“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/20/11

ഊഞ്ഞാൽ


                         മുറ്റത്തുനിന്ന് പൊന്നുമോൻ പൊട്ടിച്ചിരിക്കുന്നത് കേട്ടപ്പോൾ അടുക്കളയിൽ‌നിന്നും അരി കഴുകിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സിൽ ആകെയൊരു ഭയം. 
‘അയാൾ വന്ന് എന്റെ കുട്ടനെ കളിപ്പിക്കുന്നുണ്ടാവണം,,,, നാശം’,
അപ്പൂപ്പനും അമ്മൂമ്മക്കും വയസ്സുകാലത്ത് കിട്ടിയ കളിപ്പാട്ടമായി മാറിയിരിക്കയാണ് എന്റെ പൊന്നുമോൻ’.

                        ആ വീട്ടിലെ മരുമകളായി, ഗൾഫിൽ ജോലിയുള്ള മൂത്ത മകന്റെ ഭാര്യയായി വന്നത്, ഒരു മഹാഭാഗ്യമായിട്ടാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഭർത്താവ് വിദേശത്താണെങ്കിലും ഭർതൃവീട് സ്വർഗ്ഗതുല്യം തന്നെയാണ്. ഏത്‌നേരത്തും അടുക്കളപ്പണി മാത്രം നോക്കിയാൽ മതി. ഒന്നര വയസുമാത്രം പ്രായമുള്ള തന്റെ മകനെ എടുത്ത് കളിപ്പിക്കലും ചിരിപ്പിക്കലുമാണ് കൂടെയുള്ള അമ്മായിഅമ്മയുടെയും അമ്മായിഅച്ഛന്റെയും പ്രധാന വിനോദം.
അത് തന്നെയാണ് എന്റെ മനസ്സിൽ തീയാളിക്കത്താനുള്ള കാരണവും,,,

                       സ്നേഹ സമ്പന്നരായ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനായ കുട്ടനെ കൊഞ്ചിക്കുന്നത്, കാണുന്നവർ അസൂയപ്പെട്ട്‌പോകും. എന്നാൽ കുട്ടന്റെ അമ്മയായ എനിക്ക്‌മാത്രം അത് ഇഷ്ടമല്ല. സ്വന്തം മകന്റെ കുഞ്ഞാണെന്ന അവകാശവും‌പേറി, കൊച്ചുമകനെ കളിപ്പിക്കുമ്പോൾ അവനെ പ്രസവിച്ച അമ്മയായ തനിക്ക് അവനിൽ ഒരവകാശവും ഇല്ലെന്ന് ഇടയ്ക്കിടെ അവർ പറയും; പ്രത്യേകിച്ച് മദർ-ഇൻ-ലാ. അവരുടെ വൃത്തിയില്ലാത്ത കൈകൊണ്ട് പൊന്നുമോന് ഭക്ഷണം കൊടുക്കുന്നതും തിളപ്പിക്കാത്ത വെള്ളം കുടിക്കാൻ കൊടുക്കുന്നതും ഒരു പരിധിവരെ ഞാൻ സഹിക്കുകയാണ്.

                       എന്നാൽ എനിക്ക് ഒരിക്കലും സഹിക്കാനാവാത്തത് ഒന്ന് മാത്രമാണ്, ‘എന്നെ ഭയപ്പെടുത്തുന്ന തരത്തിൽ കുഞ്ഞിനെ അവർ കളിപ്പിക്കുന്നു’. ഒരു കളിപ്പാട്ടം പോലെ മകന്റെ കൈപിടിച്ച് മേലോട്ടുയർത്തുന്നതും മുകളിലോട്ട് എറിഞ്ഞ് പിടിക്കുന്നതും അവനെ നൊന്തുപെറ്റ അമ്മയായ ഒരു സ്ത്രീ എങ്ങനെ സഹിക്കും? എന്റെ കൺ‌മുന്നിൽ വെച്ചാകുമ്പോൾ ആ കളി കൂടുതലാവുകയാണ്. ‘മകൻ തറയിൽ വീഴുമോ’ എന്ന് കരുതി, പേടിച്ച് നിലവിളിക്കുന്ന മരുമകളെ പരിഹസിക്കാൻ ആ തള്ളക്ക് ആയിരം നാവാണ്. ഒരാഴ്ച മുൻപ് അയൽ‌പക്കത്തുള്ള നുണച്ചി ‘ബീ.ബീ.സി’ യോട് പരിഹാസത്തോടെ തന്നെക്കുറിച്ച് എന്തൊക്കെയാ പറഞ്ഞത്?
“എടി ശാരദേ, സ്വന്തം മോന്റെ കുട്ടിയെ അപ്പൂപ്പനെടുത്ത് കളിപ്പിക്കുമ്പോൾ ഇവൾക്ക് പേടിയാ. ഓറെന്താ കുട്ടീനെ എടുത്ത് ചാടിക്കളയോ? ഓ, മറ്റാരും പെറാത്തപോലെയാ ഇവിടെ ഓരോരുത്തിന്റെ വിചാരം”
                      അത്‌കേട്ട് തിരിച്ചങ്ങോട്ട് പറയണമെന്ന് തോന്നിയതാണെങ്കിലും നിയന്ത്രണം പാലിച്ചു. വിദേശത്തുള്ള സുരേശേട്ടന്റെ ചെവിയിൽ താൻ പറഞ്ഞതിന്റെ കൂടെ പത്തിരട്ടി വെള്ളം‌ചേർത്ത് ഒപ്പം ഒരു കരച്ചിലും ചേർത്താൽ പത്ത്‌മാസം ചുമന്ന്‌പെറ്റ തള്ളയെ പീഡിപ്പിക്കുന്നവളായി കാണുന്ന ഭർത്താവ്, കുറ്റപ്പെടുത്തുന്നത് ഭാര്യയെ ആയിരിക്കും.

