“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/6/11

രാത്രിമണൽ 999

                             ചേലേറും‌നാട്ടിലെ നല്ലവരായ നാട്ടുകാർക്ക്, സന്തോഷം‌‌വന്നിട്ടങ്ങ്,,,, ഇരിക്കാൻ‌വയ്യാതായി. അവരുടെ ഗ്രാമത്തലവൻ നഗരപിതാവിനെ മുഖംകാണിച്ചതിനുശേഷം തിരിച്ചുവന്നത്, നാടിന്റെ വികസനത്തിന്‌വേണ്ടി പുതിയൊരു പദ്ധതിയുമായാണ്. ഏതാനും ദിവസങ്ങളായി നഗരവും ഗ്രാമവും ചേർന്ന് ഏതോഒരു പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിലാണ്. നാട്ടുകാർക്കെല്ലാം തൊഴിൽ ലഭിക്കുന്ന ഈ പദ്ധതി വന്നാൽ തൊഴിലില്ലാതെ വെറുതെയിരിക്കുന്നവരെ കാണാനെ കഴിയില്ല, എല്ലാവരുടെയും പട്ടിണി മാറും, ഐശ്വര്യവും സമ്പൽ‌സ‌മൃദ്ധിയും നാടങ്ങും കളിയാടിയിട്ട് ചേലേറും‌നാടിന്റെ പ്രശസ്തി ഉയർന്ന് ലോകമെമ്പാടും അറിയപ്പെടും. പദ്ധതിയുടെ ആദ്യപടിയായി പട്ടണത്തിൽ നിന്നും ദിവസേന ഇറക്കുമതി ചെയ്യുന്ന ഉല്പന്നം ഇനിയങ്ങോട്ട് ‘ചേലേറും‌നാട്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ആനന്ദലബ്ദിക്കിനിയെന്ത് വേണം?

നാട്ടുകൂട്ടം, പൊതുജനങ്ങൾ‌സഹിതം ആൽത്തറക്ക് മുന്നിൽ ഒത്തുകൂടി,,,
                             ആൽത്തറയിലെ ഉയർന്ന കല്ലിൽ ആസനസ്ഥനായ ഗ്രാമത്തലവനെ മുല്ലപ്പൂവ് ഹാരമണിയിച്ചും പനിനീർ‌പൂവ് പൂച്ചെണ്ട് നൽകിയും ജനങ്ങൾ ആദരിച്ചു. അദ്ദേഹത്തിന്റെ ഇരുവശങ്ങളിലായി ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉയരം കുറഞ്ഞ കല്ലുകളിൽ പതുക്കെ ഇരുന്നു.
ഗ്രാമത്തലവൻ പൊതുജനങ്ങളെ കൺ‌കുളിർക്കെ നോക്കിയപ്പോൾ എല്ലാവരും നിശബ്ദരായി. അദ്ദേഹം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,,,”
നാട്ടുകാരുടെ കരഘോഷം കേട്ട് ആനന്ദക്കണ്ണീർ‌പൊഴിച്ച് ഗ്രാമപിതാവ് അലപനേരം നിശബ്ദനായി,
അദ്ദേഹം വീണ്ടും തുടർന്നു,
“നാട്ടുകാരെ നമുക്കൊരു സന്തോഷവർത്തമാനം പറയാനുണ്ട്. നമ്മുടെ നഗരപിതാവ്,110 ഗ്രാമത്തലവന്മാരെ വിളിച്ചുചേർത്ത യോഗത്തിൽ നമ്മളോട് ഒരു പദ്ധതിയെക്കുറിച്ച് പറഞ്ഞു, ‘നഗരത്തിൽ നിന്നും നിർമ്മിക്കപ്പെടുന്ന നമുക്ക് പ്രയോജനപ്പെടുത്താവുന്ന, ഒരു ‘വിശിഷ്ടവസ്തു’ വെറുതെ തരാമെന്ന്. അത് നിക്ഷേപിക്കാനുള്ള സ്ഥലം ഏതെങ്കിലും ഗ്രാമം നൽകണമെന്ന്’. അപ്പോൾ എല്ലാ ഗ്രാമത്തലവന്മാരും സമ്മതം മൂളി,,, വെറുതെ കിട്ടുന്നതല്ലെ?”
“എന്നിട്ടോ?”
പ്രതിപക്ഷമെമ്പർ ചോദിച്ചത്‌കേട്ട് മറ്റുള്ളവർ ബഹളം‌വെച്ചപ്പോൾ ഗ്രാമത്തലവൻ എഴുന്നേറ്റ് എല്ലാവരെയും ശാന്തരാക്കി,
“തോക്കിൽ കയറി വെടിവെക്കല്ലെ,,, ഞാൻ പറയുന്നത്,,, ശ്രദ്ധിച്ച്,,, ശ്രദ്ധിച്ച്,, കേൾക്കണം. നഗരപിതാവ് എല്ലാഗ്രാമത്തിന്റെയും ഭൂപടം‌നോക്കിയിട്ട് റോഡ്, തോട്, റെയിൽ‌പാളം എന്നിവ കണ്ടുപിടിച്ചു. ഒടുവിൽ”
“ഒടുവിൽ?”
“ഒടുവിൽ നമ്മുടെ ചേലേറും‌നാട്ടിൽ ആ പദ്ധതി സ്ഥാപിക്കാൻ തീരുമാനമായി”
നിർത്താതെയുള്ള കരഘോഷത്തിനുശേഷം അദ്ദേഹം ബാക്കി പറയാൻ തുടങ്ങി,
“നമ്മുടെ ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്; സുന്ദരികളും സുന്ദരന്മാരുമായ ജനങ്ങൾ, സുഗന്ധമുള്ള പൂക്കൾ, പറവകൾ, കൂടാതെ പട്ടണത്തിൽ നിന്ന് ഏറ്റവും അടുത്ത ഗ്രാമം,, അതായത് വെറും പത്ത് മൈൽ ദൂരം‌മാത്രം. അവർ നിക്ഷേപിക്കുന്ന ഉല്പന്നം ഉപയോഗിച്ച് അദ്ധ്വാനശീലരായ നമ്മുടെ ഗ്രാമീണർക്ക്, ‘പ്രയോജനപ്രദമായ പലതരം വസ്തുക്കൾ നിർമ്മിച്ച് സ്വന്തമായി ഉപയോഗിക്കാം’, എന്നൊക്കെയാണ്”

പ്രതിപക്ഷമെമ്പർക്ക് വീണ്ടും സംശയം ഉണർന്നു,
“ഇതൊക്കെ പറഞ്ഞിട്ട് നഗരത്തിലുള്ളവർ പെട്ടെന്ന് ഉല്പന്നം നിർത്തിയാലോ?”
“അതങ്ങനെ നഗരത്തിലുള്ളവർക്ക് നിർത്താനാവില്ല; ദിവസേന ചുരുങ്ങിയത് ഇരുപത്തി എട്ട് ലോറികളിൽ ഉല്പന്നവും അതോടൊപ്പം അതുപോലുള്ള മറ്റ് വസ്തുക്കളും എത്തിക്കും, എന്നാണ് നഗരപിതാവ് അഗ്രിമെന്റ് എഴുതിതന്നത്”
“എത്രകാലം?”
“999വർഷം”
“അതെന്താ ഒരു 999? ഇത്രയും കുറച്ച്‌കാലം മതിയോ? നമ്മുടെ മക്കൾക്കും വരാനിരിക്കുന്ന കുഞ്ഞുമക്കൾക്കും അതുകൊണ്ട് പ്രയോജനം ഉണ്ടാവേണ്ടെ?”
“അത് ഞാൻ ചോദിക്കാതിരുന്നിട്ടില്ല. അവർ പറഞ്ഞത് ‘999’ എന്ന് വെറുതെ എഴുതുന്നതാണ്, ഈ ഭൂമിയിൽ അവരുള്ള കാലത്തോളം അവരുടെ ഉല്പന്നം ഇവിടെ എത്തിക്കും എന്നാണ്. അങ്ങനെ നിങ്ങളുടെ ഗ്രാമതലവനായ ഞാൻ നമുക്കെല്ലാവർക്കും‌വേണ്ടി തീരാധാരം എഴുതി ഒപ്പിട്ട് കൊടുത്തു, ‘എന്റെ ഗ്രാമമായ ചേലേറും‌നാട്ടിൽ പട്ടണത്തിലെ ഉല്പന്നമായ ‘രാത്രിമണൽ’, 999 വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അനുവാദം നൽകുന്നു’, എന്ന്”
അത്‌കേട്ട് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“രാത്രിമണലോ? അത് എന്താണെന്ന് പറഞ്ഞില്ല”
“ഉല്പന്നത്തിന്റെ പേരാണ്, രാത്രിമണൽ”
“രാത്രിയായാലും പകലായാലും അത് എന്റെ വാർഡിൽ തന്നെ”
ഒറ്റ മീറ്റിം‌ഗിൽ‌പോലും വായതുറക്കാത്ത വനിതാമെമ്പർ അമ്മിണികുമാരി എഴുന്നേറ്റ് പറയുന്നത് കേട്ട് നാട്ടുകാർ ഒന്നടങ്കം ആശ്ചര്യപ്പെട്ടു. പെട്ടെന്ന് പ്രതിപക്ഷമമ്പർ എഴുന്നേറ്റു,
“അതെല്ലാം ആണുങ്ങൾ തീരുമാനിച്ച് കൊള്ളും”
“ആണുങ്ങളോ? ഇവിടെ പെണ്ണായ ഒരേഒരു മെമ്പർ ഞാനാണ്; അതുകൊണ്ട് എന്റെ വാർഡിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ‌പോലും ആണുങ്ങൾ തട്ടിയെടുക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിട്ടുകൊടുക്കില്ല. ഈ പദ്ധതിയെങ്കിലും എന്റെ വാർഡിൽ വേണം”
“ബഹുമാനപ്പെട്ട മെമ്പർ വനിതയാണെങ്കിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഒരു പങ്കും തരില്ല”
ഭരണകക്ഷിയിൽ‌പെട്ട കാരണവർ പറയുന്നത് കേട്ട് പ്രതിപക്ഷ യുവനേതാവ് എഴുന്നേറ്റു,
“ഞങ്ങൾ വിടില്ല, എന്റെ വാർഡിൽ എന്റെ വീട് നിൽക്കുന്നിടം വരെ ആ പദ്ധതിക്കായി ഞാൻ വെറുതെ നൽകാം”
അതുകേട്ട വടക്കെക്കര മെമ്പർ എഴുന്നേറ്റു,
“എന്റെ വാർഡിൽ പദ്ധതി തുടങ്ങണം; എന്റേതടക്കം പതിനാറ് പുരയിടത്തിന്റെ ആധാരവുമായിട്ടാ ഞാൻ വന്നത്, ഫ്രീ ആയിട്ട് സ്ഥലം നൽകാൻ”
മെമ്പർമാരുടെ തർക്കം‌കേട്ട് ഗ്രാമമുഖ്യന് ദേഷ്യം വന്നു,
“നിങ്ങളെല്ലാവരും ഇങ്ങനെ ബഹളം‌വെച്ചാൽ ‘നമുക്കീ പദ്ധതിവേണ്ട’, എന്ന് ഞാൻ നഗരപിതാവിനെ അറിയിക്കും”
പെട്ടെന്ന് എല്ലാവരും നിശബ്ദരായി,, മൊട്ടുസൂചി വീണാൽ കേൾക്കാം,,,
“നമ്മുടെ ഗ്രാമത്തിലെ വിശാലമായ രണ്ട് സ്ഥലങ്ങളാണ് ഞാൻ പദ്ധതി തുടങ്ങാനായി പറഞ്ഞുകൊടുത്തത്; അവിടെത്തെ വിശാലമായ കൃഷിയിടങ്ങളിൽ പട്ടണത്തിലെ ഉല്പന്നങ്ങൾ നമുക്ക് സംഭരിക്കാം. അങ്ങനെ പറഞ്ഞുകൊടുത്തവയിൽ”
“അത് ഏതൊക്കെയാ?”
“അതിലൊന്ന് തെക്കെക്കരയിലെ ‘നട്ടുച്ചക്കുന്ന്’, രണ്ടാമതായി ഞാൻ പറഞ്ഞത് വടക്കെക്കരയിലെ ‘പാതിരക്കാട്’. ഈ രണ്ട് സ്ഥലങ്ങളിൽ വാഹനസൌകര്യമുള്ള ‘പാതിരക്കാട്’ നഗരപിതാവിന് ഇഷ്ടമായി”
പെട്ടെന്ന് പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു, തെക്കേക്കര പ്രതിപക്ഷം ഭരിക്കുമ്പോൾ വടക്കെക്കര ഭരണപക്ഷം ഭരിക്കുന്നു. എങ്ങനെ സഹിക്കും?
അവർ മുദ്രാവാക്ക്യം വിളിച്ചുകൊണ്ട് ആൽത്തറയുടെ നടുക്കളത്തിലിറങ്ങി,
“ഭരണപക്ഷം തുലയട്ടെ,
രാക്ഷ്ട്രീയവിവേചനം കാണിക്കുന്ന ഗ്രാമമുഖ്യൻ തുലയട്ടെ,
വിട്ടുകൊടുക്കില്ലാ ഞങ്ങൾ വിട്ടുകൊടുക്കില്ലാ,
രാത്രിമണലാർക്കും വിട്ടുകൊടുക്കില്ല”
എല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഗ്രാമമുഖ്യൻ സഭ പിരിച്ചുവിടുകൊണ്ട് അറിയിപ്പ് നൽകി,
“ആരും പ്രശ്നമുണ്ടാക്കരുത്, നഗരത്തിലെ വണ്ടികൾ നാളെമുതൽ ‘രാത്രിമണലുമായി’ പാതിരക്കാട്ടിൽ വരും, ആവശ്യക്കാർക്ക് അവിടെപോയി എടുത്ത് ഉപയോഗിക്കാം. സഭ പിരിച്ചുവിട്ടിരിക്കുന്നു”
                               ഗ്രാമമുഖൻ സ്ഥലം‌വിട്ടെങ്കിലും ഗ്രാമവാസികൾ കൂട്ടം‌കൂടി ചർച്ച ചെയ്യുകയാണ്; പുതിയ പദ്ധതിയുടെ പുത്തൻ ഉല്പന്നവുമായി നാളെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികൾക്ക് സ്വീകരണം നൽകാൻ ഭരണപക്ഷം തീരുമാനിച്ചപ്പോൾ ഉല്പന്നവുമായി വരുന്ന വണ്ടി പിടിച്ചെടുത്ത് നേരെ നട്ടുച്ചക്കുന്നിലെത്തിക്കാനുള്ള സൂത്രങ്ങൾ പ്രതിപക്ഷം ഒത്ത്‌ചേർന്ന് ആസൂത്രണം ചെയ്തു.
                               രാത്രി ഉറക്കം വരാതെ കിടന്ന നഗരവാസികൾ അതിരാവിലെതന്നെ പഴങ്കഞ്ഞി കുടിച്ച് റോഡരികിൽ എത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ വന്ന ഭരണപക്ഷത്തിന്റെ നേതാവായി പൂമാലയേന്തിക്കൊണ്ട് ഗ്രാമമുഖ്യൻ മുന്നിലുണ്ട്. ആദ്യം വരുന്ന വണ്ടിയെ മാലയിട്ട് സ്വീകരിക്കുമ്പോൾ പൊട്ടിക്കാനുള്ള പടക്കങ്ങളും തയ്യാർ. അതുപോലെ ഒളിപ്പിച്ച്‌വെച്ച പടക്കങ്ങളും ബോംബുകളുമായി പ്രതിപക്ഷങ്ങൾ കാണാമറയത്തുണ്ട്; വരുന്ന വാഹനത്തെ പിടിച്ചെടുത്ത് റൂട്ട്‌മാറ്റി ഓടിച്ച് നട്ടുച്ചക്കുന്നിലെത്തിക്കാൻ കഴിവുള്ള ഡ്രൈവർമാരും തയ്യാർ.

