“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/23/10

പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ

                    പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമിച്ചെങ്കിലും കുഞ്ഞമ്മയുടെ പ്രതീക്ഷകൾ‌ ഇനിയും അസ്തമിച്ചില്ല. അവർ ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ്,
‘അവൻ വരും, ലോകത്തിന്റെ ഏത് കോണിലായാലും ഈ തിരുവോണനാളിൽ അമ്മയെകാണാനായി മകൻ വരും’

                  വർഷങ്ങളായി ആ അമ്മ മകനുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. അവരുടെ ആത്മാവിൽ അലിഞ്ഞുചേർന്ന്, നിത്യജീവിതത്തിന്റെ ഭാഗമായി ഈ കാത്തിരിപ്പ് രൂപാന്തരപ്പെട്ടിരിക്കയാണ്. ശപിക്കപ്പെട്ട ഒരു മുഹൂർത്തത്തിൽ ജോലിതേടി നാടുവിട്ട, തന്റെ ഒരേയൊരു മകൻ; അവനെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവളാണല്ലൊ ഈ അമ്മ. എന്നും ഒരുപിടി അരിയുടെ ചോറ്, അവനായി പാത്രത്തിൽ കരുതുമ്പോൾ ഒപ്പം ഹൃദയം നിറയെ സ്നേഹവും അവനായി എന്നും സൂക്ഷിക്കുന്നവൾ.

           തിരുവോണദിവസം അതിരാവിലെ ഉണർന്ന കുഞ്ഞമ്മ മുറ്റത്ത് പൂക്കളം ഒരുക്കി. വേലികൾക്കിടയിൽ‌നിന്ന് അരിപ്പൂ, കോളാമ്പിപ്പൂ തുടങ്ങിയവയും തൊടിയിലെ കാട്ടുചെടികൾക്കിടയിൽ‌നിന്ന് മുക്കുറ്റിയും തുമ്പപ്പൂവും കാക്കപൂവും കാശിത്തുമ്പയും തൊട്ടാവാടിപൂവും ഒക്കെച്ചേർന്ന് സുന്ദരമായ പൂക്കളം.

           പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും പിന്നീട് അടുക്കളത്തഴമ്പാർന്ന കൈകൾ‌കൊണ്ട് സദ്യ ഒരുക്കാനുള്ള തിരക്കിലായിരുന്നു. നല്ല കുത്തരിച്ചോറും സാമ്പാറും ഓലനും കാളനും എരിശ്ശേരിയും ഇഞ്ചിക്കറിയും അച്ചാറും മെഴുക്കുപുരട്ടിയും പപ്പടവും പായസവും അങ്ങനെ അനേകം വിഭവങ്ങൾ. എല്ലാം തയ്യാറാക്കി, ഏറെനേരം അവനായി കാത്തിരുന്ന് വിശന്നപ്പോൾ അല്പം ചോറും സാമ്പാറും എടുത്ത് കഴിച്ചെങ്കിലും അവരുടെ മനസ്സിന്റെ വിശപ്പ് ഇത്തിരിയെങ്കിലും മാറിയില്ല.
മകൻ കൂടെയില്ലാതെ അമ്മക്കുമാത്രമായി എന്തിനീ ഓണം?,,,

                  തിരുവോണസന്ധ്യ കഴിഞ്ഞിട്ടും കുഞ്ഞമ്മ പ്രതീക്ഷകൾ കൈവിട്ടില്ല. അവർ കണക്കുകൂട്ടി; ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിനേഴ് കൊല്ലവും നാല് മാസവും ഒൻപത് ദിവസവും കഴിയാറായി. അവനില്ലാതെയുള്ള പതിനേഴാം ഓണം. ഏത് നിമിഷവും മകൻ പടികടന്ന് വരുമെന്ന് ചിന്തിക്കുന്നതിനാൽ ഏകാന്തതയുടെ വേവലാതിയൊന്നും അവർക്കില്ല. തൊട്ടടുത്ത വീടുകളിലെ അടുക്കളയിൽ ജോലിചെയ്ത് കിട്ടുന്ന വരുമാനം‌കൊണ്ട് ജീവിക്കുന്നവളാണ്, നാട്ടുകാർ കുഞ്ഞമ്മയെന്ന് വിളിക്കുന്ന ആ അമ്മ. പ്രായത്തിന്റെ അവശതകൾ ശരീരത്തെ അല്പം തളർത്തിയെങ്കിലും തളരാത്ത എപ്പോഴും ഉണർന്നിരിക്കുന്ന മനസ്സിന്റെ ഉടമയാണവർ.

