“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/3/13

കുറുപ്പിന്റെ കാത്തിരിപ്പ്

                 നാട്ടിലെ ഏറ്റവും പ്രായം കൂടിയ ആളാണെന്ന്, നാട്ടുകാരെല്ലാം വിശ്വസിക്കുന്ന ആളാണ് നമ്മുടെ കുറുപ്പുസാർ. ‘സാർ’എന്ന് നാട്ടുകാർ വിളിക്കാറുണ്ടെങ്കിലും ഇതുവരെ ഒരു വിദ്യാലയത്തിലോ, ഒരു വിദ്യാർത്ഥിയെയോ പഠിപ്പിക്കാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. തൊണ്ണൂറാം പിറന്നാൾ അധികം വൈകാതെ ആഘോഷിക്കാനിടയുള്ള അദ്ദേഹം അടുത്തകാലത്തായി ഇഷ്ടപ്പെടുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ്;
ഒന്ന് ഒളിഞ്ഞുനോട്ടം:
ഈ ഒളിഞ്ഞുനോട്ടം പെണ്ണുങ്ങളെ കാണുമ്പോൾ മാത്രമേ ഉള്ളു; പഴയ സിനിമകൾ അപ്‌ഡേറ്റ് ചെയ്തത് കാണാനിടയായതിനു ശേഷമാണ് ഈ പരിപാടി ആരംഭിച്ചത്. അപരിചതരായ(?) ഏതെങ്കിലും സ്ത്രീയെ കണ്ടാൽ ഏത്‌നേരത്തും എവിടെവെച്ചും അദ്ദേഹം ഒളിഞ്ഞുനോക്കും.

രണ്ട് ബസ്‌യാത്ര:
തിരക്കുള്ള ബസ്സ് കാണുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ്, മരച്ചീനി കാണുന്ന പെരിച്ചാഴിയെ പോലെയാവും. മുൻ‌വാതിലിലൂടെ മാത്രമേ അദ്ദേഹം ബസ്സിൽ പ്രവേശിക്കാറുള്ളു. വാതിൽ‌പ്പടി കയറാനുള്ള പ്രയാസപ്പെടുന്ന കാരണവരെ ഏതെങ്കിലും ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ പിടിച്ച് ഉള്ളിലേക്ക് കയറ്റും.
കയറിയാലോ?
പിന്നെ തിക്കിത്തിരക്കി ഡ്രൈവറുടെ പിന്നിലുള്ള ലേഡീസ് സീറ്റിനു സമീപം വന്ന് അരക്കെട്ട് ഉറപ്പിക്കും.

                         അങ്ങനെ,,, ഒരു ദിവസം ബസ്സിൽ കയറിയ കുറുപ്പുസാർ മൂന്നാം‌നമ്പർ ലേഡീസ് സിറ്റിനു സമീപം തൂണിൽ ചാരിനിന്ന്, കമ്പിയിൽ പിടിച്ച്, സ്വന്തം കണ്ണുകൾ കണ്ണടയിലൂടെ സേർച്ച് ചെയ്തപ്പോഴാണ് അപൂർവ്വമായ ദർശനസൌഭാഗ്യം അടുത്തനിമിഷത്തിൽ തനിക്ക് ലഭിക്കുമെന്ന് മനസ്സിലായത്. തൊട്ടടുത്തിരുന്ന കറുത്ത സുന്ദരിയുടെ വെളുത്ത കുഞ്ഞ് കരയുന്നു. കരച്ചിൽ മാറ്റാനായി അവൾ പലതരം പൊടിക്കൈകൾ പ്രയോഗിക്കുകയാണ്; താളം പിടിക്കുന്നു,, താരാട്ട് പാടുന്നു, കഥ പറയുന്നു,,, അങ്ങനെയങ്ങനെ,,, അങ്ങനെ,,,
എന്നിട്ടും കൊച്ച് കരച്ചിൽ നിർത്തുന്നില്ല. അപ്പോൾ സമീപം ഇരിക്കുന്ന ഒരു യുവതി -അവളുടെ അമ്മയായിരിക്കണം-  അവളോട് പറഞ്ഞു,
“കുട്ടി കരഞ്ഞിട്ട് നീയെന്താ പാല് കൊടുക്കാത്തത്? ഇനിയും കൊറേനേരം ബസ്സിലിരിക്കണമല്ലൊ, കുട്ടിക്ക് നല്ല വിശപ്പുണ്ട്”

                       അവൾ മറുപടി പറയാതെ ചുറ്റും നോക്കിയിട്ട് സാരി നേരെയാക്കി കുട്ടിയെ മടിയിൽ കിടത്തി. അവളിപ്പോൾ കർട്ടൻ തുറന്ന് കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്ന അപൂർവ്വ ദൃശ്യം കാണാമല്ലൊ. അടുത്ത സീൻ കാണാനായി കാത്തിരുന്ന കുറുപ്പുസാർ നിരാശനായി; അവൾ കരയുന്ന കുട്ടിയെ അതേപടി മടിയിൽ കിടത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അദ്ദേഹം ചിന്താമഗ്നനായി,
‘ഇവൾക്കെന്താ കുട്ടിയുടെ കരച്ചിൽ മാറ്റാനായി സമീകൃതാഹാരം കൊടുത്താൽ? പടുവൃദ്ധനായ എനിക്കങ്ങോട്ട് നോക്കാനുള്ള കൊതി തീരെയില്ല; ഞാനങ്ങോട്ട് നോക്കുന്നതേയില്ല്’. 
                        പാലൂട്ടുന്ന സുന്ദരദൃശ്യം കാണാൻ കൊതിച്ച കാരണവർ സ്വയം മറന്ന് അവളെ നോക്കി,, നോക്കി അങ്ങനെ നിൽക്കുമ്പോൾ കൊച്ചിന്റെ കരച്ചിലിന്റെ വോളിയം വർദ്ധിക്കുകയാണ്, അടുത്തനിമിഷം പാല് കൊടുക്കും,,, കൊച്ച് കരച്ചിൽ നിർത്തും,,,, അത് നോക്കി ആസ്വദിക്കാം,,,

***ഇതിനിടയിൽ പലതും സംഭവിച്ചു,
ബസ്സിലുള്ള പകുതിയോളം ആളുകൾ ഇറങ്ങി,
ലേഡീസ് സീറ്റുകൾക്ക് പിന്നിലുള്ള ആറ് സീറ്റുകളിൽ ആരും ഇരിപ്പില്ല,
ഇരിപ്പിടം ഉണ്ടായിട്ടും,,, കമ്പിവിടാതെ പിടിച്ച്‌ ലേഡീസ്‌സീറ്റിൽ ചാരിനിന്ന് മുന്നിൽ നോക്കുകയാണ് നമ്മുടെ കുറുപ്പുസാർ,
അദ്ദേഹത്തിന് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞ് നാല് ബസ്‌സ്റ്റോപ്പുകൾ പിന്നിട്ടശേഷം ബസ് മുന്നോട്ട് ഓടുകയാണ്,
***എന്നിട്ടും കൊച്ചിന്റെ കരച്ചിൽ മാറിയില്ല.

അങ്ങനെ അഞ്ചാം സ്റ്റോപ്പിൽ മണിയടിച്ചശേഷം കിളിയുടെ അറിയിപ്പ്,
“കാരണവരെ നിങ്ങൾക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞ് ടിക്കറ്റിന്റെ പൈസയും തീർന്ന് അടുത്ത സ്റ്റേജായി. ഇനിയും പെണ്ണുങ്ങളെ നോക്കിനിൽക്കണമെങ്കിൽ പുതിയ ടിക്കറ്റെടുക്കണം”


9/6/13

പൊരുത്തം


                 ദാസൻ എന്ന ഗുരുദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെയാണ് പിന്നീട് സംഭവിച്ചത്. ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’ എന്ന്, വധൂവരന്മാരെ കണ്ടപ്പോൾതന്നെ മാസ്റ്ററുടെ സ്വഭാവം അറിയാവുന്ന പലർക്കും തോന്നിയതാണ്. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതോടെ ദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു.

                 നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനാണ്. മലയാളസാഹിത്യം വിരൽത്തുമ്പിലെടുത്ത് അമ്മാനമാടി കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി. കുട്ടിക്കാലത്ത് തന്നെ സ്വന്തംപിതാവ് അന്തരിച്ചതിനാൽ കല്ല്യാണനേരത്ത് അദ്ദേഹത്തിന്റെ കൂടെ വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്ത് ഗുരുദാസന്റെ തലയിൽ കല്ല്യാണചിന്ത കയറ്റി വിട്ടത് ഏതോ ചെകുത്താനായിരിക്കണം.

                  കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ അക്കാര്യം കട്ട്‌ചെയ്ത് ഡയലോഗ് ആരംഭിച്ചു,
“അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ”
“പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?”
                  വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു.
“അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സാവുന്നത്”

                  അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിഏഴാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും കൃഷ്ണപ്രഭയുടെയും വിവാഹം കഴിഞ്ഞു. പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ആ ഇരുപത്തിമൂന്നുകാരി ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച് എരിയുന്ന നിലവിളക്കുപോലെ കല്ല്യാണപ്പന്തലിലേക്ക് കയറി.

                  ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ഒരു അദ്ധ്യാപകനായി മാറിയിട്ട് നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. ഒടുവിൽ ഉപദേശപെരുമഴയുടെ ഭാരം താങ്ങനാവാതെ അവളറിയാതെ അവൾ ഉറങ്ങി.

