സുപ്രസിദ്ധ മനശാസ്ത്രജ്ഞനായ, ഡോ.മദനമോഹനചന്ദ്ര ആചാര്യ ദാസ് (mad എന്ന് ചുരുക്കാം) നാട്ടുമാങ്ങയുടെ ഷെയിപ്പിലുള്ള നരച്ച താടിരോമം തടവിയൊതുക്കിയശേഷം കണ്ണട ഊരിവെച്ച്, മുന്നിലിരിക്കുന്ന അമ്മയെയും മകനെയും നോക്കി.
... മകൻ,,,
ഏതോ ഒരു ക്വട്ടേഷൻ ടീമിലെ അംഗമാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സൈക്കോളജിയൊന്നും പഠിക്കണമെന്നില്ല.
... അമ്മ,,,
അവരെ മനസ്സിലാക്കണമെങ്കിൽ താൻ ഇതുവരെ പഠിച്ച മനശാസ്ത പാഠങ്ങളൊന്നും മതിയാകുമെന്ന് തോന്നുന്നില്ല.
കൺസൽട്ടേഷന്റെ ആദ്യഘട്ടമായി ഇരുവരെയും മുന്നിലിരുത്തി പ്രശ്നങ്ങൾ തുറന്നുപറയാൻ പറഞ്ഞതിൽ നിന്നും ഡോക്റ്റർക്ക് ഒരു കാര്യം മനസ്സിലായി; അവർ തന്റെ മുന്നിലെത്തിയത് ഒരേയൊരു പരിഹാരം കാണാനാണ്,
… ‘ഉറക്കമില്ലായ്മ;
… ഒരു മാസക്കാലമായി ആ അമ്മ ഉറങ്ങിയിട്ടില്ല, രാത്രിയോ പകലോ ഒരുപോള കണ്ണടച്ചിട്ടില്ല’.
വീട്ടുകാരെല്ലാം ചേർന്ന് എത്ര പരിശ്രമിച്ചിട്ടും അറുപത് കഴിഞ്ഞ ആ അമ്മ ഉറങ്ങുന്നില്ല. ഉറക്കം വരാനുള്ള തീവ്രയത്ന പരീക്ഷണങ്ങൾ പലതും അവർ നടത്തി; കിടക്ക മാറ്റി, കട്ടില് മാറ്റി, മുറി മാറ്റി, ഒടുവിൽ വീടും മാറി നോക്കി; എന്നിട്ടും നോ ഫലം. ഒടുവിൽ പണ്ടത്തെ ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയിട്ട്, വെറുംനിലത്ത് മുറ്റത്തും വരാന്തയിലും അടുക്കളയിലും കിടന്ന്, മക്കളെല്ലാംചേർന്നുള്ള താരാട്ട്‌പാട്ടിന്റെ താളംപിടിച്ച് ആ അമ്മ ഉറങ്ങാൻ കിടന്നുനോക്കി. എന്നിട്ടും ഉറക്കം അവർക്കൊരു പിടികിട്ടാപ്പുള്ളിയായി മാറുന്നു. മറ്റുള്ളവർ ഉറങ്ങുമ്പോൾ ‘ഉണർന്നിരിക്കുന്ന അമ്മ’ വീട്ടിലെ മറ്റുള്ളവരുടെ ഉറക്കം കെടുത്തിയപ്പോൾ മനശാസ്ത്രജ്ഞനെ ആശ്രയിച്ചിരിക്കയാണ്.
ഡോ. മാഡ് അല്പം പരുക്കനായിതന്നെ അമ്മയോട് ചോദിച്ചു,
“അപ്പോൾ മക്കളൊക്കെ ഉറങ്ങുമ്പോൾ നിങ്ങൾക്ക് ഉറങ്ങണമെന്ന് തോന്നാറില്ലെ?”
“എന്റെ ഡോക്റ്ററേ, ഇവന്റെ കെട്ടിയോളൊക്കെ പോത്ത്‌പോലെ ഒറങ്ങുന്ന കാണുമ്പോൾ എനിക്കങ്ങട്ട് ചത്താമതിന്നാ, അങ്ങനെ ഒന്ന് ചത്ത്കിട്ടിയാലെങ്കിലും സുഖായിട്ടൊന്ന് ഒറങ്ങാലൊ”
അപ്പോൾ ഉറങ്ങാൻവേണ്ടി മരിക്കാൻപോലും തയ്യാറായി വന്നിരിക്കയാണ്, പാവം; ഏതായാലും ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ‘അമ്മയുടെ രാവുകൾ’, നിദ്രാവിഹീനങ്ങളായ രാവുകളായി മാറാനുള്ള കാരണം അറിയണമല്ലൊ; എന്നാലല്ലെ ഒരു മനശാസ്ത്രജ്ഞനായ ഡോക്റ്റർക്ക് ചികിത്സിക്കാൻ പറ്റുകയുള്ളു,,,.
