“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

12/31/18

പിരിഞ്ഞുപോകുന്നവർ

2018 ഡിസമ്പർ മാസം സ്ത്രീശബ്ദം മാസികയിൽ വന്ന കഥ,,
എന്റെ സ്വന്തം കഥ,,

    ബസ്സിൽ‌നിന്ന് ഇറങ്ങിയശേഷം മനസ്സുനിറയെ ചിന്തകളുമായി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ കയറിയിട്ട് കിതപ്പ് മാറ്റുമ്പോഴാണ് ലിഫ്റ്റ് ഉണ്ടായിരിക്കുമല്ലൊ എന്നോർത്തത്. ഒരു ദിവസം ലീവെടുത്തത് വെറുതെയാവല്ലേ എന്ന പ്രാർത്ഥനയോടെ ഹോം നേഴ്സിങ്ങ് സ്ഥാപനത്തിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.

      വിശാലമായ മുറിയിൽ ഒതുക്കിവെച്ച ഉപകരണങ്ങളുടേയും ഫയലുകളുടേയും മുന്നിൽ സ്ഥാപനമേധാവിയായ മാഡം ഇരിക്കുന്നുണ്ട്. കറങ്ങുന്ന കസാരയിൽ ഉൾക്കൊള്ളാനാവാത്ത ആകാരഭം‌ഗിയുള്ള അവർ വലിയൊരു പുസ്തകത്തിനകത്ത് തല താഴ്ത്തിയിരിപ്പാണ്. ഞാൻ പറഞ്ഞു,

“ഒരു മണിക്കൂർ മുൻപ് ഫോൺ ചെയ്തിരുന്നു,,,”              

വാക്കുകൾ പൂത്തിയാവുന്നതിനു മുന്നെ അവർ പറഞ്ഞു,

“ഓ ടീച്ചർ,, ബഡ്‌‌റസ്റ്റിലുള്ള അമ്മയെ പരിചരിക്കാൻ ഹോം‌‌‌നേഴ്സിനെ വേണം. ഇന്നേതായാലും ഓക്കെയാവും അഞ്ചാറുപേർ ഡ്യൂട്ടി റിലീവുചെയ്ത് വരുന്നുണ്ട്. അതുവരെ കാത്തിരിക്കാൻ വിഷമമില്ലല്ലൊ?”

“ഇന്നേതായാലും ഞാൻ ലീവെടുത്തു; ഇന്നലെ രാവിലെ പെട്ടെന്നാണ് ഇവിടെനിന്നും അയച്ച ലിസമ്മ പോയത്. അവളുടെ അമ്മായിഅമ്മക്ക് ബോധമില്ലാതായി പോലും”

“സംഗതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീച്ചറിവിടെ അല്പസമയം ഇരിക്ക്”


       സമീപമുള്ള ചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ മൂന്ന് ചെറുപ്പക്കാരികൾ അകത്തേക്ക് വന്നു. വന്നപാടെ കൂട്ടത്തിലൊരുത്തി ഒച്ചവെച്ച് സംസാരിക്കാൻ തുടങ്ങി,

“മാഡം ആ വീട്ടിൽ ഞാനിനി പോകുന്ന പ്രശ്നമേയില്ല”

“അതെന്താ രാഗിണീ,, അങ്ങനെ പറയുന്നത്? നീ പോയ വീട്ടിൽ പ്രായമായ മുത്തശ്ശി മാത്രമല്ലേയുള്ളൂ,, ജോലിയാണെങ്കിൽ കുറവ്”

“ഹോ,, പ്രായമായ ഒരു സാധനം,, വീട്ടിനകത്തു ചെരിപ്പിടാൻ പറ്റില്ല. പിന്നെ ചൂരീദാറിട്ടാൽ ഷാൾ‌കൊണ്ട് മൂടണം, രാവിലെതന്നെ കുളിക്കണം, പാട്ടുപാടരുത്, ഉച്ചത്തിൽ സംസാരിക്കരുത്, എന്തൊക്കെയാണ് അവരുടെ നിയമങ്ങൾ! എനിക്ക് മടുത്തു,,,”

      പറഞ്ഞുകൊണ്ടിരിക്കെ വന്നവരെല്ലാം ഉൾ‌വശത്തെ മുറിയിൽ കയറി വാതിലടച്ചപ്പോൾ എന്നെ നോക്കിയിട്ട് മാഡം പറഞ്ഞു,

“ടീച്ചർക്ക് ഇക്കൂട്ടത്തിലുള്ളവരൊന്നും പോരല്ലൊ,,”

“എന്റെ അമ്മ കിടപ്പിലാണെങ്കിലും ഒരാളുടെ സഹായം ഉണ്ടായാൽ എഴുന്നേറ്റിരിക്കുകയും ബാത്ത്‌റൂമിൽ പോവുകയും ചെയ്യും. പിന്നെ സമയം നോക്കിയിട്ട് മരുന്നും ഭക്ഷണവും കൊടുക്കണം”

“അങ്ങനെയാനെങ്കിൽ രാധമ്മ ഇപ്പോൾ വരും, ടീച്ചർക്കവരെ ഇഷ്ടപ്പെടും”

“വളരെ ഉപകാരം”


     ആശ്വാസത്തോടെ അവിടെയിരുന്നപ്പോൾ മനസ്സിൽ പലതരം ചിന്തകൾ ഉയർന്നുവരാൻ തുടങ്ങി. ‘മകൾക്കൊരു ആവശ്യം വന്നപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്ത നിനക്കിപ്പോൾ പെറ്റമ്മയെ നോക്കാൻ നേരമുണ്ടായല്ലൊ’, എന്ന് ഭർത്താവ് പറയുന്നത് കുറ്റപ്പെടുത്തലാണെങ്കിലും സംഭവിക്കുന്നത് അങ്ങനെയാണ്. കാലം മാറിയപ്പോൾ അണു‌കുടുംബത്തിലേക്ക് ജീവിതം പറിച്ചുനട്ടതാണെങ്കിലും അമ്മക്കും അച്ഛനും ആകെയൊരു മകളായ എനിക്ക് കടമകളിൽ‌നിന്ന് ഒളിച്ചോടാനാവില്ലല്ലൊ. ആശുപത്രിയിലെ ലേബർ റൂമിന്റെ അടഞ്ഞവാതിലിനു മുന്നിലുള്ള കാത്തിരിപ്പിന്റെ ഒടുവിൽ പിഞ്ചുകുഞ്ഞിനെ ഇരുകൈകളിൽ വാങ്ങുമ്പോൾ ഉള്ളം‌നിറഞ്ഞ് ചിരിക്കുന്ന അമ്മൂമ്മവേഷം അണിയാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ഒരുമാസം മുൻപ് കൊച്ചുമകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തുനിന്നും മകൾ വീട്ടിലെത്തിയപ്പോൾ അതിരുകവിഞ്ഞ സന്തോഷം നിറഞ്ഞിരുന്നു.

     അദ്ധ്യാപനജീവിതത്തിന്റെ അവസാന വർഷങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ വീട്ടുചുമതലകളും അമ്മയുടെ രോഗാവസ്ഥയും കടന്നുവന്നപ്പോൾ ഏകമകളുടെ കടിഞ്ഞൂൽ പ്രസവവും ശുശ്രൂഷയും ഒഴിഞ്ഞുമാറലിൽ കലാശിച്ചു. അന്യരാജ്യത്തുവെച്ച് മകൾ പ്രസവിക്കുമ്പോൾ കുഞ്ഞിനെ ഏറ്റുവാങ്ങിയത് മകളുടെ ഭർത്താവ് തന്നെ. കാലം മാറിയപ്പോൾ എല്ലാം ന്യൂജൻ ആയിരിക്കുന്നു,, ജനനത്തിനും മരണത്തിനും ജീവിതത്തിനും ഇടയിൽ ഹോം‌‌‌നേഴ്സ് എന്ന ഘടകം കടന്നു വന്നിരിക്കയാണ്. മകളുടെ പ്രസവം നടക്കുമ്പോൾ ആശുപത്രിയിലെ ലേബർ റൂമിനകത്ത് ഗർഭിണിയുടെ ഭർത്താവോ അടുത്ത ബന്ധുക്കളൊ ഉണ്ടാവണം പോലും. എത്ര മനോഹരമായ രാജ്യം,,, എത്രനല്ല നിയമം!