                  അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മയ്ക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

                  വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് കൃഷ്ണപ്രഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി.

                   പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു ദിവസം വളരെ സ്നേഹത്തോടെ അവർ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വരാൻ തുടങ്ങിയപ്പോൾ തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി.
“അത് ഞങ്ങൾ രണ്ടുപേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസ്സിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?”
“അത് പിന്നെ ഒരു പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ”
അമ്മ മകനെ പിൻ‌താങ്ങി.

                   മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം കൃഷ്ണപ്രഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു,
“നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അതുകൊണ്ട് ഞാനില്ലാത്ത നേരത്ത് അവനിവിടെ വന്നാൽ നീ മുന്നിലിറങ്ങാതെ മുറിയടച്ച് അകത്തിരിക്കണം. ഇവിടെ വരുന്നവരോട് സംസാരിക്കാനും ചായ കൊടുക്കാനും അമ്മയുണ്ട്”
                   ഭാര്യയെ സ്വന്തം വീട്ടിൽപോലും വിടാതെ അവരുടെ വിവാഹജീവിതം ഒരു വർഷം മുന്നോട്ട് പോയി. വടക്കുനോക്കിയന്ത്രം തലയിൽ കയറ്റിയ ഭർത്താവ് കാരണം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് കൃഷ്ണപ്രഭയുടെ പ്രഭയെല്ലാം നശിച്ച് ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ സൌന്ദര്യം നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ആ കാരണംകൊണ്ട് ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി.
 
                   വർഷം മൂന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയമായ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ?
                  അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്നതിനാൽ വീട്ടിൽ വേലക്കാരിക്ക് പകരം ഒരു ഭാര്യ ആയാൽ നന്നായിരിക്കും എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് മുപ്പത്തിആറുകാരി വിലാസിനി ടീച്ചറെ ജാതകപ്പൊരുത്തം നോക്കാതെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചത്. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ് ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു.

                അവരുടെ ദാമ്പത്യജീവിതം പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്.
ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു,
“ആ കൃഷ്ണപ്രഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കിയിട്ട് മറ്റൊരു സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?”
“എടോ, ഇതുപോലെ ആയായിരിക്കണം ഭാര്യ; കണ്ടാൽ ഒരു പുരുഷനും രണ്ടാമതൊന്ന് നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റവും. അതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല”.

7/9/13

അഞ്ച് വേട്ടപ്പട്ടികളും ഞാനും

                     
                         ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കടക്കുന്ന പഴുതാരകളെപോലെ പലതരം സംശയങ്ങൾ എന്റെ ചിന്തകളിൽ‌നിന്ന് വെളിയിലേക്ക് ഇഴഞ്ഞുവരികയാണ്. തലച്ചോറിന്റെ ഉള്ളറകളിൽ‌നിന്നും പൊങ്ങിവരുന്ന അവ്യക്തമാണെങ്കിലും തീഷ്ണങ്ങളായ സംശയങ്ങൾ ഭീമാകാരംപൂണ്ട് വലയം ചെയ്യുമ്പോൾ അജ്ഞാതമായ ഭയം എന്നെ കീഴ്‌പ്പെടുത്തുന്നുണ്ട്. എല്ലാം വേട്ടപ്പട്ടികളെക്കുറിച്ചു തന്നെ; ഞാൻ സ്വന്തമാക്കിയ അഞ്ച് വേട്ടപ്പട്ടികൾ, പാലും പഴവും മുട്ടയും മീനും ഇറച്ചിയും കൊടുത്ത് ഓമനിച്ച്‌ വളർത്തിയ എന്റെ വേട്ടപ്പട്ടികൾ.
                        പ്രീയപ്പെട്ട വേട്ടപ്പട്ടികൾ, അവരെന്റെ സ്വന്തമാണ്, ഉണർവ്വിലും ഉറക്കത്തിലും എന്നോടൊപ്പം അവരുണ്ട്. എന്റെ ചിന്തകൾ ആശകൾ ഭാവങ്ങൾ ഭാവമാറ്റങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് എനിക്കുവേണ്ടി എന്റെ ആജ്ഞാനുവർത്തികളായി അവരഞ്ചും എന്നോടൊപ്പം കളിച്ചും ചിരിച്ചും വളരുകയാണ്.  അഞ്ച് വേട്ടപ്പട്ടികളുടെ യജമാനത്തി ആയതോടെ മറ്റുള്ളവർക്കെല്ലാം എന്നോട് മുഴുത്ത അസൂയ ആണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

                       എന്റെ വേട്ടപ്പട്ടികളെല്ലാം ഒരമ്മപെറ്റ മക്കളല്ലാത്തതിനാൽ അവർക്ക് അഞ്ച് നിറങ്ങളും അഞ്ച് സ്വരങ്ങളും ഉണ്ട്. അനേക ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം അപ്രതീക്ഷിതമായി ഓരോപട്ടിയും എന്റെ സ്വന്തമാവുമ്പോൾ മനസ്സിലെ ആഹ്ല്ലാദം അത്യുന്നതശൃംഗങ്ങളിൽ എത്താറുണ്ട്.
ഞാൻ ഓർക്കുകയാണ്,
ഒരു ചൊവ്വാഴ്ച നട്ടുച്ചനേരം;
ആദ്യമായി വേട്ടപ്പട്ടിയെ സ്വന്തമാക്കിയ ദിവസം,,
                       ജേസിബി യുടെ അതിശക്തമായ കരങ്ങളാൽ ഭൂമിയുടെ മാറിടം അതിനിഷ്ഠുരമായി പറിച്ചുമാറ്റപ്പെട്ട മണൽക്കാട്ടിലൂടെ അത്യുഷ്ണത്താൽ എരിഞ്ഞുകൊണ്ട് ഞാൻ നടന്നുനീങ്ങുകയാണ്. ചുറ്റും പെയ്യുന്ന വിജനതയുടെ ആകുലതകൾക്കിടയിൽ വിശപ്പും ദാഹവും ഓർക്കാൻ നേരമില്ലെങ്കിലും എന്റെ ആമാശയം ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും തയ്യാറല്ല. ചുറ്റും തീക്കട്ടകൾ പെയ്യുന്ന സൂര്യനിൽ നിന്ന് രക്ഷനേടാൻ ഒരു പുൽക്കൊടിയുടെ തണൽ‌പോലും എങ്ങും കാണാനില്ല. എന്നിട്ടും നടത്തം തുടരുമ്പോഴാണ് ചെറിയൊരു മുരൾച്ചകേട്ടത്, തിരിഞ്ഞുനോക്കിയപ്പോൾ അവിശ്വസനീയമായ ഒരു ദൃശ്യം,,,
പകുതിപൊട്ടിച്ച വലിയൊരു ചെമ്മൺപാറയുടെ പിന്നിൽ‌നിന്നും അവൻ പതുക്കെ നടന്നുവന്നു, എന്റേതായി മാറിയ ആദ്യത്തെ വേട്ടപ്പട്ടി. മണ്ണിന്റെ നിറമാർന്ന അവൻ മണ്ണിൽ‌നിന്ന് പിറവിയെടുത്തതായിരിക്കണം.
                      വാലാട്ടി സ്നേഹം പ്രകടിപ്പിച്ചശേഷം തലതാഴ്ത്തിയ വേട്ടപ്പട്ടി ചെറിയൊരു മുരൾച്ചയോടെ എന്റെ കണ്ണിൽ നോക്കിയപ്പോൾ അജ്ഞാതമായ ഒരു ബന്ധം ഞങ്ങൾക്കിടയിൽ രൂപംകൊണ്ടു. എന്റെ ദൈന്യത വായിച്ചറിഞ്ഞതുപോലെ ഒപ്പം അവനും നടന്നു. വേട്ടപ്പട്ടിയുടെ വരവ് ആഘോഷമാക്കി മാറ്റിയ എന്റെ മനസ്സ്, വിശപ്പും ദാഹവും മറന്നുകൊണ്ട് വളരെദൂരം നടക്കാനുള്ള ആവേശമായി വെളിയിൽ വന്നു.. ചെമ്മൺ‌നിറമാർന്ന അവൻ അന്നും ഇന്നും എനിക്കേറ്റവും പ്രീയപ്പെട്ടവനാണ്.