എന്നാൽ ഇന്നലെത്തെക്കാര്യം സഹിക്കുന്നതിന്റെ അപ്പുറമായിരുന്നു,
                       ചോറും കറിയും വെച്ച് ഉച്ചയാവാറായപ്പോൾ തുണിയലക്കാൻ കിണറ്റിൻ‌കരയിൽ പോയതായിരുന്നു. അടുക്കളപ്പുറത്തെ അലക്കുകല്ലിൽ തുണിയലക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊന്നുമോന്റെ ഓർമ്മവന്നു. അപ്പൂപ്പനും അമ്മൂമ്മയും ചേർന്ന്, പിച്ചവെച്ച് നടക്കാൻ തുടങ്ങുന്ന പേരമകനെ കളിപ്പിക്കുന്നത് കണ്ടുകൊണ്ടാണ് അലക്കാൻ പോയതെങ്കിലും ഒരു നിമിഷമുള്ള നിശബ്ദതയിൽ മനസ്സൊന്ന് പിടഞ്ഞു. വീടിന്റെ മുന്നിലേക്ക് വന്ന് നോക്കിയപ്പോൾ അയാൾ വരാന്തയിൽകിടന്ന് കൂർക്കം‌വലിച്ച് ഉറങ്ങുന്നു. ആ തള്ള മതിലിനു സമീപം പോയി ആരോടോ സംസാരിക്കുകയാണ്,
“കുട്ടാ,, എന്റെ പൊന്നേ,,,”  
ആ പരിസരത്ത് മകനെമാത്രം കാണാത്തപ്പോൾ വീളിച്ചുകൂവി വീട്ടിനകത്തും പുറത്തുമായി വെപ്രാളപ്പെട്ട് ഓടിയപ്പോൾ,,,
ഒടുവിൽ,,,
വീട്ടിനകത്ത് കുളിമുറിയിൽ എന്റെ മുത്തിനെ കണ്ടെത്തി. അവിടെ വെള്ളം നിറച്ച ബക്കറ്റിൽ പിടിച്ച് നിന്ന് വെള്ളത്തിൽ കൈമുക്കി പരിസരം മറന്ന്, പൊട്ടിച്ചിരിച്ച് കളിക്കുന്ന എന്റെ പൊന്നുമോൻ,,, എന്റെ ജീവൻ,,,
“അയ്യോ,,,”
ആ ഒരു നിമിഷം,,, സ്വന്തം ജീവൻ നഷ്ടപ്പെട്ടതായി തോന്നിയ ആ നിമിഷം, മകനെ വാരിയെടുത്ത് ഉമ്മവെച്ച് കരഞ്ഞനേരത്ത് പലതും ഓർത്തുപോയി. ‘തന്റെ ഒരേയൊരു മകൻ,,, ബക്കറ്റിലെ വെള്ളത്തിൽ’,,,

                      പൊന്നുമോനെ മാറോടണച്ച് ഉണങ്ങിയ തോർത്ത്‌കൊണ്ട് തലതോർത്തി വെളിയിലേക്ക് വന്നപ്പോൾ സുരേശേട്ടന്റെ അമ്മയുടെ ചോദ്യം,
“നമ്മള് കുട്ടിയെ നോക്കുന്നില്ല എന്ന് പറീപ്പിക്കാനായിരിക്കണം അലക്കുന്നേന്റെ എടേല് കേരി വന്നത്?”
“പിന്നെ നിങ്ങള് നോക്കിയിട്ടാണോ ഇവൻ കുളിമുറീൽ പോയിട്ട് വെള്ളത്തിൽ കളിക്കുന്നത്?”
“ഓ,, കുളിമുറീൽ ആയാലെന്താ,, ഈ വീട്ടിനകത്ത് തന്നെയല്ലെ? ഇപ്പൊ നിന്റെ കെട്ടിയോനാണെങ്കിലും സുരേശനെയും ഞാനിതുപോലെ പെറ്റ് പോറ്റിയതാ”

                       ഏത് നേരത്തും സുരേശേട്ടനെ പെറ്റതും പോറ്റിയതുമായ കാര്യങ്ങൾ മാത്രമാണ് ആ തള്ളക്ക് പറയാനുള്ളത്. ഒരു വലിയ അപകടത്തെ മുഖാമുഖം കണ്ട് വന്നപ്പോൾ ആ തള്ളയുടെ ഒരു പറച്ചിൽ, ഒരാട്ട് കൊടുക്കാനാണ് തോന്നിയത്. ഭർത്താവായ സുരേശേട്ടനോട് പോലും ആ നേരത്ത് വെറുപ്പ് തോന്നി. സ്വന്തം മകന്റെ കാര്യത്തെക്കാൾ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ ശ്രദ്ധിക്കുന്ന ഇങ്ങനെയൊരു ഭർത്താവിനെ ലോകത്ത് ഒരിടത്തും കാണുകയില്ല. ഫോൺ ചെയ്താൽ ആദ്യം ചോദിക്കുന്നത് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ മാത്രമായിരിക്കും,
‘അവര് ഭക്ഷണം കഴിച്ചോ?’ അവര് ഉറങ്ങിയോ?’ അവര് ചൂട് വെള്ളത്തിൽ കുളിച്ചോ?’
അതിനിടയിൽ സ്വന്തം ഭാര്യയെയും മകനെയും മറന്നിരിക്കും.

