“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/25/12

ഓട്ടുരുളിയിലെ പാല്പായസം

മുന്നറിയിപ്പ്: വയോജനങ്ങൾക്കായി പാകം ചെയ്ത ‘ഓട്ടുരുളിയിലെ പാല്പായസം’ വയോജന ശബ്ദം മാസികയിൽ മെയ് മാസം വിളമ്പിയത്, ഇപ്പോൾ എന്റെ സ്വന്തമായ ‘മിനി കഥകളിൽ’ വിളമ്പുകയാണ്. രുചിച്ചുനോക്കുക,,,


ഓട്ടുരുളിയിലെ പാല്പായസം
“ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചുപോവുകയേ ഇല്ല,,,”
നാരായണൻ മാസ്റ്റർ പറയുന്നത്‌കേട്ട് സഹവയോജനങ്ങൾ ഒന്നടങ്കം ഞെട്ടി. അവർ ഒന്നിച്ച് ചോദിച്ചു,
“എന്നിട്ട് മാഷെന്ത് ചെയ്യാനാ പോകുന്നത്?”
“ഞാനിവിടെതന്നെ താമസിക്കും, മരിക്കും‌വരെ,,, ഇതുപോലെ അത്യാവശ്യം വരുന്നവർക്ക് താമസിക്കാൻ കൂടിയാണല്ലൊ, ഇങ്ങനെയൊരു വയോജനവിശ്രമകേന്ദ്രം നമ്മുടെ പഞ്ചായത്തിൽ തുടങ്ങിയത്”
“അതിപ്പം മാഷെ ഇവിടെ താമസിക്കാൻ ഒരു പ്രയാസവുമില്ല, ഇപ്പൊഴുള്ള നാലുപേർക്കൊപ്പം ഒരഞ്ചാമൻ കൂടി. പക്ഷെങ്കിൽ”
“രാമദാസനെന്താ ഒരു പക്ഷേങ്കിൽ? ഞാനെന്റെ പെൻഷനും ആനുകൂല്യങ്ങളും എല്ലാം ഈ വയോജനകേന്ദ്രത്തിന്റെ പേരിലാക്കും. അപ്പോൾ വയസായി രോഗം‌വന്ന് കിടപ്പിലായാലും എന്നെ നോക്കാൻ ആള് ഉണ്ടാവുമല്ലൊ”
                         എന്നിട്ടും മാസ്റ്റർ പറയുന്നത് മറ്റുള്ളവർക്ക് ദഹിച്ചില്ല; കാര്യമിപ്പോൾ കുറുന്തോട്ടിക്ക് വാതം വന്നതുപോലെയാണ്. നാട്ടിലുള്ള എല്ലാ കുടുംബപ്രശ്നങ്ങളും പരിഹരിച്ച് കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച് ഐക്യത്തിന്റെ പാതയിലേക്ക് നയിക്കുന്ന വ്യക്തിയാണ്, വന്ദ്യവയോധികനും റിട്ടയർഡ് അദ്ധ്യാപകനുമായ നാരായണൻ മാസ്റ്റർ. എന്നാലിപ്പൊഴോ?
അദ്ദേഹത്തിന്റെ കുടുംബത്തിലാണ് പ്രശ്നം ഉയർന്നത്; അതായത് നാരായണൻ മാസ്റ്ററും ഭാര്യയും മാത്രമടങ്ങുന്ന അണുകുടുംബത്തിൽ.

