“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/8/12

അമ്മ ഉറങ്ങാത്ത വീട്


                                         അയാൾ വന്നുകയറിയതു‌മുതൽ വീട്ടുമുറ്റത്ത് തകർത്താടിയ ആഘോഷങ്ങളുടെ ആരവങ്ങൾ അവസാനിക്കുമ്പോൾ നേരം അർദ്ധരാത്രിയോടടുത്തു. പതിവ് ആഘോഷത്തിന് പുതുമയില്ലാത്തതിനാൽ അയൽ‌വാസികളാരും‌തന്നെ ആ വീട്ടിലേക്ക് എത്തിനോക്കിയില്ല. വീടെന്ന് പറഞ്ഞാൽ,,, മഴയത്ത് നനഞ്ഞ് കുതിരുന്നതും വെയിലത്ത് ആകാശം കാണുന്നതുമായ ആ ഒറ്റമുറിവീട്, മകൾക്ക് മാത്രമല്ല മകളുടെ അമ്മക്കും പേടിസ്വപ്നമാണ്. സ്ക്കൂൾ‌വിട്ട് അവിടെ എത്തിയാൽ പിറ്റേന്ന് നേരം‌പുലർന്ന് സ്ക്കൂളിൽ എത്തുന്നതുവരെ ദുഃസ്വപ്നങ്ങൾ മാത്രം അറിയുന്ന മകളെയോർത്ത് പുകയുന്ന തീക്കട്ട നെഞ്ചിലേറ്റിക്കൊണ്ട് പകൽനേരങ്ങളിൽ സിമന്റും പൂഴിയും തലയിലേറ്റി അന്നം തേടുന്നവളാണ് മകളുടെ അമ്മ.

                          ഏതാനും മണിക്കൂറുകളായി പത്തിവിരിച്ച് വിഷം‌ചീറ്റിയശേഷം അകത്തെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കട്ടിപിടിച്ച ഇരുട്ടിലൂടെ തുറിച്ചുനോക്കിക്കൊണ്ട് ഉറക്കമിളച്ച് കിടക്കുന്ന അമ്മയുടെ കണ്ണുകളിൽ‌നിന്നും ഉറക്കം അകന്നുമാറിയിട്ട് ദിവസങ്ങൾ മാസങ്ങൾ പലതും കടന്നുപോയി. പാമ്പിന്റെ ദേഹമൊന്നനങ്ങിയാൽ ആ നിമിഷം ഒരു പൂവൻ‌കോഴിയെപ്പോലെ തല ഉയർത്തിപിടിച്ച് അവൾ ശ്രദ്ധിക്കും. കൂരിരുട്ടിൽ പാമ്പ് പത്തിവിടർത്താൻ തുടങ്ങുമ്പോഴേക്കും ബഹളം‌കൂട്ടിക്കൊണ്ട് ഉറങ്ങുന്ന മകളെ വാരിപ്പിടിച്ച് ചെറ്റക്കുടിലിന്റെ ഓലമറ മാറ്റി വെളിയിലേക്ക് ഓടിയാൽ പുലരുന്നതു‌വരെ അയൽ‌പക്കത്തുള്ള വീട്ടിന്റെ മറവിൽ അവർ ചുരുണ്ടുകൂടും.

                         വൈകുന്നേരം വാങ്ങിക്കൊടുത്ത കളിപ്പാവയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മകളെ കണ്ണീർ‌വറ്റിയ കണ്ണുകളാൽ നോക്കിക്കൊണ്ട് അമ്മ ഉറങ്ങാതെ കിടക്കുകയാണ്. ചുറ്റും പരക്കുന്ന നിശബ്ദത തകർക്കാതെ കീറപ്പായയുടെ അടിയിൽ‌ നിന്നെടുത്ത പൊതിയിലുള്ളത് നിവർത്തിയിട്ട്, ഉറങ്ങുന്ന മകളെ വിളിച്ചുണർത്തി കൈയിൽ കൊടുത്തശേഷം ചെവിയിൽ പറഞ്ഞു,
“ആ കാലമാടൻ അടുത്തുവന്നാൽ അന്റെമോള് ഇതുകൊണ്ട് കുത്തിക്കൊ”
                         പട്ടിണികൊണ്ട് ശോഷിച്ച കൈകൊണ്ട് എടുത്ത്‌ഉയർത്തിയ കത്തിയുടെ തിളങ്ങുന്ന മൂർച്ചയിലേക്ക് ആ പത്തു വയസ്സുകാരി തുറിച്ചു നോക്കുമ്പോൾ അവളുടെ അമ്മ സമാധാനമായി ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.  
*******************************