“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/4/25

**സീമന്തിനി**

         


                     നിർത്താതെ പ്രവർത്തിക്കുന്ന യന്ത്രത്തെപോലെ ജോലി ചെയ്യുന്ന കുമാരേട്ടനെ എത്ര നോക്കിയിട്ടും സീമന്തിനിക്ക് മതിയായില്ല. സമാവറിലെ ടാപ് തുറന്ന് തിളച്ചവെള്ളം ചായപ്പൊടിയിട്ട പാത്രത്തിൽ ഒഴിച്ച് അടച്ചുവെച്ചശേഷം പാലും പഞ്ചസാരയും ചേർത്ത മറ്റൊരു പാത്രത്തിലേക്ക് ചുവപ്പുരാശി കലർന്ന വെള്ളം അരിപ്പയിലൂടെ ഒഴിച്ചപ്പോൾ പുതുമഴപെയ്ത മണ്ണിന്റെ നിറമുള്ള ചായ ആയി രൂപാന്തരപ്പെട്ടത് ഒരു മീറ്റർ ഉയർത്തിയിട്ട് മറ്റൊരു ഗ്ലാസിൽ ഒഴിച്ച് തണുപ്പിച്ചശേഷം മുന്നിൽ നിരത്തിയ ഗ്ലാസുകളിൽ പകർന്ന് ചായകുടിക്കാൻ കാത്തിരിക്കുന്നവരുടെ മുന്നിൽ എത്തിച്ചശേഷം അയാൾ ചോദിച്ചു,

കഴിക്കാൻ എന്താ വേണ്ടത്? നല്ല പുട്ടും കടലയും എടുക്കട്ടെ?”

         ചായപ്പീടികയുടെ ബഞ്ചിലിരിക്കുന്ന കൊച്ചുഗോവിന്ദനും രാഘവേട്ടനും കുഞ്ഞമ്പു മേസ്ത്രിയും അച്ചുമാഷും മൊയ്തുഹാജിയും മുന്നിലുള്ള ചായയിൽ ശ്രദ്ധിക്കുകയോ അയാൾ പറയുന്നതും കേൾക്കുകയോ ചെയ്തില്ല. അവരുടെ ശ്രദ്ധ മുഴുവൻ പുറത്തുള്ള കാര്യങ്ങളിലാണെന്ന് കണ്ടപ്പോൾ കുമാരേട്ടൻ ഒച്ച കൂട്ടിയിട്ട് വീണ്ടും ചോദിച്ചു,

നിങ്ങള് ചായ കുടിക്ക്, കഴിക്കാൻ എല്ലാവർക്കും പഴം എടുക്കട്ടെ; പൂവൻ പഴമാണ്

       വീണ്ടും ചോദ്യം കേട്ട് ഞെട്ടിയവരുടെ കൂട്ടത്തിൽ കുഞ്ഞമ്പുമേസ്ത്രിയുടെ ശബ്ദം പുറത്തുവന്നു,

കഴിക്കാനെന്താ ഉള്ളത്?”

പുട്ടും കടലയും, വടയും പഴം‌പൊരിയും പഴവും ഉണ്ട്. എന്താ വേണ്ടത്?”

അനക്ക് രണ്ട് പഴം മതി

       കുഞ്ഞമ്പുമേസ്ത്രിയുടെ മറുപടി കേട്ടപ്പോൾ മറ്റുള്ളവരോട് കുമാരേട്ടൻ ചോദിച്ചു,

മറ്റുള്ളവർക്കും പഴം മതിയോ?”

ഒന്നും വേണ്ട

      ബാക്കിയുള്ളവർ ഒന്നിച്ച് പറഞ്ഞപ്പോൾ കുമാരേട്ടനൊന്നും തോന്നിയില്ല. ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങൾ ഒട്ടേറെ തവണ തരണം ചെയ്ത അദ്ദേഹത്തിന് മറ്റുള്ളവരുടെ അവഗണനയിൽ പ്രത്യേകമായി ഒന്നും തോന്നാറില്ല.

