“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/25/18

വെള്ളപ്പൊക്കത്തിൽ



       കമ്പിവേലിയും മതിലും ചേർന്ന് സുരക്ഷിതമാക്കിയ ഇരുനില കൊട്ടാരം‌വീട്ടിൽ വിദേശത്തുള്ള മകന്റെ നിധികാക്കുന്ന ഭൂതമായിട്ട് ജീവിക്കുന്ന കുട്ടിയമ്മ ആദ്യം കണ്ടത് മഴമേഘങ്ങളാണ്. തുടർന്ന് ഇടിയും മിന്നലും ചേർന്ന അകമ്പടിയോടെ ടൈൽ‌സ് പതിച്ച മുറ്റത്ത് മഴവെള്ളം പതിക്കാൻ തുടങ്ങി. മഴ നിർത്താതെ പെയ്തു പെരുമഴയായി മാറിയ നേരത്ത് അയൽ‌പക്കത്തുള്ളവർ ഇരുമ്പ് താഴിട്ട് അടച്ച ഗെയ്റ്റിനു മുന്നിൽ വന്ന് ഉച്ചത്തിൽ വിളിച്ചുകൂവി,
“കുട്ടിയമ്മേ, ഇറങ്ങിവാ,, വെള്ളപ്പൊക്കം വരുന്നുണ്ട്”
കുട്ടിയമ്മക്ക് ചിരിവന്നു,, കൊട്ടാരം‌വീട്ടിൽ കടന്നുവരാൻ വെള്ളത്തിന് ധൈര്യമുണ്ടോ?
“ഇവിടെയൊന്നും വെള്ളപ്പൊക്കം വരില്ല,, നിങ്ങൾ പോയ്ക്കോ,,”
       കുട്ടിയമ്മ നോക്കിനിൽക്കെ ഒഴിഞ്ഞുപോയ അയൽ‌ക്കാരുടെ കൂരകളിൽ വെള്ളം കടന്നുപോകുന്നതും തുടർന്ന് നിലം‌പതിക്കുന്നതും കാണാനിടയായപ്പോൾ പെരുത്ത് സന്തോഷം വന്നു. പതുക്കെപതുക്കെ,,, കുട്ടിയമ്മയുടെ മുറ്റത്തും വെള്ളം നിറയാൻ തുടങ്ങിയപ്പോൾ ഏമാൻ‌മാർ പോലീസ് വണ്ടിയിൽ വന്ന് വീടുപൂട്ടിയശേഷം വണ്ടിയിൽ കയറാൻ പറഞ്ഞു.
കുട്ടിയമ്മ വിട്ടുകൊടുത്തില്ല,
“എന്റെയീ വീടുവിട്ട് ഞാനെങ്ങോട്ടുമില്ല, എല്ലാം ശരിയാവും,, എന്നെ ദൈവം രക്ഷിക്കും”
   നിറയെ സാധനങ്ങളുള്ള ഇത്രേം വലിയ വീട്ടിൽനിന്ന് ഇറങ്ങാനോ? അതിനുമാത്രം ഒരപകടവും ഇങ്ങോട്ടു കയറിവരില്ല. വീടുപേക്ഷിച്ച് അമ്മ പോയെന്നറിഞ്ഞാൽ മകനെന്ത് വിചാരിക്കും,,‌,

