“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

10/8/19

വിജയദശമി

                                   ഹരി ശ്രീ ഗ ണ പ ത യെ നമഃ                                                                ഞാൻ ഉൾപ്പെട്ട കൂട്ടായ്മ കൃതികൾ : 9 എണ്ണം               എന്റെ സ്വന്തമായ 9 പുസ്തകങ്ങൾ, രണ്ടാം പതിപ്പ് 2 പുസ്തകങ്ങൾ, അങ്ങിനെ ആകെ 20 പുസ്തകങ്ങൾ, എന്റെ രചനകൾ പ്രസിദ്ധീകരിച്ച 100 ൽ അധികം ആനുകാലികങ്ങൾ (ഇവിടെ കാണിച്ചിട്ടില്ല), ഇവയെല്ലാം ചേർത്ത് ദുർഗാഷ്ടമി നാളിൽ ഞാൻ ഗ്രന്ഥപൂജ നടത്തുന്നു.                                             

4/19/19

ഹാസ്യകഥയുമായ്


               വലിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഓഫീസിന്റെ വിസിറ്റിം‌ഗ് റൂമിൽ ഞാൻ കടന്നത് വല്ലാത്തൊരു ശങ്കയോടെ ആയിരുന്നു. ആ നേരത്ത് അവിടെയാരും ഇല്ലെങ്കിലും പെട്ടെന്നൊരു യുവാവ് അകത്തെ മുറിയിൽ‌നിന്നും ഓടിവന്നിട്ട് ചോദിച്ചു,

“മാഡം എന്തിനാണ് വന്നത്?”

“എനിക്ക് പത്രാധിപരെ കാണണം”

“മാഡത്തിന് എന്താണ് ആവശ്യം?”

“അത് വാരികയിലേക്ക് ഒരു മാറ്റർ കൊടുക്കാനുണ്ട്”

“പരസ്യമാണോ?”

“പരസ്യമല്ല, പരസ്യമായി പറയാവുന്നൊരു കഥയാണ്”

“കഥയോ? മാനേജർ സാർ അകത്തുണ്ട്,, ഞാനൊന്ന് പറഞ്ഞു നോക്കട്ടെ”

        ഇടതു വശത്തുള്ള വാതിൽ തുറന്നിട്ട് അയാൾ അകത്തേക്ക് പോയി,, ഓഫീസിലെ പ്യൂൺ ആയിരിക്കണം,, വാരിക സെൿഷനിലെ മാനേജറെയാണ് എനിക്ക് കാണേണ്ടത്. അയാൾ പോയിട്ട് അനുവാദം വാങ്ങിച്ചിട്ടു വരട്ടെ,,

       അകത്തുനിന്നും എന്തൊക്കെയോ പറയുന്ന ഒന്നിലധികം പേരുടെ ഒച്ച കേൾക്കുന്ന‌തിനാൽ ഞാനെന്റെ ഒരു ചെവി അങ്ങോട്ട് തിരിച്ചുവെച്ചു. ഇപ്പോൾ വ്യക്തമായി കേൾക്കാം,,

“സാർ വെളിയിലൊരു പെണ്ണ് വന്നിട്ടുണ്ട്”

“പെണ്ണോ? ഒറ്റക്ക്,,”

“ഒറ്റക്ക് തന്നെയാ സാർ”

“കാണാനെങ്ങിനെയുണ്ട്? ചരക്കാണോ?”

“അത് സാറ് നോക്കിയിട്ട് പറഞ്ഞാൽ മതി”

“ശരി വരാൻ പറയൂ”

        സംഭാഷണം മുറിഞ്ഞതോടെ അകത്തേക്ക് പോയവന്റെ തല വെളിയിൽ പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു,

“മാനേജർ വിളിക്കുന്നു”

           പതുക്കെ എഴുന്നേറ്റ ഞാൻ കഥ മുറുകെ പിടിച്ചുകൊണ്ട് അകത്തെ മുറിയിലേക്ക് കടക്കുമ്പോൾ പത്രാധിപർ എങ്ങനെയുള്ള ആളായിരിക്കും എന്നൊരു ചിന്ത എന്റെ ഉള്ളുലച്ചു. അകത്തിരുന്ന് ഇയർഫോൺ ചെവിയിൽ വെച്ച് മൊബൈലിൽ പാട്ട് കേൾക്കുന്ന മൂന്നു പേരെയും നോക്കിയിട്ട് പൊതുവായി ഞാനൊരു നമസ്തെ പറഞ്ഞുപ്പോൾ കൂട്ടത്തിലൊരാൾ ഇരിക്കാൻ പറയുകയും ഓരോ ചെവി സ്വതന്ത്രമാക്കുകയും ചെയ്തു. ഞാൻ ഇരുന്നപ്പോൾ പത്രാധിപർ എന്നെഴുതിയ ബോർഡിനു പിന്നിലിരുന്ന മനുഷ്യൻ എന്നോട് ചോദിച്ചു,

“എന്തിനാ വന്നത്?”