          ആളുകൾ വരികയും പോവുകയും ചെയ്യുന്നതിനിടയിൽ എനിക്കുശേഷം വന്ന രണ്ട് പുരുഷന്മാർ പുതിയ ഹോം‌ നേഴ്സിനെ ഏറ്റെടുത്തശേഷം പണമടച്ചിട്ട് അവരുമായി സ്ഥലം‌വിട്ടു. ഏതാനും വർഷമായി എന്റെ വീട് ഹോം‌‌നേഴ്സുമാരുടെ കുടിയേറ്റ മേഖലയാണ്. അതുവരെ വീട്ടിലെ എല്ലാ ജോലിയും ഒറ്റക്ക് ചെയ്തിരുന്ന അമ്മയെ രോഗിയാക്കി മാറ്റിയത് നാലുകൊല്ലം മുൻപുള്ള വീഴ്ചയാണ്. അതോടൊപ്പം പ്രഷറും ഷുഗറും കടന്നുവന്ന് രോഗാവസ്ഥയിൽ വേദന തിന്നുന്ന അമ്മയെ തനിച്ചാക്കിയിട്ട് പോയാലൊരു മനസമാധാനം ലഭിക്കില്ല. ഭാര്യയുടെ അമ്മ ആയതുകൊണ്ടാവണം അങ്ങേർക്ക് ഇക്കാര്യത്തിൽ ഒരുപങ്കും ഇല്ലാത്ത മട്ടാണ്. അടുത്തകാലത്തായി ആശുപത്രിയും വീടും ആയിട്ട് വേദനകൾ നിറഞ്ഞ ഓരോ ദിവസവും എണ്ണിത്തീർക്കുകയാണെന്ന് അമ്മയുടെ കണ്ണുകൾ നോക്കിയാലറിയാം. ജോലി കിട്ടിയ ഉടനെ വിവാഹം കഴിഞ്ഞതുകൊണ്ട് അച്ഛനും അമ്മക്കും ഭാരമാവാതിരുന്ന മകളാണ് ഞാനെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. ആവശ്യമുള്ളതെല്ലാം ചെയ്തു‌കൊടുക്കുന്നു‌ണ്ടെങ്കിലും അദ്ധ്യാപന ജോലി ഒഴിവാക്കിയിട്ട് അമ്മയോടൊപ്പം വീട്ടിലിരിക്കാൻ പറ്റുമോ?  അമ്മയുടെ പരാതി കേൾക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരാറുണ്ടെങ്കിലും ഞാനെന്തു ചെയ്യാനാണ്?,,


        ഉച്ചയാവാറായപ്പോഴാണ് പ്രായക്കൂടുതലുള്ള ഒരു യുവതി അകത്തേക്ക് വന്നത്. അവരെ കണ്ട ഉടനെ മാഡം എന്നെ നോക്കി,

“ടീച്ചറെ ആളെത്തീ,,”

        മനസ്സിലെ ആശ്വാസം പ്രകടിപ്പിക്കാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തിയിട്ട് ആ സ്ത്രീയെ നോക്കി,, ഏതാണ്ട് അറുപതിനു മുകളിൽ പ്രായം വരും. അദ്ധ്വാനശീലയാണെന്ന് തോന്നിക്കുന്ന തടിച്ചുരുണ്ട ദേഹം,, അമ്മയെ എടുത്തുയർത്താൻ ഇവർക്ക് നിഷ്‌പ്രയാസം കഴിയും. പെട്ടന്നുതന്നെ അവർ പറയുന്ന തുക എണ്ണിക്കൊടുത്ത് രജിസ്റ്ററിൽ ഒപ്പുവെച്ചപ്പോൾ രാധമ്മ എന്ന സ്ത്രീ എന്റെ വീട്ടിലെ ഹോം‌നേഴ്സ് ആയി ഡ്യൂട്ടിയിൽ പ്രവേശിച്ചു. അവരെയും കൂട്ടി വെളിയിലിറങ്ങാൻ നേരത്ത് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദീകരിച്ചപ്പോൾ ഒരു സംശയം,

“ചേച്ചി ടീച്ചറാണല്ലെ?,,, അപ്പോൾ ഭക്ഷണമൊക്കെ ഞാനുണ്ടാക്കണോ?”

“ഭക്ഷണമെല്ലാം രാവിലെത്തന്നെ ഞാനുണ്ടാക്കും, എട്ടുമണിക്ക് സ്ക്കൂളിലേക്ക് ഞാൻ പോകുമ്പോൾ ഒപ്പം ഭർത്താവ് ടൌണിലുള്ള കടയിലേക്ക് ഇറങ്ങും. വൈകിട്ട് അഞ്ചര കഴിഞ്ഞ് ഞാൻ വരുന്നതുവരെ അമ്മയെയും വീടിനേയും നോക്കണം; വീട്ടിൽ മറ്റാരുമില്ല. അവധി ദിവസങ്ങളിൽ ഞാനും വീട്ടിലുണ്ടാവും”

“അതൊക്കെ എനിക്ക് ശീലമാണ്,, ഇതുപോലെയുള്ളൊരു ഡ്യൂട്ടി അവസാനിച്ചപ്പോഴാണ് ഞാനിങ്ങോട്ട് വന്നത്”

“അവസാനിച്ചതോ? എങ്ങനെ?”

“അത് അവിടത്തെ പ്രായമുള്ള മുത്തശ്ശി മരിച്ചപ്പോൾ എന്റെ ജോലി തീർന്നു”

മനസ്സിന്റെ ഉള്ളിലൊരു ഞെട്ടൽ,, പെട്ടെന്ന് ഞാൻ വിഷയം മാറ്റി,

“നമുക്ക് ഭക്ഷണം കഴിക്കാം, ഉച്ചയായില്ലെ?”

“ഭക്ഷണം കഴിക്കാൻ അടുത്തൊരു നല്ല ഹോട്ടലുണ്ട്”

“ശരി”


     അല്പം നടന്നപ്പോൾ പുറമേ ചെറുതെങ്കിലും അകം വിശാലമായ ഹോട്ടലിൽ കയറിയിട്ട് ഉച്ചഭക്ഷണം കഴിച്ചു. അതിനിടയിൽ രാധമ്മയുടെ വീട്ടുകാര്യങ്ങളൊക്കെ ഞാൻ തിരക്കി. ഭർത്താവിന് കാര്യമായ ജോലിയില്ലെങ്കിലും ഭാര്യയുടെ പണം ചെലവാക്കാൻ അയാൾ മിടുക്കനാണ്. അകാലത്തിൽ വിധവയായ മകൾക്കും അവളുടെ രണ്ട് കുട്ടികൾക്കും വേണ്ടിയാണ് ഈ പ്രായത്തിലും അവർ അദ്ധ്വാനിക്കുന്നത്. വീട് അകലെയൊരു ഗ്രാമത്തിലാണെങ്കിലും പട്ടണവും വഴികളും എന്നെക്കാൾ പരിചയം,,

ഭക്ഷണം കഴിഞ്ഞ് ബസ്‌സ്റ്റാന്റിൽ എത്തിയപ്പോൾ രാധമ്മ പറഞ്ഞു ,

“ടീച്ചറെ സാധനങ്ങളൊന്നും വാങ്ങിയില്ല”

“ഓ അതുഞാൻ മറന്നുപോയി, ഇവിടെനിന്നുതന്നെ എല്ലാം വാങ്ങാം”

        ഹോം‌‌നേഴ്സിന് ആവശ്യമുള്ളതൊക്കെ പണിയെടുപ്പിക്കുന്ന വീട്ടുകാർ കൊടുക്കണം എന്നാണ് നിയമാവലി. സൂപ്പർ മാർക്കറ്റിന്റെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു,

“ആദ്യം അമ്മക്ക് വേണ്ടതൊക്കെ വാങ്ങാം, എനിക്കുവേണ്ടത് പിന്നീട് മതി”

“അമ്മക്ക് ഹോർലിക്സും പഴവും വേണം, ഓട്സ് കഴിക്കാനുള്ളത് വീട്ടിലുണ്ട്”

“അതൊന്നുമല്ല,, അമ്മയിപ്പോൾ കൂടുതൽ സമയം കിടപ്പിലല്ലെ. അപ്പോൾ ഡയപ്പർ കെട്ടിയാൽ ഇടയ്ക്കിടെ ബാത്ത്‌റൂമിൽ പോകുന്നത് ഒഴിവാക്കാമല്ലൊ. അതെല്ലാം അടുത്തുള്ള മെഡിക്കൽ ഷാപ്പിൽ കിട്ടും. പിന്നെ അമ്മ നല്ല തടിയുള്ള ആളാണോ?”