                         നമ്മുടെ പഞ്ചായത്തിലെ അദ്ധ്യാപക ദമ്പതികളാണ് ‘ശ്രീമാൻ നാരായണൻ മാസ്റ്റരും’,  ‘ശ്രീമതി നാരായണി ടീച്ചറും’. അവരുടെ പ്രീയപ്പെട്ട ഭവനമാണ് ‘നാരായണീയം’. നാരായണൻ മാസ്റ്റർ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള എൽ. പി. സ്ക്കൂളിൽ ജോലി ചെയ്യുമ്പോൾ; നാരായണി ടീച്ചർ പഞ്ചായത്തിന്റെ വടക്കെ അറ്റത്തുള്ള എൽ. പി. സ്ക്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. സർവ്വീസിൽ പ്രവേശിച്ചതു മുതൽ പെൻഷൻ പറ്റുന്നതുവരെ, ഒന്നാം ക്ലാസ്സിലെ പിഞ്ചുകുഞ്ഞുങ്ങളെ ഒന്നാം തരമായി പഠിപ്പിച്ച അവർ രണ്ടുപേരും ഏതാനും വർഷം‌മുൻപ് വിരമിച്ചു.

                         സ്വന്തം പഞ്ചായത്തിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർ ആയതിനാൽ സ്വന്തം നാട്ടിലുള്ള ‘പണക്കാരനും പാവപ്പെട്ടവനും, കള്ളനും പോലീസും, ഡോക്റ്ററും രോഗിയും, മുതലാളിയും തൊഴിലാളിയും, സ്ത്രീയും പുരുഷനും’, ആയ വലിയൊരു വിഭാഗത്തിന്റെ വിരല്‍ പിടിച്ച് ആദ്യാക്ഷരം എഴുതിച്ചത് ഈ നാരായണീയ ദമ്പതികൾ ആയിരിക്കും. അവര്‍ക്ക് മക്കളില്ലെങ്കിലും നാട്ടിലെ എല്ലാകുട്ടികളും നാരായണൻ മാസ്റ്ററുടെയും നാരായണി ടീച്ചറുടെയും മക്കളാണ്. ജീവിതത്തിൽ ഇനിയൊരു വസന്തം വന്നിട്ട് തളിര്‍ക്കുമെന്നോ പൂക്കുമെന്നോ കായ്ക്കുമെന്നോ ഉള്ള പ്രതീക്ഷ അവർക്ക് ഇപ്പോഴില്ല. വീട്ടുമുറ്റത്തും പറമ്പിലും ഓടിക്കളിക്കാൻ ഒരു ‘കുഞ്ഞിക്കാല് കാണാൻ ‘ ഭാഗ്യം ഇല്ലെങ്കിലും ആ വിഷമം ഒരിക്കലും അവർ വെളിയിൽ കാണിക്കുകയോ അന്യോന്യം പറഞ്ഞ് കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല. 
‘മാഷിന്റെ കുട്ടി ടീച്ചർ, ടീച്ചറുടെ കുട്ടി മാസ്റ്റർ’, ‘നിനക്ക് ഞാനും എനിക്ക് നീയും’.

അങ്ങനെയുള്ള നാരായണൻ മാസ്റ്ററാണ് തന്റെ പ്രിയപ്പെട്ട ഭാര്യയെ തനിച്ചാക്കി വീട്ടിൽ‌നിന്നും ഇറങ്ങിയത്,
“നിങ്ങൾക്കറിയാമോ?,,,”
മാസ്റ്റർ സ്വന്തം ജീവിതത്തിലെ ഏടുകൾ ഓരോന്നായി സുഹൃത്തുക്കളുടെ മുന്നിൽ തുറക്കുകയാണ്,
അവൾക്ക് കൊടുക്കാതെ ഇതുവരെ ഞാനൊന്നും കഴിച്ചിരുന്നില്ല. എവിടെയെങ്കിലും കല്ല്യാണത്തിന് ഒറ്റക്ക് പോയാൽ ഒരു പിടി ചോറ് വാരിതിന്നെന്ന് വരുത്തിയിട്ട് വിശപ്പ്‌കെടാതെ നേരെ വീട്ടിലേക്ക് വരും. എന്തിനാന്നറിയോ?”
“എന്തിനാ മാഷെ?”
