“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

10/16/11

കവിയരങ്ങ് അഥവാ കളിയരങ്ങ്

“എടി നാരായണി, നീയിങ്ങ് വന്നേ,,, നിനക്കൊരു സന്തോഷവാർത്ത കേൾക്കണോ?”
ഭർത്താവ് നാരായണൻ മാസ്റ്ററുടെ വിളി കേട്ടപ്പോൾ തുണിയലക്കിക്കൊണ്ടിരിക്കുന്ന നാരായണി ടീച്ചർ, വീടിന്റെ പിന്നിൽ‌നിന്നും സ്വന്തം സാരിയുടെ അറ്റം പിഴിഞ്ഞുകൊണ്ട് ഓടിവന്നു,
“അല്ല മനുഷ്യാ, ഇങ്ങനെ വിളിച്ചാൽ ഞാൻ പേടിച്ച് പോകും. പൈപ്പ് തൊറന്ന് വെച്ചിരിക്കയാ”
“അത് പിന്നെ”
“വേഗം പറഞ്ഞ് തൊലക്ക്, അത് പിന്നെ”
“ഇന്ന് വായനശാലയിൽ പോയപ്പോഴാണ് കാര്യം അറിഞ്ഞത്”
“എന്ത് കാര്യം?”
“നാളെ നമ്മുടെ വീട്ടിൽ ഒരു കവി വരുന്നു, മഹാകവി”
“ആര്?”
“നിനക്കറിയില്ലെ നമ്മുടെ നാട്ടുകാരനായ ഒരേയൊരു കവി,, നമ്മുടെ ഗ്രാമത്തിന്റെ രോമാഞ്ചതിലകം; ഈ ഗ്രാമത്തിൽ ജനിച്ച അവൻ മഹാകവി ആയതിനുശേഷം ആദ്യമായി സ്വന്തം നാട്ടിൽ വരുന്നുണ്ട്”
“ഓ,,, വീട്ടീന്ന് അച്ഛനുമായി വഴക്കിട്ട് നാടുവിട്ട തിലകത്തിന് ഇപ്പോൾ വീട്ടുകാരെ കാണാനുള്ള മോഹം തോന്നിയിരിക്കും”
“അയാൾ വരുന്നത് വീട്ടുകാരെ കാണാനൊന്നുമല്ല, വീട്ടിലോട്ട് പോകത്തുമില്ല. അദ്ദേഹം നാളെ നമ്മുടെ വായനശാലയുടെ വാർഷികത്തിന് പ്രാസംഗികനായി വരുന്നതാണ്”
“തിലകനെന്താ,, ഈ വീട്ടിൽ കാര്യം?”
“എടി, വായനശാലയുടെ മെമ്പേർസിന്റെ കൂട്ടത്തിൽ വീട്ടിൽ ഒരാളെ താമസിപ്പിക്കാൻ സൌകര്യമുള്ളത് എനിക്കാണല്ലൊ; പെൻഷൻ പറ്റിയ നമ്മൾ രണ്ടാൾ മാത്രമുള്ളതിനാൽ ‘ഏറ്റവും അടുത്തുള്ള നാരായണൻ മാഷിന്റെ വീട്ടിൽ ഏതാനും മണിക്കൂർ തങ്ങാൻ മഹാകവിയെ അനുവദിക്കണമെന്ന്’ പ്രസിഡണ്ട് പറഞ്ഞപ്പോൾ ഞാനങ്ങ് സമ്മതിച്ചു”
“എപ്പോഴായിരിക്കും ഈ കവിയുടെ വരവ്? പിന്നെ അയാൾക്ക് സ്വന്തം വീട് അടുത്തല്ലെ, അവിടെ താമസിച്ചാൽ പോരെ?”
ഇവളൊക്കെ ടീച്ചറായിട്ട് എന്ത് കാര്യം? കവിതയുടെ ആറയലത്ത്‌പോലും പോകാത്ത ഇവൾ കവിയെ എങ്ങനെ ബഹുമാനിക്കും? ഒരു മഹാകവിയെ വീട്ടിൽ താമസിപ്പിക്കുന്നത് ഒരു മഹാഭാഗ്യമായാണ് വായനശാല സെക്രട്ടറി പറഞ്ഞത്. അതൊക്കെ ഇവളോട് പറഞ്ഞാൽ തലയിൽ കടക്കുമോ?
“നമ്മള് ഭക്ഷണമൊന്നും കൊടുക്കേണ്ട, നാല് മണിക്ക് ട്രെയിനിന്ന് ഇറങ്ങിയ കവിയെ നേരെ ഇങ്ങോട്ട് കൂട്ടിവരും. പിന്നെ ചായയൊന്നും വേണ്ടെന്നാ പറഞ്ഞത്, വിശ്രമിക്കാനൊരിടം. രാത്രി എട്ട് മണിക്ക് അവർ വന്ന് സമ്മേളനസ്ഥലത്തേക്ക് കൊണ്ടുപോയിക്കൊള്ളും”
“എന്തെങ്കിലും ചെയ്യ്, വരാന്തയിലെ ഓഫീസ്‌റൂമിൽ ഇരുത്തിയാൽ മതി”
നാരായണി ടീച്ചർ സാരി ഒന്നുകൂടി പിഴിഞ്ഞുകൊണ്ട് സ്ഥലം വിട്ടു.