   മുറ്റം നിറയെ ഇരച്ചുകയറിയ വെള്ളം കുട്ടിയമ്മയോട് ചോദിക്കാതെ അകത്തേക്ക് പ്രവേശിച്ചു. മുട്ടോളം വെള്ളമായപ്പോൾ കുട്ടിയമ്മ വീട്ടുസാധനങ്ങളെല്ലാം രണ്ടാം നിലയിലേക്ക് കയറ്റാൻ തുടങ്ങി. ടീ.വീ, ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് കുറ്റി, മിക്സി, കസേര, മേശ, അരി, പരിപ്പ്, പയർ, പച്ചക്കറി, സോപ്പ്, പൌഡർ, പലഹാരപ്പൊതികൾ, ഗ്ലാസ്, പ്ലെയ്റ്റ്, പെയ്സ്റ്റ്, ബ്രഷ്, ഒടുവിൽ വാഷിങ്ങ് മെഷിനും മുകളിൽ എത്തിച്ചപ്പോൾ അവരാകെ നനഞ്ഞ് കുതിർന്ന് തളർന്നു. അതിവേഗത്തിൽ കുതിച്ചുപായുന്ന വെള്ളം വീടിന്റെ രണ്ടാം നിലയിലേക്കും എത്തിനോക്കാൻ തുടങ്ങിയപ്പോഴാണ് വെളിയിൽ നിന്നും വിളികേട്ടത്. മുകളിലെ വരാന്തയുടെ വാതിൽ തുറന്നപ്പോൾ വലിയൊരു വള്ളം നേരെമുന്നിൽ,, അതിലുള്ളവർ വിളിച്ചുകൂവി,
“നാടാകെ വെള്ളത്തിൽ മുങ്ങിയിരിക്കയാണ് വേഗം വള്ളത്തിൽ കയറിയാട്ടെ”
“അയ്യോ, ഞാനെങ്ങോട്ടുമില്ല,, വെള്ളം കയറിയത് അതേപോലെ അങ്ങോട്ട് ഇറങ്ങിപ്പോകും”
“ഈ നാട്ടിലിപ്പോൾ ആരുമില്ല, എല്ലാവരും രക്ഷപ്പെട്ടു,, നിങ്ങളെയും രക്ഷിക്കാൻ വന്നതാണ്”
“എന്നിട്ട്,, ഇതിനകത്തുള്ളതൊക്കെ അടിച്ചുമാറ്റാനല്ലേ,, എന്റെ വീട് കളഞ്ഞിട്ട് ഞാനില്ല”
“വെള്ളം കയ്യറിയിട്ട്  ഈ വീടൊക്കെ നശിക്കും,, മുങ്ങുന്നതിനു മുൻപ് രക്ഷപ്പെട്ടോ”
“ഞാനില്ല”

   കുട്ടിയമ്മ മുഖം തിരിച്ചതോടെ വള്ളം അകലേക്ക് തുഴഞ്ഞുപോയി. ആശ്വാസത്തോടെ കുട്ടിയമ്മ സാധനങ്ങൾ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങിയപ്പോൾ അവർക്ക് വിശപ്പും ദാഹവും കലശലായി. ഒപ്പം ജലനിരപ്പ് കൂടന്നതായി അറിഞ്ഞെങ്കിലും വിശ്വാസം കളയാതെ ഓരോ ജോലികൾ ചെയ്തുകൊണ്ടിരുന്നു. അരയൊപ്പം വെള്ളമായപ്പോൾ വരാന്തയിലിറങ്ങിയ കുട്ടിയമ്മ ടെറസ്സിലേക്ക് കയറിയിട്ട് ചുറ്റുപാടും നോക്കി.

വെള്ളം വെള്ളം സർവ്വത്ര,, നാടാകെ വെള്ളം.
മാവിന്റെ മുകളിലും തെങ്ങിന്റെ മണ്ടയിലും കയറിയിറങ്ങിയിട്ട് വെള്ളം കുത്തിയൊഴുകുന്നു. അപ്പോഴാണ് അവരൊരു ഇരമ്പൽ കേട്ടത്,,
തലക്കുമുകളിൽ ഒരു ഹെലികോപ്റ്റർ,,,
അതിൽ‌നിന്നും താഴേക്ക് നീളുന്ന കയറിലൂടെ ഒരാൾ ഇറങ്ങിവന്നിട്ട് കുട്ടിയമ്മയെ വിളിച്ചു,
“രക്ഷപ്പെടുത്താൻ വന്നതാണ്,, ഇതിലുള്ള കുരുക്കിലൂടെ നിങ്ങളെ മുകളിലേക്ക് കയറ്റാം”
“അയ്യോ, ഞാനില്ല,, എന്റെ വീട് ഒഴിവാക്കിയിട്ട് ഞാനെങ്ങോട്ടും ഇല്ല”
“അങ്ങിനെ പറഞ്ഞാൽ പറ്റില്ല, എല്ലാം വെള്ളത്തിലാണ്, പെട്ടെന്ന് കയറ്,,”
അയാൾ കുട്ടിയമ്മയുടെ കൈപിടിക്കാൻ മുന്നോട്ടു വന്നപ്പോൾ അവർ അകന്നുമാറിയിട്ട് പറഞ്ഞു,
“എന്നെയീ കുന്ത്രാണ്ടത്തിൽ കയറ്റാൻ നോക്കിയാൽ ഞാനിപ്പോൾതന്നെ വെള്ളത്തിൽ ചാടും”
         മറുപടി കേട്ടപ്പോൾ കയറിലൂടെ ഇറങ്ങിയവൻ അതേപടി മുകളിലേക്ക് ഉയർന്നു. കുട്ടിയമ്മ വെള്ളം താഴാനും സൂര്യനുദിക്കാനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ വെള്ളം വീണ്ടും ഉയർന്നുയർന്ന് മുട്ടോളം അരയോളം ആയപ്പോൾ ക്രമേണ അവരുടെ ബോധം നശിക്കാൻ തുടങ്ങി.

