“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/5/12

പിശാചുക്കൾ വാഴും ലോകത്ത്


                          മുലപ്പാൽ മണം മാറാത്ത മകളെ മാറോട് ചേർത്ത്‌പിടിച്ച്, നിലവിളിച്ചുകൊണ്ട് അവൾ ഓടുകയാണ്. തന്റെ പിന്നാലെ ഓടിവരുന്ന മരണത്തിന്റെ ദൂതനിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കണം; അതിന് അത്രയും നേരം അമ്മ ജീവിച്ചിരുന്നേ മതിയാവൂ,,, ഇടവഴിയിലൂടെ, കുറ്റിക്കാട്ടിലൂടെ, മൊട്ടക്കുന്നുകളിലൂടെ, വരണ്ട മരുഭൂമികളിലൂടെ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ, മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിലൂടെ, റെയിൽ‌പാളത്തിന്റെ ഓരങ്ങളിലൂടെ അവൾ സ്വന്തം കുഞ്ഞിനെ മാറോടണച്ച്‌കൊണ്ട് ഓടുകയാണ്. ഓട്ടത്തിനിടയിൽ അവളുടെ കാലുകൾ മുറിവേറ്റ് ചോര ഒഴുകുന്നുണ്ടെങ്കിലും അതൊന്നും അറിയുന്നതേയില്ല.  
                          ആക്രമിക്കാൻ വരുന്ന ഒറ്റക്കയ്യൻ പിശാചിൽ‌നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരിക്കെ പിന്നാലെ ഓടിവരുന്നവരുടെ സംഖ്യ വർദ്ധിക്കുകയാണ്. അവരെല്ലാം അവളെ അവഗണിച്ച് പിശാചിനെയാണ് സഹായിക്കുന്നത്. അവന് വിശപ്പകറ്റാൻ പെൺകുഞ്ഞിന്റെ മാംസം വേണം, ദാഹമകറ്റാൻ പെണ്ണിന്റെ ചോരവേണം. അത് അമ്മയായാലും പെങ്ങളായാലും മകളായാലും,,,
പെണ്ണായാൽ മതി.

                          ഒറ്റക്കയ്യന്റെ പിന്നാലെ ഓടുന്നവരെല്ലാം രണ്ട് കയ്യും രണ്ട് കണ്ണും രണ്ട് കാതും ഉള്ളവർ; അവരെല്ലാം അമ്മ പെറ്റ മക്കൾ. ലാഭക്കൊതിമൂത്ത പെണ്ണിനെ വെറും ചരക്കാക്കിമാറ്റിയ അവർ പിശാചിനെ സംരക്ഷിക്കാൻ ഒപ്പം കൂടിയവരാണ്. ആ ഓട്ടത്തിനിടയിൽ പിശാചിന് മുറിവുണ്ടായാൽ മരുന്ന്‌വെക്കാൻ, അവന് വിശപ്പും ദാഹവും ഉണ്ടെങ്കിൽ ഭക്ഷണം നൽകാൻ, അവന് വിയർക്കുമ്പോൾ കാറ്റുവീശി അവന്റെ ചൂടകറ്റാൻ, അവന്റെ ഊർജ്ജം കുറഞ്ഞാൽ ഉത്തേജകം കുത്തിവെക്കാൻ, അവന്റെ ചെയ്തികളിൽ നിയമക്കുരുക്ക് വീഴാതെ രക്ഷിക്കാൻ, അവൻ ചെയ്യുന്ന ഓരോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ട് വിറ്റ് പണമാക്കാൻ,,,,
ആക്രമണലക്ഷ്യവുമായി മുന്നേറുന്ന പിശാചിന് ശക്തിയും ഉത്തേജനവും ധൈര്യവും നൽകാൻ കൂടെയുള്ളവർ വിളിച്ച് പറയുന്നുണ്ട്,
“ഒറ്റക്കയ്യൻ പിശാചേ,
ലക്ഷം ലക്ഷം പിന്നാലെ,”

