“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/25/10

കഴുകൻ

 രാജുമാസ്റ്റർ മരിച്ചു,,,
              എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമല്ല; സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രീയങ്കരനായ രാജുമാസ്റ്റർ, രാവിലെ സ്ക്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
                തലേദിവസം ക്ലാസ്സിൽ പഠിപ്പിച്ച കണക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപെ, കുട്ടികൾ ചെയ്ത ഹോം‌വർക്കുകൾ നോക്കി ശരിയിടുന്നതിന്‌മുൻപെ, സ്വന്തം ക്ലാസ്സിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന് മുൻപെ, അദ്ധ്യാപന സർവ്വീസ് പൂർത്തിയാക്കി പെൻഷനാവുന്നതിനു മുൻപെ, പുതിയ വീട്ടിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ച് കൊതിതീരും‌മുൻപെ; അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
                 രാവിലെതന്നെ ടെലിഫോണിലൂടെ കടന്നുവന്ന ദുരന്തവാർത്ത എന്നെ അറിയിച്ച ഭർത്താവ്, പിന്നീടൊന്നും പറയാതെ അന്നത്തെ പത്രത്തിൽ മുഖംതാഴ്ത്തിയെങ്കിലും ഒരക്ഷരവും വായിക്കുന്നില്ലെന്ന് എനിക്ക് തോന്നി. കേട്ടത് വിശ്വസിക്കാൻ മടികാണിക്കുന്ന മനസ്സുമായി വീട്ടുജോലികൾ ചെയ്യുന്ന എന്നോട് അദ്ദേഹം ചോദിച്ചു,
“അവിടെ പോകണ്ടെ?”
“പോകണം”
“ഇപ്പോൾ ബോഡി ഹോസ്പിറ്റലിലാണ്; ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തും”
പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തു.
“നിനക്കായിരിക്കും ഫോൺ”
ഞാൻ ഫോണെടുത്തു; വിളിക്കുന്നത് കൂടെ ജോലിചെയ്യുന്ന ലതയാണ്.
“നീ വല്ലതും അറിഞ്ഞൊ?”
“അറിഞ്ഞു”
“നീ പോകുന്നുണ്ടോ?”
“പോകും, പെട്ടെന്ന് തയ്യാറാവാം”
“പിന്നെ വീട്ടിൽ‌നിന്ന് ശ്മശാനത്തിൽ കൊണ്ടുപോകുന്നത് സ്ക്കൂൾ വഴിയാ, കുട്ടികൾക്ക് കാണണ്ടെ”
“അത്‌പിന്നെ കുട്ടികളുടെ പ്രീയപ്പെട്ട സാറല്ലെ?”
“എന്നാലും നിനക്ക് പ്രയാസമുണ്ടായാലോ?  നീ വരുന്നുണ്ടെങ്കിൽ ഒറ്റയ്ക്ക് വരേണ്ട, ഹസ്‌ബന്റ് ലീവായിരിക്കുമല്ലൊ; അവരെയും കൂട്ടിക്കൊ”
“ഞാൻ വരും”
                   എന്നെ അറിയുന്ന സഹപ്രവർത്തകരെല്ലാം എന്റെ ആരോഗ്യത്തിൽ എന്നെക്കാൾ ശ്രദ്ധാലുക്കളാണ്. മാനസ്സികപ്രയാസങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളിൽ അവരെന്നെ അകറ്റിനിർത്താറാണ് പതിവ്.
എന്നാൽ ഇത് അങ്ങനെയാണോ?
                   ഒന്നിച്ച് ജോലി ചെയ്ത്, ചിരിക്കുകയും കളിക്കുകയും കുറ്റപ്പെടുത്തുകയും വഴക്കിടുകയും ചെയ്ത, ഒരു നല്ല സഹപ്രവർത്തകനാണ് ആരോടും പറയാതെ പെട്ടെന്ന് മരണത്തിലേക്ക് മറഞ്ഞത്. അദ്ദേഹം എന്റെ നാട്ടുകാരനും  കുടുംബസുഹൃത്തും കൂടിയാണെന്ന് മറ്റുള്ള അദ്ധ്യാപകർക്കെല്ലാം നന്നായി അറിയാം.
അവൾ ഫോൺ വെച്ചപ്പോഴാണ് ഞാനൊരു കാര്യം അറിഞ്ഞത്,
ഇത്രയും നേരം ഞാൻ കരയുകയായിരുന്നു.
പിന്നെയും ഫോൺ‌വിളികൾ തുടരുകയാണ്,,,
പോകാൻ പുറപ്പെടും‌മുൻപ് അദ്ദേഹം ഒരു കാര്യം‌കൂടി ഓർമ്മിപ്പിച്ചു,
“നന്നായി ഭക്ഷണം കഴിച്ചൊ, പിന്നെ അവിടെന്ന് ബോധക്കേടൊന്നും ആവില്ലെന്ന് ഉറപ്പ് തരണം”
“ഓ അതൊന്നും പ്രശ്നമല്ല”
                  വളരെനല്ല ഒരു സുഹൃത്തിന്റെ മരണത്തിൽ അദ്ദേഹത്തിനും പ്രയാസം ഉണ്ട്. ഒരാഴ്ചമുൻപ് നമ്മുടെ വീട്ടിൽ വന്ന രാജുമാസ്റ്റർ,  കമ്പ്യൂട്ടറിൽ ഉണ്ടായ പ്രോബ്ലം തീർത്ത് ആന്റീവൈറസ് ഇൻസ്റ്റാൾ ചെയ്ത് പോയതായിരുന്നു. അന്ന് വീട്ടിൽ നിന്ന് പറഞ്ഞ തമാശകൾ ഓർത്തുപോയി. എന്റെ ബസ്‌യാത്ര പ്രയാസത്തെക്കുറിച്ച് പറഞ്ഞ ഭർത്താവിനോട് രാജുമാഷ് പറഞ്ഞു,
“ടീച്ചർ എന്റെകൂടെ വണ്ടിയിൽ വരുന്നതിൽ എനിക്കൊ എന്റെ ഭാര്യക്കൊ, നിങ്ങൾക്കോ, ടീച്ചർക്കൊ ഒന്നും പരാതിയില്ല; എന്നാൽ അദ്ധ്യാപകരാവുമ്പോൾ നാട്ടുകാർക്ക് പരാതിയുണ്ടാവുമല്ലൊ”
ഇപ്പോൾ തലച്ചോറിലെ സോഫ്റ്റ്‌വെയറിൽ നിന്ന് ഓർമ്മകൾ ഓരോന്നായി പുറത്തേക്ക് പ്രവഹിക്കുകയാണ്.
                  ആദ്യം കണ്ട ഓട്ടോ പിടിച്ച് മരണവീട്ടിൽ എത്തിയപ്പോൾ അവിടം ജനസമുദ്രമായി കാണപ്പെട്ടു. പുതിയതായി നിർമ്മിച്ച്, ഒരു മാസം‌മുൻപ് ഗൃഹപ്രവേശനം നടന്ന വീടാണ്. അന്ന് ചടങ്ങിൽ പങ്കെടുക്കാനായി വന്ന അദ്ധ്യാപകരെ നോക്കി അദ്ദേഹം പറഞ്ഞത് ഓർത്തുപോയി,
“ഒരു വീടെടുത്താൽ അകത്തുകയറി താമസിക്കുന്നത് പണി പൂർത്തിയായതിനു ശേഷമായിരിക്കണം. എത്ര ലോൺ എടുത്താലും അവിടെ താമസമാക്കിയിട്ട് പിന്നെ തൊഴിലാളികളെ അകത്തുകയറ്റരുത്”.
                   അങ്ങനെ വീടിന്റെ പണി പൂർത്തിയാക്കി താമസിച്ച് കൊതിതീരും‌മുൻപെ, വീട്ടിന്റെ നടും‌തൂണായ ഗൃഹനാഥനെയാണ് കാലൻ റാഞ്ചിയത്.
രംഗബോധമില്ലാത്ത കോമാളി ‘മരണം’ അനവസരത്തിൽ കടന്നുവന്ന് ഇവിടെ നടനം തുടരുകയാണ്.

