വീട്ടിൽനിന്ന് എട്ട്‌കിലോമീറ്റർ അകലെയുള്ള
സ്റ്റോപ്പിൽ ബസിറങ്ങിയ ഞാൻ ചുറ്റുംനോക്കി. യാത്രക്കിടയിൽ കാണാറുള്ള സ്ഥലമാണെങ്കിലും
ആകെയൊരപരിചിതത്വം. അറിയാത്ത വഴിയിലൂടെ അന്വേഷിച്ചുപോവാൻ സാധാരക്കാരന്റെ വാഹനമായ
ഓട്ടോയുടെ ചക്രത്തിന്റെ പാടുപോലും അവിടെ കാണാനില്ല. വെറും പത്തുമിനിട്ട് നടന്നാൽ
അവിടെ എത്തിച്ചേരുമെന്ന് എനിക്കറിയാം. അല്പനേരം ചിന്തിച്ചിട്ട് റോഡിന്റെ എതിർവശത്തുള്ള
പാതയിലൂടെ ഞാൻ നടന്നു. ഇരുവശത്തും കോൺക്രീറ്റ് മാളികകൾ,,, ആരോട് ചോദിച്ചാലാണ് വഴി
പറഞ്ഞുതരിക,,,
അല്പസമയം നടന്നപ്പോൾ ഗ്രാമീണ
അന്തരീക്ഷത്തിൽ എത്തിച്ചേർന്നു. കുട്ടിക്കാലത്ത് ഒരുതവണ ഈവഴി വന്നപ്പോൾ വിശാലമായ
നെൽവയലിന്റെ വരമ്പിലൂടെ വെള്ളത്തിൽ ചവിട്ടാതെ നടന്നത് ഓർമ്മയുണ്ട്. ഇപ്പോൾ നെൽവയൽ
അപ്രത്യക്ഷമായിട്ട് പകരം മാനംമുട്ടുന്ന തെങ്ങുകളാണ്. നടന്നുകൊണ്ടിരിക്കെ വലിയൊരു
പുളിമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ വഴി മൂന്നായി പിരിഞ്ഞിരിക്കുന്നു! അതിൽ
ഇടതുവശത്തെ വഴിയെ പോവാൻ തീരുമാനിച്ച് മുന്നോട്ട് നടന്നു. വഴി ചോദിച്ചുപോവാൻ ആരേയും
കാണുന്നില്ലല്ലൊ!!! എനിക്ക് എന്റെവഴി,,,
പരിസരം നിരീക്ഷിച്ച്
നടന്നപ്പോൾ വഴി രണ്ടായി മാറി,, ഇനിയെങ്ങോട്ട് പോകും? ചുറ്റും നോക്കിയപ്പോൾ
സമീപത്തെ വീടിന്റെ പിൻവശത്തെ പൈപ്പിനടുത്ത് തുണി കഴുകിക്കൊണ്ടിരിക്കുന്ന വൃദ്ധയെ
കണ്ടു. അവരോട് വഴിചോദിക്കാൻ തീരുമാനിച്ചു,
“പുത്തൻപുരയിൽ
ഗോവിന്ദൻ മാസ്റ്ററുടെ വീട് ഇവിടെ അടുത്താണോ?”
“അയ്യോ,
മാഷിന്റെ വീട് ഇവിടെയല്ലല്ലൊ; റോഡീന്ന് നടന്നുവരുമ്പം പുളീന്റെ ചോട്ടിലെത്തിയാൽ
നേരെ വലത്തോട്ട് പോയാൽ മതി. ആരോട് ചോയിച്ചാലും പറഞ്ഞുതരും. പിന്നെ നിങ്ങള്…”
കൂടുതൽ
കേൾക്കാതെ ഞാൻ തിരികെ നടന്നു. പുളിമരത്തിനടുത്തെത്തിയപ്പോൾ വലത്തെവഴി ഏതാണെന്ന്
ഉറപ്പു വരുത്തിയിട്ട് നേരെയങ്ങോട്ട് നടക്കാനാരംഭിച്ചു.
അങ്ങനെ നടക്കുമ്പോഴാണ്
ചൂരീദാർ അണിഞ്ഞ ഒരു ചെറുപ്പക്കാരി എനിക്കുമുന്നിലായി നടക്കുന്നത് കണ്ടത്. ഇത്തിരി
വേഗത്തിൽനടന്ന് അവളോടൊപ്പം എത്തിയിട്ട് ചോദിച്ചു,
“മോളേ,
പുത്തൻപുരയിൽ ഗോവിന്ദൻ മാസ്റ്ററെ പരിചയമുണ്ടോ? എനിക്കവിടെ പോവേണ്ടതാണെങ്കിലും വഴി
അറിയില്ല”
“ഗോവിന്ദൻ
മാസ്റ്റർ?,,, റിട്ടയേർഡ് ഹെഡ്മാസ്റ്റർ?,,, ദിനേശന്റെ അച്ഛൻ,,,”
“അതെ
അവർ തന്നെ; അവരെ വീടൊന്ന് കാണിച്ചു തരാമോ?”
“എനിക്ക്
അതുവഴിയാ പോവേണ്ടത്,,, കാണിച്ചുതരാം”
കൂടുതലൊന്നും സംസാരിക്കാതെ
മൂന്നുമിനുട്ട് നടന്നപ്പോൾ വലതുവശത്തെ വിശാലമായ പറമ്പിന്റെ മദ്ധ്യഭാഗത്തുള്ള
ഓടുമേഞ്ഞ ഇരുനിലവീട് ചൂണ്ടിക്കാണിച്ചിട്ട് അവൾ പറഞ്ഞു,
“ഇതാണ്
വീട്,,, അദ്ദേഹം നിങ്ങളെ പഠിപ്പിച്ചതാണോ? ഇങ്ങനെ വീട് അന്വേഷിച്ചു വരാൻമാത്രം
മാഷ് നിങ്ങളുടെ ആരാണ്?”
“അദ്ദേഹം
എന്റെ അമ്മാവനാണ്,,, അമ്മയുടെ മൂത്ത സഹോദരൻ,,,”
********************************************
പിൻകുറിപ്പ്:
ഇടവേളക്കുശേഷം
ഒരു കഥ പോസ്റ്റ് ചെയ്യുകയാണ്.
വായനക്കാർക്ക്
ഇത് കഥയാവാം,,, കണ്ണൂർ നർമവേദി പ്രസിദ്ധീകരിക്കുന്ന നർമഭൂമിയിൽ ഇത് നർമമാണ്.
എന്നാൽ
ഇതൊരു അനുഭവമാണ്,,, അമ്മായിഅമ്മ പോരിൽനിന്നും നാത്തൂൻപോരിൽനിന്നും രക്ഷപ്പെട്ട
അമ്മാവന്റെ വീടന്വേഷിച്ച് ഒരു മരുമകളുടെ യാത്ര,, അക്ഷരങ്ങളുടെ ലോകത്ത് കൈപിടിച്ചുയർത്തി
ഇവിടെ എത്താൻ കാരണമായ അമ്മാവന്റെ വീടന്വേഷിച്ച് ഏതാനും വർഷം മുൻപ് ഞാൻ നടത്തിയ
യാത്ര,,,
മരിച്ചുപോയ
അമാവന്റെ ഓർമ്മക്കു മുന്നിൽ ‘കഥയല്ലിത് അനുഭവം’ സമർപ്പിക്കുന്നു***