മകനോട് പുറത്ത് നിൽക്കാൻ പറഞ്ഞശേഷം അമ്മയോട് നേരെ മുന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ പറഞ്ഞു. അതിനുശേഷം നേരെ എതിർവശത്തിരുന്ന്, പ്രായം പോറലേല്പിച്ച ആ അമ്മയുടെ കണ്ണുകളിൽ, ഡോക്റ്റർ തറപ്പിച്ചൊന്ന് നോക്കി. ഇങ്ങനെയിരുന്ന് ഒരാളെ ചോദ്യം ചെയ്താൽ ഏത് കൊടുംഭീകരനും സത്യം തുറന്നു പറഞ്ഞുപോകും.
എന്നാൽ അങ്ങനെയിരുന്ന് അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അമ്മ ഇങ്ങോട്ട് പറയാൻ തുടങ്ങി,
“ഡോക്റ്ററെ എനിക്കുറക്കം വരാൻ കട്ടിലിനടിയിൽ കനമുള്ള എന്തെങ്കിലും വേണം; അത് പറഞ്ഞിട്ട് എന്റെ മക്കൾക്ക് മനസ്സിലാകുന്നില്ല”
“കനമുള്ള ഇരുമ്പ് മതിയോ?”
“ഇരുമ്പും തുരുമ്പൊന്നും പോര, നല്ല നാടൻബോംബ് തന്നെ വേണം. ഇപ്പോൾ നാട്ടിലാകെ കുഴപ്പമായതുകൊണ്ട് എന്റെ മോനോട് പറഞ്ഞിട്ട് കേൾക്കുന്നില്ല”
പെട്ടെന്ന് ഞെട്ടിയെങ്കിലും ആ ഞെട്ടൽ പുറത്തുകാണിക്കാതെ ഡൊക്റ്റർ ചോദിച്ചു,
“അതെന്തിനാ? രാത്രി ആരെങ്കിലും വന്നാൽ പൊട്ടിക്കാനാണോ?”
“ പൊട്ടിക്കാനൊന്നുമല്ല, അതെന്റെ പത്ത് പതിനഞ്ച് കൊല്ലത്തെ ശീലമാ. മക്കള് ബോംബുണ്ടാക്കിയാൽ അതെല്ലാം എന്റെ കട്ടിലിനടിയിലാ ഒളിപ്പിച്ച് വെക്കുന്നത്. ആവശ്യം വരുമ്പോൾ ഒന്നുംരണ്ടുമായി അവരെടുത്ത് പൊട്ടിക്കാൻ കൊണ്ടുപോകും”
“ഇപ്പോൾ ആ ബോംബൊക്കെ വീട്ടിലില്ലെ?”
“ഒന്ന്‌പോലും ബാക്കിവെക്കാതെ മക്കള് എടുത്തോണ്ട് പോയി. പോലീസ് വരുമെന്ന് പറഞ്ഞാ കൊണ്ടുപോയത്”
“അപ്പോൾ കട്ടിലിനു ചുവട്ടിൽ ബോംബ് ഇല്ലാത്തപ്പോഴാണ് അമ്മക്ക് ഉറക്കം വരാത്തത്?”
“അതങ്ങനെ ശീലിച്ചുപോയി മോനെ,,,”
എല്ലാം കേട്ടപ്പോൾ ഡോക്റ്റർ മാഡ് കസേരയിൽ നിവർന്നിരുന്ന് തന്റെ മാങ്ങാത്താടിയും തടവി കണ്ണടച്ച് ഏതാനും നിമിഷം ആലോചനയിൽ ഊളിയിട്ടിറങ്ങി,
അവർക്ക് ‘ശീലിച്ചതല്ലെ പാലിക്കാൻ പറ്റുകയുള്ളു’;
പെട്ടെന്ന് ബോധോദയം വന്ന ഡോക്റ്റർ എഴുന്നേറ്റ് പിന്നിലുള്ള മുറിയിലേക്ക് ‘സ്റ്റെപ്പ് ബൈ സ്റ്റെപ്പ്’ നടന്നു. അവിടെ പരിസരനിരീക്ഷണം നടത്തിയപ്പോൾ ‘അത്’ കണ്ടെത്തി. ഹിപ്നോട്ടൈസ് ചെയ്യാനായി രോഗികളെ കിടത്തുന്ന കട്ടിലിന്റെ ഒരു കാലിന് നാലിഞ്ച് നീളം കുറവായതിനാൽ പകരം വെച്ച ‘കല്ല്,,,.