                     പുതിയ വീട്ടിലെ നടുമുറിയിൽ നിദ്രയിലെന്നവണ്ണം കിടക്കുന്ന രാജുമാസ്റ്ററെ നോക്കി ഏറെനേരം നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെട്ട അദ്ദേഹത്തിന്റെ മുഖം കറുത്തിരുണ്ട് കാണപ്പെട്ടു.
                      ഭാര്യയുടെ, മക്കളുടെ, അമ്മയുടെ, ബന്ധുക്കളുടെ അനിയന്ത്രിതമായ കരച്ചിലിനിടയിലൂടെ ഞാൻ പുറത്തിറങ്ങി വരാന്തയുടെ ഒരുവശത്ത് നിന്നു. സഹപ്രവർത്തകർ ആരൊക്കെയോ ചുറ്റുപാടും ഉണ്ട്. മനസ്സിൽ നിറയെ രാജുമാസ്റ്ററെ കുറിച്ചുള്ള ചിന്തകളിൽ കാരണമുള്ള വേദനകൾ നിറയുകയാണ്.
.വിധി നൽകുന്ന വേദനകൾ ഇത്രയും വേദനിക്കുമോ?
.എത്രയെത്ര പ്രതീക്ഷകളാണ് തകർന്നത്?
.വിദ്യാർത്ഥികളായ മകനും മകളും ഭാര്യയുമൊത്ത് പുത്തൻ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത് കണ്ടപ്പോൾ വിധിക്ക് അസൂയ തോന്നിയിരിക്കാം.

