ചന്ദനനിറമുള്ള സാരിയുടുത്ത്, സ്വർണ്ണാഭരണങ്ങൾ
അണിഞ്ഞ കല്ല്യാണപ്പെണ്ണ് മുന്നിൽ വന്നപ്പോൾ മനസ്സിൽ വസന്തം വിരിഞ്ഞു. ഇതുപോലെ അണിഞ്ഞൊരുങ്ങി
വധുവായ അനുഭവം സ്വന്തമായി ഇല്ലെങ്കിലും മറ്റുള്ളവരുടെ കല്ല്യാണവേഷം കാണുമ്പോൾ എന്തെന്നില്ലാത്ത
ആഹ്ലാദമാണ്. ആഘോഷങ്ങൾക്ക് മുഖം തിരിഞ്ഞ് നിന്നാലും അവ നേരെ മുന്നിൽ കാണുന്നത്
ദിവ്യമായ ഒരു അനുഭൂതി തന്നെയാണ്.
അപരിചിതയായ
ഒരു പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണെങ്കിലും, സ്വന്തം മനസ്സ് നിയന്ത്രണത്തിൽ
നിന്ന് കുതറി മാറി എങ്ങോട്ടോ ഓടുന്നതുപോലെ ഒരു തോന്നൽ. ഗീതുമോളുടെ നിർബന്ധത്തിനു
വഴങ്ങിയിട്ട് ഇത്തിരി ശങ്കയോടെ ഓഡിറ്റോറിയത്തിനു മുന്നിൽ വന്നിറങ്ങി അകത്ത്
പ്രവേശിക്കാൻനേരത്ത്, അവളുടെ സുഹൃത്തും സഹപാഠിയും ആയ നവവധു തൊട്ടുമുന്നിൽ. ഗീതു പരിചയപ്പെടുത്തി,
“ഇത്
എന്റെ വലിയമ്മ, അച്ചന്റെ പെങ്ങൾ”
“നമസ്‌തെ”
തന്റെ
നേരെ കൂപ്പിയ ഇരുകൈകളും ഗ്രഹിച്ചുകൊണ്ട് വിവാഹവേദിയിൽ കയറാൻ പോകുന്നവളെ
അനുഗ്രഹിച്ചു,
“ആശംസകൾ”
പെട്ടെന്നാണ്
ഒരാൾ വന്ന് വധുവിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞത്,
“മോളെ
നീയിവിടെ നിൽക്കുകയാണോ? ചെറുക്കന്റെ വീട്ടുകാരൊക്കെ വരാറായില്ലെ”
ഒരു
നിമിഷം, ആകെ ഒരു ഞെട്ടൽ,,, ആ ശബ്ദം,,,,
വർഷങ്ങൾക്ക്
ശേഷമാണെങ്കിലും ആ ശബ്ദവും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞു,
‘അത്
അയാളല്ലെ?,, അയാൾ,,,’,,
അപ്പൊഴെക്കും
നവവധു പരിചയപ്പെടുത്തി,
“ആന്റീ
ഇതാണ് എന്റെ അച്ഛൻ, അച്ഛാ ഇത് എന്റെ ബസ്റ്റ് ഫ്രന്റ് ഗീതു. ഇത് അവളുടെ ആന്റി”
“വന്നതിൽ
സന്തോഷം, വരു അകത്ത് കടന്നിരിക്കു,,”
“നമസ്‌തെ”
യാന്ത്രികമായി
കൈകൂപ്പുന്നതിനിടയിൽ മനസ്സ് പതറി.
വർഷങ്ങൾക്ക്
ശേഷം കാണുന്നത് അയാളുടെ മകളുടെ വിവാഹവേദിയിൽ,, അയാൾ തന്നെ തിരിച്ചറിഞ്ഞോ?
പെട്ടെന്ന് കണ്ണുകൾ പിൻതിരിഞ്ഞെങ്കിലും
മനസ്സ് നിയന്ത്രണം വിട്ട് എങ്ങോട്ടോ കുതിച്ചു പായുകയാണ്. ഗതകാലസ്മരണകളിൽ
മുങ്ങിത്താഴുന്ന സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും
വെറുതെയാവുന്നു, ജീവിതസായഹ്നത്തിൽ ആ മനുഷ്യനെ ഒരു നോക്ക് കാണാൻ വേണ്ടിയാണോ ഒരു
നിയോഗം പോലെ ഇവിടെ എത്തിച്ചേർന്നത്???