                       വിവാഹശേഷം തന്ന ഉപദേശങ്ങളെല്ലാം മാതാപിതാക്കളുടെ പരിചരണത്തെക്കുറിച്ച് മാത്രമായിരുന്നു. നാല് മക്കളുടെ കൂട്ടത്തിൽ സുരേശേട്ടൻ മാത്രമാണ് അവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത്. ഭാര്യയോടും മകനോടും കാണിക്കേണ്ട സ്നേഹം അതിനിടയിൽ അദ്ദേഹം മറന്നിരിക്കയാണ്. എന്നാലും,,, ഇവിടെ അവർ,, തന്റെ മകൻ കുട്ടനോട് അപ്പൂപ്പനും അമ്മൂമ്മയും കാണിക്കുന്ന അളവറ്റ സ്നേഹം അംഗീകരിക്കാമെങ്കിലും അവരുടെ അശ്രദ്ധ,,, അതൊന്ന് മാത്രമാണ് അപകടം പിടിച്ചത്,,,
എന്റെ കുഞ്ഞിനെ,അവന്റെ അമ്മയായ ഞാൻ എങ്ങനെയാണ് വിശ്വസിച്ച് അവരെ ഏല്പിക്കുന്നത്?
                       വീട്ടിനകത്ത് ബക്കറ്റിൽ വെള്ളം നിറച്ച് വെക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. വീട്ടുജോലിക്കിടയിൽ ഓരോ നിമിഷവും മകനെ ശ്രദ്ധിക്കാൻ തുടങ്ങി.
                      ചോറ് അടുപ്പത്ത് നിന്ന് വേവുകയാണ്; അതിനിടയിൽ തിളച്ച വെള്ളത്തിൽ ബേബിഫുഡ് കലക്കിയത് ഒരു പാത്രത്തിൽ എടുത്ത്, അതുമായി വരാന്തയിൽ വന്നപ്പോൾ,,, കണ്ട കാഴ്ച,,,
ഞാൻ ഞെട്ടി,,,
രണ്ട് കൈകൊണ്ടും മകനെ ഉയർത്തിപ്പിടിച്ച് ഉമ്മവെക്കുന്ന അപ്പൂപ്പൻ; ഒപ്പം ഇക്കിളി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന മകൻ.
അവന്റെ തുടുത്ത കവിളിൽ തുരുതുരാ ഉമ്മകൾ നൽകിയിട്ട് ഒടുവിൽ അയാൾ കുഞ്ഞിനെ മുകളിലോട്ട് എറിഞ്ഞു,,, പിന്നെ,, പിന്നെ ഒരു നിമിഷം,,, പിടിവിട്ട് തറയിൽ തലയടിച്ച് വീഴുന്നു,,,
“അയ്യോ‍ാ,,,, എന്റെ മോനേ,,,”
തറയിൽ വീണ് ഒരു തവണമാത്രം കൈകാലിട്ടടിച്ച് നിശ്ചലനായ എന്റെ പൊന്നുമോൻ അമ്മയുടെ വിളി കേട്ടിരിക്കില്ല,,,
കാൽക്കീഴിലെ ഭൂമി കുലുങ്ങുന്നു,,, ചുറ്റും ഇരുട്ട്,,, ഞാൻ തറയിൽ വീണു,,, ഒപ്പം അവനായി കൊണ്ടുവന്ന ഭക്ഷണപാത്രം വീണുടഞ്ഞു. അവന്റെ അന്നം നിലത്ത് ചിതറി.
ഒരു കളിപ്പാട്ടം പൊട്ടിച്ചിതറി,,,

പിന്നെ,,
ശൂന്യത മാത്രം,,,
അതിനിടയിൽ അകലെ ഭൂമിയുടെ ഏതോ കോണിൽനിന്നും അവൻ എന്റെ മകൻ, എന്നെ നോക്കി ചിരിക്കുകയാണ്.
ഞാൻ അവനെപ്പിടിക്കാൻ ഓടി, തികച്ചും ഭ്രാന്തമായ ഓട്ടം.
                       അവൻ എന്റെ കുട്ടൻ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്, അവന്റെ കൊഞ്ചൽ എനിക്ക് കേൾക്കാം; അവന്റെ ഗന്ധം,,, മുലപ്പാലിന്റെതായ ഗന്ധം എനിക്കറിയാനാവുന്നുണ്ട്.
‘എന്റെ മുത്തേ,,, ഈ അമ്മയെ കളിപ്പിക്കാതെ ഓടിവാ എന്റെ പൊന്നുമോനേ?’
ഞാൻ കൈനീട്ടി, എനിക്ക് എത്തിപ്പിടിക്കാവുന്ന അകലത്തിൽ അവനുണ്ട്; അവനെ പിടിക്കണം, വാരിയെടുത്ത് ഉമ്മവെച്ച് മുലപ്പാൽ നൽകണം, അവന്റെ വിശപ്പകറ്റാനായി എന്റെ മാറിലൂടെ പാല് ഒഴുകുകയാണ്. ഭൂമിയുടെ അറ്റത്ത് നിൽക്കുന്ന ഞാൻ പ്രപഞ്ചനീലിമയിൽ നീന്തിത്തുടിക്കുന്ന അവനെ പിടിക്കാൻ കൈനീട്ടി,,,
പെട്ടെന്ന്,,
എല്ലാം പൊട്ടിത്തകർന്നു, എങ്ങും ശൂന്യതമാത്രം,,, ആ ശൂന്യതയാൽ മിർമ്മിതമായ അന്ധകാരത്തിന്റെ നിസ്സഹായതയിൽ കണ്ണുനീർ വറ്റിവരണ്ട ഞാൻ നിൽക്കുകയാണ്,

