“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/21/10

‘അമ്മികൊത്തൽ’-ഒരു പരീക്ഷണം


“അമ്മികൊത്താനുണ്ടോ?,,, അമ്മി;… അമ്മി കൊത്താനുണ്ടൊ?,,, അം‌മ്മി;”
കാക്കോത്തിക്കാവിൽ അപ്പൂപ്പൻ‌താടികളായി അലഞ്ഞുനടന്ന രേവതിയുടെ ശബ്ദമാണോ?
???
                   ആ ശബ്ദത്തിന്റെ ഉറവിടം തേടി അടുക്കളയിൽ നിന്ന് പുറത്ത്‌വന്നപ്പോൾ ആശാലത അത് കണ്ടു; ആ വലിയ ഇരുമ്പ്‌ഗേറ്റ് പിടിച്ച് കയറി മുറ്റത്തേക്ക് എത്തിനോക്കുന്ന ഒരു കൊച്ചുമുഖം.

വീട്ടമ്മ തന്നെ നോക്കുന്നത് കണ്ടിട്ടാവണം, അവൾ ആവേശത്തോടെ വീണ്ടും വിളിച്ച്കൂവി,
“അമ്മാ,,,അമ്മി കൊതരുതുക്കിരുക്കാ? അഴഹാ കൊത്തി താറെമ്മ,,കൊണ്ജം പൈസ കുടുത്താ പോതും,,”
ഇത്രയൊക്കെ വിളിച്ച്‌കൂവിയിട്ടും തന്നെ അവഗണിക്കുകയാണെന്ന് തോന്നിയപ്പോൾ അവൾ ഡിമാന്റ് കുറക്കാൻ തുടങ്ങി,
“അമ്മാ,, കാലീലെ ഒണ്ണുമേ സാപ്പടലെ... കൊണ്ജം കണ്ജി തണ്ണി കുടുതാ പോതും,, നല്ല അഴഹാ കൊത്തി താറെമ്മ,,,”

ലതയെന്ന് വിളിക്കുന്ന, മിസ്സിസ്സ് ലതാറാം എന്ന, ആശാലത ഒരു നിമിഷം ആശ്ചര്യപ്പെട്ടു,
… അമ്മികൾ അടുക്കളയിൽ‌നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതൊന്നും ഈ പെണ്ണിനറിയില്ലെ?
പെട്ടെന്ന് അവളിൽ ഒരു വികടചിന്ത ഉണർന്നു,
… വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അമ്മികളെ പോലെ, സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്ന ഇവളെക്കൊണ്ട് തന്റെ പുത്തൻ ‘പരീക്ഷണപാചകം’ ഉദ്ഘാടനം ചെയ്യിക്കുന്നത് നന്നായിരിക്കും. ‘അപകടം പറ്റിയാലും ആരും ചോദിക്കാൻ വരില്ലല്ലൊ’.