                         ഓട്ടത്തിനിടയിൽ അനന്തമായി നീണ്ടുപോകുന്ന റെയിൽ‌പ്പാളത്തിൽ കയറിയപ്പോൾ ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയ നേരത്ത് അകലെനിന്നും വരുന്ന തീവണ്ടിയുടെ കൂവൽ അവളിൽ കുളിർമഴ പെയ്യിച്ചു; ആശ്വാസത്തിന്റെ ജീവിതാന്ത്യത്തിന്റെ മധുരസ്വരം. അവളുടെ വേഗത കുറയുന്തോറും പിശാചിന്റെയും സഹായികളുടെയും വേഗത വർദ്ധിക്കുകയാണ്, അവർ ആവേശം‌മൂത്ത് വിളിച്ചുകൂവി,
“പിശാചെ വിടല്ല, പെട്ടെന്ന് പിടിച്ചോ”

                         തന്റെ അന്ത്യം അടുത്തെന്ന് തിരിച്ചറിഞ്ഞ അവൾ ഇത്രയും നേരം മാറോടണച്ച് ജീവന്റെ ഭാഗമായ മകളെ നോക്കിയ നിമിഷം ഞെട്ടി,
അമ്മയുടെ നിസ്സഹായത അറിഞ്ഞെന്നവണ്ണം ആ കുഞ്ഞ് കണ്ണടച്ച് അന്ത്യശ്വാസം വലിച്ച് വാടിയ താമരപൂവ് പോലെ മാറോട് പറ്റിച്ചേർന്ന് കിടക്കുകയാണ്. കുഞ്ഞുമോളുടെ മൂക്കിൽ നിന്ന് ചോരയും വായിൽ‌നിന്ന് നുരയും പതയും ഒഴുകുന്നത് നോക്കിയിരിക്കെ അവളുടെ കാൽ‌വിരലിൽ നിന്ന് ആരംഭിച്ച മരവിപ്പ് ദേഹം മുഴുവൻ സഞ്ചരിച്ച് തലയിൽ തളംകെട്ടി.
ഈ കുരുന്നുജീവനു വേണ്ടിയാണല്ലൊ ഇത്രയും നേരം ഓടിയത്,,
ഇനിയെന്തായാലെന്ത്?
അവൾ അമ്മയാണ്,
അമ്മ,,, മകളുടെ അമ്മ,,, 

                       ഓട്ടം നിർത്തിയ അവൾ തന്നെ സമീപിക്കുന്ന പിശാചിനെ തീഷ്ണമായി ഒന്ന് നോക്കിയതിനുശേഷം വലതുകൈകൊണ്ട് ഇടത്‌മുല പറിച്ചെടുത്ത് അവന്റ ഇടതുകണ്ണ് നോക്കി വലിച്ചെറിഞ്ഞു. ലക്ഷ്യസ്ഥാനത്ത് പതിച്ച ഏറിന്റെ ആഘാതത്തിൽ പൂമഴപോലെ ചിതറിയ ചോരയും മുലപ്പാലും പിന്നാലെ ഓടുന്നവരുടെയെല്ലാം കണ്ണിൽ പതിച്ചു. കണ്ണുണ്ടെങ്കിലും ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന പുരുഷന്മാരെനോക്കി ചോരയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന അവൾ അലറി,
“ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത പുരുഷവർഗ്ഗം ഇനിമുതൽ അന്ധന്മാരായി മാറട്ടെ”
മോചനത്തിന്റെ, മരണത്തിന്റെ,,, കാഹളവുമായി ഓടിയടുക്കുന്ന തീവണ്ടിയുടെ ഒച്ചയെക്കാൾ അവളുടെ ശബ്ദം ഉയർന്നപ്പോൾ പിന്നാലെ ഓടിയെത്തിയവർക്ക് മുന്നിൽ, ഇരുട്ടിന്റെ ലോകം തുറക്കുകയാണ്.