“എന്റെ നാരായണി വെച്ച ചോറ് തിന്നാൻ; അവള് വെച്ചത് തിന്നാലെ എന്റെ വെശപ്പ് മാറുകയുള്ളു, അവള് തന്ന വെള്ളം കുടിച്ചാലേ എന്റെ ദാഹം തീരുകയുള്ളു,, അവളുടെ മടിയിൽ കിടന്ന് ഒരിറ്റ് വെള്ളം കുടിച്ചിട്ട്‌വേണം എനിക്ക് ചാവാൻ എന്നിട്ടിപ്പം,,, അവൾ,,”
മാസ്റ്ററുടെ തൊണ്ടയിടറി, വാക്കുകൾ ഇടക്ക് മുറിയാൻ തുടങ്ങിയപ്പോൾ കണ്ടും കേട്ടും നിൽക്കുന്നവരെല്ലാം കരച്ചിലിന്റെ വക്കിലെത്തി,
“അതിനിപ്പം അത്രക്കെന്താണ് മാഷെ, ടീച്ചറ് ചെയ്തത്?”
“മക്കളും കൊച്ചുമക്കളുമായി കഴിയുന്ന ചാക്കൊമാഷിന് അങ്ങനെയൊക്കെ പറയാം. ഇവിടെ ഞാനും അവളും മാത്രമാ ഉള്ളത്, എന്നിട്ട് എന്റെ അടുക്കളയിൽ‌നിന്ന് ഉണ്ടാക്കിയ പാല്പായസം എനിക്ക് തരാതിരുന്നാൽ? നിങ്ങളാരെങ്കിലും ആണെങ്കിൽ സഹിക്കുമോ?”
“അങ്ങനെയാണെങ്കിൽ അത് ശരിയല്ലല്ലൊ. മാ‍ഷ് എഴുന്നേറ്റ് നടക്കുന്ന കാലത്ത് ഇങ്ങനെ ചെയ്യുന്നു,, ഇനിയങ്ങോട്ട് വയ്യാതായാൽ,,,”
“ങെ,, അത്,,,”
“മാഷ് പറഞ്ഞത് ശരിതന്നെയാണോ?”
റിട്ടയേർഡ് സുപ്രണ്ട് ബാലുവിന് സംശയം തീരുന്നില്ല.
“ഞാനെന്റെ രണ്ട് കണ്ണും‌കൊണ്ട് കണ്ടതാണ്, ഇന്ന് രാവിലെ കൃത്യം പതിനൊന്നെ മുപ്പത്തിഅഞ്ചിന് അടുക്കളയിൽ എത്തിനോക്കിയപ്പോൾ ഉരുളിനിറയെ വെള്ളനിറത്തിൽ പാല്പായസം; ചൂടുള്ള പായസം അടച്ചുവെക്കാത്തതിനാൽ ആവി പൊങ്ങുന്നത് ദൂരേന്ന് കണ്ടു. പിന്നെ?,,,”
“പിന്നെ എന്തുണ്ടായി?,,,”
“പിന്നെ, ഉച്ചക്ക് ചോറ് വിളമ്പിയപ്പോൾ പായസം‌മാത്രം വിളമ്പിയില്ല. എനിക്ക് പാല്പായസം പെരുത്ത് ഇഷ്ടമാണെന്ന് അവൾക്കറിയാം, എന്നിട്ടും അടുക്കളയിലുള്ള പായസത്തിന്റെ കാര്യം അവളെന്നോട് മിണ്ടിയതേയില്ല”
“മാഷിനെന്താ ടീച്ചറോട് ചോദിച്ചു വാങ്ങിക്കൂടെ?”
“ബാലുന്റെ മോൻ വക്കീലായതുകൊണ്ടാണ് തനിക്കിങ്ങനെ സംശയം, അവളോട് ഞാൻ ചോദിക്കാനോ? ഉച്ചക്കുശേഷം നോക്കിയപ്പൊ ഉരുളി കഴുകിയിട്ട് കിണറ്റിൻ‌കരയിൽ വെയിലത്ത് ഉണക്കാൻ വെച്ചിരിക്കുന്നു!”
“അപ്പോൾ പായസം?”