“അല്ല, ഇപ്പോൾ നന്നായി മെലിഞ്ഞിരിക്കയാണ്”

മെഡിക്കൽ സ്റ്റോർ ജീവനക്കാരെല്ലാം പരിചയക്കാർ; ആവശ്യം രാധമ്മ പറഞ്ഞു,

“അഡൽട്ട് ഡയപ്പർ മീഡിയം സൈസ്, പിന്നെ പൌഡറും വേണം”

“എത്രയെണ്ണം വേണം”

“ഇപ്പോഴൊരു ആറെണ്ണം മതിയാവും,, വലിയ വിലയല്ലെ, ബാക്കി പിന്നീട് വാങ്ങാമല്ലോ”

പെട്ടെന്ന് ഞാൻ ഇടപെട്ടു,

“ഒരു പതിനഞ്ചെണ്ണം എടുത്തോ, ഒന്നിച്ചു വാങ്ങുന്നതാണ് നല്ലത്”

പണം കൊടുത്തിട്ട് സാധങ്ങളുടെ കെട്ടുമായി ഇറങ്ങിയപ്പോൾ രാധമ്മ പറഞ്ഞു,

“ഇനി എനിക്കാവശ്യമുള്ളത്,, ഒപ്പം അമ്മക്ക് ഭക്ഷണത്തിനുള്ളതും വേണം”

“സ്റ്റേഷനറി കടയിൽ കയറിയപ്പോൾ അവർ അവശ്യവസ്തുക്കളുടെ ലീസ്റ്റ് പറഞ്ഞു. ടൂത്ത് പെയ്സ്റ്റ്, സോപ്പ്, ചീപ്പ്, പെയിൻ‌ബാം, പൌഡർ തൊട്ട് തലയിൽ തേക്കാനുള്ള പാരച്യൂട്ട് വരെ,, എല്ലാം ആയപ്പോഴാണ് ഒടുവിലത്തെ ഐറ്റം വന്നത്,

“ടീച്ചറെ മൊബൈലിൽ കാർഡ് ഇടണം. വെറും ഇരുപത് ഉറുപ്പികക്ക് മതി”


        രാധമ്മയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു,, ഇനിയങ്ങോട്ട് ഞാൻ ചെയ്യേണ്ട കടമകളെല്ലാം ചെയ്യേണ്ടത് അവളല്ലേ, എനിക്കുപകരം അമ്മയെ ശുശ്രൂഷിക്കുന്നതല്ലേ,, പണത്തിന്റെ കാര്യത്തിലെന്തിന് കുറവുവരുത്തണം,, മൊബൈൽ ഷോപ്പിലെത്തിയപ്പോൾ ഞാൻ പറഞ്ഞു,

“ചുരുങ്ങിയത് മൂന്ന് മാസം രാധമ്മ എന്റെ വീട്ടിലുണ്ടാവുമല്ലൊ,,, ഏതാ കമ്പനി?”

“എയർടെൽ”

“200 രൂപക്ക് ചാർജ്ജ് ചെയ്തോ, നമ്പർ പറഞ്ഞുകൊടുക്ക്,,”

            എന്റെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് സന്തോഷം വർദ്ധിച്ചു. എല്ലാം വാങ്ങിയിട്ട് വീട്ടിലേക്ക് പോകാനാനുള്ള ബസ് നോക്കിയിട്ട് നടക്കുമ്പോൾ അവർ പറഞ്ഞു,

“ടീച്ചറെ,, ഇന്നത്തെകാലത്ത് മുതിർന്നവർക്ക് സ്വന്തം കുട്ടികളെ നോക്കാൻ‌പോലും നേരമില്ലാത്തപ്പോൾ പ്രായമുള്ളവരെകുറിച്ച് അവരൊട്ടു ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ നോക്കാനാണ് ഞങ്ങളെപ്പോലുള്ള ആളുകൾ”

അമ്മ പറയുന്നതുപോലെ രാധമ്മയും പറയുന്നതു കേട്ടപ്പോൾ ആശ്ചര്യം തോന്നി.


ബസ് വരാൻ പത്തു മിനിട്ട് കഴിയണം, എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യമായി,

“രാധമ്മ എപ്പോഴും പ്രായമുള്ളവരെ നോക്കാൻ മാത്രമാണോ പോകുന്നത്?”

“അതാണെനിക്കിഷ്ടം, പ്രായമുള്ളവരെ നോക്കുക എന്നത്. പിന്നെ പ്രസവക്കേസിനൊക്കെ പോയാൽ ധാരാളം പണം മാത്രമല്ല തിന്നാനും കിട്ടും. കൊച്ചിനെ കാണാൻ വരുന്നവരൊക്കെ ഹോം‌നേഴ്സിന് പണം തരുമെങ്കിലും ഭയങ്കര ജോലിയാണ്. കൊച്ചിന്റമ്മച്ചിയും വീട്ടുകാരും കൂർക്കം വലിച്ചുറങ്ങുമ്പോൾ നമ്മള് കരയുന്ന കൊച്ചിനേയുമെടുത്ത് ഉറങ്ങാതെ നടക്കണം. അതൊന്നും എന്നെക്കൊണ്ടാവില്ല”

“ഈ പുരുഷന്മാരെയൊക്കെ പരിചരിക്കുന്നത്  ആരാണ്? അതിനായിട്ട് ആണുങ്ങളുണ്ടോ?”

“രണ്ടുകൊല്ലം മുൻപ് ഞാൻ പോയിട്ടുണ്ട്,, അതാവുമ്പം കൂലി കൂടുതലാണ്. പെണ്ണുങ്ങളെ നോക്കുന്നതു പോലെയല്ലത്, ആണുങ്ങളെ എപ്പോഴും നല്ല വേഷത്തിലും വൃത്തിയിലും കിടത്തണം”

“അതൊക്കെ ചെയ്യാൻ പുരുഷ നേഴ്സുമാരില്ലെ?”

“എല്ലാം നമ്മള് തന്നെ ചെയ്യും, അന്ന് ഞാൻ പോയിരുന്ന വീട്ടിലെ ആള് മൂന്ന് മാസം കഴിഞ്ഞപ്പോൾ മരിച്ചുപോയി”

“അയ്യോ, കഷ്ടായിപ്പോയല്ലൊ”

“പിന്നെ, എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഒരു ടീച്ചറമ്മയുടെ വീട്ടിലെ ഡ്യൂട്ടി ആയിരുന്നു. പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബാത്ത്‌റൂമിന്ന് കാലുതെറ്റി വീണ് കിടപ്പിലായതാ,, ഞാനെത്തി ഒരുമാസം ആയപ്പോഴേക്കും മരിച്ചു. ഇത്തരം രോഗികളെ നോക്കാനാണ് എനിക്കിഷ്ടം”

എന്റെ തലയിലാകെ ഭയം ഇരച്ചുകയറാൻ തുടങ്ങി. എന്തു പറഞ്ഞാലും മരണത്തിൽ ചെന്നവസാനിക്കുന്നു,,,


    ബസ്സിനകത്തിരിക്കുമ്പോൾ ചിന്തകൾ ചിതറിയോടാൻ തുടങ്ങി. അണുകുടും‌‌ബം ആയതോടെ ഇരട്ടവേഷം കെട്ടാൻ തുടങ്ങിയപ്പോൾ സ്ത്രീകളെല്ലാം സ്ത്രീകളെല്ലാതായി മാറിയിട്ട് കടമകളെല്ലാം ബാക്കിയാവുകയാണ്. എത്ര പണം കൊടുത്താലാണ് പെറ്റമ്മയോടുള്ള കടമകൾ ചെയ്തുതീർക്കാൻ പറ്റുക. എതാനും വർഷം മുൻപ് പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഒരു വീഴ്ച,, അതോടെ എല്ലാം തീർന്നു. അതുപോലെ ആരെയും വിഷമിപ്പിക്കാതെ രോഗിയായി കിടക്കാതെ മരിക്കാനുള്ള ഭാഗ്യം ലഭിക്കണമെന്നാണ് അമ്മ എപ്പോഴും പറയാറുള്ളത്.

   വീട്ടിലെത്തിയ ഞങ്ങളെ കണ്ടപ്പോൾ അമ്മക്ക് ആശ്വാസമായി. അടച്ചുപൂട്ടിയ വീട്ടിൽ ഏതാനും മണിക്കൂർ കഴിഞ്ഞതിന്റെ പരാതിക്കെട്ട് അഴിക്കാൻ തുനിഞ്ഞതോടെ ഞാൻ രാധമ്മയെ പരിചയപ്പെടുത്തി. അവരെ അമ്മ നന്നായി ഇഷ്ടപ്പെട്ടെന്ന് ഏതാനും നേരത്തെ പെരുമാറ്റത്തിൽ നിന്നുതന്നെ അറിയാൻ കഴിഞ്ഞു.


        ആശ്വാസം പെയ്തിറങ്ങിയ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലീവെടുത്ത കാലത്തെ പഠനപ്രവർത്തനങ്ങൾ ഓരോന്നായി പൂർത്തിയാക്കാൻ തുടങ്ങി. ഒരു കുഞ്ഞിനെ‌പ്പോലെ അമ്മയെ ശുശ്രൂഷിക്കുന്നതോടൊപ്പം വീട്ടുകാര്യങ്ങൾ കൂടി നോക്കുന്ന രാധമ്മയെ കിട്ടിയത് എനിക്കുവേണ്ടി അമ്മ ചെയ്ത പുണ്യം തന്നെയാവണം. ഇന്നുരാവിലെ വീട്ടിൽ‌നിന്നും ഇറങ്ങാൻ നേരത്ത് പതിവിനു വിപരീതമായി അമ്മയുടെ അടുത്തിരിക്കാൻ പറഞ്ഞപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു,

“മോളേ നീയിന്ന് നേരത്തേ വരണം”

കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്, അൽപം കനപ്പിച്ചുതന്നെ പറഞ്ഞു,

“അമ്മയെന്താ ഒന്നും അറിയാത്തതുപോലെ,,, സ്കൂളിലിപ്പോൾ എടുത്താൽ പൊങ്ങാത്ത ജോലിയാണ് എനിക്കുള്ളത്. അമ്മക്കുവേണ്ടി ലീവെടുത്തതുകൊണ്ടല്ലെ പണിയൊക്കെ ബാക്കി കിടക്കുന്നത്”

“ഞാനെത്ര കാലമാ ഇങ്ങനെ കിടക്കുക,, ഒന്നങ്ങോട്ട് ദൈവം വിളിച്ചെങ്കിൽ,,, കാണാനൊരു രോഗമില്ലെങ്കിലും വേദന സഹിക്കാനാവുന്നില്ല”

“അതിപ്പം ഞാനെന്ത് ചെയ്യാനാണ്? അമ്മക്ക് അറിയില്ലെ, മരുന്നും ഭക്ഷണവുമൊക്കെ സമയാസമയം കഴിച്ചാൽ പണ്ടത്തെപ്പോലെ എഴുന്നേറ്റ് നടക്കാനാവും”

“എന്നാലും എന്റെ മോളെ കഷ്ടപ്പെടുത്തിയിട്ട് എത്ര കാലമാണിങ്ങനെ?”