                             സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കെ ദൂരേനിന്നും അടച്ചുപൂട്ടിയ ലോറികൾ വരാൻ തുടങ്ങി. ആദ്യവണ്ടി അടുത്തെത്താറായപ്പോൾ കാത്തുനിന്നവർക്കെല്ലാം ചെറിയൊരു ദുർഗന്ധം. വണ്ടി അടുത്തെത്തിയപ്പോൾ ദുർഗന്ധം വർദ്ധിച്ച്, വർദ്ധിച്ച്,, സഹിക്കാൻ പറ്റാതായി; പ്രതിപക്ഷവും ഭരണപക്ഷവും നേരത്തെ തീരുമാനിച്ച കാര്യങ്ങളെല്ലാം മറന്ന് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് സ്വന്തം മൂക്കിന്റെ ഇരുദ്വാരങ്ങളും ശക്തമായി അടച്ചുപിടിച്ചു.
അവർ പടക്കം പൊട്ടിക്കാൻ മറന്നു,
ബോം‌ബെറിയാൻ മറന്നു,
ഹാരമണിയിക്കാൻ മറന്നു,
സ്വാഗതഗാനം പാടാൻ മറന്നു,
അസഹനീയമായ നാറ്റം കാരണം, ശുദ്ധവായു ലഭിക്കുന്ന ഇടം‌തേടി പൊതുജനം നേട്ടോട്ടമായി.
മുന്നിൽ‌നിർത്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയോ?
അത് പപ്പാന്റെ ആജ്ഞകൾ മറികടന്ന് ഓടി,, നേരെ കിഴക്കൻ ‌കാട്ടിലേക്ക്,,,, ഒപ്പം തോട്ടിയുമായി പപ്പാനും പിന്നാലെ,,,

എന്നാൽ,,, കർമ്മനിരതരായ ഗ്രാമമുഖ്യനും മെമ്പർമാരും മൂക്കുപൊത്തിക്കൊണ്ട് വണ്ടിയുടെ മുന്നിൽ നിൽക്കുകയാണ്. മുന്നിൽ നിർത്തിയ വണ്ടിയിൽ‌നിന്ന് ഡ്രൈവറും കിളിയും ഇറങ്ങിവന്ന് ഗ്രാമമുഖ്യനെ സമീപിച്ചു,
“ഞങ്ങൾ നഗരത്തിലെ ഉല്പന്നവുമായി വന്നവരാണ്, പാതിരക്കാട്ടിലേക്ക്,,,”
“ഇതാണൊ ഉല്പന്നം? ഇതെന്താണ്?”
“മനുഷ്യമലം, രാത്രി ഉറങ്ങുന്ന പട്ടണവാസികൾ അതിരാവിലെ വെളിയിൽ വിടുന്നത്”
“ഇതൊന്നും നമുക്ക് വേണ്ട, വേണമെങ്കിൽ ഇതിലും‌കൂടുതൽ അങ്ങോട്ട് തന്നയക്കാം”
ഗ്രാമമുഖ്യൻ പറഞ്ഞതുകേട്ടപ്പോൾ ഡ്രൈവർ ‘രേഖ’ ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു,
“ഈ രേഖയുടെ ചുവട്ടിൽ ഒപ്പിട്ടത് നിങ്ങളല്ലെ?”
“അതെ,, പക്ഷെ അത് ഇതാണെന്ന് പറഞ്ഞില്ല, ഞാനൊപ്പിട്ടത് രാത്രിമണൽ ഇറക്കുമതി ചെയ്യാനാണ്”
“സാറെ ആ സാധനം തന്നെയാ ഇതിനകത്ത് നിറയെ ഉള്ളത്,,, 999 വർഷത്തേക്ക് പാതിരക്കാട്ടിൽ ‘രാത്രിമണൽ’ അതായത് ‘നൈറ്റ്‌സോയിൽ’ എന്ന് ഇംഗ്ലീഷിൽ പറയുന്ന ‘മനുഷ്യമലം’ ഇറക്കുമതി ചെയ്യാനുള്ള അനുവാദം തന്നത് നിങ്ങൾ തന്നെയാ. ഇനിയത് ഒരിക്കലും മാറ്റാനാവില്ല”
പരസ്പരവൈരം മറന്നുകൊണ്ട്, രാത്രിമണൽ പാതിരക്കാട്ടിലേക്ക് നീങ്ങുന്നത് അവർ നോക്കിനിന്നു.
                 **********************************************

പിൻ‌കുറിപ്പ്:
ഇത് കഥയായി എഴുതിയെങ്കിലും ചേലേറും‌നാട്ടിലെ പഴയതലമുറക്ക് അറിയുന്ന പരമമായ സത്യമാണ്. പട്ടണത്തിലെ മാലിന്യം ഗ്രാമത്തിൽ എത്തിയതിന്റെ പിന്നിലുള്ള ചരിത്രസത്യങ്ങൾ തേടിയപ്പോൾ എത്തിച്ചേർന്നത്. ‘നൈറ്റ്‌സോയിൽ’ വരവ് നിലച്ചെങ്കിലും പട്ടണത്തിലെ മാലിന്യങ്ങളെല്ലാം ഇന്നും ‘ചേലേറും‌നാട്ടിലെ പാതിരക്കാട്ടിൽ’ വന്നുകൊണ്ടേയിരിക്കുന്നു. മണ്ണും ജലവും വായുവും മലിനമായതോടെ ചേലേറും‌നാട്ടിലെ ജനങ്ങൾ, വീടും നാടും ഉപേക്ഷിച്ച് പുതിയ സ്ഥലത്ത് ചേക്കേറാൻ തുടങ്ങി.
ചേലേറും‌നാട്ടിലെ എന്റെ പ്രീയപ്പെട്ട ഗ്രാമീണർക്കായി ഈ കഥ സമർപ്പിക്കുന്നു.

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”

10/16/11

കവിയരങ്ങ് അഥവാ കളിയരങ്ങ്

“എടി നാരായണി, നീയിങ്ങ് വന്നേ,,, നിനക്കൊരു സന്തോഷവാർത്ത കേൾക്കണോ?”
ഭർത്താവ് നാരായണൻ മാസ്റ്ററുടെ വിളി കേട്ടപ്പോൾ തുണിയലക്കിക്കൊണ്ടിരിക്കുന്ന നാരായണി ടീച്ചർ, വീടിന്റെ പിന്നിൽ‌നിന്നും സ്വന്തം സാരിയുടെ അറ്റം പിഴിഞ്ഞുകൊണ്ട് ഓടിവന്നു,
“അല്ല മനുഷ്യാ, ഇങ്ങനെ വിളിച്ചാൽ ഞാൻ പേടിച്ച് പോകും. പൈപ്പ് തൊറന്ന് വെച്ചിരിക്കയാ”
“അത് പിന്നെ”
“വേഗം പറഞ്ഞ് തൊലക്ക്, അത് പിന്നെ”
“ഇന്ന് വായനശാലയിൽ പോയപ്പോഴാണ് കാര്യം അറിഞ്ഞത്”
“എന്ത് കാര്യം?”
“നാളെ നമ്മുടെ വീട്ടിൽ ഒരു കവി വരുന്നു, മഹാകവി”
“ആര്?”
“നിനക്കറിയില്ലെ നമ്മുടെ നാട്ടുകാരനായ ഒരേയൊരു കവി,, നമ്മുടെ ഗ്രാമത്തിന്റെ രോമാഞ്ചതിലകം; ഈ ഗ്രാമത്തിൽ ജനിച്ച അവൻ മഹാകവി ആയതിനുശേഷം ആദ്യമായി സ്വന്തം നാട്ടിൽ വരുന്നുണ്ട്”
“ഓ,,, വീട്ടീന്ന് അച്ഛനുമായി വഴക്കിട്ട് നാടുവിട്ട തിലകത്തിന് ഇപ്പോൾ വീട്ടുകാരെ കാണാനുള്ള മോഹം തോന്നിയിരിക്കും”
“അയാൾ വരുന്നത് വീട്ടുകാരെ കാണാനൊന്നുമല്ല, വീട്ടിലോട്ട് പോകത്തുമില്ല. അദ്ദേഹം നാളെ നമ്മുടെ വായനശാലയുടെ വാർഷികത്തിന് പ്രാസംഗികനായി വരുന്നതാണ്”
“തിലകനെന്താ,, ഈ വീട്ടിൽ കാര്യം?”
“എടി, വായനശാലയുടെ മെമ്പേർസിന്റെ കൂട്ടത്തിൽ വീട്ടിൽ ഒരാളെ താമസിപ്പിക്കാൻ സൌകര്യമുള്ളത് എനിക്കാണല്ലൊ; പെൻഷൻ പറ്റിയ നമ്മൾ രണ്ടാൾ മാത്രമുള്ളതിനാൽ ‘ഏറ്റവും അടുത്തുള്ള നാരായണൻ മാഷിന്റെ വീട്ടിൽ ഏതാനും മണിക്കൂർ തങ്ങാൻ മഹാകവിയെ അനുവദിക്കണമെന്ന്’ പ്രസിഡണ്ട് പറഞ്ഞപ്പോൾ ഞാനങ്ങ് സമ്മതിച്ചു”
“എപ്പോഴായിരിക്കും ഈ കവിയുടെ വരവ്? പിന്നെ അയാൾക്ക് സ്വന്തം വീട് അടുത്തല്ലെ, അവിടെ താമസിച്ചാൽ പോരെ?”
ഇവളൊക്കെ ടീച്ചറായിട്ട് എന്ത് കാര്യം? കവിതയുടെ ആറയലത്ത്‌പോലും പോകാത്ത ഇവൾ കവിയെ എങ്ങനെ ബഹുമാനിക്കും? ഒരു മഹാകവിയെ വീട്ടിൽ താമസിപ്പിക്കുന്നത് ഒരു മഹാഭാഗ്യമായാണ് വായനശാല സെക്രട്ടറി പറഞ്ഞത്. അതൊക്കെ ഇവളോട് പറഞ്ഞാൽ തലയിൽ കടക്കുമോ?
“നമ്മള് ഭക്ഷണമൊന്നും കൊടുക്കേണ്ട, നാല് മണിക്ക് ട്രെയിനിന്ന് ഇറങ്ങിയ കവിയെ നേരെ ഇങ്ങോട്ട് കൂട്ടിവരും. പിന്നെ ചായയൊന്നും വേണ്ടെന്നാ പറഞ്ഞത്, വിശ്രമിക്കാനൊരിടം. രാത്രി എട്ട് മണിക്ക് അവർ വന്ന് സമ്മേളനസ്ഥലത്തേക്ക് കൊണ്ടുപോയിക്കൊള്ളും”
“എന്തെങ്കിലും ചെയ്യ്, വരാന്തയിലെ ഓഫീസ്‌റൂമിൽ ഇരുത്തിയാൽ മതി”
നാരായണി ടീച്ചർ സാരി ഒന്നുകൂടി പിഴിഞ്ഞുകൊണ്ട് സ്ഥലം വിട്ടു.

                             കൂടുതൽ ഒടക്കാതെ അവൾ സമ്മതിച്ചതിൽ ആശ്വാസം തോന്നി. കവിക്ക് സ്വന്തം‌വീട് തൊട്ടടുത്ത് ഉണ്ടെങ്കിലും അദ്ദേഹത്തിന് അതൊരു ബാലികേറാമലയാണെന്ന് തന്റെ ഭാര്യ നാരായണിക്ക് മാത്രമല്ല, നാട്ടിലെ കൊച്ചുകുഞ്ഞിനു പോലുമറിയാം. സ്വന്തം അച്ഛനുമായി അടിച്ചു പിരിഞ്ഞ കവി, അച്ഛൻ മരിച്ചിട്ട്‌പോലും ആ വീട്ടിൽ കാല്‌കുത്തിയിട്ടില്ല. ഇപ്പോൾ ജനിച്ച് വളർന്ന ഗ്രാമത്തിലെ വായനശാലയിൽ വന്നാലും സ്വന്തം വീട്ടിൽ പോകാനിടയില്ല എന്ന് ഉറപ്പാണ്.

                            നാടും വീടും വിട്ടവനാണെങ്കിലും ഗ്രാമത്തിലെ പൌരന്മാരുടെ ആവേശമായ കവിയുടെ വരവ് പ്രമാണിച്ച് ഒരുക്കങ്ങളായിരുന്നു പിന്നീട് നാരായണൻ മാസ്റ്ററുടെ വീട്ടിൽ നടന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ കന്യകാത്വം വിട്ടുമാറാത്ത ചുമരുകൾക്ക് വെള്ളപൂശേണ്ടി വന്നില്ലെങ്കിലും തറ വൃത്തിയാക്കുന്ന തറപണികൾ നാരായണൻ മാസ്റ്റർ തന്നെ ചെയ്തു; ‘ടീച്ചർക്ക് മുട്ടുവേദന വന്നാൽ സഹിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലൊ’. പിന്നെ ഇത്തിരി ഒരുക്കങ്ങൾ‌കൂടി ആ വീട്ടിൽ ചെയ്തപ്പോൾ ആകെമൊത്തം മൂന്നാം കെട്ടുകാരനെപോലെ മൊഞ്ചുള്ളതായി മാറി.

                            പിറ്റേദിവസം ഉച്ച കഴിഞ്ഞപ്പോൾ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയിട്ട് നാരായണിടീച്ചർ കാത്തിരുന്നു. നാട്ടുകാരനായ മഹാകവിയെയും കൂട്ടി അദ്ദേഹം ഏത്‌നേരവും കടന്നുവരാം. അങ്ങനെ വഴിക്കണ്ണും നോക്കിയുള്ള കാത്തിരിപ്പിന് വിരാമമിട്ടത് കൃത്യം അഞ്ച് മണിയായപ്പോഴാണ്. നാരായണൻ മാസ്റ്ററും കവിയും സംസാരിച്ചുകൊണ്ട് നടന്നു വരുമ്പോൾ പിന്നാലെ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ കൂടിയുണ്ട്. പ്രായം കൂടിയിട്ടുണ്ടെങ്കിലും മഹാകവിയുടെ കവിതകൾ ചെറുപ്പക്കാർക്ക് ഇന്നും ഒരു ആവേശമാണ്.