             അഞ്ച്‌തിരിയിട്ട നിലവിളക്ക് കത്തിച്ച് ഉമ്മറത്തിരുന്ന് പ്രാർത്ഥിച്ചശേഷം ശോഷിച്ച വിരലുകളാൽ വിളക്കിൽ‌നിന്നും ഒരു തിരിയെടുത്ത് തുളസിത്തറയിൽ വെച്ചു. തിരികെവന്ന് വിളക്കെടുത്ത് അകത്തെമുറിയിലെ ഉണ്ണികൃഷ്ണനുമുന്നിൽ വെച്ച് പ്രാർത്ഥിച്ചശേഷം കത്തുന്ന തിരികൾ എണ്ണയിൽമുക്കി അണച്ച്, ചുമരിലെ സ്വിച്ച് ഓൺ ചെയ്തതോടെ അകത്ത് പ്രകാശം പരന്നു.
… പെട്ടെന്ന് കുഞ്ഞമ്മക്ക് ഒരു സംശയം,
… വെറുതെ തോന്നിയതാണോ?
… കട്ടിലിന്റെ മറുവശത്ത് ചുവട്ടിൽ ആരോ ഇരിക്കുന്നതു പോലൊരു തോന്നൽ
… അതെ,, ആ മുറിയിൽ അവരെക്കൂടാതെ ആരോ ഉണ്ടെന്ന ചിന്ത അവരിൽ ഞെട്ടലുളവാക്കി.
… പേടിച്ച് നിലവിളിക്കാൻ തുടങ്ങിയ കുഞ്ഞമ്മ ഒളിച്ചിരിക്കുന്നവനെ ഒരുനോക്ക് കണ്ടപ്പോൾ ഒരുനിമിഷം നിശ്ചലമായി.

                ഉള്ളിൽ‌നിന്നും ഉയർന്ന അജ്ഞാതമായ ഒരു വികാരം പെട്ടെന്ന് അവരെ കീഴ്പ്പെടുത്തി;
‘അത് അവനല്ലെ? ഇന്ന് രാവിലെയും വർഷങ്ങൾ‌ചേർത്ത് ഗുണിച്ചും ഹരിച്ചും മനസ്സിൽ രൂപപ്പെടുത്തിയ തന്റെ മകന്റെ രൂപമാണല്ലൊ, അവിടെ ഒളിച്ചിരിക്കുന്നത്! പണ്ടേ അവനിങ്ങനെയാണ്, അമ്മയെ കളിപ്പിക്കാനായി ഒളിച്ചിരിക്കും’
… ഇടറിയ ശബ്ദത്തിൽ കുഞ്ഞമ്മ അവനെ വിളിച്ചു,
“മോനേ?”
അവൻ പതുക്കെ എഴുന്നേറ്റ് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. സന്തോഷം‌കൊണ്ട് വീർപ്പുമുട്ടിയ കുഞ്ഞമ്മ അവനോട് പറഞ്ഞു,
“മോനേ നീയിങ്ങ് വാ, നിനക്ക് ഞാൻ ചോറ് തരട്ടെ. എല്ലാം തയ്യാറാക്കി അടച്ചുവെച്ചിരിക്കയാ”
അവൻ പതുക്കെ തലയുയർത്തി ചുവന്ന കണ്ണുകളാൽ ആ അമ്മയെ തുറിച്ചുനോക്കി. മറുപടിയായി ഒരക്ഷരം‌പോലും പറഞ്ഞില്ലെങ്കിലും അവനെനോക്കി കുഞ്ഞമ്മ വീണ്ടും പറയാൻ തുടങ്ങി,
“അമ്മയെ തനിച്ചാക്കി പോയതിന് മോനോട് ഒരു പിണക്കവും ഇല്ല; ഇതാ ഞാൻ ചോറ് വിളമ്പാൻ പോവുകയാ”