         നാലുപേർ ചേർന്നാൽ ഒച്ചയും അനക്കവും നിറഞ്ഞ് ആഘോഷമാക്കുന്ന നാട്ടിൻ‌പുറത്തെ ചായപീടികയിൽ അന്ന് രാവിലെ വന്നവർ ആരും‌‌തന്നെ അവിടം ചൂഴ്‌ന്നു നിൽക്കുന്ന മൌനത്തിന്റെ തോട് പൊളിക്കാൻ തയ്യാറായില്ല. ദുരൂഹമായ പ്രശ്നത്തിനു മുന്നിൽ അവരെല്ലാം മരവിച്ചിരിക്കുന്നു. ബഹളം വെച്ച് ആളെ കൂട്ടേണ്ടത് കടയുടമ കുമാരേട്ടൻ തന്നെയാണ്. അയാളാണെങ്കിൽ ഓരോ നിമിഷവും മൌനത്തിന്റെ കട്ടി കൂട്ടുകയാണ്.

         കുമാരേട്ടന്റെ സ്വന്തം ചായപീടികയിൽ വലിയൊരു പ്രശ്നമായി എല്ലാവരുടെയും മുന്നിൽ അവൾ വന്നിരിക്കയാണ്; സീമന്തിനി. അഞ്ചുകൊല്ലം മുൻപുവരെ കുമാരേട്ടന്റെ ഒരേഒരു ഭാര്യ ആണെങ്കിലും അവളിപ്പോൾ നാട്ടുകാർക്ക് പോലും ദുഃശകുനമാണ്. ഭർത്താവിനെയും രണ്ട് മക്കളെയും മറന്നുകൊണ്ട് ചെറുപ്പക്കാരനായ കാമുകന്റെ ഒപ്പം ഒളിച്ചോടിയ സീമന്തിനിയാണ് മുൻ ഭർത്താവിനെയും തേടി അദ്ദേഹത്തിന്റെ തൊഴിലിടത്ത് വന്നത്.

         ചായയുടെ ചൂടാറ്റിയിട്ട് കുടിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ വലതുവശത്തെ ഇടനാഴിയിൽ നിൽക്കുന്ന അമ്മയിലും കുഞ്ഞിലും ആണ്. മുഷിഞ്ഞ സാരിയുടെ ഒരറ്റം കൊണ്ട് മുഖം മറച്ച് ഒക്കത്തുള്ള കുഞ്ഞിനോട് ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുന്ന പെൺ‌രൂപം അവിടെ ഇരിക്കുന്നവരിൽ പലതരം ചോദ്യങ്ങൾ ഉയർത്തി. അവളുടെ ഭൂതകാല ചെയ്തികളും ഭാവികാല സഞ്ചാരവും ഊഹിച്ചെടുക്കാവുന്ന വർത്തമാന കാലമാണ് മുന്നിലുള്ളത്. അതിനിടയിൽ കുമാരേട്ടന്റെ നിർവികാരതയാണ് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതുപോലെ ഒരു പൊട്ടിത്തെറി ഏതായാലും ഇല്ലാതായി.

         സമയം മുന്നോട്ട് പോകുന്തോറും അവളാകെ അസ്വസ്ഥയായി. വിശക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനുള്ള പരിശ്രമങ്ങളെല്ലാം പാളുകയാണ്. ഇനിയങ്ങോട്ട് എന്ത് സംഭവിച്ചാലും അവിടെ നിൽക്കേണ്ടത് അത്യാവശ്യമായി അവൾക്ക് തോന്നി. മുഷിഞ്ഞ് നിറം മങ്ങിയ പച്ചസാരിയിൽ ക്ഷീണിച്ച ദേഹം ഒളിപ്പിക്കുന്നത് ചായപീടീകയിലെ പുരുഷന്മാർ കണ്ടില്ലെന്ന് നടിച്ചു. അവരുടെയെല്ലാം മനസ്സിലുള്ള സീമന്തിനി ഇതുപോലെ ആയിരുന്നില്ല. ഒരുകാലത്ത് തുടുത്ത് വെളുത്ത സുന്ദരമായ മുഖം ഇപ്പോൾ വാടിക്കൊഴിഞ്ഞ പൂവുപോലെ ആയത് സ്വന്തം കൈയിലിരിപ്പ് കൊണ്ടാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. കുമാരേട്ടന്റെ ഭാര്യ ആയിരുന്നപ്പോൾ എണ്ണനിറഞ്ഞ് കത്തുന്ന നിലവിളക്ക് ആയവൾ ഇപ്പോൾ എണ്ണവറ്റി കരിന്തിരി പോലെ ആയി മാറി. ചായ കുടിച്ചുതീർന്നെങ്കിലും അവിടെയുള്ളവർ നിശ്ചലമായി ഇരിക്കുകയാണ്.

