“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/19/10

വിദ്യാലയത്തിലെ ബോംബ്

                               നമ്മുടെ വിദ്യാലയത്തിൽ ആദ്യം വരുന്ന ആളാണ് കുട്ടിയമ്മ. അവർ വന്ന് ആ വലിയ ഇരുമ്പ് ഗെയ്‌റ്റും മുപ്പത്തി ആറ് വാതിലുകളും തുറന്നശേഷം ‘ഒരു കൈയിൽ ചൂലുമായി’ പിന്നീട് വരുന്നവരെ സ്വീകരിക്കാൻ ഓഫീസിനു മുന്നിൽ നിൽക്കും. അദ്ധ്യാപക-വിദ്യാർത്ഥികളിൽ ഏതാനും‌പേർ അവരുടെ ചൂൽ‌ക്കണി കണ്ടു എന്ന് ഉറപ്പായ ശേഷം ഓഫീസും പരിസരവും അടിച്ചുവാരാൻ തുടങ്ങും. അത് കഴിഞ്ഞാൽ മണിയടി ആരംഭിക്കുകയായി.  

                               പതിവുപോലെ വാതിലുകളെല്ലാം തുറന്ന് ഈർക്കിലിചൂൽ എന്ന മാരക ആയുധവുമായി മാലിന്യങ്ങളോട് പൊരുതാൻ ഇറങ്ങിയ കുട്ടിയമ്മ, ഓഫീസിനകത്തുള്ള ടെലിഫോണിന്റെ മണിയടി കേട്ടപ്പോൾ ആയുധം ഉപേക്ഷിച്ച് അകത്തേക്ക് ഓടിക്കയറി. ഫോൺ റിസീവർ എടുത്ത് ചെവിയിൽ വെച്ചു,
“ഹലോ”
“സ്ക്കൂളല്ലെ”
“അതെ ആരാണ്?”
“ഹെഡ്‌ടീച്ചറാണോ?”
“അല്ലല്ലൊ”
“എന്നാൽ ഹെഡ്‌ടീച്ചർ വരുമ്പോൾ പറയണം; സ്ക്കൂളിനകത്ത് ബോം‌ബ് വെച്ചിട്ടുണ്ട്. പത്ത്മണിക്ക് ശേഷം പൊട്ടും”
പെട്ടെന്ന് കുട്ടിയമ്മ വെട്ടിയിട്ട മരം‌പോലെ കിടക്കുന്നു താഴെ; റിസീവർ നിലത്തും.

                               പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത കുട്ടിയമ്മ സ്വന്തം ശരീരഭാരം മറന്ന്, കുട്ടിയാന മോഡൽ ഓട്ടം തുടങ്ങി. ഗെയ്റ്റ് കടന്ന് റോഡിലൂടെ ഓടുമ്പോൾ ഇരുവശത്തുമുള്ള നാട്ടുകാർ കേൾക്കെ വിളിച്ച് കൂവി,
“ബോം‌ബ്, ബോം‌ബ്; സ്ക്കൂളിൽ ബോം‌ബ് വെച്ചിട്ടുണ്ട്”

                                കുട്ടിയമ്മ ഓട്ടം ഫിനിഷ് ചെയ്തത് സുധാകരൻ സാറിന്റെ ബൈക്കിനു മുന്നിൽ. അങ്ങനെയല്ല; ബൈക്ക് കുട്ടിയമ്മയുടെ മുന്നിൽ ‘തൊട്ടു തൊട്ടില്ല’ എന്ന് പറഞ്ഞ് സഡൻ‌ബ്രെയ്ക്ക് ചെയ്തു.
“മാഷെ ബോംബുണ്ട്; അങ്ങ് പോകണ്ട, അത് പൊട്ടും”
                              സുധാകരൻ മാസ്റ്റർ ആദ്യം ഒന്ന് ഞെട്ടി. പിന്നെ കുട്ടിയമ്മയെ പിന്നിലിരുത്തി, വലിയ ഭാരവുമായി നേരെ സ്ക്കൂളിലേക്ക് സ്റ്റാർട്ടായി.