“അതാണ് ഞാനും ചോദിക്കുന്നത്,,, പായസം എനിക്ക് തരാതെ, ചിലപ്പോൾ അവളുടെ ആങ്ങളയുടെ വീട്ടിലേക്ക് കൊടുത്തയച്ചിരിക്കും”
“എന്നാലും ടീച്ചറിങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല”
“എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു, സാധാരണ കുടിക്കുന്ന ചായപോലും കുടിക്കാതെ ഞാനാ വീട്ടിന്ന് ഇറങ്ങി”
“എന്നാലും ഇത് കൊറേ കടുപ്പമാണല്ലൊ, ഒരു ഉരുളിയും പാല്പായസവും”
കൂട്ടത്തിൽ കുട്ടിയായ ഓഫീസ്‌സഹായി അജിത്ത് പറഞ്ഞത് അല്പം ഉച്ചത്തിലായിരുന്നു.

‘ഒരുളിയും പാല്പായസവും’
നാരായണൻ മാസ്റ്ററുടെ ചിന്തകൾ ഉരുളിക്ക് ചുറ്റും കറങ്ങാൻ തുടങ്ങി,
                         സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസം ആരംഭിക്കാൻ നേരത്ത് ഭാര്യയോടൊത്ത് പട്ടണത്തിലെ കടയിൽ‌ പോയത് ചെമ്പ്‌പാത്രം വാങ്ങാനായിരുന്നു. കടയുടമസ്ഥനായ പൂർവ്വശിഷ്യൻ പാത്രങ്ങളോരോന്നായി മുന്നിൽ നിരത്തിയപ്പോൾ അക്കൂട്ടത്തിൽ ഒരു ‘ഓട്ടുരുളി’ അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ രണ്ട്‌പേരും ഒരുമിച്ച്‌ ഇഷ്ടപ്പെട്ട് വാങ്ങിയതാണ് സ്വർണ്ണനിറമുള്ള ഉരുളി. ഗൃഹപ്രവേശന സമയത്ത് സഹപ്രവർത്തകർക്ക്, ഓട്ടുരുളിയിൽ ആദ്യമായി ഉണ്ടാക്കിയ പാല്പായസം വിളമ്പിയപ്പോൾ സ്വന്തം സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്,
“നാരായണി ടീച്ചറെ, ഈ ഉരുളിയിൽ പാല്പായസം മാത്രമെ വെക്കാവു,, എന്നിട്ട് പായസം ആദ്യമായി മാഷിന് കൊടുക്കണം; പിന്നീട് രണ്ടുപേരും ഒന്നിച്ച് കഴിക്കണം. ഈ ഉരുളി നിങ്ങളുടെ വീടിന് ഐശ്വര്യമാണ്”
                          പിന്നീട് പെൻഷനാവുന്ന ദിവസവും അതേ ഉരുളിയിൽ പായസം വെച്ച് കൂട്ടുകാർക്ക് വിളമ്പി. ഓണം വിഷു പിറന്നാൾ തുടങ്ങി എല്ലാ ആഘോഷവേളകളിലും ഓട്ടുരുളിയിൽ പാല്പായസം വെക്കുമായിരുന്നു. ‘നാരായണിയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന പായസം കുടിക്കാൻ ഭാഗ്യമുള്ളതുകൊണ്ടാണ് പ്രഷർ, ഷുഗർ, കോളസ്ട്രോൾ തുടങ്ങിയവയൊന്നും തനിക്ക് വരാത്തത്’, എന്ന് അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.  ആ ഉരുളിയിൽ വെച്ച പാല്പായസം ഭാര്യ ആദ്യം വിളമ്പുന്നത് എപ്പോഴും സ്വന്തം ഭർത്താവിന് ആയിരുന്നു. എന്നാൽ ഇന്ന്??
ഇന്ന്‌മാത്രം ആ പതിവ് തെറ്റിയിരിക്കയാണ്.