       ഏതാനും കൊല്ലം മുൻപ് വലിയൊരു പലചരക്ക് കട നടത്തുന്ന കുമാരൻ മുതലാളിയുടെ ഭാര്യ ആയിട്ട് സീമന്തിനി കടന്നുവന്നപ്പോൾ ആരുമൊന്ന് നോക്കിപ്പോവും. മുതലാളിയുടെ ഭാര്യ എന്ന നിലയിൽ അഹങ്കരിച്ചുനടന്ന കാലം അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. ഇല്ലായ്മയിൽ നിന്നും വന്നവൾ വിവാഹത്തോടെ സമ്പന്നതയിൽ കൊതിതീരെ ജീവിതം ആസ്വദിച്ചു. നാട്ടുകാർക്കിടയിൽ മാന്യമായ സ്ഥാനം അലങ്കരിച്ചവളാണ് പെട്ടെന്നൊരു ദിവസം ദുശകുനമായി മാറിയത്. കടയിലെ ചെറുപ്പക്കാരനായ തൊഴിലാളിയോടൊപ്പം മുതലാളിയുടെ ഭാര്യ ഒളിച്ചോടിയത് നാട്ടുകാർക്ക് പറയാൻ വാർത്തകളായി.

         ചായകുടിച്ച് വെറുതേയിരിക്കുന്ന അച്ചുമാഷിന് പലതും ചോദിക്കണമെന്നുണ്ട്. അദ്ദേഹം കുമാരന്റെ മുഖത്ത് നോക്കിയശേഷം മറ്റുള്ളവരുടെ മുഖത്തേക്കും നോക്കി. കൂടെയുള്ളവർ ആരും മിണ്ടുകയില്ല എന്ന് ഉറപ്പായപ്പോൾ മാസ്റ്റർ മൌനത്തിന്റെ തോട് പൊട്ടിച്ച് മഞ്ഞുരുകാൻ തക്കവണ്ണം പറഞ്ഞു,

ഇവിടെ വന്ന രണ്ടുപേരെ കുമാരൻ കണ്ടോ? നിന്നെ കാണാനാവണം അവർ വന്നത്

          ചോദ്യം കേട്ടപ്പോൾ അച്ചുമാഷിന്റെ നേരെ കുമാരൻ അപരിചിതമായ നോട്ടമെറിഞ്ഞു. അദ്ധ്യാപകനായ അദ്ദേഹത്തിന് ആദ്യമായാണ് ഇത്തരം നോട്ടം അഭിമുഖികരിക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുകയില്ല എന്ന് ആ നിമിഷം‌തന്നെ മാസ്റ്റർ പ്രതിജ്ഞ ചെയ്തു. ആ നേരത്ത് കുമാരന്റെ വാക്കുകൾ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി,

ചായ കുടിക്കാൻ വരുന്നവർ അത് കുടിച്ചാൽ മതി. അല്ലാതെ ചായക്കടക്കാരന്റെ ജീവിതത്തിൽ കടക്കേണ്ട

       ഉച്ചത്തിലുള്ള വാക്കുകൾ കേട്ട് അഞ്ചുപേരും തല ഉയർത്തിയപ്പോൾ അതേ ശബ്ദം കേട്ടായിരിക്കണം മുറ്റത്തെ മൂലയിൽ നിൽക്കുന്ന പെണ്ണിന് ചെറിയ ചലനം ഉണ്ടായി. അവസാനത്തെ പ്രതീക്ഷയും ഇല്ലാതായ അവൾ ദയനീയമായി എല്ലാവരെയും നോക്കി.

           കുമാരേട്ടൻ പതിവു ജോലികളിൽ മുഴുകി. ചായകുടിക്കാൻ ആളുകൾ പോവുകയും വരികയും ചെയ്തു. സമാവറിലെ തിളച്ചവെള്ളം ചായപ്പൊടിയും പാലും പഞ്ചസാരയുമായി ചേർന്ന് മണ്ണിന്റെ നിറമുള്ള ചായ ആയി രൂപാന്തരപ്പെട്ടത് ചൂടാറാതെ കുടിച്ച് ആളുകൾ സ്ഥലം വിട്ടു. പലരും വന്നുപോയിട്ടും അച്ചുമാഷും മൊയ്തുഹാജിയും ബെഞ്ചിന്റെ മൂലയിലിരുന്ന് പത്രം വായന തുടർന്നു. രാവിലെ തന്നെയുള്ള ജിജ്ഞാസക്ക് തീർപ്പാക്കാതെ പോകാൻ അവർക്ക് തോന്നിയില്ലെന്ന് വേണം പറയാൻ.