                             കൂടുതൽ ഒടക്കാതെ അവൾ സമ്മതിച്ചതിൽ ആശ്വാസം തോന്നി. കവിക്ക് സ്വന്തം‌വീട് തൊട്ടടുത്ത് ഉണ്ടെങ്കിലും അദ്ദേഹത്തിന് അതൊരു ബാലികേറാമലയാണെന്ന് തന്റെ ഭാര്യ നാരായണിക്ക് മാത്രമല്ല, നാട്ടിലെ കൊച്ചുകുഞ്ഞിനു പോലുമറിയാം. സ്വന്തം അച്ഛനുമായി അടിച്ചു പിരിഞ്ഞ കവി, അച്ഛൻ മരിച്ചിട്ട്‌പോലും ആ വീട്ടിൽ കാല്‌കുത്തിയിട്ടില്ല. ഇപ്പോൾ ജനിച്ച് വളർന്ന ഗ്രാമത്തിലെ വായനശാലയിൽ വന്നാലും സ്വന്തം വീട്ടിൽ പോകാനിടയില്ല എന്ന് ഉറപ്പാണ്.

                            നാടും വീടും വിട്ടവനാണെങ്കിലും ഗ്രാമത്തിലെ പൌരന്മാരുടെ ആവേശമായ കവിയുടെ വരവ് പ്രമാണിച്ച് ഒരുക്കങ്ങളായിരുന്നു പിന്നീട് നാരായണൻ മാസ്റ്ററുടെ വീട്ടിൽ നടന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ കന്യകാത്വം വിട്ടുമാറാത്ത ചുമരുകൾക്ക് വെള്ളപൂശേണ്ടി വന്നില്ലെങ്കിലും തറ വൃത്തിയാക്കുന്ന തറപണികൾ നാരായണൻ മാസ്റ്റർ തന്നെ ചെയ്തു; ‘ടീച്ചർക്ക് മുട്ടുവേദന വന്നാൽ സഹിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലൊ’. പിന്നെ ഇത്തിരി ഒരുക്കങ്ങൾ‌കൂടി ആ വീട്ടിൽ ചെയ്തപ്പോൾ ആകെമൊത്തം മൂന്നാം കെട്ടുകാരനെപോലെ മൊഞ്ചുള്ളതായി മാറി.