“മാഷെ ഇനിയെന്താണ് ചെയ്യ? എല്ലാരും കൂടി ഒരു വഴി കണ്ടുപിടിക്ക്”
കൂട്ടത്തിൽ പ്രായം‌ചെന്ന തൊണ്ണൂറ് കഴിഞ്ഞ ശങ്കരേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. ഒടുവിൽ ദാമോദരൻ നായർ മൌനം ഭേദിച്ചു,
“പാല്പായസം വീട്ടിൽ വെക്കുക, അതിലൊരു തുള്ളിപോലും ഭർത്താവിന് കൊടുക്കാതിരിക്കുക’, ഉത്തമയായ ഭാര്യക്ക് ചേർന്നതാണോ? ഇങ്ങനെയുള്ളവൾ എന്തെല്ലാം കള്ളത്തരങ്ങൾ കാണിച്ചിരിക്കും? അതും ഒരു ടീച്ചർ!”
“ഞാനിനി വീട്ടിലേക്ക് പോകുന്നതേയില്ല”
 നാരായണൻ മാസ്റ്റർ ആവർത്തിച്ച് പറയുകയാണ്,
“അതിന് മാഷിന്റെ പേരിലല്ലെ വീട്?”
“അതെ”
“അപ്പോൾ മാഷ് വീട്ടിൽ പോകാതിരുന്നാൽ എങ്ങനെ ശരിയാവും? മാഷവിടെ നിൽക്കണം, ടീച്ചറെ പൊറത്താക്കണം”
“അവളെ പൊറത്താക്കിയാൽ നേരെ ആങ്ങളയുടെ വീട്ടിൽ പോകും”
“അപ്പോൾ ടീച്ചർക്കും പെൻഷനുള്ളതുകൊണ്ട് എല്ലാം എളുപ്പമായി”
“എന്നിട്ട് എനിക്ക് ചോറും കറിയും വെച്ച്‌തരാൻ നിങ്ങള് വരുമോ?”
“അതിനല്ലെ ഹോം‌നേഴ്സ്,, മാഷിന് പെൻഷനില്ലെ? ഇങ്ങനെയുള്ള ഭാര്യക്ക് പകരം ഹോംനേഴ്സിനെ വെച്ചാൽ മതി”
“ഇപ്പം ഹോംനേഴ്സുമാരെയൊന്നും വിശ്വസിക്കാൻ കൊള്ളൂല, ഉറങ്ങുമ്പോൾ കഴുത്തിന് കത്തിവെച്ചാലോ?
ദാമോദരൻ നായർക്ക് എല്ലാവരെയും സംശയമാണ്. അദ്ദേഹം തുടർന്നു,
“ഏതായാലും നാരായണൻ മാസ്റ്റർക്ക് ഇനി നാരായണി ടിച്ചറോടൊപ്പം ജീവിക്കാനാവില്ല, അല്ലെ?”
“ഇനി അവളുടെ കൂടെ ജീവിക്കുന്ന പ്രശ്നമില്ല”
“ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ജീവിക്കാൻ പ്രയാസം ഉണ്ട്. പിന്നെ പ്രായമായാൽ പരിചരിക്കാൻ ഒരാള് വേണം. അതിന്,,,”
പെട്ടെന്നാണ് ഒരു ഓട്ടോ ഗെയ്റ്റ് കടന്ന് വന്നത്; മുറ്റത്ത് വന്ന് നിർത്തിയ ഓട്ടോയിൽ നിന്ന് വെളിയിലിറങ്ങിയ ആളെകണ്ടപ്പോൾ എല്ലാവരും ഒന്നിച്ച് ആശ്ചര്യപ്പെട്ടു,,
നാരായണി ടീച്ചർ!!!