           അച്ചുമാഷിന്റെ ഓർമ്മയിൽ പഴയ കാര്യങ്ങൾ ഉയർന്നുവന്നു. അന്ന് ഗ്രാമീണർക്ക് ആവശ്യമുള്ളതെന്തും വാങ്ങാവുന്ന പലചരക്ക് കട ആയിരുന്നു കുമാരന്റേത്. അന്ന് കുമാരൻ മുതലാളി ആയിരുന്നു. ആളുകൾക്ക് പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന നാട്ടിൻ‌പുറത്തുകാരുടെ കണ്ണിലുണ്ണി ആയ മുതലാളി. ഇല്ലായ്മയിൽ നിന്നും ഉയർന്നുവന്ന കുമാരൻ മുതലാളിയുടെ വിവാ‍ഹം കെങ്കേമമായി നടന്നു. അമ്മയും മകനും മാത്രമുള്ള വീട്ടിൽ വലതുകാൽ വെച്ച് കയറിവന്ന പെണ്ണ് പിറ്റേന്നുമുതൽ അവിടെ അസ്വസ്ഥതകൾ നിറക്കാൻ തുടങ്ങി. രണ്ട് മക്കൾ ആയപ്പോഴാണ് അവൾ പുത്തൻ മേച്ചിൽ‌പുറങ്ങൾ തേടി കടയിലെ തൊഴിലാളിയോടൊപ്പം സ്വർണ്ണവും പണവുമായി മുങ്ങിയത്. അവളാണ് സീമന്തിനി; കുമാരേട്ടന്റെ പ്രീയപ്പെട്ട സീമ,, ഇപ്പോഴൊരു ചോദ്യചിഹ്നമായി മുന്നിൽ വന്നിരിക്കുന്നു. 

           പഴയ ഭാര്യയുടെ വരവ് മറ്റുള്ളവരുടെ മനസ്സിൽ ആശങ്കകൾ ഉയർത്തിയെങ്കിലും കുമാരന്റെ മനസ്സിനെ തെല്ലുപോലും സ്പർശിച്ചില്ലെന്ന് അയാളുടെ ചെയ്തികൾ കണ്ടാൽ അറിയാം. മുതലാളി ആയ ഭർത്താവിനെ പാപ്പരാക്കി ചായക്കട നടത്താൻ ഇടയാക്കിയവൾ മുന്നിൽ വന്നാൽ ആരുമൊന്ന് പ്രതികരിച്ചുപോകും. കുമാരേട്ടനാണെങ്കിൽ കാര്യമായൊന്നും സംഭവിക്കാത്ത മട്ടിൽ ചായ കുടിക്കാൻ വരുന്നവരെ സ്വീകരിച്ച് ഇരുത്തുകയും ചായ വിളമ്പുകയും ചെയ്യുകയാണ്. അവിടെ വന്നവരിൽ പലരും പിരിഞ്ഞു പോകുന്നില്ല എന്നത് അയാളെ ആശ്ചര്യപ്പെടുത്തി. കഥയുടെ ക്ലൈമാക്സ് കാണാതെ എങ്ങനെ സ്ഥലംവിടും!

         എല്ലാവരിലും ഒരു ചോദ്യം അവശേഷിക്കുകയാണ്. അവൾ വന്നത് എല്ലാം തകർന്നിട്ടാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഈ അവസ്ഥയിൽ രണ്ടാം വിവാഹത്തെകുറിച്ച് ചിന്തിക്കാത്ത കുമാരേട്ടൻ സീമന്തിനിയെ സ്വീകരിക്കുമോ? സീമന്തിനിയുടെ പ്രതീക്ഷാനിർഭരമായ കണ്ണുകൾ കുമാരേട്ടനിൽ തന്നെയാണ്. പതുക്കെ അവൾ ചായ ഒഴിക്കുന്ന സമാവറിന്റെ സമീപം എത്തിച്ചേർന്നു. അപ്പോൾ കുമാരേട്ടൻ ചോദിച്ചു,

ഇത് നിന്റെ കുട്ടിയാണോ?”

അതെ ചേട്ടാ

അതിന് വിശക്കുന്നുണ്ടാവും; ഇതാ ചായയും പഴവും കൊടുക്ക്

         കുമാരേട്ടൻ നൽകിയ ചായയോടൊപ്പം പഴം വാങ്ങുമ്പോൾ  കൈവിരലുകളിൽ മുട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൾ ചോദിച്ചു,

നമ്മുടെ മക്കൾ വലുതായോ?”