                 വീട്ടിനുള്ളിൽ അവനെങ്ങനെ കടന്നുകൂടിയെന്ന് ചിന്തിക്കാനിടം നൽകാതെ അവർ നേരെ അടുക്കളയിൽപോയി ആവേശപൂർവ്വം ഭക്ഷണം വിളമ്പാൻ തുടങ്ങി. ഇരിക്കാനായി നിലത്ത്‌വെച്ച പലകയുടെ മുന്നിൽ വാഴയില നിവർത്തിയിട്ട് ചോറ് വിളമ്പി. പിന്നീട് കറികൾ ഓരോന്നായി ഒഴിക്കാൻ ആരംഭിച്ചപ്പോഴേക്കും, അജ്ഞാതമായ ഏതോ ഒരു വികാരത്തിനടിമയായി ലക്ഷ്യം നിറവേറ്റാൻ അടുക്കളയിലെത്തിയ അവൻ, ആ അമ്മയെയും മുന്നിലുള്ള ചോറിനെയും നോക്കി.
… ‘വിശക്കുന്നവൻ മറ്റൊന്നും ഓർക്കാതെ മുന്നിലുള്ള ഭക്ഷണം കഴിക്കുന്നത് മനുഷ്യസഹജമാണല്ലൊ’.
                അച്ചാറും തൈരും വിളമ്പിക്കഴിയുമ്പോഴേക്കും വെറും നിലത്തിരുന്ന് ആർത്തിയോടെ ചോറ് വാരിത്തിന്നുന്ന അവനെ ആ അമ്മ നോക്കിനിന്നു. ഒന്നിന്റെയും രുചിനോക്കാതെ താൻ വിളമ്പിയ ചോറ് തിന്നുന്ന അവനെ കൺ‌നിറയെ കണ്ട് ആ അമ്മ ആത്മസംതൃപ്തിയണഞ്ഞു. എത്രയോ ദിവസങ്ങളായി വിശന്ന് ആർത്തിപൂണ്ട അവന് ഉണ്ണാനായി അവർ വീണ്ടും വീണ്ടും ചോറ് വിളമ്പിക്കൊടുത്തു.

                  വിശപ്പ് മാറിയ അവൻ തിരികെവന്ന് കട്ടിലിൽ കയറിയിരുന്നു. സമീപം നിൽക്കുന്ന ആ അമ്മ അവനെ കൺ‌നിറയെ നോക്കി,
“ മോൻ അമ്മയെ മറന്നിട്ടില്ല, ഇത്രയും‌നാൾ എന്റെമോൻ എവിടെയായിരുന്നു?”
“ഞാൻ പലയിടത്തും പോയി; അതൊക്കെ ചോദിക്കാൻ നിങ്ങളാരാ?”
അവന്റെ വാക്കുകൾ കുഞ്ഞമ്മയെ ഞെട്ടിച്ചെങ്കിലും മറുപടി മറ്റൊന്നായിരുന്നു,
“നീ ആരായാലും എന്റെ നാടുവിട്ടുപോയ മകൻതന്നെയാ, ഇന്ന് തിരുവോണമായിട്ട് വീട്ടില് വന്ന എന്റെ മോൻ, ഇനി ഒരിടത്തും പോകണ്ട. ഇവിടെയുള്ളതെല്ലാം നിനക്കുള്ളതാ”
അവർ പലതും പറഞ്ഞെങ്കിലും മറുപടിയൊന്നും പറയാത്ത അവൻ, ഒടുവിൽ അമ്മയുടെ പ്രായാധിക്യം ബാധിച്ച കണ്ണുകളിൽ നോക്കി അവരെ വിളിച്ചു,
“അമ്മേ”
ആ വിളി കുഞ്ഞമ്മയുടെ ദേഹമാസകലം കുളിര് കോരിയിട്ടു, ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങൾ...

