“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/8/12

അമ്മ ഉറങ്ങാത്ത വീട്


                                         അയാൾ വന്നുകയറിയതു‌മുതൽ വീട്ടുമുറ്റത്ത് തകർത്താടിയ ആഘോഷങ്ങളുടെ ആരവങ്ങൾ അവസാനിക്കുമ്പോൾ നേരം അർദ്ധരാത്രിയോടടുത്തു. പതിവ് ആഘോഷത്തിന് പുതുമയില്ലാത്തതിനാൽ അയൽ‌വാസികളാരും‌തന്നെ ആ വീട്ടിലേക്ക് എത്തിനോക്കിയില്ല. വീടെന്ന് പറഞ്ഞാൽ,,, മഴയത്ത് നനഞ്ഞ് കുതിരുന്നതും വെയിലത്ത് ആകാശം കാണുന്നതുമായ ആ ഒറ്റമുറിവീട്, മകൾക്ക് മാത്രമല്ല മകളുടെ അമ്മക്കും പേടിസ്വപ്നമാണ്. സ്ക്കൂൾ‌വിട്ട് അവിടെ എത്തിയാൽ പിറ്റേന്ന് നേരം‌പുലർന്ന് സ്ക്കൂളിൽ എത്തുന്നതുവരെ ദുഃസ്വപ്നങ്ങൾ മാത്രം അറിയുന്ന മകളെയോർത്ത് പുകയുന്ന തീക്കട്ട നെഞ്ചിലേറ്റിക്കൊണ്ട് പകൽനേരങ്ങളിൽ സിമന്റും പൂഴിയും തലയിലേറ്റി അന്നം തേടുന്നവളാണ് മകളുടെ അമ്മ.

                          ഏതാനും മണിക്കൂറുകളായി പത്തിവിരിച്ച് വിഷം‌ചീറ്റിയശേഷം അകത്തെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കട്ടിപിടിച്ച ഇരുട്ടിലൂടെ തുറിച്ചുനോക്കിക്കൊണ്ട് ഉറക്കമിളച്ച് കിടക്കുന്ന അമ്മയുടെ കണ്ണുകളിൽ‌നിന്നും ഉറക്കം അകന്നുമാറിയിട്ട് ദിവസങ്ങൾ മാസങ്ങൾ പലതും കടന്നുപോയി. പാമ്പിന്റെ ദേഹമൊന്നനങ്ങിയാൽ ആ നിമിഷം ഒരു പൂവൻ‌കോഴിയെപ്പോലെ തല ഉയർത്തിപിടിച്ച് അവൾ ശ്രദ്ധിക്കും. കൂരിരുട്ടിൽ പാമ്പ് പത്തിവിടർത്താൻ തുടങ്ങുമ്പോഴേക്കും ബഹളം‌കൂട്ടിക്കൊണ്ട് ഉറങ്ങുന്ന മകളെ വാരിപ്പിടിച്ച് ചെറ്റക്കുടിലിന്റെ ഓലമറ മാറ്റി വെളിയിലേക്ക് ഓടിയാൽ പുലരുന്നതു‌വരെ അയൽ‌പക്കത്തുള്ള വീട്ടിന്റെ മറവിൽ അവർ ചുരുണ്ടുകൂടും.

                         വൈകുന്നേരം വാങ്ങിക്കൊടുത്ത കളിപ്പാവയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മകളെ കണ്ണീർ‌വറ്റിയ കണ്ണുകളാൽ നോക്കിക്കൊണ്ട് അമ്മ ഉറങ്ങാതെ കിടക്കുകയാണ്. ചുറ്റും പരക്കുന്ന നിശബ്ദത തകർക്കാതെ കീറപ്പായയുടെ അടിയിൽ‌ നിന്നെടുത്ത പൊതിയിലുള്ളത് നിവർത്തിയിട്ട്, ഉറങ്ങുന്ന മകളെ വിളിച്ചുണർത്തി കൈയിൽ കൊടുത്തശേഷം ചെവിയിൽ പറഞ്ഞു,
“ആ കാലമാടൻ അടുത്തുവന്നാൽ അന്റെമോള് ഇതുകൊണ്ട് കുത്തിക്കൊ”
                         പട്ടിണികൊണ്ട് ശോഷിച്ച കൈകൊണ്ട് എടുത്ത്‌ഉയർത്തിയ കത്തിയുടെ തിളങ്ങുന്ന മൂർച്ചയിലേക്ക് ആ പത്തു വയസ്സുകാരി തുറിച്ചു നോക്കുമ്പോൾ അവളുടെ അമ്മ സമാധാനമായി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.  
*******************************

11/7/12

അവതാരം


  
“ലെറ്റസ് എൻ‌ജോയ് ഇൻ ഔർ ലോക്കൽ ബാർ,,, കമോൺ ഫ്രന്റ്സ്”,,,,,
കുപ്പിയിലുള്ള അവസാനത്തെ തുള്ളികൾ പകർന്ന ഗ്ലാസ്സ്, ശോഷിച്ച വിരലുകൾ‌കൊണ്ട് ഉയർത്തിയിട്ട് ചുണ്ടോടമർത്താൻ നേരത്ത്, ഏതാനും ചെറുപ്പക്കാരും ഒപ്പം രണ്ട് ചെറുപ്പക്കാരികളും ചേർന്ന് കൊട്ടും‌പാട്ടുമായി ഷാപ്പിനകത്ത് കടന്നുവന്നത്‌ കണ്ടപ്പോൾ, കോരൻ മാത്രമല്ല മറ്റുള്ളവരും ഒന്ന്‌ ഞെട്ടിയെങ്കിലും ആ നേരത്ത് പുതിയ ഇരകളെ ഒത്തുകിട്ടിയ മുതലാളിമാത്രം സന്തോഷിച്ചു.
അകത്തുകടന്നവരിൽ നേതാവെന്ന് തോന്നുന്നവൻ ചുറ്റിനടന്ന്, ചാക്കണയുടെ തൊട്ടടുത്തായി ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന കോരനെ സമീപിച്ചു,
“അല്ലാ ഇത് നമ്മുടെ കോരനല്ലെ? തെയ്യം‌കെട്ടിയിട്ട് തീയിൽ ചാടുന്നവൻ!”
കോരന് ആളെ മനസ്സിലായി, തമ്പ്രാന്റെ കൊച്ചുമോൻ,,, കഴിഞ്ഞ മഴക്കാലത്ത്, അവിടത്തെ കുട്ടിയു‌ടെ ദേഹത്ത് കയറിയ ബാധ ഒഴിപ്പിക്കാൻ പോയപ്പോൾ കണ്ട് സംസാരിച്ച മോൻതന്നെ ഇവൻ. മറ്റുള്ളവരെപോലെ കോരനും മനുഷ്യനാണെന്ന് പറഞ്ഞ പൊന്നുതമ്പ്രാന്റെ മകന്റെ മകൻ; പഠിച്ച് വലിയ ആളായിട്ടും കോരനെ മറക്കാത്തവൻ. എന്നാലും അച്ഛനെക്കാൾ പ്രായമുള്ള തന്നെ പേരെടുത്ത് വിളിക്കുമ്പോൾ ഇക്കാലത്ത് എന്തോ ഒരു ഇത്,,, എന്നാൽ,,, തന്റെ കൈയിൽ‌നിന്നും ഗ്ലാസ് പിടിച്ചുവാങ്ങി ബാക്കിയുള്ള കള്ള്‌മുഴുവൻ ആ ചെറുപ്പക്കാരൻ ഒറ്റയടിക്ക് കുടിക്കുന്നത് കണ്ടപ്പോൾ കോരൻ ഉള്ളാലെ സന്തോഷിച്ചു,
‘ഇവൻ തമ്പ്രാന്റെ മോൻ തന്നെ’.

                     ഒരുകാലത്ത് ഷാപ്പിന്റെ പൊറത്ത് തീണ്ടാപ്പാട് അകലെയിരുന്ന് കള്ള്‌കുടിക്കുന്ന തന്നെ, കൈപിടിച്ച് നേരെ ഷാപ്പിനകത്തെക്ക് കയറ്റിയിരുത്തിയ വല്യതമ്പ്രാന്റെ കുഞ്ഞുമോനാണ് ഇപ്പോൾ കോരൻ കുടിച്ചതിന്റെ ബാക്കി കുടിക്കുന്നത്.
“ഈ കള്ളിനെന്താ ടെയ്സ്റ്റ്? എന്താ കോരാ തെയ്യം കെട്ടാനൊന്നും പോകാറില്ലെ? ഹായ് ഫ്രന്റ്സ് ആരെങ്കിലും തെയ്യം ലൈവായി കണ്ടിട്ടുണ്ടോ?”
“ജോജു, അങ്ങനെയാണെങ്കിൽ ഇവനെക്കൊണ്ട് തെയ്യം കെട്ടിച്ചാലോ,, ഇന്ന് നൈറ്റിൽ നമുക്കൊരു എന്റർ‌ടെയിൻമെന്റാവും ഒപ്പം പ്രോജക്റ്റ് ചെയ്യാൻ ഒരു സബ്ജക്റ്റായി”
കൂട്ടത്തിൽ ഒരു പെൺ‌ശബ്ദം കേട്ടപ്പോൾ കോരന് മാത്രമല്ല, ഷാപ്പിലെ സപ്ലയർ കൃഷ്ണനും ഒരു വല്ലായ്മ. ഈ പിള്ളേർ എന്തൊക്കയാ‍ ഒപ്പിക്കുന്നതെന്നാരറിഞ്ഞു,,,
കോരൻ മിണ്ടാത്തതു കണ്ടപ്പോൾ കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞു,
“എടാ ജോജു നിന്റച്ഛൻ ഈ നാട്ടിലെ വി.ഐ.പി. അല്ലെ, അപ്പോൾ നീ പറഞ്ഞാൽ ഇവൻ തെയ്യം കെട്ടും, തീയിൽ ചാടും, നമുക്ക് ഇവന്റെ വകയായി തെയ്യംഷോ കാമ്പസിലൊന്ന് സംഘടിപ്പിച്ചാലോ?”
“അതൊന്നും ഇപ്പം ആവില്ല മക്കളെ, നേരോം കാലോം നോക്കിട്ട്, ഭഗവതിയുടെ അരുളപ്പാട് കേട്ട്, കാവിനകത്താണ് അടിയൻ തെയ്യം കെട്ടാറ്”
“അതെന്താ നീ അങ്ങനെ പറഞ്ഞത്? നേരോം കാലോം ഞങ്ങളാ തീരുമാനിക്കുന്നത്, നീ നിന്റെ ഭഗവതിയെ വിളിക്ക്; അവളോട് ഞങ്ങൾ ചോദിച്ച്‌കൊള്ളും, കോരന് തെയ്യം കെട്ടാൻ പറ്റുമോ എന്ന്”
കൂട്ടത്തിലുള്ള മൊട്ടത്തലയൻ പറഞ്ഞത് കേട്ടപ്പോൾ കോരൻ മറുപടിയൊന്നും പറഞ്ഞില്ല, ‘കലികാലം’ അല്ലാതെന്താ പറയാ,, കോരൻ പതുക്കെ എഴുന്നേറ്റു. അതുകണ്ട് ഒരു ചെറുപ്പക്കാരി വിളിച്ചുപറഞ്ഞു,
“അയ്യോ ഞങ്ങൾ പറഞ്ഞതൊന്നും കോരനിഷ്ടപ്പെട്ടില്ല, അവനതാ പോകുന്നു”
അത് കേട്ട് മറ്റുള്ളവർ ഒന്നിച്ച് പറയാൻ തുടങ്ങി,
“അയ്യോ കോരാ പോവല്ലെ,,,
അയ്യോ, കോരാ പോവല്ലെ,,,”
                      അതൊന്നും കേൾക്കാത്തമട്ടിൽ തോർത്ത്‌മുണ്ട് കൊണ്ട് മുഖം തുടച്ചശേഷം നേരെ നടന്ന് പണപ്പെട്ടിയുടെ മുന്നിലിരിക്കുന്ന മുതലാളിയെ സമീപിച്ചു. സപ്ലയർ കൃഷ്ണൻ വിളിച്ചുപറഞ്ഞ പണം കൊടുക്കാനായി മടിക്കെട്ടിൽ തിരുകിയ മഞ്ഞനിറം കലർന്ന്‌മുഷിഞ്ഞ നോട്ടുകൾ ഓരോന്നായി നിവർത്തി.
കൊടുത്ത നോട്ടുകൾ എണ്ണിനോക്കുന്നതിനിടയിൽ മുതലാളി പറഞ്ഞു,
“മഞ്ഞനോട്ടുകളുടെ വരവായല്ലൊ,,, കോരന് കോള് തൊടങ്ങി, അല്ലെ”
ഒന്നും പറയാതെ ഇറങ്ങി നടക്കുമ്പോൾ അകത്ത് പാട്ടും താളവും മുറുകുകയാണ്,
“ഓണം വന്നാലും ഉണ്ണി പിറന്നാലും,,,
കോരന് കുമ്പിളിൽ കള്ള് തന്നെ,
ഓണം വന്നാലും,,,,”

                     റോഡരികിലെ വലിയ നാല്‌ചക്രവാഹനത്തെ വലം‌വെച്ച് ഇടവഴിയിലൂടെ നടന്ന് വരണ്ട വയലുകളിലൂടെ കോരൻ നടന്നു. നല്ല കാലത്ത് തമ്പ്രാന്‌വേണ്ടി മേലനങ്ങി പണിയെടുത്തവരെ ഓർത്തുപോയി. പെണ്ണുങ്ങൾ നാട്ടിപാട്ട് പാടി ഞാറ് നടുമ്പോൾ വല്യതമ്പ്രാൻ കുടയും പിടിച്ച് വയൽ‌വരമ്പിലുണ്ടാവും, എന്നിട്ട് തോട്ടിൻ‌കരയിലൂടെ പോകുന്ന തന്നെ കൈമുട്ടിവിളിക്കും,
“കോരാ നീയിങ്ങ് വാ?”
കൈതമുള്ള് വകഞ്ഞ്‌മാറ്റി വയൽ‌വരമ്പിലിറങ്ങി തമ്പ്രാനെ അടുത്തെത്തിയിട്ട് പറയും,
“കൊണം വരണം തമ്പ്രാ”
“കൊണമൊക്കെ വരട്ടെ, ഞാനിവിടെ ഒറ്റക്ക് നിന്ന് മടുത്തു, അതാ നിന്നെ വിളിച്ചത്”
പിന്നെ അടുത്ത്‌വിളിച്ച് പല സൂത്രങ്ങളും പറയും,,, തമ്പ്രാനവിടെ നിൽക്കുന്നത് ഞാറ് നടുന്ന പെണ്ണുങ്ങളുടെ കുലുങ്ങുന്ന ചന്തീം മൊലേം നോക്കാനാണെന്ന് അറിയാം. നോക്കി രസിച്ച് അഭിപ്രായം പറയുന്നത് കേൾക്കാനാണ് തന്നെയവിടെ വിളിച്ചത്. തമ്പ്രാൻ നോക്കുന്നുണ്ടെന്നറിഞ്ഞ്, ഞാറ് നടുന്ന പെണ്ണുങ്ങൾ ഇടയ്ക്കിടെ ശരീരം കുലുക്കിക്കൊണ്ടിരിക്കും. നോക്കെത്താ ദൂരത്തോളം പച്ചവിരിച്ച് കിടക്കുന്ന തമ്പ്രാന്റെ വയൽ. ഒടുവിൽ തമ്പ്രാൻ മരിച്ച്‌കെടന്നതും വയലിന്റെ ഓരത്തുള്ള തോട്ടിൻ‌കരയിൽ തന്നെ. ശത്രുക്കൾ തല്ലിക്കൊന്നതാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അർദ്ധരാത്രി ഒറ്റക്ക് പോയപ്പോൾ ആരോ ഒടിവെച്ചതാണെന്ന് കണിയാര് കവിടി നിരത്തി പറഞ്ഞൂത്രെ,,  എന്തെല്ലാം ഓർമ്മകളാണ്,,,