                             അക്ഷരങ്ങളെടുത്ത് അമ്മാനമാടുന്ന കവിയോടൊപ്പം എവറസ്റ്റ് കൊടുമുടിയിൽ കയറിയ ഭാവത്തോടെ മാസ്റ്റർ വന്നപ്പോൾ ടീച്ചർ നിലവിളക്ക് കത്തിച്ച് എല്ലാവരെയും സ്വാഗതം ചെയ്തു. എന്നാൽ ‘മുൻ‌പിൻ നോക്കാതെ’ ഒരു വാക്കുപോലും ഉരിയാടാതെ എല്ലാവരും ചേർന്ന് കവിയെ നേരെ ഓഫീസ് റൂമിലേക്ക് ആനയിയിച്ചു. അവിടെയുള്ള സോഫയിൽ നീണ്ടുനിവർന്ന് കൂടെ കൊണ്ടുവന്ന തുണിസഞ്ചി കെട്ടിപ്പിടിച്ചുകൊണ്ട് കിടന്ന കവിയോട് മാസ്റ്റർ ചോദിച്ചു,
“എന്താണ് വേണ്ടതെന്ന് അറിയിച്ചാൽ,,,”
“ഒന്നും വേണ്ട, എത്രമണിക്കാ മീറ്റിംഗ്?”
“എട്ട് മണിക്ക്”
“എന്നാൽ കൃത്യം ഏഴെ മുപ്പതിന് എന്നെ വിളിച്ചാൽ മതി, അതുവരെ ഞാനൊന്ന് ഉറങ്ങട്ടെ”
“അത് പിന്നെ നമ്മളിവിടെ ഇരിക്കണോ?”
“പോയീനെടാ എല്ലാരും, ഒരുത്തനും എന്നെ ശല്യം ചെയ്യാൻ വരരുത്”
ആ വാക്കിന്റെ ഞെട്ടലിൽ എല്ലാവരും മുറിവിട്ട് വെളിയിലിറങ്ങി; കവി ഉറങ്ങുകയാണല്ലൊ,
നാരായണൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“വാതിൽ അടക്കുകയാണ്, ലോക്ക് ചെയ്തിട്ടില്ല. ഇവരുടെ കൂടെ ഞാനും ഇറങ്ങുകയാ; ഏഴ് മണി കഴിഞ്ഞ് നമ്മൾ വരുന്നതുവരെ അദ്ദേഹം ഉറക്കമായിരിക്കും. നീ വാതിലടച്ച് അകത്തിരുന്നൊ”
“അത് എന്തെങ്കിലും ആവശ്യം വന്നാൽ?”
“അങ്ങനെ ഒരാവശ്യവും വരില്ല; ടീച്ചർ ധൈര്യമായിരുന്നോ”
വായനശാല സെക്രട്ടറിയുടെ വാക്കുകൾ കേട്ടപ്പോൾ കൂടുതലായൊന്നും ചോദിക്കാൻ ടീച്ചർക്ക് തോന്നിയില്ല. അപ്പോഴേക്കും മാസ്റ്ററോടൊപ്പം മറ്റുള്ളവരും മുറ്റത്തിറങ്ങി നടന്നിരുന്നു.

                             കൃത്യം ഏഴ് മണി കഴിഞ്ഞ് ഇരുപത് മിനിട്ട് ആയപ്പോൾ നാരായണൻ മാസ്റ്ററും സുഹൃത്ത് ദേവരാജനും വീട്ടിലെത്തിയിട്ട് മഹാകവി പള്ളിവിശ്രമം കൊള്ളുന്ന അറയുടെ വാതിൽ തുറന്നു. അവിടെ കണ്ട കാഴ്ചകൾ മാസ്റ്ററുടെ മനസ്സിൽ ആകെയൊരു ഞെട്ടലുണ്ടാക്കി. ഒരു താപസനെപോലെ പത്മാസനത്തിലിരിക്കുന്ന കവി, അദ്ദേഹത്തിന്റെ ചുറ്റും കടലാസുകളനവധി ചിതറിക്കിടക്കുന്നു. തൊട്ടടുത്ത് ഒരു കുപ്പിയിൽ അല്പം ചുവന്ന ദ്രാവകം, നിലമാകെ ചർദ്ദിച്ച് നാശമാക്കിയിരിക്കുന്നു. ‘അപ്പോൾ ഇതൊക്കെയായിരിക്കും ആ സഞ്ചിയിൽ ഒളിപ്പിച്ചത്’!
ഒച്ചകേട്ടപ്പോൾ തൃക്കണ്ണ് തുറന്ന് അവരെ ദർശിച്ച കവി ആജ്ഞാപിച്ചു,
“മഹാഭാരതം കൊണ്ടുവാ”
“അത് ഇപ്പോൾ ഈ വീട്ടിലില്ല, വായനശാലയിൽ നിന്ന് സംഘടിപ്പിച്ചാൽ മതിയോ?”
“പോരാ,,, എങ്കിൽ രാമായണം കൊണ്ടുവാ?”
“അതും ഇവിടെയില്ല”
“ഇതൊന്നുമില്ലാതെ തന്റെ വീടെന്ത് ഭവനമാണെടോ?, പിന്നെ എന്തോന്നാടാ ഇവിടെയുള്ളത്?”
“അത് കൃഷ്ണഗാഥ മതിയോ?”
“എന്നാൽ അതെങ്കിലും ഇരിക്കട്ടെ, കൊണ്ടുവാ?”
അകത്തേക്ക് ഓടിപ്പോയി അലമാരയുടെ അടിത്തട്ടിൽ നിന്ന് കൃഷ്ണഗാഥ പൊടിതട്ടിയെടുക്കുമ്പോൾ മാസ്റ്റർ ചിന്തിച്ചു,
‘ഈ മഹാകവിക്കെന്തിനാണ് ഈ കൃഷ്ണഗാഥ?’

                           കവിയുടെ കൈയിൽ പുസ്തകം കിട്ടിയ ഉടനെ, മാസ്റ്റർ ഭംഗിയായി പൊതിഞ്ഞ കൃഷ്ണഗാഥയുടെ പുറം‌കവർ അഴിച്ചശേഷം അല്പനേരം ധ്യാനിച്ചുകൊണ്ട് ഒരു പേജ് തുറന്നു. പിന്നീട് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞ ഒരു കടലാസും പേനയും പുറത്തെടുത്തു. ചുരുട്ടിയ കടലാസ് നിവർത്തി അതിന്റെ പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് കൃഷ്ണഗാഥയിലെ ഗോപികാദുഃഖം നിവർത്തിയിട്ട് അതിലെ വരികൾ എഴുതാൻ തുടങ്ങി,
‘കാലമോ പോകുന്നു യൗവനമിങ്ങനെ
നാളെയുമില്ലെന്നതോർ‌ക്കേണമേ.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം നാം.’
പിന്നീട് മറ്റൊരു പേജ് തുറന്ന് അതും പകർത്തി എഴുതാൻ തുടങ്ങിയപ്പോൾ കാണികളായ രണ്ട് പേരുടെയും ആശ്ചര്യം അതിരുകവിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ തലയുയർത്തിക്കൊണ്ട് ഒരു ചോദ്യം,
“എപ്പൊഴാ മിറ്റിംഗ്?’
“എട്ട് മണിക്ക്”
“ഇവിടെന്ന് നടന്നെത്താൻ എത്ര സമയം വേണം?”
“അഞ്ച് മിനിട്ട്, അത് പിന്നെ കാറ് ഏർപ്പാടാക്കിയിട്ടുണ്ട്”
“ശരി, എട്ട് മണിക്ക് ആറ് മിനിട്ടുള്ളപ്പോൾ വിളിച്ചാൽ മതി”
“അതിനിടയിൽ കുളിച്ച് ഭക്ഷണം കഴിക്കണ്ടെ?”
“കുളിയും ഭക്ഷണവും,,, ആവക കാര്യങ്ങളൊക്കെ ഉപേക്ഷിച്ചിട്ട് കാലമേറെയായി”
കുളിയുടെ കാര്യം തീരെയില്ലെന്ന്, അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും പരന്ന ഗന്ധം കൊണ്ട് മറ്റുള്ളവർക്ക് മനസ്സിലായിരുന്നു.
                         പറഞ്ഞ സമയത്ത്‌‌തന്നെ വാതിൽ തുറന്ന് കവി വരാന്തയിൽ ഇറങ്ങിയപ്പോൾ നാരായണൻ മാസ്റ്റർക്ക് വളരെ സന്തോഷമായി. ടീച്ചർ കവിയുടെ മുന്നിൽ ഇറങ്ങുന്നില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്; എന്തെങ്കിലും ആവട്ടെ,,, കവിതയുടെ ഗന്ധമറിയാത്തവൾ കവിയുടെ ഗന്ധമറിഞ്ഞ് മുഖം തിരിക്കേണ്ട.

                      കാറിൽ കയറാൻ മുന്നോട്ട് നടന്ന കവി, കാറിനെ സമീപിച്ചപ്പോൾ തുറന്ന വാതിലും പിടിച്ച് അങ്ങനെത്തന്നെ നിൽക്കുന്നു! അകത്തുകയറാതെ മാസ്റ്ററോട് പറഞ്ഞു,
“ഞാൻ മീറ്റിംഗിനു വരണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാനോ?”
“ജനിച്ചുവളർന്ന എന്റെ നാട്ടിലെ, എന്റെ പ്രീയപ്പെട്ട മണ്ണിനെ പാദങ്ങൾ‌കൊണ്ട് അശുദ്ധമാക്കിയിട്ട് ഞാൻ നടക്കുകയില്ല. എന്നെ എടുക്കണം”
“അതിന് കാറിൽ പോയാൽ പോരെ?”
“ആധുനിക ജീവിതത്തിന്റെ വിസർജ്ജ്യങ്ങളൊന്നും ഞാൻ സ്വീകരിക്കില്ല. നാട്ടുകാരുടെ മുന്നിൽ ഞാൻ പ്രസംഗിക്കണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാം????”
                       മഹാകവിയെ ചുമലിലേറ്റി നടക്കുന്ന ദേവരാജനെ കണ്ടപ്പോൾ നാരായണൻ മാസ്റ്റർക്ക് ഓർമ്മവന്നത് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെയാണ്. ‘ഈ ദൃശ്യം നാട്ടുകാരൊന്നും കാണരുതേ’ എന്ന് ദേവരാജനും നാരായണൻ മാസ്റ്ററും ഉള്ളുരുകി പ്രാർത്ഥിച്ചു. മഹാഭാരവും വഹിച്ച് അലങ്കരിച്ച വേദിക്ക് പിൻ‌വശത്ത് ഇരുട്ടിൽ കവിയെ താഴെ നിർത്തിയപ്പോൾ ഒന്നും സംഭവിക്കാത്തമട്ടിൽ ഒരു നന്ദിവാക്ക്പോലും പറയാതെ ജുബ്ബയിലെ പൊടിതട്ടിക്കൊണ്ട് നാടിന്റെ കവി നേരെ വേദിയിലേക്ക് നടന്നു.

ചടങ്ങുകൾ നടക്കുകയാണ്,
പ്രാർത്ഥന,
സ്വാഗതം,
അദ്ധ്യക്ഷ പ്രസംഗം,
ഉദ്‌ഘാടനം,
ഒടുവിൽ നാട്ടുകാരുടെ കരഘോഷത്തോടെ നാട്ടുകാരുടെ കവി മൈക്കിനു മുന്നിൽ എത്തി. നീളൻ ജുബ്ബയുടെ ഓരോ പോക്കറ്റും തപ്പാൻ തുടങ്ങിയപ്പോൾ കടലാസ്തുണ്ട് കൈയിൽ തടഞ്ഞു. അതും ഉയർത്തിപ്പിടിച്ച് മൈക്കൊന്ന് നന്നായി കുലുക്കിയശേഷം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരെ,, ഞാനിവിടെ വണ്ടിയിറങ്ങിയിട്ട്, അടുത്തൊരു വീട്ടിൽ വിശ്രമിക്കുന്ന നേരത്ത്, എന്റെ മനസ്സിൽ ഒരു കവിത വിരിഞ്ഞു. എന്റെ സ്വന്തം മണ്ണിൽ‌ കാല്‌കുത്തിയപ്പോൾ മനസ്സിലേക്കുയർന്ന ആ കവിത കടലാസിൽ പകർത്തിയിട്ട് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്, എന്റെ സ്വന്തം കവിത.
അദ്ദേഹം കടലാസ് നിവർത്തി അത്‌നോക്കി ഉച്ചത്തിൽ നീട്ടി പാടാൻ തുടങ്ങി,
‘കാലമോ പോകുന്നു,,, യൗവനമിങ്ങനെ
നാളെയുമില്ലെന്നത്യ്,,, ഓർ‌ക്കേണമേ,,,.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞ്,,, ഇപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം,,, നാം.
ഏറെ മദിച്ചു; തുടങ്ങിനാൽ,,, ഇങ്ങനെ
വേറൊന്നയാകുമിക്കാരിയമേ,,,,.
ആപത്തിന്‍മൂലം,,, അഹങ്കാരം അന്നുള്ള
താരുമറിയാതിന്നാരി,,, മാരോ;
ദീനത പോന്നിവർ‌ക്ക്,,, എത്തുന്നതിൻ മുമ്പേ
ഞാനിമ്മദംതന്നെ,,,, പോക്കവേണം’
നാരായണൻ മാസ്റ്റർ ഞെട്ടി; തന്റെ വീട്ടിലെ കൃഷ്ണഗാഥയിൽ നിന്നും പകർത്തി എഴുതിയ വരികൾ!! അത് സ്വന്തം കവിതയാണെന്ന് പറഞ്ഞ്, പുതിയ താളത്തിൽ നീട്ടിപ്പാടുകയാണ്. നാടിന്റെ സ്വന്തം കവി,,, കവിത ഒരു കളിയരങ്ങായി മാറുകയാണ്.

പിൻ‌കുറിപ്പ്:
നാരായണി നാരായണന്മാരുടെ ചരിത്രത്തിലെ ഒരു അപൂർവ്വസംഭവം വായിക്കാൻ...

നാരായണീയം ഹരിശ്രീ


 

9/23/11

മൊബൈൽ ഗർഭം

         കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ,,,
നാട്ടിലുള്ള ഒട്ടുമിക്ക അമ്പലങ്ങളും സന്ദർശ്ശിച്ച് എല്ലാ നേർച്ചകളും അവർ നടത്തി;
എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല.
നാട്ടിലുള്ള അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളെല്ലാം അവരെ ചികിത്സിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാട്ടിലുള്ള നാട്ടുവൈദ്യന്മാരെ കണ്ടപ്പോൾ നൽകിയ അരിഷ്ടം, ആസവം, രസായനം, ലേഹ്യം, പൊടിമരുന്ന്, അരമരുന്ന്, വെടിമരുന്ന് ആദിയായവ അവർ സേവിച്ചു;
എന്നിട്ടും ഫലമുണ്ടായില്ല.
നാടൻ വൈറ്റാട്ടിമാരും അമ്മൂമ്മമാരും നൽകിയ ഉപദേശങ്ങൾ അതേപടി കേൾക്കുകയും പാലിക്കുകയും ചെയ്തു;
എന്നിട്ടും ഫലമുണ്ടായില്ല.