                       കൂട്ടത്തിൽ സുന്ദരൻ അഞ്ചാമനായ പച്ചവേട്ടപ്പട്ടിയാണ്; കാനനച്ഛായയിലൂടെ ഓടിക്കളിച്ചപ്പോൾ വഴിയറിയാതെ അലയുന്ന ഞങ്ങൾ‌ക്കിടയിലാണ് പച്ചിലകൾക്കിടയിൽ നിന്ന് പച്ചനിറമുള്ള അവൻ വന്നത്. എന്നെയും ഒപ്പമുള്ള നാല് വേട്ടപ്പട്ടികളെയും പിന്നിലാക്കി നടന്നുനീങ്ങിയ അവനാണ് ഒടുവിൽ ലക്ഷ്യസ്ഥാനം കാണിച്ചുതന്നത്. ആദ്യകാലത്ത് വേട്ടപ്പട്ടികളോടൊപ്പം നടക്കാൻ അല്പം മടിയുണ്ടെങ്കിലും ഇന്നെനിക്ക് അഭിമാനം തോന്നുകയാണ്. ഇങ്ങനെയൊരു അസുലഭസൌഭാഗ്യം ആർക്കെങ്കിലും കൈവന്നിട്ടുണ്ടോ? ലോകത്ത് വേട്ടപ്പട്ടിക്കളാൽ അകമ്പടി സേവിക്കപ്പെടുന്ന ആദ്യത്തെ പെണ്ണ് ഞാനല്ലാതെ മറ്റാരാണ്!
                        അഞ്ച് വേട്ടപ്പട്ടികളുടെ യജമാനത്തി ആയതോടെ വീട്ടുകാരും നാട്ടുകാരും എന്റെ കാര്യത്തിൽ ആകുലപ്പെടാൻ തുടങ്ങിയെങ്കിലും അക്കാര്യം എന്നോട് സംസാരിക്കാൻ എന്റെ പെറ്റമ്മപോലും ധൈര്യം കാണിച്ചില്ല. ഞാനാണെങ്കിൽ വീട്ടുകാര്യവും നാട്ടുകാര്യവും മാത്രമല്ല, എന്റെ സ്വന്തം കാര്യം‌പോലും മറന്നു. മറ്റുള്ളവർ എന്നിൽ‌നിന്ന് അകന്നുമാറിയെങ്കിലും വേട്ടപ്പട്ടികൾ നൽകിയ സുരക്ഷിതത്വം കാരണം എന്റെമനസ്സ് ആഹ്ലാദം നിറയുകയാണ്. എന്നെ നോക്കുന്നവരും എന്നോട് സംസാരിക്കുന്നവരും വേട്ടപ്പട്ടികളുടെ മുരൾച്ച കേൾക്കുമ്പോൾ പേടിച്ച് അകന്നുമാറാൻ തുടങ്ങി.

                       വേട്ടപ്പട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എനിക്ക് വിശ്രമവേളകൾ ഇല്ലാതായി. അഞ്ചപേരെയും പ്രഭാതവേളയിൽ ഉണർന്ന് കുളിപ്പിച്ചശേഷം പൊതുജനം ഉണർന്ന് തിരക്ക് കൂടുന്നതിന് മുൻ‌പ് വ്യായാമം ചെയ്യാനായി ഇടവഴിയിലൂടെ അവരോടൊപ്പം ഓടിക്കളിക്കണം. പോഷകാംശമുള്ള ഭക്ഷണം കണ്ടെത്തി പാകം‌ചെയ്ത് തീറ്റിച്ച്, ഉറക്കം വരുമ്പോൾ താരാട്ടുപാടിയിട്ട് അവരെ ഉറക്കണം. വേട്ടപ്പട്ടികളെ വളർത്തുന്നതിൽ അജ്ഞാതയായ ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങി. പുത്തൻ മാംസാഹാരങ്ങൾ ശേഖരിച്ചശേഷം പുത്തൻ പാചകകലകൾ സ്വായത്തമാക്കിയിട്ട് അവർക്കായി പാകം ചെയ്ത് കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് എന്റെ ശീലമായിമാറി. അതോടൊപ്പം വേട്ടപ്പട്ടികൾക്കിഷ്ടം ചൂടുള്ള ചോരയും പച്ചമാംസവും ആയതിനാൽ അവയുടെ ഇരകളാവാൻ പലതരം ജന്തുക്കളെ വീട്ടിൽ വളർത്താനാരഭിച്ചു.

                         അഞ്ച് നിറങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലും ആയതിനാൽ വെട്ടപ്പട്ടികളെ എളുപ്പത്തിൽ എനിക്ക് തിരിച്ചറിയാം. എന്റെ മനസ്സ് വായിച്ചറിഞ്ഞ അവർ എന്തും ചെയ്യാൻ തയ്യാറുള്ള ആജ്ഞാനുവർത്തികളായി നിലകൊള്ളുകയാണ്. എന്റെ ഭാവമാറ്റം, എന്റെ നോട്ടം, എന്റെ ചിന്ത എല്ലാം എന്നെക്കാൾ‌മുൻപെ അവർക്ക് തിരിച്ചറിയാം. എന്റെ നിരീക്ഷണവലയത്തിലാണ് വേട്ടപ്പട്ടികളെങ്കിലും അവരുടെ നിരീക്ഷണ വലയത്തിലാണ് ഞാനെന്നകാര്യം പലപ്പോഴും മറന്നുപോകാറുണ്ട്. കണ്ണ് തുറന്ന് ചെവി വട്ടം‌പിടിച്ച്, ജാഗ്രതയോടെ വേട്ടപ്പട്ടികൾ ചുറ്റിലും നിൽക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതിനാൽ അവരിൽ‌നിന്ന് അകന്നുമാറാൻ ഞാനൊട്ട് ആഗ്രഹിച്ചില്ല. അവർ കല്പിച്ച ലക്ഷ്മണരേഖ കടന്ന്, എന്നോട് സംസാരിക്കുന്നവരെല്ലാം അപകടത്തിൽ ചാടുമ്പോൾ അതെല്ലാം കണ്ടില്ലെന്ന് നടിക്കാൻ പഠിച്ചു.

എന്റെ ബാല്യകാല സ്നേഹിതയായ വീണ സുന്ദർ‌രാജാണ്, ‘വേട്ടപ്പട്ടികൾക്ക്’ ഫെയ്സ്‌ബുക്കിൽ ഇടം നൽകാൻ പറഞ്ഞത്,,
വീണ സുന്ദർ‌രാജ്,
എന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിയായവൾ;
എന്റെ ഒരേ ഒരു കൂട്ടുകാരി,
                         മൂന്നാം‌തരത്തിൽ പഠിക്കുമ്പോൾ സ്ക്കൂൾ വിട്ടുവരുന്ന കുട്ടികളെ കൊത്താനായി മേലേവിട്ടിലെ കല്ല്യാണിയമ്മയുടെ പുള്ളിപൂവൻ ചിറക്‌വിടർത്തി പറന്നുവന്ന ദിവസം,,, കൂട്ടുകാരെല്ലാം ഓടി വേലിചാടി മറിഞ്ഞപ്പോൾ ഏറ്റവും പിന്നിലായ എന്നെ കൊത്താനുള്ള അവസരമാണ് കോഴിക്ക് ലഭിച്ചത്. ആദ്യത്തെ കൊത്ത് കിട്ടിയപ്പോൾ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ അലറിക്കരഞ്ഞത്‌കേട്ട് പേടിച്ചരണ്ട പൂവൻ രണ്ടാം കൊത്തിന് തുനിയാതെ വന്ന വഴിയെ പറന്നുമറിഞ്ഞു. വലതുതുടയിൽ ചോരയൊലിപ്പിച്ച് കരയുന്ന എന്റെ അടുത്തേക്ക് ഓടിവരാൻ അവൾ‌മാത്രമേ ഉണ്ടായിരുന്നുള്ളു,, വീണ സുന്ദർ‌രാജ്; എന്റെ സ്വന്തം വീണ. കമ്മ്യൂണിസ്റ്റ് പച്ചയുടെ ചപ്പ്‌പറച്ച് തിരുമ്മിയിട്ട് മുറിവിനുമുകളിൽ വെച്ചശേഷം, അവൾ സ്വന്തം പാവാടയുടെ അറ്റം കീറിയെടുത്ത് ചുറ്റിക്കെട്ടിയതിന്റെ ഓർമ്മകൾ ഒളിമങ്ങാതെ ഇന്നും എന്റെ മനസ്സിലുണ്ട്.

                          വീണ സുന്ദർ‌രാജ് പറഞ്ഞതുപോലെ, വേട്ടപ്പട്ടികൾക്കായി തുടങ്ങിയ ഫെയ്സ്ബുക്ക് ഒരാഴ്ചക്കുള്ളിൽ ഷെയർ ചെയ്തവർ ആയിരത്തിലധികമായി. വേട്ടപ്പട്ടികളുടെ വാർത്തകളും ഫോട്ടോകളും കാണാൻ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ കടന്നുവന്നപ്പോൾ ലൈക്കുകളും കമന്റുകളും നിറഞ്ഞുകവിഞ്ഞു. പട്ടിരോഗവിദഗ്ദന്മാരും പട്ടിപ്രേമികളും പട്ടിഭാഷ അറിയുന്നവരും വേട്ടപ്പട്ടികളുടെ ഫെയ്സ്‌ബുക്ക് പേജിൽ നിത്യസന്ദർശകരായി.

അതിനിടയിൽ, ഒരു ദിവസം,
മുന്നറിയിപ്പുകളൊന്നുമില്ലാതെ അവൾ വന്നു, അസൂയമൂത്ത സഹപാഠികളെല്ലാം അകൽച്ചയിൽ നിന്നെങ്കിലും എല്ലാദിവസവും ചാറ്റിം‌ഗിലൂടെ കണ്ട് സംസാരിക്കുന്ന എന്റെ വീണ. നേരിൽ‌കണ്ട ആവേശം‌കൊണ്ട് ഓടിവന്ന് അവളെന്നെ ആലിം‌ഗനം ചെയ്തതേയുള്ളു,,, പെട്ടെന്നത് സംഭവിച്ചു; എല്ല്‌പോലും ബാക്കിവെക്കാതെ അഞ്ച് വേട്ടപ്പട്ടികളും‌ചേർന്ന് അവളെ കൊന്ന്‌തിന്നുന്ന ഭീകരദൃശ്യത്തിനു ഞാൻ സാക്ഷിയായി.