അപ്പോൾ ആരാണ് അലമുറയിട്ട് കരയുന്നത്?
“എന്റെ പൊന്നുമോനേ നിനക്കീഗതി വന്നല്ലോ,,,”
ആരാണ് നിലവിളിക്കുന്നത്?
ഓ, അത് സുരേശേട്ടന്റെ അമ്മയാണല്ലൊ.
                          ഇപ്പോൾ പകൽ‌വെളിച്ചം‌പോലെ എല്ലാം എനിക്ക് കാണാം. വെള്ളത്തുണിയിൽ പൊതിഞ്ഞ എന്റെ കുട്ടന്റെ ചേതനയറ്റ ശരീരത്തിനു സമീപം എണ്ണവറ്റി പടുതിരി കത്താറായ നിലവിളക്ക്. അവനെ കെട്ടിപ്പിടിച്ച്‌കൊണ്ട് അവന്റെ അമ്മയായ ഞാൻ കരയുന്നില്ലെങ്കിലും അമ്മൂമ്മ ഉച്ചത്തിൽ കരയുന്നുണ്ട്. അത്‌കേട്ട് ചുറ്റുപാടും ഉള്ളവർ മൂക്കത്ത് വിരൽ വെച്ച് കണ്ണിരൊഴുക്കുകയാണ്.
അമ്മൂമ്മയുടെ കരച്ചിലിനിടയിൽ ശബ്ദം ഉയർന്ന് പൊങ്ങുകയാണ്,
“എന്നാലും എന്റെ പൊന്നുമോനെ കുട്ടാ, നിന്റെ അമ്മയല്ലെ നിനക്കീ ഗതി വരുത്തിയത്,,, ഊഞ്ഞാലിൽ ഒറക്കിക്കെടത്തീട്ട് നോക്കാതെ പോയാല് താഴെ വീണ് തലയടിക്കുമെന്ന് ഓളോട് ഞാനെത്ര പറഞ്ഞതാ മോനേ,,,”
അമ്മൂമ്മ ഉച്ചത്തിൽ വിളിച്ച്‌കൂവി കരയുകയാണ്,
???
ഊഞ്ഞാൽ??? ഊഞ്ഞാൽ???
ഇതുവരെ മകനുവേണ്ടി ഒരു ഊഞ്ഞാൽ‌പോലും കെട്ടാത്ത ഞാൻ??? ഇതുവരെ ഊഞ്ഞാലിൽ കെടന്നുറങ്ങാത്ത എന്റെ പൊന്നുമോൻ???
എന്റെ മുത്തിന്റെ കാലനായി കടന്നുവന്ന ‘ഊഞ്ഞാൽ’,,, ആ രാക്ഷസനായ സുരേശേട്ടന്റെ അച്ഛനാണെന്ന് വിളിച്ച് പറയണമെന്നുണ്ട്,,, പക്ഷെ,,,
ആരുണ്ട് കേൾക്കാൻ??
കുട്ടനില്ലാതെ ഇനിയെന്തിന്???
പാടില്ല,,, പറയാൻ പാടില്ല,,, പറഞ്ഞിട്ടും കാര്യമില്ല,,,
മകന്റെ അമ്മ
മകൻ മരിച്ച ദുഖം സഹിക്കാനാവാതെ ഉച്ചത്തിൽ നിലവിളിച്ച്‌കൊണ്ട്, ‘പിച്ചും‌പേയും മാത്രം’ പറയേണ്ടവളാണല്ലൊ,,,

3/7/11

ചിക്കു ഷെയിക്ക്

 
                       അമല ശ്രീനിവാസന്റെ വിരലുകൾ കീബോർഡിലും കണ്ണുകൾ മോണിറ്ററിലുമായി ചലിക്കുന്നുണ്ടെങ്കിലും മനസ്സ് വീട്ടിൽതന്നെയാണ്. ഭർത്താവ് ശ്രീനിവാസൻ മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനുശേഷം മൂന്ന് മാസത്തെ ഇടവേള ആസ്വദിക്കാനായി വീട്ടിൽ വന്നതുമുതൽ അമലയുടെ മനസ്സ് ഇളകിമറിയുകയാണ്. വെറുതെയുള്ള ഓരോ സംശയങ്ങൾ,,, ആരോടും പറയാനാവാത്ത ആരും വിശ്വസിക്കാത്ത ആശങ്കകൾ,,,
ഉത്തരം കിട്ടാത്ത അനേകം സമസ്യകൾ; അവളുടെ ഉള്ളിൽ‌കടന്ന്, ഭർത്താവിന്റെ സാമിപ്യം കൊണ്ടുള്ള സന്തോഷത്തെ തകർക്കുകയാണ്.

                     മനസ്സിൽ തോന്നുന്നത് ഒരിക്കലും സംഭവിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങളാണെന്ന് അമ്മു എന്ന് വിളിക്കുന്ന അമലക്ക് നന്നായി അറിയാം. എങ്കിലും ചിന്തകൾ കാട് കയറുകയാണ്.
“അമ്മുവിന്റെ ഭർത്താവ് വന്നതിന്റെ വകയായി എനിക്കൊന്നും തന്നില്ലല്ലൊ?”
പറയുന്നത് ഓഫീസിലെ പ്യൂൺ സുകുമാരേട്ടനാണ്.
“അതിനെന്താ ഇന്ന് വൈകുന്നേരത്തെ ചായ എല്ലാവർക്കും എന്റെ വകയാണ്”
“അത് വെറും ചായസൽക്കാരമല്ലെ; ഗൾഫ്‌ന്ന് വരുമ്പോ എനിക്ക് തരാൻ പറ്റിയതൊന്നും കൊണ്ടുവന്നില്ലെ?”
സുകുമാരേട്ടൻ ഉദ്ദേശിച്ചത് ഒരു ഒരു മൊബൈൽ ആയിരിക്കാം; നാല് മക്കളുടെ അച്ഛനായതിന്റെ പ്രാരബ്ദം ആ മുഖത്ത് എപ്പോഴും കാണാം.
“തിരക്കൊക്കെ കഴിഞ്ഞ് ഞാൻ നോക്കട്ടെ, സുകുമാരേട്ടന് തരാൻ പറ്റിയത് ഉണ്ടാവും, ഇപ്പോൾ ഈ ഫയലൊന്ന് ഓഫീസർക്ക് കൊടുത്താട്ടെ,”
ഫയലുമായി സുകുമാരേട്ടൻ പോയപ്പോൾ വീണ്ടും ചിന്തകൾ കടന്നുവരാൻ തുടങ്ങി,