“എനിക്കൊരു കഷ്ടപ്പാടുമില്ല, അനങ്ങാതെ കിടന്നിട്ട് രാധമ്മ തരുന്ന ഭക്ഷണവും മരുന്നുമൊക്കെ കഴിക്കണം”

മനസ്സിന്റെ ഉൾത്തടത്തിൽ അമ്മയുടെ കണ്ണുനീരിന്റെ പൊള്ളലോടെയാണ് വീട്ടിൽ‌നിന്നും ഇറങ്ങിയത്.


    ക്ലാസ്സിൽ പോയിട്ട് ഒരക്ഷരവും പഠിപ്പിക്കാനായില്ല. ഉച്ചയാവാറായപ്പോൾ പ്രയാസം കൂടിയതിനാൽ ഇറങ്ങി‌നടന്നപ്പോൾ മലയാളം ക്ലാസ്സിലെ കുട്ടികൾ ചൊല്ലുന്നത് കേട്ടു,

“പിരിയേണമരങ്ങിൽ നിന്നുടൻ

 ശരിയായി കളിതീർന്ന നട്ടുവൻ”

        പെട്ടെന്ന്,, അരുതാത്തതെന്തോ സം‌ഭവിക്കുന്നുണ്ടെന്ന് ശരിക്കും തോന്നാൻ തുടങ്ങി. അകത്തുവന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ രാധമ്മയുടെ ഫോൺ,, ഇടറിയ ശബ്ദം,

“ടീച്ചറേ, പെട്ടെന്ന് വാ,, അമ്മയെ വിളിച്ചിട്ട് അനക്കമില്ല. അടുത്തവീട്ടിലെ ആളുകളൊക്കെ വന്നിട്ടുണ്ട്”

ഉള്ളിലാകെ എന്തൊക്കെയോ വലിഞ്ഞുമുറുകി പൊട്ടിച്ചിതറുകയാണ്,,,

രാധമ്മയുടെ പതിവ് തെറ്റിയിട്ടില്ല,, എന്നാലും ഇത്ര പെട്ടെന്ന്!

എത്രയോ ദിവസങ്ങളായി തലക്കകത്ത് കുടിപാർത്ത കിളികൾ ചിലച്ചുകൊണ്ട് അകലേക്ക് പറന്നുപോയി. ശരിയായി കളി തീർന്നാൽ,,,?
*******

12/8/18

ഇനി അവൾ ഉറങ്ങട്ടെ

മംഗളം വാരികയിൽ വന്നത്,,,
            അർദ്ധരാത്രി കഴിഞ്ഞപ്പോൾ പ്രീയ രമേശിന്റെ ഉറക്കം ഞെട്ടി. ചുറ്റുപാടും പടർന്ന കട്ടിപിടിച്ച ഇരുട്ടിൽ തുറിച്ചുനോക്കിയിട്ട് വലതുകൈകൊണ്ട് അന്വേഷിച്ചപ്പോൾ അവളൊന്ന് ഞെട്ടി. ലൈറ്റ് ഓൺ ചെയ്തപ്പോൾ കാര്യം തിരിച്ചറിഞ്ഞു; ‘അദ്ദേഹം കിടക്കവിട്ട് എഴുന്നേറ്റ് പോയിരിക്കുന്നു, ഇനി കുളിമുറിയിലോ വരാന്തയിലോ കാണുമായിരിക്കും’. അരിശം വരാൻ തുടങ്ങിയെങ്കിലും അവളുടെ മുഖത്ത് ശാന്തഭാവം കളിയാടിയിരുന്നു.

             പ്രീയയുടെ ജീവിതത്തിൽ ഇതൊന്നും ആദ്യസംഭവമല്ല; അവളുടെ രാവുകളിൽ ഇത്തരം നാടകങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സഹിക്കാനും ഒതുക്കാനുമുള്ള മനസ്സുമായിട്ട് പിറവിയെടുക്കുന്നവരാണല്ലൊ സ്ത്രീകൾ. എല്ലാം അറിയുന്നവളാണെങ്കിലും ഒന്നും അറിയാത്തപോലെ അടുക്കളയിൽ എരിഞ്ഞടങ്ങേണ്ടവളാണെന്ന് പൊതുജനം വിളിച്ചുകൂവുന്ന കാലമാണല്ലോ.


   ദേഹം മൂടിയ പുതപ്പ് തട്ടിക്കുടഞ്ഞെഴുന്നേറ്റ് ആടയാഭരണങ്ങളൊക്കെ സ്ഥാനത്തുണ്ടെന്ന് പരതിനോക്കി ഉറപ്പിച്ചശേഷം പ്രീയ നേരെ അടുക്കളയിലേക്ക് നടന്നു. കഥാനായകനായ ഭർത്താവ് അവിടെയില്ലെന്നറിഞ്ഞപ്പോൾ അവളുടെ അന്തരംഗം പിടഞ്ഞു. തലയിൽ കൈവെച്ച് ഉച്ചത്തിൽ വിളിച്ചു,

“രമേശേട്ടാ,,,”

           വീണ്ടും വിളിക്കാനായി വായതുറക്കുമ്പോൾ അലമാരയുടെ പിന്നിൽ‌നിന്നും അയാളുടെ അലർച്ച കേട്ടു, ഒപ്പം മുഖമടച്ച് അടിയും; ആകെ ഞെട്ടിയിട്ട് നിലത്തിരുന്നുപോയി. അപ്പോൾ കേട്ടു, “അസത്ത്, എന്താടി വിളിച്ചു കൂവുന്നത്,,, കെട്ടിയവൻ ചത്തുപോയീന്ന് വിചാരിച്ച് നാട്ടുകാരെ വിളിച്ചു വരുത്തുന്നോ?”

“അയ്യോ, അത്,,”

“മിണ്ടിപ്പോകരുത്,, നിന്നെയൊക്കെ എനിക്കറിയാം,, നായിന്റെ മോളെ, നിനക്ക് ആണുങ്ങളെ കൂടെ കറങ്ങാൻ പോണം,, അതൊന്നും ഇവിടെ നടക്കില്ല”

              എല്ലാം വിധിയെന്നോർത്ത് അകത്തേക്ക് നടക്കുമ്പോൾ അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത് പ്രീയ രമേശ് എന്ന ഭാര്യയുടെ ഗതികേടാണ്, വിവാഹിതരായ മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടായിട്ടും വയസാം‌ കാലത്ത് ഈ മനുഷ്യന്റെ സ്വഭാവം മാറുന്നില്ലല്ലൊ. ഹോ,, ഒരു കണക്കിന് മക്കളെല്ലാം രക്ഷപ്പെട്ടിരിക്കയാണ്, നല്ലൊരു ഭർത്താവിന്റെ കൂടെ നല്ലൊരു കുടുംബത്തിൽ അവരൊക്കെ ജീവിച്ചു പോകട്ടെ. പ്രസവിച്ചത് മൂന്നും പെണ്ണായത് ഭാഗ്യമാണ്, ആണായിരുന്നെങ്കിൽ ഈ വീട്ടിലൊരു കൊലപാതകം നടക്കും, ഒന്നുകിൽ സഹിക്കവയ്യാതെ അച്ഛനെ മകൻ കൊല്ലും, അല്ലെങ്കിൽ ദേഷ്യം വന്ന അച്ഛൻ മകനെ കൊല്ലും. അത്രക്കു നല്ല സ്വഭാവമാണല്ലൊ ഇവിടെയുള്ളാൾക്ക്,,,              

        പ്രീയയുടെ ജീവിതം അപ്രതീക്ഷിതമായ ദുരന്തമായി മാറിയത് വിവാഹനാളിൽ തന്നെയാണ്. അവിചാരിതമായ ചോദ്യം ചെയ്യൽ ആരം‌ഭിച്ചത് ആദ്യരാത്രിക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ വിവാഹനാളിൽ ഭക്ഷണം കഴിക്കുമ്പോഴാണ്. താലികെട്ടി ആണധികാരം ലഭിച്ച ഭർത്താവിന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ ഭാര്യയുടെ ചലനങ്ങളിൽ മാത്രം. പരിചയക്കാരായ വിളമ്പുകാർ ഇലയിൽ ഭക്ഷണം വിളമ്പിക്കൊണ്ട് സംസാരിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ ഇഷ്ടക്കേട് പ്രകടിപ്പിച്ച അദ്ദേഹത്തിൽ നിന്നും ചോദ്യം വന്നു,

