“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/1/13

മാർച്ച് മാസത്തിന്റെ മോഹങ്ങൾ


                        സമയം വൈകുന്തോറും അദ്ധ്യാപകരുടെ വിശപ്പ് ഇരട്ടിക്കാൻ തുടങ്ങി; വീട്ടിൽ‌നിന്ന് കൊണ്ടുവന്ന ഉണക്കച്ചോറും പാകത്തിന് ഉപ്പും മുളകും ചേർക്കാത്ത ചമ്മന്തിയും നിറച്ച ലഞ്ച്‌ബോക്സ് തുറന്നുനോക്കാത്തവരുടെ കാര്യം പറയുകയേ വേണ്ട. ഈ കാര്യത്തിൽ അവരെയെന്തിന് കുറ്റം പറയണം? ഉച്ചക്കുശേഷം ബിരിയാണി കിട്ടുമെന്ന് ഉറപ്പായാൽ ആർക്കാണ് നട്ടുച്ചനേരത്ത് ചോറ് തിന്നാൻ തോന്നുക!

                     അതിരാവിലെ ഹോട്ടലിൽ നിന്നും നിർമ്മിച്ച ബിരിയാണി ആയിരിക്കും ആവശ്യക്കാരുടെ മുന്നിൽ ഉച്ചനേരത്ത് ചൂടോടെ എത്തിക്കുന്നത്, എന്നകാര്യം അത് വെട്ടിവിഴുങ്ങുന്നവർ ഒരിക്കലും ചിന്തിക്കാനിടയില്ല. മസാലയുടെയും ചിക്കന്റെയും നെയ്യുടെയും ഗന്ധം മൂക്കിൽ കടക്കുമ്പോൾ, അത് തിന്നുന്നവർ വിചാരിക്കുന്നത്, ‘അരമണിക്കൂർ‌മുൻപ്, കൊന്ന് തോല്‌പൊളിച്ച കോഴിയുടെ മാംസം വേവിച്ച് പത്ത്‌മിനിട്ട് മുൻപ് പാകപ്പെടുത്തിയ അരിയും മസാലയും മിക്സ് ചെയ്ത് നിർമ്മിച്ചതാണ്’ എന്നായിരിക്കും.
                        തൊട്ടടുത്ത ഹോട്ടലിൽ ഓർഡർ ചെയ്ത ഇരുപത്തി‌‌ എട്ട് പാക്കറ്റ് ബിരിയാണിയും അച്ചാറും തൈരും കടലാസ് പ്ലെയിറ്റും സ്ക്കൂളിൽ എത്തിച്ചത് കൃത്യം രണ്ട് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോഴാണ്. അതുകണ്ട് ഓടിയെത്തിയ സ്റ്റാഫ് സിക്രട്ടറി ഹോട്ടൽ തൊഴിലാളിയോട് തട്ടിക്കയറി,
“നിങ്ങളോട് മൂന്ന് മണിക്കല്ലെ കൊണ്ടുവരാൻ പറഞ്ഞത്; ഇത്ര നേരത്തെയെന്തിനാ കൊണ്ടുവന്നത്?”
“അത് മാഷെ, മൂന്ന് മണിക്കായാലും ഇതേ ബിരിയാണി തന്നെയല്ലെ കൊണ്ടുവരേണ്ടത്. അപ്പൊപിന്നെ അവിടെ ആയാലും ഇവിടെ ആയാലും സംഗതി ഒന്നുതന്നെയല്ലെ?”
മുതലാളി കൊടുത്ത ബില്ല് വായിച്ചശേഷം ബാഗിൽ‌നിന്ന് അഞ്ഞൂറ് രൂപ കൊടുത്തിട്ട് സെക്രട്ടറി പറഞ്ഞു,
“ഭക്ഷണം കഴിച്ചതിനു ശേഷമല്ലെ പണം തരേണ്ടത്; ഇപ്പം ഇതിരിക്കട്ടെ, ബാക്കി ഹോട്ടെലിൽ വന്ന് നേരിട്ട് കൊടുത്തുകൊള്ളും”  
  