ലത മുറ്റത്തിറങ്ങി നടന്ന്, ‘ലതാരാമം’ എന്ന വലിയ വീടിന്റെ വലിയ ഗെയ്റ്റ് തുറന്ന് അവളെ നോക്കി.
... ഒരു നിമിഷം ലതയൊന്ന് ഞെട്ടി;
… അവിശ്വസനീയമായ കാഴ്ച!
                      ഉച്ചവെയിലിന്റെ പീഡനം പൂർണ്ണമായി ഏറ്റുവാങ്ങുന്ന ആ പെൺ‌കുട്ടിക്ക് ഏതാണ്ട് പതിനാല് വയസ്സ് തോന്നുമെങ്കിലും അഞ്ചാം ക്ലാസ്സുകാരിയുടെ വളർച്ച മാത്രം. മുഷിഞ്ഞ് അവിടവിടെ കീറിയ മഞ്ഞപ്പാവാടക്കും പച്ചബ്ലൌസിനും മുകളിൽ ഒരു ചുവന്ന ധാവണി ചുറ്റി അതിന്റെ അറ്റം‌കൊണ്ട് തല മൂടിയിട്ടുണ്ട്. വെറ്റില ചവച്ച് ചുവന്ന വായയും, എണ്ണയും വെള്ളവും കാണാത്ത മുടിയും ഉള്ള ഒരു തമിഴ് നാടോടി പെൺ‌കുട്ടി.
ലതയെ ഞട്ടിച്ചത് ഇതൊന്നുമല്ല;
… പിന്നെയോ?,,
അവളുടെ വലത്തെ ചുമലിലെ മുഷിഞ്ഞ ഷാളിനുള്ളിൽ തല പുറത്ത് കാണിച്ച്‌കൊണ്ട്, ഒരു കൊച്ചു കുഞ്ഞ് കിടക്കുന്നു!!!
… ഈശ്വരാ,,,
“അമ്മാ കൊണ്ജം തണ്ണി താങ്കമ്മ… ഒറ് കൊഴന്തയിരുക്ക്, കൊണ്ജം സാപ്പാടും താങ്കമ്മ,, ”
വീട്ടമ്മയെ കണ്ടപ്പോൾ അവൾ ദയനീയമായി യാചിച്ചു.

                    പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത ലത അവളോട് അകത്ത് വരാൻ ആംഗ്യം കാണിച്ചു.
                   ഗേറ്റ് കടന്ന് ഉള്ളിലെത്തിയ അവൾ ആവേശത്തോടെ സംസാരിച്ച് പൂന്തോട്ടത്തിലെ പൂക്കൾക്ക് നേരെ ഒരു പൂമ്പാറ്റയായി ഓടാൻ തുടങ്ങി,
“എവ്വളു അഴഹാന പൂ,,,”

                    മല്ലികപൂവും ഡാലിയപൂവും പറിച്ചശേഷം ഓർക്കിഡ് പറിക്കുന്നതിന് മുൻപ് ലത അവളുടെ കൈ പിടിച്ച്‌വലിച്ച് വീട്ടിന്റെ പിൻ‌വശത്ത് കൊണ്ടുപോയി.
“നീ അമ്മികൊത്താൻ വന്നതല്ലെ? ഇവിടെ വാ, അമ്മി കാണിച്ചുതരാം”
                     മുറ്റത്തെ ഒരു മൂലയിൽ പൊട്ടിയ പ്ലാസ്റ്റിക്ക് സാധനങ്ങളും ഉണങ്ങിയ തേങ്ങകളും തൊണ്ടും കടലാസും കൂട്ടിയിട്ടതിന്റെ അടിയിൽ കമഴ്ന്നു കിടക്കുന്ന അമ്മി കാണിച്ച് അവളോട് വീട്ടമ്മ ചോദിച്ചു,
“ഈ അമ്മികൊത്താൻ എത്ര പൈസ വേണം?”
പൊട്ടിയ ഒരു പ്ലാസ്റ്റിക്ക് പാവയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ എന്ന് കണ്ടപ്പോൾ ലത അവളുടെ തലയിൽ ഒരടികൊടുത്തു,
“നീയെവിടെയാ നോക്കുന്നത്? ഈ അമ്മികൊത്താൻ ഒരു നേരത്തെ ചോറ് മതിയോ?”
ഒന്ന് നോക്കിയശേഷം അവളെക്കാൾ ഭാരം‌തോന്നുന്ന അമ്മി ഉരുട്ടി നേരെയിടുമ്പോൾ തോളത്ത് കിടന്നാടുന്ന കുഞ്ഞ് കരഞ്ഞു,
“സുമ്മാ ഇരീടാ,, അഴുവാതെ… അമ്മാ, ഇന്ത അമ്മി കൊതരുതുക്ക്, എരുവത് റുവാ മതിയമ്മ,, ഇതൊടെ കൊഴവി എങ്കെ,,,?”
“കുട്ടിയെ കൊത്തണ്ട, അമ്മിമാത്രം കൊത്തിയാൽ മതി. അത്‌കൊണ്ട് പത്തുറുപ്പികയെ തരത്തുള്ളു”
കേട്ടത് അവിശ്വസനീയമായി തോന്നിയ അവൾ, കൊച്ചുകണ്ണുകൾ‌‌കൊണ്ട് വീട്ടമ്മയുടെ മുഖത്ത്‌തന്നെ നോക്കിനിന്നു.
“പിന്നെ അമ്മിമാത്രമായി നല്ല ഭംഗിയിൽ കൊത്തിയാൽ നിനക്ക് ഉഗ്രൻ ശാപ്പാട് തരാം”
… മക്കൾ ജിം ചെയ്യാ‍നായി അമ്മിക്കുട്ടി എടുത്ത് ഓമനിക്കുന്നത് ഈ അണ്ണാച്ചിപെണ്ണിനോട് എന്തിന് പറയണം?