ഒരുകാലത്ത്
ഏത് തിരക്കിലും എനിക്കുനേരെ നീളുന്ന അദ്ദേഹത്തിന്റെ കണ്ണൂകൾ തന്നെ
തിരിച്ചറിയാത്തതെന്തെ?
അതോ
അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിച്ചതാണോ?
പരിചയപ്പെട്ട
നിമിഷം മുതൽ,, ആ മനസ്സ് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്നിൽ നിന്നും അവഗണന
ഏറ്റുവാങ്ങിയതുപോലെ,,,
“വലിയമ്മെ
നമുക്ക് അകത്ത് കടന്നിരിക്കാം, ഇപ്പോൾതന്നെ ആളുകൾ നിറഞ്ഞു”
ഗീതുമോൾ
പറഞ്ഞപ്പോൾ അവളുടെ കൈപിടിച്ച്, വളരെ പ്രയാസപ്പെട്ട് പടികൾ കയറി അകത്തേക്ക്
പ്രവേശിച്ചു. ആളുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും ഏറെ പിന്നിലല്ലാതെ ഇരിപ്പിടം കിട്ടി;
ചടങ്ങുകൾ
നന്നായി കാണാം.
നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട
അതിഥികൾക്കിടയിലൂടെ താലത്തിൽ മാലകളുമായി വധു പതുക്കെ നടന്ന് പൂക്കൾ കൊണ്ട്
അലങ്കരിക്കപ്പെട്ട സ്റ്റേജിലേക്ക് പ്രവേശിക്കുകയാണ്, ഒപ്പം മേളം മുറുകുന്നു.
സ്വന്തം
മനസ്സിന്റെ ഉള്ളിലും ആരവങ്ങൾ ഉയരുകയാണ്; ഒരുകാലത്ത് സ്വപ്നംകണ്ട് പിന്നീട്
മറവിയിലേക്ക് വലിച്ചെറിഞ്ഞ സുവർണ്ണ ദിനങ്ങളുടെ ആരവം.
അവിടെ
ഒരു കോളേജ്‌കുമാരിയുടെ ഓർമ്മകൾ ചിറകടിച്ച് ഉയരുകയാണ്,
സ്വപ്നങ്ങൾ
കൊണ്ട് തീർത്ത കണ്ണിരിൽ കുതിർന്ന വർണ്ണചിറകുകളുമായി അവൾ അനായാസം പ്രയാണം
തുടരുകയാണ്.
പ്രൊഫഷനൽ
കോളേജ്,,,
പഠിച്ചു
പാസായി വെളിയിലിറങ്ങുമ്പോൾ ഉള്ളം കൈയിൽ തൊഴിൽ വെച്ച്‌തരാൻ പ്രാപ്തമായ സ്ഥാപനം.
അതുകൊണ്ട്‌തന്നെ അമിതമായ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന സഹപാഠികൾ. പഠനം
കഴിയുന്നതോടൊപ്പം തൊഴിലും വിവാഹവും ഉറപ്പാക്കുന്നവർ, കൂട്ടുകാരെതന്നെ ജീവിതപങ്കാളി
ആക്കി മാറ്റുന്നവർ. അവർക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും വിളക്കിച്ചേർക്കാനായി പാട്‌പെടുന്ന
തന്നെപ്പോലുള്ള ഏതാനും ചിലർ മാത്രം. മകൾക്ക് പഠനഭാരം വർദ്ധിക്കുമ്പോൾ
രക്ഷിതാക്കൾക്ക് കടബാദ്ധ്യതയും വർദ്ധിക്കുന്ന അവസ്ഥ. ആർഭാടങ്ങളും ആഘോഷങ്ങളും
കളിയും ചിരിയും തനിക്ക് വിധിക്കപ്പെട്ടതല്ലെന്ന് ചിന്തിച്ച്, സ്വയം നിർമ്മിതമായ
ചിപ്പിക്കുള്ളിൽ ഒളിച്ചുകൂടുന്ന ദിനങ്ങൾ.