      ആരുടേയോ ഉച്ചത്തിലുള്ള വിളികേട്ട കുട്ടിയമ്മ പെട്ടെന്നാണ് ഉണർന്നത്. ചുറ്റും നോക്കിയപ്പോൾ നല്ല വെളിച്ചം,, കാറ്റില്ല, മഴയില്ല, വെള്ളമില്ല.
അവർ സന്തോഷത്തോടെ ചോദിച്ചു,
“ആരാണെന്നെ വിളിക്കുന്നത്?”
“കാലൻ”
“കാലനോ? അതെങ്ങനെ?”
“നിങ്ങളെ ദൈവസന്നിദ്ധിയിൽ എത്തിക്കാൻ വന്നതാണ്,, ഇതാ ദൈവത്തിന്റെ ഇടം വാതിൽ തുറന്നിരിക്കുന്നു,, നേരെയങ്ങോട്ട് പോവുക”
“ഇത്ര വേഗത്തിലോ?”
“ഇവിടെയെല്ലാം പ്രകാശവേഗത്തിലാണ്, പോയ്ക്കോ,, നരകവും സ്വർഗവുമൊക്കെ അവിടെന്ന് കല്പിക്കും”
             
തുറന്ന വാതിലിലൂടെ അകത്തുകടന്ന കുട്ടിയമ്മ ഇരുകൈകളും കൂപ്പിയിട്ട് ദൈവത്തോട് ചോദിച്ചു,
“കരുണാമയനായ ദൈവമേ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ എന്തുകൊണ്ടാണ് അങ്ങെന്നെ രക്ഷപ്പെടുത്താൻ വരാഞ്ഞത്?”
“രക്ഷപ്പെടുത്താൻ വന്നില്ലെന്നോ?”
“ജീവിച്ച് കൊതിതീരും‌ മുൻപെ,, മനോഹരമായ ഭൂമിയും വീടും ഉപേക്ഷിച്ച് എന്നെയിങ്ങോട്ട് കൊണ്ടുവരണോ? രക്ഷിക്കാമായിരുന്നില്ലെ?”
“നിന്നെ രക്ഷിക്കാൻ പലതവണ ഞാൻ വന്നല്ലോ, അപ്പോഴൊന്നും നീ വന്നില്ല”
“എന്നിട്ട്? ഞാനൊരിക്കലും അങ്ങയെ കണ്ടില്ലല്ലൊ”
“ഹേ സ്ത്രീയേ, ഞാനാദ്യം അയൽക്കാരുടെ രൂപത്തിൽ നിന്നെ രക്ഷപ്പെടുത്താൻ വന്നു,,
നീ വീട്ടിൽ‌നിന്നും ഇറങ്ങിയില്ല.
പിന്നീട് പോലീസ് വണ്ടിയുമായി വന്ന് രക്ഷിക്കാൻ നോക്കി,,
നീ ഇറങ്ങിവന്നില്ല.
മൂന്നാമത് വള്ളവുമായി വന്ന് നിന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചു,,
അപ്പോഴും നീ വീടുവിട്ട് ഇറങ്ങിയില്ല.
ഒടുവിൽ നീ പുരപ്പുറത്തിരിക്കുമ്പോൾ ആകാശത്തുനിന്നും കയറിൽ തൂങ്ങിയിട്ട് രക്ഷിക്കാൻ വന്നു,,
അപ്പോഴും എന്റെ സഹായം നിരസിച്ച നിന്നെ ഒടുവിൽ പരലോകത്തേക്ക് കൊണ്ടുവന്നു”
*******