്പീഡില്‍ വണ്ടിയോടിച്ച് പുതിയ വീട് നിര്‍മ്മിക്കുന്നിടത്ത് എത്തി.
.
                         പേടിച്ച് കരഞ്ഞ്ക്ഷീണിച്ച ശ്യാമളയെ മരച്ചുവട്ടില്‍ കണ്ടെത്തിയ കോമളന്‍ ചോദിച്ചു,
“ഞാന്‍ ഇത്തിരി വൈകിയതിന് താനെന്തിനാടോ കരയുന്നത്?”
കരച്ചില്‍ മതിയാക്കി മുഖം സാരിയുടെ അറ്റം കൊണ്ട് തുടച്ച് ശ്യാമള മറുപടി പറഞ്ഞു,
“ചേട്ടാ കിണറ്റിലെ വെള്ളം തീര്‍ന്നുപോയി; അത്കൊണ്ട് ചേട്ടന്‍ തിരിച്ച് വരുന്നത് വരെ എനിക്ക് വെള്ളം കോരാന്‍ കഴിഞ്ഞില്ല”
                           ************************************