“പരിചയക്കാരൊക്കെ ആണുങ്ങൾ മാത്രമാണോ? നീ മറ്റുള്ളവരോട് ചിരിച്ച് കുഴയുന്നതൊന്നും എനിക്കിഷ്ടമല്ല”

           അന്നുമുതൽ വിലക്കുകളുടെ തുടർച്ചയാണ്,, ആണുങ്ങളെ നോക്കരുത്, ചിരിക്കരുത്, സംസാരിക്കരുത്,, എല്ലാമെല്ലാം അതേപടി അനുസരിച്ചാൽ ജീവിതം മുന്നോട്ടുപോകാം. ഈ ലോകത്ത് ആണായിപ്പിറന്നവരെല്ലാം രമേശന്റെ ഭാര്യയെ ചതിക്കാൻ അവസരം നോക്കുന്നവരാണ്. അതുപോലെ രമേശന്റെ ഭാര്യയാണെങ്കിൽ വഴിയെ പോകുന്ന ആണിന്റെ തോളിൽ തൂങ്ങാൻ അവസരം പാർത്തിരിക്കുന്നവൾ. ഭർത്താവ് രമേശൻ എന്നൊരുത്തന്റെ കണ്ണു തെറ്റിയാൽ അവൾ വഴിയെ പോകുന്ന ഏത് തെണ്ടിയെയും കിടപ്പറയിൽ വിളിച്ചുവരുത്തി മടിക്കുത്ത് അഴിക്കും.


        പരാതി കൂടുതൽ ഉണ്ടായത് പേരിന്റെ കാര്യത്തിലാണ്,, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ലോകത്തുവെച്ച് ഏറ്റവും മോശം പേരാണ് അയാളുടെ ഭാര്യയുടേത്. മനുഷ്യർക്ക് വിളിക്കാൻ പറ്റുന്ന പേരല്ല അവൾക്കുള്ളത്,

“ഒരു പ്രീയപോലും,, നാലാളുടെ മുന്നിൽ‌വെച്ച് വിളിക്കാൻപറ്റുന്ന പേരൊന്നും നിന്റെ തന്തക്കും തള്ളക്കും കിട്ടിയില്ലെ? മനുഷ്യനെ നാണംകെടുത്തനൊരു നശിച്ച പേര്”

     വിവാഹശേഷം കിടപ്പറയിലെ സുന്ദരനിമിഷങ്ങൾക്കിടയിൽ പോലും ഭാര്യയുടെ പേര് അദ്ദേഹത്തിന്റെ നാവിൽ‌നിന്ന് ഉയർന്നിട്ടില്ല. എന്നിട്ടിപ്പോൾ  നാലാളുടെ മുന്നിൽ വെച്ച് വിളിക്കാൻ പറ്റില്ല എന്നൊരു കുറ്റപ്പെടുത്തൽ,,, ഈ മനുഷ്യന്റെ തലച്ചോറിൽ ഭാര്യയുടെ കുറ്റം മാത്രമാണോ ഇൻസ്റ്റാൾ ചെയ്തതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


     മക്കളും കൊച്ചുമക്കളുമൊക്കെ ആയിട്ടും രമേശന്റെ സ്വഭാവത്തിനൊരു മാറ്റവും വന്നില്ല. അറുപത് കഴിഞ്ഞ് ദേഹമാസകലം വാർദ്ധക്യം കടന്നുവന്നവളായ രമേശന്റെ ഭാര്യ ഇപ്പോഴും പുരുഷന്മാരുടെ ഉറക്കം കെടുത്താറുണ്ടെന്ന് രമേശൻ തന്നെയാണ് പറയുന്നത്. പ്രായം കൂടിയെങ്കിലും അയാളിപ്പോഴും അവളുടെ കാവൽക്കാരനാണെന്ന് മക്കൾക്കും മരുമക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും നന്നായി അറിയാം. അതുകൊണ്ട് അവരെ അറിയാവുന്ന പരിചയക്കാരൊക്കെ വീട്ടിൽ വരുന്നത് വളരെ ശ്രദ്ധിച്ചാണ്.

         എപ്പോഴും പരുക്കനായി പെരുമാറുന്ന ഭർത്താവിൽ കൂടുതൽ രൂക്ഷമായൊരു മാറ്റം കാണാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കൃത്യമായി പറഞ്ഞാൽ ഒരു ഫേമലീ ടൂർ കഴിഞ്ഞതുമുതൽ,,, മൂത്ത മകളുടെ ഭർത്താവും കുഞ്ഞുങ്ങളും വിദേശത്തുനിന്ന് വന്നപ്പോൾ അവരുടെ ഒപ്പമുള്ള യാത്രയിൽ മാതാപിതാക്കളെയും ക്ഷണിച്ചു. കൊച്ചു മക്കളുമൊത്തുള്ള ഉല്ലാസയാത്ര രസകരമായിരുന്നു. യാത്ര പുറപ്പെട്ട് പാർക്കിലെത്തിയപ്പോൾ എല്ലാ സന്തോഷവും അസ്തമിച്ചു. പാർക്കിലെ ഉല്ലാസറൈഡുകളും പൂക്കളും തുടങ്ങി അതിമനോഹരങ്ങളായ കാഴ്ചകൾ ഒന്നും‌തന്നെ അങ്ങേരുടെ കണ്ണിലിടം പിടിച്ചില്ല. അയാൾക്ക് ഒരു കാര്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ മുഴുവൻ;

അവളെങ്ങോട്ടു പോകുന്നു,,

അവളാരോട് മിണ്ടുന്നു,,

അവളെന്ത് ചെയ്യുന്നു,,

ഒടുവിൽ ഇറങ്ങാൻ നേരത്താണ് മകളുടെ ഒപ്പം പഠിച്ച യുവാവ് ഭാര്യയോടൊപ്പം വന്നത്. മകൾ എല്ലാവരേയും പരിചയപ്പെടുത്തിയപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങി. അമ്മയാണെന്ന് പറഞ്ഞപ്പോൾ അവന്റെ ചോദ്യം,

“അമ്മയും മകളും ഒരുപോലെ ചെറുപ്പമാണല്ലോ”

അവനെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് അച്ഛന്റെ പ്രായമുള്ള അയാളിൽ‌നിന്നും അപ്രീയമായ വാക്കുകൾ വെളിയിൽവന്നു,

“എങ്കിൽ താനവളെ കൊണ്ടുപോയിട്ട് കൂടെപ്പൊറുപ്പിച്ചോ”   

മകളും മരുമകനും അടക്കം എല്ലാവരും ഞെട്ടി, മരുമകൻ മുഖം തിരിച്ചപ്പോൾ മകൾ ചോദിച്ചു,

“ഈ അച്ഛനെന്തൊക്കെയാ പറയുന്നത്? ഇത് എന്റെ കൂടെ പഠിച്ചവനാണ്. സ്വന്തം മകളുടെ പ്രായമുള്ളവനോട് അച്ഛനിങ്ങനെയൊക്കെ പറയാമോ?”

“നിന്റമ്മയെ നന്നാക്കാൻ ഈ ലോകത്താർക്കും കഴിയില്ല,, പിന്നെ ഇവനൊക്കെ എന്തറിഞ്ഞിട്ടാണ് ഇവളെക്കുറിച്ച് പറയുന്നത്”

      മകളുമായുള്ള ബന്ധത്തിന്റെ അദൃശ്യമായ ദൃഢതയുള്ള കണ്ണികൾ പൊട്ടിച്ചിതറുന്നത് അറിഞ്ഞപ്പോൾ മനസ്സിലൊട്ടാകെ‌‌യൊരു നൊമ്പരം പടർന്നുകയറി.  വെറുപ്പിക്കൽ മാത്രം ശീലമാക്കിയിട്ട് അതിൽ ആഹ്ലാദം അനുഭവിക്കുന്നൊരു ആൺ‌ജന്മം.


          നീറുന്ന മനസ്സുമായി പരസ്പരം മിണ്ടാതെ വീട്ടിലെത്തിയ ഉടനെ ഭർത്താവും കുഞ്ഞുങ്ങളുമൊത്ത് പോകാൻ പുറപ്പെട്ടപ്പോൾ മകൾ തന്റെ നേരെയൊരു ചോദ്യമെറിഞ്ഞു,

“അമ്മേ ഞങ്ങള് പോവുകയാ,, പിന്നെ അമ്മ എന്റെ കൂടെ വരുന്നോ?”

“അതെങ്ങനെയാ മോളെ,, ഞാനിവിടെയൊരു കുരുക്കിലല്ലെ”

“അതാ പറഞ്ഞത്, ഇത്ര കാലമായിട്ടും അമ്മയെ മനസ്സിലാവാത്ത അച്ഛന്റെ കൂടെ എന്തിനാ അമ്മ ഇനിയും ജീവിതം തൊലക്കുന്നത്?”