                             കുട്ടിയമ്മയുടെ കുട്ടിയാന മോഡൽ ഓട്ടം കണ്ടവരെല്ലാം സ്ക്കൂളിന്റെ മുന്നിലെത്തി. ഏതാനും ശിഷ്യന്മാരും അദ്ധ്യാപകരും എത്തുയിട്ടുണ്ട്. കുട്ടിയമ്മ ഫോൺ-ഇൻ-ഭീഷണിയെ പറ്റി റണ്ണിംഗ് കമന്ററി നടത്തുകയാണ്. വന്നവർ വന്നവർ വിശാലമായ ഗ്രൌണ്ടിൽ അണികളായി നിരന്ന് സ്ക്കൂളിലേക്ക് നോക്കുന്നതോടൊപ്പം ബോംബ് പൊട്ടുന്ന നിമിഷം ഓടാൻ ‘ഒരു കാല്’ റെഡിയാക്കി നില്പാണ്. 

                            വിവരമറിഞ്ഞപ്പോൾ ആകെയുള്ള ആറ് ചപ്പാത്തിപോലും കഴിക്കാതെയാണ്, ഹെഡ്‌ടീച്ചർ ആദ്യം കിട്ടിയ ഓട്ടോ പിടിച്ച് ഓടിയെത്തിയത്. സ്ക്കൂളും പരിസരവും കണ്ടപ്പോൾ അവർ വലുതായി ഒന്ന് ഞെട്ടി. ബോം‌ബ് ഓഫീസിനകത്താണെങ്കിൽ ഈ വർഷം റിട്ടയർ ചെയ്യുന്നതിനു മുൻപ്‌തന്നെ ഇവിടം വിടേണ്ടി വരുമോ?

                              സംഭവം അറിയിച്ചത് ആരാണെന്നറിയില്ല; പെട്ടെന്ന് പോലീസ്ജീപ്പ് വന്ന് ഗ്രൌണ്ടിൽ ലാന്റ് ചെയ്തു. പോലീസുകാർ ചാടിയിറങ്ങി; ഒപ്പം സ്ഥലം എസ്.ഐ. കൂടിയുണ്ട്. പതിനഞ്ച് വാട്ടർ‌ബോട്ടിൽ കാലിയാക്കിയിട്ടും ദാഹം തീരാത്ത കുട്ടിയമ്മ സംഭവങ്ങളുടെ റണ്ണിംഗ് കമന്ററി, പതിനൊന്നാമത്തെ തവണയായി പോലീസിനു മുന്നിൽ അവതരിപ്പിച്ചു.
 “അപ്പോൾ ലാന്റ്ഫോണിന്റെ കേബിൾ വഴി പോയാൽ പ്രതിയെ കൈയോടെ പിടിക്കാം”
എസ്.ഐ. ഭീകരനെ പിടിക്കുന്ന രംഗത്തോടൊപ്പം പ്രമോഷൻ കൂടി ഓർത്ത് മനസ്സിൽ ചിരിച്ചു.

                                സ്ക്കൂൾ ഗ്രൌണ്ടിൽ നിറയെ യൂനിഫോമിലും ആല്ലാതെയും മനുഷ്യന്മാർ നിറഞ്ഞു.  ഗ്രൌണ്ടിൽ കൊള്ളാത്തവരും പേടിയുള്ളവരും ചേർന്ന് റോഡും സമീപമുള്ള കടകളും കൈയ്യേറി.
                                 പത്ത് മണിയാവാൻ തുടങ്ങിയപ്പോൾ പോലീസ് വണ്ടികളുടെ എണ്ണം കൂടി വരാൻ തുടങ്ങി. അവസാനം വന്ന വണ്ടിയിൽ നിന്നും ബോം‌ബ് ഡിറ്റക്റ്റർ പുറത്തെടുത്തു. ഒപ്പം അവൻ ചാടിയിറങ്ങി; ഒരു കടുവ മോഡൽ പോലീസ്‌നായ. അതോടെ കാണികൾ ബോം‌ബിനെ കൂടാതെ നായയെയും ഭയപ്പെടാൻ തുടങ്ങി.