“അത് വാരികയിൽ പ്രസിദ്ധീകരിക്കാനായി ഒരു മാറ്റർ തരാനാണ്”

“അത് പോസ്റ്റലായി അയക്കാമല്ലോ”

“പോസ്റ്റോഫീസിൽ പോകുന്നതിനെക്കാൾ ചെലവ് കുറവാണ് ഇവിടെ ടൌണിൽ വരാൻ,, പിന്നെ നേരിട്ട് തരണമെന്ന് തോന്നി”

“കവിതയാണെങ്കിൽ വേണ്ട,, പാചകമാണോ?”

“അതൊന്നുമല്ല”

“പിന്നെന്ത്? കഥയാണോ?”

എന്റെ കൈയിലുള്ള ഫയൽ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ പറഞ്ഞു,

“കഥതന്നെ ഹാസ്യകഥ,, നർമം എന്നും പറയാം”

   അയാൾ പെട്ടെന്ന് ഉച്ചത്തിൽ  പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരും ഒപ്പം ചിരിക്കാൻ തുടങ്ങി. നിർത്താതെ ചിരിക്കുന്ന അവരെ നോക്കിയിരിക്കെ എന്റെ ഉള്ളിലും ചിരിവന്നു. ഹാസ്യം വായിക്കുന്നതിനു മുൻപ് കേൾക്കുമ്പോൾ തന്നെ ചിരിക്കുന്നവരാണോ പത്രജീവനക്കാർ?? ചിരിച്ചു ചിരിച്ച് ചെവിയിലെ വയറിളകി പൊട്ടാറായപ്പോൾ അവരിൽ ഒരാൾ ചിരി മതിയാക്കിയിട്ട് എന്നോട് ചോദിച്ചു,

“സർദാർജിയാണോ നമ്പൂതിരിയാണോ?”

“ഞാനത്തരക്കാരിയൊന്നുമല്ല”

“അപ്പോൾപിന്നെ എന്തോന്ന് ഹാസ്യം?”

“ഇത് ഞാനെഴുതിയ ഹാസ്യം, ഹാസ്യകഥ എന്നും പറയാം”

“ഹാസ്യമല്ല,, ഹാസം എന്നാണ് പറയേണ്ടത്. നിങ്ങൾ കേട്ടിട്ടില്ലെ മന്ദഹാസം”

“പരിഹാസം എന്നും കേട്ടിട്ടുണ്ട്”

     പറഞ്ഞുകൊണ്ടിരിക്കെ ഫയലിൽനിന്നും കഥയുടെ ഡി.ടി.പി. ചെയ്ത പേജുകൾ വെളിയിലെടുത്ത് പത്രാധിപർക്ക് നൽകിയിട്ട് ഞാൻ പറഞ്ഞു,

“ഇതണ് ഞാനെഴുതിയ ഹാസ്യകഥ,, താങ്കളുടെ വാരികയിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ട്”

അയാൾ പേജുകൾ ഓരോന്നായി തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു,

“നിങ്ങളാണൊ ഇതെഴുതിയത്?”

“അതെ”

നിങ്ങളുടെ പേര്?”

“സീന”

“സീനക്ക് വാലൊന്നും ഇല്ലെ? വെറും സീനയാണോ?”

“കെ.എസ്. സീന”

“സ്ത്രീകളാവുമ്പോൾ സാധാരണ പേരിന്റെ കൂടെ അച്ഛന്റെയോ ഭർത്താവിന്റെയോ പേരുണ്ടാവുമല്ലോ,, അല്ലെങ്കിൽ സ്ഥലപ്പേരോ കുടും‌ബപ്പേരോ ഉണ്ടാവുമല്ലോ”

“എന്റെ പേര് സീന, ആ പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ടം”

“ഭർത്താവിന്റെ പേര്?”

“ഷാജി”

“ഷാജിയോ? അപ്പോൾ ആള് ഏതായിരിക്കും? ജാതി, മതം,,”

“ആളൊരു ആണ് തന്നെയാണ്,, അത് പോരേ,,”

“മതി,, ഇത് ഭർത്താവാണോ എഴുതിയത്?”

“അദ്ദേഹത്തിന് സാഹിത്യത്തിൽ താല്പര്യം ഇല്ല”

“അപ്പോൾ നിങ്ങൾ തന്നെ എഴുതിയതാണ്”

“അതെ”

“കഥയെഴുതാൻ ഭർത്താവ് സഹായിക്കാറുണ്ടോ?”

