“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/10/11

നാലാമത്തെ കുഞ്ഞ്

രമേശൻ മുതലാളി,,,
സ്വന്തമായി വിയർപ്പൊഴുക്കാത്തവൻ,
വിയർപ്പിന്റെ വില അറിയാത്താവൻ.
ജീവിതത്തിൽ ഒരിക്കലും അധ്വാനിക്കാത്തവൻ,
സ്വന്തം കൈകളിൽ അധ്വാനത്തിന്റെ തഴമ്പില്ലാത്തവൻ.
എന്നാൽ അവൻ ഒരു മുതലാളിയാണ്,
പൂർവ്വികരിൽ നിന്നും ലഭിച്ചത്, അതിവിശാലമായ പഴത്തോട്ടം,
അതിന്റെ ഉടമയാണ്, ‘രമേശൻ മുതലാളി’.

                           മുതലാളി അനേകം തവണ സ്വന്തം തോട്ടത്തിൽ പോയിട്ടുണ്ടെങ്കിലും ഇന്നത്തെ യാത്രയുടെ സവിശേഷത സ്വന്തം മകൻ, ‘അപ്പു’ എന്ന് വിളിക്കുന്ന ‘അപൂർവ്വ്’ കൂടെയുണ്ട്, എന്നതാണ്. അടച്ചിട്ട മുറിയിലെ കാർട്ടൂൺ കഥാപാത്രങ്ങളിൽ‌നിന്നും ശത്രുസംഹാര ഗെയിമുകളിൽ നിന്നും മോചനം ലഭിച്ച ആ അഞ്ചുവയസ്സുകാരൻ ആദ്യമായിട്ടാണ് ഇത്രയും വിശാലമായ ലോകം കാണുന്നത്. 
                           ട്രാഫിക്ക് ജാമിൽ കുടുങ്ങിയിട്ട് വണ്ടി സ്ലോ ആയപ്പോൾ തൊട്ടടുത്തിരിക്കുന്ന അപ്പു ആവേശത്തോടെ സ്റ്റീയറിംഗ് പിടിച്ച്‌വലിച്ച് അച്ഛന്റെ ശ്രദ്ധ ആകർഷിച്ച്‌ പുറത്തേക്ക് ചൂണ്ടി,
“പപ്പാ നോക്ക്,, പൂവർ ചിൽഡ്രൻ പ്ലെയിംഗ് ലൈക്ക് ടോമിൻ ജറി,,,”
അവിടെ തുറന്ന ആകാശത്തിനും ഭൂമിക്കും ഇടയിൽ ഓടിക്കളിക്കുന്ന തെരുവുപിള്ളേർ,,, ആകാശത്തിനു താഴെ പറവകളെപ്പോലെ ഉല്ലസിക്കുന്ന കുഞ്ഞുങ്ങളെ അപ്പു ആദ്യമായി കാണുകയാണ്.

                             നാല് ചുമരുകൾക്കുള്ളിലെ സ്ക്രീനിൽ കടന്ന്‌വന്ന് കൊഞ്ചുന്ന കഥാപാത്രങ്ങൾ മാത്രമാണ് മകന്റെ കൂട്ടുകാർ. വീടായാലും സ്ക്കൂളായാലും സമപ്രായക്കാരൊത്തുള്ള ഇടപെടൽ വിലക്കിയിരിക്കയാണ്. കോടീശ്വരനായ രമേശൻ മുതലാളിയുടെ ഏകമകൻ, എല്ലാ സമ്പത്തിന്റെയും ഏക അവകാശി, മറ്റുള്ളവരുമായി കൂട്ടുകൂടാൻ പാടില്ല.

  എസ്റ്റെയ്റ്റിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ, അവന്റെ അമ്മ വിലക്കിയതാണ്, പിന്നെ താക്കീതുകളായി,,
“അവിടെയുള്ള തെണ്ടിപ്പിള്ളേരെ കാണാൻ, മകനെ അനുവദിക്കരുത്,,, പിന്നെ വെളിയിൽ‌നിന്ന് ഭക്ഷണമൊന്നും കഴിക്കരുത്”
അവൾ പറഞ്ഞത് ശരിയാണ്, വെളിയിൽ‌നിന്ന് ഭക്ഷണം കഴിച്ചാൽ എന്തൊക്കെ കെമിക്കൽ‌സ് ആയിരിക്കും പൊന്നുമോന്റെ ഉള്ളിലെത്തുന്നത്? കാറിൽ കയറാൻ‌നേരത്ത് അവന്റെ അമ്മക്ക് ഉറപ്പ് കൊടുത്തു,
“വണ്ടിയിൽനിന്ന് വെളിയിലിറക്കാതെ ഫാം‌ ഹൌസും ട്രീസും കാണിച്ച്കൊടുത്ത് പെട്ടെന്ന്‌തന്നെ റിട്ടേൺ ചെയ്യാം”