കട്ടിൽ ഉയർത്തിയശേഷം ആ കല്ല് പതുക്കെ എടുത്ത് ഇന്നത്തെ പത്രത്തിൽ പൊതിഞ്ഞ് കെട്ടി, മരുന്ന് കുപ്പികൾ വന്ന കാർഡ്‌ബോർഡ് പെട്ടിയിൽ വെച്ച് ആ പെട്ടിയും നന്നായി പൊതിഞ്ഞു. പിന്നെ വെളുത്ത ചാർട്ട് പേപ്പർ പൊതിഞ്ഞ് വെളുത്ത നൂലുകൊണ്ട് കെട്ടിയുറപ്പിച്ചു. കവറിന്റെ മുകളിൽ ചുവന്ന മാർക്കർകൊണ്ട് വലിയ അക്ഷരങ്ങൾ എഴുതി,,,,, ‘ഒറുക്ക്’
പെട്ടിയുമായി പുറത്തുവന്ന് അമ്മയെനോക്കി പറഞ്ഞു,
“അമ്മക്ക് കട്ടിലിനടിയിൽ വെക്കാൻ ഉഗ്രൻ ബോംബ് ഈ പെട്ടിയിലുണ്ട്; അവിടെ വെച്ചതിനുശേഷം അനക്കിയാൽ പൊട്ടുന്നതാ”
“പോലീസ് വരുന്നതുകൊണ്ട് ഇനി അത് വെക്കാൻ എന്റെമോൻ സമ്മതിക്കില്ല”
“ഇതിനുള്ളിൽ ബോംബുണ്ടെന്ന് മകനോട് മാത്രമല്ല, ഈ ലോകത്ത് ആരോടും പറയണ്ട. അമ്മ മിണ്ടാതിരുന്നാൽ മതി, കട്ടിലിനടിയിൽ വെക്കാൻ ഞാൻ ഏറ്റു”
ഡോക്റ്റർ മാഡ് മകനെ ഉള്ളിലേക്ക് വിളിച്ചു.
ചിരിക്കുന്ന അമ്മയേയും ഡോക്റ്ററേയും അവൻ മാറിമാറി നോക്കിയിരിക്കെ ഡോക്റ്റർ പറഞ്ഞു,
“കുബേരസൂത്രം വീട്ടിൽ വെച്ചാൽ ധനലാഭം ഉണ്ടാവും എന്ന് ടീവി യിൽ കാണാറില്ലെ? സർവ്വരോഗ നിവാരണ യന്ത്രത്തെപറ്റി കേട്ടിട്ടില്ലെ? ശക്തിയുള്ള ഉറുക്ക് കെട്ടിയാൽ കണ്ണേറും കരിനാക്കും ഏൽക്കുകയില്ലെന്ന് അറിയില്ലെ? അതുപോലെ എന്റെ പക്കൽ ഉറക്കം വരാനുള്ള ഒറ്റമൂലിയുണ്ട്,, ‘ഒറുക്ക്’.
ഞാൻ സ്വന്തമായി കണ്ടുപിടിച്ച ഈ ‘ഒറുക്ക്’ കട്ടിലിനടിയിൽ വെച്ചശേഷം രാത്രി ആ കട്ടിലിൽ കിടക്കുന്നയാൾ ഉറങ്ങിപ്പോവും; പിന്നെ നേരം പുലർന്നാൽ സ്വയം എഴുന്നേറ്റുകൊള്ളും. ശ്രദ്ധിക്കേണ്ട കാര്യം, ഇത് കട്ടിലിനടിയിൽ വെച്ചശേഷം എടുക്കുകയോ കുലുക്കുകയോ ചെയ്താൽ ഫലമില്ലാതാവും. അതുകൊണ്ട് കുലുക്കാതെ ഇളക്കാതെ വീട്ടിൽകൊണ്ടുപോയി അമ്മയുടെ കട്ടിലിനടിയിൽ വെച്ചാൽ പിന്നീട് ഒരിക്കലും അവിടെനിന്ന് മാറ്റാനോ തുറക്കാനോ പാടില്ല. പകൾസമയത്ത് ‘ഒറുക്ക്’ ഊർജ്ജസംഭരണം നടത്തുന്നതിനാൽ പ്രവർത്തിക്കില്ല. ഒരു കട്ടിലിന് ഒരു ഒറുക്ക് ഫലം ചെയ്യും; മറ്റൊരു കട്ടിലിനടിയിൽ വെക്കാൻ വേറെ ‘ഒറുക്ക്’ പ്രത്യേകം വാങ്ങണം”
വളരെ ശ്രദ്ധിച്ച് മകന്റെ കൈയിൽ ഒറുക്ക് കൈമാറുമ്പോൾ ഡോക്റ്റർ പറഞ്ഞു,
“അമ്മയുടെ കാര്യമായതിനാൽ വെറും ‘999രൂപ’ തന്നാൽ മതി. പിന്നെ വളരെ ശ്രദ്ധിക്കണം ആരോടെങ്കിലും പറഞ്ഞാൽ ഫലം ഇല്ലാതാവും. ‘ഒറുക്ക്’ കട്ടിലിനടിയിൽ വെച്ചിട്ടും ഉറക്കം വന്നില്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ കൂടുതൽ ശക്തിയുള്ള ‘ഒറുക്ക്’ തരാം”
പണം എണ്ണിക്കൊടുത്ത് അമ്മയും മകനും സസന്തോഷം സ്ഥലം വിട്ടപ്പോൾ ഒരു വലിയ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഡോക്റ്റർക്ക് ആശ്വാസം തോന്നി.