                            പിറ്റേദിവസം ഉച്ച കഴിഞ്ഞപ്പോൾ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയിട്ട് നാരായണിടീച്ചർ കാത്തിരുന്നു. നാട്ടുകാരനായ മഹാകവിയെയും കൂട്ടി അദ്ദേഹം ഏത്‌നേരവും കടന്നുവരാം. അങ്ങനെ വഴിക്കണ്ണും നോക്കിയുള്ള കാത്തിരിപ്പിന് വിരാമമിട്ടത് കൃത്യം അഞ്ച് മണിയായപ്പോഴാണ്. നാരായണൻ മാസ്റ്ററും കവിയും സംസാരിച്ചുകൊണ്ട് നടന്നു വരുമ്പോൾ പിന്നാലെ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ കൂടിയുണ്ട്. പ്രായം കൂടിയിട്ടുണ്ടെങ്കിലും മഹാകവിയുടെ കവിതകൾ ചെറുപ്പക്കാർക്ക് ഇന്നും ഒരു ആവേശമാണ്.

                             അക്ഷരങ്ങളെടുത്ത് അമ്മാനമാടുന്ന കവിയോടൊപ്പം എവറസ്റ്റ് കൊടുമുടിയിൽ കയറിയ ഭാവത്തോടെ മാസ്റ്റർ വന്നപ്പോൾ ടീച്ചർ നിലവിളക്ക് കത്തിച്ച് എല്ലാവരെയും സ്വാഗതം ചെയ്തു. എന്നാൽ ‘മുൻ‌പിൻ നോക്കാതെ’ ഒരു വാക്കുപോലും ഉരിയാടാതെ എല്ലാവരും ചേർന്ന് കവിയെ നേരെ ഓഫീസ് റൂമിലേക്ക് ആനയിയിച്ചു. അവിടെയുള്ള സോഫയിൽ നീണ്ടുനിവർന്ന് കൂടെ കൊണ്ടുവന്ന തുണിസഞ്ചി കെട്ടിപ്പിടിച്ചുകൊണ്ട് കിടന്ന കവിയോട് മാസ്റ്റർ ചോദിച്ചു,
“എന്താണ് വേണ്ടതെന്ന് അറിയിച്ചാൽ,,,”
“ഒന്നും വേണ്ട, എത്രമണിക്കാ മീറ്റിംഗ്?”
“എട്ട് മണിക്ക്”
“എന്നാൽ കൃത്യം ഏഴെ മുപ്പതിന് എന്നെ വിളിച്ചാൽ മതി, അതുവരെ ഞാനൊന്ന് ഉറങ്ങട്ടെ”
“അത് പിന്നെ നമ്മളിവിടെ ഇരിക്കണോ?”
“പോയീനെടാ എല്ലാരും, ഒരുത്തനും എന്നെ ശല്യം ചെയ്യാൻ വരരുത്”
ആ വാക്കിന്റെ ഞെട്ടലിൽ എല്ലാവരും മുറിവിട്ട് വെളിയിലിറങ്ങി; കവി ഉറങ്ങുകയാണല്ലൊ,
നാരായണൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“വാതിൽ അടക്കുകയാണ്, ലോക്ക് ചെയ്തിട്ടില്ല. ഇവരുടെ കൂടെ ഞാനും ഇറങ്ങുകയാ; ഏഴ് മണി കഴിഞ്ഞ് നമ്മൾ വരുന്നതുവരെ അദ്ദേഹം ഉറക്കമായിരിക്കും. നീ വാതിലടച്ച് അകത്തിരുന്നൊ”
“അത് എന്തെങ്കിലും ആവശ്യം വന്നാൽ?”
“അങ്ങനെ ഒരാവശ്യവും വരില്ല; ടീച്ചർ ധൈര്യമായിരുന്നോ”
വായനശാല സെക്രട്ടറിയുടെ വാക്കുകൾ കേട്ടപ്പോൾ കൂടുതലായൊന്നും ചോദിക്കാൻ ടീച്ചർക്ക് തോന്നിയില്ല. അപ്പോഴേക്കും മാസ്റ്ററോടൊപ്പം മറ്റുള്ളവരും മുറ്റത്തിറങ്ങി നടന്നിരുന്നു.