ഒടുവിൽ,,,
അയാൾ അവൾക്കൊരു ‘മൊബൈൽ‌ഫോൺ’ വാങ്ങിക്കൊടുത്തു
“എന്തേ???”
“അത് മൊബൈൽ കാരണം പെൺ‌കുട്ടികൾ ഗർഭിണികളാവുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു”

8/28/11

കിരീടത്തിന്റെ വഴികൾ


                            
                             പള്ളിമേടയിൽ നിന്ന് വെളിയിലേക്കിറങ്ങാൻ നേരത്ത് തന്റെ മുന്നിലേക്ക് വന്ന ആളെ, കണ്ടപ്പോൾ അച്ചനൊന്ന് ഞെട്ടി. ഇടവകയിലെ കൂട്ടം തെറ്റിയ കുഞ്ഞാടുകളിൽ ഒരുവൻ,,, വലിയ പണക്കാരൻ,,, അനേകം ക്വൊട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവൻ.
പതുക്കെ നടന്നുവന്ന,,, ആ കുഞ്ഞാട്,, ചുറ്റുപാടും നിരീക്ഷിച്ചശേഷം അച്ചനോട് പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ എനിക്കൊന്ന് കുമ്പസാരിക്കണം”
“അതിനെന്താ മകനെ, ഇപ്പോൾ‌തന്നെ ആകാമല്ലൊ”

                    മാനസാന്തരം വരാൻ പോകുന്ന ആ കുഞ്ഞാടിനെയും കൂട്ടി, അച്ചൻ നേരെ കുമ്പസാരക്കൂട്ടിനടുത്തേക്ക് പോയി. അവിടെ ഇരിക്കുന്നതിനുമുൻപ് അച്ചൻ കുഞ്ഞാടിനോട് പറഞ്ഞു,
“മകനെ എല്ലാം തുറന്നുപറയുക, നിന്റെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാൽ കർത്താവ് നിനക്ക് പാപമോചനം നൽകും”
“ഫാദർ ഞാനിവിടെ വന്നത് എന്റെ ഓരോ പാപത്തെക്കുറിച്ചും പറഞ്ഞ് കുമ്പസാരം നടത്താനല്ല. അതൊക്കെ പറയാൻ തുടങ്ങിയാൽ ഇവിടെയിരിക്കുന്ന അച്ചൻ മാത്രമല്ല, കർത്താവ് പോലും ഈ പള്ളിയിൽ നിന്ന് ഇറങ്ങി ഓടിക്കളയും”
“പിന്നെ എന്താണ് മകനെ, നിന്റെ വരവിന്റെ ഉദ്ദേശ്യം?”
അച്ചന് അല്പം ഭയം തോന്നി, നാടിനെ വിറപ്പിക്കുന്നവനാണ്. എങ്കിലും കളവ്, പിടിച്ചുപറി, കൊലപാതകം, പീഡനം എന്നിവയിൽ പോലീസ് കേസൊന്നും ഇല്ലാത്തവനാണ്.
“അച്ചാ പള്ളിയിലേക്ക് എന്റെ വക ഒരു സംഭാവന തരട്ടെ?”
“അതിനെന്താ മകനെ നീ ഭയപ്പെടുന്നത്? ദൈവം നിന്നെ അനുഗ്രഹിക്കും, സ്തോത്രം”
“അത് ഞാനാണ് നൽകിയതെന്ന് മറ്റാരും അറിയാൻ പാടില്ല, ഇടവകയിൽ വസിക്കുന്ന മാനസാന്തരം വന്ന ഒരു പാപിയാണെന്ന് പറഞ്ഞാൽ മതിയച്ചൊ”
“അങ്ങനെയായാൽ മറ്റുള്ളവർ എന്ത് വിചാരിക്കും മകനെ?”
“നാളെ രാവിലെ ഞായറാഴ്ച, കുർബാന തുടങ്ങുന്നതിന് മുൻപ് ഞാനിവിടെ വന്നിട്ട് അത് അച്ചനെ ഏല്പിക്കും; അച്ചൻ അല്പം നേരത്തെ വന്നാൽ മതി”
“അപ്പോൾ മകനെ നിന്റെ സംഭാവന എന്താണെന്ന് എന്നോട് പറഞ്ഞില്ലല്ലൊ”
“അത് കർത്താവിന്റെ തലയിൽ ചാർത്താനുള്ള ഒരു കിരീടമാണച്ചോ, അച്ചൻ എല്ലാവരുടെയും മുന്നിൽ വെച്ച് വിശുദ്ധരൂപത്തെ കിരീടമണിയിച്ചിട്ട് പറയണം, ‘ഇടവകയിൽ വസിക്കുന്ന, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വകയാണെന്ന്’. എന്റെ ഒരു ആഗ്രഹമാണച്ചൊ”
“മുൾക്കിരീടം അണിയുന്നവന് മറ്റൊരു കിരീടം എന്തിനാണ് മകനെ?”
“എന്റെ ഒരു ആഗ്രഹമാണച്ചോ, നാളെ, ഞാൻ തരുന്ന സ്വർണ്ണക്കിരീടം കർത്താവിന്റെ തലയിൽ ചാർത്തണം”
“അത്, കിരീടം?”
“അതെ അച്ചാ ഞാനിപ്പോൾ പോവുകയാ, അതിരാവിലെ സ്വർണ്ണക്കിരീടവുമായി ഞാൻ വരാം”
                     അച്ചന് അളവറ്റ സന്തോഷം തോന്നി; കർത്താവിന്റെ പാത അനുസരിക്കാത്തവനാണെങ്കിലും അവനിങ്ങനെ തോന്നിയല്ലൊ. ‘ഇടവകയിലെ വിശ്വാസികൾ പള്ളിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല’ എന്ന പരാതി തനിക്ക് മേലെയുള്ളവർക്ക് ഇനി ഉണ്ടാവില്ലല്ലൊ.

                    പിറ്റേദിവസം പതിവിലും നേരത്തെ കപ്യാർ വരുന്നതിന് മുൻപ്‌തന്നെ പള്ളിയങ്കണത്തിൽ എത്തിയ അച്ചൻ കണ്ടു; തന്നെയും പ്രതീക്ഷിച്ച്, തലേദിവസം വന്ന കുഞ്ഞാട് ഒരു സഞ്ചിയുമായി നിൽക്കുന്നു!
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചാ”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, മകനെ കർത്താവിന്റെ അനുഗ്രഹം എന്നും നിന്നിലുണ്ടാവും”
പള്ളിവാതിൽ തുറന്ന് രണ്ട്‌പേരും അകത്ത് പ്രവേശിച്ച ഉടനെ അയാൾ അച്ചനോട് പറഞ്ഞു,
“അച്ചോ എനിക്ക് പോകാൻ ദൃതിയുണ്ട്, ഈ പൊതി അച്ചൻ വാങ്ങിയാലും”
“മകനെ അത് പൊതുജനത്തിന്റെ മുന്നിൽ‌വെച്ച് നീതന്നെ കർത്താവിന്റെ തലയിൽ ചാർത്തുന്നതായിരിക്കുമല്ലൊ നല്ലത്. അപ്പോൾ എല്ലാവരും ചേർന്ന് നിന്നെ വാഴ്ത്തുമല്ലൊ മകനെ”
“അച്ചോ പകൽ‌വെളിച്ചത്തിൽ പൊതുജനത്തിന് മുന്നിൽ അധികനേരം നിൽക്കാൻ ശേഷിയില്ലാത്ത ഞാൻ പോകുകയാണ്. ഇത് കർത്താവിന്റെ തലയിൽ ചാർത്തിയശേഷം അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം”

                     അയാൾ സഞ്ചിയിൽ നിന്നും വെളിയിലെടുത്ത് നൽകിയ പൊതി അഴിച്ചപ്പോൾ ഫാദർ ഒന്ന് ഞെട്ടി; കിരീടത്തിന്റെ സ്വർണ്ണപ്രഭയിൽ പള്ളിയങ്കണവും വിശുദ്ധരൂപവും പൂർവ്വാധികം തിളങ്ങിയില്ലെ? കിരീടം ഏറ്റുവാങ്ങിയിട്ട് തിരിച്ചു മറിച്ചും നോക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു,
“അച്ചാ ഇത് ഒറിജിനൽ സ്വർണ്ണം തന്നെയാണ്, 916 പരിശുദ്ധി. പിന്നെ നെറ്റിത്തടത്തിലുള്ള ആ ചുവന്ന കല്ല് പവിഴമാണ്”
“മകനെ കർത്താവിന്റെ അനുഗ്രഹം നിന്നിൽ എന്നെന്നും ഉണ്ടായിരിക്കും”
“ശരി അച്ചോ”
“ആമേൻ”

                     അവൻ പോകുന്നതുനോക്കി സ്വയം മറന്നങ്ങനെയിരിക്കുമ്പോഴാണ് കപ്യാർ വരുന്നത് കണ്ടത്. പെട്ടെന്ന് പരിസരബോധം വന്ന ഫാദർ കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോയി. വേദപുസ്തകം തുറക്കുമ്പോൾ കപ്യാരുടെ ശബ്ദം,
“അച്ചോ,,, ഓടിവായോ,,,”
വെളിയിലേക്കിറങ്ങിയപ്പോൾ കിരീടവും പിടിച്ച് നിൽക്കുന്ന കപ്യാർ,
“അച്ചാ ഇത്?”
“മകനെ അത് മാനസാന്തരം വന്ന ഒരു കുഞ്ഞാട് തിരുരൂപത്തിൽ ചാർത്താനായി ഏല്പിച്ച് പോയതാണ്”
“അച്ചൊ ആരാണത്? അയാൾക്ക് ഇതിനുപകരം ഒരു സ്വർണ്ണക്കിരീടം‌തന്നെ സംഭാവന ചെയ്തുകൂടായിരുന്നോ?”
“അത് സ്വർണ്ണം തന്നെയാണ്; കുമ്പസാര രഹസ്യം നീ അറിയേണ്ട മകനെ”
                    കപ്യാർ പിന്നീടൊന്നും ചോദിക്കാതെ കിരീടം തിരിച്ചും മറിച്ചും നോക്കി; തലയിൽ ആകെയൊരു പെരുപ്പ് കയറിയതുപോലെ. വളരെ ശ്രദ്ധിച്ചുകൊണ്ട് കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോകുമ്പോൾ അയാൾ ഒന്നിരുത്തി മൂളി. അപ്പോൾ ഫാദർ ചിന്തിച്ചു;
ഇവൻ ആളെ കണ്ടിട്ടുണ്ടാവുമോ?,,, അ,, എന്തെങ്കിലുമാവട്ടെ,,,

                   പിന്നീട് എല്ലാം തിരക്കുപിടിച്ച കർമ്മങ്ങളായിരുന്നു; വിശ്വാസികൾ ഓരോരുത്തരായി വരാൻ തുടങ്ങി.
ഇടവകയിലെ പതിവ് വിശ്വാസികളൊക്കെ എത്തിയെന്നറിഞ്ഞ ഫാദർ അല്പനേരത്തെ സുവിശേഷപ്രസംഗത്തിനുശേഷം പൊതി തുറന്ന് കിരീടം പുറത്തെടുത്തു.
അദ്ദേഹം എല്ലാവരെയും ഒന്ന് കണ്ണോടിച്ചുകൊണ്ട് പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട വിശ്വാസികളെ ഇന്ന് നിങ്ങളെയെല്ലാവരെയും പോലെ കർത്താവിൽ വിശ്വസിക്കുന്ന ഒരാൾ വിശുദ്ധരൂപത്തിന്റെ ശിരസ്സിൽ ചാർത്താനായി വിശേഷപ്പെട്ട ഒരു സ്വർണ്ണക്കിരീടം സംഭാവന നൽകിയിരിക്കയാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ ഈ കിരീടം കർത്താവിനെ ഞാൻ അണിയിക്കുകയാണ്”
                 കിരീടം ഉയർത്തിയതോടെ നിറഞ്ഞു കവിഞ്ഞ വിശ്വാസികൾക്കിടയിൽ നിന്നും ആരവങ്ങൾ ഉയർന്നു. മുൾക്കിരീടം അണിഞ്ഞ കർത്താവിന്റെ ശിരസിന് മുകളിൽ സ്വർണ്ണക്കിരീടം അണിഞ്ഞ്, ആ വിശുദ്ധരൂപം അവർക്കിടയിൽ തിളങ്ങി. അന്നത്തെ വിശുദ്ധകുർബാന പതിവിലധികം നേരം നീണ്ടുപോയെങ്കിലും ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അച്ചന് മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

പള്ളിവാതിൽ അടച്ച് വെളിയിൽ ഇറങ്ങാൻ നേരത്താണ് കപ്യാർ ഒരു സംശയം ഉന്നയിച്ചത്,
“അച്ചൊ, ഈ കിരീടം ഇവിടെ ഇങ്ങനെ വെച്ചാൽ,,, ഇപ്പോൾ കാലം വല്ലാത്താതാ”
“താനെന്താടോ അരുതാത്തത് ചിന്തിക്കുന്നത്? ഈ പള്ളിമേടയിൽ ഒരു കള്ളനും വരില്ല; വാതിലടച്ച് പൂട്ടി താക്കോൽ കൈയിലെടുത്താൽ മതി. ഇടവകയിലെ ആളുകളെല്ലാം നല്ലവരായതിനാൽ നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട”
“എന്നാലും അച്ചോ,, ഇപ്പോൾ സ്വർണ്ണവില റോക്കറ്റ് പോലെ ഉയരുന്ന കാലമാ”
“എന്നാല് ഒരു കാര്യം ചെയ്യ്; ഈ കിരീടം ഊരി നന്നായി പൊതിഞ്ഞിട്ട് നിന്റെ കൈയിൽ തരാം. നാളെ നീ വരുമ്പോൾ കൊണ്ടുവന്നാൽ മതി”
“അയ്യോ,, അതുവേണ്ടച്ചോ,, എന്റെ വീടിനും വാതിലിനും ഒരുറപ്പും ഇല്ലാത്തതാ. നാളെ പൊലരുമ്പം കിരീടം കാണാതായാൽ നാട്ടുകാരോടെന്ത് സമാധാനം പറയും? ചിലപ്പോൾ എന്റെവീട്ടിലെ നാലാളുടെയും അന്ധ്യകൂദാശ നാളെത്തന്നെ അച്ചന് നടത്തേണ്ടി വന്നേക്കും. പിന്നെ അച്ചൻ‌തന്നെ സൂക്ഷിച്ചാൽ അച്ചനൊരാളുടെ ജീവൻ മാത്രം നോക്കിയാൽ പോരെ?”
“എന്നാൽ ഇനി കിരീടത്തെക്കുറിച്ച് ഒരക്ഷരവും നീ പറയരുത്”
                  കപ്യാർ പിന്നീടൊന്നും മിണ്ടിയില്ലെങ്കിലും പള്ളിയിൽ നിന്ന് വെളിയിലിറങ്ങി ഇടവഴിയിൽ കടന്നപ്പോൾ അച്ചൻ ആലോചനാമഗ്നനായി നിന്നു. അദ്ദേഹം നിന്നപ്പോൾ, ഒപ്പം നിന്ന കപ്യാരെ നോക്കി പറഞ്ഞു,
“നീ പറഞ്ഞപ്പോഴാ ഞാൻ ചിന്തിച്ചത്,, അതൊരു രണ്ട് രണ്ടര കിലോഗ്രാം കാണുമല്ലൊ”
“ഏതാണച്ചോ?”
“കിരീടം”
“അച്ചനല്ലെ കിരീടത്തെക്കുറിച്ച് ഒരക്ഷരവും പറയരുതെന്ന് പറഞ്ഞത്”
“എന്നാലും നീ പറഞ്ഞതുപോലെ സ്വർണ്ണത്തിനൊക്കെ എന്തൊരു വിലയാ,, ഇത്തിരി പൊന്നിനുവേണ്ടി കൊച്ചുകുഞ്ഞിനെപ്പോലും കൊല്ലുന്ന ചെകുത്താൻ‌മാരും ഈ ഭൂമിയിൽ ഉണ്ടല്ലൊ”
“അതിന്?”
“അത് മുഴുവൻ സ്വർണ്ണമാണെന്നാ പറഞ്ഞത്, അപ്പോൾ അതവിടെ വെച്ചാൽ?”
“എന്തിനാ അച്ചാ ഇങ്ങിനെയൊക്കെ പറയുന്നത്? തിരുരൂപത്തിൽ നിന്നും കിരീടം ഊരിയെടുത്ത്  അച്ചന്റെ താമസസ്ഥലത്ത് വെച്ച് പൂട്ടുക, എന്നിട്ട് കുർബാനക്കും പെരുന്നാളിനും വിശേഷ ദിവസങ്ങളിലും മാത്രം പള്ളിയിൽ കൊണ്ട്‌വന്ന് ചാർത്തുക”
“ഒരുകണക്കിൽ അത്‌തന്നെയാ നല്ലത്”