അതിനിടയിലാണ്
തന്നെ ഉറ്റുനോക്കുന്ന കണ്ണുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
അതൊരു തിരിച്ചറിവ്
ആയിരുന്നു, വരണ്ട ഭൂമിയിൽ പുതുമഴ പെയ്യുന്ന അനുഭവം,, ആഹ്ലാദം കൊണ്ട് ആലസ്യത്തിലമർന്ന
മനസ്സുമായി ആ കണ്ണുകളുടെ ഉടമയെ ഒളിഞ്ഞ്‌നോക്കുന്നത് ഒരു പതിവാക്കി. എന്നാൽ
ദിവസങ്ങൾക്കുള്ളിൽ വിചാരങ്ങൾ വികാരങ്ങൾക്ക് കടിഞ്ഞാണിട്ടു, ‘പാടില്ല;
നിന്നെപ്പോലുള്ള ഒരു പെൺകുട്ടിക്ക് പ്രേമം നിഷിദ്ധമാണ്. സ്വന്തം നില
മനസ്സിലാക്കിയിട്ട് മനസ്സുകൊണ്ട് പോലും ഒരാളോട് താല്പര്യം പോലും തോന്നാൻ പാടില്ല, വീട്,,
വീട്ടുകാർ,, അച്ഛൻ, അമ്മ, സഹോദരങ്ങൾ’.. എന്തിന് പ്രശ്നങ്ങൾ ഉണ്ടാക്കണം?
എന്നാലും ഹൃദയത്തിന്റെ
ഉള്ളറകളിൽ എവിടെയോ ഉറച്ചുപോയ ആ നോട്ടം,,, അത് ആത്മാവിന്റെ ഭാഗമായിരുന്നു, ജീവൻ
തളിരിടാനും പഠിച്ച് ഉയരാനും ഒരു പ്രചോദനം ആയിരുന്നു. രാത്രിയുടെ ഏകാന്തയാമങ്ങളിൽ
സ്വപ്നങ്ങൾ കാണുന്നത് പതിവാക്കിയ പെൺകുട്ടി, ആ സ്വപ്നത്തിലെ നായകനുമൊത്ത് അനന്തമായ
സാഗരനീലിമയിൽ സഞ്ചരിച്ച് അതിൽ ലയിച്ച് ഒന്നാവുന്ന നിമിഷങ്ങൾ ആവർത്തനവിരസതയില്ലാതെ
ഓർക്കാൻ തുടങ്ങി. നേരിട്ട് സംസാരിക്കുന്ന നിമിഷങ്ങൾക്കായി ആ കണ്ണുകൾ
കൊതിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറാനായിരുന്നു പരിശ്രമിച്ചത്. എന്നാൽ വാക്കുകളെക്കാൾ
വാചാലമായിരുന്ന ആ കണ്ണുകൾ പറഞ്ഞ കഥകൾക്ക് അറ്റമുണ്ടായിരുന്നില്ല.
‘പുസ്തകമങ്ങിനെ തിന്നുമടുത്ത’
വിദ്യാർത്ഥികളിൽ പലരുടെയും തലയിൽ അല്പം വെളിച്ചം കടക്കുന്നത് അവസാനവർഷത്തെ
പരീക്ഷക്ക് മുൻപുള്ള ഏതാനും മാസങ്ങളിലാണ്. മേളകളും പഠനയാത്രകളുടെ പേരിലുള്ള ഉല്ലാസ
യാത്രകളും പൊടിപാറുന്ന നേരം.
സായാഹ്ന നേരങ്ങൾ ലൈബ്രറി
ഹാളിൽ ചെലവഴിച്ചുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും അയാൾ നോക്കുന്നുണ്ടാവും. അത്
കാണാത്തമട്ടിൽ പുസ്തകത്തിൽ തല താഴ്ത്തിയാലും ഒരക്ഷരംപോലും വായിക്കാനാവില്ല. അങ്ങനെ
ഒരു ദിവസം ലൈബ്രറിയിൽ നിന്ന് വെളിയിലേക്കിറങ്ങിയപ്പോൾ അയാൾ. പുറത്തിറങ്ങാൻ നേരത്ത്
എന്തോ പറയാൻ കാത്ത് നിൽക്കുകയാണെന്ന് തോന്നി. അടുത്തെത്തിയപ്പോൾ പറഞ്ഞു,
“നമുക്ക്
നടക്കാം”
“എങ്ങോട്ട്?”