                ശാപ്പാടെന്ന് കേട്ടപ്പോൾ ഒരു കരിയിലക്കിളിയെപോലെ സ്വയം സംസാരിച്ച്‌കൊണ്ട് ജോലിയിൽ മുഴുകി. നിലത്തിരുന്ന ശേഷം അരയിൽ ചുറ്റിയ തുണിക്കെട്ടിൽ നിന്ന് പണിയായുധങ്ങൾ വെളിയിലെടുത്തു; ഉളിയും ചുറ്റികയും.

              ഗൃഹപ്രവേശന സമയത്ത് മകൾക്ക് അച്ഛൻ നൽകിയ; ഇതുവരെ ഉപ്പും മുളകും മഞ്ഞളും തൊടാത്ത പുത്തൻ അമ്മിയുടെ നെഞ്ചത്ത് ഉളി പതിക്കുന്ന ശബ്ദം കേട്ട് അവളുടെ കൊച്ച് ഞെട്ടിക്കരഞ്ഞു. ആയുധങ്ങൾ താഴെയിട്ട് അവൾ കുട്ടിയെ പുറത്തെടുത്ത് മടിയിൽ കിടത്തി പാല് കൊടുക്കുമ്പോൾ ദയനീയമായി വീട്ടമ്മയെ നോക്കി,
“അമ്മാ,, കൊണ്ജം തണ്ണി,,, കൊഴന്തെക്ക് റൊമ്പ പസി”
                     ലതക്ക് ദേഷ്യം വന്നു; ഈ നാടോടികൾക്കെല്ലാം ഒരേ വേഷം; ഒരേ സ്വഭാവം. അവൾ മുറ്റത്ത് ഒരു വശത്തായുള്ള ടാപ്പ് തുറന്ന് കാണിച്ചശേഷം അകത്ത് പോയി.
,,,
                      ഹയർ‌സെക്കന്ററി സ്ക്കൂൾ ടീച്ചറായ ആശാലത അറിയപ്പെടുന്ന പാചകവിദഗ്ദയാണ്. അവർ പഠിപ്പിക്കുന്ന സസ്യങ്ങളുടെ മോർഫോളജിയെക്കാൾ വിദ്യാർത്ഥികൾ അദ്ധ്യാപികയെ ഇഷ്ടപ്പെടുമ്പോൾ, സഹപ്രവർത്തകർ ഇഷ്ടപ്പെടുന്നത് അവരുടെ പുത്തൻ പാചകവിഭവങ്ങളാണ്. ആശാലതയുടെ കറികൾ ഉണ്ടെങ്കിൽ സ്റ്റാഫ്‌റൂമിൽ ഉച്ചഭക്ഷണസമയത്ത് എന്നും സദ്യ ആയിരിക്കും. അത്കാരണം ആശാലത മിസ്സിനെ ആരും വെറുക്കാറില്ല. വെറുപ്പുള്ളവരെ കൊതിപ്പിച്ച് വെള്ളം കുടിപ്പിച്ച ചരിത്രമാണുള്ളത്.