“ഇല്ല”

“ഇത് ഹാസ്യമാണല്ലോ,, അതെങ്ങിനെ ശരിയാവും”

 പറഞ്ഞുകൊണ്ടിരിക്കെ ആ മനുഷ്യൻ പേജുകൾ ഓരോന്നായി തുറന്ന് നോക്കിയശേഷം അവ മേശപ്പുറത്ത് വെച്ചിട്ട് വീണ്ടും ചോദ്യമായി,

“ഇതാരാ ഡീ.ടീ.പീ. ചെയ്തത്?”

“ഞാൻ”

“അതെങ്ങിനെ? ഡീ.ടീ.പീ. ചെയ്യാൻ കമ്പ്യൂട്ടർ പഠിക്കണ്ടേ?”

“വേണം,,”

“അപ്പോൾ ഭർത്താവായിരിക്കും ഡീ.ടീ.പീ. ചെയ്ത് പ്രിന്റ് എടുത്തത്, കമ്പ്യൂട്ടർ സെന്ററിൽ പോയിട്ട് എടുത്തതാണോ?”

“ഭർത്താവിന് കമ്പ്യൂട്ടർ അറിയില്ല,, ഇത് ഞാൻ, എന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ എഴുതി, എന്റെ വീട്ടിൽ‌നിന്നും പ്രിന്റ് എടുത്തതാണ്”

“അതെങ്ങിനെ? നിങ്ങൾക്കെന്താ ജോലി?”

“ജോലി എന്നുപറയാൻ വീട്ടുജോലി മാത്രം”

          അയാളാകെ ചിന്തയിലാണ്ടു,, ഞാൻ കേൾക്കാത്തവിധം ഒച്ചകുറച്ച് മറ്റുള്ളവരുമായി എന്തൊക്കെയോ പറഞ്ഞു ചിരിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശബ്ദം ഉയർന്നു,

“ഇത് ഞാൻ എഴുതിയ ഹാസ്യകഥയാണ്,, താങ്കളുടെ വാരികയിൽ പ്രസിദ്ധീകരിക്കുമെന്ന് അവിശ്വാസത്തോടെയാണ് ഇവിടെ വന്നത്. ഇതിലെന്താണ് പ്രശ്നം?”

“അതുതന്നെയാണ് പ്രശ്നം,, തലയും വാലുമില്ലാതെ കയറിവരുന്ന പെണ്ണുങ്ങളുടെ കഥ പ്രസിദ്ധീകരിക്കാൻ പറ്റുമോ? അതും ഹാസ്യരചന! ഈ നാട്ടിൽ ഏതെങ്കിലും സ്ത്രീക്ക് ഹാസ്യം എഴുതുന്നതുപോയിട്ട് രണ്ടുവാക്ക് പറയാനുള്ള കഴിവുണ്ടോ?”

      മേശപ്പുറത്ത് കിടക്കുന്ന എന്റെ ഹാസ്യകഥയെ നോക്കിയിട്ട് മൂന്നുപേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ മുന്നിൽ‌നിന്നും എന്റെ രചനയെ മൂന്നുപേർ ചേർന്ന് വസ്ത്രാക്ഷേപം ചെയ്യുന്ന രംഗം നോക്കിയിരിക്കെ,, എനിക്ക് സഹിക്കാൻ വയ്യാതായി,,

പെട്ടെന്നാണ് ഞാൻ ഞാനായി മാറിയത്,,

         ആദ്യം കൊടുത്തത് മാനേജർ എന്നു പറയുന്നവനുതന്നെ,,

വലതുകൈ നിവർത്തിയിട്ട് മുഖത്ത് ഒരൊറ്റ അടി, ഒരുതുള്ളി ചോര പൊടിഞ്ഞിട്ടില്ല.

         രണ്ടാമത് കണ്ണടവെച്ച ചെറുപ്പക്കാരന്,,

മുന്നിലുള്ള മോണിറ്റർ ഉയർത്തിയിട്ട് അവന്റെ തലനോക്കിയിട്ട് ഒറ്റ അടി,,

അവന്റെ തലപൊട്ടി ചോരവന്നു.

    മൂന്നാമത്തെ മുണ്ടുടുത്ത കിളവൻ എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ അവനും കൊടുത്തു,,,

പേപ്പർ‌വെയ്റ്റ് എടുത്ത് എറിഞ്ഞത് കൃത്യമായി അവന്റെ ഇടത്തെ കണ്ണിനുമുകളിൽ,

നെറ്റി പൊട്ടിയിട്ട് ചാലുകളായി ചോരയൊഴുകി.

       ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ,, അതിനാ ഈ ബഹളം,,

എന്നിട്ടും,,,

       പോലീസ്‌ വന്ന് അറസ്റ്റ് ചെയ്യാൻ‌മാത്രം ഞാനൊന്നും ചെയ്തിട്ടില്ലോ,,,

*******