“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/30/10

മുടിയനായ പുത്രൻ


“അന്റെ പൊന്നുമോനെ വീട്ടിലെത്തിക്കണേ പൊന്നുമുത്തപ്പാ,,,”
                   മറ്റുള്ളവരിൽ‌നിന്നും വേറിട്ടുനിൽക്കുന്ന, കണ്ണീരിൽ‌കുതിർന്ന അപേക്ഷ നാണിയമ്മയിൽ‌നിന്ന് കേട്ടപ്പോൾ; ‘വലിയവീട്ടിൽ’ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയ രാജീവനോടൊപ്പം സാക്ഷാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെയും മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്തു.

                     വളരെനേരം ക്യൂ നിന്നതിന്റെ ഒടുവിൽ ദർശനസൌഭാഗ്യം ഒരു അനുഗ്രഹമായി കിട്ടിയ വയസ്സിത്തള്ളമാർ പറയുന്ന ആവലാതികൾ ‌കേട്ട്, മുത്തപ്പന് ആവർത്തനവിരസത അനുഭവപ്പെട്ടിരിക്കയാണ്. നൂറും അഞ്ഞൂറും കൊടുത്തശേഷം അവർ അപേക്ഷിക്കുന്നത് ഒരേതരം കാര്യങ്ങൾ മാത്രമാണ്;
‘എന്റെ മുത്തപ്പാ എന്റെ മോന്റെ കെട്ടിയോളുടെ കാലൊടിയണേ, 
അവളുടെ കൈയൊടിയണേ, 
അവളുരുണ്ട്‌വീണ് നട്ടെല്ല് പൊട്ടണേ, 
ഓളെന്നെ ചെയ്തതിന് കൂലികൊടുക്കണേ’
... ഇത്തരം പ്രാർത്ഥനകൾ കേട്ടാൽ, മുത്തപ്പൻ ഏതോ കൊട്ടേഷൻ ടീമിന്റെ ഏജന്റാണെന്ന് തോന്നിപ്പോകും.

                     അപ്പോൾ പുത്തനാം ഒരു അപേക്ഷ സമർപ്പിച്ച, ശരിക്കും ദുഖിതയായ നാണിയമ്മക്ക് ആശ്വാസം പകരാനായി മുത്തപ്പൻ പറഞ്ഞു,
“അമ്മക്ക് പെര്ത്ത് കൊണം വരും,,; മോൻ ഒരാഴ്ചകൊണ്ട് വീട്ടില് വരും;,,, മകൻ വാസസ്ഥലം വിട്ട് കുറേ നാളുകളായോ?”
“ഇരുപത് കൊല്ലം കയിഞ്ഞു അന്റെ പൊന്നുമുത്തപ്പാ,,,”
അത് കേട്ടതോടെ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പറഞ്ഞ വാക്ക് പിൻ‌വലിക്കാത്ത മുത്തപ്പൻ വീണ്ടും ഉറപ്പിച്ചുപറഞ്ഞു,
“മോൻ ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തും; എല്ലാം മുത്തപ്പൻ അറിയുന്നുണ്ട്, അപ്പോൾ മുത്തപ്പനെ മനസ്സിലുണ്ടാവണം”
“ മോൻ വന്നാല് ഈ വീട്ടില് കെട്ടിയാടിയപോലെ അന്റെ വീട്ടിലും ഒരു വെള്ളാട്ടം കയിപ്പിക്കും”