                          മസാലയും മല്ലിയും കുരുമുളകും ഇഞ്ചിയും കൂട്ടി വെളിച്ചെണ്ണയിൽ വറുത്തരച്ച തേങ്ങ ചേർത്ത്, കടുക് വറുത്തിട്ട ‘ചെമ്മീൻ കറി’, കറിവേപ്പിലയും മല്ലിയിലയും കൊണ്ടലങ്കരിച്ച്; ഓരോ ലഞ്ച്‌ബോക്സിലും അവർ വിളമ്പിക്കൊടുക്കും. ചിലപ്പോൾ ചിക്കനോ, ഞണ്ടോ, കക്കയിറച്ചിയോ, മഷ്‌റൂമോ ആവാം. ടീച്ചറെ വെറുത്താലും അവരുടെ കറികൾ വെറുക്കാൻ ആർക്കും കഴിയാറില്ല. ടീച്ചറുടെ ഭർത്താവ് ആയ കോളേജ് ലക്ച്ചർ ‘റാം’ ഭാഗ്യവാനാണെന്ന് സഹഅദ്ധ്യാപകർ പറയും. (കുഞ്ഞിരാമൻ എന്നതിലെ കുഞ്ഞിയും രാമനും ലോപിച്ച് വെറും ‘റാം’ ആയി രൂപാന്തരപ്പെട്ടതാണ്)
                       പുത്തൻ പാചക ഐറ്റംസ് കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് നൽകി ടെസ്റ്റ് ചെയ്യുന്ന സ്വഭാവം ഉള്ള ആളാണ്, ഈ പാചകറാണി. അതിനായി സഹപ്രവർത്തകരെ ഗിനിപ്പന്നികളാക്കി ടെസ്റ്റ് ചെയ്യുകയാണെന്ന്, പുത്തൻ ഭക്ഷണം ടെയ്സ്റ്റ് ചെയ്ത് കഴിക്കുന്ന ആരും അറിയാറില്ല.