                  ഭർത്താവ് ഗൾഫിലായിരിക്കുമ്പോൾ ഓഫീസ് ജോലിയോടൊപ്പം, വീടും വീട്ടുകാര്യവും മക്കളുടെ കാര്യവും നോക്കിനടത്തിയത് ഒറ്റയ്ക്കായിരുന്നു. നന്നായി പഠിക്കുന്ന മകൾ അച്ചു അത്യാവശ്യം വീട്ടുജോലികളിൽ സഹായിക്കും. സെക്കന്റ് സ്റ്റാന്റേർഡിൽ പഠിക്കുന്ന ഉണ്ണിക്ക് അമ്മയില്ലാതെ ഒരു കാര്യവും നടക്കില്ല. പ്രവാസജീവിതത്തിന്റെ വിരഹം മനസ്സിലേറ്റി, മരുഭൂമിയിലെ മണൽക്കാറ്റിൽ തനിക്കും മക്കൾക്കും വേണ്ടി അദ്ധ്വാനിക്കുന്ന ശ്രീയേട്ടനെ ഓരോ നിമിഷവും ഓർത്തുകൊണ്ട് ജീവിച്ചവളാണ് അമ്മു. അദ്ദേഹത്തിന്റെ ഓരോ വരവിലും ലഭ്യമാകുന്ന ആനന്ദം, അടുത്ത വരവ്‌വരെ അമ്മുവിന് കുളിരേകിയിരുന്നു. അസൂയാലുക്കളായ ബന്ധുക്കളെയും അയൽ‌വാസികളെയും അകറ്റിനിർത്തി, താനും രണ്ട് മക്കളും മാത്രമുള്ള, ശ്രീയേട്ടനെ മാത്രം കാത്തിരിക്കുന്ന ഒരുലോകം.  
                   നാല് ദിവസം മുൻപ് അദ്ദേഹത്തെ സ്വീകരിക്കാനായി മക്കളോടൊപ്പം എയർപോർട്ടിൽ എത്തി. ശ്രീയേട്ടൻ പുറത്തിറങ്ങിയ നിമിഷം; അതുവരെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച മനസ്സിലെ മോഹങ്ങൾ സന്തോഷത്തിരമാലകളായി അലയടിച്ച് അതിൽ മുങ്ങിക്കുളിച്ച അവസ്ഥയിൽ വാക്കുകൾ പുറത്തുവന്നില്ല. പരിസരം മറന്ന് സംസാരിക്കുന്നതിനിടയിൽ കൂട്ടത്തിൽ മൌനം‌പാലിച്ച്, ചിരിക്കുക മാത്രം ചെയ്യുന്ന അച്ചുവിനെ ശ്രീയേട്ടൻ ശ്രദ്ധിച്ചു,
“എന്റെ മോളെന്താ ഒന്നും മിണ്ടാത്തത്? എടീ നീയങ്ങ് ഉരുണ്ട് തടിച്ചല്ലൊ,”
                    വെളിയിൽ വന്നതുമുതൽ കൈപിടിച്ച ഉണ്ണിയെ ഒഴിവാക്കി അദ്ദേഹം അച്ചുവിനെ പരിസരം മറന്നുകൊണ്ട് കെട്ടിപ്പിടിച്ചു.
                 പണ്ടേ അച്ഛനും മകളും ഇങ്ങനെയാണ്, അതുകണ്ട് പരിസരത്തുള്ളവർ ശ്രദ്ധിക്കുന്നത് അവഗണിച്ചു. വിരഹങ്ങൾക്കും കൂടിചേരലുകൾക്കും മൂകസാക്ഷിയാണല്ലൊ ഈ വിമാനതാവളം. സ്വന്തം മകളെ അച്ഛൻ സ്നേഹിക്കുന്നത് കണ്ട് തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അസൂയ തോന്നിയിരിക്കാം’.

                      യാത്രയിൽ നിശബ്ദരായെങ്കിലും ഉച്ചഭക്ഷണത്തിനായി ഹോട്ടലിൽ കയറിയപ്പോൾ അദ്ദേഹം വാചാലനായി. ഓഫീസിലെയും വീട്ടിലെയും കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നതിനിടയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയും ഫിഷ്‌ഫ്രൈയും മുന്നിലെത്തി. വീട്ടിലെത്തിയപ്പോഴാണെങ്കിൽ അച്ഛനും മക്കളും ചേർന്ന് ആകെ ബഹളംതന്നെ. തനിക്കും മക്കൾക്കുമായി എത്രമാത്രം സാധനങ്ങളാണ് വാങ്ങിക്കൂട്ടിയത്! കൂട്ടത്തിൽ മക്കൾക്ക് വേണ്ടി വാങ്ങിയ പാവകളും കളിപ്പാട്ടങ്ങളും കണ്ടപ്പോൾ അമ്മയുടെയും മക്കളുടെയും കണ്ണുകളിൽ ആശ്ചര്യത്തിളക്കം. പ്രവാസജീവിതത്തിൽ മുങ്ങിയ അച്ഛന്റെ മനസ്സിൽ മക്കൾ ഇപ്പോഴും കളിക്കുട്ടികളാണ്.