                    ചീരൂനെ മംഗലം‌കൈയിച്ച് ഓളുടെ കൈയും‌പിടിച്ച് പൊരേല് വന്നത്, കതിര് വിളഞ്ഞ വയലിന്റെ നടുക്കുള്ള വരമ്പിലൂടെ നടന്നാണ്,, അവളിന്ന് എവിടെയായിരിക്കും? കെട്ടിയോനെയും മക്കളെയും മറന്ന് കോളേജിൽ‌പഠിക്കുന്ന ചെക്കന്റൊപ്പം സുഖം തേടി പോയ ചീരു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അഞ്ചാറ് കൊല്ലം മുൻപ് കടലാസിൽ ഓളെ ഫോട്ടൊ കണ്ട് നോക്കിയപ്പോൽ അറിയാൻ കഴിഞ്ഞത്, പോലീസ് പിടിച്ചെന്ന്. അന്റെ മാളൂന്റ്റെ പ്രായോള്ള ചെറുപ്പക്കാരി പെണ്ണ് ചത്ത കേസിൽ അവളാണുപോലും ആ പെണ്ണിനെ ഹോട്ടലിലൊക്കെ കൂട്ടിനടന്നത്. മാളു വലുതാകുന്നതിന് മുൻപ് ഓള് പോയത് നന്നായി, അല്ലെങ്കിൽ സ്വന്തം മോളെയും വിറ്റ്‌ പണമാക്കിക്കളയും,,, അസത്ത്.

                     ഓളെ എന്തിനാ കുറ്റം പറേന്നത്? കുരുത്തോലയും പാളയും വെച്ച്‌കെട്ടി തീയിൽ ചാടുന്ന കോരൻ, വെളുത്ത്‌തുടുത്ത ചീരൂനെ മംഗലം കയ്ച്ചതേ തെറ്റല്ലെ? തെയ്യം കെട്ടിയതിന്റെ പിറ്റേന്ന് കാലിനും ചന്തിക്കും പൊള്ളിയടത്ത് മരുന്ന് പെരട്ടുമ്പം ചീരു മുഖം തിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ‘ബാധകേരിയവന് നൂല് മന്ത്രിച്ച് കെട്ടാനറിയാത്ത, കോതാമ്മൂരിപാട്ട് പാടാനറിയാത്ത, പെണ്ണുങ്ങളുടെ പേറെടുക്കാനറിയാത്ത’ ചീരുന്റെ വെളുത്തമേനി, കറുപ്പ് കലയുള്ള മനസ്സോടെ നടക്കുന്ന നാട്ടിലെ ചെറുപ്പക്കാർക്ക് ഇക്കിളി ആയിക്കാണും. ഒടുവിൽ രണ്ട് മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയിട്ട് ചീരു പോയത് ഏതോ നാട്ടിലെ ഏതോ ജാതീലുള്ള,, കോളേജിൽ പഠിക്കുന്ന ചെക്കന്റൊപ്പം. എന്നിട്ടെന്തായി?

                       ചീരു പോയപ്പോൾ കാവില് തെയ്യം കെട്ടാൻ പോകുന്നേരത്ത് മക്കളെയും കൂട്ടും. കാവിലെത്തിയാൽ കുരുത്തോല വാർന്ന് കീറിയത്, ചോന്നപട്ടിന്റെ മുകളിൽ പൊതിഞ്ഞുകെട്ടുമ്പോൾ മക്കൾ അണിയറയിലും കഴകപ്പുരയിലുമായി ചുറ്റിക്കളിക്കും. ഉറഞ്ഞുതുള്ളി തീയ്യിൽ ചാടുമ്പോൾ അതുകണ്ട് പേടിച്ച് കണ്ണടക്കുന്ന മക്കളെ, ചായം തേച്ച മുഖത്തെ ഇരുകണ്ണിലൂടെയും ഇടയ്ക്കിടെ നോക്കും. ആദ്യകാലത്ത് നട്ടപ്പാതിരക്ക് ചൂട്ട് കത്തിച്ച് വയലിലൂടെ നടക്കുമ്പോൾ കാലൻ‌കോഴിയുടെ കരച്ചിൽ കേട്ടാൽ അപ്പുമോൻ പേടിച്ച് കെട്ടിപ്പിടിക്കുമ്പോൾ തവളകളുടെ പാട്ടിന്റെ താളം‌കേട്ട് നടന്നാൽ മതിയെന്ന് പറയും. വലുതായപ്പോൾ അവനും പോയി,,, ഏതോ നാട്ടിൽ നന്നായി ജീവിക്കുന്നുണ്ടാവണം; ഗതിപിടിക്കാതെ തെണ്ടിതിരിയാണെങ്കിൽ സ്വന്തം അപ്പനേം പെങ്ങളേം കാണാൻ അവൻ വരുമല്ലൊ.

                       ആനത്തൊട്ടാവടിയും കുറുന്തോട്ടിയും കമ്യൂണിസ്റ്റ് പച്ചയും കൈയടക്കിയ വയലിൽ പിള്ളേരുടെ ക്രിക്കറ്റ് ബഹളം. അതിനിടയിൽ ഒരുത്തൻ പാടുന്നത് കേട്ടപ്പോൾ കോരന്റെ കാലിൽ നിന്നും തരിപ്പ് മേലോട്ട് കയറി,
“കോരൻ വരുന്നു, കോരൻ വരുന്നൂ,,
കഴുത്തോളം കള്ളുമായ് കോരൻ വരുന്നു,
കള്ള് കുടിച്ചിട്ട് കുടിയിൽ ചെന്നാൽ
മോളാകും കോരന്റെ കെട്ടിയോള്”  
തലതിരിഞ്ഞ പിള്ളേർ,,, പറഞ്ഞിട്ടെന്ത് കാര്യം?
                       വെളുത്ത ചീരുന്റെ കറുത്ത മോളായ മാളൂന്റെ വിവാഹം നീണ്ട്‌പോവുകയാണ്,, പെണ്ണിനെ കണ്ടവർക്കൊന്നും അത്ര പിടിക്കുന്നില്ല; ഒന്നാമത് കറുമ്പി, പിന്നെ പെറ്റതള്ള അന്യമതക്കാരന്റെ ഒപ്പം പോയവൾ,,, എന്നാലും ഓളുള്ളതുകൊണ്ടാണ് പൊരേല് വെച്ച് വെളമ്പ്‌ന്ന്. ഓള മൂത്തതാണ് അപ്പുമോനെങ്കിലും ഓൻ വലുതായപ്പോൾ തലതിരിഞ്ഞു പോയി. നാട്ടിലുള്ളപ്പം തെണ്ടിപിള്ളേരുമായി അടികൂടീട്ട് കേസൊഴിഞ്ഞ നേരമില്ല. നാടുവിട്ടത് നന്നായീന്നാ തോന്നുന്നത്,,,

                       നടന്ന്‌നടന്ന് കുളക്കരയിലൂടെ കുറുപ്പാശാന്റെ പറമ്പില് കാലെടുത്തു കുത്തുമ്പോഴാണ് മാനത്തുനിന്ന് പൊട്ടിവീണതുപോലെ കുറേ പെണ്ണുങ്ങൾ വന്നത്. കണ്ട‌ഉടനെ പരിഹസിച്ച് ചിരിച്ചുകൊണ്ട് കൂട്ടത്തിൽ ഒരുത്തി മറ്റൊരുത്തിയുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു; തുടർന്ന് കൂട്ടച്ചിരിയായി. അതിനിടയിൽ ഒരുത്തി കോരൻ കേൾക്കെ പറഞ്ഞു,
“അപ്പോൾ ഇവനാണ് കെട്ടിയോളെ ഓടിച്ചിട്ട് മോളെ വെച്ചോണ്ടിരിക്കുന്നവൻ”
ഒന്നും അറിയാത്ത കേൾക്കാത്ത മട്ടിൽ നടക്കുന്നതാണ് നല്ലത്, അപവാദം പറഞ്ഞവർ പരലോകത്തെത്തിയാൽ ‘അട്ടകളെ തിന്നണ്ടി വരും’ എന്ന് പറയാറുണ്ട്. എന്നാല് പറയുന്നവരെ അട്ടതീറ്റിക്കാൻ മാത്രം പുണ്യകർമ്മങ്ങളൊന്നും കോരൻ ചെയ്തിട്ടില്ലല്ലൊ. തന്നെക്കുറിച്ച് പറഞ്ഞത് സഹിക്കാം,, മങ്ങലം കഴിയാത്ത മോളെക്കുറിച്ച് പെണ്ണുങ്ങളിങ്ങനെ പറയാൻ പാടുണ്ടോ? മാളൂം അവരെപ്പോലെ ഒരു പെണ്ണല്ലെ,,

                       നാട്ടുകാർ വേണ്ടാദീനം പറയാൻ തുടങ്ങിയിട്ട് നാളുകൾ കൊറേയായി. അന്ന് ദുബായ്‌ക്കാരൻ രമേശൻ മാളുനെ പെണ്ണ്‌കാണാൻ വന്നതുമുതൽ തൊടങ്ങിയതാണ് ഈ പറച്ചിൽ. കാവില് ഭഗവതിക്ക് ചെണ്ടകൊട്ടുന്ന കാലത്തേ രമേശൻ ‘ആളത്ര ശരിയല്ല’, എന്ന് തനിക്കറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ലല്ലൊ. ദുബായിന്ന് കൊറെ പണവുമായി വന്നിട്ടിപ്പം എന്തായി?,,, പണിയെടുക്കാതെ തെക്ക് വടക്ക് നടക്കുന്നു,,, ഇന്നാളൊരു ദിവസം ചായപീടികയിൽ‌വെച്ച് കണ്ടപ്പോൾ അവനെന്തൊക്കെയാ പറഞ്ഞത്? ‘കെട്ടിയോള് പോയതുകൊണ്ടാണ് മോളെ മങ്ങലം കയ്ച്ച് അയക്കാത്തതെന്ന്’; അവന്റെഒപ്പം അയച്ചെങ്കിൽ കാണാമായിരുന്നു! കള്ളും കഞ്ചാവും ഒഴിവാക്കാനാവാത്ത പരമനാറി,,,’
           
                        ഇടവഴിയിലൂടെ പലതും ഓർമ്മിച്ച്‌ നടന്നതുകൊണ്ട് വീടിന്റെ മുന്നിലെത്തിയതറിഞ്ഞില്ല; മുന്നിൽ ദാമു നമ്പ്യാറും അസീസ് മൊയ്‌ല്യാറും,
“കൊണം വരണം, നമ്പ്യാറെങ്ങോട്ടാ?”
“പറമ്പിലെ തേങ്ങയൊക്കെ വീഴാൻ തുടങ്ങി, തേങ്ങ പറിക്കുന്ന രാമനെയൊന്ന് കാണണം. പിന്നെ കോരനിങ്ങനെ നാട്ടാർക്ക് കൊണം വരുത്തുമ്പം സന്ധ്യക്ക് ആ പെണ്ണിനെ ഒറ്റക്കാക്കിയിട്ട് പോകുന്നത് അത്ര നല്ലതല്ല, അത്‌ഞാൻ പറഞ്ഞില്ലാന്ന് വേണ്ട്,,”
നമ്പ്യാർ പറഞ്ഞത് കേട്ടപ്പോൾ കോരന്റെ മനസ്സിൽ അഗ്നിജ്വാലകൾ പെയ്തിറങ്ങി. മോളൊരുത്തി വീട്ടിലുള്ളപ്പോൾ പണിക്കൊന്നും പോകാതെ കാവലിരിക്കണോ? മറുപടിയൊന്നും പറയാതെ മുന്നോട്ട് നീങ്ങുമ്പോൾ അവർ ഒന്നിരുത്തിമൂളിയത് കേട്ടില്ലെന്ന് നടിച്ചു.

                        വീട്ടിനു മുന്നിലെത്തിയപ്പോൾ ഉള്ളിലൊരു ഞെട്ടൽ,,, സന്ധ്യ കഴിഞ്ഞ്, ചുറ്റും ഇരുട്ട്‌പരന്നിട്ടും അകത്തും പുറത്തും വെളിച്ചമില്ല. ഗുരിക്കന്മാരുടെ തറയിൽ‌പോലും തിരികൊളുത്താതെ ഈ പെണ്ണെങ്ങോട്ടാ പോയത്? ഉച്ചത്തിൽ വിളിച്ചു,
“എടി മാളൂ,,,,”
മറുപടിയില്ല, പകരം എന്തൊക്കെയോ വീഴുന്ന ഒച്ചകേട്ട കോരന്റെ മനസ്സിൽ ആശങ്കകൾ ഉണർന്നു.
കോലായിലേക്ക് കാലെടുത്ത് വെച്ചപ്പോൾ അടഞ്ഞവാതിൽ കണ്ട് ദേഷ്യം വരാൻ തുടങ്ങി,
“എടീ വെളക്ക് കത്തിക്കേണ്ട നേരത്ത് നിന്നെയെങ്ങോട്ടാ കെട്ടിയെടുത്തത്? ത്രിസന്ധ്യാ നേരത്ത് വാതിലടച്ചിട്ട് അശ്രീകരം”
പെട്ടെന്ന് വാതിൽ മലർക്കെ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന രമേശനെ കണ്ട് ഞെട്ടി; അവന്റെ പിന്നിൽ ഒരു നിഴലായി നിൽക്കുന്നത് പൊന്നുമോൾ മാളുവാണല്ലൊ,,, രമേശൻ മുന്നോട്ട് വന്നു,
“അപ്പാ,,”
“ആരെടാ നിന്റെ അപ്പൻ? ഇറങ്ങിപ്പോടാ?”
“ഞാനിവിടെ വരുന്നത് ആദ്യമായിട്ടൊന്നുമല്ല, പിന്നെ ഇപ്പോൾ പോയാൽ പിന്നൊരിക്കലും ഞാനിവിടെ വരില്ല”
“നിന്നെ ഞാൻ”
“പേടിപ്പിക്കല്ലെ,, കെട്ടിയോള് പോയപ്പോൾ വെച്ച് വിളമ്പാനായി മോളെ മൂലക്കിരുത്തുന്ന പണി ഇനി നടക്കില്ല, മാളൂ, നീ എന്റൊപ്പം വരുന്നുണ്ടോ?”
“അവളെന്റെ മോളാ,, നിന്നെപോലൊരു തെണ്ടി വിളിച്ചാലൊന്നും വരില്ല”
“അപ്പാ ഞാൻ,,,”
“എന്താടി നിനക്കിവന്റെ കൂടെ പൊറുക്കണോ? മര്യാദയില്ലാത്ത പണീം തൊരോം ഇല്ലാത്തോന്റെ ഒപ്പം?”
“രമേശാട്ടന്റെ ഒപ്പം ഞാനും പോകും, ഇത്രേം കാലം അപ്പനെന്റെ കാര്യം ചിന്തിച്ചിട്ടുണ്ടോ? ഞാനൊരു പെണ്ണാണെന്ന കാര്യം മറന്ന് നാട്ടുകാരെക്കൊണ്ട് അതുമിതും പറീപ്പിച്ചില്ലെ അപ്പൻ? ഇനിയെനിക്ക് അപ്പനെ താങ്ങാൻ വയ്യാ,,,”
അവന്റെ പിന്നാലെ പൊന്നുമോൾ മാളു നടന്നകലുമ്പോൾ നോക്കിനിൽക്കാനെ പറ്റിയുള്ളു,
പിൻ‌വിളി കേട്ടാലും അവൾ തിരിച്ചുവരില്ലെന്നറിയാം.