പിന്നീട് അമ്മയോ മകനോ മനശാസ്ത്രജ്ഞനായ ഡോക്റ്റർ മദനമോഹനചന്ദ്ര ആചാര്യ ദാസിനെ കാണാൻ വന്നില്ല. കട്ടിലിനടിയിൽ കനമുള്ള ഏത് നേരത്തും പൊട്ടാൻ തയ്യാറായ ബോംബ് കിടപ്പുണ്ടെന്ന വിശ്വാസത്തിൽ ആ അമ്മ സുഖമായി ഉറങ്ങുന്നുണ്ടാവണം; വിശ്വാസം അതല്ലെ എല്ലാം.
“മിനിയുടെ കഥകളുടെ ലോകം”
എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി
7/30/10
7/12/10
ആദ്യരാത്രിയിൽ ഒരു A+B
രാത്രികൾ അനേകം ഉണ്ടെങ്കിലും ഇന്നത്തെ രാത്രി മറ്റു രാത്രികളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ഇത്, അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന, മധുരം കിനിയുന്ന, മനസ്സിലെ മോഹങ്ങൾ പൂവണിയുന്ന, ആശ്വാസനിശ്വാസങ്ങൾ കൈകോർക്കുന്ന, സുന്ദരമോഹന രാത്രിയാണ്.
വരാൻപോകുന്ന ‘ആ രാത്രി’,,,;
ഏതാനും മണിക്കൂർ മുൻപ് വിവാഹിതരായ ആനന്ദകുമാറും കൃഷ്ണകുമാരിയും ഒന്നിച്ച്‌ചേരുന്ന ആദ്യരാത്രിയാണ്.
അർദ്ധഷഷ്ഠിപൂർത്തി വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് രണ്ട്പേർക്കും കല്ല്യാണം കഴിക്കാനുള്ള കാലവും സമയവും ഒത്തുവന്നത്.
…വരൻ ആനന്ദകുമാർ, പ്രായം മുപ്പത്തി ആറ് (കണ്ടാൽ ഇരുപത്തി ആറ്), ജോലി സർക്കാർ ആപ്പീസിലെ ക്ലർക്ക് (മുൻപ് സ്വന്തമായി നടത്തുന്ന കമ്പ്യൂട്ടർ സെന്ററിലെ പ്രിൻസിപ്പാൾ),,, എണ്ണക്കറുപ്പാർന്ന സുന്ദരൻ, സുശീലൻ.
…വധു കൃഷ്ണകുമാരി, പ്രായം മുപ്പത്തിഒന്ന് (കണ്ടാൽ ഇരുപത്തി ഒന്ന്), സർക്കാർ ജോലി പ്രതീക്ഷിക്കുന്നു (വെറും പ്രതീക്ഷകൾ മാത്രം),,, ചന്ദനനിറമാർന്ന സുന്ദരി, സുശീല.
…ഇനി ഫ്ലാഷ് ബാക്ക്ഗ്രൌണ്ട്,
ആനന്ദകുമാർ ഓർമ്മ വന്ന നാൾ തന്നെ ഒരു കാര്യം തീരുമാനിച്ചു; ഒരു സർക്കാർ ഉദ്യോഗസ്ഥനായതിനു ശേഷം വിവാഹം. പഠനം പൂർത്തിയായപ്പോൾ സ്വന്തമായി കമ്പ്യൂട്ടർ സെന്റർ വിജയകരമായി നടത്തുന്നതോടൊപ്പം മഹത്തായ പി.എസ്.സി പരീക്ഷകൾ മാറിമാറി എഴുതി കാത്തിരുന്നു. ഒടുവിൽ ജീവിതാഭിലാഷം ‘നിയമന ഉത്തരവായി’ അവനെ തേടിവന്നനാൾതൊട്ട് കല്ല്യാണം കഴിക്കണമെന്ന ആശയും മനസ്സിൽവെച്ച് പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങി.