                      ബിരിയാണി പാക്കറ്റുകൾ എണ്ണിനോക്കിയിട്ട് സ്റ്റാഫ്‌റൂമിലെ മേശപ്പുറത്ത് അടുക്കിവെക്കുന്നത് കണ്ടപ്പോൾ ഗണിതശാസ്ത്രം പറഞ്ഞു,
“ഏതായാലും നമ്മൾ പണം കൊടുത്ത് നമുക്കുതന്നെ തിന്നാൻ വാങ്ങിയതാണ്, അവിടെ വെക്കുന്നതിന് പകരം ഇങ്ങോട്ട് തന്നാൽ ബാഗിൽ വെക്കാമല്ലൊ”
ഗണിതത്തെ തറപ്പിച്ചൊന്ന് നോക്കിയശേഷം സ്റ്റാഫ് സെക്രട്ടറി മറുപടി പറഞ്ഞു,
“എടാ നിനക്കൊക്കെ തിന്നണം എന്ന ഒരൊറ്റ വിചാരേ ഉള്ളൂ, ആ എച്ച്.എം. റിട്ടയറാവുന്ന ഇന്നെങ്കിലും നിനക്ക് മറ്റുള്ളവരുടെ ഒപ്പരം ഇരുന്ന് തിന്നുകൂടെ?”
അവിടെ ഇരിക്കുന്ന എല്ലാവർക്കും കണക്ക് മാഷിന്റെ അഭിപ്രായം തന്നെയാണെന്ന് സ്റ്റാഫ് സെക്രട്ടറി ആയ ജോസ് എന്ന മലയാളത്തിന് നന്നായി അറിയാമെങ്കിലും അക്കാര്യം അറിയാത്തമട്ടിൽ നേരെ സ്ക്കൂൾ ഓഫിസിന് നേരെ നടന്നു.