                         ലതക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഷ്‌റൂം ഡിഷുകളാണ്. മഷ്‌റൂം മഞ്ചൂരി, മഷ്‌റൂം മസാല, മഷ്‌റൂം അവിയൽ, മഷ്‌റൂം ഉപ്പേരി, മഷ്‌റൂം അച്ചാർ, മഷ്‌റൂം ഫ്രൈ, അങ്ങനെ ഇനിയും അനേകം ഐറ്റംസ് ഉണ്ട്. ഇന്ന് ഞായറാഴ്ച നിർമ്മിച്ച മഷ്‌റൂം മസാലയിലെ മഷ്‌റൂമിന് അല്പം വ്യത്യാസം ഉണ്ട്; പുതുമഴ പെയ്തപ്പോൾ സമീപത്തെ തെങ്ങിൻ‌തടത്തിൽ പൊങ്ങിവന്ന നാടൻ കൂണുകളാണ് പാചകത്തിനുപയോഗിച്ചത്. കുട്ടിക്കാലത്ത് മുത്തശ്ശി തൊടിയിൽ‌നിന്ന് ശേഖരിച്ച ഫ്രഷ് കൂണുകൾ കൊണ്ട് കറിവെച്ച് കഴിച്ചതിന്റെ ഓർമ്മയിലാണ് ലതയുടെ ഇന്നത്തെ പാചകം.
                          ഒരു ബോട്ടണി അദ്ധ്യാപിക ആയതിനാൽ കറിവെച്ചത് വിഷമില്ലാത്ത കൂണുകളാണെന്ന് ലതക്ക് 100% ഉറപ്പുണ്ട്. എങ്കിലും അതൊന്ന് ടെസ്റ്റ് ചെയ്യാതെ എങ്ങനെ ഉപയോഗിക്കും? തന്റെ പാചകം കഴിച്ച് ഇതുവരെ ആർക്കും ഒരു അപകടവും പറ്റിയിട്ടില്ല. അത്‌കൊണ്ട് ഈ നാടോടി പെൺകുട്ടിക്ക് തന്നെ ആദ്യം കൊടുക്കാം.
,,,
                          ഒരു സ്റ്റീൽ‌പ്ലെയിറ്റിൽ ചോറും പുത്തൻ ഐറ്റമായ ഡലീഷ്യസ് കൂൺ‌കറിയുമായി വീട്ടമ്മ അവളെ സ്മീപിച്ചു. അമ്മികൊത്തി കഴിഞ്ഞതിനാൽ അവൾ ക്ഷീണിച്ചിരിക്കയാണ്; കുഞ്ഞ് കിടന്ന് ഉറക്കം തന്നെ. ചോറ്റുപാത്രം അവൾക്ക് നേരെ നീട്ടിയപ്പോൾ പെട്ടെന്ന് പിടിച്ചുവാങ്ങി അല്പം അകലെ പോയിരുന്ന് ആർത്തിയോടെ വാരിത്തിന്നാൻ തുടങ്ങി. ചോറിന്റെ കൂടെ ഉപ്പേരിയും അവിയലും കാളനും കൂൺകറിയും ഒന്നിച്ച് വായിലാക്കുന്ന അവൾ ഒന്നിന്റെയും രുചി അറിയുമെന്ന് തോന്നുന്നില്ല. അവസാനവറ്റും തിന്ന് പ്ലെയിറ്റ് കഴുകിയതുപോലെ തുടച്ച് കഴിഞ്ഞശേഷം തലയുയർത്തി വീട്ടമ്മയെ നോക്കി.
ആ നോട്ടത്തിന് ആയിരമായിരം നന്ദിയുടെ സൂചനയുണ്ട്.
ടേപ്പ് തുറന്ന് വെള്ളം കുടിച്ച്, പാത്രം കഴുകിത്തന്നപ്പോൾ പരിസരബോധം വന്ന ആശാലത ചോദിച്ചു,
“നിന്റെ നാടെവിടെയാ?”
“സേലതിലെ പെറുമാൾപുറാം”
“ഇപ്പോൾ താമസിക്കുന്നത്?”
“പാളതുക്കു പക്കം”
“ഇത് നിന്റെ കൊച്ചല്ലെ, ഇതിന്റെ അച്ഛനെവിടെയാ?”
“ഇന്ത കൊഴന്തയോടെ അപ്പ… എൻ മാമ താൻ,,, ഇവൻ പെരന്തതും ഊറെ വിട്ടെ പോയാച്ച്”
… നല്ല ബെസ്റ്റ് മാമതന്നെ; കൊച്ചു മരുമകളെ സംരക്ഷിക്കുന്നതിനു പകരം അവൾക്ക് കളിപ്പാട്ടം പോലുള്ള ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത് നാടുവിട്ട ദുഷ്ടൻ!