രാത്രി വൈകിയപ്പോൾ കുഞ്ഞമ്മ പറഞ്ഞു,
“മോൻ ഒന്നും പറയെണ്ട, സമാധാനമായി ഉറങ്ങിക്കൊ; എല്ലാം നാളെപ്പറയാം”
                ആകെയുള്ള ഒരു കട്ടിലിൽ കിടക്കവിരിച്ച് അവനെ ഉറങ്ങാൻ‌വിട്ടശേഷം അടുക്കളയിൽ പായവിരിച്ച് കിടന്നെങ്കിലും, ഉറക്കത്തെ അകറ്റിനിർത്തി മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുന്ന കുഞ്ഞമ്മ പുലരാനായപ്പോൾ മാത്രം അല്പം ഉറങ്ങി.
...
… തിരുവോണപ്പിറ്റേന്ന്
… കുഞ്ഞമ്മ ഉണർന്നത് അയൽ‌വാസികളുടെ വിളികേട്ടാണ്. വാതിൽ‌തുറന്ന് പുറത്തുവന്ന കുഞ്ഞമ്മയെ കണ്ടപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളോടെ നാട്ടുകാർ പറഞ്ഞു,
“എട്ട് മണിയായിട്ടും വാതില് തുറക്കാത്തപ്പോൾ നമ്മളാകെ പേടിച്ചുപോയി; നാല് പേരെ കൊന്ന ഒരുത്തൻ ഇന്നലെ ജയില് ചാടിയിട്ട് ഈ പ്രദേശത്തെവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെമുതൽ പോലീസുകാർ അരിച്ചു പെറുക്കുകയാ. കുഞ്ഞമ്മ ഇന്നലെ രാത്രി എന്തെങ്കിലും ഒച്ച കേട്ടിരുന്നോ?”
അവർ ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയശേഷം പെട്ടെന്ന് അകത്തേക്ക് പോയി. അവിടെയുള്ള കിടക്കയിൽ ആരെയും കണ്ടില്ല. തുടർന്ന് അകം മുഴുവൻ നോക്കി.
… എല്ലായിടവും ശൂന്യം.
… അപ്പോൾ ഇന്നലെ വന്ന തന്റെ മകൻ?

മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിക്കുന്ന കുഞ്ഞമ്മ, പുറത്ത് നിൽക്കുന്ന നാട്ടുകാർ പറയുന്നത് കേട്ടു,
“രാത്രിയിൽ, ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽക്കയറിവന്ന്, അവരെ ഇരുമ്പ്‌വടികൊണ്ട് തലക്കടിച്ച് കൊല്ലുന്നവനാണ് ജയിലുചാടിയത്. അതുകൊണ്ട്  കുഞ്ഞമ്മ രാത്രിയിൽ ഇവിടെ ഒറ്റക്ക് കഴിയുന്നത് അപകടമാ”

... തലേദിവസം രാത്രി വന്നവനെ കണ്ടെത്താൻ കുഞ്ഞമ്മ വീടിന്റെ അകം മുഴുവൻ ഒന്നുകൂടി അന്വേഷിച്ചു,
… ഒടുവിൽ കുഞ്ഞമ്മ അത്‌മാത്രം കണ്ടെത്തി,,,
… അവൻ കിടന്ന കിടക്കയിൽ തലയിണയുടെ അടിയിലായി ഉപേക്ഷിച്ചിരിക്കുന്നു;
... നീളം കുറഞ്ഞ, വണ്ണം കൂടിയ, ... ഇരുമ്പ്‌വടി.