                               പോലീസ് നായയും ബോം‌‌ബ്‌സ്ക്വാഡും ചേർന്ന് സ്ക്കൂൾ മൊത്തത്തിൽ അരിച്ചുപെറുക്കി. ക്ലാസ്സ്‌റൂമിലും ഓഫീസുകളിലും ലാബുകളിലും പാചകപ്പുരയിലും മൂത്രപ്പുരയിലും അങ്ങനെ എല്ലായിടത്തും  തപ്പിനോക്കി. എന്നാൽ അവർക്ക് ബോം‌ബ് പോയിട്ട് ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല.

                                ഈ സമയമത്രയും ഗ്രൌണ്ടിലെ വെയിലും ചൂടും സഹിച്ച് അരുൺ കുമാർ അക്ഷമനായി നിൽക്കുകയാണ്. ആ എട്ടാം‌തരക്കാരൻ ആകെ വിയർത്ത് കുളിച്ച് അവന്റെ യൂനിഫോം നനഞ്ഞിരിക്കയാണ്. 


                               ഇന്ന് സ്ക്കൂളിന് അവധി പ്രഖ്യാപിച്ചാലോ? പിന്നത്തെ കാര്യം ഓർത്ത് അവനാകെ പേടിതോന്നി. ആയിരം രൂപയാണ് സഹപാഠിയായ അനീസിനു കൊടുക്കേണ്ടി വരിക. ‘ഏത് നശിച്ച  സമയത്താണ്, അനീസുമായി പന്തയം വെക്കാൻ തോന്നിയത്?’ അവൻ അനീസ് ഇതെല്ലാം നോക്കി ചിരിക്കുകയാണ്; ആയിരമാണ് അവന് ഒറ്റയടിക്ക് അടിച്ചെടുക്കുന്നത്. നാളെ ഈ പണം ഉണ്ടാക്കാൻ അച്ഛന്റെ പോക്കറ്റടിക്കേണ്ട കാര്യം ഓർത്തപ്പോൾ അരുൺ വലുതായി ഒന്ന് ഞെട്ടി.

                              ടെലിഫോൺ കേബിൾ വഴി ബോം‌ബിന്റെ ഉറവിടം കാണ്ടെത്താൻ പോയ പോലീസുകാർ പോലീസ്‌വണ്ടിയിൽ വന്ന് ഗ്രൌണ്ടിൽ ഇറങ്ങി. അവർ നേരെ ഓഫീസിനകത്ത് കയറി. ഒപ്പം എസ്.ഐ. കൂടി അകത്ത്‌കടന്ന് ഹെഡ്‌മിസ്ട്രസുമായി ചർച്ച ആരം‌ഭിച്ചു,
“സമീപത്തുള്ള ടെലിഫോൺ ബൂത്തിലെ കോയിൻ ബൊക്സിൽ നിന്നാണ് ആസമയത്ത് മെസേജ് വന്നത്. അവിടെയുള്ളവർ പറഞ്ഞത് ആ സമയത്ത് നീല വെള്ള യൂനിഫോമിൽ ഉള്ള ഒരു പയ്യൻ വന്ന് അകത്ത് കയറി എന്നാണ്”
“അപ്പോൾ അത് നമ്മുടെ കുട്ടികൾ തന്നെയാവും”
ഹെഡ്‌ടീച്ചർ പെട്ടെന്ന് പറഞ്ഞു.“അത് ഏതെങ്കിലും ഒരുത്തൻ ഹോം‌വർക്ക് ചെയ്തിട്ടുണ്ടാവില്ല; അവൻ വിളിച്ച് പറഞ്ഞത് ആവണം. ഈ പിള്ളേരുടെ ഒരു കാര്യം”
കൂട്ടത്തിൽ ഒരു കോൺ‌സ്റ്റബിൾ അഭിപ്രായം പറഞ്ഞു.
“നിങ്ങൾ ടീച്ചേർസ് ഓരോ പ്രശ്നം ഉണ്ടാക്കി ആളെ ഉപദ്രവിക്കുന്നു. ബോം‌ബ് എന്ന് കേൾക്കുമ്പോൾ ഇങ്ങനെ പേടിക്കണോ?”
കണ്ണൂർ ജില്ലക്കാരനല്ലാത്ത പുതിയതായി നിയമനം കിട്ടിയ എസ്.ഐ. ക്ക് അതൊന്നും വലിയ കാര്യമല്ല. എപ്പോൾ എവിടെയും പൊട്ടാനിടയുള്ള ബോം‌ബാണ് കണ്ണൂരിലുള്ളത് എന്ന് അദ്ദേഹം മനസ്സിലാക്കി വരുന്നതെയുള്ളു.
“ഏതായാലും ബോം‌ബ് ഭീഷണി തീർന്നതുകൊണ്ട് ഇനി ക്ലാസ്സ് തുടങ്ങാമല്ലൊ” ഹെഡ്‌മിസ്ട്രസ്സ് എസ്.ഐ. യോട് പറഞ്ഞു.
“ടീച്ചർ ധൈര്യമായി ബല്ലടിച്ച് ക്ലാസ്സ് തുടങ്ങിക്കൊ”