അതിനുള്ള മറുപടി പറഞ്ഞത് അച്ഛനാണ്,

“ഉം, കൊണ്ടുപോയ്ക്കോ,, നിന്റെ വീട്ടിൽ ആണായ ഒരുത്തനുണ്ടെന്ന് ഓർമ്മവേണം. അമ്മായിഅമ്മ മരുമകനെ വളച്ചു എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനാണോ?”

വാക്കുകൾ കേട്ട് ഞെട്ടിയപ്പോൾ മകൾ പറഞ്ഞു,

“എത്രയും പെട്ടെന്ന് അച്ഛനെ കൌൺസിലിം‌‌‌ഗിന് കൊണ്ടുപോയി ചികിത്സിക്കണം. അല്ലെങ്കിൽ അപകടമാണ്”

“ഓ എനിക്ക് വട്ടാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ അമ്മയും മക്കളും ചേർന്ന് എന്തും ആവാമല്ലൊ”

“അമ്മേ ഞാനിതാ പോവുകയാണ്,,,”


    കൂടുതൽ നിന്നാൽ സ്വന്തം നിലനില്പ് പോലും അപകടത്തിലാവുമെന്ന് അറിഞ്ഞായിരിക്കണം മകൾ പെട്ടെന്നുതന്നെ സ്ഥലം വിട്ടു. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചതിൽ അവൾ ലജ്ജിക്കുന്നുണ്ടാവണം,,

         ഈ ലോകത്തിലുള്ളവരെല്ലാം നല്ലവരാണെന്നും അയാളുടെ ഭാര്യമാത്രം ചീത്തയാണെന്നും ഉറച്ചു വിശ്വസിക്കുന്ന ആൾ കുറ്റം മുഴുവൻ അവളിൽ കെട്ടിയേല്പിക്കുകയാണ്. നല്ലവരായ പുരുഷന്മാരെ വഴിതെറ്റിക്കുന്നവളാണ് സ്വന്തം ഭാര്യ,,, അവളെ നന്നാക്കാൻ ദൈവത്തിനുപോലും കഴിയില്ല,, എന്നൊക്കെ വിളിച്ചുപറയലാണ് ഇപ്പോഴെത്തെ രോഗം.

            ഏതാനും ദിവസങ്ങളായി പുതിയൊരു പ്രശ്നത്തിലാണ്. ബാഗ്ലൂരിൽ താമസിക്കുന്ന ഇളയ മകൾ അച്ഛനെയും അമ്മയെയും പുതിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരിക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ‌‌മാരായ മകളും ഭർത്താവുമൊത്ത് താമസിക്കാനുള്ള തീരുമാനത്തെ ആ നിമിഷം തന്നെ അങ്ങേര് എതിർത്തു. ഇടയ്ക്കിടെ രോഗം വരുന്ന മാതാപിതാക്കളെ കൂടെനിർത്തി പരിചരിക്കാൻ മക്കളെല്ലാം തയ്യാറാണ്. പക്ഷെ,,,,

       എല്ലാം അവസാനിക്കുന്നത് വലിയൊരു ‘പക്ഷെ,,യിലാണ്’. ആണിനെ പെറാനറിയാത്തവൾ വെറുക്കപ്പെടേണ്ടതാണെന്ന് പറഞ്ഞായിരുന്നു ഒരുകാലത്തെ കുറ്റപ്പെടുത്തൽ,, ആണല്ലെങ്കിലും ആണില്ലാത്ത ഒരു കുറവും പ്രീയയുടെ മക്കളായിട്ട് ഉണ്ടാക്കിയില്ല. സ്വന്തം കാലിൽ നിൽകാനുള്ള തൊഴിൽ എല്ലാ മക്കൾക്കും ഉണ്ട്. കൊച്ചുമക്കളുമായി ജീവിതസായാഹ്നം സന്തോഷകരമാക്കി തീർക്കേണ്ടാ ആളാണ് അൽ‌സേഷൻ പട്ടിയെപ്പോലെ ഭാര്യ കൈവിട്ടുപോയാലോ എന്നൊരു ഭയത്തോടെ കെട്ടിയവൾക്ക് കാവൽ നിൽക്കുന്നത്. ഇതിലും നല്ലത് തന്നെയൊരു കൂട്ടിലടച്ച് പൂട്ടുകയായിരുന്നു,,,


          ഗെയിറ്റിനുമുന്നിൽ ആരുടേയെങ്കിലും തലവെട്ടം കണ്ടാൽ പിന്നെ സംശയമായി. അയാൾ നോക്കുന്നത് എവിടെയാണെന്ന് സംശയം തോന്നുമ്പോൾ ഒപ്പം ഭാര്യ എവിടെയാണെന്നുകൂടി ശ്രദ്ധിക്കും. സ്ഥിരമായി വീട്ടിൽ വരേണ്ട പോസ്റ്റ്‌മാനെ തടയാനായി ഗെയ്റ്റിലൊരു പൈപ്പ് കെട്ടിയുറപ്പിച്ചു. പോസ്റ്റലായി വരുന്നതെല്ലാം ഇനിയങ്ങോട്ട് അയാൾ വീട്ടിലേക്ക് കടക്കാതെ നേരെ പൈപ്പിലിട്ടാൽ മതിയല്ലൊ. ഇലൿട്രിസിറ്റി മീറ്റർ റീഡിം‌‌‌ഗിനു വരുന്ന പയ്യനാണ് ഇപ്പോഴെത്തെ പുതിയ നോട്ടപ്പുള്ളി. അവൻ വന്നിട്ട് പോവുന്നതുവരെ കൂട്ടിലിട്ട വെരുകിനെപ്പോലെ വരാന്തയിലൂടെ മുറുമുറുപ്പോടെ നടക്കും. സഹോദരന്മാരടക്കം ബന്ധുക്കളൊക്കെ പണ്ടേ അകന്നിരിക്കയാണ്. ജീവിതം ഇങ്ങനെയൊക്കെ ആയതിൽ അങ്ങേർക്ക് വിഷമമുണ്ട്. സ്വയം വരുത്തിവെച്ചിട്ട് അതിനൊക്കെ കാരണം ഭാര്യയാണെന്ന് പറയുന്നതിലാണ് അദ്ദേഹത്തിന്റെ സന്തോഷം.


    ഏത് നേരത്തും ആത്മഹത്യയെക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തലാണ് ഇപ്പോഴത്തെ ഹോബി. ഒരാഴ്ച മുൻപൊരു ഉച്ചഭക്ഷണ സമയത്ത് മാരകമായ എലിവിഷം മേശപ്പുറത്ത് വെച്ചതു കണ്ടപ്പോൾ ഞെട്ടി,

“അയ്യോ, ഇതെന്തോന്നാ?”

“മനസ്സിലായില്ലെ,, ഇതാണ് എലിവിഷം എലികൾക്ക് മാത്രമല്ല, മനുഷ്യർക്കും ഉപയോഗിക്കാം”

“എന്തിന്?”

പറയുന്നതോടൊപ്പം അതെടുത്ത് അകലെ എറിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അടികിട്ടിയെങ്കിലും വേദനിച്ചില്ല.

“വിഷം കഴിക്കാൻ മാത്രം ഇവിടെ ആർക്കാണ് പ്രശ്നം?”

“എടി നശിച്ചവളെ ഞാൻ മരിച്ചിട്ട് നീയങ്ങനെ സുഖിക്കേണ്ട”

“അതിന് നിങ്ങളോട് മരിക്കാൻ പറഞ്ഞോ? എന്തിനാ മരിക്കുന്നത്?”

“കൊല്ലും ഞാൻ,, കണ്ട ആണുങ്ങളോടൊപ്പം പോകാൻ തയ്യാറായ നീയൊക്കെ ജീവിച്ചിട്ടൊരു ഗുണവുമില്ല”

“ആണുങ്ങളുടെ കൂടെ ഞാൻ പോയെന്നോ? അങ്ങനെയൊന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?”

“നിന്നെയങ്ങിനെ പോകാൻ ഞാൻ വിടുമോ? ഞാനില്ലെങ്കിൽ കാണാമായിരുന്നൂ”

ആദിവസം എത്ര അടിയാണ് കൊണ്ടതെന്ന് അറിഞ്ഞില്ല,,

എന്നിട്ടും പ്രീയക്ക് മരിക്കാൻ തോന്നിയില്ല.

അതിനുമാത്രം ഒരു തെറ്റും ചെയ്യാതെ എന്തിന് മരിക്കണം?

