“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

6/13/16

തീവണ്ടി പോകുമ്പോൾ സംഭവിക്കുന്നത്




“ഹലോ,,”
“ഹലോ....ആരാ ഇത്..??”
“ഹലോ ഇത് കോണ്‍ട്രാക്റ്റർ രമേശൻ അല്ലെ..?”
“അതേ കോണ്‍ട്രാക്റ്റർ രമേശനാണ്,, നിങ്ങളാരാണ്?”
“ഇത് ഞാനാണ്, മിസ്സിസ്സ് സുലോചന വിശ്വനാഥൻ”
“ഹായ് മാഡം എന്തുണ്ട് വിശേഷം.. എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ?”
“പുതിയ വീട്!!?? തന്നെ എനിക്കൊന്ന് കാണണം,, എന്ത് വീടാണ് താൻ ഉണ്ടാക്കിത്തന്നത്?”
“വീടിനെന്താണ് കൊഴപ്പം? എല്ലാം അടിപൊളിയല്ലേ”
“അടിപൊളിയും... ഒരു കിലോമീറ്റർ അപ്പുറത്തുകൂടി തീവണ്ടി പോകുമ്പോഴ് എന്റെ വീടിന്‍റെ അടി പൊളിയാൻ തുടങ്ങി”
“ങേ അതെന്ത് പറ്റി?”
“ഒന്നും പറ്റിയില്ല,, മര്യാദക്ക് താനിവിടെ വരുന്നതായിരിക്കും നല്ലത്,,, അല്ലെങ്കില്‍ എന്‍റെ തനിസ്വഭാ‍വം താനറിയും പറഞ്ഞേക്കാം”


                    ഉച്ചഭക്ഷണം കഴിച്ചഉടനെ കോണ്‍ട്രാക്റ്റർ രമേശൻ ആട്ടോ വിളിച്ച് നേരെ സുലോചന വിശ്വനാഥന്റെ വീട്ടിലെത്തിയപ്പോൾ വാതില്‍ക്കൽതന്നെ അവർ നിൽക്കുന്നുണ്ട്. രമേശനെ കണ്ടപ്പോൾ അയാളെ നോക്കിക്കൊണ്ടു പറഞ്ഞു ,

“കയറി വാടോ അകത്തേക്ക്, വന്നുനോക്ക് താനുണ്ടാക്കിയ വീടിന്‍റെ കൊണം."
“ഈ വീടിനെന്താണ് കുഴപ്പം?”
“കുഴപ്പമൊക്കെ കാണിച്ചുതരാം താനിങ്ങോട്ട് വാ”



                    ഇത്രയും പറഞ്ഞ് സുലോചനചേച്ചി മുകളിലത്തെ നിലയിലേക്ക് കയറിയപ്പോൾ  പോലീസ് നായയുടെ പിന്നാലെപോകുന്ന പോലീസുകാരനെപോലെ കോണ്‍ട്രാക്ടറും മുകളിലെത്തി. അവിടെയുള്ള ബെഡ്റൂമിലെ വലിയൊരു കട്ടിൽ ചൂണ്ടികാട്ടിയിട്ട് അവർ പറഞ്ഞു,

“സമയം രണ്ടേ നാല്പത്തിഅഞ്ച് ഇന്റർസിറ്റി ഇപ്പോൾ കടന്നുപോവും. ആ കട്ടിലിലൊന്ന് കയറി നീലഷീറ്റ് വിരിച്ച കിടക്കയിൽ താനൊന്ന് കിടന്നേ,,, അപ്പോൾ അറിയാം എന്താ സംഭവിക്കുന്നത് എന്ന്,,,”
“എങ്കിൽ അതൊന്നു അറിഞ്ഞിട്ടുതന്നെ കാര്യം”

           രമേശൻ കട്ടിലിൽ കയറി ഇന്റർസിറ്റിക്കായി കാത്തുകിടന്നു. അങ്ങനെ കാതോർത്ത് കിടക്കവെ ട്രെയിൻ പോവുന്ന ശബ്ദം കേട്ടപ്പോൾ പറഞ്ഞു,