നിമിഷങ്ങൾ കടന്നുപോകുന്തോറും അകത്തും പുറത്തുമായി നിറയുന്ന ഇരുട്ടിന് കട്ടി കൂടുകയാണ്...
കോരന്റെ മനസ്സിൽ കടൽ‌തിരകൾ ആർത്തലച്ചു,
ആയിരമായിരം കടന്നലുകൾ തലക്കുചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി,
ചിന്തകൾ കാടും മലയും കയറിയിറങ്ങി അലയുകയാണ്.
ആർക്കും വേണ്ടാത്ത ഒരു ജന്മം, ഇനിയെന്ത്? ആർക്കുവേണ്ടി?
തലയിൽ കൈ വെച്ച് കോരൻ മുറ്റത്തിരുന്നു,,
                       മനസ്സിനുള്ളിൽ ഒരു നെരിപോട് എരിയുകയാണ്,,, മുറ്റത്ത് കൂട്ടിവെച്ച വിറകിൽ‌നിന്നും ജ്വലിക്കുന്ന അഗ്നി ചുറ്റും പടരുന്നു,, ആകാശത്തോളം ഉയരമുള്ള അഗ്നിജ്വാലയിൽ വീടും പരിസരവും അപ്രത്യക്ഷമായി. അതിനകത്ത്, മഞ്ഞയും ചുവപ്പും നിറമാർന്ന അഗ്നിജ്വാലകൾക്കിടയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നത് ഭഗവതിയല്ലെ? ചെമ്പട്ട് ചുറ്റി തെച്ചിപ്പൂകിരീടമണിഞ്ഞ് സ്വർണ്ണപ്രഭയിൽ കുളിച്ച് നിൽക്കുന്നത്,, കാവിലെ ഭഗവതി തന്നെ! അതിബുദ്ധിയിൽ അസൂയപൂണ്ട ആളുകൾ അപവാദം പറഞ്ഞുപരത്തിയപ്പോൾ സ്വയം നിർമ്മിച്ച അഗ്നിയിൽ ജീവൻ ബലികഴിച്ച നിത്യകന്യകയായ ഭഗവതി! കോരനെ അങ്ങോട്ട് കൈനീട്ടി ക്ഷണിക്കുകയാണ്, എന്തിന് മടിച്ചുനിൽക്കണം? അപവാദത്തിന്റെ കയ്പുനീരിറക്കിയിട്ട് ഒരുനിമിഷം പോലും ജീവിക്കരുതെന്ന് അരുളിചെയ്യുന്ന ഭഗവതി കോരനെ വിളിക്കുകയാണ്,,,

               അവഗണനയുടെ പര്യായമായി മാറിയ കോരൻ ഒരു മോചനത്തിനായി കൊതിച്ചുകൊണ്ട് അഗ്നിയെ നോക്കി അങ്ങനെ നിന്നു. ദേഹം മുഴുവൻ പൊതിഞ്ഞ പട്ടിന്റെ മുകളിൽ കുരുത്തോല വെച്ച്‌കെട്ടിയശേഷം മുഖത്ത് ചായം‌തേച്ച് മിനുക്കിയിട്ടുണ്ട്,,, പോകണം, വൈകാതെ പോകണം, ഇരുകൈകളും മുകളിലേക്കുയർത്തി കോരൻ ഉച്ചത്തിൽ വിളിച്ചു,
“എന്റെ ഭഗവതിയെ കാത്തോളണേ,,,”
ആത്മാവിനെ ദേഹവുമായി ബന്ധിപ്പിക്കുന്ന ജീവവായുവിനെ അവസാനവായി ഉള്ളിലേക്ക് വലിച്ചുകയറ്റിയ കോരൻ അഗ്നിയെ ആലിംഗനം ചെയ്തു;
പുത്തൻ അവതാരത്തിന്റെ പിറവിക്കായ്,,,
പുതുയുഗം കാത്തിരിക്കുകയാണ്,,,
അഗ്നിശുദ്ധി വരുത്തിയ കോരന്റെ അവതാരത്തിനായി,,,
********************************************

9/25/12

തൊഴിൽ‌രഹിതൻ


“എനിക്കൊരു ജോലി ലഭിക്കട്ടെ,”
“എന്നിട്ടോ?”
“എന്നിട്ട്‌വേണം
എനിക്കൊരു പാഠം പഠിപ്പിക്കാൻ....”
“ആരെ?”
“ആദ്യം എന്നെപെറ്റ തള്ളയെ,
പിന്നെയാ തന്തപ്പടിയെ”
“പിന്നെ?”
“എന്റെ ബന്ധുക്കളെ,
കൂട്ടുകാരെ, നാട്ടുകാരെ”
“പിന്നെയോ?”
“ഒടുവിൽ,,, എന്നെയും”

9/5/12

മഹാബലിചരിത്രം ഇരുപത്തിഒന്നാം നൂറ്റാണ്ട്


                  കീടനാശിനിയിൽ മുങ്ങിക്കുളിച്ച് ഗന്ധം തിരിച്ചറിയാനാവാത്ത പൂക്കളുപയോഗിച്ച് വൃത്തവും കോണുമില്ലാതെ അടുക്കിവെച്ച പൂക്കളങ്ങളിൽ ഒന്നെത്തിനോക്കിയശേഷം മുഖം‌തിരിച്ച് നടക്കുമ്പോൾ മഹാബലി ചിന്തിച്ചു,
ഈ കേരളമക്കൾക്കെന്ത് പറ്റി?
                   ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഷത്തിലൊരു ദിവസം മാത്രമാണ് വരുന്നതെങ്കിലും ആ ഒറ്റദിവസം മതി 364 ദിവസങ്ങളിലെയും മനസ്സമാധാനം കളയാൻ. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും കള്ളവും ചതിയും തട്ടിപ്പും കള്ളും ചാരായവും മാത്രം, അളവിൽ തൂക്കത്തിൽ പറയുന്ന വാക്കിൽ നോക്കിൽ എല്ലാമെല്ലാം കള്ളത്തരം. പോരാത്തതിന് എങ്ങും ദുരന്തങ്ങൾ, എല്ലാം മലയാളിമക്കൾ നിർമ്മിച്ച ദുരന്തങ്ങൾ‌തന്നെ! വയ്യ,
ഇതൊന്നും കാണാനും കേൾക്കാനും വയ്യ,,,

                        പെട്ടെന്നാണ് അവനെ കണ്ടത്,,, ഒരു വലിയ വീടിന്റെ മതിലിനടുത്ത് ആ വീട്ടിൽ നിന്നൊഴുകുന്ന തട്ടുപൊളിപ്പൻ പാട്ടിനൊപ്പം താളം‌പിടിച്ച് തലയാട്ടിക്കൊണ്ട് പരിസരം മറന്ന്, ഓലക്കുടയും കമണ്ഡലവുമായി പതുക്കെ അവൻ നടക്കുകയാണ്. ഉയരം‌ കുറഞ്ഞവനാണെങ്കിലും അദ്ദേഹം അവനെ കണ്ടുപിടിച്ചു,
പെട്ടെന്ന് മഹാബലി ഓടാൻ തുടങ്ങി,,
അവനോട് രണ്ട്‌വാക്ക് ചോദിച്ചിട്ട്‌തന്നെ കാര്യം,,
                        ജനിച്ചിട്ടിതുവരെ ഓടിയിട്ടില്ലാത്ത മഹാബലി ആയാസപ്പെട്ട് ഓടുമ്പോൾ പട്ടുവസ്ത്രങ്ങൾ ഉലഞ്ഞു, ആഭരണങ്ങൾ കിലുങ്ങി,, അപരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ അവനും ഓടാൻ തുടങ്ങി,,,
ഓട്ടത്തിന്റെ ഒടുക്കം മഹാബലിക്ക് പിടികിട്ടി; അദ്ദേഹത്തിന്റെ വലതുകൈയിൽ അവൻ ഞെരിഞ്ഞമർന്നു. ജീവൻ‌മരണ ഓട്ടമല്ലെ തിരുമേനി നടത്തിയത്, പിന്നെങ്ങനെ അവനെ പിടികിട്ടാതിരിക്കും!

മഹാബലി വെറും‌നിലത്തിരുന്ന് അവന്റെ രണ്ട് കാലുകളും മുറുകെപിടിച്ചു, ഇനി വിടുന്ന പ്രശ്നമില്ല,
“ഭഗവാനെ? എന്നെ രക്ഷിക്കണം, എത്ര കാലമായി ഞാനങ്ങയെ അന്വേഷിക്കുന്നു?”
കാലുകൾ വിടുവിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ മഹാബലിയുടെ കിരീടം‌പിടിച്ചുയർത്തി എഴുന്നേൽ‌പ്പിച്ച് വാമനൻ ആ  മുഖത്ത്‌നോക്കി,
“വത്സ, താങ്കളുടെ കണ്മുന്നിൽ വരാതെ ഇത്രയും കാലം ഒളിച്ചിരിക്കയായിരുന്നു, അങ്ങേക്ക് എന്ത് പറ്റി?”
“എന്ത് പറ്റിയെന്നോ? എനിക്കിനി വയ്യ ഈ ഒരു ദിവസത്തെ വരം അതൊന്ന് അങ്ങ് തിരിച്ചെടുക്കണം”
വാമനൻ ഞെട്ടി,
“അയ്യോ,, ഞാൻ വിചാരിച്ചു അങ്ങേക്ക് ‘കേരളത്തിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹമുണ്ട്’, എന്നായിരിക്കും പറയുമെന്ന്,,, അതിനായി മുന്നാറിലോ മുല്ലപ്പെരിയാറിലോ ഭൂമി ഒരുക്കി തരണമെന്ന്,, എന്നിട്ടിപ്പോൾ അങ്ങ്”
“ഭഗവാനെ വർഷത്തിൽ ഒരിക്കലല്ല, ഇനി ഒരിക്കലും എനിക്കിവിടെ വരാനുള്ള അവസരം തരരുത്; അതൊന്നുമാത്രം വരം തന്നാൽ മതി അല്ലെങ്കിൽ ഞാനിവിടെ നിരാഹാരം കിടന്ന് മരിക്കും”
പെട്ടെന്ന് വാമനൻ തലതാഴ്ത്തി നിലത്തിരുന്ന് മഹാബലിയോട് പറഞ്ഞു,
“ഇപ്പോൾ അങ്ങ് എനിക്കാണ് വരം തരേണ്ടത്, അങ്ങ് വലതുകാലുയർത്തി ഈ തലയിൽ ചവിട്ടിയിട്ട് എന്നെ പാതാളത്തിലേക്ക് താഴ്ത്തിയാലും. താങ്കളെപ്പോലെ വർഷം‌തോറും കേരളത്തിൽ വരാനുള്ള പെർമിഷനും ഞാൻ ചോദിക്കില്ല”
തന്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന വാമനനെ നോക്കി മഹാബലി അന്തം‌വിട്ടു.
**************************************************

8/6/12

അഭ്യുദയകാംക്ഷി


                         സ്വന്തം ഭാര്യയെ തല്ലിയത് തെറ്റാണെന്ന്, ദിവാകരൻ മാസ്റ്റർ ഇപ്പോഴും വിശ്വസിക്കുന്നില്ല. ‘അടി കൊടുക്കേണ്ടത് കുറച്ചുകൂടി നേരത്തെ ആവാമായിരുന്നു’ എന്ന്, അടിച്ചനിമിഷംതൊട്ട് തോന്നിയതാണ്. അവളുടെ സുന്ദരമായ കവിളിൾത്തടം അടികൊണ്ട് ചുവന്നത്, ഇന്നലെ വൈകുന്നേരമാണെങ്കിലും അതിന്റെ പ്രത്യാഘാതം ഇന്ന് ഉച്ചയാവാറായിട്ടും നിശബ്ദമായി അലയടിക്കുകയാണ്. തെറ്റ് കണ്ടാൽ, സ്വന്തം‌ഭാര്യ ഒരു ടീച്ചറാണെങ്കിൽ‌പോലും അടിച്ച് നന്നാക്കേണ്ടത് ഭർത്താവിന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരടി കാരണം സ്വന്തം വീടിന്റെ താളം പിഴച്ചിരിക്കയാണെന്ന് മാസ്റ്റർക്ക് പതുക്കെ തോന്നാൻ തുടങ്ങി.