രണ്ടുപേരും നന്നായി പഠിക്കും. മൂത്തവന് ജോലിയായി

          അവൾ പ്രതീക്ഷകളോടെ അയാളെ നോക്കുന്ന നേരത്ത് ചായകുടിച്ച ഗ്ലാസ് തിരികെ വാങ്ങിയിട്ട് അയാൾ പറഞ്ഞു,

നീയിവിടെ നിൽക്കേണ്ട, അമ്മ മരിച്ചുപോയെന്നാണ് മക്കളോട് പറഞ്ഞത്

        പെട്ടെന്നുണ്ടായ ഞെട്ടലിൽ അവളിൽ‌നിന്നും കണ്ണുനീർചാലുകൾ ഒഴുകിയിറങ്ങി. അതിനിടയിൽ സ്വയം പറഞ്ഞു,

എന്തുചെയ്യാം? ആ നേരത്തെ പൊട്ടബുദ്ധിക്ക് അങ്ങനെ തോന്നിപ്പോയി. ഒന്ന് കാണാൻ വന്നതാ,, ഇനി ഞാൻ പോവുകയാണ്

       കണ്ണുകൾ തുടച്ചശേഷം കുഞ്ഞിനെ ചുമലിലിട്ട് സീമന്തിനി നടന്നുപോകുന്നത് ദുഃഖത്തോടെ അയാൾ നോക്കിനിന്നു. അതിനുശേഷം ഒരുകാലത്ത് തിനിക്കേറ്റവും പ്രീയപ്പെട്ടവളാണെന്ന ചിന്തയെ മനസ്സിൽ‌നിന്നും തുടച്ചുമാറ്റിയ കുമാരേട്ടൻ പതിവ് ജോലികൾ ചെയ്യാൻ തുടങ്ങി.

*******

11/1/20

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

#ഒന്നാം ദിവസം

1, ഇനി അവൾ ഉറങ്ങട്ടെ

    മലയാളി മങ്കമാർ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൈങ്കിളി വാരികയിൽ എന്റെ ചെറുകഥ ആദ്യമായി അച്ചടിച്ചു വന്നപ്പോൾ മനസ്സിലാകെ പൂത്തിരി കത്തി. അന്നു വൈകുന്നേരം ചക്കരക്കല്ല് ടൌണിലെ സൂപ്പർ‌മാർക്കറ്റിൽനിന്നും ഷോപ്പിംഗ് കഴിഞ്ഞ് വരുന്നവഴിയിൽ എന്റെ കഥ ഒളിപ്പിച്ച വാരികകൾ മിൽമ ബൂത്തിൽ തൂങ്ങിക്കിടന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾ‌തന്നെ പത്തെണ്ണം ഒന്നിച്ച് വാങ്ങി പണം കൊടുക്കുമ്പോൾ ബൂത്തുടമ രമേശൻ പറഞ്ഞു,

“ടീച്ചറെന്തിനാ എല്ലാ ആഴ്ചപ്പതിപ്പും വാങ്ങുന്നത്? മറ്റുള്ളവർക്കൊന്നും വായിക്കണ്ടേ?”

“മറ്റുള്ളവർക്ക് വേറെ വാങ്ങിക്കൊടുത്തോ, ഇതിനകത്ത് എന്റെ കഥ വന്നിട്ടുണ്ട്”

“അതയോ, ടീച്ചറിത് ആദ്യമേ പറഞ്ഞെങ്കിൽ കുറേയെണ്ണം ഞാൻ വാങ്ങുമായിരുന്നില്ലേ; ടീച്ചറ് കോളടിച്ചല്ലോ”

    കൂടുതൽ പറയാൻ നിൽക്കാതെ അവന് പണം കൊടുത്തശേഷം സമീപത്തുള്ള ഓട്ടോപിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ മൊബൈൽ ശബ്ദിച്ചു, അനുജന്റെ ഭാര്യയാണ്,

“ഏച്ചിയുടെ കഥയുള്ള ആഴ്ചപ്പതിപ്പ് ചാലോട് ടൌണിൽ കിട്ടാനില്ല. അവിടെ ഉണ്ടെങ്കിൽ ഒരു കോപ്പി എനിക്കും വേണം“

“ഇവിടെയൊരു ഷോപ്പിലുള്ള പത്തെണ്ണം വാങ്ങി. വീട്ടിൽ വരുമ്പോൾ എടുക്കാം” 

   വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിൽ‌നിന്നും ഇറങ്ങാൻ നേരത്ത് വീണ്ടും മൊബൈൽ ശബ്ദിച്ചു; അനുജത്തിയാണ്,

“ഏച്ചീ എഴുതിയ കഥ വായിച്ചു, പെണ്ണുങ്ങളുടെ ജീവിതം ഇതുപോലെ തന്നെയാണ്. കഥ വായിച്ചിട്ട് ഏട്ടനെന്താ പറഞ്ഞത്?”