                      ഓഫീസ്‌റൂമിന്റെ പിന്നിൽ ഇടതുവശത്തുള്ള ക്യാബിനിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് മൊബൈലിൽ ആരോടോ സംസാരിക്കുകയാണ്. സ്ക്കൂൾ മുഴുവൻ കേൾക്കാൻ പറ്റുന്നതരത്തിൽ സംസാരിക്കാൻ കഴിയുന്ന നമ്മുടെ ഹെഡ്‌ടീച്ചർ മൊബൈലിൽ ആയിരിക്കുമ്പോൾ തൊട്ടടുത്തിരിക്കുന്നവർപോലും ഒരക്ഷരവും കേൾക്കില്ല.
                     പത്ത് മിനിട്ട് നേരത്തെ സംഭാഷണത്തിനുശേഷം അകത്തേക്ക് കടന്ന സെക്രട്ടറി ടീച്ചറോട് പറഞ്ഞു,
“മാഡം, ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്; മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചിട്ട് നാല് മണിയാവാറായാൽ മീറ്റിംഗ് നടത്തിക്കൂടെ?”
“അയ്യോ വേണ്ട,, ആയിട്ടില്ല”
വിളറിയ മുഖത്തോടെ അതുവരെ കാണാത്ത ഭാവത്തിൽ ഹെഡ്‌മിസ്ട്രസ്സ് പറഞ്ഞത്‌കേട്ട് സ്റ്റാഫ് സിക്രട്ടറി ഞെട്ടി.
“വലിയൊരു പാർട്ടിയൊന്നും വേണ്ടെന്ന് പറഞ്ഞ്തുകൊണ്ടാണ് നമ്മൾ വെറും ബിരിയാണിയിൽ ഒപ്പിച്ചത്. അത് നേരത്തെ കഴിച്ചാലെന്താണ് തെറ്റ്?”
“മാർച്ച് മുപ്പത്തിഒന്ന് വരെ ഈ സർക്കാർ ഹൈസ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ്സാണ് ഞാൻ. അത് കഴിഞ്ഞിട്ട് മാത്രം പാർട്ടി നടത്തിയാൽ മതിയെന്ന് അന്നേ ഞാൻ പറഞ്ഞതാണല്ലൊ. പിന്നെ ഇന്ന് നടത്തുകയാണെങ്കിൽ അത് വൈകുന്നേരം മതിയെന്നും പറഞ്ഞതാണല്ലൊ”
“അതിപ്പം പരീക്ഷയെല്ലാം കഴിഞ്ഞതുകൊണ്ട് ബെല്ലടിച്ച് വിടാനായി സ്ക്കൂളിൽ കുട്ടികളൊന്നും ഇല്ലല്ലൊ; അപ്പോൾ സെന്റോഫ് അല്പം നേരത്തെ ആയാലെന്താണ് പ്രശ്നം? പിന്നെ, നാളെയാവുമ്പോ നാട്ടിൽ പോകുന്നവർക്ക് പങ്കെടുക്കാനാവില്ലല്ലൊ,,,”
“നിനക്ക് പ്രശ്നം ഇല്ലെങ്കിലും എനിക്ക് പ്രശ്നം ഉണ്ട്”
സെക്രട്ടറി പിന്നെയൊന്നും മിണ്ടിയില്ല. ഏത് മണ്ടത്തരമായാലും ടീച്ചർ പറഞ്ഞാൽ അത് മാറ്റമില്ലാതെ തുടരും എന്നാണ് ‘അനുഭവം ഗുരു’.
                       വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് വരാന്തയിൽ നിൽക്കുന്ന സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്ററെ കണ്ടത്. അതോടെ ഉള്ളിലെ ദേഷ്യം മൊത്തമായി വെളിയിലേക്ക് വന്നു,
“അല്ല ചാർജ്ജൊന്നും എഴുതി വാങ്ങുന്നില്ലെ? ഇനി പെൻഷനാവുന്ന ടീച്ചർ വീട്ടിൽ പോയിട്ടാണോ ചാർജ്ജ് ഹേന്റോവർ ചെയ്യുന്നത്?”
“ചാർജ്ജ് തന്നാൽ വാങ്ങും, അതിന് ഇന്ന് വൈകുന്നേരം വന്നാൽ മതീന്നാ പറഞ്ഞത്”
“ഈ ഒരുകൊല്ലം മുഴുവൻ കൊണ്ടുനടന്നിട്ടും ഈ ഹെഡ്‌ടീച്ചറെ നന്നാക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ലല്ലൊ; എന്തൊക്കെയാ കൊളമാക്കുന്നതെന്നറിയില്ല. അനുഭവിച്ചോ,,,”
“എന്റെ ജോസേ, ഞാനെന്ത് ചെയ്യാനാ? ടിച്ചർക്ക് ആരേം വിശ്വാസമില്ല. ഏതായാലും ഇന്നൊരുദിവസം കൂടി അനുഭവിച്ചാൽ മതിയല്ലൊ”