                      അദ്ദേഹത്തിന്റെ വരവറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾക്കിടയിൽ നിന്ന് സ്വതന്ത്രമാവുന്നത് രാത്രി ആയപ്പോഴാണ്. അത്താഴം കഴിക്കാൻ ഡൈനിംഗ് ടേബിളിനു മുന്നിലിരുപ്പോൾ ശ്രീയേട്ടന്റെ സംഭാഷണം മുഴുവൻ മകൾ അച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു. വർഷങ്ങളായി വിദേശവാസം കഴിഞ്ഞെത്തിയ പിതാവല്ലെ,,, അദ്ദേഹം പറഞ്ഞതിൽ അപാകതയൊന്നും കണ്ടെത്താൻ തനിക്കെന്നല്ല ആർക്കും കഴിയില്ല. പ്രായപൂർത്തിയായ മകളുടെ മുടിയിഴകളെക്കുറിച്ചും അവളുടെ കവിളിലുള്ള മുഖക്കുരു മാറ്റാനുള്ള ക്രീമിനെക്കുറിച്ചും അവൾ ധരിച്ച ചൂരീദാർ ബോഡിക്ക് മാച്ച് ചെയ്യാത്തതാണെന്നും പറയുന്നത് സ്വന്തം പിതാവ് തന്നെയാണല്ലൊ. കുടുംബത്തിൽ നിന്നകന്ന് മൂന്ന് വർഷം മരുഭൂമിയിൽ ജീവിച്ച അദ്ദേഹത്തിന് എല്ലാറ്റിലും ഒരു പുതുമ ദർശ്ശിക്കാൻ കഴിഞ്ഞു.  എന്നാൽ അത് മകളെക്കുറിച്ച് മാത്രമായതിൽ ഉണ്ണിയുടെ കൊച്ചുമനസ്സിൽ പരാതി ഉയർന്നു,
“ഈ പപ്പയെന്താ ചേച്ചിയെപറ്റി മാത്രം പറയുന്നത്?”
“അത് നീ ആൺ‌കുട്ടിയല്ലെ, ഇതെന്റെ മകളാണ് അച്ചു,,”
അത്രയും പറഞ്ഞ് ഒരു ഉരുള ചോറ് അച്ചുവിന് നൽകിയത് അവന് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും പറഞ്ഞില്ല. കണ്ണെടുക്കാതെ സ്വന്തം മകളെ നോക്കി സംതൃപ്തി അടയുന്ന പിതാവിനെ കണ്ടപ്പോൾ അമ്മുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
‘നോക്കട്ടെ,, മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം വന്നെത്തിയ അച്ഛൻ, അമ്മവളർത്തിയ മകളെ കണ്ണുനിറയെ കാണട്ടെ’.             
                       ഭർത്താവിന്റെ സാമീപ്യംകൊണ്ട് അമ്മുവിന്റെ ശരീരവും മനസ്സും ഒരുപോലെ ലഹരിയിൽ മുങ്ങിത്താഴുകയാണ്. രാത്രികൾക്ക് നീളം കുറവാണോ? ഇനി രണ്ട് ദിവസം ലീവെടുത്ത് വീട്ടിലിരുന്ന് ആഘോഷിക്കണം. മക്കൾ സ്ക്കുളിൽ പോയിട്ടുവേണം എല്ലാം മറന്ന് ആ മാറിലൊന്ന് തലചായ്ച്ച് കിടക്കാൻ.

                       പിറ്റേന്ന് രാവിലെ മക്കൾ രണ്ട്‌പേരും ഏറെ സന്തോഷത്തോടെ സ്ക്കൂളിലേക്ക് പോകാൻ തയ്യാറായി. ആദ്യം വന്നത് ഉണ്ണിയുടെ സ്ക്കൂൾ വാൻ; അച്ഛനോടും അമ്മയോടും റ്റാറ്റ പറഞ്ഞ് അവൻ വണ്ടിയിൽ കയറി. പത്ത് മിനിട്ട് കഴിഞ്ഞ് അച്ചുവിന്റെ സ്ക്കൂൾ ബസ് വരുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഒരു അഭിപ്രായം,
“ഇന്ന് എന്റെ മോള് സ്ക്കൂളിൽ പോകണ്ട, ഇവിടെ വന്നിട്ട് മോളെ മര്യാദക്കൊന്ന് കാണാൻ‌പോലും പറ്റിയിട്ടില്ല; അമ്മയും മോനും പോയിക്കോട്ടെ,,,”
                      അച്ഛന്റെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ മകൾ അമ്മയുടെ മുഖത്തുനോക്കിയപ്പോൾ അമ്മുവിന് ഞട്ടലുണ്ടായി. 
... മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ആളാണ് മകളോട് ഒരു ദിവസം ‘സ്ക്കൂളിൽ പോകണ്ട’ എന്ന് പറയുന്നത്!! ഇങ്ങേർക്കെന്ത് പറ്റീ?
... ‘മക്കളെ സ്ക്കൂളിൽ പറഞ്ഞയച്ച്, നാളെ നമുക്കൊന്ന് ആഘോഷിക്കാം’ എന്ന് ഇന്നലെ രാത്രി ചെവിയിൽ പറഞ്ഞ ആളാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്!
... വലിയ ഭാരവും താങ്ങിയെടുത്ത് ഗെയിറ്റിനു മുന്നിൽ വന്ന സ്ക്കൂൾ വാനിൽ അച്ഛന് റ്റാറ്റ പറഞ്ഞുകൊണ്ട് മകൻ കയറിപ്പോയപ്പോൾ ഒരക്ഷരവും പറയാത്ത ആളാണ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളോട് സ്ക്കൂളിൽ പോവണ്ട എന്ന് പറയുന്നത്!