‘നാട്ടിൽ നിറയെ പെണ്ണുണ്ട്; കെട്ടാൻ നേരം കിട്ടാനില്ല’ എന്ന് പറയുന്നതുപോലെ ആയിരുന്നു ആനന്ദകുമാറിന്റെ അവസ്ഥ. കാടും മലയും കയറിയിറങ്ങിയിട്ടും അനന്ദകുമാറിന് പെണ്ണിനെ ബോധിച്ചില്ല. ബ്യൂറോയും ബ്രോക്കറും ചേർന്ന് ബയോഡാറ്റകൾ നിരത്തിയിട്ടും ആനന്ദകുമാറിന് പെണ്ണിനെ ബോധിച്ചില്ല. ഒടുവിൽ ഒരു ബന്ധുവിന്റെ കല്ല്യാണത്തിൽ പങ്കെടുത്ത ആനന്ദകുമാറിന്റെ കണ്ണുകൾ താലികെട്ടാൻ നേരത്ത്, സദസ്സിൽനിൽക്കുന്ന താലിയില്ലാത്ത ഒരു സുന്ദരിയെ കണ്ടെത്തി. അവളെ ഭാര്യയാക്കാൻ മനസ്സിൽ കണക്ക് കൂട്ടി അന്വേഷിച്ചപ്പോൾ ‘പത്തിൽ പത്ത് പൊരുത്തം’ വന്നപ്പോഴുണ്ടായ ആനന്ദം അദ്ദേഹത്തിന് അടക്കാനായില്ല.
വിവാഹം മംഗളമായി നടന്നു. ആഘോഷത്തിന്റെ ആരവങ്ങളെല്ലാം തീർന്നു. ആകാംക്ഷകൾ നിറഞ്ഞ മിനിട്ടുകൾ മണിക്കൂറുകളായി; അങ്ങനെ ആ രാത്രി വന്നു, ആദ്യരാത്രി, സ്വപ്നങ്ങൾ ചിറക് വിടർത്തുന്ന, മധുരം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന
ആ രാത്രി,,,
ആ രാത്രിയിൽ,,,
പഞ്ചസാരയിടാതെ തിളപ്പിച്ച ഒരു ഗ്ലാസ്സ് പാലുമായി നവവധു മന്ദം മന്ദം ഓരോ അടിവെച്ച് മുന്നോട്ട് നടന്ന്, തുറന്നിരിക്കുന്ന മണിയറ വാതിലിലൂടെ അകത്ത് പ്രവേശിച്ചപ്പോൾ നവവരൻ വാതിലടച്ച് പൂട്ടി. അനന്തരം പട്ടുമെത്തയിൽ പതുക്കെയിരുന്ന് അവളെ വിളിച്ചു,
“ഇങ്ങടുത്തു വാ,,,”
അവൾ നമ്രമുഖിയായി കാൽവിരൽകൊണ്ട് മാർബിളിൽ കളംവരച്ച് മന്ദം മന്ദം നടന്ന് അവന്റെ ചാരത്തണഞ്ഞ്; നിറഞ്ഞ് തുളുമ്പാത്ത, അവളുടെ മനസ്സുപോലെ വെളുത്ത പാല്നിറഞ്ഞ ഗ്ലാസ്സ് അവനുനേരെ നീട്ടി. അവളുടെ കൈയിൽനിന്നും പാല് നിറച്ച ഗ്ലാസ്സ് വലതുകൈയാൽ വാങ്ങുമ്പോൾ ചെറുവിരലിന്റെ അറ്റംകൊണ്ട് അവളുടെ വിരലിൽ സ്പർശിക്കാനുള്ള അവന്റെ പരിശ്രമം വെറുതെയായി. പാല് പകുതി കുടിച്ച്, ബാക്കി അവൾക്ക് നൽകിയപ്പോൾ അതിലുള്ള ഒടുവിലത്തെ തുള്ളിയും കുടിച്ച് അവൾ ചുണ്ടുകൾ തുടച്ചു.
,,,
അവരുടെയിടയിൽ ഹിമാലയം പോലെ ഉയർന്ന മൌനത്തിന് വിരാമമിട്ടത് അവൻ തന്നെയായിരുന്നു,
“നിന്റെ പേരന്താ?”
“കുമാരിയെന്നാ വീട്ടിലെല്ലാരും വിളിക്കുന്നത്; പിന്നെ ഇവിടെ ഇഷ്ടംപോലെ വിളിച്ചോ”
“നിന്റെ വീട്ടില് കുമാരിയാണെങ്കിൽ ഈ വീട്ടിൽ ശ്രീമതിയെന്ന് വിളിക്കാം”
അതുകേട്ട് അവൾ ചിരിച്ചപ്പോൾ അവനും ചിരിച്ചു.
“ആ വിരലൊന്ന് കാണിച്ചെ?”