                      ഇന്നലെ വൈകുന്നേരം സ്ക്കൂളിൽ‌നിന്നും അവൾ‌വന്നത് പതിവുപോലെ വൈകി ആയിരുന്നു. നാല് മണിക്ക് സ്ക്കൂൾ വിട്ടാൽ അരമണിക്കൂർ ബസ്‌യാത്ര ചെയ്ത് അഞ്ച് മണിക്കെങ്കിലും വീട്ടിലെത്തേണ്ടതാണ്; എന്നാൽ ഇവിടെ സമയം അഞ്ചര കഴിഞ്ഞു. അതുപോലുള്ള ഒരു ഹൈസ്ക്കൂളിൽ‌ തന്നെയാണ് തന്റെയും തൊഴിലെങ്കിലും അഞ്ച് മണിക്ക് മുൻപായി വീടിനു മുന്നിലെത്തിയിട്ട് എന്നും ഗെയ്റ്റ് തുറക്കുന്ന നേരത്ത് അടച്ചുപൂട്ടിയ വീട് കാണുമ്പോൾ‌തന്നെ കലിയിളകാൻ തുടങ്ങും. ‘ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന ഭർത്താവിനെ സ്വീകരിക്കാൻ കൈയിൽ ചൂടുള്ള ചായയും മുഖത്ത് സ്നേഹം‌വിടരുന്ന പുഞ്ചിരിയുമായി പൂമുഖവാതിലിനു മുന്നിൽ വരുന്ന ഭാര്യയെ ലഭിക്കമെങ്കിൽ അവളെ ജോലിക്ക് വിടരുത്’, എന്ന് സഹപ്രവർത്തകരിൽ ചിലർ പറയുന്നത് അസൂയകൊണ്ടാണെങ്കിലും അത് ശരിയാണെന്ന് ദിവാകരൻ മാസ്റ്റർക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
                        അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ അഭ്യുദയകാംക്ഷിയുടെ ഫോൺ വന്നത്. തുടർന്ന് അഞ്ചര കഴിഞ്ഞ് അവൾ വന്ന്‌കയറിയപ്പോൾ വളരെക്കാലമായി അണകെട്ടി നിർത്തിയ ദേഷ്യം വെളിയിൽ വന്നു,,, അടിയുടെ രൂപത്തിൽ. ‘വിദ്യാർത്ഥികളെ ക്ലാസ്സിൽ‌വെച്ച് തല്ലുന്നതുപോലെ സ്വന്തം ഭാര്യയെ തല്ലാൻ പാടുണ്ടോ’ എന്നൊന്നും ആ നേരത്ത് ചിന്തിച്ചിരുന്നില്ല,,,
ഒരു മനുഷ്യന്റെ ക്ഷമക്കും ഒരതിരില്ലെ?,,,

                         അതിരാവിലെ എന്നും ചായകുടി പതിവാണ്, അതിനുശേഷമാണ് പത്രപാരായണം. പിന്നീട് പറമ്പ്‌ചുറ്റി നടന്നതിനുശേഷം ചൂടുവെള്ളത്തിൽ കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും ഇസ്ത്രിവെച്ച വസ്ത്രങ്ങളും ചോറ്റുപാത്രവും അവൾ മേശപ്പുറത്ത് വെച്ചിരിക്കും. അതിനിടയിൽ ഏതോനേരത്ത് അവളും സ്ക്കൂളിലേക്ക് പോകാൻ തയ്യാറായതിനുശേഷം വൈകുന്നേരത്ത് വാങ്ങാനുള്ള അവശ്യവസ്തുക്കളുടെ ലിസ്റ്റ് നൽകിയിട്ട് കുടയും ബാഗുമെടുത്ത് തനിക്കുമുൻപെ ഓടും. സ്ക്കൂളിൽ എന്നും വൈകിയെത്തുന്നത് പതിവാക്കിയ ദിവാകരൻ മാസ്റ്റർക്ക്, ഭാര്യയുടെ കൃത്യനിഷ്ഠ എന്നും ആശ്ചര്യമായിരുന്നു.
                      മറ്റുള്ളവർക്കിടയിൽ ‘മാതൃകാ അദ്ധ്യാപിക’ എന്ന് പേരെടുത്ത അവൾ കാട്ടിക്കൂട്ടുന്നതെല്ലാം വെറും പുറം‌മോടിയാണെന്നും മനസ്സ് ഒരു വഞ്ചകിയുടെതാണെന്നും അറിയാൻ തുടങ്ങിയത് അടുത്ത കാലത്താണ്. ദുഷ്ട, രാക്ഷസി, വഞ്ചകി, വേശ്യ,,, ദിവാകരൻ മാസ്റ്റർ സ്വന്തം ഭാര്യക്ക് യോജിച്ച പദങ്ങൾക്ക് വേണ്ടി മനസ്സിലെ ഡിൿഷനറി തുറന്നുവെച്ചു,,,

                      ചിന്തകൾക്ക് വിരാമമിട്ടത് അസഹനീയമായ വിശപ്പാണ്, മനസ്സിന്റെ വാശി ശരീരത്തിനു മുന്നിൽ പരാജയപ്പെടുകയാണ്. പ്രശ്നം പരിഹരിക്കാതെ ഇന്നേതായാലും സ്ക്കൂളിൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.  പത്ത്മണി കഴിഞ്ഞിട്ടും പച്ചവെള്ളമല്ലാതെ മറ്റൊന്നും ആമാശയത്തിലെത്തിയില്ല എന്ന ചിന്ത അദ്ദേഹത്തെ ഭ്രാന്ത്‌പിടിപ്പിക്കുകയാണ്. ‘ജോലി രാജിവെക്കുകയാണ്, നാളെമുതൽ ഞാൻ സ്ക്കൂളിൽ പോകുന്നില്ല’ എന്ന് അവൾ പറഞ്ഞനേരത്ത്, വീട്ടുജോലികളിൽ നിന്നുകൂടി രാജിവെക്കുന്നുണ്ടെന്ന് പറഞ്ഞില്ലല്ലൊ. പതഞ്ഞ്‌പൊങ്ങിയ ദേഷ്യം അല്പം തണുത്തപ്പോൾ ദിവാകരൻ മാസ്റ്റർ അകത്തുകയറിയിട്ട് ഭാര്യയെ വിളിച്ചു,
“രമെ, നിന്നോട് നന്നാവാനല്ലെ ഞാൻ പറഞ്ഞത്, ജോലി ചെയ്യണ്ട, സ്ക്കൂളിൽ പോകണ്ട എന്നൊന്നും പറഞ്ഞില്ലല്ലൊ”
                        അല്പനേരം കാത്തിരുന്നിട്ടും മറുപടിയൊന്നും കേൾക്കാത്തപ്പോൾ പെട്ടെന്നുയർന്ന ഭയം കാരണം മുറിയിലെ ലൈറ്റ് ഓൺ ചെയ്തപ്പോൾ കണ്ടത് തലയിണയിൽ മുഖം മറച്ച് കിടക്കുന്ന ഭാര്യയെയാണ്. ജീവന്റെ തുടിപ്പായ ഉച്ഛ്വാസ നിശ്വാസ തരംഗങ്ങൾ വസ്ത്രങ്ങൾക്കിടയിലൂടെ തിരിച്ചറിഞ്ഞ മാസ്റ്റർ ആശ്വാസനേടുവീർപ്പിട്ടു. ഇന്നലെ അടിച്ച വിരല്പാടുകൾ അവളുടെ ഇടതുകവിളിൽ കാണാനുണ്ടോ? ആദ്യമായി സംശയം തോന്നിയപ്പോൾ‌തന്നെ അടിച്ചെങ്കിൽ പ്രശ്നം ഇത്രയും വഷളാവുമായിരുന്നില്ല. പ്രശ്നം തീർക്കാൻ വീട്ടിലിപ്പോൾ മറ്റാരും ഇല്ലല്ലൊ; മകളുടെ വിവാഹം കഴിഞ്ഞു, മകനാണെങ്കിൽ അന്യസംസ്ഥാനത്ത് പഠനം തുടരുകയാണ്.
……….
                        അതുവരെ സുഖവും സമാധാനവും കളിയാടിയിരുന്ന വീട്ടിൽ അസന്തുഷ്ടിയുടെ വിത്തുകൾ മുളച്ചുപൊങ്ങാൻ തുടങ്ങിയത് ദുർഗന്ധത്തോടെ ആയായിരുന്നു. ഏതാണ്ട് നാല്‌മാസം മുൻപ് ഒരു വെള്ളിയാഴ്ച; വൈകുന്നേരം വീട്ടിലേക്ക്  വന്ന് അകത്ത് പ്രവേശിച്ച ഉടനെയാണ് ലാന്റ്‌ഫോൺ റിംഗ് ചെയ്തത്. മൊബൈൽ ഉണ്ടായിട്ടും വീട്ടിലെ ടെലിഫോണിൽ വിളിക്കുന്നത് പഴയ സുഹൃത്തുക്കൾ ആയിരിക്കും എന്ന് ചിന്തിച്ചാണ് റിസീവർ എടുത്തത്,
“ഹലോ,”
“ദിവാകരൻ മാസ്റ്ററാണോ?”
“അതെ, ആരാ?”
“ഞാനാരെങ്കിലും ആയിക്കൊട്ടെ, മാഷിന്റെ ഭാര്യ രമടീച്ചർ ഉൾപ്പെട്ട സംഭവം അറിയോ?”
“അയ്യോ, എന്ത് സംഭവം?”
“പേടിക്കാനൊന്നും ഇല്ല, ഇന്ന് രമടീച്ചറെയും സ്ക്കുളിലെ ഹെഡ്‌മാസ്റ്ററെയും ബാത്ത്‌റൂമിനുള്ളിൽ വെച്ച് മറ്റുള്ളവർ കൈയോടെ പിടികൂടി”
“അതെന്തിന്?”
“ഒരു ആണും പെണ്ണും ഒന്നിച്ച്, അടച്ചുപൂട്ടിയ മുറിയിൽ കണ്ടാൽ ആളുകളെന്തെല്ലാം വിചാരിക്കും? ടീച്ചറ് വരുമ്പോൾ നേരിട്ട് ചോദിക്ക്,,”
മറുതലക്കൽ ഫോൺ വെച്ചത് അറിയാതെ റിസീവറും പിടിച്ചങ്ങനെ നിൽക്കുമ്പോഴാണ് അവളുടെ വരവ്, സംഭവം ചോദിച്ചു, നേരിട്ട്‌തന്നെ.
എന്നാൽ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മറുപടി പറഞ്ഞു,
“ഓ,, ആ ബാത്ത്‌റൂമിലെ ഒരു നാറ്റം, പെൺ‌കുട്ടികളുടെ ടോയിലറ്റിൽ പൈപ്പ് ലീക്കാണെന്നറിഞ്ഞ് അത് ഹെഡ്‌മാസ്റ്ററെ കാണിച്ചുകൊടുക്കാൻ പോയതാ. അപ്പോൾ ഏതോ ഒരുത്തൻ വെളിയിലെ വാതിലടച്ചു; എന്തൊരു നാറ്റം. ഹെഡ്‌മാസ്റ്റർ മൊബൈലെടുത്തതുകൊണ്ട് അധികം സഹിക്കേണ്ടി വന്നില്ല; പ്യൂൺ വന്ന് തുറന്നുതന്നു. അതെങ്ങനെ നിങ്ങളറിഞ്ഞു?”
സംഭവം ശരിയാണോ എന്നറിയാൻ പ്യൂണിനോട് ചോദിക്കേണ്ടതില്ല, തന്റെ പ്രീയപ്പെട്ട ഭാര്യയല്ലെ പറയുന്നത്.

എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതുപോലുള്ള ഒരു ഫോൺ, സ്ക്കൂളിൽ നിന്ന് വന്ന ഉടനെ,
“ദിവാകരൻ മാസ്റ്ററല്ലെ”
മുൻപ് കേട്ട അതേശബ്ദം,,
“അതെ, താങ്കൾ ആരാണ്?”
“ഇന്ന് രാവിലെ വീട്ടിൽ ഭക്ഷണം വെച്ചിട്ടില്ലെ?”
എങ്ങനെ ദേഷ്യം വരാതിരിക്കും! ആരാണെന്ന് പറയാത്ത ഏതോ ഒരുത്തൻ വീട്ടിലെ ഭക്ഷണക്കാര്യം ചോദിക്കുന്നു,,
“വീട്ടിൽ ഭക്ഷണം വെച്ചില്ലെങ്കിൽ താൻ‌വന്ന് വെച്ച് തരുമോ?”
“രമടീച്ചർ ലഞ്ച്‌ബോക്സ് എടുക്കാത്തതുകൊണ്ട് ചോദിച്ചതാണ്, വീട്ടിന്ന് ഭക്ഷണം എടുക്കാതെ പലപ്പോഴും ഹെഡ്‌മാസ്റ്ററുടെ കൂടെ ഹോട്ടലിൽ പോയി കഴിക്കുന്നത് ഒരു ഭർത്താവ് അറിയണ്ടെ?”
“അതൊക്കെ നോക്കാൻ താനാരാണ്?”
അങ്ങനെ പറഞ്ഞെങ്കിലും മറുതലക്കൽ മറുപടിയൊന്നുമില്ലാതെ ഫോൺ കട്ട് ചെയ്തപ്പോൾ ആകെ ഒരു സംശയം. പെട്ടെന്ന് അടുക്കളയിൽ പോയി നോക്കിയപ്പോൾ ഡൈനിംഗ് ടേബിളിൽ കനമുള്ള ലഞ്ച്‌ബോക്സ്, ‘അപ്പോൾ ഇതൊന്നും എടുക്കാതെ പോയത് മനപൂർവ്വമാണോ?’
വീട്ടിനകത്ത് പ്രവേശിച്ച ഉടനെ അവളോട് ചോദിക്കുകതന്നെ ചെയ്തു,
“നീയിന്ന് ചോറ് തിന്നുമ്പോൾ കൂടെ ആരാണുണ്ടായത്?”
“കൂടെ സ്ക്കൂളിലെ എല്ലാവരും”
“ഹെഡ്‌മാസ്റ്റർ മാത്രം എന്ന് പറഞ്ഞാൽ മതി”
“അതെങ്ങനെയാ? ഹെഡ്‌മാസ്റ്ററുടെ മകളുടെ വിവാഹം ഉറപ്പിച്ച വകയിലുള്ള പാർട്ടി എല്ലാവർക്കും ഒന്നിച്ചല്ലെ തന്നത്, ഹോട്ടൽ രാജേശ്വരിയിൽ”
“അപ്പോൽ ലഞ്ച്‌ബോക്സ് എടുക്കാതെ പോയതോ?”
“അത് പാത്രത്തിൽ ചോറ് നിറച്ചപ്പോഴാണോർത്തത് ഇന്ന് ഹെഡ്‌മാസ്റ്ററുടെ വക ഉച്ചഭക്ഷണം ഉണ്ടല്ലൊ എന്ന്, പിന്നെ ഞാനത് ആദ്യമേ പറയാൻ വിട്ടുപോയതുകൊണ്ടാണോ ഇങ്ങനെയൊരു ചോദ്യം”
അവളുടെ മുന്നിൽ അടിയറവ് പറയുന്നത് ആദ്യമല്ല, എന്നാലും,,, ദാമ്പത്യജീവിതം തകർക്കാനായി എന്തിന് അനാവശ്യ സംശയങ്ങൾ മനസ്സിലുയർത്തണം? എന്നാലും ഇതൊക്കെ അറിഞ്ഞ് ഫോൺ ചെയ്യുന്നത് ആരായിരിക്കും?
“നീ ഒരു ടീച്ചറാണ്, മറ്റുള്ളവർ ശ്രദ്ധിക്കുമെന്ന് ഓർമ്മവേണം”
“അതിനുമാത്രം എന്തുണ്ടായി?”
“ഒന്നുമുണ്ടായില്ല, എന്നാലും,,,”
‘ബാക്കി പറയാൻ നിന്നില്ല, ഭാര്യയും ഭർത്താവും ഒന്നിച്ച് ജീവിക്കുമ്പോൾ വെറുതെ എന്തിന് അസന്തുഷ്ടിയുടെ വിത്തുകൾ വിതക്കണം?’