“അതിന് അങ്ങേര് കഥ വായിച്ചില്ല; പറയുന്നത് എന്തായാലും പറയട്ടെ. ഞാനിപ്പൊൾ ടൌണിന്ന് വരുന്നതേയുള്ളൂ”

“അതെയോ, പിന്നെ വിളിക്കാം”

വീട്ടിലെത്തിയപ്പോൾ ബാഗിൽ‌നിന്നും പത്ത് വാരികകൾ അദ്ദേഹം കാൺ‌കെ മേശപ്പുറത്ത് നിരത്തിവെച്ച് പറഞ്ഞു,

“ഏത് വായിച്ചാലും ഒരേ കഥയാണ്, വായിച്ച് അഭിപ്രായം പറയണം”

“ഒരു കഥ അച്ചടിച്ചുവന്നതിന് ഇങ്ങനെ ചാടേണ്ട, വേഗം പോയി ചായവെക്ക്”

    ഇതാണ് പെണ്ണിന് വിധിച്ചത്, ഏത് കൊമ്പത്ത് കയറിയാലും അവളെ തളച്ചിടാൻ അടുക്കള ഉണ്ടല്ലോ,, ഞാനാണെങ്കിൽ സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലാണ്. ആഴ്ചപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചുവരുന്നത് ആദ്യമായിട്ടാണ്. കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പ്രസിദ്ധികരണത്തിൽ വരിക എന്നത് വലിയൊരു ഭാഗ്യമല്ലാതെ മറ്റെന്താണ്. കഥകൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ആദ്യമായിട്ടൊന്നും അല്ല. ബ്ലോഗിൽ ഫെയ്സ്‌ബുക്കിൽ, വാട്ട്‌സാപ്പിൽ കൂടാതെ അനേകം മാസികകളിൽ, സ്മരണികകളിൽ എത്രയെത്രയാണ് കഥകളും ലേഖനങ്ങളും ഒക്കെ വന്നതാണ്. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ മികച്ചത് ഈ രചന തന്നെ, വാരിക തുറന്നപ്പോൾ ഞാനെഴുതിയ കഥ മുന്നിൽ, പേര് വായിച്ചു,

‘ഇനി അവൾ ഉറങ്ങട്ടെ’

          ഫെയ്സ്‌ബുക്കിലും വാട്ട്‌സാപ്പിലും ചാറ്റ് ചെയ്യാൻ പറ്റിയ നേരം രാത്രിയാണ്. മിണ്ടിയും പറഞ്ഞും ഇരിക്കാനാവില്ല എന്നേയുള്ളൂ; ഒച്ചകേട്ടാൽ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന ഭർത്താവ് എഴുന്നേറ്റുവരും,

“നട്ടപ്പാതിര ആയിട്ട് നിനക്കൊന്നും ഉറങ്ങാനായില്ലേ?”

      മക്കളും ചെറുമക്കളും ഉപേക്ഷിച്ചുപോയി ഏതാണ്ട് വൃദ്ധസദനം പോലെയായ വീട്ടിൽ തിന്നലും കുടിയും കുളിയും മാത്രമായിട്ട് നാളുകൾ ഏറെയായി. അതിനിടയിൽ ഇത്തിരി സാഹിത്യം തലക്കു പിടിച്ചത് അങ്ങേർക്ക് സഹിക്കുന്നില്ല.  

  ഫെയ്സ്‌ബുക്കിൽ ഇന്നത്തെ പോസ്റ്റ് സ്പെഷ്യലാണ്. രാവിലെതന്നെ വാരികയുടെ മുഖചിത്രം വെച്ച് പോസ്റ്റ് ഇട്ടതാണ്. കമന്റും ലൈക്കും നിറഞ്ഞുകവിഞ്ഞിരിക്കും; ഏതായാലും തുറന്നു നോക്കട്ടെ,,

തുറന്നപ്പോൾ ഞാനാകെ ഞെട്ടി,, ആകെ പതിനെട്ട് ലൈക്കും ആറ് കമന്റും.