                         ബന്ധുക്കളെല്ലാം പുർണ്ണമായി എന്നെ ഒഴിവാക്കിയത് ഒരുമാസം മുൻപാണ്. വേട്ടപ്പട്ടികളെ കണ്ടാൽ പേടിച്ച് ഞെട്ടുന്ന എന്റെ അമ്മ, മകൾ സുരക്ഷിതയാണെന്ന ആശ്വാസവിശ്വാസത്തോടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ആ അമ്മയെയാണ് ദിവസങ്ങൾക്ക്‌ശേഷം ഇടവഴിയിൽ‌വെച്ച് ഞാൻ കണ്ടുമുട്ടിയത്. ‘മോളേ’ എന്ന വിളിയോടെ എന്നെ സമീപിച്ച അമ്മയുടെ ഇടതുകാലിൽ കടിച്ചത് രണ്ട് വേട്ടപ്പട്ടികൾ ഒന്നിച്ചായിരുന്നു. ഭീതിജനകമായ ആ സംഭവത്തിനുശേഷം ബന്ധുക്കളും നാട്ടുകാരും എന്നെ നോക്കാൻ ഭയപ്പെട്ടു. പകൽ‌വെളിച്ചത്തിൽ എന്നെ കാണുന്ന അയൽ‌വാസികൾ പിശാചിനെ കാണുന്നതുപോലെ പെട്ടെന്ന് മുഖം മറക്കുകയും എനിക്കുനേരെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്തു.

                         ഫെയ്സ്‌ബുക്കും ബ്ലോഗും ചാറ്റും ഇ.മെയിലും നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഞാനൊരു മഹാസത്യം കണ്ടെത്തിയത്. അഞ്ച് വേട്ടപ്പട്ടികളുടെയും മനസ്സ് ഒന്നാണ്; അവർക്ക് എല്ലാ ഭാഷകളും വായിക്കാനറിയാം. ഫെയ്സ്‌ബുക്കിൽ സ്വന്തം‌പേജ്‌ തുറന്നാൽ മോണിറ്ററിൽ കണ്ണും‌നട്ടിരിക്കുന്ന അവരഞ്ച്‌പേരും കമന്റുകൾ ഓരോന്നായി വായിക്കും. ഇഷ്ടമില്ലാത്തത് ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ വായിച്ചനിമിഷം ഡിലീറ്റ് ചെയ്യാനുള്ള സൂചനകൾ തരുന്നത് അവരുടെ ശിലമായി മാറി. കമന്റുകൾ വായിച്ചശേഷം അന്യോന്യം ആശയവിനിമയം നടത്തുന്നത് കണ്ടെത്തിയ എന്നിൽ പലവിധ സംശയങ്ങൾ ഉണർന്നു.

                           ബന്ധുക്കളും നാട്ടുകാരും എന്നിൽ‌നിന്ന് അകന്നെങ്കിലും മനസ്സിൽ കുളിര് പെയ്തത് അവൻ മാത്രമായിരുന്നു, ‘ആകാശ്’. കൂടുതൽ സമയം ചാറ്റ് ചെയ്യാൻ എനിക്കിഷ്ടം അവനുമായി മാത്രമാണ്. ഒന്നിച്ച് കളിവീട്‌വെച്ച് കളിച്ച എന്റെ അയൽ‌വാസിയായ ആകാശ് കുട്ടിപ്രായം വിട്ടപ്പോൾ പ്രീയപ്പെട്ട കാമുകനായി മാറി. അകലെയാണെങ്കിലും ആകാശിനോട് ഫോണിൽ സംസാരിച്ചതിനു ശേഷമായിരുന്നു ഞാനെന്നും ഉറങ്ങാൻ കിടന്നത്. വേട്ടപ്പട്ടികൾക്കും ആകാശ് പ്രീയപ്പെട്ടവനായതു കൊണ്ടായിരിക്കണം, ചാറ്റിൽ ആകാശ് എവെയിലബിൾ ആണെങ്കിൽ പെട്ടെന്ന് അവരെല്ലാം എന്നെ സമീപിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ആകാശിനോട് സംസാരിക്കാൻ എന്നെക്കാൾ തിരക്ക് അവർക്കാണെന്ന് അവരുടെ നോട്ടത്തിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു.

                          രണ്ട് വർഷത്തെ വിദേശവാസത്തിനുശേഷം ആകാശ് വരുന്ന ദിവസം,,, എന്റെ മനസ്സിലെ മയിൽ‌‌പീലി വിടർന്നപ്പോൾ വേട്ടപ്പട്ടികളും എന്നോടൊപ്പം ഓടിനടക്കുന്നത് ഞാൻ കണ്ടെത്തി. അതിനിടയിൽ അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തിയത് ആകാശിന് ഗംഭീരസ്വീകരണം നൽകാനല്ലാതെ എന്തിനായിരിക്കണം?
ഒടുവിൽ സന്ധ്യാകാശം സിന്ദൂരമണിയുന്ന നേരത്ത് അവൻ വന്നു,
എന്റെ പ്രീയപ്പെട്ട ആകാശ്, ഞാൻ കാത്തിരിക്കുന്ന എന്റെ ആകാശ്,
കാറിൽ നിന്നിറങ്ങി വരുന്ന എന്റെ കാമുകനെ സ്വീകരിക്കാൻ ഞാൻ ഓടിയപ്പോൾ എന്നെക്കാൾ മുന്നിൽ അവർ അഞ്ച്‌പേരും ഓടി;
പെട്ടെന്ന്,
ആകാശിന്റെ കാലിൽ കടിച്ചത് അവസാനമായി സ്വന്തമാക്കിയ പച്ചവേട്ടപ്പട്ടി ആയിരുന്നു. രണ്ടാമത്തെ കടി വീഴുന്നതിന് മുൻപ് രക്ഷപ്പെടാനായി ഓടുന്നവന്റെ പിന്നാലെ അഞ്ച് പട്ടികളും കുരച്ചുചാടിയപ്പോൾ അതിവേഗം ഓടിവന്ന വാഹനമടിച്ച് എന്റെ ആകാശ് അവസാനശ്വാസം വലിച്ചു. എന്റെ മടിയിൽ കിടന്ന് എന്റെ പ്രീയപ്പെട്ടവൻ മരിക്കുമ്പോൾ കണ്ണിൽ  നിഴലിച്ച ഭയം അജ്ഞാതമായ ആശങ്കകൾ എന്നിലുണർത്തി. മനസ്സിൽ ഒരു തീപ്പൊരി വിതറിയിട്ട് അവൻ യാത്രപറഞ്ഞപ്പോൾ എന്നോടൊപ്പം കണ്ണീർ വാർക്കാൻ വേട്ടപ്പട്ടികൾ അഞ്ചുപേരും മത്സരിച്ചു.

                            അഞ്ച് വേട്ടപ്പട്ടികളുടെ ഉടമസ്ഥയാണെങ്കിലും അവരഞ്ച്‌പേരും എന്റെ യജമാനന്മാരാവുകയാണെന്ന്, ഇപ്പോൾ എനിക്ക് അറിയാൻ കഴിയുന്നു. ‘ഇരിക്കേണ്ടിടത്ത് ഇരിക്കേണ്ടവർ ഇരുന്നില്ലേൽ അവിടെ പട്ടി കയറിയിരിക്കും’ എന്ന് അമ്മ പറഞ്ഞ കാര്യം ഞാനോർക്കുകയാണ്. ഇവിടെ പട്ടിയല്ല, അസ്സൽ വേട്ടപ്പട്ടികളാണ്; അതും ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം. രക്തം പുരണ്ട കൂർത്ത കോമ്പല്ലുകൾ വെളിയിൽ‌കാട്ടി ഒരു മുരൾച്ചയോടെ ഇടയ്ക്കിടെ എന്നെനോക്കി നാവ് നീട്ടുമ്പോൾ, അവരുടെ ഉള്ളിലുള്ള ആർത്തി കണ്ടില്ലെന്ന് നടിക്കുകയാണ്. മനസ്സിന്റെ ഉള്ളിൽ നിന്നുയരുന്ന ഏതോ ഒരു ഭയം,‌ അവരെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രം ഫെയ്സ്‌ബുക്കിൽ എഴുതാൻ എനിക്ക് പ്രേരണ നൽകുന്നു. ഒന്നിച്ച് ഒറ്റക്കെട്ടായി ഒരേ മനസ്സുമായി നീങ്ങുന്ന വേട്ടപ്പട്ടികളെ ഒരിക്കലും എനിക്ക് ഒഴിവാക്കാനാവില്ല, എന്ന മഹാസത്യം ഈ വൈകിയ വേളയിൽ ഞാൻ തിരിച്ചറിയുന്നു.