                         ആ ദിവസം‌തന്നെ അവളെ തല്ലിയാൽ മതിയായിരുന്നു എന്ന് ഇപ്പോഴാണ് ബോധമുദിച്ചത്. എങ്കിൽ ഇത്രയും പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. അവളുടെ സ്ക്കൂളിലെ അദ്ധ്യാപകരെ കണ്ട് സംസാരിച്ചപ്പോൾ രമടീച്ചറെക്കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ടീച്ചർ ചെയ്യുന്ന മഹത്തായ സേവനങ്ങളുടെ പെരുമഴ സഹപ്രവർത്തകർ അക്കമിട്ട് പറയുമ്പോഴൊക്കെ തന്റെ ഉള്ളിൽ സംശയം വർദ്ധിക്കുകയാണ്. നല്ല കാര്യങ്ങൾ വിളിച്ച് പറയുന്നവരെല്ലാം എന്തോ ഒളിക്കുന്നില്ലെ? ഒടുവിൽ സുഹൃത്ത് മോഹനനോട് ചോദിക്കുകതന്നെ ചെയ്തു,
“ഇപ്പോൾ പുതിയതായി വന്ന ഹെഡ്‌മാസ്റ്റർ ആളെങ്ങനെ?”
“സ്ക്കൂൾ കാര്യത്തിന് അദ്ദേഹം ഉഗ്രൻ, പിന്നെ ആള് അത്ര നല്ല വ്യക്തിയല്ല”
“അത്?”
“അത് മുൻപ് ജോലി ചെയ്ത സ്ഥലത്തുള്ളവർ പറഞ്ഞതാ, ഇവിടെ ഒരു പ്രശ്നവുമില്ല”
അപ്പോൾ രമയെക്കുറിച്ച് സഹപ്രവർത്തകർക്കിടയിൽ സംഭാഷണം ഉണ്ടായിരിക്കും. പുരുഷന്മാരോട് സ്വതന്ത്രമായി ഇടപഴകുന്ന അവളുടെ പെരുമാറ്റം കാണുന്നവർ തെറ്റിദ്ധരിക്കാനിടയുണ്ട്.
എന്നാലും ഇന്ന് അവളെയൊന്ന് ഉപദേശിക്കണം.

                        ഉപദേശചിന്തയുമായി വീട്ടിലേക്ക് പോയെങ്കിലും അതൊന്നും ചെയ്യേണ്ടി വന്നില്ല. വീട്ടിനകത്ത് കാലെടുത്ത് കുത്തിയ നിമിഷം, കാത്തിരിക്കുന്നതുപോലെ ലാന്റ്ഫോൺ റിംഗ് ചെയ്തു, പഴയശബ്ദം,
“ദിവാകരൻ മാസ്റ്ററല്ലെ?”
“അതെ”
“മാഷിന്ന് സ്ക്കൂളിൽ പോയില്ലെ?”
“പോയല്ലൊ, ഇപ്പൊഴാ വന്നത്”
“പിന്നെങ്ങനെയാ മാഷും ഭാര്യയും മൂന്ന് മണിക്ക് ക്ലാസ്‌ടൈമിൽ ഓട്ടോയിൽ പോയത്?”
“ഓട്ടോയിലോ?”
“മാഷിന്റെ ഭാര്യ മൂന്ന് മണിക്ക് ഓട്ടോയിൽ പോകുമ്പോൾ കൂടെയുള്ള പുരുഷൻ താങ്കളായിരിക്കണമല്ലൊ? ടീച്ചർ വന്നാൽ ചോദിച്ച് നോക്ക്”
“ഇതൊക്കെ കണ്ടുപിടിക്കാൻ നിങ്ങളാരാണ്”
“ഞാൻ മാഷിന്റെ ഒരു അഭ്യുദയകാംക്ഷിയാണ്”
ഫോണിലൂടെ അറിഞ്ഞ കാര്യമോർത്ത് ഞെട്ടിത്തരിച്ച് നിൽക്കുമ്പോഴാണ് അവളുടെ വരവ്. മനസ്സിന്റ്റെ ഉള്ളിലുള്ളത് പെട്ടെന്ന് വെളിയിൽ ചാടി,
“നിനക്ക് കുട്ടികളെ പഠിപ്പിക്കലോ, അതോ കണ്ടവന്റെ കൂടെ ഓട്ടോയിൽ കറങ്ങി നടക്കലോ”
“ഓട്ടോയിൽ കറങ്ങാനോ? ഈ ഏട്ടനെന്തൊക്കെയാ പറയുന്നത്?”
“നിന്നെക്കുറിച്ച് ഓരോരുത്തര് പറയുന്നത് കേട്ട് മടുത്തു”
“ആര് പറഞ്ഞു? അവന്റെ പേര് പറ? ഞാനെപ്പഴാ ഓട്ടോയിൽ പോയത്?”
“നീ ഏതൊ ഒരുത്തന്റെ കൂടെ മൂന്ന് മണിക്ക് ഓട്ടോയിൽ കറങ്ങുന്നത് കണ്ടു, എന്ന് ഇപ്പോൾ ഒരാൾ ഫോണിൽ വിളിച്ചുപറഞ്ഞു, അവനാരാണ്? ആ ഹെഡ്മാഷായിരിക്കും?”
“എന്റെ ദൈവമേ ഇവന്മാർക്കൊന്നും പണിയില്ലെ? ഇന്ന് ഗ്രൌണ്ടിന്ന് വീണ് ചോരയൊലിപ്പിച്ച പത്താം ക്ലാസ്സുകാരി അഞ്ചിതയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പി.ടി. മാഷിനോടൊപ്പം പോയതാ. പെൺ‌കുട്ടിയായതുകൊണ്ട് ഒറ്റക്കെങ്ങനെയാ മാഷെ കൂടെ അയക്കുന്നത്; ഒപ്പം ക്ലാസ് ടീച്ചറായ ഞാനും പോയി. ഇതിലെന്നാ പറയാനുള്ളത്?”
ഇത്തവണ തനിക്കാണ് ഞെട്ടലുണ്ടായത്? ഏതോ ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ട് വെറുതെ ഭാര്യയെ സംശയിക്കുക. എന്നാലും അവൻ ആരായിരിക്കും?

                     ഒരാഴ്ചക്ക് ശേഷം അഭ്യുദയകാംക്ഷി വിളിച്ചപ്പോൾ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് താക്കീത് നൽകി,
“താനിനി ഒന്നും പറയരുത്, താങ്കൾ ആരാണെന്ന് കണ്ടുപിടിച്ച് പരാതി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. ഇനി എന്ത് പറഞ്ഞാലും ഈ ദിവാകരൻ മാസ്റ്റർ വിശ്വസിക്കില്ല; മേലിൽ എന്നെ വിളിച്ച് ശല്യം ചെയ്യരുത്, കേട്ടോ”
പിന്നീട് ദിവസങ്ങളോളം അയാൾ വിളിച്ചില്ല; തന്റെ കുടുംബം കുളം‌തോണ്ടാനാവില്ലെന്ന് അവന് മനസ്സിലായിരിക്കണം.

                     എന്നാൽ ഇന്നലെ അല്പം നേരത്തെ വീട്ടിലെത്തിയപ്പോൾ കാത്തിരുന്നതുപോലെ ഫോൺ വന്നു കൃത്യം നാല് മണിക്ക്, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയില്ലെങ്കിലും അയാൾ വളരെ വിശദമായി സംസാരിച്ചു, ഇത്രയും കാലം തന്നെ ചതിക്കുന്ന അവളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടി,
“ദിവാകരൻ മാസ്റ്ററെ, നിങ്ങൾ വിചാരിക്കും നിങ്ങളുടെ ഭാര്യ ശീലാവതിയെന്ന്, എന്നാൽ മറിച്ചാണ് അനുഭവം അവൾ സ്ക്കൂൾ ടൈമിൽ പലരുടെയും കൂടെ വെളിയിൽ ഹോട്ടലുകളിലൊക്കെ പോകാറുണ്ട്. ഇന്ന് ഉച്ചക്ക് സരിത ബുക്ക് സ്റ്റാളിൽ രമടിച്ചറെ കണ്ടവരുണ്ട്. അതിന് സപ്പോർട്ട് ചെയ്യുന്ന ഹെഡ്‌മാസ്റ്റർ തന്നെയാണ്”
എതെല്ലാം വിശദമായി ഒരാൾ പറഞ്ഞാൽ എങ്ങനെ അവിശ്വസിക്കും? അവൾ വന്ന ഉടനെ ചോദിച്ചു,
“എടി ഇന്നുച്ചക്ക് ബുക്ക്ഷോ‌പ്പിലെന്താ നിനക്ക് കാര്യം?”
“സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ; അതെന്താ സീനിയർ അസിസ്റ്റന്റും ലൈബ്രേറിയനുമായ എനിക്ക് പോയിക്കൂടെ?”
മറുപടിയായി കൊടുത്തത് അടിയായിരുന്നു, ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കനത്തിൽ ഒരാളെ അടിച്ചത്. ഒരു ഭർത്താവ് എത്രയാ സഹിക്കുക?
“നീയിനി സ്ക്കൂളിലേക്ക് പോകണ്ടാ,, മറ്റുള്ളവര് പറയുന്നത് കേട്ട് തൊലിയുരിഞ്ഞ് പോകുന്നു”
“എനിക്ക് പോകണമെന്നൊന്നും ഇല്ല, ഞാൻ ജോലി രാജിവെക്കുകയാ”
കരച്ചിലിനിടയിൽ അവൾ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു,
“അപ്പോൾ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ നിനക്ക് മര്യാദക്ക് നടക്കാനൊന്നും ആവില്ല; പിന്നെ ടീച്ചറായതുകൊണ്ടാണ് നിന്നെയൊക്കെ കല്ല്യാണം കഴിച്ചത്, അതുകൊണ്ട് പോയിക്കോളണം”
“ഞാനിനി എവിടെയും പോകുന്നില്ല”
കരണത്ത് വീണ്ടും വീണ്ടും കൊടുത്തു, ഒടുവിൽ കൈ കുഴഞ്ഞപ്പോൾ മതിയാക്കി.
                      മണിക്കൂറുകൾ പിന്നിട്ടപ്പോൾ വേദനയും ദേഷ്യവും കാരണം മുറിയിൽ കിടക്കുന്ന ഭാര്യയെ അവഗണിച്ചുകൊണ്ട്, രാത്രി ഏതോ നേരത്ത് അടുക്കളയിൽ പോയി പാത്രത്തിലുള്ള തണുത്ത ചോറും കറിയും സ്വന്തമായി എടുത്ത് കഴിച്ചെന്ന് വരുത്തിയ നേരത്ത് എച്ചിൽ‌പാത്രങ്ങൾ മേശപ്പുറത്ത് അവശേഷിച്ചു. അപ്പോഴും കിടക്കുന്ന സ്വന്തം ഭാര്യയെ അവഗണിച്ച് സുഖമായി ഉറങ്ങി. കൊടുക്കേണ്ടത് കൊടുത്തുകഴിഞ്ഞപ്പോൾ എന്തൊരു ആശ്വാസം!

                         ഭാര്യയെ അടിച്ച് നേരെയാക്കാൻ ശ്രമിച്ചത് വിപരീതഫലമായോ എന്ന് ഇപ്പോഴൊരു സംശയം. തന്റെ അടികിട്ടിയ വിദ്യാർത്ഥികളെല്ലാം നന്നാവാറുണ്ട്. ‘മാസ്റ്റർ അടിച്ച്തുകൊണ്ടാണ് ഞാൻ നന്നായത്’ എന്ന്, പൂർവ്വശിഷ്യന്മാർ പലപ്പോഴും പറയാറുണ്ട്. അതുപോലെയല്ലല്ലൊ സ്വന്തം ഭാര്യ..
ഇനിയെന്ത് ചെയ്യും?
ടെലിഫോൺ റിംഗ് ചെയ്യുകയാണ്,
“ഹലോ?”
“ദിവാകരൻ സാറല്ലെ? ഇന്ന് ലീവായിരിക്കും?”
“അതെ, ആരാണ്?”
“എന്നെ മറന്നു പോയോ? ഞാൻ സാറിന്റെ അഭ്യുദയകാംക്ഷി”
“ഇപ്പൊഴെന്താ വിളിച്ചത്?”
“സാറ് ലീവെടുത്ത് വീട്ടിലിരിക്കുന്നതിന് പകരം ഭാര്യ രമടിച്ചർ എവിടെയാ പോകുന്നതെന്ന് അന്വേഷിക്കാമായിരുന്നില്ലെ?”
“ങെ, അവളെവിടെ?”
“രമടീച്ചർ ഇപ്പോൾ ക്ലാസ്‌ടൈമിൽ ടൌണിലൂടെ കറങ്ങുകയാണ്,,, കൂടെ അവരുടെ സ്ക്കൂൾ‌ഹെഡ്‌മാസ്റ്ററും ഉണ്ട്. ഇപ്പോൾ റെയിൽ‌വെ സ്റ്റേഷന് സമീപം ഉണ്ട്, പെട്ടെന്ന് വന്നാൽ കൈയ്യോടെ പിടിക്കാം. ഞാൻ പറയുന്നത് വെറുതെയല്ലെന്ന് താങ്കൾക്ക് മനസ്സിലാവുമല്ലൊ”
മറുതലക്കൽ ഫോൺ വെച്ചു; ദിവാകരൻ മാസ്റ്റർ റിസീവർ വെച്ചതിനുശേഷം തൊട്ടടുത്തുള്ള കിടക്കയിൽ എതിർവശം‌നോക്കി കിടക്കുന്ന ഭാര്യയെ നോക്കി,,,
ഇനി???