                   സ്ക്കൂളിൽ ചേർന്ന ദിവസം മുതൽ രാജുമാസ്റ്ററെ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിന്റെ ബൈക്ക് യാത്രയാണ്. സ്ക്കൂളിൽ പോകുന്നതും വരുന്നതും ബൈക്കിൽ മാത്രം. നടൻ മോഹൻലാലിനെപ്പോലെ ഒരു വശത്ത് ചെരിഞ്ഞിരുന്ന്, വണ്ടിയിൽ വരുന്ന മാഷെ വിദ്യാർത്ഥിസമൂഹം അകലെവെച്ച്തന്നെ തിരിച്ചറിയും.
                   പലതും ചിന്തിച്ച് ആ വരാന്തയിൽ നിൽക്കുമ്പോഴാണ് മുറ്റത്ത് നിൽക്കുന്ന നമ്മുടെ ക്ലർക്ക് അഹമ്മദ്‌കുട്ടിയെ കണ്ടത്. എന്നെ ആഗ്യം‌കാണിച്ച് മുറ്റത്തേക്ക് വിളിച്ചു; അവിടെ അദ്ധ്യാപകരിൽ ചിലർ നിൽക്കുന്നുണ്ട്. സഹപ്രവർത്തകർ ഒന്നിച്ച്‌കൂടിയപ്പോൾ എല്ലാവരിലും അടക്കിനിർത്തിയ ദുഖം അണപൊട്ടി ഒഴുകി. ഓഫീസ്‌സ്റ്റാഫ് ഭാരതിയമ്മ തലയുയർത്താതെ പൊട്ടിക്കരയുകയാണ്. ആ അന്തരീക്ഷത്തിൽ വളരെ ചെറിയ ശബ്ദം പോലും ഉച്ചഭാഷിണിനിന്നും ഉയരുന്നതായി അനുഭവപ്പെട്ടു.

                    സംഭവം അറിഞ്ഞെത്തിയവരിൽ ഹെഡ്മാസ്റ്ററടക്കം പകുതിയോളം അദ്ധ്യാപകർ അവിടെയുണ്ട്. ഒരുമാസം മുൻപ് സ്ക്കൂളിൽ ജോയിൻ‌ചെയ്ത ഇംഗ്ലീഷ് ടീച്ചർ ‘ദർശന’ എന്നോട് രാജുമാസ്റ്ററെകുറിച്ച് പലതും ചോദിച്ചെങ്കിലും മറുപടികളെല്ലാം ഒറ്റവാക്കിൽ ഒതുക്കാൻ ശ്രമിച്ചു. പെട്ടെന്ന് അഹമ്മദ്‌ക്ക എല്ലാവരും കേൾക്കെ പറഞ്ഞു,
“എന്നാലും ഒരു രോഗവുമില്ലാത്ത നല്ലവനെയാണല്ലൊ പടച്ചോൻ പെട്ടെന്ന് വിളിച്ചത്; എന്നെപ്പോലുള്ള വയസന്മാരെയൊന്നും കാണുന്നില്ലല്ലൊ,,,”
“പെൻഷനാവാൻ ഒരുകൊല്ലം കൂടിയുണ്ടെന്ന്‌വെച്ച് അത്രക്കങ്ങ് വയസ്സായിപ്പോയോ?”
സാവിത്രിടീച്ചറുടെ മറുപടി എല്ലാവരും കേൾക്കെ ആയിരുന്നു.

