“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/23/13

ഗുരുവായൂർ യാത്രയിലെ പുണ്യം



                                          കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസ്സിലാണ് ആ അമ്മയും മകനും കയറിയത്. കയറിയപാടെ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റിൽ അമ്മ ഇരുന്നപ്പോൾ മകൻ ഇരുന്നത് പിൻ‌വാതിലിന് തൊട്ടടുത്ത സീറ്റിൽ. വളരെക്കാലം മുൻപ് അമ്മ പറഞ്ഞ ആഗ്രഹം, ‘ഗുരുവായൂരമ്പലത്തിൽ പോയി കുളിച്ചുതൊഴുത് കണ്ണനെ കാണണമെന്ന ആഗ്രഹം’ നിറവേറ്റാനാണ് അവരുടെ യാത്ര. തൊണ്ണൂറ് കഴിഞ്ഞെങ്കിലും അമ്മയുടെ ആഗ്രഹം നിറവേറ്റേണ്ടത് ഏക മകന്റെ കടമയാണല്ലൊ.
                      കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസ്സ് തലശ്ശേരി കഴിഞ്ഞ് കോഴിക്കോട് എത്തി. പത്ത് മിനിട്ട് കഴിഞ്ഞ് കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും ബസ്സ് പുറപ്പെടാൻ നേരത്ത് പിറകിലെ സീറ്റിലിരുന്ന മകൻ പതുക്കെ ബസ്സിൽ‌നിന്നും ഇറങ്ങിയനേരത്ത് അമ്മ അതേ ബസ്സിൽ യാത്ര തുടർന്നു.

ഇറങ്ങിയ ഉടനെ മകൻ മൊബൈലെടുത്ത് വീട്ടിലിരിക്കുന്ന ഭാര്യയെ വിളിച്ചു,
“എനിക്ക് ബുദ്ധിയില്ല എന്നല്ലെ നീ എപ്പോഴും പറയാറുള്ളത്,,, എടീ,, ഞാനിവിടെ കോഴിക്കോട് ബസ്‌സ്റ്റാന്റിൽ ഇറങ്ങി; അക്കാര്യം അറിയാതെ ചെവികേൾക്കാത്ത ആ തള്ളയോടൊപ്പം ബസ്സ് പോയി. ഇനി ഗുരുവായൂരോ പഴനിയിലോ രാമേശ്വരത്തോ എങ്ങോട്ടെങ്കിലും പോയിതുലയട്ടെ. എങ്ങനെയുണ്ടെന്റെ ബുദ്ധി?”
“അയ്യോ അത്,,,”
“എന്താടി പറ്റിയത്?”
“നിങ്ങളെന്തൊരു പണിയാ കാണിച്ചത്? വീടും പറമ്പും ആ തള്ളയിൽ‌നിന്നും എഴുതി വാങ്ങിച്ചെങ്കിലും അവരുടെ പേരിൽ പതിനായിരം രൂപ ബാങ്കിൽ കിടക്കുന്നുണ്ടെന്ന് അറിയില്ലെ? അതും‌കൂടി എടുത്തിട്ട് എങ്ങോട്ടെങ്കിലും കളഞ്ഞാൽ പോരെ?”
“അയ്യോ ഞാനക്കാര്യം മറന്നുപോയി, പെട്ടെന്നൊരു ടാക്സി പിടിച്ച് ബസ്സിന്റെ പിന്നാലെ പോയി അവരെയും കൂട്ടി തിരികെ വീട്ടിലേക്ക് വരാം”
അയാൾ തൊട്ടടുത്ത് നിൽക്കുന്ന ടാക്സിയിൽ കയറിയിട്ട് ഡ്രൈവറോട് പറഞ്ഞു,
“ഇപ്പോൾപോയ ഗുരുവായൂർ ബസ്സിനകത്ത് അമ്മയുണ്ട്; അവരതിൽ‌നിന്ന് ഇറങ്ങാൻ മറന്നുപോയി. പിന്നാലെ വിട്ടോ”
ഗുരുവായൂരപ്പൻ ഇതെല്ലാം അറിയുന്നുണ്ടോ,,, എന്തോ,,,?!  
******************************************