“ബസ്‌സ്റ്റോപ്പ്
വരെ ഒന്നിച്ച് നടക്കാം”
“എന്തിന്?”
“എനിക്ക്
അല്പം സംസാരിക്കാനുണ്ട്”
മനസ്സിന്റെ
ഉള്ളിൽ എന്തൊക്കെയോ സുന്ദരകുസുമങ്ങൾ വിടർന്നു. എന്നാൽ തൊട്ടടുത്ത നിമിഷം അതെല്ലാം
കൂമ്പിത്താണു,
“ഓ,
എനിക്ക് ഒരു റഫറൻസ് ബുക്ക് കൂടി എടുക്കാനുണ്ട്, ഞാൻ കുറച്ച് വൈകും”
പുറത്തേക്കിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക്
നടക്കാൻ തുനിഞ്ഞ പെൺകുട്ടി തിരികെ ലൈബ്രറിയിൽ കടക്കുന്നതുകണ്ട് നിരാശയിൽ മുങ്ങിയ
അയാൾ തന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. പകരം മനസ്സ് മന്ത്രിച്ചു,
‘പാടില്ല, നിനക്കതൊന്നും വിധിച്ചിട്ടില്ല. മറ്റുള്ളവരെല്ലാം പണംകൊണ്ട്
കളിക്കുന്നവരാണ്, അതുപോലെയാണോ നീ’
അടുക്കുന്നവരോടെല്ലാം
അകലം പാലിക്കാൻ വളരെയധികം പരിശ്രമിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചു, എന്നാൽ ആ
ദിവസം എല്ലാ കണക്കുകൂട്ടലുകളും തെറ്റി.
അര
മണിക്കൂറിനു ശേഷം ലൈബ്രറിയിൽ നിന്ന് വെളിയിലിറങ്ങിയപ്പോഴും ആ ചെറുപ്പക്കാരൻ കാത്തിരിക്കുന്നത്
കണ്ട് ഞെട്ടി, ഒപ്പം സ്വയമറിയാതെ ഒരു വാക്ക് വെളിയിൽ വന്നു,
“അല്ല,
ഇനിയും പോയില്ലെ?”
“എനിക്ക്
കാണാതെ പോകാനാവില്ല”
ആ വാക്കുകൾ ലോകം കീഴടക്കിയ
ഒരാളുടെത് ആയിരുന്നു; ആ നോട്ടത്തിൽ, ആ വാക്കിൽ അലിഞ്ഞില്ലാതായ നിമിഷം. മനസ്സ്
തുറന്ന് സംസാരിക്കാനും വേദനകൾ പറഞ്ഞ് ആശ്വാസം കണ്ടെത്താനും ഒരാളെ കണ്ടെത്തിയ
നിർവൃതി.
സ്വന്തം
ജീവിതത്തിന് താളവും രാഗവും കൈവരിച്ച് ഉന്നതങ്ങളായ സ്വപ്നങ്ങൾ കാണുന്ന ദിനങ്ങൾ.
ഭാവിജീവിതത്തിൽ താങ്ങും തണലും ആയി മാറും എന്ന് ഉറപ്പ് നൽകിയ ദിനങ്ങൾ.
ഒടുവിൽ ഒട്ടനവധി മോഹങ്ങൾനെയ്ത്
പിരിയാൻ നേരത്ത് അവശേഷിച്ചത് ഏതാനും വാക്കുകളും എഴുത്തുകളും മാത്രം,,, അതിലൊരു വാക്ക്,,
‘ഞാൻ
വരും, കാത്തിരിക്കണം’.
കാത്തിരുന്നു,,,,
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരിപ്പ് തുടർന്നു; ജോലി കിട്ടി ഉയരങ്ങൾ തേടി
അലഞ്ഞ് കുടുംബം പച്ചപിടിച്ച് എല്ലാബാദ്ധ്യതകളും തീർത്ത് കാത്തിരുന്നു. ഒടുവിൽ വിധിച്ചത്
കാത്തിരിപ്പ് മാത്രം, എല്ലാം സ്വപ്നങ്ങളായി അവശേഷിച്ചു. ഉണരുമ്പോൾ
അപ്രത്യക്ഷമാവുന്ന സുന്ദരസ്വപ്നങ്ങൾ,,, എല്ലാം ചേർന്ന് ഒരു ചോദ്യചിഹ്നമായി
മാറുകയാണ്,
‘ഇത്രയും
കാലം നീ ആരെയാണ് കാത്തിരുന്നത്?