ദരിദ്രവാസികൾ, നന്ദിയില്ലാത്ത വർഗ്ഗം,, 

  വായനക്കാർ ഇങ്ങനെ ആയതിൽ ഞാനെന്ത് പിഴച്ചു! അപ്പോഴാണ് മെസെഞ്ജറിൽ പച്ചവെളിച്ചം തെളിഞ്ഞത്,, ആരോ വന്നിട്ടുണ്ട്, മംഗ്ലീഷിൽ ഏതാനും വാക്കുകൾ,

“ചേച്ചി എഴുതിയ കഥ വായിച്ചു, സൂപ്പർ; ഇന്ന് കിട്ടിയ ആഴ്ചപ്പതിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്”

ഹോ,, എന്റെ ദേഹമാസകലം കുളിരുകോരി, ഒരാളെങ്കിലും എന്നെ അം‌ഗീകരിച്ചല്ലോ. ലൈക്ക് ചെയ്തശേഷം പേര് വായിച്ചു, രജനി വിനോദ്’, ഞാൻ മറുപടി എഴുതി,

“ഹായ് സന്തോഷം, താങ്കളുടെ കമന്റ് എന്റെ എഫ്.ബി. പേജിൽ ഇട്ടുകൂടെ?”

“അധികമൊന്നും ഞാൻ എഫ്,ബി,യിൽ എഴുതാറില്ല, വായിക്കാറാണ് പതിവ്. പിന്നെ ചില പോസ്റ്റുകൾ ഷെയർ ചെയ്യും”

പെട്ടെന്ന് മറുപടി വന്നപ്പോൾ എനിക്ക് സന്തോഷമായി. ആള് ഓൺലൈനിൽ ഉണ്ടല്ലോ,, പെട്ടെന്ന് ഞാൻ എഴുതി,

“വായിക്കുന്നത് നല്ലതാണ്, ഏതാനും കഥകളുടെ ലിങ്ക് അയച്ചുതരാം”

“വേണ്ട ചേച്ചി, എനിക്ക് അധികസമയം ഇവിടെ വരാൻ പറ്റില്ല. ചേച്ചിയുടെ കഥ പോലെയാണ് എന്റെ ജീവിതം, ക്ലൈമാക്സ് നടന്നില്ല എന്നേയുള്ളൂ. അതിൽ പറയുന്ന വീട്ടമ്മ പ്രീയ ഞാൻ തന്നെയാണ്”

   അവളങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷം പതഞ്ഞുപൊങ്ങി. എഴുത്തു‌‌കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം. കഥാനായികയുടെ ജീവിതം തന്റേത് കൂടിയാണെന്ന് ഒരു വായനക്കാരിയിൽ നിന്നും കേൾക്കുക, ഇതിലധികം എന്തുവേണം!

“താങ്കൾ പറയുന്നത് വലിയൊരു അവാർഡായി ഞാൻ കണക്കാക്കുന്നു”

“കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?”

അവളുടെ ചോദ്യം കേട്ട് ഉത്തരം കണ്ടെത്താനാവാതെ ഞാനിരുന്നു. അടുത്ത മുറിയിൽ സമാധാനത്തോടെ കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾ എന്റെ ഓർമ്മയിൽ കടന്നുവന്നു.

(തുടരും)

2/2/20

ചിക്കൻ


      നൂഡിൽ‌സും ചില്ലിചിക്കനും ഇഷ്ടവിഭവമായ എൽ.കെ.ജി. പയ്യൻ അനിക്കുട്ടൻ ഉരുണ്ടുതടിച്ച് നാട്ടുകാരുടെ ഓമനക്കുട്ടനായി വളർന്നുകൊണ്ടിരിക്കെ അവനൊരു അനിയത്തി വന്നു. നിറവയറുമായി ആശുപത്രിയിൽ പോയ അവന്റെ മമ്മി ഭാവിയിൽ ബാർബിഗേളായി മാറാനിടയുള്ള കൊച്ചുവാവയുമായി വന്നുകയറിയ നിമിഷംതൊട്ട് അവൻ മുന്നിൽ നിന്ന് മാറിയതേയില്ല. കുഞ്ഞിന്റെ കൈകളും കാലുകളും തടവിനോക്കുന്ന അനിക്കുട്ടനോട് മമ്മി പറഞ്ഞു,
“മോന്റെ കുഞ്ഞനിയത്തിയാ,, ഒരുമ്മ കൊടുത്തെ,,,”
വാവയുടെ കവിളിൽ ഉമ്മകൊടുത്തിട്ടും തൊട്ടിലിന്റെ അടുത്തുനിന്ന് മാറാതെ നിൽക്കുന്ന മകനെ നോക്കി അച്ഛൻ പറഞ്ഞു,
“എന്തൊരു സ്നേഹം,,”
അപ്പോൾ അമ്മ പറഞ്ഞു,
“അവന്റെ സ്നേഹം കണ്ടോ,, വലുതായാൽ അനിക്കുട്ടൻ പെങ്ങൾക്കൊരു തണലായി മാറിയിട്ട് അവളെ പൊന്നുപോലെ നോക്കിക്കൊള്ളും”