                        ഭക്ഷണം കഴിച്ചതു കൊണ്ടാവാം അവളുടെ ദൈന്യഭാവം മാറി മുഖത്ത് സന്തോഷം നിറഞ്ഞു. അവൾ ചോദിച്ച ഇരുപത് രൂപതന്നെ ലഭിച്ചപ്പോൾ രണ്ട് കൈയും കൂപ്പി കാല് തൊട്ട് വന്ദിച്ചു. ലതയുടെ മനസ്സിൽ നേരിയ ഒരു നൊമ്പരം.
“ചോറ് തിന്നിട്ട് നിനക്ക് പ്രയാസമൊന്നും ഇല്ലല്ലൊ, നല്ല രുചിയില്ലെ?”
“ഏ, മാ,, അപ്പടി കേക്കുരിങ്കെ,,,?”
“ഒന്നുമില്ല നീ വേഗം സ്ഥലം വിട്”
“കുമ്പുടുറെങ്കെ,,, അമ്മാ എൻ കടവൂൾ മാതിരി”
… കൂടുതൽ സമയം അവളെ നിർത്താൻ പാടില്ല. പെട്ടെന്ന് പുറത്താക്കണം. കൂൺ‌കറി കഴിച്ചപ്പോൾ അവൾക്ക് ഒരു പ്രയാസവും ഉണ്ടായില്ല. അവധിദിവസം കുട്ടികളോടൊത്ത് രാവിലെ ബീച്ചിൽ പോയ റാം തിരിച്ചുവരാറായി. പുത്തൻ ഭക്ഷണം ഡൈനിംഗ് ടേബിളിൽ അറേഞ്ച് ചെയ്ത് അവരെ അത്ഭുതപ്പെടുത്തണം.

                          ലത ഗെയ്റ്റ് തുറന്ന് അവളെയും കൊച്ചിനെയും പുറത്ത് കടത്തി. ആ പെൺകുട്ടി നടന്നു നീങ്ങുന്നത് അല്പം വിഷമത്തോടെ നോക്കിനിന്നു. കളിപ്പാട്ടമെടുത്ത് കളിക്കേണ്ട പ്രായത്തിലാണ് ഒരു കൊച്ചിനെ ചുമക്കുന്നത്,,,
,,,
പിറ്റേദിവസം തിങ്കളാഴ്ച,
                       യൂനിഫോം അണിഞ്ഞ വിദ്യാർത്ഥികളും സ്ക്കൂൾ ബസ്സുകളും റോഡിൽ നിറഞ്ഞൊഴുകുന്ന സമയം.
‘ലതാരാമ’ത്തിന്റെ മുന്നിൽ കൊച്ചു പെൺകുട്ടിയുടെ ശബ്ദം മുഴങ്ങി,
“അമ്മി കൊത്താനുണ്ടോ?,,,,,,, അമ്മി കൊത്താനുണ്ടോ?,,, കൊത്താനുണ്ടോ?,,,”
                      തലേദിവസത്തെ ഭക്ഷണത്തിന്റെ രുചിയോർത്ത് അവൾ ഇരുമ്പ് ഗെയിറ്റിന്റെ വിടവിലൂടെ അകത്തേക്ക് എത്തിനോക്കി. വീടിന്റെ വരാന്തയിൽ അനക്കമൊന്നും കാണാതായപ്പോൾ അവൾ വീണ്ടുംവീണ്ടും വിളിച്ചു ചോദിക്കാൻ തുടങ്ങി.
“അമ്മി കൊത്താനുണ്ടോ,,,?”
                     എത്ര വിളിച്ച്‌കൂവിയിട്ടും ആരും പുറത്ത് വരുന്നില്ലെന്ന് കണ്ടപ്പോൾ, ഉറങ്ങുന്ന കുഞ്ഞിനെയും എടുത്ത് ആ ‘കുഞ്ഞ്’ നിരാശയോടെ നടന്നു.
… അപ്പോൾ തൊട്ടടുത്ത ചായക്കടയിൽ നിന്ന് അന്നത്തെ പത്രം വായിക്കുന്നത് കേട്ടു,
“വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ...
 ‘ലതാരാമത്തിൽ ഗൃഹനാഥനായ കോളേജ് ലക്ച്ചറർ കുഞ്ഞിരാമനെയും, ഭാര്യ ഹയർസെക്കന്ററി ടീച്ചറായ ആശാലതയെയും, വിദ്യാർത്ഥികളായ രണ്ട് മക്കളെയും, വിഷമുള്ള കൂൺ‌കറി കഴിച്ചതിനാൽ, അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്‌പേരും ‘സസ്യശാസ്ത്രം’ അദ്ധ്യാപകരാണ്”