                             കൃത്യം ഏഴ് മണി കഴിഞ്ഞ് ഇരുപത് മിനിട്ട് ആയപ്പോൾ നാരായണൻ മാസ്റ്ററും സുഹൃത്ത് ദേവരാജനും വീട്ടിലെത്തിയിട്ട് മഹാകവി പള്ളിവിശ്രമം കൊള്ളുന്ന അറയുടെ വാതിൽ തുറന്നു. അവിടെ കണ്ട കാഴ്ചകൾ മാസ്റ്ററുടെ മനസ്സിൽ ആകെയൊരു ഞെട്ടലുണ്ടാക്കി. ഒരു താപസനെപോലെ പത്മാസനത്തിലിരിക്കുന്ന കവി, അദ്ദേഹത്തിന്റെ ചുറ്റും കടലാസുകളനവധി ചിതറിക്കിടക്കുന്നു. തൊട്ടടുത്ത് ഒരു കുപ്പിയിൽ അല്പം ചുവന്ന ദ്രാവകം, നിലമാകെ ചർദ്ദിച്ച് നാശമാക്കിയിരിക്കുന്നു. ‘അപ്പോൾ ഇതൊക്കെയായിരിക്കും ആ സഞ്ചിയിൽ ഒളിപ്പിച്ചത്’!
ഒച്ചകേട്ടപ്പോൾ തൃക്കണ്ണ് തുറന്ന് അവരെ ദർശിച്ച കവി ആജ്ഞാപിച്ചു,
“മഹാഭാരതം കൊണ്ടുവാ”
“അത് ഇപ്പോൾ ഈ വീട്ടിലില്ല, വായനശാലയിൽ നിന്ന് സംഘടിപ്പിച്ചാൽ മതിയോ?”
“പോരാ,,, എങ്കിൽ രാമായണം കൊണ്ടുവാ?”
“അതും ഇവിടെയില്ല”
“ഇതൊന്നുമില്ലാതെ തന്റെ വീടെന്ത് ഭവനമാണെടോ?, പിന്നെ എന്തോന്നാടാ ഇവിടെയുള്ളത്?”
“അത് കൃഷ്ണഗാഥ മതിയോ?”
“എന്നാൽ അതെങ്കിലും ഇരിക്കട്ടെ, കൊണ്ടുവാ?”
അകത്തേക്ക് ഓടിപ്പോയി അലമാരയുടെ അടിത്തട്ടിൽ നിന്ന് കൃഷ്ണഗാഥ പൊടിതട്ടിയെടുക്കുമ്പോൾ മാസ്റ്റർ ചിന്തിച്ചു,
‘ഈ മഹാകവിക്കെന്തിനാണ് ഈ കൃഷ്ണഗാഥ?’