                     രണ്ട്‌പേരും തിരികെ നടന്ന് പള്ളിവാതിൽ തുറന്ന്, കടന്നതിനുശേഷം കപ്യാർ കിരീടം അഴിച്ച് അച്ചനെ ഏല്പിച്ചു. പൊതിഞ്ഞുകെട്ടിയ കിരീടം അച്ചന്റെ വലിയ ബാഗിൽ വെച്ച് അതുമായി അവർ പുറത്തിറങ്ങി. ചുറ്റുപാടുകൾ നിരിക്ഷിച്ചശേഷം അവർ ഒന്നും സംസാരിക്കാതെ നടന്ന് രണ്ട് വഴിയിലേക്ക് പിരിഞ്ഞു.
വീട്ടിൽ എത്തിയിട്ട് കിരീടം ഷെൽഫിൽ വെച്ച്‌പൂട്ടിയപ്പോൾ അച്ചൻ മനസ്സിലോർത്തു,
‘എന്തൊരു ആശ്വാസം’

                         ഉറങ്ങാൻ‌നേരത്ത് അച്ചന്റെ ചിന്തകളിൽ ഒരു കിരീടം കറങ്ങാൻ തുടങ്ങി. ഇത്തിരി പൊന്നിനുവേണ്ടി കൊലപാതകം നടത്താൻ ഒരു മടിയും കാണിക്കാത്ത മനുഷ്യർക്കിടയിൽ എല്ലാവരും വിശ്വാസികളാണെന്ന് പറയാനാവുമോ? ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണകിരീടം ഉണ്ടെന്നറിഞ്ഞാൽ കള്ളന്മാരെല്ലാം കൂട്ടമായി ഇവിടെ വരില്ലെ? നാളെ രാവിലെ വാതിൽ തുറക്കുമ്പോൾ കിരീടം അവിടെയില്ലെങ്കിൽ നാട്ടുകാരോടെന്ത് സമാധാനം പറയും? കിരീടം മാത്രമാണോ? ഭീഷണി തന്റെ ജീവനും ഉണ്ടാവില്ലെ? കള്ളന്മാർക്ക് അച്ചനെന്നൊ, വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ ഉള്ള ചിന്ത കാണുമോ?
                        അങ്ങനെ പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ ഫാദർ ഞെട്ടി; വെളിയിലെന്തോ ശബ്ദം. പതുക്കെ എഴുന്നേറ്റ് എമർജൻസി ലൈറ്റുമായി പുറത്തിറങ്ങി ചുറ്റും നോക്കാൻ തുടങ്ങിയപ്പോൾ ഒരു വണ്ടിയുടെ ശബ്ദവും ഒപ്പം വെളിച്ചവും അടുത്ത് വന്ന് നിന്നു; മുന്നിൽ നിർത്തിയ ബൈക്കിൽ നിന്നും ഇറങ്ങിവരുന്നത്‌ കപ്യാർ,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,,, അച്ചാ ഈ പാതിരാത്രി എങ്ങോട്ടാ?”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ; മകനെ ഇവിടെ ഒരു പട്ടിക്കുട്ടി വന്നത് ഓടിക്കളഞ്ഞു, അതിന്റെ ശബ്ദം‌കേട്ട് വെളിയിലിറങ്ങിയതാണ്”
“ഈ പാതിരാത്രിയിൽ അച്ചനിങ്ങനെ ഒറ്റക്ക് പുറത്തിറങ്ങി നടക്കേണ്ട, കള്ളന്മാരെല്ലാം നടക്കുന്ന നേരമാ”
“വിശ്വാസികളെ ദൈവം രക്ഷിക്കും, ഞാൻ പട്ടിക്കുഞ്ഞിനെ നോക്കിയതാ”
“സ്വന്തം ശരീരം ആദ്യം രക്ഷിക്കാൻ നോക്ക് അച്ചോ”
“അപ്പോൾ കപ്യാരെന്തിനാ ഈ നേരത്ത്?”
“അത് അച്ചനിവിടെ തനിച്ച്,,, എനിക്കൊരു പേടി; വാതിലെല്ലാം നന്നായി അടച്ചു പൂട്ടിക്കോ,, ഇനി ഞാൻ പോവുകയാണ്”
                  കപ്യാർ തിരിച്ചുപോകുന്നത് നോക്കിനിന്നുകൊണ്ട് അച്ചൻ അകത്തുകടന്ന് വാതിലടച്ചു. അവനോട് രാത്രി തന്റെകൂടെ താമസിക്കാൻ പറയാഞ്ഞതിൽ ഒരു വിഷമം തോന്നി.

                      കിടക്ക കണ്ടാൽ പെട്ടെന്ന് ഉറക്കം വരുന്ന തനിക്ക് ഇപ്പോൾ ഉറങ്ങാനാവാത്തതിൽ വിഷമം തോന്നി. കുരിശ് ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച് നെഞ്ചോടമർത്തി കർത്താവിനെ ധ്യാനിച്ചുകൊണ്ട്, പുലരാനായ ഏതോ യാമത്തിൽ അല്പനേരത്തേക്ക് ഉറങ്ങി.
                      പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ‌ ഞെട്ടി എഴുന്നേറ്റ് ഷെൽഫ് തുറന്നു; കിരീടം അവിടെയുണ്ട്, ആശ്വാസം. തിരക്ക് പിടിച്ച് പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് പള്ളിയിൽ എത്തിയപ്പോൾ മനസ്സ് മുഴുവൻ താമസസ്ഥലത്ത്‌തന്നെ ആയിരുന്നു. പള്ളിയിൽ വരുന്നവർ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോഴും കുമ്പസാരക്കൂട്ടിൽ ഇരുന്ന് പാപങ്ങൾ ഏറ്റ്‌പറയുന്നത് കേട്ടപ്പോഴും യാന്ത്രികമായി മറുപടി പറഞ്ഞു. ഒടുവിൽ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് മനസ്സിന് അല്പം സമാധാനം വന്നത്.
             
                         ദിവസങ്ങൾ നാല് കഴിഞ്ഞപ്പോൾ ഫാദർ ഒരു കാര്യം തിരിച്ചറിഞ്ഞു; തനിക്ക് ഉറങ്ങാനാവുന്നില്ല. രാത്രിയുടെ യാമങ്ങളിൽ ഉയരുന്ന വളരെ ചെറിയ ശബ്ദം പോലും കേട്ട് അദ്ദേഹം ഞെട്ടി ഉണരാൻ തുടങ്ങി. അച്ഛന്റെ മനസ്സിൽ സ്വർണ്ണക്കിരീടം ഇപ്പോൾ മുൾക്കിരീടമായി മാറിയിരിക്കയാണ്; അലമാര തുറന്ന് കിരീടം അവിടെതന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പതിവ് വർദ്ധിച്ചപ്പോൾ ഒരുദിവസം കപ്യാരോട് കാര്യങ്ങൾ പറഞ്ഞു.
അതുകേട്ട കപ്യാർ പറഞ്ഞു,
“ഫാദർ ഇതിനൊരു പരിഹാരം കാണാൻ നമ്മൾ ബിഷപ്പിനെ കണ്ടാൽ മതി. തിരുമേനിയോട് പറഞ്ഞ് ഈ കിരീടം ലോക്കറിലോ മറ്റോ സൂക്ഷിക്കുന്നതായിരിക്കുൻ ബുദ്ധി”
“അത് ശരിയാ, ബിഷപ്പിന്റെകാര്യം ഞാനങ്ങ് മറന്നുപോയി”
                       അന്ന് വൈകുന്നേരം കപ്യാരോടൊത്ത് താമസസ്ഥലത്തെത്തിയ ഫാദർ അലമാരയിൽ നിന്നും കിരീടം വെളിയിലേക്കെടുത്ത് നന്നായി പൊതിഞ്ഞ് ബാഗിൽ വെച്ചു. പിന്നീട് ഓട്ടോ വിളിച്ച്‌വരുത്തി രണ്ട്‌പേരും അതിൽ‌കയറി യാത്രയായി; നേരെ ബിഷപ്പ് ഹൌസിലേക്ക്.
                       ബിഷപ്പിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. അച്ചന്റെ കൈയിൽ നിന്നും കിരീടം സ്വീകരിച്ച് തിരിച്ചും മറിച്ചും നോക്കിയശേഷം തിരുമേനി പറഞ്ഞു,
“സ്വർണ്ണക്കിരീടം, കൊള്ളാം,,,, ലോക്കറിലൊക്കെ വെച്ചാൽ ഇത് ആവശ്യത്തിന് എടുക്കാനും വെക്കാനും പ്രയാസമായിരിക്കും. തന്നെപ്പോലെ എനിക്ക് ഭയമൊന്നും ഇല്ലടോ, ഇത് ഇവിടെ ഷെൽഫിൽ വെച്ച് പൂട്ടാം; ഒരു കള്ളനും വരില്ല. വിശേഷദിവസങ്ങളിലെല്ലാം താനിവിടെ നിന്ന് കിരീടം എടുത്ത്‌കൊണ്ട് പോകണം, കേട്ടോ,,,”
“ദൈവത്തിനു സ്തുതി”
“ആമേൻ”

                          അങ്ങനെ കിരീടപ്രശ്നം പരിഹരിച്ചപ്പോൾ ഫാദർ വളരെയധികം ആശ്വസിച്ചു, ഇനി മനസമാധാനത്തോടെ ഒന്ന് ഉറങ്ങാമല്ലൊ. പിറ്റേദിവസവും പതിവുപോലെ പാപികൾ വന്ന് പ്രാർത്ഥിക്കുകയും പാപമോചിതരായി തിരികെ പോവുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ബിഷപ്പിന്റെ ഒരു ഫോൺ,
“ഫാദർ ഒന്ന് ഇവിടം വരെ വരണം, അർജന്റ് മാറ്റർ”
                         ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ മന:സമാധാനത്തോടെ ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കെ ബിഷപ്പിന്റെ വിളി വന്നപ്പോൾ അച്ചന് ടെൻഷൻ വർദ്ധിക്കാൻ തുടങ്ങി.
‘ഇനി ആ കിരീടം വീണ്ടും തന്റെ തലയിൽ ചാർത്താനാണോ?’

വൈകുന്നേരം അരമനയിൽ പോയപ്പോൾ തിരുമേനി അദ്ദേഹത്തെ കാത്തിരിക്കുന്നു. അച്ചനെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ; തന്നെ പെട്ടെന്ന് വിളിച്ചുവരുത്തിയത് ഞാൻ ഒരാഴ്ചക്ക് ശേഷം റോമിലേക്ക് പോകുന്ന കാര്യം പറയാനാണ്. അവിടെ പോയിട്ട് പോപ്പിനെ ഒന്ന് ദർശിക്കണം”
“അത് നല്ല കാര്യമാണല്ലൊ തിരുമേനി, ദൈവം കരുണയുള്ളവനാണ്”
“അതിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ നാളെ എനിക്ക് കോട്ടയം വരെ പോകണം”
“ദൈവത്തിന് സ്തുതി, തിരുമേനിക്ക് ഞാനെന്ത് സഹായം ചെയ്യണം?”
“സഹായമൊന്നും വേണ്ട, താങ്കൾ ഒരാഴ്ച മുൻപ് കൃത്യമായി പറഞ്ഞാൽ ഏഴ് ദിവസവും ആറ് മണിക്കൂറും ഇരുപത് മിനുട്ടും മുൻപ് ഒരു സാധനം ഇവിടെ ഏല്പിച്ചിട്ടില്ലെ; അത് തിരികെ വാങ്ങണം”
“അയ്യോ തിരുമേനി അത് സ്വർണ്ണക്കിരീടം അല്ലെ”
“അതെ, സ്വർണ്ണം തന്നെ, അത് ഇവിടെ നിന്ന് ഒഴിവാക്കണം. ഞാൻ പോയാൽ ഇവിടെ അരമനയിൽ എല്ലാനേരത്തും ആളുണ്ടായെന്ന് വരില്ല”
“അത് ഇവിടത്തെ അലമാരയിൽ വെച്ച് പൂട്ടിയാൽ പോരെ?”
“സ്വർണ്ണത്തിനൊക്കെ വലിയ വിലയാ, എന്ത് ഉറപ്പിന്മേലാണ് ഇവിടെ വെച്ച് പൂട്ടുന്നത്”
“തിരുമേനി അത് അവിടെ വെച്ചാൽ എനിക്ക് ഉറക്കം വരില്ല”
“തന്റെ സ്വർണ്ണക്കിരീടം ഇവിടെ വെച്ചതുമുതൽ എനിക്ക് ഉറക്കം വന്നിട്ടില്ലടോ. ഇനി റോമിൽ പോയിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ”
ബിഷപ്പിന്റെ കൈയിൽ നിന്നും കിരീടം ഏറ്റുവാങ്ങി പള്ളിയിലേക്ക് നടക്കുമ്പോൾ വരാനിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളെകളെക്കുറിച്ച് ഫാദർ ചിന്തിക്കുകയായിരുന്നു.

