“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/9/12

ആറടി ഏഴിഞ്ച് ഉയരമുള്ള വേലക്കാരി


                         ഡ്യൂട്ടികഴിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കോൺ‌സ്റ്റബിൾ രാജീവന്റെ മനസ്സിൽ പെട്ടെന്നൊരു ചിന്തയുണർന്നു,
‘ഇനിമുതൽ രാത്രിഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചാലോ?’
രണ്ട് നേരത്തെ ഭക്ഷണവും ഹോട്ടലിൽ‌ നിന്നായാൽ തന്റെ ഭാര്യ സുധാകുമാരി വളരെയധികം സന്തോഷിക്കുമെന്ന് അദ്ദേഹത്തിനറിയാം. ചിലപ്പോൾ അവൾ പറഞ്ഞേക്കാം;
‘ചേട്ടൻ വരുമ്പോൾ എനിക്കും മക്കൾക്കും ഓരോ പാഴ്സൽകൂടി വാങ്ങിയാൽ നന്നായിരിക്കും’

                          വിവാഹം കഴിഞ്ഞ് രണ്ട് മക്കളായതിനുശേഷമാണ് പുതിയ വീട്ടിൽ താമസമാക്കിയത്. അങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ട്‌വർഷം വരെ ഒരു പ്രശ്നവും ഇല്ലാത്ത രാജീവൻ പോലീസിന്റെ വീട്ടിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്നത് അടുത്ത കാലത്താണ്, ശരിക്ക് പറഞ്ഞാൽ രണ്ട് മാസം മുൻപ്;
ഒരു വീടിന്റെ അതിപ്രധാന ഭാഗം ഏതാണ്?
‘അടുക്കള’,,,
പുതിയ വീട് നിർമ്മിക്കുമ്പോഴും താമസം ആരംഭിച്ചപ്പോഴും വീടിന്റെ അതിപ്രധാന ഭാഗമായ അടുക്കള ഒരു പ്രശ്നമായിരുന്നില്ല. അന്നെല്ലാം അടുക്കളയുടെ ഭാഗമായി തന്നെയും കുടുംബത്തെയും അറിഞ്ഞുകൊണ്ട് ഭക്ഷണം തയ്യാറാക്കുന്ന വേലക്കാരി, ‘ജാനു’ ഒപ്പം ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ അതേ വീട്ടിലെ അടുക്കളയിൽ ഇഷ്ടം‌പൊലെ ഭക്ഷണം ഉണ്ടെങ്കിലും പട്ടിണികിടക്കേണ്ടി വരുന്ന ഗതികേടിലാണ്. ജീവിതത്തിന്റെ താളം തെറ്റുന്നതോടൊപ്പം പട്ടിണി അറിയാനും തുടങ്ങിയത്, രണ്ട്‌മാസം‌മുൻപ് ജാനുവിന്റെ വിവാഹത്തോടെയാണ്. അൻപത് വയസ്സായ ജാനകിയേച്ചി ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിച്ച് അയാളോടൊപ്പം ചെന്നൈയിലേക്ക് വണ്ടി കയറുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.

                            ജാനു, തന്റെ സ്വന്തം ജാനകിയേച്ചി; അച്ഛന്റെ അകന്ന ബന്ധുവാണ്. ആണിന്റെ മിടുക്കും ശക്തിയും ശരീരവലിപ്പവും ഉള്ള അവരെ കുട്ടിക്കാലം മുതൽ തറവാട് വീട്ടിൽ കാണാറുള്ളതാണ്. ‘ഇപ്പോൾ പോലീസാണെങ്കിലും രാജീവനെയൊക്കെ ഞാൻ എടുത്ത് കളിപ്പിച്ചിട്ടുണ്ട്’ എന്ന് അഭിമാനത്തോടെ അവർ പലപ്പോഴും പറയാറുണ്ട്. സ്വന്തം വീട്ടിലെ പട്ടിണിയും അവഗണനയും കാരണം ബന്ധുവീട്ടിലെ വേലക്കാരി ആവേണ്ടി വന്നതിലുള്ള പ്രയാസം ഒരിക്കലും അവർ പ്രകടമാക്കിയിരുന്നില്ല. പിന്നെ മാസാമാസം കണക്ക് പറഞ്ഞ് ‘ശമ്പളം’ വാങ്ങുമ്പോൾ അവർ ശരിക്കും ഒരു തൊഴിലാളി ആയി മാറും.