                           കവിയുടെ കൈയിൽ പുസ്തകം കിട്ടിയ ഉടനെ, മാസ്റ്റർ ഭംഗിയായി പൊതിഞ്ഞ കൃഷ്ണഗാഥയുടെ പുറം‌കവർ അഴിച്ചശേഷം അല്പനേരം ധ്യാനിച്ചുകൊണ്ട് ഒരു പേജ് തുറന്നു. പിന്നീട് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞ ഒരു കടലാസും പേനയും പുറത്തെടുത്തു. ചുരുട്ടിയ കടലാസ് നിവർത്തി അതിന്റെ പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് കൃഷ്ണഗാഥയിലെ ഗോപികാദുഃഖം നിവർത്തിയിട്ട് അതിലെ വരികൾ എഴുതാൻ തുടങ്ങി,
‘കാലമോ പോകുന്നു യൗവനമിങ്ങനെ
നാളെയുമില്ലെന്നതോർ‌ക്കേണമേ.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം നാം.’
പിന്നീട് മറ്റൊരു പേജ് തുറന്ന് അതും പകർത്തി എഴുതാൻ തുടങ്ങിയപ്പോൾ കാണികളായ രണ്ട് പേരുടെയും ആശ്ചര്യം അതിരുകവിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ തലയുയർത്തിക്കൊണ്ട് ഒരു ചോദ്യം,
“എപ്പൊഴാ മിറ്റിംഗ്?’
“എട്ട് മണിക്ക്”
“ഇവിടെന്ന് നടന്നെത്താൻ എത്ര സമയം വേണം?”
“അഞ്ച് മിനിട്ട്, അത് പിന്നെ കാറ് ഏർപ്പാടാക്കിയിട്ടുണ്ട്”
“ശരി, എട്ട് മണിക്ക് ആറ് മിനിട്ടുള്ളപ്പോൾ വിളിച്ചാൽ മതി”
“അതിനിടയിൽ കുളിച്ച് ഭക്ഷണം കഴിക്കണ്ടെ?”
“കുളിയും ഭക്ഷണവും,,, ആവക കാര്യങ്ങളൊക്കെ ഉപേക്ഷിച്ചിട്ട് കാലമേറെയായി”
കുളിയുടെ കാര്യം തീരെയില്ലെന്ന്, അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും പരന്ന ഗന്ധം കൊണ്ട് മറ്റുള്ളവർക്ക് മനസ്സിലായിരുന്നു.
                         പറഞ്ഞ സമയത്ത്‌‌തന്നെ വാതിൽ തുറന്ന് കവി വരാന്തയിൽ ഇറങ്ങിയപ്പോൾ നാരായണൻ മാസ്റ്റർക്ക് വളരെ സന്തോഷമായി. ടീച്ചർ കവിയുടെ മുന്നിൽ ഇറങ്ങുന്നില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്; എന്തെങ്കിലും ആവട്ടെ,,, കവിതയുടെ ഗന്ധമറിയാത്തവൾ കവിയുടെ ഗന്ധമറിഞ്ഞ് മുഖം തിരിക്കേണ്ട.

                      കാറിൽ കയറാൻ മുന്നോട്ട് നടന്ന കവി, കാറിനെ സമീപിച്ചപ്പോൾ തുറന്ന വാതിലും പിടിച്ച് അങ്ങനെത്തന്നെ നിൽക്കുന്നു! അകത്തുകയറാതെ മാസ്റ്ററോട് പറഞ്ഞു,
“ഞാൻ മീറ്റിംഗിനു വരണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാനോ?”
“ജനിച്ചുവളർന്ന എന്റെ നാട്ടിലെ, എന്റെ പ്രീയപ്പെട്ട മണ്ണിനെ പാദങ്ങൾ‌കൊണ്ട് അശുദ്ധമാക്കിയിട്ട് ഞാൻ നടക്കുകയില്ല. എന്നെ എടുക്കണം”
“അതിന് കാറിൽ പോയാൽ പോരെ?”
“ആധുനിക ജീവിതത്തിന്റെ വിസർജ്ജ്യങ്ങളൊന്നും ഞാൻ സ്വീകരിക്കില്ല. നാട്ടുകാരുടെ മുന്നിൽ ഞാൻ പ്രസംഗിക്കണമെങ്കിൽ എന്നെ ചുമക്കണം”
“ചുമക്കാം????”
                       മഹാകവിയെ ചുമലിലേറ്റി നടക്കുന്ന ദേവരാജനെ കണ്ടപ്പോൾ നാരായണൻ മാസ്റ്റർക്ക് ഓർമ്മവന്നത് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെയാണ്. ‘ഈ ദൃശ്യം നാട്ടുകാരൊന്നും കാണരുതേ’ എന്ന് ദേവരാജനും നാരായണൻ മാസ്റ്ററും ഉള്ളുരുകി പ്രാർത്ഥിച്ചു. മഹാഭാരവും വഹിച്ച് അലങ്കരിച്ച വേദിക്ക് പിൻ‌വശത്ത് ഇരുട്ടിൽ കവിയെ താഴെ നിർത്തിയപ്പോൾ ഒന്നും സംഭവിക്കാത്തമട്ടിൽ ഒരു നന്ദിവാക്ക്പോലും പറയാതെ ജുബ്ബയിലെ പൊടിതട്ടിക്കൊണ്ട് നാടിന്റെ കവി നേരെ വേദിയിലേക്ക് നടന്നു.