സുന്ദരമായ ഭൂമിയിൽ ജീവിക്കാനറിയാത്ത ഭാർത്താവായത് അവളുടെ കുറ്റമല്ലല്ലൊ,,,


         ഉറങ്ങുന്ന അയാളുടെ തൊട്ടടുത്ത് അവളും കിടന്നു, ഉറങ്ങുന്ന ആളെ ഉണർത്തരുതെന്ന് പലതവണ അയാൾ പറഞ്ഞതാണ്. ഉറക്കം നടിച്ചു കിടക്കുകയാണെന്നും ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലെന്നും അവൾക്ക് നന്നായി അറിയാം. ഭാര്യ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയിട്ടുവേണം അയാൾക്ക് വീട്ടിലാകെ ചുറ്റിസഞ്ചരിക്കാൻ,,

       ആ നേരത്ത് സ്വന്തംവീട്ടിലെ എല്ലായിടവും പരിശോദിക്കും,, മുറികളെല്ലാം തുറന്ന് അലമാരകൾ തുറന്നുനോക്കുന്നതോടൊപ്പം മേശയുടെയും കട്ടിലിന്റെയും അടിവശം കൂടി നോക്കിയിട്ട് അവിടെയൊന്നും ആണായിട്ടൊരുത്തൻ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ജനാലകൾ തുറന്ന് ആരെയോ പ്രതീക്ഷിച്ച് ഇരുട്ടിലേക്ക് നോക്കിനിൽക്കും. ഷഷ്ഠിപൂർത്തി കഴിഞ്ഞ ഭാര്യയെ തേടിയെത്തുന്ന കാമുകന്മാരെക്കുറിച്ച് ചിന്തിച്ചു കാടുകയറും.


ഇന്നലെ രാത്രി,

പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട് പ്രീയ ഞെട്ടിയുണർന്നു,,, ലൈറ്റ് ഓൺ ചെയ്ത് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയപ്പോൾ എത്തിയത് സ്വീകരണ മുറിയിൽ, അവിടെ,,,

മേശയും കസേരയും മറിഞ്ഞുകിടക്കുന്നു,, അതിനിടയിൽ വീണുകിടക്കുന്ന ഭർത്താവ്,,

“രമേശേട്ടാ,, ഇതെന്താ പറ്റിയത്?”

മറുപടി അലർച്ചയായിരുന്നു,, ഒപ്പം ജീവിതത്തിലിതുവരെ കേൾക്കാത്ത തെറിവാക്കുകളും,,

“മരിക്കാമെന്ന് പറഞ്ഞപ്പോ ഒരുത്തിക്ക് അതിന് കഴിയില്ലപോലും,, നീയൊക്കെ ആരുടെകൂടെ പോകാനാണ് കാത്തിരിക്കുന്നത്?”

കൈപിടിച്ച് ഉയർത്താൻ നോക്കിയപ്പോൾ വീണ്ടും തെറിയഭിഷേകം,

“നിന്നെയൊക്കെ പോറ്റുന്ന എന്നെവേണം പറയാൻ,, മകളുടെ കൂടെ സുഖിക്കാൻ പോകണം പോലും. അതിനൊന്നും നിന്നെ ഞാൻ വിടില്ല”

മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് സീലിങ്ങ് ഫാനിൽ തൂങ്ങിയാടുന്ന കുരുക്ക്,, അപ്പോൾ ഇതാണല്ലെ പരിപാടി. കൂടുതൽ സംസാരിക്കാതെ ബെഡ്‌റൂമിലേക്ക് വലിച്ച് കൊണ്ടുവരുമ്പോൾ അയാൾ പലതും പറഞ്ഞുകൊണ്ടിരുന്നു.


     നേരം പുലർന്നപ്പോൾ തലേന്നാളത്തെ കലാ‌പരിപാടി‌ കളൊക്കെ മറന്നമട്ടാണ്. ആശ്വാസം,, ഇനി അതിനെക്കുറിച്ച് ഓർമ്മിപ്പിക്കാതിരുന്നാൽ മതി. തന്നെ ഭയപ്പെടുത്താൻ അഭിനയിച്ചതാവണം. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഭർത്താവ് പതിവിലധികം സന്തോഷവാനായി കാണപ്പെട്ടതിൽ പ്രീയക്ക് ആശ്വാസമായി. എന്നിട്ടാണിപ്പോൾ,, രാത്രി എഴുന്നേറ്റ് നടക്കുന്നത്,,,

അലമാരയുടെ പിന്നിൽ നിന്നുകൊണ്ട് എന്തിനുള്ള തയ്യാറെടുപ്പ് ആയിരിക്കും??

       ഏതായാലും ഇനി മക്കളോട് പറഞ്ഞിട്ട് അവരുമായി ചേർന്ന് കൌൺസിലിം‌ഗിന് പോവണം. എതിർപ്പ് ഉണ്ടാവുമെങ്കിലും കാര്യം അപകടത്തിലേക്കാണ് പോകുന്നത്. കരഞ്ഞുവീർത്ത മുഖം കഴുകിയിട്ട് പ്രീയ ഉറങ്ങാൻ കിടക്കുമ്പോൾ രമേശൻ ആദ്യമേ ഉറങ്ങിയിരിക്കുന്നു. പതുക്കെ കൂർക്കം വലിക്കുന്നുണ്ട്. ഉറങ്ങാതിരിക്കുന്നവർക്കും കൂർക്കം വലിക്കാൻ കഴിയുമോ?


        പ്രീയക്ക് ഏതു നേരത്താണ് ഉറക്കം വന്നതെന്നറിയില്ല, വീണ്ടും ഞെട്ടിയുണർന്നു,, അതേ കിടക്കയിൽ അദ്ദേഹം ഇല്ല. ശബ്ദം ഉണ്ടാക്കാതെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള അവേശവുമായി അവൾ മുറിവിട്ട് ഇറങ്ങിയപ്പോൾ കണ്ടത് അടുക്കളയിലെ വെളിച്ചമാണ്. അതിനപ്പുറത്ത് ബാത്ത്‌റൂമിൽ നിന്നാണ് ശബ്ദം വരുന്നത്. പെട്ടെന്ന് വലിയൊരു ശബ്ദം അവളുടെ കർണ്ണങ്ങളിൽ പതിച്ചു,, വെള്ളത്തിൽ ഭാരം വീഴുന്ന ശബ്ദം,, കിണറ്റിൽ നിന്നുതന്നെ,,,

“ങെ,,,”

പുറത്തേക്ക് ഉയർന്ന ശബ്ദം അവൾ പകുതിക്കുവെച്ച് നിർത്തി,, ഇരുകൈകളും തലയിൽ വെച്ച് പ്രീയ രമേശ് നിലത്തിരുന്നു. നിമിഷങ്ങൾ കടന്നുപോയപ്പോൾ ആഴം കുറഞ്ഞ കിണറ്റിലെ അലയിളക്കം കുറഞ്ഞുകുറഞ്ഞ് ശബ്ദമില്ലാതായി. ഇപ്പോൾ എല്ലാം ശാന്തം,, പ്രീയ രമേശിന്റെ കണ്ണിൽ‌നിന്നും ഒഴുകിയ കണ്ണൂനീർ നീർച്ചാലുകളായി രൂപാന്തരപ്പെട്ടു.

കരഞ്ഞ് ബഹളമുണ്ടാക്കിയിട്ട് അയൽക്കാരെ വിളിക്കാൻ,,? അവിടെയൊക്കെ ഊരും പേരുമുള്ള മനുഷ്യരുണ്ടെന്ന് ഇതുവരെ അവൾ അറിഞ്ഞിട്ടില്ല,,,

പിന്നെ?

സഹോദരങ്ങളെ വിളിച്ചാലോ? അവരെല്ലാം എവിടെയാണെന്ന് അറിയില്ല,, മൊബൈൽ നമ്പറില്ല.

മൂത്ത മകളും ഭർത്താവും വിദേശത്താണ്,, അവരെയിപ്പോൾ വിളിക്കേണ്ട,,

ഇളയ മകളും ഭർത്താവും ബാംഗ്ലൂരിലാണ്,, അവരെയും പെട്ടെന്ന് വിളിക്കേണ്ട,,

പിന്നെയിപ്പോൾ രണ്ടാമത്തെ മകൾ ഫേമലിസഹിതം ഭർത്താവിന്റെ വീട്ടിലാണ്.

അവളെ വിളിക്കാം,,

മരുമകൻ പോലീസായതുകൊണ്ട് ഇനിയങ്ങോട്ടുള്ള നടപടികളൊക്കെ അവർ ചെയ്തുകൊള്ളും.

       നിശബ്ദമായ അന്തരീക്ഷത്തിലെ കട്ടിപിടിച്ച ഇരുട്ടിലേക്ക് പ്രീയ തുറിച്ചുനോക്കി. നേരം പുലരാൻ ഇനിയും സമയമുണ്ട്. അതിനുശേഷം കാര്യങ്ങൾ അറിയിച്ചാൽ മതി. അതുവരെ സുഖമായൊന്ന് ഉറങ്ങട്ടെ.