8/13/11

രഹസ്യമായി കിട്ടിയ സമ്മാനം

വിദേശത്ത് നിന്നും വന്ന ‘ഭർത്താവ്’ തിരിച്ച് പോകുന്നതിനു മുൻപ്, അവൾ‌പോലും അറിയാതെ അവൾക്കൊരു സമ്മാനം കൊടുത്തു.
..
ഭർത്താവ് പോയപ്പോൾ വിരഹദുഖവും പേറി തനിച്ചിരിക്കുന്ന അവളിൽ‌നിന്നും ആ സമ്മാനം ‘ഭർതൃപിതാവ്’ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി.
..
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ‘അമ്മായിഅച്ഛൻ’ മരുമകളിൽ‌നിന്നും ലഭിച്ച സമ്മാനം, അയാളുടെ ഭാര്യക്ക് അതായത് അവളുടെ ‘അമ്മായിഅമ്മക്ക്’ രഹസ്യമായി നൽകി.
..
മറ്റാരും അറിയരുതെന്ന ഉറപ്പിന്മേൽ ‘അമ്മായിഅമ്മ’ അത്, സ്വന്തം വീട്ടിലെ സ്വന്തം കാറിലെ ‘ഡ്രൈവർക്ക്’ രഹസ്യമായി സമ്മാനിച്ചു.
..
എല്ലാ കാര്യവും സ്വന്തം ഭാര്യയുമായി പങ്കിട്ടെടുക്കുന്ന ഡ്രൈവർ സമ്മാനം ‘അയാളുടെ ഭാര്യക്ക്’ നൽകി.
..
ഡ്രൈവർ ജോലിക്ക് പോയ നേരത്ത് ‘അയാളുടെ ഭാര്യയിൽ’നിന്നും ‘അയൽ‌വാസികൾ’ സമ്മാനം സ്വീകരിച്ചു.
..
‘അയൽ‌വാസികൾ’ ഓരോരുത്തരായി ആ സമ്മാനം ‘നാട്ടിലെ മറ്റുള്ളവർക്ക്’ രഹസ്യമായി കൊടുക്കുകയും കൊടുക്കാത്ത ചിലരിൽ നിന്ന് ‘ഏതാനും ചിലർ’ പിടിച്ചെടുക്കുകയും ചെയ്തു.
..
അങ്ങനെ, ആ ‘സമ്മാനം’ ആ നാട്ടിലുള്ള ‘എല്ലാവർക്കും’ രഹസ്യമായി ലഭിച്ചു.
???
കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ ‘സമ്മാനം’ കിട്ടിയവരെല്ലാം ജീവിതത്തിലെ അവസാന നാളുകൾ എണ്ണിതീർത്ത് മരണത്തെ കാത്തിരിക്കാൻ തുടങ്ങി.
???

7/12/11

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

                          പൂജയും അഭിഷേകവും കഴിഞ്ഞ്, ശ്രീകോവിൽ നട തുറന്നപ്പോൾ അവൾ മുന്നിലുണ്ടായിരുന്നു. കീറിത്തുടങ്ങിയ മുഷിഞ്ഞ സാരിയുടെ തുമ്പിൽ നാലായി മടക്കി ഒളിപ്പിച്ച അഞ്ചുരൂപാ നോട്ട് മുറുകെപ്പിടിച്ച്, ദൈവത്തിന്റെ മുന്നിൽ‌വന്ന് കൈകൂപ്പി, നിശബ്ദമായി അവൾ പ്രാർത്ഥിക്കാൻ തുടങ്ങി,
“എന്റെ മോന്റെ ദീനം മാറ്റിത്തരണേ,,, ദൈവമേ എനിക്കൊരു നല്ലകാലം വരണേ,,,”
                       എന്നത്തെയും‌പോലെ ഇന്നും മതിയാവോളം പ്രാർത്ഥിക്കാൻ അവൾക്ക് അവസരം ലഭിച്ചില്ല. പിന്നിൽ‌നിന്ന് തിക്കിതിരക്കി വരുന്നവരുടെ തള്ളലിൽ ഒഴുകിഅകലാൻ തുടങ്ങിയെങ്കിലും ആ ഒഴുക്കിനെതിരെ എത്താനായി അവൾ പരിശ്രമിക്കുകയാണ്.
                        
                         എല്ലാം കാണുന്നവനാണെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ കാഴ്ച പരിമിതപ്പെടുത്തിയ ദൈവം, നാവെടുത്ത് ഒരുവാക്ക് പറയാനാവാത്ത ആ പാവം സ്ത്രീയെ കാണാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. പൂജാരിയുടെ അഭിഷേകവും അർച്ചനയും കഴിഞ്ഞ് ശ്രീകോവിലിന്റെ വാതിൽ തുറന്നാലുള്ള ഏതാനും മണിക്കൂർ മാത്രമാണല്ലൊ തനിക്ക് ദർശ്ശനസൌഭാഗ്യം. ആ ഇടവേളയിൽ തന്റെ മുന്നിൽ വന്ന് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങളെ കണ്ട് സായൂജ്യമടയാനാണ് തന്റെ വിധിയെന്ന് ദൈവം പണ്ടേ തിരിച്ചറിഞ്ഞിരുന്നു. അനുഗ്രഹങ്ങൾ കോരിച്ചൊരിയുന്നവനാണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അതെല്ലാം ഭക്തജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് എല്ലാം അറിയുന്ന ദൈവത്തിന് മാത്രമറിയുന്ന രഹസ്യമാണ്. കോടികളുടെ നിധി ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ അതിലൊരു നാണയംപോലും തനിക്ക് ഉപയോഗിക്കാനാവില്ലെന്നും നന്നായി അറിയാം. ഓരോ വർഷവും ഉത്സവത്തിനുശേഷം ആറാട്ടിനായി പുറത്തിറങ്ങുന്നതാണ് ആകെ ഒരു ആശ്വാസം. എന്നാൽ അതിനിടയിൽ എന്തൊക്കെ ഭീകരദൃശ്യങ്ങൾക്കാണ് തനിക്ക് സാക്ഷിയാവേണ്ടി വരുന്നത്!

                        നിത്യേന ആയിരങ്ങളുടെ കണ്ണീരുകണ്ട് മരവിച്ച മനസ്സുമായി പഞ്ചലോഹവിഗ്രഹത്തിനുള്ളിൽ കുടികൊള്ളുന്ന ദൈവത്തിന് അടുത്ത കാലത്തായി ഒന്നിലും പുതുമ തോന്നാറില്ല. എല്ലാറ്റിലും ഒരു ആവർത്തന വിരസതയാണ്;                      
                        ആ തിരക്കിനിടയിൽ മുണ്ടും നേര്യതും ധരിച്ച്, ചന്ദനപ്പൊട്ട് നെറ്റിയിൽ ചാർത്തിയ കറുത്തസുന്ദരിയെ കണ്ടപ്പോൾ ദൈവത്തിന്റെ ഉള്ളോന്ന് പിടഞ്ഞു. അവൾ വന്ന ദിവസങ്ങളിലെല്ലാം ദൈവത്തിന്റെ മന:സമാധാനം തകർന്നതാണ്. ചൂരീദാർ അണിഞ്ഞുവരുന്ന അവൾ അമ്പലനടയുടെ സമീപമുള്ള വാടക സെന്ററിൽ‌നിന്നും മുണ്ടും നേര്യതും വാങ്ങി അണിഞ്ഞ് വരുന്നതാണെന്ന് ഒറ്റനോട്ടത്തിൽ‌തന്നെ അറിയാം. നടതുറക്കുമ്പോഴുണ്ടാവുന്ന തിരക്കിനിടയിൽ കൈയിൽ കിട്ടാവുന്ന പണവും പൊന്നും മോഷ്ടിച്ച് സ്ഥലം വിടുന്ന അവളെ നോക്കി നിൽക്കാനാണ് തന്റെ വിധിയെന്ന് ദൈവം പരിതപിച്ചു. ഭക്തിയുടെ ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ടവർ പണം പോയകാര്യം അറിയുമ്പോഴേക്കും അത് കൈക്കലാക്കിയ കറുത്തസുന്ദരി അകലെ എത്തിയിരിക്കും. അവളുടെ കള്ളത്തരം അറിയുന്നുണ്ടെങ്കിലും പരിഹാരം കാണാനാവാത്ത അവസ്ഥയിൽ ദൈവം നിസ്സഹായനായി.

                           അതിനിടയിൽ മുന്നോട്ട് നീങ്ങിയ ആ പാവം സ്ത്രീ ഒഴുക്കിനെതിരെ ജനസഞ്ചയത്തോട് മത്സരിച്ച് തിരികെവന്നതിൽ ദൈവം സന്തോഷിച്ചു. സർവ്വാഭരണഭൂഷിതനായി ഉജ്ജ്വലകാന്തിയിൽ കുളിച്ച ദൈവത്തെ നോക്കി ഇരുകൈകളും കൂപ്പിയ അവൾ അല്പം കുനിഞ്ഞ് മുഷിഞ്ഞ അഞ്ചുരൂപ, തിരുനടയിലെ നൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്കിടയിൽ കാണിക്കവെച്ചു.
അതേനിമിഷമാണ് അവളുടെ പിന്നിലുള്ള മുത്തശ്ശി ഉച്ചത്തിൽ അലറിയത്,
“അയ്യോ എന്റെ മാലപോയേ,,,,”

                            എത്ര പെട്ടെന്നാണ് രംഗം മാറിയത്, പോലീസുകാരും കാവൽക്കാരും ചേർന്ന ഒരു പടയാണ് പെട്ടെന്നവിടെ ഇരച്ചുകയറിയത്. അതോടൊപ്പം മൈക്ക് അനൌൺസ്‌മെന്റ് വന്നു, 
“ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, ആരും വെളിയിലേക്ക് പോകരുത്; ഒരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ട്, പരിശോധനക്ക് ശേഷം എല്ലാവർക്കും പുറത്തുപോകാം”
മാല നഷ്ടപ്പെട്ട സ്ത്രീ ആവലാതികൾ പറയുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്,
“എന്നാലും ദേവന്റെ തിരുനടയിൽ നിന്നും മോഷണം, എന്റെ പത്തുപവൻ മാലയാ”
“സ്വർണ്ണമാലയിടണ്ടാ എന്ന് ഞാനപ്പൊഴെ പറഞ്ഞതല്ലെ, അപ്പോൾ നീയെന്താ പറഞ്ഞത്? ‘ദൈവത്തിന്റെ മുന്നിൽ കള്ളന്മാരുണ്ടാകില്ല, ആളില്ലാത്ത വീട്ടിൽ‌വെച്ചാൽ കള്ളന്മാർ കൊണ്ടുപോകും’ എന്ന്,,, എന്നിട്ടിപ്പൊ എന്തായി?”
മുത്തശ്ശിയുടെ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തുകയാണ്,

                    പോലീസുകാരുടെ എണ്ണം കൂടിയപ്പോൾ അവർ ചുറ്റും‌നിരന്ന് ഒരോ ആളുകളെയും ചോദ്യം ചെയ്യാൻ തുടങ്ങി. സംശയമുള്ളവരെ മാറ്റിനിർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ പതിച്ചത് അവളിൽ; 
അവളിൽ മാത്രം. 
മുഷിഞ്ഞ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ അവളെയല്ലാതെ മറ്റൊരു മോഷ്ടാവിന്റെ രൂപം അവരുടെ മനസ്സിൽ ഇടം പിടിച്ചില്ല.
‘ആദ്യ അടി വീണപ്പോൾ അവൾ ശ്രീകോവിലിന്റെ മുന്നിൽ കമഴ്ന്ന് വീണു,, പിന്നെ തുരു തുരാ അടിയുടെ പെരുമഴ ദേഹത്ത് പതിക്കാൻ തുടങ്ങി. അവളുടെ നെറ്റിയിലെ മുറിവിലൂടെ ചുറ്റും പരക്കുന്ന ചോര നോക്കി മാലനഷ്ടപ്പെട്ടവൾ ഉറപ്പ് നൽകി,
“സാറെ ഇവൾതന്നെയാ കള്ളി, എന്റെ തൊട്ടടുത്ത് ഈ പെണ്ണ് ഉണ്ടായിരുന്നു”
“മാല ഒളിപ്പിച്ചിരിക്കും; ഇവിടെ ദൈവത്തിന് മുന്നിൽ‌വെച്ച് അവൾ സത്യം പറയില്ല, സ്റ്റേഷനിൽ‌പോയി ദേഹപരിശോധന നടത്തിയിട്ട് നല്ല അടികൊടുത്താൽ അവൾ പറയും”
ജനങ്ങൾ കൂട്ടത്തോടെ അവൾക്കെതിരായി വിധിയെഴുതി, അടികൊണ്ട് അവശയായ അവളെ തൂക്കിയെടുത്ത് പോലീസ് വണ്ടിയിലേക്ക് എറിയുന്നതിനിടയിൽ ആ കറുത്തസുന്ദരി വിളിച്ചുപറഞ്ഞു,
“മാന്യന്മാർ മാത്രം അമ്പലത്തിൽ വരുമ്പോൾ ഇവറ്റകളെല്ലാം കക്കാനും പോക്കറ്റടിക്കാനുമല്ലാതെ മറ്റെന്തിനാണ് അമ്പലത്തിൽ വരുന്നത്?”
                           
                         ദൈവത്തിന്റെ മനസ്സ് വേദനിച്ചു, ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. എത്ര ഉള്ളുരുകി കരഞ്ഞാലും ഒരുതുള്ളി കണ്ണീർ‌പോലും വരില്ലല്ലൊ! അതിനിടയിൽ തൊണ്ടിസഹിതം പിടിക്കപെടുമെന്ന് ഭയപ്പെട്ട ആ കറുത്തസുന്ദരി, ചുറ്റുവിളക്കിന് സമീപമുള്ള ഭണ്ഡാരപ്പെട്ടിയിൽ മാല നിക്ഷേപിച്ചത് ദൈവത്തിനുമാത്രം അറിയാൻ കഴിയുന്ന രഹസ്യം മാത്രമായി അവശേഷിച്ചു. പഞ്ചലോഹങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ദൈവം തന്റെ നിസ്സഹായഅവസ്ഥ ഒരിക്കൽ‌കൂടി തിരിച്ചറിയുന്ന നിമിഷം. മനുഷ്യർ ചെയ്ത പാപത്തിന്റെ ഒരു പങ്ക് തനിക്ക് നൽകുന്നത് സ്വീകരിക്കാതെ എന്ത് ചെയ്യാനാവും?
വിലമതിക്കാനാവാത്ത സമ്പത്തിന്റെ കാവൽക്കാരനായി കാലം കഴിക്കുന്ന ദൈവത്തിന്, തന്റെ സമ്പത്തിന്റെ കൂട്ടത്തിൽ പത്ത് പവൻ വർദ്ധിക്കുന്നത് അറിയാൻ കഴിഞ്ഞു.

6/25/11

മാനേജർ

                                          മെഡിക്കൽ കോളേജും എഞ്ചിനീയറിംഗ് കോളേജും അനേകം സ്ക്കൂളുകളും സ്വന്തമായി ഉള്ള അയാൾക്ക് നാല് മക്കളുണ്ട്; ഒരു പെണ്ണും മൂന്ന് ആണും.  
                        മൂത്ത മകനാണ് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പാൾ; അവന്റെ ഭാര്യ അതേ മെഡിക്കൽ കോളേജിലെ പ്രൊഫസർ. രണ്ടാമത്തെ മകൻ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പാൾ ആയപ്പോൾ അവന്റെ ഭാര്യ അവിടത്തെ ട്യൂട്ടറാണ്. മൂന്നാമത്തെ മകൾ അയാളുടെ സ്വന്തം സ്ക്കൂളിൽ ടീച്ചറായിട്ട് കുട്ടികളെ പഠിപ്പിക്കുന്നു. അവളുടെ ഭർത്താവ് അതേ സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററാണ്.