“വിരലോ? അതെന്തിനാ?”
“ഞാനൊന്ന് തൊടട്ടെ?”
അവളുടെ സുന്ദരമായ വലതു കൈയിലെ ഏറ്റവും സുന്ദരമായ ചെറുവിരൽ അവനു നേരെ നീട്ടി. അവനാ വിരലൊന്ന് തൊട്ടപ്പോഴേക്കും ‘ഏതോ ഒരു ഇത്’ അവന്റെ തലയിൽനിന്ന് ആരംഭിച്ച് താഴോട്ട് സഞ്ചരിച്ച് കാലിന്റെ പെരുവിരലിലൂടെ, മാർബിൾ തറയിലൂടെ താഴോട്ട് ഇറങ്ങിപ്പോയി. അവൻ പറഞ്ഞു,
“ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിന്റെ വിരൽ തൊടുന്നത്, നീയോ”
“ഞാൻ ആദ്യമായിട്ടാ ഒരാണിന്റെ വിരൽ തൊടാൻ പോകുന്നത്”
അത്രയും പറഞ്ഞ് അവൾ അവന്റെ മോതിരവിരൽ തൊട്ടു. അതോടെ അവളുടെ വിരലിൽനിന്ന് ആരംഭിച്ച ‘ഒരു ഇത്’ അവളുടെ ദേഹമാസകലം പടർന്നുകയറി മകരമാസക്കുളിര് പെയ്യാൻ തുടങ്ങി.
അവൻ തുടർന്നു,
“ശ്രീമതിക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിരുന്നോ?”
“എനിക്ക് ഇഷ്ടം തോന്നാൻ യോഗ്യതയുള്ള ആൾ ഇപ്പോൾ എന്റെ മുന്നിലാണുള്ളത്”
“എന്നെ കാണുന്നതിനു മുൻപ് ആരോടെങ്കിലും,,,”
“അതിനുള്ള യോഗ്യത ഇതുവരെ ആരിലും കണ്ടെത്തിയിട്ടില്ല”
അത്രയും പറഞ്ഞ് അവളോന്ന് ചിരിച്ചപ്പോൾ അവന്റെ ചിന്തകൾ മലകയറാൻ തുടങ്ങി. അവളുടെ ഉള്ളംകൈയിൽ സ്വന്തം വിരലുകൾ പേനയാക്കിമാറ്റി തികോണവും ചതുരവും വൃത്തവും വരച്ച്കൊണ്ട് അവൻ പറഞ്ഞു,
“ഞാൻ ഇതുവരെ ആരെയും സ്നേഹിച്ചിട്ടില്ല, എല്ലാവരും എന്നെ സ്നേഹിക്കുകയാണ് ചെയ്തത്”
“അതൊക്കെ ഇപ്പോൾ എന്തിനാ പറയുന്നത്?”
“ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലെ? ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ പരസ്പരം അറിയുന്നത് നല്ലതല്ലെ,,,”
“അത് ഇവിടത്തെ ഇഷ്ടം പോലെ; പറഞ്ഞോ,,,”
“അമ്മയും അച്ഛനും എന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല; പകരം എന്നെ സ്നേഹിക്കാൻ ഒരാളുണ്ടായി,,, ആയമ്മ”
“ആയമ്മയോ? അതാരാ?”
“എന്റെ വീട്ടിലെ വേലക്കാരിയായിരുന്നു, അച്ഛന്റെ അകന്ന ബന്ധുവായ ആയമ്മ. അമ്മയുടെ കൂടെ ഉറങ്ങിയ എന്നെ അച്ഛനെടുത്ത്മാറ്റി ചെറുപ്പക്കാരിയായ ആയമ്മയുടെ കൂടെ കിടത്തും. എന്റെ കുട്ടിക്കാലത്ത് എല്ലാ ദിവസവും ഉറങ്ങിയത് വീട്ടിലെ വേലക്കാരിയായ ആയമ്മയുടെ കൂടെയായിരുന്നു. മുതിർന്നപ്പോൾ ആയമ്മയെ കെട്ടിപ്പിടിച്ച് കിടന്നില്ലെങ്കിൽ എനിക്കുറക്കം വരാതായി. വീട്ടിലാരും ഇല്ലാത്ത പകൽനേരത്ത് ഞാനും ആയമ്മയും കെട്ടിപ്പിടിച്ച് കിടക്കാറുണ്ട്. എന്റെ ശ്രീമതിയുടെ കുട്ടിക്കാലം എങ്ങനെ?”