                    പരിചയക്കാർ വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന മരണവീടും പരിസരവും ജനസമുദ്രമായി മാറിയിരിക്കുന്നു. അതിനിടയിൽ ഏതാണ്ട് അറുപത് കഴ്ഞ്ഞ ഒരാൾ ഞങ്ങൾക്കിടയിൽ വന്ന് അഹമ്മദ്‌ക്കയോട് ചോദിച്ചു,
“രാജു ജോലിചെയ്യുന്ന സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണോ? ഒരു കാര്യം ചോദിക്കാനുണ്ട്”
“ഹെഡ്‌മാസ്റ്റർ ഞാനല്ല, ഇദ്ദേഹമാ”
                    ഒരു കസേരയിലിരുന്ന് കണ്ണുനീർ തുടക്കുന്ന ഹെഡ്‌മാസ്റ്ററെ ചൂണ്ടിക്കാട്ടി പറഞ്ഞപ്പോൾ ആ മനുഷ്യൻ നേരെ അങ്ങോട്ട് പോയി രാജുമാസ്റ്ററെ കുറിച്ച് അന്വേഷിച്ചശേഷം എന്തൊക്കെയോ പറഞ്ഞ്കൊണ്ട് തിരിച്ചുപോയി.
                    അകലെയുള്ള ബന്ധുക്കൾ മരണവീട്ടിലെത്തുമ്പോൾ വീട്ടുകാരുടെ കരച്ചിൽ കൂടിവരികയാണ്. വന്മരങ്ങൾ മറിഞ്ഞുവീണാൽ, ‘മുറിച്ചുമാറ്റപ്പെട്ടാൽ’ ആ വിടവ് വളരെക്കാലം നിലനിൽക്കും. കാലത്തിന്റെ കരങ്ങൾക്ക് അത്തരം വിടവുകൾ നികത്താൽ ഏറേക്കാലം വേണ്ടിവരും. ഒരു നിമിഷം, എന്റെ മനസ്സിൽ ആ വീട് മാത്രമല്ല, അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാലയവും അനാഥമായെന്ന തോന്നലുയർന്നു.

                      തോൽ‌വിയിലേക്ക് താണ്‌പോയ നമ്മുടെ ഹൈസ്ക്കൂളിലെ എസ്.എസ്.എൽ.സി. റിസൽട്ട് ഉയർത്തി, നമ്മുടെ മാനം രക്ഷിക്കാനുള്ള തീവ്രയത്നത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നവരിൽ നേതൃസ്ഥാനത്ത് നിൽക്കുന്ന ആളായിരുന്നു രാജുമാസ്റ്റർ. വിദ്യാലയത്തിലെ ഓരോ അദ്ധ്യാപകരും അവിടെയുള്ള കെട്ടിടത്തെ താങ്ങുന്ന തൂണുകൾ പോലെയാണ്. ഏതെങ്കിലും ഒരു താങ്ങ് നഷ്ടപ്പെട്ടാൽ പകരം വെക്കാമെങ്കിലും അതൊരിക്കലും നഷ്ടപ്പെട്ടതിന് പകരമായി മാറുകയില്ലല്ലൊ. അതുപോലെയാണ് വീട്ടിലെയും അവസ്ഥ; ഗൃഹനാഥന്റെ മരണം ഭാര്യക്കും വിദ്യാർത്ഥികളായ രണ്ട് മക്കൾക്കും പരിഹരിക്കപ്പെടാനാവാത്ത നഷ്ടം തന്നെയാണ്.