കാറിന്റെ സ്പീഡ് കൂട്ടിയപ്പോൾ മകന് ഭയമായി. ആൺകുട്ടികൾ ഇങ്ങനെ ഭയപ്പെടുന്നത് ശരിയല്ല,
“സീ അപ്പു, യൂ ആർ എ ബോയ്; ഡോൺ‌ഡ് ബിഹേവ് ഏസ് എ ഗേൾ ചൈൽഡ്”
                                  ഹൈവേ റോഡ് അവസാനിക്കുന്നിടത്ത് അതിവിശാലമായ എസ്റ്റെയ്റ്റ്, കാവൽക്കാരൻ വന്ന് കൈകൂപ്പി വണങ്ങിയിട്ട് ഇരുമ്പ് കവാടം തുറന്നു, പിന്നെ വണ്ടി ഓടുന്നത് വൻ‌മരങ്ങൾ തീർത്ത തണലിലൂടെ മാത്രം. കാറിന്റെ ഷട്ടർ താഴ്ത്തി ഏസി ഓൺ ചെയ്തപ്പോൾ അവന്റെ കുഞ്ഞുകണ്ണിൽ സംശയത്തിന്റെ നിഴലാട്ടം. ഇവിടത്തെ കാറ്റിൽ രാസവസ്തുക്കളുടെയും മരുന്നിന്റെയും ഗന്ധമുണ്ടെന്ന് പറഞ്ഞാൽ ഇപ്പോൾ അവന് മനസ്സിലാവില്ല. തന്റെ ബിസിനസ്, തന്റെ പണം, മുന്നിൽ കാണുന്ന വൻ‌മർങ്ങളെപ്പോലെ പടർന്ന് പന്തലിച്ചത്, ഏതൊക്കെ രാസവസ്തുക്കളുടെ സഹായത്താലാണെന്ന്, വളർന്ന് വലുതാവുമ്പോൾ അവൻ അറിഞ്ഞോട്ടെ.

                                  പൂർവ്വികർ അദ്ധ്വാനിച്ച് നട്ടുവളർത്തിയ മരങ്ങൾ മാത്രമാണ് ചുറ്റിലും തലയുയർത്തി നിൽക്കുന്നത്. അവയിൽ ഓരോ വർഷവും കായ്ക്കുന്നത്  അപൂർവ്വശക്തിയുള്ള പഴങ്ങളാണ്. വിശപ്പും ദാഹവും അറിയാതാക്കുന്ന വാർദ്ധക്ക്യം ഇല്ലാതാക്കുന്ന ആ പഴങ്ങളുടെ കുരു പുറത്തായതിനാൽ എളുപ്പത്തിൽ തിന്നാം, ജൂസാക്കി കുടിക്കാം, വാറ്റിയെടുക്കാം, ഉണക്കാം. വിദേശത്തും സ്വദേശശത്തും നിരവധി ബിസിനസ് കോണ്ട്രാക്റ്റുകൾ. എസ്റ്റെയ്റ്റ് സ്വന്തമായി ലഭിച്ചതിനുശേഷം കണ്ടെത്തിയ പുത്തൻ മരുന്നുകൾ തളിച്ചപ്പോൾ ഉല്പാദനം വർദ്ധിച്ച് വരുമാനം ഇരട്ടിച്ചുകൊണ്ടിരിക്കയാണ്.

                             യാത്രക്കൊടുവിൽ ഫാം ഹൌസിനു മുന്നിൽ വാഹനം നിർത്തി ഡോർ തുറന്നു. മുതലാളിയുടെ കൂടെ മകനെയും കണ്ടപ്പോൾ ഏതാനും തൊഴിലാളികൾ അവന്റെ അടുത്തേക്ക് വന്നു. പെട്ടെന്ന് മകൻ പിന്നിലേക്ക് നീങ്ങി, അവർക്കുനേരെ കൈചൂണ്ടി,
“ഡോൺ‌ഡ് ടച്ച്‌മീ, യൂ ഡേർട്ടി ഫെലോസ്,,,,,”
സ്വന്തം മകന്റെ വാക്കുകൾ കേട്ട് രമേശൻ മുതലാളി സന്തോഷിച്ചെങ്കിലും ഞെട്ടിയ തൊഴിലാളികൾ ചിരിച്ചുകൊണ്ട് പിൻ‌വാങ്ങി. വിവരമില്ലാത്ത വൃത്തിയില്ലാത്ത മനുഷ്യർക്ക് ഓമനിക്കാനുള്ളതാണോ, അവരുടെ മുതലാളിയായ തന്റെ ഓമനപുത്രൻ!