“ഞാനെപ്പോഴും അമ്മയുടെയും അച്ഛന്റെയും കൂടെയായിരുന്നു. വലുതായപ്പോൾ ഒറ്റപ്പെട്ടു”
“കോളേജിൽ പഠിക്കുന്ന കാലത്ത് എന്നെ സ്നേഹിക്കാൻ ധാരാളം പെൺകുട്ടികൾ ഉണ്ടായി. അതിൽ ചിലർ എന്നെ അമിതമായി സ്നേഹിച്ചിരുന്നു. ഞാൻ കൂടെയില്ലെങ്കിൽ ഉറക്കംവരാത്ത ചിലരോടൊത്ത് പല രാത്രികളിലും ഞാൻ ഉറങ്ങിയിട്ടുണ്ട്. നമ്മളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുതല്ലൊ”
അവൻ പറയുന്നതെല്ലാം കേട്ടപ്പോൾ അവൾ ആശ്ചര്യപ്പെടാൻ തുടങ്ങി. അവൻ വീണ്ടും തുടർന്നു,
“എന്നാൽ കോളേജിൽ എനിക്കെതിരായി പരാതിയൊന്നും ഉണ്ടായില്ല; പരാതി വന്നത് നാട്ടിൽ നിന്നാണ്,,,”
“നാട്ടിലെന്ത് പരാതി?”
“എന്റെ സ്നേഹിതനായ ജെയിംസിന്റെ അവിവാഹിതയായ സഹോദരിക്ക് ജനിച്ച മകൾ എന്റെതാണെന്ന് പലരും പറയുന്നു. അവൾക്ക് എന്നെ ഇഷ്ടമാണെങ്കിലും കുഞ്ഞ് എന്റേതാണെന്ന് ഒരു ഉറപ്പും ഇല്ല. അങ്ങനെയാണെങ്കിൽ ഗൾഫിൽ ജോലിയുള്ള മുസ്തഫയുടെ ഇളയകുഞ്ഞ് എന്റേതാവാനാണ് കൂടുതൽ സാധ്യത. മുസ്തഫയുടെ ഭാര്യക്ക് എന്നെ ഭയങ്കര ഇഷ്ടമാ”
കൃഷ്ണകുമാരിക്ക് ഒരു സീരിയൽകഥ കേൾക്കുന്നതായി തോന്നി. പറയുന്നതിൽ ശ്രദ്ധിക്കുന്നതോടൊപ്പം അവന്റെ വലതു കൈ തലോടി രോമങ്ങൾ ഓരോന്നായി വലിച്ച് ഇക്കിളിയാക്കാൻ അവൾ ശ്രമിച്ചെങ്കിലും അതൊന്നും അവൻ അറിഞ്ഞില്ല. അവൻ ചോദിച്ചു,
“എന്റെ ശ്രീമതിയുടെ ദേഹത്ത് ആരെങ്കിലും സ്പർശിച്ചിരുന്നോ?”
അവൾ ഭൂതകാലത്തിന്റെ ഫയലുകൾ ഓരോന്നായി തപ്പിനോക്കാൻ തുടങ്ങി. കഴിഞ്ഞ കാലങ്ങൾ ഓരോന്നായി സ്കാൻ ചെയ്തപ്പോൾ അതുപോലുള്ള ഒന്ന് അവൾക്കും പിടികിട്ടി,
“എന്നെ ഒരിക്കൽ ഒരാൾ തൊട്ടു; A+B”
“A+B യോ? അതെന്തോന്നാ?”
“പത്താം ക്ലാസ്സിൽ എന്റെ കണക്ക് മാഷാണ് A+B. കണക്കിൽ എല്ലായിപ്പോഴും ഏറ്റവും കൂടുതൽ മാർക്ക് എനിക്കാണ്. ഒരിക്കൽ ഉത്തരക്കടലാസ് തരുമ്പോൾ സാറിന്റെ വിരൽ എന്റെ കൈയിൽ ഒന്ന് മുട്ടി”
“പിന്നെ എന്തുണ്ടായി?”
ആനന്ദകുമാർ പെട്ടെന്ന് ചോദിച്ചു.
“പിന്നെ വേറെയാരും തൊട്ടിട്ടില്ല”
“ശ്രീമതിക്ക് A+B യെ ഇഷ്ടമായിരുന്നോ?”
“പിന്നേ?,,, ഇത്രേം നല്ല ഒരു സാറിനെ ആരാണിഷ്ടപ്പെടാതിരിക്കുക”
അതോടെ അവൻ ചിന്തയിലാണ്ടു; സമീപത്ത് ഒരു പുത്തൻപെണ്ണ് ഇരിപ്പുണ്ടെന്ന ബോധം റിസ്റ്റാർട്ട് ചെയ്തപ്പോൾ അവൻ പറഞ്ഞു,
“ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലെ? എല്ലാം തുറന്ന്‌പറഞ്ഞ നമുക്ക്, ഇനി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാം”
പെട്ടെന്ന്,,, വളരെപെട്ടെന്ന്, അവനൊരു കരിവണ്ടായി രൂപാന്തരം പ്രാപിച്ചപ്പോൾ അവളൊരു വിടർന്ന പൂവായി മാറിയിരുന്ന് അവനെനോക്കി ചിരിച്ചു. മുടിയിഴകളിൽ തലോടിക്കൊണ്ട് അവളുടെ സുന്ദരമായ കണ്ണുകളിൽ നോക്കിയിരിക്കെ അവൻ വിളക്കണച്ചു.