പിൻ‌കുറിപ്പ്: രമ ടീച്ചറുടെയും ദിവാകരൻ മാസ്റ്ററുടെയും നർമം വായിക്കാൻ:
 ‘വന്ന സ്ഥലത്തേക്ക് തിരിച്ചു പോവാൻ’

6/25/12

ഓട്ടുരുളിയിലെ പാല്പായസം

മുന്നറിയിപ്പ്: വയോജനങ്ങൾക്കായി പാകം ചെയ്ത ‘ഓട്ടുരുളിയിലെ പാല്പായസം’ വയോജന ശബ്ദം മാസികയിൽ മെയ് മാസം വിളമ്പിയത്, ഇപ്പോൾ എന്റെ സ്വന്തമായ ‘മിനി കഥകളിൽ’ വിളമ്പുകയാണ്. രുചിച്ചുനോക്കുക,,,


ഓട്ടുരുളിയിലെ പാല്പായസം
“ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചുപോവുകയേ ഇല്ല,,,”
നാരായണൻ മാസ്റ്റർ പറയുന്നത്‌കേട്ട് സഹവയോജനങ്ങൾ ഒന്നടങ്കം ഞെട്ടി. അവർ ഒന്നിച്ച് ചോദിച്ചു,
“എന്നിട്ട് മാഷെന്ത് ചെയ്യാനാ പോകുന്നത്?”
“ഞാനിവിടെതന്നെ താമസിക്കും, മരിക്കും‌വരെ,,, ഇതുപോലെ അത്യാവശ്യം വരുന്നവർക്ക് താമസിക്കാൻ കൂടിയാണല്ലൊ, ഇങ്ങനെയൊരു വയോജനവിശ്രമകേന്ദ്രം നമ്മുടെ പഞ്ചായത്തിൽ തുടങ്ങിയത്”
“അതിപ്പം മാഷെ ഇവിടെ താമസിക്കാൻ ഒരു പ്രയാസവുമില്ല, ഇപ്പൊഴുള്ള നാലുപേർക്കൊപ്പം ഒരഞ്ചാമൻ കൂടി. പക്ഷെങ്കിൽ”
“രാമദാസനെന്താ ഒരു പക്ഷേങ്കിൽ? ഞാനെന്റെ പെൻഷനും ആനുകൂല്യങ്ങളും എല്ലാം ഈ വയോജനകേന്ദ്രത്തിന്റെ പേരിലാക്കും. അപ്പോൾ വയസായി രോഗം‌വന്ന് കിടപ്പിലായാലും എന്നെ നോക്കാൻ ആള് ഉണ്ടാവുമല്ലൊ”
                         എന്നിട്ടും മാസ്റ്റർ പറയുന്നത് മറ്റുള്ളവർക്ക് ദഹിച്ചില്ല; കാര്യമിപ്പോൾ കുറുന്തോട്ടിക്ക് വാതം വന്നതുപോലെയാണ്. നാട്ടിലുള്ള എല്ലാ കുടുംബപ്രശ്നങ്ങളും പരിഹരിച്ച് കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച് ഐക്യത്തിന്റെ പാതയിലേക്ക് നയിക്കുന്ന വ്യക്തിയാണ്, വന്ദ്യവയോധികനും റിട്ടയർഡ് അദ്ധ്യാപകനുമായ നാരായണൻ മാസ്റ്റർ. എന്നാലിപ്പൊഴോ?
അദ്ദേഹത്തിന്റെ കുടുംബത്തിലാണ് പ്രശ്നം ഉയർന്നത്; അതായത് നാരായണൻ മാസ്റ്ററും ഭാര്യയും മാത്രമടങ്ങുന്ന അണുകുടുംബത്തിൽ.

                         നമ്മുടെ പഞ്ചായത്തിലെ അദ്ധ്യാപക ദമ്പതികളാണ് ‘ശ്രീമാൻ നാരായണൻ മാസ്റ്റരും’,  ‘ശ്രീമതി നാരായണി ടീച്ചറും’. അവരുടെ പ്രീയപ്പെട്ട ഭവനമാണ് ‘നാരായണീയം’. നാരായണൻ മാസ്റ്റർ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള എൽ. പി. സ്ക്കൂളിൽ ജോലി ചെയ്യുമ്പോൾ; നാരായണി ടീച്ചർ പഞ്ചായത്തിന്റെ വടക്കെ അറ്റത്തുള്ള എൽ. പി. സ്ക്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. സർവ്വീസിൽ പ്രവേശിച്ചതു മുതൽ പെൻഷൻ പറ്റുന്നതുവരെ, ഒന്നാം ക്ലാസ്സിലെ പിഞ്ചുകുഞ്ഞുങ്ങളെ ഒന്നാം തരമായി പഠിപ്പിച്ച അവർ രണ്ടുപേരും ഏതാനും വർഷം‌മുൻപ് വിരമിച്ചു.

                         സ്വന്തം പഞ്ചായത്തിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർ ആയതിനാൽ സ്വന്തം നാട്ടിലുള്ള ‘പണക്കാരനും പാവപ്പെട്ടവനും, കള്ളനും പോലീസും, ഡോക്റ്ററും രോഗിയും, മുതലാളിയും തൊഴിലാളിയും, സ്ത്രീയും പുരുഷനും’, ആയ വലിയൊരു വിഭാഗത്തിന്റെ വിരല്‍ പിടിച്ച് ആദ്യാക്ഷരം എഴുതിച്ചത് ഈ നാരായണീയ ദമ്പതികൾ ആയിരിക്കും. അവര്‍ക്ക് മക്കളില്ലെങ്കിലും നാട്ടിലെ എല്ലാകുട്ടികളും നാരായണൻ മാസ്റ്ററുടെയും നാരായണി ടീച്ചറുടെയും മക്കളാണ്. ജീവിതത്തിൽ ഇനിയൊരു വസന്തം വന്നിട്ട് തളിര്‍ക്കുമെന്നോ പൂക്കുമെന്നോ കായ്ക്കുമെന്നോ ഉള്ള പ്രതീക്ഷ അവർക്ക് ഇപ്പോഴില്ല. വീട്ടുമുറ്റത്തും പറമ്പിലും ഓടിക്കളിക്കാൻ ഒരു ‘കുഞ്ഞിക്കാല് കാണാൻ ‘ ഭാഗ്യം ഇല്ലെങ്കിലും ആ വിഷമം ഒരിക്കലും അവർ വെളിയിൽ കാണിക്കുകയോ അന്യോന്യം പറഞ്ഞ് കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല. 
‘മാഷിന്റെ കുട്ടി ടീച്ചർ, ടീച്ചറുടെ കുട്ടി മാസ്റ്റർ’, ‘നിനക്ക് ഞാനും എനിക്ക് നീയും’.

അങ്ങനെയുള്ള നാരായണൻ മാസ്റ്ററാണ് തന്റെ പ്രിയപ്പെട്ട ഭാര്യയെ തനിച്ചാക്കി വീട്ടിൽ‌നിന്നും ഇറങ്ങിയത്,
“നിങ്ങൾക്കറിയാമോ?,,,”
മാസ്റ്റർ സ്വന്തം ജീവിതത്തിലെ ഏടുകൾ ഓരോന്നായി സുഹൃത്തുക്കളുടെ മുന്നിൽ തുറക്കുകയാണ്,
അവൾക്ക് കൊടുക്കാതെ ഇതുവരെ ഞാനൊന്നും കഴിച്ചിരുന്നില്ല. എവിടെയെങ്കിലും കല്ല്യാണത്തിന് ഒറ്റക്ക് പോയാൽ ഒരു പിടി ചോറ് വാരിതിന്നെന്ന് വരുത്തിയിട്ട് വിശപ്പ്‌കെടാതെ നേരെ വീട്ടിലേക്ക് വരും. എന്തിനാന്നറിയോ?”
“എന്തിനാ മാഷെ?”
“എന്റെ നാരായണി വെച്ച ചോറ് തിന്നാൻ; അവള് വെച്ചത് തിന്നാലെ എന്റെ വെശപ്പ് മാറുകയുള്ളു, അവള് തന്ന വെള്ളം കുടിച്ചാലേ എന്റെ ദാഹം തീരുകയുള്ളു,, അവളുടെ മടിയിൽ കിടന്ന് ഒരിറ്റ് വെള്ളം കുടിച്ചിട്ട്‌വേണം എനിക്ക് ചാവാൻ എന്നിട്ടിപ്പം,,, അവൾ,,”
മാസ്റ്ററുടെ തൊണ്ടയിടറി, വാക്കുകൾ ഇടക്ക് മുറിയാൻ തുടങ്ങിയപ്പോൾ കണ്ടും കേട്ടും നിൽക്കുന്നവരെല്ലാം കരച്ചിലിന്റെ വക്കിലെത്തി,
“അതിനിപ്പം അത്രക്കെന്താണ് മാഷെ, ടീച്ചറ് ചെയ്തത്?”
“മക്കളും കൊച്ചുമക്കളുമായി കഴിയുന്ന ചാക്കൊമാഷിന് അങ്ങനെയൊക്കെ പറയാം. ഇവിടെ ഞാനും അവളും മാത്രമാ ഉള്ളത്, എന്നിട്ട് എന്റെ അടുക്കളയിൽ‌നിന്ന് ഉണ്ടാക്കിയ പാല്പായസം എനിക്ക് തരാതിരുന്നാൽ? നിങ്ങളാരെങ്കിലും ആണെങ്കിൽ സഹിക്കുമോ?”
“അങ്ങനെയാണെങ്കിൽ അത് ശരിയല്ലല്ലൊ. മാ‍ഷ് എഴുന്നേറ്റ് നടക്കുന്ന കാലത്ത് ഇങ്ങനെ ചെയ്യുന്നു,, ഇനിയങ്ങോട്ട് വയ്യാതായാൽ,,,”
“ങെ,, അത്,,,”
“മാഷ് പറഞ്ഞത് ശരിതന്നെയാണോ?”
റിട്ടയേർഡ് സുപ്രണ്ട് ബാലുവിന് സംശയം തീരുന്നില്ല.
“ഞാനെന്റെ രണ്ട് കണ്ണും‌കൊണ്ട് കണ്ടതാണ്, ഇന്ന് രാവിലെ കൃത്യം പതിനൊന്നെ മുപ്പത്തിഅഞ്ചിന് അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഉരുളിനിറയെ വെള്ളനിറത്തിൽ പാല്പായസം; ചൂടുള്ള പായസം അടച്ചുവെക്കാത്തതിനാൽ ആവി പൊങ്ങുന്നത് ദൂരേന്ന് കണ്ടു. പിന്നെ?,,,”
“പിന്നെ എന്തുണ്ടായി?,,,”
“പിന്നെ, ഉച്ചക്ക് ചോറ് വിളമ്പിയപ്പോൾ പായസം‌മാത്രം വിളമ്പിയില്ല. എനിക്ക് പാല്പായസം പെരുത്ത് ഇഷ്ടമാണെന്ന് അവൾക്കറിയാം, എന്നിട്ടും അടുക്കളയിലുള്ള പായസത്തിന്റെ കാര്യം അവളെന്നോട് മിണ്ടിയതേയില്ല”
“മാഷിനെന്താ ടീച്ചറോട് ചോദിച്ചു വാങ്ങിക്കൂടെ?”
“ബാലുന്റെ മോൻ വക്കീലായതുകൊണ്ടാണ് തനിക്കിങ്ങനെ സംശയം, അവളോട് ഞാൻ ചോദിക്കാനോ? ഉച്ചക്കുശേഷം നോക്കിയപ്പൊ ഉരുളി കഴുകിയിട്ട് കിണറ്റിൻ‌കരയിൽ വെയിലത്ത് ഉണക്കാൻ വെച്ചിരിക്കുന്നു!”
“അപ്പോൾ പായസം?”
“അതാണ് ഞാനും ചോദിക്കുന്നത്,,, പായസം എനിക്ക് തരാതെ, ചിലപ്പോൾ അവളുടെ ആങ്ങളയുടെ വീട്ടിലേക്ക് കൊടുത്തയച്ചിരിക്കും”
“എന്നാലും ടീച്ചറിങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല”
“എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു, സാധാരണ കുടിക്കുന്ന ചായപോലും കുടിക്കാതെ ഞാനാ വീട്ടിന്ന് ഇറങ്ങി”
“എന്നാലും ഇത് കൊറേ കടുപ്പമാണല്ലൊ, ഒരു ഉരുളിയും പാല്പായസവും”
കൂട്ടത്തിൽ കുട്ടിയായ ഓഫീസ്‌സഹായി അജിത്ത് പറഞ്ഞത് അല്പം ഉച്ചത്തിലായിരുന്നു.

‘ഒരുളിയും പാല്പായസവും’
നാരായണൻ മാസ്റ്ററുടെ ചിന്തകൾ ഉരുളിക്ക് ചുറ്റും കറങ്ങാൻ തുടങ്ങി,
                         സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസം ആരംഭിക്കാൻ നേരത്ത് ഭാര്യയോടൊത്ത് പട്ടണത്തിലെ കടയിൽ‌ പോയത് ചെമ്പ്‌പാത്രം വാങ്ങാനായിരുന്നു. കടയുടമസ്ഥനായ പൂർവ്വശിഷ്യൻ പാത്രങ്ങളോരോന്നായി മുന്നിൽ നിരത്തിയപ്പോൾ അക്കൂട്ടത്തിൽ ഒരു ‘ഓട്ടുരുളി’ അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ രണ്ട്‌പേരും ഒരുമിച്ച്‌ ഇഷ്ടപ്പെട്ട് വാങ്ങിയതാണ് സ്വർണ്ണനിറമുള്ള ഉരുളി. ഗൃഹപ്രവേശന സമയത്ത് സഹപ്രവർത്തകർക്ക്, ഓട്ടുരുളിയിൽ ആദ്യമായി ഉണ്ടാക്കിയ പാല്പായസം വിളമ്പിയപ്പോൾ സ്വന്തം സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്,
“നാരായണി ടീച്ചറെ, ഈ ഉരുളിയിൽ പാല്പായസം മാത്രമെ വെക്കാവു,, എന്നിട്ട് പായസം ആദ്യമായി മാഷിന് കൊടുക്കണം; പിന്നീട് രണ്ടുപേരും ഒന്നിച്ച് കഴിക്കണം. ഈ ഉരുളി നിങ്ങളുടെ വീടിന് ഐശ്വര്യമാണ്”
                          പിന്നീട് പെൻഷനാവുന്ന ദിവസവും അതേ ഉരുളിയിൽ പായസം വെച്ച് കൂട്ടുകാർക്ക് വിളമ്പി. ഓണം വിഷു പിറന്നാൾ തുടങ്ങി എല്ലാ ആഘോഷവേളകളിലും ഓട്ടുരുളിയിൽ പാല്പായസം വെക്കുമായിരുന്നു. ‘നാരായണിയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന പായസം കുടിക്കാൻ ഭാഗ്യമുള്ളതുകൊണ്ടാണ് പ്രഷർ, ഷുഗർ, കോളസ്ട്രോൾ തുടങ്ങിയവയൊന്നും തനിക്ക് വരാത്തത്’, എന്ന് അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.  ആ ഉരുളിയിൽ വെച്ച പാല്പായസം ഭാര്യ ആദ്യം വിളമ്പുന്നത് എപ്പോഴും സ്വന്തം ഭർത്താവിന് ആയിരുന്നു. എന്നാൽ ഇന്ന്??
ഇന്ന്‌മാത്രം ആ പതിവ് തെറ്റിയിരിക്കയാണ്.