രണ്ടുപേരും നടന്ന് സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ അക്ഷമരായി കാത്തിരിക്കുന്ന അദ്ധ്യാപകർ ചോദിച്ചു,
“എന്നാൽ ഞങ്ങൾക്ക് തുടങ്ങാമല്ലൊ”
“തുടങ്ങാനായിട്ടില്ല, ‘വൈകുന്നേരം സ്ക്കൂൾ ടൈം കഴിഞ്ഞ് റിട്ടയേർഡ് ആയാൽ മാത്രമേ സെന്റോഫിൽ പങ്കെടുന്നുള്ളു’ എന്നാണ് സെന്റോഫ് ആവുന്നവർ പറഞ്ഞത്”
പെട്ടെന്ന് ലീലാമ്മ എന്ന ഹിന്ദി ചാടിഎഴുന്നേറ്റ് പറഞ്ഞു,
“അപ്പോൾ നാല്‌മണി കഴിഞ്ഞിട്ടോ? എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിനിന് പോകേണ്ടതാണ്”
“നാല് മണിയല്ല, ഹെഡ്‌മിസ്ട്രസ്സിന്റെ സമയം അഞ്ച് മണിയാണ്”
ലീലാമ്മ വലിയ ബാഗും സ്യൂട്ട്‌കെയ്സും എടുത്ത് എഴുന്നേറ്റപ്പോൾ കായിക‌അദ്ധ്യാപിക ശ്രീരഞ്ചിനി ഉച്ചത്തിൽ പറഞ്ഞു,
“അഞ്ച് മണിക്കുള്ള ട്രെയിനിൽ കയറി ഏറണാകുളത്ത് എത്തേണ്ടവരാണ്, ഇന്ന് ഉച്ചക്ക് പച്ചവെള്ളം പോലും ടീച്ചർ തിന്നിട്ടില്ല. ജോസ് മാഷെ, അവരുടെ പാക്കറ്റങ്ങ് കൊടുത്താട്ടെ”
ബിരിയാണി പാക്കറ്റ് കൊടുത്ത് ലീലാമ്മയെ പറഞ്ഞുവിട്ടതിനുശേഷമാണ് ജോസിന്റെ തലയിൽ പുത്തൻ ആശയം ഉദിച്ചത്,
“ഭക്ഷണമെല്ലാം ഹാളിൽ വെച്ച് നമുക്ക് റൂം അറേഞ്ച് ചെയ്യാം. ഹെഡ്‌ടീച്ചർ വന്നാൽ പെട്ടെന്ന് കഴിക്കാമല്ലൊ”

                          അതുവരെ വിശന്നിരിക്കുന്നവരുടെ ഇടയിൽ പെട്ടെന്നൊരു ഉണർവ്വ് വന്നു; ഹാളിലെ ബെഞ്ചും ഡസ്ക്കും മാറ്റാൻ തിരക്ക് കൂട്ടിയവർ‌തന്നെ ഭക്ഷണപാക്കറ്റുകൾ നിരത്തിവെച്ചു. കുടിക്കാനും കഴുകാനും ആവശ്യമുള്ള വെള്ളവും തയ്യാറാക്കിയപ്പോൾ സമയം നാല്‌മണി. അപ്പോഴാണ് പ്യൂൺ രമേശൻ നായരുടെ വരവ്,
“രാമചന്ദ്രൻ മാഷോട് അഞ്ച്‌മണി കഴിഞ്ഞ് ഓഫീസിൽ വരണമെന്ന് എച്ച്.എം. പറഞ്ഞു”
“ങെ, അത് ടീച്ചർ ഇങ്ങോട്ടൊന്നും വരുന്നില്ലെ?”
“നമ്മുടെ ഹെഡ്‌ടീച്ചറെ സാറിന് അറിയില്ലെ? അഞ്ച്‌മണി കഴിഞ്ഞ് റിട്ടയേർഡ് ഫ്രം സർവ്വീസ് എന്ന് രജിസ്റ്ററിൽ എഴുതിയിട്ട് ചാർജ്ജ് കൊടുത്തതിനുശേഷം മാത്രമേ നിങ്ങൾ കൊടുക്കുന്ന ബിരിയാണി കഴിക്കത്തുള്ളൂ”
“ഈ ടീച്ചറെന്തോന്നാ ചെയ്യുന്നത്?”
“ടീച്ചർ കമ്പ്യൂട്ടർ തുറന്ന് എന്തൊക്കെയോ തപ്പിനോക്കുന്നു”
“ഓ,, ഗെയിമു കളിക്കയായിരിക്കും,, പെൻഷനായാൽ ഇവർക്കിനി വീട്ടിന്ന് കളിച്ചാപോരെ?”