                       അമ്മുവിന് എന്തോ ഒന്ന് ഫീൽ ചെയ്യാൻ തുടങ്ങി; എങ്കിലും ആ സ്നേഹം,,, അതവളെ ചിന്തകളിൽ നിന്ന് പിൻ‌തിരിപ്പിച്ചുകൊണ്ട് വാക്കുകൾ പുറത്തുവന്നു,
“അത്‌പിന്നെ ഇന്ന് ഉണ്ണിയെ സ്ക്കൂളിലേക്കയച്ച് അച്ചു ലീവെടുക്കുന്നത് കൊച്ചു കുട്ടിയാണെങ്കിലും അവന് പ്രയാസം തോന്നുകയില്ലെ? നാളെ രണ്ട്‌പേർക്കും ലീവെടുക്കാം”
“പരീക്ഷ അടുത്ത സമയത്ത് ആരും ലീവെടുക്കരുത്’, എന്നാണ് മിസ്സ് പറഞ്ഞത്, പപ്പ ഇന്ന് ഞാൻ പോയ്‌ക്കോട്ടെ?”
അത്രയും പറഞ്ഞ് പപ്പയെ ഒന്നുകൂടി നോക്കിയപ്പോൾ പാതിമനസ്സോടെ അദ്ദേഹം മകൾക്ക് യാത്രാനുമതി നൽകി.
                         മക്കൾ രണ്ട്‌പേരും സ്ക്കൂളിൽ പോയെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും കാരണം ശ്രീയേട്ടനോട് ഒറ്റക്ക് സംസാരിക്കാൻ അമ്മുവിന് നേരം കിട്ടിയില്ല. തിരക്കോട് തിരക്ക് തന്നെയാണെങ്കിലും അനിർവ്വചനീയമായ ആനന്ദവും പേറി ദിവസങ്ങൾ രണ്ടെണ്ണം കടന്നുപോയത് അറിഞ്ഞില്ല.

ഇന്നലെ രാത്രി,,,
വികലമായ കാഴ്ചൾ തന്നെ അരുതാത്തത് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണോ?
                       സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റി ശ്രീയേട്ടനെ കെട്ടിപ്പിടിച്ച് ഉറങ്ങിയ അമ്മുവിന്റെ ഉറക്കത്തിന് പെട്ടെന്ന് തടസ്സം നേരിട്ടു. ഇരുട്ടിൽ വലതുകൈകൊണ്ട് ചുറ്റും പരതിയപ്പോൾ ഒരു സത്യം അവളെ ഞെട്ടിച്ചു;
തന്റെ കൂടെ ഉറങ്ങിയിരുന്ന ശ്രീയേട്ടൻ ആ കിടക്കയിൽ ഇല്ല,,,
ഞെട്ടലിന്റെ ഒടുവിൽ എഴുന്നേറ്റ് വെളിയിൽ‌വന്ന അമ്മുവിന് സ്വന്തം ഭർത്താവിനെ കാണാൻ കഴിഞ്ഞു.
തൊട്ടടുത്തുള്ള മകളുടെ മുറിയിൽ,,,
വെളിച്ചം കണ്ട് ഓടിയെത്തിയപ്പോൾ അവൾ വിയർപ്പിൽ കുളിച്ചിരുന്നു.

തന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു,
“ഇവൾ ഒറ്റക്ക് ഉറക്കമിളച്ച് പഠിക്കുന്നത് കണ്ടപ്പോൾ വന്നതാ, മോള് പഠിക്കുമ്പോൾ നീ കൂട്ടിരിക്കാറില്ലെ?”
“എല്ലാ ദിവസവും അവൾ ഇവിടെയിരുന്നല്ലെ പഠിക്കുന്നത്,, തൊട്ടപ്പുറത്ത് നമ്മൾ എല്ലാവരും ഉണ്ടല്ലൊ”
“എന്നാലും അവളെ ഒറ്റയ്ക്ക് പഠിക്കാൻ വിട്ട് നീ പോത്ത്‌പോലെ ഉറങ്ങുകയാണോ വേണ്ടത്?”
“മോളേ നീ പഠിക്കുമ്പോൾ ആരെങ്കിലും കൂടെയിരിക്കണോ?”
തന്റെ ചോദ്യം കേട്ട അച്ചു ഉടനെ മറുപടി പറഞ്ഞു,
“അയ്യോ, എനിക്ക് ഒറ്റക്ക് മുറിയടച്ചിരുന്നാലെ വല്ലതും തലയിൽ കയറുകയുള്ളു, ഈ പപ്പയോട് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല”
തിരികെ ബെഡ്‌റൂമിലേക്ക് പോരുമ്പോൾ അദ്ദേഹം പറയുന്നുണ്ടായിരുന്നു, ‘അവളെ തനിച്ചിരുന്ന് പഠിക്കാൻ വിടരുത്’,,,
                     എല്ലാം ഒരു തമാശ ആയി അമ്മുവിനു തോന്നി, തനിച്ചിരിക്കാതെ ആർക്കെങ്കിലും മനസ്സിരുത്തി പഠിക്കാവുമോ? വളരെക്കാലം വിദേശത്തായിരുന്ന അച്ഛന്റെ ചിന്തകൾ ഇങ്ങനെയൊക്കെ ആവാം.

                      ലീവ് കഴിഞ്ഞ് ഇന്ന് രാവിലെ ഓഫീസിലേക്ക് പുറപ്പെടാൻ നേരത്ത് അദ്ദേഹം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു,
“വൈകുന്നേരം നേരത്തെ പോരണം. മക്കളും കൂടി വന്നിട്ട്, ഒന്ന് കറങ്ങാൻ പോകണം”
                        ഓഫീസിലെത്തി ഫയലുകളിലും മോണിറ്ററിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഏതാനും നേരത്തേക്ക് വീടും വീട്ടുകാരും മനസ്സിൽ‌നിന്ന് അകന്നു. സഹപ്രവർത്തകരെല്ലാം അടുത്ത്‌കൂടി വിശേഷങ്ങൾ ചോദിക്കുകയാണ്. ഒരാഴ്ച ലീവെടുക്കാനാണ് പലരും ഉപദേശിക്കുന്നത്.
പിന്നെ പതിവ് ചോദ്യം തന്നെ, ‘എത്ര മാസത്തെ ലീവുണ്ട്? എപ്പൊഴാ തിരിച്ച് പോകുന്നത്?’
                      ചോദ്യം കേട്ടപ്പോൾ അമലയുടെ മനസ്സിൽ ദേഷ്യം പതഞ്ഞുപൊങ്ങിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. നാട്ടുകാരുടെ പൊതുസ്വഭാവം അതാണല്ലൊ, ‘അനേകം വർഷങ്ങൾക്ക് ശേഷം ഒരാൾ വിദേശത്തു നിന്ന് വന്നാലും ആദ്യചോദ്യം അതായിരിക്കുമല്ലൊ; ‘ഇനി എപ്പൊഴാ തിരിച്ചു പോകുന്നത്’. ഓഫീസിൽ എല്ലാവർക്കും തന്റെ വക വൈകിട്ട് ചായക്ക് ഓർഡർ ചെയ്തു, ഒരു ട്രീറ്റ്,,,