നാലാമത്തെ മകൻ,,,???
അവന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ഡോക്റ്ററാണ്;
എന്നാൽ,
അവൻ പത്താം തരം തോറ്റ് തൊപ്പിയിട്ടവനാണ്,,,
അതുകൊണ്ട്,,,
അച്ഛന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാനേജർ അവനാണ്,,,
‘നാലാമൻ’,,,,

6/2/11

വേലിയിൽ വിളയാടും പാമ്പ്

                         വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് സാമ്പാറിൽ ചേർത്തപ്പോൾ, ചട്ടിയിൽ‌നിന്ന് ‘ശ്ശ്’ വന്ന നേരത്താണ് ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഉച്ചഭക്ഷണനേരത്ത് വീട്ടിൽ വരുന്നത് ആരാണെന്നറിയാനായി വരാന്തയിൽ വന്നപ്പോൾ ഞാൻ കണ്ടു;
ഒരു ചെറുപ്പക്കാരി,,,
അനായാസം ഗെയ്റ്റ്‌ തള്ളിത്തുറന്ന് മുറ്റത്തുകൂടി നടന്ന്‌‌വന്ന അവൾ, ഒരക്ഷരവും പറയാതെ നോട്ട്ബുക്കിൽ‌നിന്നും ഒരു കാർഡ്‌എടുത്ത് എന്റെ നേരെ നീട്ടി.
                       ആ കാർഡ് വായിക്കുന്നതിനു മുൻപ് അവളെ ഞാനൊന്ന് നോക്കി, ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നുമെങ്കിലും, പട്ടിണികൊണ്ടായിരിക്കണം, വളർച്ച തീരെയില്ല. കീറിയ സാരി ചുറ്റിയിട്ട് അതിന്റെ അറ്റം തലയിൽ പുതച്ചിരിക്കുന്നു. വലതുചുമലിൽ തൂങ്ങുന്ന ഒരു ബാഗും ഇടതുകൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയും; ശരിക്കും ഒരു അണ്ണാച്ചിപ്പെണ്ണ്,
അവൾ ഭിക്ഷാടനത്തിനായി വന്നതാണ്.

കാർഡ് വായിക്കാതെ അവളെ നോക്കുന്നതുകൊണ്ടാവണം ചിലമ്പുന്ന ഒച്ചയിൽ അവൾ പറയാൻ തുടങ്ങി,
“അമ്മാ, എങ്ക ഊരിലെ പൂരാ വരുമൈ, നാൻ മട്ടും താൻ തപ്പിച്ചത്; അമ്മ, അപ്പ, അക്ക, എല്ലാരുമേ ചത്തുപോയാച്ച്”
അതുകേട്ടപ്പോൾ ആ മുഷിഞ്ഞ കാർഡ് ഞാൻ വായിച്ചു,
“മാന്യരെ,
സുന്ദരപുരം എന്ന ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി മഴപെയ്യാത്തതിനാൽ കൃഷിയും കന്നുകാലികളും നശിച്ചുപോയിരിക്കുന്നു. അവിടെയുള്ള അനേകം ആളുകൾ പട്ടിണികൊണ്ട് മരിക്കുകയും കൊള്ളക്കാർ വന്ന് വീടുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. രക്ഷപ്പെട്ടവർ ജീവിക്കാൻ മാർഗ്ഗമില്ലാതെ അലയുകയാണ്. ഈ കാർഡുമായി വരുന്ന വ്യക്തിക്ക് താങ്കളാൽ കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു.
ദൈവം നിങ്ങളെ സഹായിക്കും.
സംഭാവനകൾ പണമായും വസ്ത്രങ്ങളായും നൽകാം”
കാർഡ് വായിച്ചപ്പോൾ എനിക്കാകെ സംശയം;
“ഈ കൊള്ളക്കാർ,,,?”
“അമ്മാ, തിരുട്ട് കൂട്ടം എല്ലാം തിരുടിയാച്ച്,,, എൻ അക്കാ മുനിയമ്മാവെ തിരുട്ട് കൂട്ടം കൊന്നാച്ച്”

ഞാൻ ചിന്തിക്കാൻ തുടങ്ങി,,,
                        തിരുട്ടുഗ്രാമത്തിലെ തിരുടന്മാർ മലയാളക്കരയിൽ വന്ന്, വീട്ടിലും ബാങ്ക് ലോക്കറിലും പൂട്ടിവെച്ചതിനാൽ പൂത്ത്‌ പൊങ്ങിവരുന്ന, പൊന്നും പണവും കൊള്ളയടിച്ച് കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തക്കാരായ തമിഴന്മാരെയും ആക്രമിക്കാറുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത്.
അതും ഒരു തമിഴത്തിയുടെ നാവിൽ‌നിന്ന്;,,,
പാവം,,,
                       അവളുടെ കഥനകഥ കേട്ടപ്പോൾ എന്റെ മനസ്സിൽ ദയയും സഹാനുഭൂതിയും ഉണർന്നു. ഭാവിജീവിതത്തിൽ അവൾ അനുഭവിക്കാനിടയുള്ള പീഡനപരമ്പരകൾ എന്റെ തലച്ചോറിലൂടെ ഫ്ലാഷ് ചെയ്തു. അവളെ സഹായിക്കാൻ കെല്പുള്ള അനേകം ആളുകൾ ഈ ലോകത്തുണ്ടാവാം,,,
പെട്ടെന്ന്, വളരെപെട്ടെന്ന് ഒരു ചിന്ത എന്നിലേക്ക്, കടന്നുവന്നു,
അങ്ങനെയുള്ള ആ ഒരാൾ ഞാൻ തന്നെ ആയാലോ? എന്തുകൊണ്ട് എനിക്ക്, അവളെ സഹായിച്ചുകൂടാ?
ഒരു മനുഷ്യജീവിയെ പ്രത്യേകിച്ച് ഒരു പെൺ‌കുട്ടിയെ സഹായിച്ചാൽ ലഭിക്കാനിടയുള്ള പുണ്യവും പ്രശസ്തിയും ഞാൻ ഓർത്തുനോക്കി.
        
                        ഇതാണ് അവസരം, ഇങ്ങനെയൊരു പുണ്യകർമ്മം ചെയ്യാനാവണം, റീട്ടയേർഡ് അദ്ധ്യാപികയായ എന്റെ മുന്നിൽ ദൈവം ഇവളെ എത്തിച്ചത്. വിദേശത്ത് ജോലിയുള്ള മക്കൾ രണ്ട്‌പേരും കല്ല്യാണം കഴിച്ച് കുടുംബസമേതം ജോലിസ്ഥലത്ത് താമസമാക്കിയതോടെ ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ മാത്രമാണ് ഇത്തിരി ആശ്വാസം. കൊച്ചുമക്കളുടെ കൊഞ്ചലുകൾ മൊബൈലിലൂടെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് അപ്പൂപ്പനും അമ്മൂമ്മയും. ‘ആയകാലത്ത് കുട്ടികളെ പഠിപ്പിച്ചതുകൊണ്ട്, അച്ഛനും അമ്മയും സർക്കാർ നൽകുന്ന പെൻഷൻ വാങ്ങി സുഖമായി ജീവിച്ചുകൊള്ളും’, എന്ന് മക്കൾക്കറിയാം. അതിനിടയിൽ ഒരു സഹജീവിയെ, അതും ഒരു പെൺകുട്ടിയെ സഹായിക്കാൻ ലഭ്യമാകുന്ന സുവർണ്ണാവസരം എന്തിന് പാഴാക്കണം??,,,
കാർഡ് അവൾക്ക് നൽകിയശേഷം ഞാൻ അവളോട് ചോദിച്ചു,
“നിന്റെ പേരെന്താ?”
“എൻ‌പേര് മണിയമ്മ,,”
എനിക്ക് ആ പേര് പിടിച്ചില്ല, ഇത്തിരിപ്പോന്ന പെണ്ണിന് പേരിന്റെ കൂടെ അമ്മ, ഞാൻ പറഞ്ഞു,
“മണിക്കുട്ടി എന്ന് ഞാൻ വിളിക്കാം, നീ ഇവിടെ നിൽക്കുന്നോ?”
എന്റെ ചോദ്യം കേട്ട് അവൾ അവിശ്വസനീയമായ ഒരു നോട്ടം എന്നിലേക്കെറിഞ്ഞു,
“അമ്മ എന്ന കേക്കറീങ്കോ? എനക്ക് രൊമ്പ സന്തോഷം”

                         കൈപിടിച്ച് അവളെ വീട്ടിനകത്തേക്ക് ആനയിക്കുമ്പോൾ വലതുകാൽ വെച്ച്‌ കയറ്റാൻ പ്രത്യേകം ശ്രദ്ധിച്ചു. അകത്തു കയറിയ അവളെ നേരെ അടുക്കളയിലേക്ക് പ്രവേശിപ്പിച്ച നേരത്ത്, വീട്ടിനകത്തുള്ള ഓരോ വസ്തുക്കളിലും ഒരു കുട്ടിയുടെ കുസൃതിയോടെ അവളുടെ കണ്ണുകൾ പതിയാൻ തുടങ്ങി.
പക്ഷെ,,, അവൾക്ക് ചുറ്റുമുള്ള അസഹനീയമായ ഒരു ഗന്ധം, ഞാനാകെ വല്ലാതായി;
ഇതിനെയാണോ ഇനി കൂടെ താമസിപ്പിച്ച് പോറ്റാൻ തീരുമാനിച്ചത്. ഞാനവളെ നേരെ കുളിമുറിയിലേക്ക് നടത്തിയിട്ട് കുളിക്കാൻ പറഞ്ഞു,
“നീ പോയി കുളിച്ചേച്ച് വാ,,,”
“അമ്മ എന്ന ശൊല്ലറീങ്കോ? എനക്ക് തെരിയലൈ”
                         ജനിച്ചിട്ടിതുവരെ കുളിക്കാത്ത ഇവളുടെ ഭാഷയിൽ കുളിക്കുന്നതിന് എന്തായിരിക്കും പറയുന്നത്? ഞാൻ ടേപ്പ് തുറന്ന് വെള്ളം ബക്കറ്റിൽ ഒഴിച്ച് കുളിയുടെ ആൿഷൻ കാണിച്ചു. പിന്നെ സോപ്പും തോർത്തും കൊടുത്തപ്പോൾ കാര്യം മനസ്സിലാക്കിയ അവൾ സാരി അഴിക്കാൻ തുടങ്ങി. അപ്പോഴുണ്ടായ ദുർഗന്ധം സഹിക്കാനാവാതെ പെട്ടെന്ന് ഞാൻ പുറത്തിറങ്ങി.

                            നേരെ അടുക്കളയിൽ വന്ന് രണ്ട് പ്ലെയിറ്റിൽ ചോറും കറിയും വിളമ്പി. വിശപ്പിന്റെ വിളി വരുന്ന ഉച്ചനേരമാണല്ലൊ; ഡൈനിംങ്ങ്‌ടേബിളിൽ ഭക്ഷണവും വെച്ച് ഏതാനും മിനുട്ടുകൾ അവളെ കാത്തിരുന്നു. ബന്ധുവീട്ടിൽ വിവാഹത്തിന് പോയ ഭർത്താവ് വീട്ടിലെത്താൻ വൈകുമെന്ന കാര്യം ഉറപ്പാണ്.
                            ബാത്ത്‌റൂമിൽ നിന്ന് പുറത്തുവന്ന അവൾ ഒരു കൊച്ചുസുന്ദരി ആയി മാറിയിട്ടുണ്ട്. മണ്ണിന്റെ നിറം മാറിയപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കയാണ്. അവളുടെ വിടർന്ന കണ്ണുകളിൽ നോക്കിയിരിക്കെ പെട്ടെന്ന് ഞാൻ മുഖം തിരിച്ചു,
ആ നാറ്റം,,,
ഓ,,, അവളുടെ ഡ്രസ്സ് പഴയത് തന്നെയാണല്ലൊ, അതിൽനിന്നാവണം,,,
                            ഞാൻ ഷെൽഫ് തുറന്ന് ഒരു മാക്സി എടുത്തു; എന്നാൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ മകളുടെ പഴയ ചൂരിദാർസെറ്റ് എടുത്ത് അവൾക്ക് നൽകി. പിന്നെ പൌഡർ, കണ്മഷി, പൊട്ട് തുടങ്ങിയവയും.
                            എല്ലാം അണിഞ്ഞ് അസ്സൽ മണിക്കുട്ടിയായി അവൾ മുന്നിൽ വന്നപ്പോൾ എന്റെ മനസ്സിൽ ആഹ്ലാദം അലയടിക്കാൻ തുടങ്ങി. ഞാൻ നൽകിയ ചോറും കറിയും എടുത്ത് അടുക്കളയുടെ ഒരുവശത്ത് പോയിരുന്ന് കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക്ക് സഞ്ചി ഒരു മൂലയിൽ വെച്ചെങ്കിലും ബാഗ് താഴെവെക്കുന്നതേയില്ല.

                            ‘പാവം പെണ്ണ്, ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം ദുരന്തങ്ങളായിരിക്കും അവൾ അനുഭവിച്ചത്. ഇനിയവൾ കഷ്ടപ്പെടരുത്, ഒരു നല്ല ജീവിതം അവൾക്ക് നൽകണം. ഒരു നല്ല കാര്യം ചെയ്തെന്ന സംതൃപ്തി എനിക്ക് ഉണ്ടാവണം’ 
വൈകുന്നേരംവരെ ഞാനും മണിക്കുട്ടിയും പലതും പറഞ്ഞു.
എങ്ങനെയെന്നോ?
എന്റെ കാര്യം എന്റെ ഭാഷയിലും അവളുടെ കാര്യം അവളുടെഭാഷയിലും. സത്യം പറഞ്ഞാൽ നമുക്ക് രണ്ട്‌പേർക്കും ഒന്നും മനസ്സിലായില്ല.