“വണ്ടിപോയിട്ടും ഒന്നും സംഭവിച്ചില്ലല്ലൊ, അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാണ്”

“വെറുതെ തോന്നാൻ എനിക്കെന്താ ഭ്രാന്തുണ്ടോ? മൂന്നുമണിക്ക് ഷൊർണ്ണൂർ പാസഞ്ചർ വരും അതുവരെ അവിടെക്കിടക്ക്,, തിരക്കൊന്നും ഇല്ലല്ലൊ”

“ഹെയ് എനിക്ക് തിരക്കൊന്നും ഇല്ല,, വൈകുന്നേരം ഒരു ചായ പതിവാണ്”

“അതൊക്കെ ശരിയാക്കാം, എന്റെ വീടിന്റെ പ്രശ്നമൊന്ന് പരിഹരിക്ക്,, മര്യാദക്ക് ഉറങ്ങിയിട്ട് നാളെത്രയായെന്നോ”



രമേശൻ ചെവിയോർത്ത് കിടന്നപ്പോൾ പാസഞ്ചറും കടന്നുപോയി,, വീടിന് ഒരു പോറലും ഏൽ‌പ്പിക്കാതെ,, രമേശന് ദേഷ്യം വന്നു,

“മനുഷ്യനെ മെനക്കെടുത്താൻ,, പുതിയ വീടിന്റെ സൈറ്റിൽ പോവേണ്ട ഞാനാണ് ഇവിടെ വെറുതെ കിടക്കുന്നത്,,,”

“അപ്പോൾ ഞാൻ കള്ളം പറയുന്നുവെന്നോ? ഞാനും വിശ്വേട്ടനും ഒന്നിച്ചു കിടക്കുമ്പോഴാണ് ട്രെയിൻ പോവുമ്പോൾ വീടാകെ കുലുങ്ങുന്നത്”

“വെറുതെയല്ല ഞാനൊറ്റക്ക് കിടന്നിട്ടല്ലെ കുലുക്കമില്ലാത്തത്, ഇനിയെന്താ ചെയ്യുക? എന്നോടൊപ്പം മാഡവും കിടക്ക്, എന്നിട്ട് കുലുങ്ങുമെങ്കിൽ പരിഹാരമായി വീട് പൊളിച്ചുപണിയാം”

“അത് ശരിയാണല്ലൊ,,, അടുത്ത ട്രെയിൽ മംഗലാപുരം ഫാസ്റ്റാണ്; അതിപ്പോൾ വരാറായി”

“ശരി, വേഗം കിടന്നാട്ടെ,,”



                 മിസ്സിസ്സ് സുലോചന വിശ്വനാഥൻ തീവണ്ടിയുടെ വരവ് പ്രതീക്ഷിച്ച് കോണ്‍ട്രാക്റ്റർ രമേശന്റെ കൂടെ സ്വന്തം കട്ടിലിൽ കിടക്കുന്ന നല്ല നേരത്താണ് അവരുടെ ഒരേയൊരു ഭർത്താവ് വിശ്വനാഥന്റെ രംഗപ്രവേശനം. അറിയപ്പെടുന്ന രൗദ്രഭാവങ്ങളെല്ലാം വെളിയിലെടുത്ത് അദ്ദേഹം സ്വന്തം ഭാര്യയെയും രമേശനെയും നോക്കികൊണ്ട് അലറി,

“നീ എന്തിനാടാ എന്‍റെ ബഡ്റൂമിൽ എന്റെ ഭാര്യയുടെകൂടെ കിടക്കുന്നത്..???”

ഞെട്ടിയെണിറ്റ് രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു,
“ഇപ്പോൾ ട്രെയിൻ വരും, മംഗലാപുരം ഫാസ്റ്റ്. അതിന്റെ വരവുംകാത്ത് നമ്മൾ കിടക്കുകയാണ്”
                       **************************************