“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/29/13

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും


അമ്മെ എഴുന്നേൽക്ക്”
അതിരാവിലെ സുഖനിദ്രയിൽ ലയിച്ച ഞാൻ കേട്ടത്, മരുമകളുടെ ശബ്ദം; അപ്പോൾ സ്വപ്നം തന്നെയാവാം. പുലരാൻ‌നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് ഇത്രയും‌നല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാനൊരു കൊതി. ബഡ്‌ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
“അമ്മെ,, ഇതാ, ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി”
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോൾ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോൾ,,, അതാ അവൾ,, ചൂടുള്ള ചായയുമായി മുന്നിൽ നിൽക്കുന്നു,,, മരുമകൾ സുഭാഷിണി, എന്റെ ഒരേഒരു മകൻ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയിൽ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാൻ തുടങ്ങി. കാക്ക മലർന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോൾ വെള്ളക്കാക്ക മലർന്ന് പറക്കുന്നുണ്ടാവാം!

                       ഇതുവരെ ‘അമ്മെ’ എന്ന്, നേരാം‌വണ്ണം വിളിക്കാത്ത മരുമകൾ അതിരാവിലെയുണർന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നിൽ വന്ന് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയിൽ കലക്കിയിട്ടുണ്ടാവുമോ? എന്നാലും, കിടക്കപായിൽ‌നിന്നും എന്നെ ഉണർത്തിയിട്ട് ആദ്യമായി മരുമകൾ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാൽ ചായ വാങ്ങി കുടിക്കുമ്പോൾ പലതരം സംശയങ്ങൾ എന്റെ തലയിൽ പുകയാൻ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോൾ അവൾ പറഞ്ഞു,
“രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട”
“അത്‌പിന്നെ നീ ഒറ്റക്ക്”
“ഇനി എല്ലാം ഞാൻ‌തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാൽ കുളിക്കാനായി ചൂടുവെള്ളവും തോർത്തും അമ്മേടെ ഡ്രസ്സും കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാൽ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം”

                        എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോൾ, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകൾ വെളിയിലിറങ്ങി. ഇവൾക്കെന്താ ഇങ്ങനെയൊരു മനം‌മാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങൾ മാറിയാൽ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവൾക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗൾഫിൽ ജോലിയുള്ള മകൻ ഫോൺ ചെയ്യുമ്പോൾ ഇനിമുതൽ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോർത്ത്, ഞാൻ വളരെയധികം സന്തോഷിച്ചു.  

                        പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണർന്ന്, ഞാൻ അടുക്കളയിൽ കയറിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകൾ രാവിലത്തെ വിഭവങ്ങൾ ഒരുക്കിയശേഷം മക്കൾക്ക് കൊണ്ടുപോവാനുള്ള ടിഫിൻ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കിൽ പാത്രത്തിൽ‌നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവൾക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയും‌കാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
“അമ്മൂമ്മെ എന്റെ ലഞ്ച്‌ ശരിയായൊ?”
കൊച്ചുമകൾ ഓടിവന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അവളാണ്,
“മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം”
“അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?”
മിക്സിയിൽ തേങ്ങ അരക്കാൻ തുടങ്ങുന്ന അവൾ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
“മോളെ ഇനിമുതൽ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്”
        
                        കുളിമുറിയിൽ കടന്ന ഞാൻ ടൂത്ത്‌ബ്രഷിൽ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയിൽ കടന്ന് നേരാം‌വണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകൾക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതൽ അഹങ്കാരം‌മൂത്ത് അവളെന്റെ തലയിൽ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടിൽ ഉണ്ടായിട്ടില്ല. ഞാൻ കേൾക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ
അതൊക്കെ ഇനി ചിന്തിക്കാൻ പാടില്ല, ഇന്നുമുതൽ എന്റെ മരുമകൾ സുഭാഷിണി നല്ലവളാണ്, ഭർത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവൾ.

                      പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ നോക്കിയപ്പോൾ കണ്ടത് കോടിയുടെ മണമുള്ള കസവ്‌മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടിൽ! അപ്പോൾ ഇത് അവൾ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാൻ അവളെ വിളിച്ചു,
“മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ”
“അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതൽ മുണ്ടും‌നേര്യതും അണിഞ്ഞാൽ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്”
“എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്”
“ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ പ്രായമായവർ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്”
അവൾ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോൾ നല്ല സാരി ഉടുത്താൽ‌പോലും കുറ്റം പറയുന്നവളാണ്. എന്നെ വഴക്ക് പറയുന്നത് അയൽ‌വാസികൾ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാൻ അവസരം ലഭിച്ചാൽ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?

പുതിയ വേഷത്തിൽ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകൾ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
“അമ്മെ, അമ്മയെക്കാണാൻ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാൻ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?”
“പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?”
“അത് സാരമില്ല, നമുക്ക് ചായ കുടിക്കാം”
                       എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകൾ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റിൽ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാൻ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാൻ പറഞ്ഞു,
“സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം”
“ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റിൽ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതൽ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാൽ മതി”
                        എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവൾ സ്നേഹിച്ചിരിക്കുമോ? ഇത്രയും കാലം  അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകൾക്ക് നല്ലബുദ്ധി തോന്നിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

                        ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓൺ‌ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയിൽ‌മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാൻ തുടങ്ങി,
“അതിരാവിലെ ജോലിയൊക്കെ തീർത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോൾ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,”
                         എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാൻ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോർത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണും‌നട്ട് ഞാൻ ചായ ഊതിയൂതി കുടിക്കാൻ തുടങ്ങി.
അപ്പോൾ,,,
വാർത്തകൾ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ വന്നു,
“ടീവി ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടൻ ആരംഭിക്കുന്നു. മത്സരത്തിന്റെ അവസാന റൌണ്ടിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരുകോടിയുടെ ഫ്ലാറ്റും നൂറ്‌പവൻ സ്വർണ്ണവും; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ..”
പരസ്യം കഴിഞ്ഞപ്പോൾ എന്റെ മരുമകൾ പറഞ്ഞു,
“ഫ്ലാറ്റിലൊക്കെ താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വർണ്ണം, അത്,,, നമ്മുടെ മോള് വലുതാവുകയല്ലെ?”
അപ്പോൾ സംഗതി!!!!
************************************************************