ഡ്രൈവറോട് അല്പസമയം അവിടെ കാത്തിരിക്കാൻ പറഞ്ഞതിനുശേഷം ടീച്ചർ അകത്തെക്ക് നോക്കി വിളിച്ചു,
“അജിത്തെ, ആ ഓട്ടോയിലുള്ള സാധനം ഇങ്ങ് വെളിയിലെടുത്തെ”
വയോജനങ്ങളെ ഒതുക്കിമാറ്റിയിട്ട് മുറ്റത്തിറങ്ങിയ അജിത്ത് ഓട്ടോയുടെ ഉള്ളിൽ‌നിന്നും ഒരു വലിയ പാത്രം പുറത്തെടുത്ത് വരാന്തയിൽ വെച്ചു,,
അതൊരു ഓട്ടുരുളി ആയിരുന്നു,,

വയോജനവിശ്രമകേന്ദ്രത്തിന്റെ പടികൾ കയറുന്നതിനിടയിൽ നാരായണി ടീച്ചർ പറഞ്ഞു,
“ഈ അജിത്ത് ഫോൺ ചെയ്തിട്ടാ ഞാൻ വന്നത്. ഓട്ടുരുളിയിൽ പാല്പായസം വെച്ച് ഞാനൊറ്റക്ക് മൂക്കറ്റം കുടിച്ചെന്നല്ലെ ഇങ്ങേര് പറഞ്ഞത്! ആ പാല്പായസം മൊത്തമായി ഞാനിങ്ങ് കൊണ്ടുവന്നിട്ടുണ്ട്, എല്ലാരും‌കൂടി ഇവിടെ വട്ടമിട്ടിരുന്ന് കോരി കുടിക്ക്”
ഉരുളിയുടെ മൂടി മാറ്റിയപ്പോൾ അവർക്ക് മുന്നിൽ വെള്ളനിറത്തിൽ കാണപ്പെട്ടത്,, പാല്പായസം തന്നെയല്ലെ?
പിന്നെയോ?
നല്ല കഞ്ഞിവെള്ളം!
നാരായണിടിച്ചർക്ക് കരച്ചിൽ വന്നു, അവർ പ്രയാസപ്പെട്ട് പറയാൻ തുടങ്ങി,
“ഇതിനാണ് ഇങ്ങേര് വീട്ടിന്ന് ഇറങ്ങിപോയത്,,, കഞ്ഞിവാർത്തപ്പോഴുള്ള കൊഴുത്ത കാടിവെള്ളം അടുത്തവീട്ടിലെ പശുവിന് കൊടുക്കാനായി മാറ്റിവെച്ചത്, കഞ്ഞിക്കലത്തിന് പകരം ഈ ഉരുളിയിലായിരുന്നു. ദൂരേന്ന് നോക്കിയപ്പോൾ മാഷിനിത് പാല്പായസമായി മാറി. അതുകൊണ്ട് പശുവിന് കൊടുക്കാൻ‌ ഒഴിച്ചുവെച്ചത് മൊത്തത്തിൽ ഞാനിങ്ങ് കൊണ്ടുവന്നിട്ടുണ്ട്. ഇനിയെല്ലാരും ചേർന്ന് ഇവിടെയിരുന്ന് കുടിക്ക്”
“എന്റെ നാരായണീ,,,,”
“എന്നാലും ഞാനൊറ്റക്ക് പായസം വെച്ച്‌കുടിച്ചൂന്ന് പറയാൻ തോന്നിയല്ലൊ”
കണ്ണുനീരിൽ കുതിർന്ന വാക്കുകൾ പൂർത്തിയാക്കാൻ നാരായണൻ മാസ്റ്റർ സമ്മതിച്ചില്ല.
“അത്‌പിന്നെ,,,”
വാചാലമായ മൌനത്തിന്റെ ആവരണം അണിഞ്ഞ് ആ ദമ്പതികൾ നടന്ന് നീങ്ങുമ്പോൾ ദാമോദരൻ നായർ ചോദിച്ചു,
“മാഷെ ഇനിയെങ്ങോട്ട്???”
“ഇനിയങ്ങോട്ട് എന്ത് പറഞ്ഞാലും നമ്മളൊന്നാണ്”
*************************************************************