                           എന്റെ മനസ്സ് വായിച്ചറിഞ്ഞ് എന്റെ ആജ്ഞകൾ അനുസരിക്കുന്ന വേട്ടപ്പട്ടികളെ ഇപ്പോൾ ഞാൻ അനുസരിക്കുകയാണോ? അവരുടെ അടിമയായി ഞാൻ ജീവിക്കുകയാണോ? ചുടുചോരയുടെ മണമറിഞ്ഞ വേട്ടപ്പട്ടികൾ, പുത്തൻ ഇരകൾക്ക് വേണ്ടിയുള്ള ദാഹം പ്രകടമാക്കുമ്പോൾ എന്റെ ചിന്തകൾ അവരെ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് മാത്രമായി മാറുന്നു. എനിക്കുചുറ്റും സംരക്ഷണവലയം സൃഷ്ടിച്ച് ഉറങ്ങാതെ എനിക്ക് കാവലാളായ അവർ അജ്ഞാതഭാഷയിൽ ആശയവിനിമയം നടത്തുന്ന കാഴ്ച കാണാതിരിക്കാൻ ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചുപൂട്ടി.
                           നിഷ്ഠുരമായ പത്തു കണ്ണുകളിൽ‌നിന്നുയർന്ന് ആസക്തിയായി രൂപാന്തരപ്പെട്ട അവരുടെ നോട്ടം, പതുക്കെ എന്റെ കണ്ണുകളിൽ നിന്ന് മാറി താഴോട്ട് ഉടലിലേക്ക് ഇറങ്ങുകയാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. കഴുത്തിൽ മാറിടത്തിൽ അരക്കെട്ടിൽ പിന്നെ,,, എന്റെ വേട്ടപ്പട്ടികളുടെ നോട്ടവും ഭാവവും മാറുകയാണ്. അവരുടെ കണ്ണുകളിൽ‌നിന്നുള്ള ഭീകരമായ നോട്ടം, എന്റെ ദേഹം മുഴുവൻ ഇഴഞ്ഞുനീങ്ങുമ്പോൾ മനസ്സിൽ ഭയം അലയടിക്കുകയാണ്.    
******************************************************

5/23/13

ഗുരുവായൂർ യാത്രയിലെ പുണ്യം                                          കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസ്സിലാണ് ആ അമ്മയും മകനും കയറിയത്. കയറിയപാടെ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റിൽ അമ്മ ഇരുന്നപ്പോൾ മകൻ ഇരുന്നത് പിൻ‌വാതിലിന് തൊട്ടടുത്ത സീറ്റിൽ. വളരെക്കാലം മുൻപ് അമ്മ പറഞ്ഞ ആഗ്രഹം, ‘ഗുരുവായൂരമ്പലത്തിൽ പോയി കുളിച്ചുതൊഴുത് കണ്ണനെ കാണണമെന്ന ആഗ്രഹം’ നിറവേറ്റാനാണ് അവരുടെ യാത്ര. തൊണ്ണൂറ് കഴിഞ്ഞെങ്കിലും അമ്മയുടെ ആഗ്രഹം നിറവേറ്റേണ്ടത് ഏക മകന്റെ കടമയാണല്ലൊ.
                      കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസ്സ് തലശ്ശേരി കഴിഞ്ഞ് കോഴിക്കോട് എത്തി. പത്ത് മിനിട്ട് കഴിഞ്ഞ് കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും ബസ്സ് പുറപ്പെടാൻ നേരത്ത് പിറകിലെ സീറ്റിലിരുന്ന മകൻ പതുക്കെ ബസ്സിൽ‌നിന്നും ഇറങ്ങിയനേരത്ത് അമ്മ അതേ ബസ്സിൽ യാത്ര തുടർന്നു.

ഇറങ്ങിയ ഉടനെ മകൻ മൊബൈലെടുത്ത് വീട്ടിലിരിക്കുന്ന ഭാര്യയെ വിളിച്ചു,
“എനിക്ക് ബുദ്ധിയില്ല എന്നല്ലെ നീ എപ്പോഴും പറയാറുള്ളത്,,, എടീ,, ഞാനിവിടെ കോഴിക്കോട് ബസ്‌സ്റ്റാന്റിൽ ഇറങ്ങി; അക്കാര്യം അറിയാതെ ചെവികേൾക്കാത്ത ആ തള്ളയോടൊപ്പം ബസ്സ് പോയി. ഇനി ഗുരുവായൂരോ പഴനിയിലോ രാമേശ്വരത്തോ എങ്ങോട്ടെങ്കിലും പോയിതുലയട്ടെ. എങ്ങനെയുണ്ടെന്റെ ബുദ്ധി?”
“അയ്യോ അത്,,,”
“എന്താടി പറ്റിയത്?”
“നിങ്ങളെന്തൊരു പണിയാ കാണിച്ചത്? വീടും പറമ്പും ആ തള്ളയിൽ‌നിന്നും എഴുതി വാങ്ങിച്ചെങ്കിലും അവരുടെ പേരിൽ പതിനായിരം രൂപ ബാങ്കിൽ കിടക്കുന്നുണ്ടെന്ന് അറിയില്ലെ? അതും‌കൂടി എടുത്തിട്ട് എങ്ങോട്ടെങ്കിലും കളഞ്ഞാൽ പോരെ?”
“അയ്യോ ഞാനക്കാര്യം മറന്നുപോയി, പെട്ടെന്നൊരു ടാക്സി പിടിച്ച് ബസ്സിന്റെ പിന്നാലെ പോയി അവരെയും കൂട്ടി തിരികെ വീട്ടിലേക്ക് വരാം”
അയാൾ തൊട്ടടുത്ത് നിൽക്കുന്ന ടാക്സിയിൽ കയറിയിട്ട് ഡ്രൈവറോട് പറഞ്ഞു,
“ഇപ്പോൾപോയ ഗുരുവായൂർ ബസ്സിനകത്ത് അമ്മയുണ്ട്; അവരതിൽ‌നിന്ന് ഇറങ്ങാൻ മറന്നുപോയി. പിന്നാലെ വിട്ടോ”
ഗുരുവായൂരപ്പൻ ഇതെല്ലാം അറിയുന്നുണ്ടോ,,, എന്തോ,,,?!  
******************************************

4/1/13

മാർച്ച് മാസത്തിന്റെ മോഹങ്ങൾ


                        സമയം വൈകുന്തോറും അദ്ധ്യാപകരുടെ വിശപ്പ് ഇരട്ടിക്കാൻ തുടങ്ങി; വീട്ടിൽ‌നിന്ന് കൊണ്ടുവന്ന ഉണക്കച്ചോറും പാകത്തിന് ഉപ്പും മുളകും ചേർക്കാത്ത ചമ്മന്തിയും നിറച്ച ലഞ്ച്‌ബോക്സ് തുറന്നുനോക്കാത്തവരുടെ കാര്യം പറയുകയേ വേണ്ട. ഈ കാര്യത്തിൽ അവരെയെന്തിന് കുറ്റം പറയണം? ഉച്ചക്കുശേഷം ബിരിയാണി കിട്ടുമെന്ന് ഉറപ്പായാൽ ആർക്കാണ് നട്ടുച്ചനേരത്ത് ചോറ് തിന്നാൻ തോന്നുക!

                     അതിരാവിലെ ഹോട്ടലിൽ നിന്നും നിർമ്മിച്ച ബിരിയാണി ആയിരിക്കും ആവശ്യക്കാരുടെ മുന്നിൽ ഉച്ചനേരത്ത് ചൂടോടെ എത്തിക്കുന്നത്, എന്നകാര്യം അത് വെട്ടിവിഴുങ്ങുന്നവർ ഒരിക്കലും ചിന്തിക്കാനിടയില്ല. മസാലയുടെയും ചിക്കന്റെയും നെയ്യുടെയും ഗന്ധം മൂക്കിൽ കടക്കുമ്പോൾ, അത് തിന്നുന്നവർ വിചാരിക്കുന്നത്, ‘അരമണിക്കൂർ‌മുൻപ്, കൊന്ന് തോല്‌പൊളിച്ച കോഴിയുടെ മാംസം വേവിച്ച് പത്ത്‌മിനിട്ട് മുൻപ് പാകപ്പെടുത്തിയ അരിയും മസാലയും മിക്സ് ചെയ്ത് നിർമ്മിച്ചതാണ്’ എന്നായിരിക്കും.
                        തൊട്ടടുത്ത ഹോട്ടലിൽ ഓർഡർ ചെയ്ത ഇരുപത്തി‌‌ എട്ട് പാക്കറ്റ് ബിരിയാണിയും അച്ചാറും തൈരും കടലാസ് പ്ലെയിറ്റും സ്ക്കൂളിൽ എത്തിച്ചത് കൃത്യം രണ്ട് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോഴാണ്. അതുകണ്ട് ഓടിയെത്തിയ സ്റ്റാഫ് സിക്രട്ടറി ഹോട്ടൽ തൊഴിലാളിയോട് തട്ടിക്കയറി,
“നിങ്ങളോട് മൂന്ന് മണിക്കല്ലെ കൊണ്ടുവരാൻ പറഞ്ഞത്; ഇത്ര നേരത്തെയെന്തിനാ കൊണ്ടുവന്നത്?”
“അത് മാഷെ, മൂന്ന് മണിക്കായാലും ഇതേ ബിരിയാണി തന്നെയല്ലെ കൊണ്ടുവരേണ്ടത്. അപ്പൊപിന്നെ അവിടെ ആയാലും ഇവിടെ ആയാലും സംഗതി ഒന്നുതന്നെയല്ലെ?”
മുതലാളി കൊടുത്ത ബില്ല് വായിച്ചശേഷം ബാഗിൽ‌നിന്ന് അഞ്ഞൂറ് രൂപ കൊടുത്തിട്ട് സെക്രട്ടറി പറഞ്ഞു,
“ഭക്ഷണം കഴിച്ചതിനു ശേഷമല്ലെ പണം തരേണ്ടത്; ഇപ്പം ഇതിരിക്കട്ടെ, ബാക്കി ഹോട്ടെലിൽ വന്ന് നേരിട്ട് കൊടുത്തുകൊള്ളും”  
  