********
പിൻ‌കുറിപ്പ്: കഥ എഡിറ്റ് ചെയ്ത് മംഗളമാക്കിയത് വാരികയിൽ വായിക്കാം.

11/10/18

പെറ്റേണിറ്റീ ലീവ്


             സർക്കാർ ജീവനക്കാരികളുടെ പ്രസവ‌അവധി വർദ്ധിച്ച് വർദ്ധിച്ച് ഒരു വർഷം കടന്ന് രണ്ടും മൂന്നും വർഷത്തിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന സുവർണ്ണകാലം. സൂര്യരശ്മി ടീച്ചറും തൊട്ടടുത്ത വിദ്യാലയത്തിലെ അദ്ധ്യാപകനായ ഭർത്താവ് സുരേഷും കല്ല്യാണം കഴിഞ്ഞതോടെ വീട്ടുകാരുമായി അടിച്ചുപിരിഞ്ഞ് അണുകുടും‌ബമായി മാറിയവരാണ്. ഇരുമെയ്യും ഒറ്റ മനസ്സുമായി അവരങ്ങിനെ ജീവിക്കുന്നതിനിടയിലാണ് ടീച്ചർ ഗർഭിണി ആയത്. മാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നാമന്റെ വരവിനായി ആശുപത്രിയിൽ അഡ്‌മിറ്റ് ആയ ടീച്ചറുടെ സുഖപ്രസവം പരമസുഖമായി നടന്ന് തങ്കക്കുടം പോലുള്ള പെൺ‌കുഞ്ഞ് വെളിയിൽ വന്നു. ശേഷം അഞ്ചാം നാൾ കുഞ്ഞുവാവയോടൊപ്പം അമ്മയും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ചെയ്യപ്പെട്ട് വീട്ടിലെത്തുമ്പോൾ കരിവീട്ടി നിറമാർന്ന ഹോം‌­നേഴ്സ് രാജമ്മയും കൂടെ ഉണ്ടായിരുന്നു.
               അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം കൂടാതെ അടുക്കളഭരണവും രാജമ്മയുടെ ഡ്യൂട്ടിയിൽ ഉൾപെട്ടതാണ്. ഒരുപാത്രം ചോറ് ഒറ്റയിരിപ്പിന് തിന്നുള്ള രാജമ്മ, ആ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് ഇരട്ടിയാക്കി. അതുകണ്ടപ്പോൾ സുരേഷിനൊരു സംശയം, ‘ഇങ്ങനെ പോയാൽ ഈ ഹോം‌ ‌നേഴ്സിനെ പൊറത്താക്കാൻ വീടിന്റെ വാതിൽ പൊളിക്കേണ്ടിവരുമോ? 
               
     വീട്ടിലെത്തിയതിന്റെ പിറ്റേദിവസം സുരേഷ്, അദ്ധ്യാപകന്റെ വേഷമണിഞ്ഞ് സ്ക്കൂളിൽ പോവാൻ തുടങ്ങി. ആ നേരത്ത് വിട്ടിലിരിക്കുന്ന ഭാര്യയുടെയും മകന്റെയും വീടിന്റെയും സംസക്ഷണം മൊത്തമായി രാജമ്മ ഏറ്റെടുത്തു,,, വെറുതെയല്ല; ആയിരങ്ങൾ എണ്ണിക്കൊടുക്കുന്നുണ്ടല്ലൊ,,,
         സ്ക്കൂളിൽ പോയി ഒന്നാമത്തെ പിരീഡ് പത്താം‌‌തരത്തിലെ പിള്ളേരെ കണക്ക് പഠിപ്പിക്കുമ്പോഴാണ് സുരേഷിന്റെ മൊബൈലിൽ അതിമഹത്തായ സന്ദേശം വന്നത്; ‘പുരുഷന്മാർക്കും പ്രസവ‌‌അവധി, അതും ഒരു വർഷം’. അതോടെ ബോർഡിലെഴുതിയ കണക്ക് പൂർത്തിയാക്കാതെ അദ്ധ്യാപകൻ ക്ലാസ്സിൽ നിന്നിറങ്ങിയോടി, നേരെ ഹെഡ്‌‌മിസ്ട്രസിന്റെ മുറിയിൽ,,,
“ടീച്ചർ ഞാൻ പോവുകയാ”
“എങ്ങോട്ട്?”
“വീട്ടിലേക്ക്”
“വീട്ടിലേക്കോ? ക്ലാസ്സിൽ പഠിപ്പിക്കാതെ?”
“അതിനിനി മാഡം വേറെയാളെ നോക്കിക്കൊ,, ഇനിമുതൽ പെറ്റുകിടക്കുന്ന പെണ്ണുങ്ങൾക്ക് മാത്രമല്ല, ഭാര്യ പെറ്റാലും കിടക്കാനാവാത്ത ആണുങ്ങക്കും സർക്കാർ ലീവ് അനുവദിച്ചു,, പെറ്റേണിറ്റി ലീവ്”
“അതെങ്ങനെ, പ്രസവിക്കുന്നത് പെണ്ണുങ്ങളല്ലെ?”
“പുതിയ ഓർഡർ വന്നിട്ടുണ്ട് മാഡം,, സൈറ്റ് തുറന്നാൽ കാണാം. ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിന് പെറ്റേണിറ്റി ലീവ്,, നീണ്ട ഒരു വർഷം അതായത് മുന്നൂറ്റി അറുപത്തി അഞ്ച് ദിവസം”
“അതിപ്പം മാഷ് പെട്ടന്നങ്ങ് പോയാൽ?”
“ഇനിയിപ്പം ടീച്ചറെ ഒരു കൊല്ലം കഴിഞ്ഞിട്ട് കാണാം,, നമ്മളും അടിച്ചുപൊളിക്കട്ടെ” 
രാവിലെ സ്ക്കൂളിൽ പോയ ഭർത്താവ് ഉച്ചയ്ക്കുമുൻപ് തിരികെ വരുന്നതു കണ്ടപ്പോൾ സൂര്യരശ്മി ടീച്ചർ അന്തം‌വിട്ടു,
“അല്ല മനുഷ്യാ ഇന്ന് സമരമാണോ?”
“എടി നമ്മുടെ സർക്കാർ നമുക്കുവേണ്ടി നല്ലൊരുകാര്യം ചെയ്തു”
“നല്ല കാര്യമോ?”
“അതെ,, ആണുങ്ങൾക്കും പ്രസവാവധി. അതും ഒരുകൊല്ലം”
“അയ്യോ”
“നീയെന്താടി ഞെട്ടുന്നത്, ഇനിമുതൽ നിന്റൊപ്പം ഇവിടെ ഞാനും ഉണ്ടാവും”
അപ്പോഴാണ് രാജമ്മ മുറിയിലേക്ക് കടന്നുവന്നത്. സുരേഷിനെ കണ്ടപ്പോൾ കൈയിലുള്ള പഴം അദ്ദേഹത്തിന് നൽകിയിട്ട് പറഞ്ഞു,
“സാറിന്ന് നേരത്തെയാണോ? പഴം തിന്നാട്ടെ,, ടീച്ചർക്ക് വേറെ കൊണ്ടുത്തരാം”
“ഇനിയങ്ങോട്ട് രാജമ്മ എന്റെ കാര്യവും നോക്കണം. അച്ഛനായവർക്കും സർക്കാർ ലീവ് അനുവദിച്ചിട്ടുണ്ട്. രാജമ്മെ, കൊറച്ചു വെള്ളം വേണമായിരുന്നു”
അടുക്കളയിൽ പോയ രാജമ്മ ഒരുഗ്ലാസ് ഹോർലിക്സുമായി വന്നിട്ട് പറഞ്ഞു,
“ഏതായാലും സാറിത് കുടിക്ക്,, ടീച്ചർക്കിപ്പോൾ വേണ്ടല്ലൊ”
സൂര്യരശ്മി ടീച്ചറുടെ തലയിൽ എന്തോഒന്ന് കലങ്ങിമറിയാൻ തുടങ്ങി. അവർ പറഞ്ഞു,
“രാജമ്മെ ഉച്ചഭക്ഷണം നേരത്തെ ഉണ്ടാക്കണം,, എനിക്ക് വേഗം വിശക്കും”
“അത് ഞാനിപ്പോൾ വെള്ളം അടുപ്പത്ത് വെച്ചിരിക്കയാ,, നിങ്ങള് രണ്ടാളും കൊച്ചിനെ കളിപ്പിച്ച് ഇവിടെയിരുന്നോ”
“അതുവേണ്ട, പരിചയമില്ലാത്ത അടുക്കളയിൽ രാജമ്മ ഒറ്റയ്ക്ക് എങ്ങനെയാ,, ഞാനും വരുന്നു” 
               രാജമ്മയുടെ പിന്നാലെ ഭർത്താവ് ഇറങ്ങിപ്പോവുന്നതു കണ്ടപ്പോൾ ടീച്ചർ ശരിക്കും ഞെട്ടി. ചട്ടിയും കലവും ഏതാണെന്നുപോലും അറിയാൻ ശ്രമിക്കാത്ത കെട്ടിയവനാണ് ഏതോ ഒരുത്തിയെ സഹായിക്കാൻ അടുക്കളയിലേക്ക് പോകുന്നത്! ടീച്ചറുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി, 
‘പത്തുമാസം കഴിയുമ്പോൾ സുരേഷ് എന്ന അദ്ധ്യാപകൻ വീണ്ടും പെറ്റേണിറ്റി ലീവ് എടുക്കേണ്ടി വരുമോ?’
*****