                       ഹെഡ്‌ടീച്ചർ കുട്ടിയമ്മയെ വിളിച്ച് ബല്ലടിക്കാൻ പറഞ്ഞു. അല്പം വിറയലോടെ അവർ നീട്ടി മണിയടിച്ചു. സ്ക്കൂൾ ഗ്രൌണ്ടിലും പരിസരങ്ങളിലുമായി ചിതറിയ വിദ്യാർത്ഥികളും ചില അദ്ധ്യാപകരും ബല്ലടി കേട്ടിട്ടും സ്ക്കൂളിനു സമീപം വന്നില്ല. അവരെല്ലാം പേടിച്ചിരിക്കയാണെന്ന് തിരിച്ചറിഞ്ഞ ഹെഡ്‌മിസ്ട്രസ്സ് മൈക്ക് ഓൺ ചെയ്ത് അനൌൺ‌സ്‌മെന്റ് നടത്തി, 
“പ്രീയപ്പെട്ട വിദ്യാർത്ഥികളെ നമ്മുടെ സ്ക്കൂളിലെ എല്ലാ സ്ഥലവും വിശദമായി പരിശോദിച്ചപ്പോൾ ഇവിടെ ‘ബോം‌ബ് ഇല്ല’ എന്ന് ഉറപ്പായ സ്ഥിതിക്ക് എല്ലാ വിദ്യാർത്ഥികളും സ്വന്തം ക്ലാസ്സുകളിൽ പോകേണ്ടതാണ്. രാവിലത്തെ ഇന്റർ‌വൽ കഴിഞ്ഞുള്ള പിരീഡുകൾ പതിവുപോലെ നടക്കുന്നതായിരിക്കും. എല്ലാ അദ്ധ്യാപകരും ഉടനെ ക്ലാസ്സിൽ പോകേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു”.
                       
                             ഒരു നല്ല അവധി പ്രതീക്ഷിച്ചവർ മനസ്സില്ലാമനസ്സോടെ നിരാശയോടെ  ക്ലാസ്സ്‌മുറികളിലേക്ക് നടന്നു. എന്നാൽ ക്ലാസ് തുടങ്ങാനുള്ള അറിയിപ്പ് കേട്ടപ്പോൾ അരുൺ കുമാർ മാത്രം സന്തോഷം‌കൊണ്ട് വീർപ്പുമുട്ടി. പന്തയത്തിൽ തോറ്റ അനീസ് തരുന്ന ആയിരം രൂപ കിട്ടിയാൽ ഒരു പണക്കാരനായി മാറുമല്ലൊ. ആവേശത്തോടെ അവൻ സ്വന്തം ക്ലാസ്സിലേക്ക് ഓടിക്കയറി.