ആ സമയത്ത് ഗെയിറ്റിനു മുന്നിൽ കാറ് നിർത്തി ഒരാൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ സാവിത്രിടീച്ചർ പറഞ്ഞു,
“നമ്മുടെ മാനേജറുടെ മകൻ വരുന്നുണ്ട്, എഴുന്നേറ്റ് ബഹുമാനിക്കാത്തവർ നോട്ടപ്പുള്ളികളാവും”
“നമ്മൾ ടീച്ചേർസ് എന്തിന് എഴുന്നേൽക്കണം? അവനാണെങ്കിൽ നമ്മെക്കാൾ പ്രായം കുറഞ്ഞവനാ”
അവന്റെ പരിഷ്ക്കാരങ്ങൾ പണ്ടേ എതിർക്കുന്ന ഞാൻ പറഞ്ഞു. ‘ലീവ്‌ലെറ്ററും ടീച്ചിംഗ് നോട്ടും മാനേജരെ കൂടി കാണിച്ച് ഒപ്പ് വാങ്ങണമെന്ന്’, പറഞ്ഞാൽ എങ്ങനെ എതിർക്കാതിരിക്കും?

                   ശരിക്കുള്ള മാനേജർ, ഞങ്ങളെ നിയമനം നടത്തിയ ആൾക്ക് പ്രായമേറിയതിനാൽ സ്ക്കൂൾ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് ചെറുപ്പക്കാരനായ ഇളയ മകനാണ്. മാനേജറുടെ നാല് മക്കളിൽ നന്നായി പഠിക്കുന്ന മൂന്ന്‌പേർക്ക് സർക്കാർ ജോലി കിട്ടിയതിനാൽ, അച്ഛന്റെ കാലശേഷം ‘ഹൈസ്ക്കൂൾ മാനേജർ സ്ഥാനം’, പത്താം തരം തോറ്റ് ജോലിയില്ലാതെ നടക്കുന്ന ഇളയമകന് നൽകാൻ തീരുമാനിച്ചിരിക്കയാണ്. അതിന്റെ ഒരു ഗമയും ഭാവവും അദ്ധ്യാപകരുടെ ഇടയിൽ കാണിച്ച് ഷൈൻ‌ചെയ്യാനുള്ള ഒരവസരവും അവൻ വിടാറില്ല. ആനയെക്കാൾ ആനപാപ്പാനെ ബഹുമാനിക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന, അഹങ്കാരത്തിന് കൈയും കാലും വെച്ചതുപോലുള്ള ഇരുക്കാലിമൃഗം.
ശമ്പളം തരുന്നത് ഗവൺ‌മേന്റ് ആണെങ്കിലും ലക്ഷങ്ങൾ വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നത് മാനേജർ ആണല്ലൊ!

                 അടുത്തെത്തിയപ്പോൾ ഞാനും ഹെഡ്‌മാസ്റ്ററും ഒഴികെ എല്ലാവരും പെട്ടെന്ന് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റെങ്കിലും മാനേജർ മകൻ അവഗണിച്ചു. മറ്റൊരു ചെറുപ്പക്കാരനോട് സംസാരിച്ചുകൊണ്ട് നടന്നുവരുന്ന പ്രതിശ്രുതമാനേജർ നേരെ ഹെഡ്‌മാസ്റ്ററുടെ സമീപം പോയി ശബ്ദം ഉയർത്തി ചോദിച്ചു,
“ഈ മരിച്ച രാജു എന്താണ് പഠിപ്പിക്കുന്നത്?”
“കണക്ക്”
മാനേജർ ഉടനെ കൂടെയുള്ളവനെ നോക്കി അവനോട് പറഞ്ഞു,
“നിന്റെ ഭാര്യ കണക്ക് ടീച്ചറാണെങ്കിലും ഇപ്പോൾ രക്ഷയില്ല; ഇന്ന് രാവിലെതന്നെ ഒരുത്തൻ വീട്ടില് വന്ന് അഡ്‌വാൻസ് തന്ന് അഗ്രിമെന്റിൽ ഒപ്പിട്ടുപോയി. ഇന്നലെ വന്നിരുന്നെങ്കിൽ ജോലി ഒറപ്പിക്കാമായിരുന്നു,,,”
“ഇന്നലെയോ?!!! സാറ് ആവശ്യപ്പെടുന്ന പണം മുഴുവൻ ഇപ്പോൾ‌തന്നെ തരാം, സാറ് വാങ്ങിയ അഡ്‌വാൻസ് മടക്കികൊടുത്താൽ പോരെ?”
അവൻ കരയുന്ന മട്ടിൽ അപേക്ഷിക്കുകയാണ്.
“അതൊന്നും ശരിയാവില്ല; പിന്നെ പണം ഉണ്ടെങ്കിൽ ഇപ്പോൾ‌തന്നെ തരാൻ മടിക്കേണ്ട, എന്റെ സ്ക്കൂളിൽ ഇനിയും ടീച്ചേർസ് ഉണ്ട്; എപ്പൊഴാ ഒഴിവ് വരുന്നതെന്ന്, അറിയാൻ പറ്റില്ലല്ലൊ”
ഞങ്ങൾ അദ്ധ്യാപകരെ നോക്കി മാനേജർ‌മകൻ കൂടെയുള്ളവനോട് പറഞ്ഞു.
                  അവർ നടന്നു നീങ്ങിയപ്പോൾ പുതിയതായി സ്ക്കൂളിൽ ചേർന്ന ദർശന എന്നെനോക്കി പതുക്കെ പറഞ്ഞു,
“ ടീച്ചറെ ആ മനുഷ്യൻ പറയുന്നത്?”
അവൾ ചോദ്യം പൂർത്തിയാവുന്നതിന് മുൻപ് ഞാൻ പറഞ്ഞു,
“അതാണ് കഴുകൻ,,, മരണത്തെ കാത്തിരിക്കുന്ന കഴുകൻ”