ചടങ്ങുകൾ നടക്കുകയാണ്,
പ്രാർത്ഥന,
സ്വാഗതം,
അദ്ധ്യക്ഷ പ്രസംഗം,
ഉദ്‌ഘാടനം,
ഒടുവിൽ നാട്ടുകാരുടെ കരഘോഷത്തോടെ നാട്ടുകാരുടെ കവി മൈക്കിനു മുന്നിൽ എത്തി. നീളൻ ജുബ്ബയുടെ ഓരോ പോക്കറ്റും തപ്പാൻ തുടങ്ങിയപ്പോൾ കടലാസ്തുണ്ട് കൈയിൽ തടഞ്ഞു. അതും ഉയർത്തിപ്പിടിച്ച് മൈക്കൊന്ന് നന്നായി കുലുക്കിയശേഷം പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട നാട്ടുകാരെ,, ഞാനിവിടെ വണ്ടിയിറങ്ങിയിട്ട്, അടുത്തൊരു വീട്ടിൽ വിശ്രമിക്കുന്ന നേരത്ത്, എന്റെ മനസ്സിൽ ഒരു കവിത വിരിഞ്ഞു. എന്റെ സ്വന്തം മണ്ണിൽ‌ കാല്‌കുത്തിയപ്പോൾ മനസ്സിലേക്കുയർന്ന ആ കവിത കടലാസിൽ പകർത്തിയിട്ട് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്, എന്റെ സ്വന്തം കവിത.
അദ്ദേഹം കടലാസ് നിവർത്തി അത്‌നോക്കി ഉച്ചത്തിൽ നീട്ടി പാടാൻ തുടങ്ങി,
‘കാലമോ പോകുന്നു,,, യൗവനമിങ്ങനെ
നാളെയുമില്ലെന്നത്യ്,,, ഓർ‌ക്കേണമേ,,,.
മറ്റുള്ളതെല്ലാമേ വെച്ചുകളഞ്ഞ്,,, ഇപ്പോൾ
ചുറ്റത്തിൽ ചേര്‍ന്നു കളിക്കണം,,, നാം.
ഏറെ മദിച്ചു; തുടങ്ങിനാൽ,,, ഇങ്ങനെ
വേറൊന്നയാകുമിക്കാരിയമേ,,,,.
ആപത്തിന്‍മൂലം,,, അഹങ്കാരം അന്നുള്ള
താരുമറിയാതിന്നാരി,,, മാരോ;
ദീനത പോന്നിവർ‌ക്ക്,,, എത്തുന്നതിൻ മുമ്പേ
ഞാനിമ്മദംതന്നെ,,,, പോക്കവേണം’
നാരായണൻ മാസ്റ്റർ ഞെട്ടി; തന്റെ വീട്ടിലെ കൃഷ്ണഗാഥയിൽ നിന്നും പകർത്തി എഴുതിയ വരികൾ!! അത് സ്വന്തം കവിതയാണെന്ന് പറഞ്ഞ്, പുതിയ താളത്തിൽ നീട്ടിപ്പാടുകയാണ്. നാടിന്റെ സ്വന്തം കവി,,, കവിത ഒരു കളിയരങ്ങായി മാറുകയാണ്.

പിൻ‌കുറിപ്പ്:
നാരായണി നാരായണന്മാരുടെ ചരിത്രത്തിലെ ഒരു അപൂർവ്വസംഭവം വായിക്കാൻ...

നാരായണീയം ഹരിശ്രീ