1/3/10

ചോദ്യചിഹ്നമായി ഒരു കുഞ്ഞ്?

                            മണ്ണിന്റെ നിറമാർന്ന ഭംഗിയുള്ള ടൈൽ‌സ് പാകിയ നടുമുറ്റത്ത് മേയ്‌മാസത്തെ സൂര്യരശ്മികൾ അഗ്നിജ്വാലയായി  പതിക്കുകയാണ്. ചുട്ടുപൊള്ളുന്ന ആ മുറ്റത്ത്, പൊക്കിൾക്കോടി ഉണങ്ങിവീഴാത്ത, പ്രസവിച്ച് ഏതാനും ദിവസം‌മാത്രം പ്രായമായ കുഞ്ഞ്, ഒരു ചോദ്യചിഹ്നരൂപത്തിൽ ജീവൻ നിലനിർത്താനായി പിടഞ്ഞ് കരയുകയാണ്.

                            മാസ്ങ്ങൾക്ക് മുൻപ് അവളുടെ പിടച്ചിലും കരച്ചിലും അയാൾക്ക് നൽകിയ ആവേശമാണ് ഒരു ചോദ്യചിഹ്നമായി, നട്ടുച്ചസമയത്ത്, അയാൾ പടുത്തുയർത്തിയ വീടിനു മുന്നിൽ ഒരു കുഞ്ഞിന്റെ രൂപത്തിൽ മരണം കാത്ത് പിടയുന്നത്. കോടീശ്വരനായ പൊതുസമ്മതനായ അയാൾ ആ കാഴ്ച അവഗണിച്ച്, അകത്ത് കടക്കാനൊരുങ്ങുമ്പോൾ ഭാര്യയുടെയും മകന്റെയും മകളുടെയും നേരെ ഒന്ന് നോക്കി. അപ്പോൾ ഒരു ഞെട്ടലോടെ കണ്ടു, 
‘അവരും ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുകയാണ്’.

                             മാസങ്ങൾക്ക് മുൻപ് ഒരു ദിവസം സ്ക്കൂൾ യൂനിഫോമായ മിഡിയും ടോപ്പും ധരിച്ച അവൾ പുസ്തകബാഗ് മാറിൽ അടക്കിപിടിച്ച്, വളരെ വേഗത്തിൽ നടക്കുകയാണ്. ഒറ്റപ്പെട്ട പാതയിൽ അവളെ ഒറ്റക്ക് കണ്ടപ്പോൾ മുഖം നോക്കിയില്ല. പെണ്ണായാൽ നോക്കാൻ വേറെ എന്തെല്ലാം കിടക്കുന്നു? സ്ക്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഒരു അങ്കിളിന്റെ ചുവന്ന വണ്ടിയിൽ കയറുമ്പോൾ പുലിമടയിലാണ് കയറുന്നത്, എന്ന് അവൾ ഒരിക്കലും ചിന്തിച്ചിരിക്കില്ല. അക്കാര്യം ചിന്തിക്കുമ്പോഴേക്കും അയാൾ ഒരു പുലിയായി അവളെ കടിച്ചു കീറിയിരുന്നു.

                            പെണ്ണിന്റെ മുഖം നോക്കുന്ന സ്വഭാവം അയാൾക്ക് പണ്ടെ ഉണ്ടായിരുന്നില്ല. ആദ്യരാത്രിയിൽ മണിയറയിൽ വന്ന, ‘ഇന്നും പതിവ്രതയായി ജീവിക്കുന്നു’ എന്ന് അയാൾ വിശ്വസിക്കുന്ന ഭാര്യയുടെ മുഖം‌പോലും അയാളുടെ മനസ്സിൽ ഒരിക്കലും പതിഞ്ഞിരുന്നില്ല. മനസ്സിൽ പതിയാത്ത മുഖം കാണിക്കാത്ത അനേകം സ്ത്രീകൾ അയാളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു പെണ്ണിനെ കിട്ടിയാൽ അയാൾ പരിസരംപോലും നോക്കാറില്ല.  കാറും കാടും കരിമ്പാറയും അയാൾ മണിമെത്തയാക്കി മാറ്റും. ഓഫീസിൽ നാട്ടിൽ ബന്ധുക്കളിൽ അങ്ങനെ എത്രയോ പേർ ആ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചിലരുടെ മക്കളെ കാണുമ്പോൾ സ്വന്തം മക്കളുടെ മുഖഛായ അവർക്കില്ലെ എന്ന് തോന്നാറുണ്ട്.