,,,
ഉറക്കത്തിനിടയിൽ സുന്ദരമായ സ്വപ്നങ്ങളിൽ ഒഴുകി, വഴുതി വീഴാൻ തുടങ്ങുന്ന അവളെ കുലുക്കി ഉണർത്തിയപ്പോൾ പെട്ടെന്ന് ഞെട്ടി. പരിസരബോധം വന്ന അവൾ നാണിച്ച് ‘മുഖംമാത്രം’ മറച്ചപ്പോൾ അവൻ ചോദിച്ചു,
“നീ പറഞ്ഞ A+Bയെ ഹൈസ്ക്കൂൾ പഠനം കഴിഞ്ഞ് കാണാറുണ്ടോ?”
“ഓ, അതാണോ,,,?
സാറിന്റെ മകൾ ഹണിയും ഞാനും ഒരേ ക്ലാസ്സിലാ പഠിച്ചത്. അവളുടെ കല്ല്യാണത്തിന് പോയപ്പോൾ മാഷെ പിന്നീട് കണ്ടു. ഈ ഹണിയുടെ ഇളയ മകൾ ഇപ്പോൾ യൂ കെ ജി യിൽ പഠിക്കുകയാ. എന്തെ ചോദിച്ചത്?,,,
ഹോ,,, എനിക്ക് വല്ലാതെ ഉറക്കം വരുന്നു,,,”
“ഞാൻ വെറുതെയൊന്ന് ചോദിച്ചതാ”
വീണ്ടുമൊരു സുഖനിദ്രയിൽ അവൾ ലയിച്ചപ്പോൾ; അവൻ ഉറങ്ങാതെ ഇരുട്ടിലേക്ക് ഒളിഞ്ഞ്‌നോക്കി ചിന്തയിൽ ലയിച്ചു.
,,,
നേരം പുലർന്നിട്ടും സ്വപ്നങ്ങൾ പൂർണ്ണമാക്കാതെ കിടക്കയിൽ ചുരുണ്ട്‌കിടക്കുന്ന ആനന്ദകുമാർ പതുക്കെ കണ്ണ് തുറന്നു. മുന്നിൽ ചായയുമായി അവൾ ‘സ്വന്തം ഭാര്യ കൃഷ്ണകുമാരി’ നിൽക്കുകയാണ്. കാണുന്നത് സ്വപ്നമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പതുക്കെ എഴുന്നേറ്റ് കിടക്കയിലെ ചുളിവുകൾ മാറ്റി അസ്ഥാനത്ത് മാത്രമുള്ള വസ്ത്രങ്ങൾ ശരിയാക്കിയശേഷം വലത് കൈകൊണ്ട് ചായ വാങ്ങി ഇടത് കൈകൊണ്ട് അവളെ പിടിച്ച് സമീപത്തിരുത്തി. ചായ മേശപ്പുറത്ത് വെച്ചശേഷം അവളുടെ കൈകൾ രണ്ടുംചേർത്ത് തിരിച്ചും മറിച്ചും നോക്കി ചോദിച്ചു,
“ആ സാറ് നിന്റെ ഏത് കൈയിലാ തൊട്ടത്?”
“ഏത്?”
“ഇന്നലെ നീ പറഞ്ഞ A+B”
“ഇടതുകൈയിൽ; എന്തെ അങ്ങിനെ ചോദിക്കാൻ?”
“അതെങ്ങനെയാ,,,? ഇടതു കൈകൊണ്ടാണോ ഒരു വിദ്യാർത്ഥിനി ഉത്തരക്കടലാസ് വാങ്ങുന്നത്?”
“എഴുതുന്നത് വലംകൈ കൊണ്ടാണെങ്കിലും, ഞാൻ ഇടതു കൈകൊണ്ടാണ് ജോലികൾ ചെയ്യാറ്”
“അല്ല ഞാൻ വെറുതെ ചോദിച്ചതാ,,,”
അതേ ആ ഒരു കാര്യം,,,
‘A+B’
ദാമ്പത്യജീവിതത്തിന്റെ അവസാനംവരെ, അവരുടെ ഇടയിൽ ഒരു ‘A+B’ ഇടയ്ക്കിടെ ഉയർന്നുവരുമെന്ന കാര്യം.
Subscribe to:
Posts (Atom)