                            അങ്ങനെ ചിരിച്ച് കളിച്ച് ടീവി കാണുന്നതിനിടയിൽ സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിന് പോയ അദ്ദേഹം വന്നു. 
,,,പെട്ടെന്ന് എന്റെ തലയിൽ ഒരു മിന്നൽ!!!!
ഇങ്ങനെയൊരു പരദേശിയെ വീട്ടിൽ‌കയറ്റി കുടിയിരുത്താൻ ആരോടും അഭിപ്രായം ചോദിച്ചില്ല, പറഞ്ഞുമില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരം,,,,,
അത്‌പിന്നെ നല്ലകാര്യം ചെയ്താൽ ആരെങ്കിലും എതിർക്കുമോ?,,,,
വീടിന്റെ ഉമ്മറത്ത്‌ കയറിയ ഭർത്താവ്, സന്തോഷം ഒളിപ്പിക്കാനാവാത്ത എന്റെ മുഖം കണ്ടപ്പോൾ ചോദിച്ചു,
“എന്താ ടീച്ചറെ പതിവില്ലാതെ ഒരു ചിരി? ഞാനില്ലാത്ത നേരം‌നോക്കി നിനക്ക് കൂട്ടായി നുണപറയാൻ ആരെങ്കിലും ഇവിടെ വന്നോ?”
“ഇവിടെ ആരെങ്കിലും വന്നാൽ മാത്രമാണോ എനിക്ക് സന്തോഷം ലഭിക്കുനത്?”
“അതുപിന്നെ എനിക്കറിയില്ലെ? ഏകാന്തത ഇഷ്ടപ്പെടാത്തവളല്ലെ നീ; നമ്മുടെ അയല്പക്കത്തുള്ള ആരെങ്കിലും നുണപറയാൻ വന്നിരിക്കും?”
“അതൊന്നുമല്ല, മാഷോട് ചോദിക്കാതെ ഞാനൊരുകാര്യം ചെയ്തു; എന്നെ വഴക്കൊന്നും പറയരുത്,,,”
“ഞാനെന്തിന് വഴക്ക് പറയണം; നീ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് എനിക്കറിയില്ലെ മോളേ”
ഈ മോളേ എന്നുള്ള വിളി സ്നേഹം വന്നാലും ദേഷ്യം വന്നാലും കേൾക്കുന്നതാണ്. പിന്നെ ദേഷ്യം വരുമ്പോൾ മോളേ എന്നുള്ളതിനു മുന്നിൽ മറ്റൊരു നാമം കൂടി ഉണ്ടാവും, എന്ന്‌മാത്രം.
“എന്നാല് ഞാനൊരാളെ കാണിച്ച് തരാം”

                         അകത്ത് കടന്ന് സ്വീകരണമുറിയിലെ തറയിലിരുന്ന് ടീവി കാണുന്ന ആ കൊച്ചുമിടുക്കിയെ കൈപിടിച്ച് പുറത്തിറക്കി അദ്ദേഹത്തിന്റെ മുന്നിൽ നിർത്തി.
അത്രയും‌നേരം ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു, തുടർന്നുണ്ടായ ഞെട്ടൽ വെളിയിൽ കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ വാക്കുകൾ പുറത്തുവന്നു,
“ഇത്,, ഇതാര്?”
“ഇവളാണ് മണിക്കുട്ടി, ബന്ധുക്കളെല്ലാം മരിച്ച ഇവൾക്ക് ആരുമില്ല. നോട്ടീസുമായി സഹായത്തിന് വന്നതാ. ഞാനിവളെ വളർത്താൻ പോവുകയാണ്”
“വളർത്താനോ?” അദ്ദേഹം ദേഷ്യം‌കൊണ്ട് വിറച്ചു.
“അതെ, വയസ്സുകാലത്ത് നമുക്ക് കൂട്ടായിട്ട്,,,”
“വെറുതെ ഒരോന്ന്, എടുത്ത് തലയിൽ കയറ്റി വെച്ചാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് നിനക്കറിയോ? ഇതെന്താ പട്ടിയോ, പൂച്ചയോ ആണോ,, വഴിയിലുള്ളതിനെ എടുത്ത് വളർത്താൻ?”
“അത്‌പിന്നെ നമ്മള് ഒറ്റയ്ക്ക് ഇവിടെ കഴിയുമ്പോൾ; ഒരു അനാഥപെൺകുട്ടിയെ വളർത്തുന്നത് നല്ലകാര്യമായിട്ടാ എനിക്ക് തോന്നിയത്”
                        എനിക്കാകെ പ്രയാസമായി, ഇത്രയും വലിയ ഒരു പുണ്യകർമ്മം ചെയ്തിട്ട് കുറ്റപ്പെടുത്തുകയാണ്. പിന്നെ ചോദിച്ച് അനുവാദം വാങ്ങിയില്ലപോലും, പെട്ടെന്ന് മുന്നിൽ വന്ന ഒരു അനാഥയെ രക്ഷപ്പെടുത്താൻ തുനിഞ്ഞ ഞാനെന്തിന് അനുവാദം ചോദിക്കണം? സ്ത്രീക്കും പുരുഷനും തുല്യ അവകാശമല്ലെ, നമ്മുടെ നാട്ടിൽ,,,
“എന്നാലും നിനക്ക് എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ? അല്ലെങ്കിൽ നമ്മുടെ മക്കളിൽ ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ? ആണായ ഞാനൊരാൾ ഇവിടെയുള്ളപ്പോൾ ഒരു ചെറുപ്പക്കാരിയെ ഇവിടെ കുടിയിരുത്തിയാൽ നാട്ടുകാരെന്ത് പറയുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
“മക്കളോട് ഞാൻ പറഞ്ഞോളും, പിന്നെ നിങ്ങളെ എനിക്ക് വിശ്വാസമാ,,,”
“ആ,, എന്തെങ്കിലും ആയിക്കൊ,, എനിക്ക് നിന്റെ സന്തോഷം മതി”

                          ചായ കുടിക്കുന്നതിനിടയിൽ അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ സംസാരം കേട്ട് ഭയപ്പെട്ടാവണം മണിക്കുട്ടി അടുക്കളയിൽ‌നിന്ന് പുറത്തിറങ്ങിയതേ ഇല്ല.
സന്ധ്യവിളക്ക് വെച്ച നേരത്ത് അവൾ കൈകൂപ്പി ഒരു കീർത്തനം ചൊല്ലി.
“തിരുമുരുകാ ആണ്ടവനെ ഉലകം കാപ്പവനേ
……………..
അനാഥയായ പെൺകുട്ടിക്ക് സനാഥയാണെന്ന തോന്നൽ ഉണ്ടായോ? വിളക്കിനു മുന്നിൽ കൈകൂപ്പിയിട്ട് അവൾ ചൊല്ലിയ കീർത്തനാലാപനം കേട്ടപ്പോൾ, ഞങ്ങളുടെ വീടിന് പുത്തൻ ഐശ്വര്യം കടന്നുവന്നതു പോലെ തോന്നി. ‘അമ്മാ’ എന്ന് അവളുടെ വിളികേട്ട ഞാൻ കോൾമയിർ കൊണ്ടു. പൂർണ്ണമനസ്സോടെയല്ലെങ്കിലും ഞാൻ ചെയ്ത നല്ലകാര്യം അദ്ദേഹം അംഗീകരിച്ചിരിക്കയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

                           അത്താഴത്തിനുശേഷം അദ്ദേഹം നേരത്തെ ഉറങ്ങാൻ കിടന്നത് എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ വിതച്ചു. ഏത് കാര്യവും മനസ്സുതുറന്ന് സംസാരിച്ച് എല്ലാപ്രയാസങ്ങളും ഇറക്കിവെക്കുന്ന ഞങ്ങൾക്കിടയിൽ മണിക്കുട്ടിയുടെ വരവോടെ ഒരു വിടവ് സൃഷ്ടിച്ചിരിക്കയാണ്. ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌പോലും മൌനമായിരിക്കാനാവാത്ത എനിക്ക് ആകെ ഒരു വിമ്മിഷ്ടം. ജീവിതത്തിൽ എപ്പോഴും തോറ്റുകൊടുക്കുന്ന ഞാൻ ഇന്നേതായാലും തോൽക്കാൻ തയ്യാറല്ല. ഒരു നല്ലകാര്യം ചെയ്യാൻ പെർമിഷൻ ചോദിക്കണം പോലും!
‘ഉറങ്ങുന്നവർ ഉറങ്ങട്ടെ, വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞുതീർക്കാതെ, ഇന്നെങ്കിലും എനിക്ക് ഉറങ്ങാനാവുമോ എന്നൊന്ന് നോക്കാം’.

                            അങ്ങനെ ഉറങ്ങാൻ കിടന്നപ്പോഴും എന്റെ ചിന്തകൾ മുറിക്ക് പുറത്തും വീട്ടിനു പുറത്തും കറങ്ങിനടക്കുകയാണ്. അടുക്കളയോട് തൊട്ടടുത്ത മുറിയാണ് മണിക്കുട്ടിക്ക് കൊടുത്തത്. അവിടെ അവൾ സുഖമായി ഉറങ്ങുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. എന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയരാൻ തുടങ്ങി,
അവളൊരു പെൺകുട്ടിയല്ലെ? എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകൾ, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോൾ അല്പം ദയതോന്നിയിട്ട്  ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചിട്ട്‌, ഇപ്പോൾ ആകെ ഉറക്കം വരാത്ത അവസ്ഥയായി. കണ്ണടച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞുകിടക്കുമ്പോൾ തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ, സിനിമയിൽ കാണുന്നതുപോലെ തള്ളി താഴെയിടാൻ തോന്നി.

ശ്,,ശ്,,,ശ്,,,ശ്,,,,,  ഒരു ശബ്ദം;
ശ്,,,ശ്ശ്,,,ശ്ശ്,,,   വീണ്ടും ആ ശബ്ദം ഉയരുകയാണ്, തൊട്ടടുത്ത മുറിയിൽ നിന്ന്;
ഓ, അത് അവളായിരിക്കും, മണിക്കുട്ടി; ഉറക്കത്തിൽ വല്ലതും പറയുന്നതാവാം. ഏറെക്കാലം അലഞ്ഞുനടന്ന അവൾ മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയിൽ സ്വപ്നം കണ്ട് സംസാരിച്ചതാവണം,,,
ശ്,,ശ്ശ്,ശ്ശ്,ശ്ശ്,,,,,ശ്ശ്,,, ശബ്ദം വീണ്ടും ഉയരുകയാണ്,,
എല്ലാ മുറികളിലും കടന്ന് ജനാലയും വാതിലും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തി ഉറങ്ങാൻ കിടന്നതാണ്,, അപ്പോൾ ശബ്ദം അവൾ ഉറക്കത്തിൽ സംസാരിക്കുന്നതാവണം. പറയുന്നത് തമിഴിൽ ആയിരിക്കും,, അബോധമനസ്സിൽ നാവിൽ വിളയാടുന്നത് മാതൃഭാഷ ആയിരിക്കുമല്ലൊ!!
ഒന്ന് കേട്ടാലോ??

                          അദ്ദേഹത്തെ ഉണർത്താതെ കിടക്കയിൽ നിന്നെഴുന്നേറ്റ ഞാൻ, വളർത്തുപൂച്ചയുടെ മെയ്‌വഴക്കവുമായി, ചിരപരിചിതമായ വഴികളിലൂടെ ആ ഇരുട്ടിൽ നടന്ന് ഡൈനിംഗ് റൂമിലൂടെ അടുക്കളക്ക് സമീപം എത്തി. അടുക്കളവാതിലിന് ഇടതുവശത്താണ്, ഞാൻ അവൾക്കായി മുറി ഒരുക്കിയത്. അതിനകത്ത് ലൈറ്റ് ഓൺ ചെയ്തില്ലെങ്കിലും വെന്റിലേറ്ററിലൂടെ നേർത്ത വെളിച്ചം ഒഴുകിവരുന്നുണ്ട്; ഒപ്പം അവ്യക്തമായ ശബ്ദവും. എന്നിലെ ജിജ്ഞാസ ഉച്ചസ്ഥായിയിലെത്തി,
,,, ഈ നട്ടപ്പാതിരക്ക് എന്റെ വീട്ടിലെ മുറിയിൽ‌വെച്ച് നടക്കുന്നത് അറിയണമല്ലൊ? വാതിൽ അടച്ചതിനാൽ ഒളിഞ്ഞുനോട്ടത്തിനുള്ള വഴി ഉയരത്തിലുള്ള ഒരു വെന്റിലേറ്റർ മാത്രമാണ്. സമീപമുള്ള ഒരു ചെയർ ശബ്ദമില്ലാതെ എടുത്ത് ആ വെന്റിലേറ്ററിനു ചുവട്ടിൽ വെച്ച്, തൊട്ടടുത്തുള്ള ഷെൽഫിൽ പിടിച്ച് ഡൈനിംഗ് ടേബിളിനു മുകളിൽ കയറി മേലോട്ട് നോക്കി. ഇപ്പോൾ ഒന്നും കാണുന്നില്ലെങ്കിലും ശബ്ദം വ്യക്തമാണ്,
“അണ്ണാ, നീങ്കൾ എന്ന ശൊല്ലറേൾ?”
ഞാനാകെ ഞെട്ടിത്തരിച്ചു,
അടച്ചുപൂട്ടിയിട്ട് ഒറ്റക്ക് ഉറങ്ങാൻ കിടന്ന ഇവളുടെ മുറിയിൽ എങ്ങെനെ അണ്ണൻ കയറിവന്നു???
എനിക്ക് തോന്നിയതാണോ?

ഞാൻ ഷെൽഫിൽ പിടിച്ച് പരമാവധി എത്തിവലിഞ്ഞ് അകത്തേക്ക് നോക്കി,,,
                          അവിടെ അവൾ മൊബൈലിൽ സംസാരിക്കുകയാണ്!!! അപ്പോൾ ഇതാകെ പുലിവാലായോ? അവളുടെ മുഖം കാണാനാവില്ലെങ്കിലും ബൊബൈലിന്റെ വെളിച്ചം വ്യക്തമാണ്, അവൾ ആരോടോ പറയുകയാണ്,
“നാനിങ്കെ ഇരുക്കുമാട്ടേൻ, മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേൻ. അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും. കൊഞ്ചം നാൾ പോഹട്ടും, അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാൻ ശൊല്ലിത്തിരുകിറേൻ”

                               നിൽക്കുന്നത് മേശപ്പുറത്താണെന്ന ബോധമുള്ളതിനാൽ നിശബ്ദമായി ഞാൻ താഴെയിറങ്ങി. ആകെ ഒരു വിറയൽ,,, പോറ്റിവളർത്താൻ കൊതിച്ചത് കാലന്റെ കുരുക്കുമായി വന്നവളെയാണോ? വീട്ടിലുള്ളവരെ തട്ടിക്കളഞ്ഞ്, പൊന്നും പണവും അടിച്ചുമാറ്റി സ്ഥലം വിടാനാണ് അവളുടെ പ്ലാൻ!!!!
അല്പനേരം ചിന്തിച്ച്, അവളുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്യുമ്പോൾ ശബ്ദം പുറത്തുവന്നില്ല. തിരിച്ച് ബഡ്‌റൂമിലേക്ക് നടന്ന് ഉള്ളിൽ പ്രവേശിച്ചപ്പോൾ ആ വാതിലും നന്നായി അടച്ചുപൂട്ടി.

                          അദ്ദേഹം സുഖമായി ഉറങ്ങുകയാണ്; ഞാൻ പോയതും വന്നതും അറിഞ്ഞിട്ടേയില്ല. ശരീരവും മനസ്സും ചേർന്ന് ആകെ ഒരു വിറയൽ കാരണം എന്നിൽ‌നിന്നും ഉറക്കം അകന്നു മാറിയിരിക്കയാണ്. തലയും തടവിക്കൊണ്ട് ഞാൻ ചിന്തിക്കാൻ തുടങ്ങി,
“നാളെ നേരം പുലർന്ന് കഴിഞ്ഞാൽ, ഈ തല കഴുത്തിനുമുകളിൽ നിലനിർത്താനായി എന്തെല്ലാം ചെയ്യണം?”