                              എന്നാൽ ഈ പെൺകുട്ടിയുടെ ദയനീയ മുഖം! ഒരു ദുർബല നിമിഷത്തിൽ  മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയതാണ്. കരഞ്ഞ് തളർന്ന അവൾ ചിതറിയ പുസ്തകങ്ങൾക്കിടയിൽ‌നിന്നും ചോരപുരണ്ട, കീറിയ വസ്ത്രങ്ങൾ വാരിയെടുത്ത് നഗ്നത മറക്കുമ്പോൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം ഒന്ന് ഞെട്ടി,
“സാറിന്റെ മകൾ നിമ്മിയുടെ ക്ലാസ്സിലാ ഞാനും പഠിക്കുന്നത്”
                    പെട്ടെന്ന് അയാൾ അവളുടെ മുഖം നോക്കി. അപ്പോൾ കണ്ടത് സ്വന്തം മകളുടെ മുഖം തന്നെ ആയിരുന്നു. അടുത്ത നിമിഷം മറവിയിലാഴ്ന്ന അനേകങ്ങളിൽ ഒന്നായി അവളും മാറി.

                               പിന്നെ ദിവസങ്ങൾ മാസങ്ങൾ കടന്നു‌പോയി. പരീക്ഷയെഴുതിയ മകൾ ഉന്നത വിജയം നേടിയ വാർത്തയോടെയാണ് പ്രഭാതം വിരിഞ്ഞത്. എന്നാൽ ആ മധുരം എത്ര പെട്ടെന്നാണ് കയ്പായി മാറിയത്.

                                ഗേറ്റ് കടന്ന്, ഒരു കൊടുങ്കാറ്റായാണ് അവൾ വന്നത്. ആ വരവ് തടയാൻ ഗേറ്റിലെ കാവൽക്കാരനും കൂട്ടിലെ അൽസേഷനും കഴിഞ്ഞില്ല. അടുത്ത നിമിഷം മുറ്റത്ത്നിന്നും നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ ഒരു അലാറമായി മുഴങ്ങി. പുറത്ത് വന്ന അയാളെ നോക്കി അവൾ പറഞ്ഞു,
“പത്ത്മാസം കൊണ്ട് എന്റെ ഡ്യൂട്ടി തീർന്നു. ഇത് സാറിന്റെതാണ്”.
മുറ്റത്ത് കിടന്ന് പിടയുന്ന കുഞ്ഞിനെ ചൂണ്ടി അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഓടുകയായിരുന്നു. എല്ലാവരെയും വിസ്മയിപ്പിച്ച് കയറി വന്നതുപോലെ, അവളുടെ ഇറങ്ങിപ്പോക്ക് തടയാനും ആർക്കും കഴിഞ്ഞില്ല.

                                 ഒരു നിമിഷം കൊണ്ട് ഉയർന്ന കൊടുങ്കാറ്റ് പെട്ടെന്ന് ശാന്തമായി. അപ്പോഴാണ് അയാൾക്ക്  തിരിച്ചറിവ് ഉണ്ടായത്.
‘സുനാമി താണ്ഡവമാടിയ കടൽ‌ത്തീരം പോലെയുള്ള  വീട്ടുമുറ്റത്ത്, ഒരു ചോദ്യചിഹ്നമായി മരണത്തേയും പ്രതീക്ഷിച്ച് കിടന്ന് കരയുന്നത്, അയാളുടെ സ്വന്തം കുഞ്ഞ് തന്നെയായിരിക്കാം’.