                      ബിരിയാണി പാക്കറ്റുകൾ എണ്ണിനോക്കിയിട്ട് സ്റ്റാഫ്‌റൂമിലെ മേശപ്പുറത്ത് അടുക്കിവെക്കുന്നത് കണ്ടപ്പോൾ ഗണിതശാസ്ത്രം പറഞ്ഞു,
“ഏതായാലും നമ്മൾ പണം കൊടുത്ത് നമുക്കുതന്നെ തിന്നാൻ വാങ്ങിയതാണ്, അവിടെ വെക്കുന്നതിന് പകരം ഇങ്ങോട്ട് തന്നാൽ ബാഗിൽ വെക്കാമല്ലൊ”
ഗണിതത്തെ തറപ്പിച്ചൊന്ന് നോക്കിയശേഷം സ്റ്റാഫ് സെക്രട്ടറി മറുപടി പറഞ്ഞു,
“എടാ നിനക്കൊക്കെ തിന്നണം എന്ന ഒരൊറ്റ വിചാരേ ഉള്ളൂ, ആ എച്ച്.എം. റിട്ടയറാവുന്ന ഇന്നെങ്കിലും നിനക്ക് മറ്റുള്ളവരുടെ ഒപ്പരം ഇരുന്ന് തിന്നുകൂടെ?”
അവിടെ ഇരിക്കുന്ന എല്ലാവർക്കും കണക്ക് മാഷിന്റെ അഭിപ്രായം തന്നെയാണെന്ന് സ്റ്റാഫ് സെക്രട്ടറി ആയ ജോസ് എന്ന മലയാളത്തിന് നന്നായി അറിയാമെങ്കിലും അക്കാര്യം അറിയാത്തമട്ടിൽ നേരെ സ്ക്കൂൾ ഓഫിസിന് നേരെ നടന്നു.

                      ഓഫീസ്‌റൂമിന്റെ പിന്നിൽ ഇടതുവശത്തുള്ള ക്യാബിനിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് മൊബൈലിൽ ആരോടോ സംസാരിക്കുകയാണ്. സ്ക്കൂൾ മുഴുവൻ കേൾക്കാൻ പറ്റുന്നതരത്തിൽ സംസാരിക്കാൻ കഴിയുന്ന നമ്മുടെ ഹെഡ്‌ടീച്ചർ മൊബൈലിൽ ആയിരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്നവർപോലും ഒരക്ഷരവും കേൾക്കില്ല.
                     പത്ത് മിനിട്ട് നേരത്തെ സംഭാഷണത്തിനുശേഷം അകത്തേക്ക് കടന്ന സെക്രട്ടറി ടീച്ചറോട് പറഞ്ഞു,
“മാഡം, ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്; മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചിട്ട് നാല് മണിയാവാറായാൽ മീറ്റിംഗ് നടത്തിക്കൂടെ?”
“അയ്യോ വേണ്ട,, ആയിട്ടില്ല”
വിളറിയ മുഖത്തോടെ അതുവരെ കാണാത്ത ഭാവത്തിൽ ഹെഡ്‌മിസ്ട്രസ്സ് പറഞ്ഞത്‌കേട്ട് സ്റ്റാഫ് സിക്രട്ടറി ഞെട്ടി.
“വലിയൊരു പാർട്ടിയൊന്നും വേണ്ടെന്ന് പറഞ്ഞ്തുകൊണ്ടാണ് നമ്മൾ വെറും ബിരിയാണിയിൽ ഒപ്പിച്ചത്. അത് നേരത്തെ കഴിച്ചാലെന്താണ് തെറ്റ്?”
“മാർച്ച് മുപ്പത്തിഒന്ന് വരെ ഈ സർക്കാർ ഹൈസ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ്സാണ് ഞാൻ. അത് കഴിഞ്ഞിട്ട് മാത്രം പാർട്ടി നടത്തിയാൽ മതിയെന്ന് അന്നേ ഞാൻ പറഞ്ഞതാണല്ലൊ. പിന്നെ ഇന്ന് നടത്തുകയാണെങ്കിൽ അത് വൈകുന്നേരം മതിയെന്നും പറഞ്ഞതാണല്ലൊ”
“അതിപ്പം പരീക്ഷയെല്ലാം കഴിഞ്ഞതുകൊണ്ട് ബെല്ലടിച്ച് വിടാനായി സ്ക്കൂളിൽ കുട്ടികളൊന്നും ഇല്ലല്ലൊ; അപ്പോൾ സെന്റോഫ് അല്പം നേരത്തെ ആയാലെന്താണ് പ്രശ്നം? പിന്നെ, നാളെയാവുമ്പോ നാട്ടിൽ പോകുന്നവർക്ക് പങ്കെടുക്കാനാവില്ലല്ലൊ,,,”
“നിനക്ക് പ്രശ്നം ഇല്ലെങ്കിലും എനിക്ക് പ്രശ്നം ഉണ്ട്”
സെക്രട്ടറി പിന്നെയൊന്നും മിണ്ടിയില്ല. ഏത് മണ്ടത്തരമായാലും ടീച്ചർ പറഞ്ഞാൽ അത് മാറ്റമില്ലാതെ തുടരും എന്നാണ് ‘അനുഭവം ഗുരു’.
                       വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് വരാന്തയിൽ നിൽക്കുന്ന സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്ററെ കണ്ടത്. അതോടെ ഉള്ളിലെ ദേഷ്യം മൊത്തമായി വെളിയിലേക്ക് വന്നു,
“അല്ല ചാർജ്ജൊന്നും എഴുതി വാങ്ങുന്നില്ലെ? ഇനി പെൻഷനാവുന്ന ടീച്ചർ വീട്ടിൽ പോയിട്ടാണോ ചാർജ്ജ് ഹേന്റോവർ ചെയ്യുന്നത്?”
“ചാർജ്ജ് തന്നാൽ വാങ്ങും, അതിന് ഇന്ന് വൈകുന്നേരം വന്നാൽ മതീന്നാ പറഞ്ഞത്”
“ഈ ഒരുകൊല്ലം മുഴുവൻ കൊണ്ടുനടന്നിട്ടും ഈ ഹെഡ്‌ടീച്ചറെ നന്നാക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ലല്ലൊ; എന്തൊക്കെയാ കൊളമാക്കുന്നതെന്നറിയില്ല. അനുഭവിച്ചോ,,,”
“എന്റെ ജോസേ, ഞാനെന്ത് ചെയ്യാനാ? ടിച്ചർക്ക് ആരേം വിശ്വാസമില്ല. ഏതായാലും ഇന്നൊരുദിവസം കൂടി അനുഭവിച്ചാൽ മതിയല്ലൊ”

രണ്ടുപേരും നടന്ന് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അക്ഷമരായി കാത്തിരിക്കുന്ന അദ്ധ്യാപകർ ചോദിച്ചു,
“എന്നാൽ ഞങ്ങൾക്ക് തുടങ്ങാമല്ലൊ”
“തുടങ്ങാനായിട്ടില്ല, ‘വൈകുന്നേരം സ്ക്കൂൾ ടൈം കഴിഞ്ഞ് റിട്ടയേർഡ് ആയാൽ മാത്രമേ സെന്റോഫിൽ പങ്കെടുന്നുള്ളു’ എന്നാണ് സെന്റോഫ് ആവുന്നവർ പറഞ്ഞത്”
പെട്ടെന്ന് ലീലാമ്മ എന്ന ഹിന്ദി ചാടിഎഴുന്നേറ്റ് പറഞ്ഞു,
“അപ്പോൾ നാല്‌മണി കഴിഞ്ഞിട്ടോ? എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിനിന് പോകേണ്ടതാണ്”
“നാല് മണിയല്ല, ഹെഡ്‌മിസ്ട്രസ്സിന്റെ സമയം അഞ്ച് മണിയാണ്”
ലീലാമ്മ വലിയ ബാഗും സ്യൂട്ട്‌കെയ്സും എടുത്ത് എഴുന്നേറ്റപ്പോൾ കായിക‌അദ്ധ്യാപിക ശ്രീരഞ്ചിനി ഉച്ചത്തിൽ പറഞ്ഞു,
“അഞ്ച് മണിക്കുള്ള ട്രെയിനിൽ കയറി ഏറണാകുളത്ത് എത്തേണ്ടവരാണ്, ഇന്ന് ഉച്ചക്ക് പച്ചവെള്ളം പോലും ടീച്ചർ തിന്നിട്ടില്ല. ജോസ് മാഷെ, അവരുടെ പാക്കറ്റങ്ങ് കൊടുത്താട്ടെ”
ബിരിയാണി പാക്കറ്റ് കൊടുത്ത് ലീലാമ്മയെ പറഞ്ഞുവിട്ടതിനുശേഷമാണ് ജോസിന്റെ തലയിൽ പുത്തൻ ആശയം ഉദിച്ചത്,
“ഭക്ഷണമെല്ലാം ഹാളിൽ വെച്ച് നമുക്ക് റൂം അറേഞ്ച് ചെയ്യാം. ഹെഡ്‌ടീച്ചർ വന്നാൽ പെട്ടെന്ന് കഴിക്കാമല്ലൊ”