                            രണ്ട് വർഷം മുൻപ്, രാജീവൻ പോലീസിന്റെ പുതിയ വീട് നിർമ്മാണവേളയിൽ തൊഴിലാളികളുടെ കൂടെ എന്നും ജാനകിയേച്ചി ഉണ്ടായിരുന്നു. സ്വന്തം വീട് നിർമ്മിക്കുന്ന ഒരു വീട്ടമ്മയെപോലെ പെരുമാറുന്ന അവരെ തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. വീടിന്റെ ഓരോ മുറിയും നിർമ്മിക്കുന്നതിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്തിയാൽ തിരുത്താൻ അവരുണ്ടാവും. ഒടുവിൽ ഗൃഹപ്രവേശനം നടന്ന് പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ ഒപ്പം വേലക്കാരിയായി ജാനകിയേച്ചിയും വന്നു. വീട്ടമ്മയായ സുധക്ക് ടീവി കാണാനും വിരുന്ന് പോകാനും ചുറ്റിയടിക്കാനും മക്കളെ ഹോം‌വർക്ക് ചെയ്യിക്കാനും സമയം ലഭിച്ചത് അടുക്കളയിൽ ജാനു ഉള്ളത്‌കൊണ്ട് മാത്രമായിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും ഭാര്യയെയും വീട്ടിലാക്കിയിട്ട് നൈറ്റ്‌ഡ്യൂട്ടിക്ക് സമാധാനത്തോടെ പോയത് ആണിന്റെ തന്റേടമുള്ള ജാനകിയേച്ചി വീട്ടിലുണ്ടെന്ന ധൈര്യത്തിലായിരുന്നു.

                            ജാനുവിന്റെ വിവാഹത്തോടെ തന്റെ വീട്ടിലെ അടുക്കളയുടെ താളം തെറ്റി. ഭക്ഷണം കഴിക്കാനുള്ള നേരം നോക്കി മാത്രം അടുക്കളയിൽ വരുന്നത് ശീലമാക്കിയ ഭാര്യക്ക് പാചകം ഒരു കഠിനകലയായി മാറിയപ്പോൾ അതിന് ബലിയാടായത് ഭർത്താവും മക്കളും തന്നെ. ഉപ്പ്, മുളക്, മല്ലി തുടങ്ങിയവയെല്ലാം ഏത് പാത്രത്തിലാണ് വെച്ചതെന്നോ, അവയെല്ലാം ഏതളവിൽ ചേർക്കണമെന്നോ അറിയാതെ അവൾ വെച്ച കറികൾ അടുക്കളപ്പുറത്തെ വാഴകൾക്ക് വളമായി മാറി.

                           എല്ലാം സഹിക്കാമെങ്കിലും ഏറ്റവും വലിയ പ്രശ്നം ഭാര്യ തിരിച്ചറിഞ്ഞത് അടുത്ത കാലത്തായിരുന്നു. അഞ്ചടിപോലും ഉയരമില്ലാത്ത സുധാകുമാരിക്ക് യോജിക്കാത്തതായിരുന്നു സ്വന്തം അടുക്കളയിലെ തട്ടുകളും അലമാരകളും. മേലനങ്ങി പണിയെടുക്കാത്തതിനാൽ ഉരുണ്ട്‌വീർത്ത അവൾക്ക്, തന്റെ കൈയ്യെത്തുന്നതിനെക്കാൾ ഉയരമുള്ള വർക്ക്‌ഏറിയ ഒരു തരത്തിലും യോജിക്കാത്തതാണെന്ന് ജാനു പോയതിനു ശേഷമാണ് മനസ്സിലായത്. വീട് നിർമ്മാണ സമയത്ത് ഒരു വിരുന്നുകാരിയെപ്പോലെ മാത്രം കടന്നുവന്ന വീട്ടമ്മ! രാജീവൻ പോലീസിന്റെ വീട്ടിലെ അടുക്കളയുടെ മൊത്തം സെറ്റിംഗ്സ്, ആറടിയിലേറെ ഉയരമുള്ള വേലക്കാരി ജാനുവിന് യോജിച്ചതാണല്ലൊ!