ഓർത്ത്‌ചിന്തിക്കാൻ
സ്വപ്നങ്ങൾ തന്നിട്ട് നിന്നെ ചതിച്ചതാണോ?
ജീവിതപ്രശ്നങ്ങൾക്കിടയിൽ
അയാൾ ഒഴിഞ്ഞുമാറിയതാണോ?
നിനക്ക്
സ്വന്തമായി ഒരു ജീവിതം വേണ്ടെ?’
“വലിയമ്മെ
ഇതെന്താ ഉറക്കമാണോ?”
ഗീതുവിന്റെ
വിളികേട്ടപ്പോൾ പരിസരബോധം വന്നു. സ്റ്റേജിൽ ഉയരുന്ന നാദസ്വരമേളം താലികെട്ട്
നടക്കുകയാണെന്ന് വിളിച്ചോതുകയാണ്. അതിനുശേഷം പിതാവ് പുത്രിയുടെ കരം ഗ്രഹിച്ച്
ഭർത്താവിനെ ഏല്പിച്ചു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ കൺകുളിർക്കെ
കണ്ടു.
ആ
നേരത്ത് വെറുതെയൊന്ന് ചിന്തിക്കാൻ തോന്നി,
‘തന്റെ
മകളായി ജനിക്കേണ്ടവളുടെ വിവാഹമല്ലെ സദസ്യർക്കിടയിലിരുന്ന് ഇത്രയും നേരം കണ്ടത്.
സ്നേഹിക്കുന്നവർക്ക് വേണ്ടി ആശംസകൾ നേരാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയല്ലെ’
ചടങ്ങുകൾ
ഓരോന്നായി കഴിഞ്ഞു, വധൂവരന്മാരെ അനുഗ്രഹിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും
ചെയ്യുകയാണ്. ആ നേരത്ത് ആളുകൾ ഒന്നും രണ്ടുമായി എഴുന്നേറ്റ് വെളിയിലേക്ക് പോകുന്നത്
കണ്ട് ഗീതുമോൾ പറഞ്ഞു,
“വലിയമ്മെ
തിരക്കാവുന്നതിന് മുൻപ്‌തന്നെ നമുക്ക് ഭക്ഷണം കഴിക്കാം”
അവളുടെ
കൈ പിടിച്ചെഴുന്നേറ്റ് മുന്നോട്ട് നടക്കുന്നതിനിടയിൽ സ്റ്റേജിലേക്ക് നോക്കി. അവിടെ
പെണ്ണിന്റെ അച്ഛനും അമ്മയും ഇരുവശത്തും നിന്ന് ഫോട്ടോ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ
ഭാര്യയെ കണ്ടു, സുന്ദരിയായ ഒരു യുവതി.
വെളിയിലിറങ്ങാൻ തുടങ്ങിയ കാൽ പിന്നോട്ട്
വെച്ച് ഗീതുമോളോട് പറഞ്ഞു,
“ഗീതു,
എനിക്ക് സ്റ്റേജിൽ കയറിയിട്ട് അവരെയൊന്ന് അനുഗ്രഹിക്കണം”
അവിശ്വസനീയമായ
നോട്ടം എറിഞ്ഞുതന്ന് അവൾ പറഞ്ഞു,
“വലിയമ്മക്ക്
സ്റ്റെപ്പ് കയറാൻ കഴിയുമോ? കാല് വേദന വരില്ലെ?”
“ഈ
പടികൾ കയറാതിരിക്കാൻ വയ്യ, എനിക്ക് കയറിയേ പറ്റൂ”
വലിയമ്മയുടെ
ഭാവമാറ്റത്തിൽ ആശ്ചര്യപ്പെട്ട് നിൽക്കുന്ന അവളുടെ കൈയും പിടിച്ച് സ്റ്റേജിന് നേരെ
നടക്കുമ്പോൾ മനസ്സിൽ മന്ത്രിച്ചു,
‘ഇത്
സ്വന്തം മകളുടെ വിവാഹമാണ്; അതുകൊണ്ടല്ലെ, അതിഥിയായെങ്കിലും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത്’
***********************************************