                             പെട്ടെന്ന് ഫാംമാനേജർ ഫയലുകളുമായി മുന്നിൽ ഓടിവന്നു. അയാൾക്ക് പറയാൻ അനേകം കാര്യങ്ങളാണ്. ഇപ്പോഴുള്ള മരുന്ന് കാരണം തൊഴിലാളികൾക്ക് രോഗങ്ങൾ വരുന്നുണ്ടെന്നും അവരെല്ലാം ചേർന്ന് സമരം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും പറഞ്ഞപ്പോൾ രമേശൻ മുതലാളിയുടെ ദേഷ്യം ആളിക്കത്തി,
“അതിന് അവരോട് ജോലിക്ക് വരാൻ നമ്മൾ പറഞ്ഞിട്ടില്ലല്ലൊ, തൊഴിലില്ലാതെ പട്ടിണിയായ കാലത്ത് ജോലിയും കൂലിയും കൊടുത്ത നമ്മളാണോ കുറ്റക്കാർ? ഒരു കാര്യം ചെയ്യ്, അവരെയെല്ലാം പിരിച്ചുവിട്ട് പുതിയവരെ നിയമിക്ക്”
“സർ അത് തൊഴിലാളി സംഘടനകൾ സമ്മതിക്കില്ല”
“ഒരു തൊഴിലാളി യൂണിയൻ? അവരുടെ നേതാക്കന്മാർക്ക് വല്ലതും കൊടുത്ത് കാര്യം ഒതുക്ക്”

                             ഫയലുകൾ നോക്കുന്നതിനിടയിൽ, അന്താരാഷ്ട്ര വിലനിലവാരവും മാർക്കറ്റിംങ്ങ് സീക്രട്ടും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അപ്പുവിന്റെ ശ്രദ്ധ വെളിയിലെ ചെടികളിൽ ഉടക്കി. പൂന്തോട്ടത്തിലൊക്കെ ഇതുവരെ കാണാത്ത വലിയ പൂക്കൾ മാത്രം. പെട്ടെന്ന് ഒരു പ്രാവിനോളം വലിപ്പമുള്ള ചിത്രശലഭം വന്ന്, തളികയോളം വലിയ ചെമ്പരത്തിപൂവിലെ തേൻ കുടിച്ച് പറന്നുപോയത് കണ്ടപ്പോൾ അവന്റെ കൊച്ചുകണ്ണിൽ കൌതുകം. എന്തൊക്കെ കാഴ്ചകളാണ്!
അവനാകെ ആശ്ചര്യപ്പെട്ട് പുറത്തിറങ്ങി നടക്കാൻ തുടങ്ങി. എങ്ങും നിറഞ്ഞിരിക്കുന്നത് ഇതുവരെ കാണാത്ത കാഴ്ചകൾ മാത്രം,,,
                             അല്പനേരം നടന്നപ്പോൾ സമീപത്തായി ഒഴുകുന്ന അരുവിയുടെ കളകളാരവം അവന്റെ കുഞ്ഞുകർണ്ണങ്ങളിൽ പതിച്ചു. അരുവിയിലെ തെളിനീരിൽ നീന്തിത്തുടിക്കുന്ന വലിയ മത്സ്യങ്ങൾ,, ചില മത്സ്യങ്ങൾ അവനെക്കാൾ വലുതാണ്.
പുതിയ ലോകം നോക്കിയും കണ്ടും അപ്പു മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ,, 
അവൻ എല്ലാം മറന്നു,,,
അവൻ മാത്രമല്ല, അവന്റെ അച്ഛനും അവനെ മറന്നിരുന്നു,,,
ലക്ഷങ്ങളുടെ കോടികളുടെ കണക്കുകൾ പറയുമ്പോൾ, സ്വന്തം മകന്റെ കാര്യം മുതലാളി പൂർണ്ണമായി മറന്നു,,