9/5/10

തുറക്കാത്ത കുപ്പിയിലെ മരുന്ന്

                രാവിലെ ഇഡ്ഡ്‌ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു വലിയകാര്യം പറഞ്ഞു,
“എനിക്ക് ഒരു ചെറിയ തലവേദന,,”
അത്‌കേട്ട് ഒന്ന് ഞെട്ടിയതോടെ അദ്ദേഹം കഴിച്ച ഭക്ഷണമെല്ലാം ഒരുനിമിഷം‌കൊണ്ട്തന്നെ ദഹിച്ചു. മാസ്റ്ററുടെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി.

                   മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെകുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം മനസ്സിൽ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടും‌തോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ.
“അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം”
പെൻഷനായെങ്കിലും, ചർമ്മം കണ്ടാൽ പ്രായം തോന്നത്ത ടീച്ചറുടെ മുഖം‌നോക്കി മാസ്റ്റർ പറഞ്ഞു.
“ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും”
“നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറ്റി വന്നാട്ടെ; പെട്ടെന്ന്‌തന്നെ നമുക്ക് ഡോക്റ്ററെ കാണാം”
സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം.

                     നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ അത്യന്താധുനിക കാർട്ടൂൺ വരച്ചിട്ടശേഷം ആ കടലാസ് കൈയിൽ കൊടുത്ത് മാസ്റ്ററെ നോക്കി പറഞ്ഞു,
“ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്”
പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽ‌ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി.

                           വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു,
“ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു”
“അപ്പോൾ ഡോക്റ്ററെ കണ്ടാൽ മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്”
“അതെങ്ങനെ മറക്കാനാണ്?”
അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു.

                      ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു,
“നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?”
                        ടീച്ചർ ഞെട്ടി; മരുന്ന് കഴിക്കേണ്ട കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ,,, പിന്നെ…
“ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്”
“എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും”

                            രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കിയശേഷം തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
“അതെയ് ഇതിന്റെ ഈ മരുന്നിന്റെ അടപ്പൊന്ന് തുറന്ന് താ; ഞാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല”
“അപ്പോൾ തുറക്കാത്ത, സീല് പൊട്ടിക്കാത്ത കുപ്പിയിലെ മരുന്നെങ്ങിനെയാ നിനക്ക് കയ്പായത്?”
അതുകേട്ട് നാരായണി ടീച്ചർ ഞെട്ടിയപ്പോൾ നാരായണൻ മാസ്റ്റർക്ക് കുറേശ്ശെ കയ്പ് അനുഭവപ്പെടാൻ തുടങ്ങി.

അറിയിപ്പ്:
... ഈ കഥ മുൻപ് മറ്റൊരിടത്ത് പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ എന്റെ സ്വന്തം തട്ടകത്തിൽ പോസ്റ്റ് ചെയ്യുന്നു.
... നാരായണി നാരായണന്മാരുടെ വ്യത്യസ്ഥമാം ഒരു നർമ്മകഥ വായിക്കാൻ...
ഇവിടെ  തുറക്കുക