                          അതുവരെ വിശന്നിരിക്കുന്നവരുടെ ഇടയിൽ പെട്ടെന്നൊരു ഉണർവ്വ് വന്നു; ഹാളിലെ ബെഞ്ചും ഡസ്ക്കും മാറ്റാൻ തിരക്ക് കൂട്ടിയവർ‌തന്നെ ഭക്ഷണപാക്കറ്റുകൾ നിരത്തിവെച്ചു. കുടിക്കാനും കഴുകാനും ആവശ്യമുള്ള വെള്ളവും തയ്യാറാക്കിയപ്പോൾ സമയം നാല്‌മണി. അപ്പോഴാണ് പ്യൂൺ രമേശൻ നായരുടെ വരവ്,
“രാമചന്ദ്രൻ മാഷോട് അഞ്ച്‌മണി കഴിഞ്ഞ് ഓഫീസിൽ വരണമെന്ന് എച്ച്.എം. പറഞ്ഞു”
“ങെ, അത് ടീച്ചർ ഇങ്ങോട്ടൊന്നും വരുന്നില്ലെ?”
“നമ്മുടെ ഹെഡ്‌ടീച്ചറെ സാറിന് അറിയില്ലെ? അഞ്ച്‌മണി കഴിഞ്ഞ് റിട്ടയേർഡ് ഫ്രം സർവ്വീസ് എന്ന് രജിസ്റ്ററിൽ എഴുതിയിട്ട് ചാർജ്ജ് കൊടുത്തതിനുശേഷം മാത്രമേ നിങ്ങൾ കൊടുക്കുന്ന ബിരിയാണി കഴിക്കത്തുള്ളൂ”
“ഈ ടീച്ചറെന്തോന്നാ ചെയ്യുന്നത്?”
“ടീച്ചർ കമ്പ്യൂട്ടർ തുറന്ന് എന്തൊക്കെയോ തപ്പിനോക്കുന്നു”
“ഓ,, ഗെയിമു കളിക്കയായിരിക്കും,, പെൻഷനായാൽ ഇവർക്കിനി വീട്ടിന്ന് കളിച്ചാപോരെ?”

                         വിശപ്പിന്റെ മണവും ബിരിയാണിയുടെ മണവും ഒത്തുചേർന്ന രൂക്ഷമായ ഗന്ധം അസഹനീയമായപ്പോൾ ആ ഹാളിൽ നിന്ന് ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി. സംഗതി പിടിവിടുന്ന മട്ടായപ്പോൾ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാഷും ഒഫീസ്‌റൂമിലെത്തി. ക്ലർക്കും പ്യൂൺസും തിരക്കിട്ട് സ്വന്തം ജോലികൾ ചെയ്യുന്നതു കണ്ടപ്പോൾ സ്റ്റാഫ് സെക്രട്ടറി ചോദിച്ചു,
“ഇന്നത്തെ സെന്റോഫ് നിങ്ങളും ചേർന്നല്ലെ നടത്തുന്നത്,, അപ്പോൾ അത് കുറച്ച് നേരത്തെ ആവാമെന്ന് ടീച്ചറോട് പറഞ്ഞുകൂടെ?”
“മാഷെ ഞാനൊരു വെറും ക്ലാർക്ക്, നാളെയും അഞ്ച്‌മണി വരെ ഇവിടെയിരുന്ന് ജോലി ചെയ്യേണ്ടവൻ. നമ്മുടെ ഹെഡ് വരാതെ നമ്മളെങ്ങനെയാ പങ്കെടുക്കുന്നത്?”
                        മറുപടി പറയാതെ അകത്തേക്ക് കടന്നപ്പോൾ തിരക്കിട്ട് ഫയലുകളിൽ ഒപ്പിടുന്ന ഹെഡ്‌ടീച്ചറെയാണ് അവർ കണ്ടത്. അതിനിടയിൽ ഇന്റർനെറ്റ്‌ ഓൺ‌ചെയ്ത കമ്പ്യൂട്ടറിൽ സർക്കാൻ സൈറ്റുകൾ തുറന്നുനോക്കുകയും ചെയ്യുന്നുണ്ട്. കൃത്യം അഞ്ച് മണി ആയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കിയശേഷം എഴുന്നേറ്റ് സീനിയർ അസിസ്റ്റന്റിനെ നോക്കിയിട്ട് പറഞ്ഞു,
“മാഷെ എനിക്കുവേണ്ടി അല്പസമയംകൂടി ഇരിക്കണം. പെട്ടെന്ന് ഭക്ഷണം കഴിച്ചതിനുശേഷം ചാർജ്ജൊക്കെ ഒപ്പിട്ടുതരാം വല്ലാതെ വിശന്നുപോയി; എല്ലാവരും വന്നേ,,,”

                        വിരമിച്ചുകൊണ്ടിരിക്കുന്ന പ്രധാന അദ്ധ്യാപികയോടൊപ്പം ഓഫീസ്‌സ്റ്റാഫും സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റും ബിരിയാണി തിന്നാനായി ഹാളിലേക്ക് കടന്നപ്പോൾ അവിടെ അദ്ധ്യാപകരായി ആരും ഇല്ലെങ്കിലും പഴകിയ ബിരിയാണി പാക്കറ്റുകൾ പത്തെണ്ണം മേശപ്പുറത്ത് ഉണ്ടായിരുന്നു. 
“കായലരികത്ത് വലയെറിഞ്ഞപ്പോൾ,,,”
ആ നേരത്ത് വലയെറിഞ്ഞുകൊണ്ട് ശബ്ദിച്ച സ്വന്തം മൊബൈൽ ഓൺ ചെയ്യുമ്പോൾ ഹെഡ്‌മിസ്ട്രസ്സ് മറ്റുള്ളവരോടായി പറഞ്ഞു,
 "വീട്ടിന്നാണ്",
 “പിന്നേയ്,,, ഞാൻ കുറച്ചുകൂടി വൈകും,,, അഞ്ച്‌മണിവരെ നോക്കിയിട്ടും ഇന്ന് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പ്രായം കൂട്ടുന്നതായി ഒരറിയിപ്പും വന്നിട്ടില്ല. അതുകൊണ്ട് സ്ക്കൂളിലെ എല്ലാവരും കൂടീട്ട് ഇന്നെനിക്ക് സെന്റോഫ് തരുന്നുണ്ട്, കേട്ടോ”
ആദ്യമായി മറ്റുള്ളവർ കേൾക്കെ, വിരമിച്ച പ്രധാന‌അദ്ധ്യാപിക മൊബൈലിൽ സംസാരിച്ചു.
************************************

3/4/13

അമ്മയെപോലെ


                  ജാതകപൊരുത്തവും മേനിപൊരുത്തവും മണിപൊരുത്തവും മനപൊരുത്തവും ഒത്തുചേർന്നപ്പോഴാണ് ആനന്ദകുമാർ കൃഷ്ണകുമാരിയെ കല്ല്യാണം കഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വന്നുകേറിയ നാൾ‌തൊട്ട് കൃഷ്ണകുമാരി അവിടത്തെ ‘നല്ല മരുമകൾ’ ആയി ജീവിക്കാൻ കൊതിച്ചു. സംഭവബഹുലമായ ആദ്യരാത്രിക്കുശേഷം, രണ്ടാം രാത്രിയിൽ വീട്ടിലെ അമ്മ പെങ്ങമ്മാരൊക്കെ ഉറങ്ങിയെന്നും പിന്നാലെ വരില്ലെന്നും സ്വയം വിശ്വസിച്ച്, തണുത്ത പാലുമായി അവൾ മണിയറയിലേക്ക് കടന്നു. അവളുടെ വരവും കാത്ത് ഉറങ്ങാതിരിക്കുന്ന ഭർത്താവ് ആ നിമിഷം വാതിലടച്ച് കുറ്റിയിട്ടു.

                       മണിയറ മഞ്ചലിൽ ആനന്ദകുമാരിയെ ഇരുത്തിയശേഷം, തൊട്ടടുത്തിരുന്ന് ആപാദചൂടം അവളെയൊന്ന് നിരീക്ഷിച്ചശേഷം കൃഷ്ണകുമാർ പറഞ്ഞു,
“ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടമുള്ള സ്ത്രീ ആരാണെന്നറിയോ?”
കൃഷ്ണകുമാരി മിണ്ടിയില്ല,, അവളെ ഇഷ്ടമാണെന്ന് അവളുടെ ഭർത്താവ് തന്നെ പറഞ്ഞുകേൾക്കാനാണ് അവൾക്കിഷ്ടം. അത് കേൾക്കാനായി അവൾ ചെവിരണ്ടും പൂർണ്ണമായി തുറന്നു.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ത്രീ,,, എന്റെ,,”
“എന്റെ,,,”
“എന്റെ അമ്മയാണ്”
പെട്ടെന്ന്‌തന്നെ തുറന്ന ചെവികൾ രണ്ടും ഷട്ട്‌ഡൌൺ ചെയ്തു.
“അതെന്താ അങ്ങിനെ എന്നറിയാമോ?”
“അറിയില്ല,”
“അങ്ങനെ അറിയില്ലെന്ന് പറ, എന്റെ അമ്മക്ക് എത്ര മക്കളുണ്ടെന്ന് നിനക്കറിയോ?”
“അതെനിക്കറിയാലോ,,, ഒൻപത്”
“എന്നാല് എന്റെ അച്ഛന്,,, പത്ത് മക്കളുണ്ട്”
“ങേ,, പത്താമൻ?”
“പത്താമൻ, അച്ഛന് ഫാക്റ്ററീലെ തൂപ്പുകാരിയിൽ ഉണ്ടായതാ,, എന്നിട്ട്,”
“എന്നിട്ട്?”
“അക്കാര്യം അറിഞ്ഞിട്ടും എന്റെ അമ്മ,,, അച്ഛനെ കുറ്റം പറയുകയോ, വഴക്ക് കൂടുകയോ ചെയ്തിട്ടില്ല”
“അത്”
“അങ്ങനെയുള്ള എന്റെ അമ്മയെപ്പോലെയാവണം നീയും, എന്നാണ് എനിക്ക് പറയാനുള്ളത്. സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും എതിർത്തൊന്നും പറയരുത്”