  രാത്രി വൈകിയിട്ടും ഉറങ്ങാതെ കൊച്ചുപെങ്ങളെ നോക്കിയിരിക്കുന്ന അനിക്കുട്ടന് നാളെ നേരം പുലർന്നാൽ വലിയൊരു ആനയെ വാങ്ങിത്തരാമെന്ന് പപ്പ പ്രോമിസ് ചെയ്തു. അതുകേട്ടപ്പോൾ സന്തോഷത്തോടെ ഉറങ്ങാൻകിടന്ന അനിക്കുട്ടന്റെ തലയിൽ അമ്മ തടവിയപ്പോൾ അവൻ ഉറക്കത്തിലേക്ക് കടന്നു.

നേരം അർദ്ധരാത്രി;
അനിക്കുട്ടൻ എഴുന്നേറ്റിരുന്ന് കരയാൻ തുടങ്ങിയപ്പോൾ അമ്മയുടെ ഉറക്കം ഞെട്ടി,
“മോനേ അനിക്കുട്ടാ, എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ മമ്മിയോട് പറ,,,”
“എന്ച്ച് വെശക്ക്ന്ന്”
“മോൻ കരയണ്ടാ,, മമ്മി പപ്പയെ വിളിക്കാം”
കരച്ചിൽ കേട്ട് ഉറക്കം ഞെട്ടിയിട്ട് പപ്പ വന്നു,
“അനിക്കുട്ടന് വിശക്കുന്നുണ്ട്,, അടുക്കളയിൽ ബിസ്ക്കറ്റോ പഴമോ ഉണ്ടാവും”
“എന്ച്ച് പഴമൊന്നും മാണ്ടാ”
“എന്നാൽ എന്റെ കുട്ടന് പപ്പ ബിസ്ക്കറ്റ് തരാം”
“ന്ച്ച് ബിക്കറ്റ് മാണ്ടാ”
“പിന്നെ എന്റെ പൊന്നിന് എന്താ വേണ്ടത്, മോൻ അമ്മയോട് പറ”
“ന്ച്ച് ചിക്കൻ‌ മാണം”
“ചിക്കനോ? അതിപ്പം ഈ നട്ടപാതിരക്ക് എവിടെന്നാ ചിക്കൻ? ഹോട്ടലൊക്കെ അടച്ചിട്ടുണ്ടാവും. മോനൂട്ടിക്ക് നാളെ മോണിംഗിൽ ചില്ലിചിക്കൻ വാങ്ങിത്തരാം”
“അത്‌പോര,,, ന്ച്ച് ഇപ്പത്തന്നെ ചിക്കൻ മാണം”
“അനിക്കുട്ടാ ഇവിടെയിപ്പം രാത്രിയിൽ ചിക്കനില്ലല്ലൊ. മോൻ കരയാതെ കിച്ചണിൽ പോയി പഴം തിന്ന്, പപ്പ എടുത്തുതരും”
“മോന് നല്ല ടേസ്റ്റുള്ള ചിക്കൻ ഇപ്പംമാണം”
“അതെങ്ങനെയാ ഇപ്പോൾ ചിക്കൻ കിട്ടുന്നത്?”
ആ നേരത്ത് നേർത്ത പുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞിന്റെ കാലുപിടിച്ചുകൊണ്ട് അനിക്കുട്ടൻ പറഞ്ഞു,
“ന്ച്ച് വാവേനെ ചിക്കനാക്കിയിട്ട് മാണം, നല്ല ടേസ്റ്റ് ആവും”
അച്ഛനും അമ്മയും അന്യോന്യം നോക്കി അന്തംവിട്ടു നിൽക്കുമ്പോഴും കുഞ്ഞുവാവ ഉറങ്ങുകയാണ്. 
*******