“മാഷെ ഇനിയെന്താണ് ചെയ്യ? എല്ലാരും കൂടി ഒരു വഴി കണ്ടുപിടിക്ക്”
കൂട്ടത്തിൽ പ്രായം‌ചെന്ന തൊണ്ണൂറ് കഴിഞ്ഞ ശങ്കരേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. ഒടുവിൽ ദാമോദരൻ നായർ മൌനം ഭേദിച്ചു,
“പാല്പായസം വീട്ടിൽ വെക്കുക, അതിലൊരു തുള്ളിപോലും ഭർത്താവിന് കൊടുക്കാതിരിക്കുക’, ഉത്തമയായ ഭാര്യക്ക് ചേർന്നതാണോ? ഇങ്ങനെയുള്ളവൾ എന്തെല്ലാം കള്ളത്തരങ്ങൾ കാണിച്ചിരിക്കും? അതും ഒരു ടീച്ചർ!”
“ഞാനിനി വീട്ടിലേക്ക് പോകുന്നതേയില്ല”
 നാരായണൻ മാസ്റ്റർ ആവർത്തിച്ച് പറയുകയാണ്,
“അതിന് മാഷിന്റെ പേരിലല്ലെ വീട്?”
“അതെ”
“അപ്പോൾ മാഷ് വീട്ടിൽ പോകാതിരുന്നാൽ എങ്ങനെ ശരിയാവും? മാഷവിടെ നിൽക്കണം, ടീച്ചറെ പൊറത്താക്കണം”
“അവളെ പൊറത്താക്കിയാൽ നേരെ ആങ്ങളയുടെ വീട്ടിൽ പോകും”
“അപ്പോൾ ടീച്ചർക്കും പെൻഷനുള്ളതുകൊണ്ട് എല്ലാം എളുപ്പമായി”
“എന്നിട്ട് എനിക്ക് ചോറും കറിയും വെച്ച്‌തരാൻ നിങ്ങള് വരുമോ?”
“അതിനല്ലെ ഹോം‌നേഴ്സ്,, മാഷിന് പെൻഷനില്ലെ? ഇങ്ങനെയുള്ള ഭാര്യക്ക് പകരം ഹോംനേഴ്സിനെ വെച്ചാൽ മതി”
“ഇപ്പം ഹോംനേഴ്സുമാരെയൊന്നും വിശ്വസിക്കാൻ കൊള്ളൂല, ഉറങ്ങുമ്പോൾ കഴുത്തിന് കത്തിവെച്ചാലോ?
ദാമോദരൻ നായർക്ക് എല്ലാവരെയും സംശയമാണ്. അദ്ദേഹം തുടർന്നു,
“ഏതായാലും നാരായണൻ മാസ്റ്റർക്ക് ഇനി നാരായണി ടിച്ചറോടൊപ്പം ജീവിക്കാനാവില്ല, അല്ലെ?”
“ഇനി അവളുടെ കൂടെ ജീവിക്കുന്ന പ്രശ്നമില്ല”
“ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ജീവിക്കാൻ പ്രയാസം ഉണ്ട്. പിന്നെ പ്രായമായാൽ പരിചരിക്കാൻ ഒരാള് വേണം. അതിന്,,,”
പെട്ടെന്നാണ് ഒരു ഓട്ടോ ഗെയ്റ്റ് കടന്ന് വന്നത്; മുറ്റത്ത് വന്ന് നിർത്തിയ ഓട്ടോയിൽ നിന്ന് വെളിയിലിറങ്ങിയ ആളെകണ്ടപ്പോൾ എല്ലാവരും ഒന്നിച്ച് ആശ്ചര്യപ്പെട്ടു,,
നാരായണി ടീച്ചർ!!!
ഡ്രൈവറോട് അല്പസമയം അവിടെ കാത്തിരിക്കാൻ പറഞ്ഞതിനുശേഷം ടീച്ചർ അകത്തെക്ക് നോക്കി വിളിച്ചു,
“അജിത്തെ, ആ ഓട്ടോയിലുള്ള സാധനം ഇങ്ങ് വെളിയിലെടുത്തെ”
വയോജനങ്ങളെ ഒതുക്കിമാറ്റിയിട്ട് മുറ്റത്തിറങ്ങിയ അജിത്ത് ഓട്ടോയുടെ ഉള്ളിൽ‌നിന്നും ഒരു വലിയ പാത്രം പുറത്തെടുത്ത് വരാന്തയിൽ വെച്ചു,,
അതൊരു ഓട്ടുരുളി ആയിരുന്നു,,

വയോജനവിശ്രമകേന്ദ്രത്തിന്റെ പടികൾ കയറുന്നതിനിടയിൽ നാരായണി ടീച്ചർ പറഞ്ഞു,
“ഈ അജിത്ത് ഫോൺ ചെയ്തിട്ടാ ഞാൻ വന്നത്. ഓട്ടുരുളിയിൽ പാല്പായസം വെച്ച് ഞാനൊറ്റക്ക് മൂക്കറ്റം കുടിച്ചെന്നല്ലെ ഇങ്ങേര് പറഞ്ഞത്! ആ പാല്പായസം മൊത്തമായി ഞാനിങ്ങ് കൊണ്ടുവന്നിട്ടുണ്ട്, എല്ലാരും‌കൂടി ഇവിടെ വട്ടമിട്ടിരുന്ന് കോരി കുടിക്ക്”
ഉരുളിയുടെ മൂടി മാറ്റിയപ്പോൾ അവർക്ക് മുന്നിൽ വെള്ളനിറത്തിൽ കാണപ്പെട്ടത്,, പാല്പായസം തന്നെയല്ലെ?
പിന്നെയോ?
നല്ല കഞ്ഞിവെള്ളം!
നാരായണിടിച്ചർക്ക് കരച്ചിൽ വന്നു, അവർ പ്രയാസപ്പെട്ട് പറയാൻ തുടങ്ങി,
“ഇതിനാണ് ഇങ്ങേര് വീട്ടിന്ന് ഇറങ്ങിപോയത്,,, കഞ്ഞിവാർത്തപ്പോഴുള്ള കൊഴുത്ത കാടിവെള്ളം അടുത്തവീട്ടിലെ പശുവിന് കൊടുക്കാനായി മാറ്റിവെച്ചത്, കഞ്ഞിക്കലത്തിന് പകരം ഈ ഉരുളിയിലായിരുന്നു. ദൂരേന്ന് നോക്കിയപ്പോൾ മാഷിനിത് പാല്പായസമായി മാറി. അതുകൊണ്ട് പശുവിന് കൊടുക്കാൻ‌ ഒഴിച്ചുവെച്ചത് മൊത്തത്തിൽ ഞാനിങ്ങ് കൊണ്ടുവന്നിട്ടുണ്ട്. ഇനിയെല്ലാരും ചേർന്ന് ഇവിടെയിരുന്ന് കുടിക്ക്”
“എന്റെ നാരായണീ,,,,”
“എന്നാലും ഞാനൊറ്റക്ക് പായസം വെച്ച്‌കുടിച്ചൂന്ന് പറയാൻ തോന്നിയല്ലൊ”
കണ്ണുനീരിൽ കുതിർന്ന വാക്കുകൾ പൂർത്തിയാക്കാൻ നാരായണൻ മാസ്റ്റർ സമ്മതിച്ചില്ല.
“അത്‌പിന്നെ,,,”
വാചാലമായ മൌനത്തിന്റെ ആവരണം അണിഞ്ഞ് ആ ദമ്പതികൾ നടന്ന് നീങ്ങുമ്പോൾ ദാമോദരൻ നായർ ചോദിച്ചു,
“മാഷെ ഇനിയെങ്ങോട്ട്???”
“ഇനിയങ്ങോട്ട് എന്ത് പറഞ്ഞാലും നമ്മളൊന്നാണ്”
*************************************************************

5/26/12

അവകാശികൾ

                    കഴുത്തിൽ താലികെട്ടിയപ്പോൾ അവളുടെ പൊന്നിന്റെയും പണത്തിന്റെയും അവകാശം അയാൾക്ക് ലഭിച്ചു.    
                   മണിയറയിൽ‌വെച്ച് കന്യകാത്വം തകർത്തനേരത്ത് അവളുടെ ദേഹത്തിന്റെ അവകാശി അയാളായി മാറി.
                       പിറ്റേന്ന് അടുക്കളയിൽ‌കടന്ന് അവൾ ചോറും കറിയും വെച്ചപ്പോൾ അവളുടെ അദ്ധ്വാനത്തിനും വിയർപ്പിനും അവകാശം അയാൾ നേടിയെടുത്തു.
                        ഇടവേളകളിൽ അവൾ ചിന്തിക്കുകയും കവിതകൾ രചിക്കുകയും ചെയ്തെങ്കിലും അവളുടെ ചിന്തകൾക്കും സർഗ്ഗവാസനകൾക്കും അവകാശം അയാൾക്ക് മാത്രമായിരുന്നു.
                       അവൾ ചിരിക്കുകയും സന്തോഷിക്കുകയും പാട്ട്‌പാടുകയും ചെയ്യുന്നനേരത്ത് ആ ചിരിയും സന്തോഷവും അയാൾക്ക്‌വേണ്ടി മാത്രമായിരുന്നു.
                       അവളുടെ ആരോഗ്യവും സൌന്ദര്യവും അനുദിനം വർദ്ധിച്ചു; എല്ലാം അയാൾക്ക് വേണ്ടി മാത്രം.
..... 
പിന്നെ അവൾക്കായി എന്തുണ്ട്?
അവൾക്ക് അവകാശപ്പെടാൻ ഒത്തിരി സംഗതികൾ ഉണ്ട്; വിശപ്പ്, ദുഃഖം, വേദന, രോഗം, വാർദ്ധക്യം,,, അങ്ങനെ,,,
എല്ലാറ്റിനും അവകാശി അവൾ,,,,  
അവൾമാത്രം.

4/30/12

നഷ്ടസ്വപ്നങ്ങളുടെ മേളം


                       ചന്ദനനിറമുള്ള സാരിയുടുത്ത്, സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ കല്ല്യാണപ്പെണ്ണ് മുന്നിൽ വന്നപ്പോൾ മനസ്സിൽ വസന്തം വിരിഞ്ഞു. ഇതുപോലെ അണിഞ്ഞൊരുങ്ങി വധുവായ അനുഭവം സ്വന്തമായി ഇല്ലെങ്കിലും മറ്റുള്ളവരുടെ കല്ല്യാണവേഷം കാണുമ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമാണ്. ആഘോഷങ്ങൾക്ക് മുഖം തിരിഞ്ഞ് നിന്നാലും അവ നേരെ മുന്നിൽ കാണുന്നത് ദിവ്യമായ ഒരു അനുഭൂതി തന്നെയാണ്.

                       അപരിചിതയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണെങ്കിലും, സ്വന്തം മനസ്സ് നിയന്ത്രണത്തിൽ നിന്ന് കുതറി മാറി എങ്ങോട്ടോ ഓടുന്നതുപോലെ ഒരു തോന്നൽ. ഗീതുമോളുടെ നിർബന്ധത്തിനു വഴങ്ങിയിട്ട് ഇത്തിരി ശങ്കയോടെ ഓഡിറ്റോറിയത്തിനു മുന്നിൽ വന്നിറങ്ങി അകത്ത് പ്രവേശിക്കാൻ‌നേരത്ത്, അവളുടെ സുഹൃത്തും സഹപാഠിയും ആയ നവവധു തൊട്ടുമുന്നിൽ. ഗീതു പരിചയപ്പെടുത്തി,
“ഇത് എന്റെ വലിയമ്മ, അച്ചന്റെ പെങ്ങൾ”
“നമസ്‌തെ”
തന്റെ നേരെ കൂപ്പിയ ഇരുകൈകളും ഗ്രഹിച്ചുകൊണ്ട് വിവാഹവേദിയിൽ കയറാൻ പോകുന്നവളെ അനുഗ്രഹിച്ചു,
“ആശംസകൾ”
പെട്ടെന്നാണ് ഒരാൾ വന്ന് വധുവിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞത്,
“മോളെ നീയിവിടെ നിൽക്കുകയാണോ? ചെറുക്കന്റെ വീട്ടുകാരൊക്കെ വരാറായില്ലെ”
ഒരു നിമിഷം, ആകെ ഒരു ഞെട്ടൽ,,, ആ ശബ്ദം,,,,
വർഷങ്ങൾക്ക് ശേഷമാണെങ്കിലും ആ ശബ്ദവും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞു,
‘അത് അയാളല്ലെ?,, അയാൾ,,,’,,
അപ്പൊഴെക്കും നവവധു പരിചയപ്പെടുത്തി,
“ആന്റീ ഇതാണ് എന്റെ അച്ഛൻ, അച്ഛാ ഇത് എന്റെ ബസ്റ്റ് ഫ്രന്റ് ഗീതു. ഇത് അവളുടെ ആന്റി”
“വന്നതിൽ സന്തോഷം, വരു അകത്ത് കടന്നിരിക്കു,,”
“നമസ്‌തെ”
യാന്ത്രികമായി കൈകൂപ്പുന്നതിനിടയിൽ മനസ്സ് പതറി.
വർഷങ്ങൾക്ക് ശേഷം കാണുന്നത് അയാളുടെ മകളുടെ വിവാഹവേദിയിൽ,, അയാൾ തന്നെ തിരിച്ചറിഞ്ഞോ?

                    പെട്ടെന്ന് കണ്ണുകൾ പിൻ‌തിരിഞ്ഞെങ്കിലും മനസ്സ് നിയന്ത്രണം വിട്ട് എങ്ങോട്ടോ കുതിച്ചു പായുകയാണ്. ഗതകാലസ്മരണകളിൽ മുങ്ങിത്താഴുന്ന സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും വെറുതെയാവുന്നു, ജീവിതസായഹ്നത്തിൽ ആ മനുഷ്യനെ ഒരു നോക്ക് കാണാൻ വേണ്ടിയാണോ ഒരു നിയോഗം പോലെ ഇവിടെ എത്തിച്ചേർന്നത്???
ഒരുകാലത്ത് ഏത് തിരക്കിലും എനിക്കുനേരെ നീളുന്ന അദ്ദേഹത്തിന്റെ കണ്ണൂകൾ തന്നെ തിരിച്ചറിയാത്തതെന്തെ?
അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിച്ചതാണോ?
പരിചയപ്പെട്ട നിമിഷം മുതൽ,, ആ മനസ്സ് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്നിൽ നിന്നും അവഗണന ഏറ്റുവാങ്ങിയതുപോലെ,,,

“വലിയമ്മെ നമുക്ക് അകത്ത് കടന്നിരിക്കാം, ഇപ്പോൾ‌തന്നെ ആളുകൾ നിറഞ്ഞു”
ഗീതുമോൾ പറഞ്ഞപ്പോൾ അവളുടെ കൈപിടിച്ച്, വളരെ പ്രയാസപ്പെട്ട് പടികൾ കയറി അകത്തേക്ക് പ്രവേശിച്ചു. ആളുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും ഏറെ പിന്നിലല്ലാതെ ഇരിപ്പിടം കിട്ടി;
ചടങ്ങുകൾ നന്നായി കാണാം.
                       നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കിടയിലൂടെ താലത്തിൽ മാലകളുമായി വധു പതുക്കെ നടന്ന് പൂക്കൾ കൊണ്ട് അലങ്കരിക്കപ്പെട്ട സ്റ്റേജിലേക്ക് പ്രവേശിക്കുകയാണ്, ഒപ്പം മേളം മുറുകുന്നു.
സ്വന്തം മനസ്സിന്റെ ഉള്ളിലും ആരവങ്ങൾ ഉയരുകയാണ്; ഒരുകാലത്ത് സ്വപ്നംകണ്ട് പിന്നീട് മറവിയിലേക്ക് വലിച്ചെറിഞ്ഞ സുവർണ്ണ ദിനങ്ങളുടെ ആരവം.
അവിടെ ഒരു കോളേജ്‌കുമാരിയുടെ ഓർമ്മകൾ ചിറകടിച്ച് ഉയരുകയാണ്,
സ്വപ്നങ്ങൾ കൊണ്ട് തീർത്ത കണ്ണിരിൽ കുതിർന്ന വർണ്ണചിറകുകളുമായി അവൾ അനായാസം പ്രയാണം തുടരുകയാണ്.