അല്പസമയത്തെ മൌനത്തിനുശേഷം കൃഷ്ണകുമാരി പറയാൻ തുടങ്ങി,
“ഞാനിങ്ങോട്ട് വരാൻ‌നേരത്ത് എന്റെ അമ്മയും ഇതുപോലെ ഉപദേശിച്ചിട്ടുണ്ട്”
“ഉപദേശമോ?”
“ഉപദേശം തന്നെ; ‘സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യ എതിർത്തൊന്നും പറയരുത്’ എന്ന്. ഞാനും അമ്മയെപോലെ ആവും”
“അത്?”
“എന്റെ അമ്മയും ചേട്ടന്റെ അമ്മയെപോലെ തന്നെയാ,, അച്ഛൻ തെറ്റ് ചെയ്തപ്പോൾ ഒരു വാക്കുപോലും എതിർത്ത് പറഞ്ഞിട്ടില്ല. ഒരിക്കൽ,,,”
“ഒരിക്കൽ,,,”
“ഒരിക്കൽ അടുത്തവീട്ടിലെ വേലക്കാരിയുമായി അച്ഛൻ സംസാരിക്കുന്നതും കൊഞ്ചിക്കുഴയുന്നതും അമ്മ കണ്ടു”
“എന്നിട്ട്?”
“എന്നിട്ട് അമ്മ അച്ഛനെ കുറ്റപ്പെടുത്തിയില്ല; അതിനെപറ്റി ഒരക്ഷരവും അച്ഛനോട് ചോദിച്ചുമില്ല. പിന്നെ,,,”
“പിന്നെ,,,”
“രാത്രിനേരത്ത് എല്ലാവരും ഉറങ്ങിയപ്പോൾ, അമ്മ”
“അമ്മ,,,”
“കറിക്കത്തികൊണ്ട് കഴുത്ത്‌മുറിച്ചിട്ട് അച്ഛനെ കൊന്നു”
“ങേ?”
“ഏട്ടന്റെ മാത്രമല്ല, എന്റെ അമ്മയെപോലെയും ആവാനാണ് എനിക്കിഷ്ടം. ഭർത്താവിനോട് എതിർത്തൊന്നും പറയാത്ത അമ്മയെപോലെ,,”
****************************************************

1/29/13

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും


അമ്മെ എഴുന്നേൽക്ക്”
അതിരാവിലെ സുഖനിദ്രയിൽ ലയിച്ച ഞാൻ കേട്ടത്, മരുമകളുടെ ശബ്ദം; അപ്പോൾ സ്വപ്നം തന്നെയാവാം. പുലരാൻ‌നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് ഇത്രയും‌നല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാനൊരു കൊതി. ബഡ്‌ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
“അമ്മെ,, ഇതാ, ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി”
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോൾ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോൾ,,, അതാ അവൾ,, ചൂടുള്ള ചായയുമായി മുന്നിൽ നിൽക്കുന്നു,,, മരുമകൾ സുഭാഷിണി, എന്റെ ഒരേഒരു മകൻ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയിൽ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാൻ തുടങ്ങി. കാക്ക മലർന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോൾ വെള്ളക്കാക്ക മലർന്ന് പറക്കുന്നുണ്ടാവാം!

                       ഇതുവരെ ‘അമ്മെ’ എന്ന്, നേരാം‌വണ്ണം വിളിക്കാത്ത മരുമകൾ അതിരാവിലെയുണർന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നിൽ വന്ന് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയിൽ കലക്കിയിട്ടുണ്ടാവുമോ? എന്നാലും, കിടക്കപായിൽ‌നിന്നും എന്നെ ഉണർത്തിയിട്ട് ആദ്യമായി മരുമകൾ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാൽ ചായ വാങ്ങി കുടിക്കുമ്പോൾ പലതരം സംശയങ്ങൾ എന്റെ തലയിൽ പുകയാൻ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോൾ അവൾ പറഞ്ഞു,
“രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട”
“അത്‌പിന്നെ നീ ഒറ്റക്ക്”
“ഇനി എല്ലാം ഞാൻ‌തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാൽ കുളിക്കാനായി ചൂടുവെള്ളവും തോർത്തും അമ്മേടെ ഡ്രസ്സും കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാൽ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം”

                        എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോൾ, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകൾ വെളിയിലിറങ്ങി. ഇവൾക്കെന്താ ഇങ്ങനെയൊരു മനം‌മാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങൾ മാറിയാൽ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവൾക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗൾഫിൽ ജോലിയുള്ള മകൻ ഫോൺ ചെയ്യുമ്പോൾ ഇനിമുതൽ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോർത്ത്, ഞാൻ വളരെയധികം സന്തോഷിച്ചു.  

                        പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണർന്ന്, ഞാൻ അടുക്കളയിൽ കയറിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകൾ രാവിലത്തെ വിഭവങ്ങൾ ഒരുക്കിയശേഷം മക്കൾക്ക് കൊണ്ടുപോവാനുള്ള ടിഫിൻ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കിൽ പാത്രത്തിൽ‌നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവൾക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയും‌കാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
“അമ്മൂമ്മെ എന്റെ ലഞ്ച്‌ ശരിയായൊ?”
കൊച്ചുമകൾ ഓടിവന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അവളാണ്,
“മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം”
“അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?”
മിക്സിയിൽ തേങ്ങ അരക്കാൻ തുടങ്ങുന്ന അവൾ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
“മോളെ ഇനിമുതൽ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്”
        
                        കുളിമുറിയിൽ കടന്ന ഞാൻ ടൂത്ത്‌ബ്രഷിൽ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയിൽ കടന്ന് നേരാം‌വണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകൾക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതൽ അഹങ്കാരം‌മൂത്ത് അവളെന്റെ തലയിൽ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടിൽ ഉണ്ടായിട്ടില്ല. ഞാൻ കേൾക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ
അതൊക്കെ ഇനി ചിന്തിക്കാൻ പാടില്ല, ഇന്നുമുതൽ എന്റെ മരുമകൾ സുഭാഷിണി നല്ലവളാണ്, ഭർത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവൾ.

                      പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ നോക്കിയപ്പോൾ കണ്ടത് കോടിയുടെ മണമുള്ള കസവ്‌മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടിൽ! അപ്പോൾ ഇത് അവൾ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാൻ അവളെ വിളിച്ചു,
“മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ”
“അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതൽ മുണ്ടും‌നേര്യതും അണിഞ്ഞാൽ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്”
“എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്”
“ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ പ്രായമായവർ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്”
അവൾ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോൾ നല്ല സാരി ഉടുത്താൽ‌പോലും കുറ്റം പറയുന്നവളാണ്. എന്നെ വഴക്ക് പറയുന്നത് അയൽ‌വാസികൾ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാൻ അവസരം ലഭിച്ചാൽ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?

പുതിയ വേഷത്തിൽ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകൾ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
“അമ്മെ, അമ്മയെക്കാണാൻ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാൻ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?”
“പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?”
“അത് സാരമില്ല, നമുക്ക് ചായ കുടിക്കാം”
                       എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകൾ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റിൽ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാൻ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാൻ പറഞ്ഞു,
“സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം”
“ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റിൽ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതൽ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാൽ മതി”
                        എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവൾ സ്നേഹിച്ചിരിക്കുമോ? ഇത്രയും കാലം  അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകൾക്ക് നല്ലബുദ്ധി തോന്നിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

                        ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓൺ‌ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയിൽ‌മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാൻ തുടങ്ങി,
“അതിരാവിലെ ജോലിയൊക്കെ തീർത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോൾ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,”
                         എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാൻ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോർത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണും‌നട്ട് ഞാൻ ചായ ഊതിയൂതി കുടിക്കാൻ തുടങ്ങി.
അപ്പോൾ,,,
വാർത്തകൾ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ വന്നു,
“ടീവി ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടൻ ആരംഭിക്കുന്നു. മത്സരത്തിന്റെ അവസാന റൌണ്ടിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരുകോടിയുടെ ഫ്ലാറ്റും നൂറ്‌പവൻ സ്വർണ്ണവും; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ..”
പരസ്യം കഴിഞ്ഞപ്പോൾ എന്റെ മരുമകൾ പറഞ്ഞു,
“ഫ്ലാറ്റിലൊക്കെ താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വർണ്ണം, അത്,,, നമ്മുടെ മോള് വലുതാവുകയല്ലെ?”
അപ്പോൾ സംഗതി!!!!
************************************************************