                        ബസ്സിൽ കയറി പിന്നിലെ സീറ്റിലിരുന്നപ്പോഴും ചിന്ത ഒരു വേലക്കാരിയെ കണ്ടെത്തുന്നതിനെ കുറിച്ചാണ്; അതും ആറടിയെങ്കിലും ഉയരമുള്ള സ്ത്രീ! എവിടെ കിട്ടും?’
                           പിസി ആയതിനാൽ കണ്ടക്റ്റർ കൈനീട്ടിയില്ല, സുഖയാത്ര. ബസ്സിലിരുന്ന് മുന്നിൽ കയറുന്ന സ്ത്രീകളിൽ ഉയരം കൂടിയവരുണ്ടോ എന്ന് നിരീക്ഷിക്കാൻ തുടങ്ങി; ഏതാനും ദിവസങ്ങളായി, അതൊരു പതിവാണ്.

                       ‘ആറടി ഉയരമുള്ള വേലക്കാരിയെ വേണമെന്ന്’ അറിഞ്ഞ സഹപ്രവർത്തകരെല്ലാം കളിയാക്കിയെങ്കിലും ചിലർ പോംവഴി പറഞ്ഞു, ‘അത്രയും ഉയരമുള്ളത് ആളെ വേണമെങ്കിൽ ആണുങ്ങളെ അന്വേഷിക്കുന്നതായിരിക്കും നല്ലത്’.
വേലക്കാരിക്ക് പകരം വേലക്കാരനോ? അത് പാടില്ല. ഹോം‌നേഴ്സിനെ സപ്ലൈ ചെയ്യുന്നവർ രണ്ട് തവണ ആളെ അയച്ചെങ്കിലും ഉയരക്കുറവ് കാരണം തിരിച്ചയച്ചു. 
ഒടുവിൽ ഒരു ദിവസം പത്രത്തിൽ പരസ്യം നൽകി,
“ആറടിയോ അതിൽ കൂടുതലോ ഉയരമുള്ള വേലക്കാരിയെ ആവശ്യമുണ്ട്”
പ്രതികരണം വളരെ കുറവായിരുന്നു, അഞ്ചരഅടി ഉയരം ഉണ്ട്. അരയടി ഉയരമുള്ള ചെരിപ്പിട്ടാൽ പോരെ’ എന്നാണ് ചിലർ ചോദിച്ചത്.
                         ഒരു ജാനുവിനെ ആശ്രയിച്ചതുകൊണ്ടല്ലെ ഇങ്ങനെയൊരു അബദ്ധം പറ്റിയത്? വീട് നിർമ്മിക്കുന്ന നേരത്ത് ശ്രദ്ധിക്കാത്ത ഭാര്യകാരണം വേലക്കാരിയാണ് വീട്ടുകാരിയുടെ സ്ഥാനത്ത് കയറിയിരുന്നത്. ‘ഒരു വീട്ടമ്മ വീട് ശ്രദ്ധിക്കാതെ വേലക്കാരിക്ക് വിട്ടുകൊടുത്താൽ, വേലക്കാരി ആ വീട്ടിലെ വീട്ടമ്മയായി മാറും’. തന്റെ വീട്ടിൽ വേലക്കാരി അവളുടെ ഉയരത്തിനൊത്ത് വീടും അടുക്കളയും അതിലെ വർക്ക് ഏറിയകളും സെറ്റ് ചെയ്തിരിക്കുന്നു!!!
സ്വന്തം വീടിനോട് അടുക്കുന്തോറും രാജീവന് ദേഷ്യം വർദ്ധിക്കുകയാണ്,,,