പ്രൊഫഷനൽ കോളേജ്,,,
                     പഠിച്ചു പാസായി വെളിയിലിറങ്ങുമ്പോൾ ഉള്ളം കൈയിൽ തൊഴിൽ വെച്ച്‌തരാൻ പ്രാപ്തമായ സ്ഥാപനം. അതുകൊണ്ട്‌തന്നെ അമിതമായ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന സഹപാഠികൾ. പഠനം കഴിയുന്നതോടൊപ്പം തൊഴിലും വിവാഹവും ഉറപ്പാക്കുന്നവർ, കൂട്ടുകാരെതന്നെ ജീവിതപങ്കാളി ആക്കി മാറ്റുന്നവർ. അവർക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും വിളക്കിച്ചേർക്കാനായി പാട്‌പെടുന്ന തന്നെപ്പോലുള്ള ഏതാനും ചിലർ മാത്രം. മകൾക്ക് പഠനഭാരം വർദ്ധിക്കുമ്പോൾ രക്ഷിതാക്കൾക്ക് കടബാദ്ധ്യതയും വർദ്ധിക്കുന്ന അവസ്ഥ. ആർഭാടങ്ങളും ആഘോഷങ്ങളും കളിയും ചിരിയും തനിക്ക് വിധിക്കപ്പെട്ടതല്ലെന്ന് ചിന്തിച്ച്, സ്വയം നിർമ്മിതമായ ചിപ്പിക്കുള്ളിൽ ഒളിച്ചുകൂടുന്ന ദിനങ്ങൾ.

അതിനിടയിലാണ് തന്നെ ഉറ്റുനോക്കുന്ന കണ്ണുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
                       അതൊരു തിരിച്ചറിവ് ആയിരുന്നു, വരണ്ട ഭൂമിയിൽ പുതുമഴ പെയ്യുന്ന അനുഭവം,, ആഹ്ലാദം കൊണ്ട് ആലസ്യത്തിലമർന്ന മനസ്സുമായി ആ കണ്ണുകളുടെ ഉടമയെ ഒളിഞ്ഞ്‌നോക്കുന്നത് ഒരു പതിവാക്കി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വിചാരങ്ങൾ വികാരങ്ങൾക്ക് കടിഞ്ഞാണിട്ടു, ‘പാടില്ല; നിന്നെപ്പോലുള്ള ഒരു പെൺ‌കുട്ടിക്ക് പ്രേമം നിഷിദ്ധമാണ്. സ്വന്തം നില മനസ്സിലാക്കിയിട്ട് മനസ്സുകൊണ്ട് പോലും ഒരാളോട് താല്പര്യം പോലും തോന്നാൻ പാടില്ല, വീട്,, വീട്ടുകാർ,, അച്ഛൻ, അമ്മ, സഹോദരങ്ങൾ’.. എന്തിന് പ്രശ്നങ്ങൾ ഉണ്ടാക്കണം?
                         എന്നാലും ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ഉറച്ചുപോയ ആ നോട്ടം,,, അത് ആത്മാവിന്റെ ഭാഗമായിരുന്നു, ജീവൻ തളിരിടാനും പഠിച്ച് ഉയരാനും ഒരു പ്രചോദനം ആയിരുന്നു. രാത്രിയുടെ ഏകാന്തയാമങ്ങളിൽ സ്വപ്നങ്ങൾ കാണുന്നത് പതിവാക്കിയ പെൺകുട്ടി, ആ സ്വപ്നത്തിലെ നായകനുമൊത്ത് അനന്തമായ സാഗരനീലിമയിൽ സഞ്ചരിച്ച് അതിൽ ലയിച്ച് ഒന്നാവുന്ന നിമിഷങ്ങൾ ആവർത്തനവിരസതയില്ലാതെ ഓർക്കാൻ തുടങ്ങി. നേരിട്ട് സംസാരിക്കുന്ന നിമിഷങ്ങൾക്കായി ആ കണ്ണുകൾ കൊതിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറാനായിരുന്നു പരിശ്രമിച്ചത്. എന്നാൽ വാക്കുകളെക്കാൾ വാചാലമായിരുന്ന ആ കണ്ണുകൾ പറഞ്ഞ കഥകൾക്ക് അറ്റമുണ്ടായിരുന്നില്ല.  

                         ‘പുസ്തകമങ്ങിനെ തിന്നുമടുത്ത’ വിദ്യാർത്ഥികളിൽ പലരുടെയും തലയിൽ അല്പം വെളിച്ചം കടക്കുന്നത് അവസാനവർഷത്തെ പരീക്ഷക്ക് മുൻപുള്ള ഏതാനും മാസങ്ങളിലാണ്. മേളകളും പഠനയാത്രകളുടെ പേരിലുള്ള ഉല്ലാസ യാത്രകളും പൊടിപാറുന്ന നേരം.
                        സായാഹ്ന നേരങ്ങൾ ലൈബ്രറി ഹാളിൽ ചെലവഴിച്ചുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും അയാൾ നോക്കുന്നുണ്ടാവും. അത് കാണാത്തമട്ടിൽ പുസ്തകത്തിൽ തല താഴ്ത്തിയാലും ഒരക്ഷരം‌പോലും വായിക്കാനാവില്ല. അങ്ങനെ ഒരു ദിവസം ലൈബ്രറിയിൽ നിന്ന് വെളിയിലേക്കിറങ്ങിയപ്പോൾ അയാൾ. പുറത്തിറങ്ങാൻ നേരത്ത് എന്തോ പറയാൻ കാത്ത് നിൽക്കുകയാണെന്ന് തോന്നി. അടുത്തെത്തിയപ്പോൾ പറഞ്ഞു,
“നമുക്ക് നടക്കാം”
“എങ്ങോട്ട്?”
“ബസ്‌സ്റ്റോപ്പ് വരെ ഒന്നിച്ച് നടക്കാം”
“എന്തിന്?”
“എനിക്ക് അല്പം സംസാരിക്കാനുണ്ട്”
മനസ്സിന്റെ ഉള്ളിൽ എന്തൊക്കെയോ സുന്ദരകുസുമങ്ങൾ വിടർന്നു. എന്നാൽ തൊട്ടടുത്ത നിമിഷം അതെല്ലാം കൂമ്പിത്താണു,
“ഓ, എനിക്ക് ഒരു റഫറൻസ് ബുക്ക് കൂടി എടുക്കാനുണ്ട്, ഞാൻ കുറച്ച് വൈകും”
                         പുറത്തേക്കിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടക്കാൻ തുനിഞ്ഞ പെൺ‌കുട്ടി തിരികെ ലൈബ്രറിയിൽ കടക്കുന്നതുകണ്ട് നിരാശയിൽ മുങ്ങിയ അയാൾ തന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. പകരം മനസ്സ് മന്ത്രിച്ചു, ‘പാടില്ല, നിനക്കതൊന്നും വിധിച്ചിട്ടില്ല. മറ്റുള്ളവരെല്ലാം പണംകൊണ്ട് കളിക്കുന്നവരാണ്, അതുപോലെയാണോ നീ’
അടുക്കുന്നവരോടെല്ലാം അകലം പാലിക്കാൻ വളരെയധികം പരിശ്രമിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചു, എന്നാൽ ആ ദിവസം എല്ലാ കണക്കുകൂട്ടലുകളും തെറ്റി.
അര മണിക്കൂറിനു ശേഷം ലൈബ്രറിയിൽ നിന്ന് വെളിയിലിറങ്ങിയപ്പോഴും ആ ചെറുപ്പക്കാരൻ കാത്തിരിക്കുന്നത് കണ്ട് ഞെട്ടി, ഒപ്പം സ്വയമറിയാതെ ഒരു വാക്ക് വെളിയിൽ വന്നു,
“അല്ല, ഇനിയും പോയില്ലെ?”
“എനിക്ക് കാണാതെ പോകാനാവില്ല”
                      ആ വാക്കുകൾ ലോകം കീഴടക്കിയ ഒരാളുടെത് ആയിരുന്നു; ആ നോട്ടത്തിൽ, ആ വാക്കിൽ അലിഞ്ഞില്ലാതായ നിമിഷം. മനസ്സ് തുറന്ന് സംസാരിക്കാനും വേദനകൾ പറഞ്ഞ് ആശ്വാസം കണ്ടെത്താനും ഒരാളെ കണ്ടെത്തിയ നിർവൃതി.
സ്വന്തം ജീവിതത്തിന് താളവും രാഗവും കൈവരിച്ച് ഉന്നതങ്ങളായ സ്വപ്നങ്ങൾ കാണുന്ന ദിനങ്ങൾ. ഭാവിജീവിതത്തിൽ താങ്ങും തണലും ആയി മാറും എന്ന് ഉറപ്പ് നൽകിയ ദിനങ്ങൾ.
                             ഒടുവിൽ ഒട്ടനവധി മോഹങ്ങൾ‌നെയ്ത് പിരിയാൻ നേരത്ത് അവശേഷിച്ചത് ഏതാനും വാക്കുകളും എഴുത്തുകളും മാത്രം,,, അതിലൊരു വാക്ക്,,
‘ഞാൻ വരും, കാത്തിരിക്കണം’.
കാത്തിരുന്നു,,,, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരിപ്പ് തുടർന്നു; ജോലി കിട്ടി ഉയരങ്ങൾ തേടി അലഞ്ഞ് കുടുംബം പച്ചപിടിച്ച് എല്ലാബാദ്ധ്യതകളും തീർത്ത് കാത്തിരുന്നു. ഒടുവിൽ വിധിച്ചത് കാത്തിരിപ്പ് മാത്രം, എല്ലാം സ്വപ്നങ്ങളായി അവശേഷിച്ചു. ഉണരുമ്പോൾ അപ്രത്യക്ഷമാവുന്ന സുന്ദരസ്വപ്നങ്ങൾ,,, എല്ലാം ചേർന്ന് ഒരു ചോദ്യചിഹ്നമായി മാറുകയാണ്,
‘ഇത്രയും കാലം നീ ആരെയാണ് കാത്തിരുന്നത്?
ഓർത്ത്‌ചിന്തിക്കാൻ സ്വപ്നങ്ങൾ തന്നിട്ട് നിന്നെ ചതിച്ചതാണോ?
ജീവിതപ്രശ്നങ്ങൾക്കിടയിൽ അയാൾ ഒഴിഞ്ഞുമാറിയതാണോ?
നിനക്ക് സ്വന്തമായി ഒരു ജീവിതം വേണ്ടെ?’

“വലിയമ്മെ ഇതെന്താ ഉറക്കമാണോ?”
ഗീതുവിന്റെ വിളികേട്ടപ്പോൾ പരിസരബോധം വന്നു. സ്റ്റേജിൽ ഉയരുന്ന നാദസ്വരമേളം താലികെട്ട് നടക്കുകയാണെന്ന് വിളിച്ചോതുകയാണ്. അതിനുശേഷം പിതാവ് പുത്രിയുടെ കരം ഗ്രഹിച്ച് ഭർത്താവിനെ ഏല്പിച്ചു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ കൺകുളിർക്കെ കണ്ടു.
ആ നേരത്ത് വെറുതെയൊന്ന് ചിന്തിക്കാൻ തോന്നി,
‘തന്റെ മകളായി ജനിക്കേണ്ടവളുടെ വിവാഹമല്ലെ സദസ്യർക്കിടയിലിരുന്ന് ഇത്രയും നേരം കണ്ടത്. സ്നേഹിക്കുന്നവർക്ക് വേണ്ടി ആശംസകൾ നേരാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയല്ലെ’
ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു, വധൂവരന്മാരെ അനുഗ്രഹിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്യുകയാണ്. ആ നേരത്ത് ആളുകൾ ഒന്നും രണ്ടുമായി എഴുന്നേറ്റ് വെളിയിലേക്ക് പോകുന്നത് കണ്ട് ഗീതുമോൾ പറഞ്ഞു,
“വലിയമ്മെ തിരക്കാവുന്നതിന് മുൻപ്‌തന്നെ നമുക്ക് ഭക്ഷണം കഴിക്കാം”
അവളുടെ കൈ പിടിച്ചെഴുന്നേറ്റ് മുന്നോട്ട് നടക്കുന്നതിനിടയിൽ സ്റ്റേജിലേക്ക് നോക്കി. അവിടെ പെണ്ണിന്റെ അച്ഛനും അമ്മയും ഇരുവശത്തും നിന്ന് ഫോട്ടോ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു, സുന്ദരിയായ ഒരു യുവതി. 
വെളിയിലിറങ്ങാൻ തുടങ്ങിയ കാൽ പിന്നോട്ട് വെച്ച് ഗീതുമോളോട് പറഞ്ഞു,
“ഗീതു, എനിക്ക് സ്റ്റേജിൽ കയറിയിട്ട് അവരെയൊന്ന് അനുഗ്രഹിക്കണം”
അവിശ്വസനീയമായ നോട്ടം എറിഞ്ഞുതന്ന് അവൾ പറഞ്ഞു,
“വലിയമ്മക്ക് സ്റ്റെപ്പ് കയറാൻ കഴിയുമോ? കാല് വേദന വരില്ലെ?”
“ഈ പടികൾ കയറാതിരിക്കാൻ വയ്യ, എനിക്ക് കയറിയേ പറ്റൂ”
വലിയമ്മയുടെ ഭാവമാറ്റത്തിൽ ആശ്ചര്യപ്പെട്ട് നിൽക്കുന്ന അവളുടെ കൈയും പിടിച്ച് സ്റ്റേജിന് നേരെ നടക്കുമ്പോൾ മനസ്സിൽ മന്ത്രിച്ചു,
‘ഇത് സ്വന്തം മകളുടെ വിവാഹമാണ്; അതുകൊണ്ടല്ലെ, അതിഥിയായെങ്കിലും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത്’
***********************************************