                         തിരിച്ചുപോകാൻ നേരത്ത് കാറിന്റെ ഡോർ തുറന്നപ്പോൾ ഡ്രൈവിംഗ് സീറ്റിന് സമീപം രമേശൻ കണ്ടു; അപ്പുവിന്റെ കൊച്ചു ‘ജെ.സി.ബി’. പെട്ടെന്ന് മകന്റെ ചിന്തയുദിച്ച അച്ഛൻ അവനെ വിളിക്കാൻ തുടങ്ങി,
“അപ്പൂ,, കം ഹിയർ,,,വേർ ആർ യൂ?”
അല്പസമയം കാത്തിരുന്നിട്ടും അപ്പു വന്നില്ല. തന്റെ വിളികേട്ടിട്ടും മകൻ വരുന്നില്ല എന്നറിഞ്ഞ ആ പിതാവ്, ഫാമിനുചുറ്റും നടന്ന് അപ്പുവിനെ ഉച്ചത്തിൽ വിളിച്ചു,
“അപ്പൂ,, പൊന്നുമോനേ,,,നീയെവിടെയാ ഉള്ളത്?”
                         വിളികേൾക്കാനോ മറുപടി പറയാനോ അപ്പു സമീപമൊന്നും ഇല്ലെന്ന അറിവ് അദ്ദേഹത്തിന്റെ തലയിൽ ഇടിമിന്നലായി പതിച്ചു. പുറപ്പെടാൻ നേരത്ത് ഭാര്യ പറഞ്ഞ ഉപദേശത്തിന് ഒരു വിലയും കല്പിക്കാത്തതിൽ സ്വയം പഴിചാരാൻ തുടങ്ങിയ സമയത്താണ് ഏതോ ഒരു കുട്ടിയുടെ ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ഉറവിടംതേടി അയാൾ നടന്നു. 
...അവിടെ അരുവിക്കരയിൽ മണ്ണ്‌വാരി തിന്നുന്ന നാല് കുട്ടികൾ!!! ‘അവരോട് ചോദിച്ചാൽ മകനെക്കുറിച്ച് അറിയുമായിരിക്കും’.
                        നടത്തത്തിന് വേഗതകൂട്ടിയിട്ട് അവരെ സമീപിക്കുമ്പോൾ രമേശൻ വ്യക്തമായി കണ്ടു, നാല് കുഞ്ഞുങ്ങളുടെയും തല അസാധാരണമായ അളവിൽ വളർന്നിരിക്കുന്നു. അവരുടെ കാലുകൾ മെലിഞ്ഞ് നടക്കാൻ പറ്റാത്തതിനാൽ വെറുംനിലത്ത് ഇഴയുകയാണ്. തന്റെനേരെ തുറിച്ച്‌നോക്കുന്ന വലിയ കണ്ണുകളുള്ള അവർ മനുഷ്യജീവികളാണെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് പ്രയാസം തോന്നി.

                        പെട്ടെന്ന് മണ്ണിന്റെ നിറമുള്ള മുഷിഞ്ഞ വസ്ത്രം ധരിച്ച മൂന്ന് സ്ത്രീകൾ തിരക്കിട്ട് നടന്ന് വന്ന് ഓരോ കുട്ടിയെയും എടുത്ത്, അവരുടെ ഭാരമുള്ള തല ചുമലിലേറ്റി മുന്നോട്ട് നടന്നു. ഒടുവിൽ വന്ന സ്ത്രീ മൂന്നാമത്തെ കുഞ്ഞിനെയെടുത്ത് ചുമലിലിട്ടപ്പോൾ അവശേഷിച്ച ആ ഒരു കുഞ്ഞ് ദയനീയമായി ചുറ്റും നോക്കുകയാണ്.
അവനെന്താ ഇങ്ങനെ നോക്കുന്നത്??? മുതലാളിക്ക് ആകെ സംശയമായി,
തന്റെ കൂടെ വരുമ്പോൾ അപ്പു അണിഞ്ഞ വസ്ത്രങ്ങളാണല്ലൊ ആ കുട്ടി അണിഞ്ഞത്?
                        നാലാമത്തെ കുട്ടി മുന്നോട്ട് ഇഴഞ്ഞ്നീങ്ങാൻ തുടങ്ങിയപ്പോൾ രമേശൻ മുതലാളി ഭയം കൊണ്ട് വിറച്ചു. ആ കുഞ്ഞ് പല്ലില്ലാമോണ കാട്ടിയിട്ട് എന്തോക്കെയോ പറയുന്നുണ്ട്, അവ്യക്തമായ ആ അക്ഷരങ്ങൾക്ക് ചെവികൊടുക്കാൻ രമേശൻ തയ്യാറായില്ല. അദ്ദേഹം ഓടുന്നതുകണ്ടപ്പോൾ മുട്ടുകാലിൽ ഇഴയുന്ന ആ രൂപം കണ്ണീരൊഴുക്കി കരയാൻ തുടങ്ങി.

                    സ്വന്തം വാഹനത്തിന്റെ ഡോർ തുറക്കാൻ നേരത്ത് രമേശന്റെ ശരീരം വിറക്കാൻ തുടങ്ങി, മകൻ അപ്പു,,, അവനില്ലാതെ എങ്ങനെ തിരിച്ചുപോവും? 
ചെളിയും മണ്ണും പുരണ്ട് ഇഴഞ്ഞുനീങ്ങി തന്നെ സമീപിക്കാൻ വെപ്രാളം കാട്ടുന്ന ആ വികൃതരൂപം, നാലാമത്തെ കുഞ്ഞ്, ‘സ്വന്തം മകൻ അപൂർവ്വ്’ തന്നെയാണെന്ന ചിന്ത രമേശൻ മുതലാളിയുടെ ബോധമണ്ഡലത്തിൽ കടന്ന് കറങ്ങാൻ തുടങ്ങി.