                           കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ഭാര്യയുടെ മുഖത്ത് അതിയായ സന്തോഷം. ഒന്നാം തരത്തിൽ പഠിക്കുന്ന മകൻ ഓടിവന്ന് സ്ക്കൂൾ വിശേഷങ്ങൾ പറയുമ്പോൾ മകൾ മുന്നിൽകയറി എൽ.കെ.ജി വിശേഷങ്ങൾ അവളുടെ ഭാഷയിൽ പറയുകയാണ്. ദിവസങ്ങൾക്ക് ശേഷമുള്ള സുധയുടെ സന്തോഷം കണ്ടപ്പോൾ ചോദിച്ചത് പതിവ് കാര്യം തന്നെ,
“അടുക്കളയിൽ ആരെയെങ്കിലും കിട്ടിയോ? നിനക്കൊരു സന്തോഷം ഉണ്ടല്ലൊ”
“കിട്ടി”
മനസ്സൊന്ന് തണുത്തു, ഒരു മാസമായി കൊതിച്ച സൌഭാഗ്യം,
“എങ്ങനെയുണ്ട്? ഉയരമുള്ളതാണോ?”
“നമ്മുടെ ജാനകിയേച്ചിയെക്കാൾ ഉയരമുണ്ട്, ആറടി ഏഴിഞ്ച്; ബാലൻ‌മാമന്റെ മകൻ കൂട്ടിവന്നതാ, എടി സീതമ്മെ ഇങ്ങോട്ട് വാ‍”
ബാലൻ മാമന്റെ മകൻ നീണാൾ വാഴട്ടെ, ‘ഹൊ, ഇന്നുമുതൽ മര്യാദക്ക് വല്ലതും തിന്നാമല്ലൊ’;
“വല്ലാത്ത നാണക്കാരിയാ, എന്നോട് ആദ്യമേ പറഞ്ഞിരുന്നു, ‘ആണുങ്ങളുടെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും തീരെ ശീലമില്ലെന്ന്”
വാതിലിന്റെ പിന്നിൽ നിൽക്കുന്ന വേലക്കാരിയെ ഭാര്യ പിടിച്ചുവലിച്ച് മുന്നിൽ നിർത്തിയിട്ടും അവൾ ഗൃഹനാഥന്റെ മുഖത്ത് നോക്കുന്നതേയില്ല,
എന്തൊരു നാണം!
അവളെ മൊത്തത്തിൽ നിരീക്ഷിച്ചു,,,
‘ഇത് എവിടെയോ കണ്ടുമറന്ന മുഖമാണല്ലൊ?,, ഇടത് ചെവിക്ക് സമീപം കവിളിൽ കാണപ്പെട്ട ആ കറുത്തമറുക്,,,, ഏതാനും ദിവസം മുൻപ് കണ്ടിരുന്നല്ലൊ’,,,
പെട്ടെന്ന് ഉള്ളിൽ ആകെയൊരു ഞെട്ടൽ,,, ഇത്,, ഇത് അവളല്ലെ,,, എന്റെ ദൈവമേ?
ഒരുമാസം മുൻപ് നഗരത്തിലെ ഹോട്ടൽ റെയ്ഡ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവൾ!!! നഗരത്തിന്റെ ഇരുണ്ട മറവിൽ വിലപറഞ്ഞ് കച്ചവടം നടത്തുന്നവൾ!
ആറടിയിലേറെ ഉയരമുള്ള വേലക്കാരിയെ ലഭിച്ച സന്തോഷം സഹിക്കവയ്യാതെ ഭാര്യ നിർത്താതെ സംസാരിക്കുമ്പോൾ, ആറടിയെ എങ്ങനെ ഒഴിവാക്കണമെന്നോർത്ത് കോൺസ്റ്റബിൾ രാജീവൻ ചിന്താമഗ്നനായി.