                     മൂന്ന് ദിവസം മുൻപ് ഓഫീസിൽ വന്ന ഫയൽ വായിച്ച് മറുപടി ടൈപ്പ് ചെയ്യുമ്പോഴാണ് ബാഗിനകത്തിരിക്കുന്ന മൊബൈൽ റിംഗ് ചെയ്തത്. ഓൺ‌ചെയ്തപ്പോൾ നമ്പർ കണ്ട് അച്ചുവിന്റെ അമ്മയായ, അമല ശ്രീനിവാസൻ ഞെട്ടിവിറച്ചു; മകളുടെ ഫോൺ!
മകൾക്ക് സ്വന്തമായ മൊബൈൽ, ഒരിക്കലും സ്ക്കുളിലേക്ക് കൊണ്ടുപോകാത്ത, സ്വന്തം മുറിയിലെ ഷെൽഫിൽ മകൾ അടച്ചു വെച്ച ഫോൺ റിംഗ് ചെയ്താൽ മകളുടെ അമ്മ എങ്ങനെ ഞെട്ടാതിരിക്കും?
വിറയലോടെ മൊബൈൽ ഞെക്കിയപ്പോൾ അച്ചുവിന്റെ പരിഭ്രമിച്ച ശബ്ദം,
“മമ്മീ, മമ്മി എവിടെയാ ഉള്ളത്?”
“ഞാൻ, ഓഫീസിൽ,, അല്ല,, മോളേ അച്ചൂ,, നീ ഇതെന്താ സ്ക്കൂളില്ലെ?”
“പപ്പ എന്റെ സ്ക്കൂളിൽ‌വന്ന് മിസ്സിനോട് പറഞ്ഞു, ‘മമ്മിക്ക് സുഖമില്ല’ എന്ന്,,,  മമ്മി ‘എന്നെ കാണണം’‌ന്ന് പറഞ്ഞത് കേട്ട് ഞാനാകെ പേടിച്ച് പപ്പേടെകൂടെ വണ്ടീല് വീട്ടില് വന്നിരിക്കയാ; എന്റെ മമ്മിക്ക് എന്താ പറ്റിയത്?”
“എനിക്കൊന്നും പറ്റിയില്ല. എന്നിട്ട് നിന്റെ പപ്പ?”
“വീട്ടെലെത്തിയപ്പോൾ പപ്പ പറയുന്നത് ‘മമ്മിക്കൊന്നും പറ്റിയിട്ടില്ല, വെറുതെ പറഞ്ഞതാണെന്ന്, പിന്നെ ഇതൊന്നും മമ്മിയെ അറിയിക്കണ്ടാന്ന്’, ഈ പപ്പേടെ ഒരു കാര്യം”
“എന്നിട്ട് നിന്റെ പപ്പയോ?”
“പപ്പ അടുക്കളയിലാണ്, എനിഷ്ടപ്പെട്ട ചിക്കുഷെയ്ക്ക് ഉണ്ടാക്കുകയാ. ഞാൻ പപ്പയറിയാതെ ബെഡ്‌റൂമിൽ നിന്നും മൊബൈലെടുത്ത് ബാത്ത്‌റൂമിൽ കയറി ഡോറ് ക്ലോസ് ചെയ്തിട്ടാ വിളിക്കുന്നത്, മമ്മിയൊന്ന് വരാമോ? എനിക്കാകെ എന്തോ,,,”
                       പെട്ടെന്ന് ഓഫ് ആയ മൊബൈൽ നോക്കിയിരിക്കെ അമല വിയർപ്പിൽ കുളിക്കാൻ തുടങ്ങി. അമലയുടെ  തലയിൽ അല്ല തലച്ചോറിനകത്ത് ചിക്കുഷെയ്ക്ക് കറങ്ങുകയാണ്. സുഖകരമായ മധുരിക്കുന്ന തണുപ്പിനു പകരം ചൂട്‌‌പിടിച്ച ചിക്കുഷെയ്ക്ക് അഗ്നിപർവ്വതത്തിൽ നിന്നുയരുന്ന ലാവകണക്കെ മസ്തിഷ്ക്കത്തിന് വെളിയിലേക്ക് തിളച്ചു മറിയുകയാണോ? ആ ലാവയുടെ അത്യുഗ്രമായ ചൂടുകൊണ്ട് പൊള്ളുന്ന മനസ്സ്, ഒരു മഹാസമുദ്രമായി മാറി അതിൽ നിന്നും സുനാമിത്തിരമാലകൾ ഉയർന്ന് പൊട്ടിത്തകരുന്നതിനു മുൻപ് അമല സ്വന്തം ബാഗുമെടുത്ത് ഓഫീസിൽ‌നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കമ്പ്യൂട്ടർ ഓഫാക്കാൻ മറന്നിരുന്നു. ഉച്ചവെയിലിന്റ് ചൂട് അറിയാതെ റോഡിലേക്ക് ഓടി, ആദ്യം കണ്ട ഓട്ടോ പിടിച്ച്, അതിൽ കയറുമ്പോൾ ഉച്ചവെയിലിനെക്കാൾ കൂടുതൽ ചൂട് അമലയുടെ ഉള്ളിലായിരുന്നു.