                         വിശപ്പിന്റെ മണവും ബിരിയാണിയുടെ മണവും ഒത്തുചേർന്ന രൂക്ഷമായ ഗന്ധം അസഹനീയമായപ്പോൾ ആ ഹാളിൽ നിന്ന് ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി. സംഗതി പിടിവിടുന്ന മട്ടായപ്പോൾ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാഷും ഒഫീസ്‌റൂമിലെത്തി. ക്ലർക്കും പ്യൂൺസും തിരക്കിട്ട് സ്വന്തം ജോലികൾ ചെയ്യുന്നതു കണ്ടപ്പോൾ സ്റ്റാഫ് സെക്രട്ടറി ചോദിച്ചു,
“ഇന്നത്തെ സെന്റോഫ് നിങ്ങളും ചേർന്നല്ലെ നടത്തുന്നത്,, അപ്പോൾ അത് കുറച്ച് നേരത്തെ ആവാമെന്ന് ടീച്ചറോട് പറഞ്ഞുകൂടെ?”
“മാഷെ ഞാനൊരു വെറും ക്ലാർക്ക്, നാളെയും അഞ്ച്‌മണി വരെ ഇവിടെയിരുന്ന് ജോലി ചെയ്യേണ്ടവൻ. നമ്മുടെ ഹെഡ് വരാതെ നമ്മളെങ്ങനെയാ പങ്കെടുക്കുന്നത്?”
                        മറുപടി പറയാതെ അകത്തേക്ക് കടന്നപ്പോൾ തിരക്കിട്ട് ഫയലുകളിൽ ഒപ്പിടുന്ന ഹെഡ്‌ടീച്ചറെയാണ് അവർ കണ്ടത്. അതിനിടയിൽ ഇന്റർനെറ്റ്‌ ഓൺ‌ചെയ്ത കമ്പ്യൂട്ടറിൽ സർക്കാൻ സൈറ്റുകൾ തുറന്നുനോക്കുകയും ചെയ്യുന്നുണ്ട്. കൃത്യം അഞ്ച് മണി ആയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കിയശേഷം എഴുന്നേറ്റ് സീനിയർ അസിസ്റ്റന്റിനെ നോക്കിയിട്ട് പറഞ്ഞു,
“മാഷെ എനിക്കുവേണ്ടി അല്പസമയംകൂടി ഇരിക്കണം. പെട്ടെന്ന് ഭക്ഷണം കഴിച്ചതിനുശേഷം ചാർജ്ജൊക്കെ ഒപ്പിട്ടുതരാം വല്ലാതെ വിശന്നുപോയി; എല്ലാവരും വന്നേ,,,”

                        വിരമിച്ചുകൊണ്ടിരിക്കുന്ന പ്രധാന അദ്ധ്യാപികയോടൊപ്പം ഓഫീസ്‌സ്റ്റാഫും സ്റ്റാഫ് സെക്രട്ടറിയും സീനിയർ അസിസ്റ്റന്റും ബിരിയാണി തിന്നാനായി ഹാളിലേക്ക് കടന്നപ്പോൾ അവിടെ അദ്ധ്യാപകരായി ആരും ഇല്ലെങ്കിലും പഴകിയ ബിരിയാണി പാക്കറ്റുകൾ പത്തെണ്ണം മേശപ്പുറത്ത് ഉണ്ടായിരുന്നു. 
“കായലരികത്ത് വലയെറിഞ്ഞപ്പോൾ,,,”
ആ നേരത്ത് വലയെറിഞ്ഞുകൊണ്ട് ശബ്ദിച്ച സ്വന്തം മൊബൈൽ ഓൺ ചെയ്യുമ്പോൾ ഹെഡ്‌മിസ്ട്രസ്സ് മറ്റുള്ളവരോടായി പറഞ്ഞു,
 "വീട്ടിന്നാണ്",
 “പിന്നേയ്,,, ഞാൻ കുറച്ചുകൂടി വൈകും,,, അഞ്ച്‌മണിവരെ നോക്കിയിട്ടും ഇന്ന് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പ്രായം കൂട്ടുന്നതായി ഒരറിയിപ്പും വന്നിട്ടില്ല. അതുകൊണ്ട് സ്ക്കൂളിലെ എല്ലാവരും കൂടീട്ട് ഇന്നെനിക്ക് സെന്റോഫ് തരുന്നുണ്ട്, കേട്ടോ”
ആദ്യമായി മറ്റുള്ളവർ കേൾക്കെ, വിരമിച്ച പ്രധാന‌അദ്ധ്യാപിക മൊബൈലിൽ സംസാരിച്ചു.
************************************