അത് കേട്ടപ്പോൾ മുത്തപ്പനെക്കാൾ ഞെട്ടിയത് ചുറ്റും‌കൂടിയ നാട്ടുകാരാണ്. 
                      അന്നന്നത്തെ അന്നത്തിനു വകയുണ്ടാക്കാൻ നാട്ടില് നെരങ്ങുന്ന, ഈ നാണിയമ്മ, ആയിരങ്ങൾ ചെലവാക്കി മുത്തപ്പൻ വെള്ളാട്ടം നടത്താനോ? സിനിമയിൽ കാണുന്നതുപോലെ അവരുടെ മകൻ ഒരു കോടിശ്വരനായി വന്നാലോ! മുത്തപ്പൻ അവരെ വീണ്ടും ആശ്വസിപ്പിച്ചു,
“അമ്മ പോയ്‌ക്കോ, മുത്തപ്പൻ കൂടെയുണ്ട്; പൊറം‌നാട്ടിന്ന് അലയുന്ന മോൻ ഒരാഴ്ചകൊണ്ട് അമ്മേനെക്കാണാൻ ഓടിയെത്തും”
                    ഉടുമുണ്ടിന്റെ അറ്റം‌കൊണ്ട് തുടച്ചിട്ടും തീരാത്ത കണ്ണീരുമായി നാണിയമ്മ വലിയവീട്ടിന്റെ അടുക്കള ഭാഗത്ത് പോയപ്പോൾ ക്യൂവിലെ അടുത്തയാൾ വന്ന് മുത്തപ്പനു മുന്നിൽ പരാതിക്കെട്ടഴിക്കാൻ തുടങ്ങി.

                      നാണിയമ്മ നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട വ്യക്തിയാണ്. വീട്ടുപറമ്പിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ, പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ ഏതാനും‌ മാസംവരെ കുളിപ്പിക്കാൻ, വീട്ടുപണികളിൽ സഹായിക്കാൻ, കടകളിൽ‌പോയി സാധനങ്ങൾ പർച്ചേസ് ചെയ്യാൻ, പറമ്പിലെ ഓല വലിച്ച് കൂട്ടിയിടാൻ ആദിയായ എല്ലാറ്റിനും, ‘മേലനങ്ങാത്ത വീട്ടമ്മമാരുടെ’ ഒരു അവിഭാജ്യ ഘടകമാണ് നമ്മുടെ നാണിയമ്മ. ഒന്നും വെറുതെയല്ല; എല്ലാറ്റിനും കൂലി കൃത്യമായി എണ്ണിവാങ്ങും.
പിന്നെ നമ്മുടെ ഗ്രാമത്തിലുള്ളവർ ഏറ്റവും ഭയപ്പെടുന്നത് നാണിയമ്മയുടെ നാവിനെയാണ്.

                      അവർക്ക് ആദ്യം പിറന്ന രണ്ട് മക്കളിൽ മൂത്തവനാണ് ഇരുപത് കൊല്ലം‌മുൻപ് അച്ഛന്റെ മരണശേഷം അമ്മയെയും അനുജത്തിയെയും തനിച്ചാക്കി നാടും വീടും വിട്ടത് എന്ന് നാട്ടുകാരിൽ പലർക്കും പറഞ്ഞുകേട്ട അറിവ് മാത്രമാണ്.  നാടുവിടുമ്പോൾ അവന് പതിനെട്ട് വയസ്സ്. ആയതിനാൽ കക്ഷിക്കിപ്പോൾ മുപ്പത്തെട്ട് ആയി ഭാര്യയും മക്കളുമായി ഏതോ നാട്ടിൽ സസുഖം വാഴുന്നുണ്ടാവണം. അവനുശേഷം നാടുവിട്ട അസ്സനാർ തിരിച്ചുവന്നപ്പോൾ പറഞ്ഞത് അവനെ മും‌ബൈയിൽ കണ്ടിരുന്നു എന്നാണ്.

മകളെ പോറ്റാനായി കൂലിപ്പണി ചെയ്ത നാണിയമ്മക്ക് പിന്നീട് ഒരു മകൻ കൂടി പിറന്നു,,,
‘???’
                       അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൽ ഒരാളായി മാറിയ നാണിയമ്മ എല്ലുമുറിയെ പണിയെടുത്ത് മകളെ കെട്ടിച്ചുവിട്ടു. അതോടെ മകളും അമ്മയെ ഒഴിവാക്കിയ മട്ടായി. ഇടവേളക്ക് ശേഷം പിറന്ന മകനാണ് ഇപ്പോൾ നാണിയമ്മക്ക് ഒരേയൊരു ആശ്വാസം. ഒൻപതാം ക്ലാസ്സിൽ‌വെച്ച് പഠിപ്പ് നിർത്തിയതുമുതൽ കൂലിപ്പണി ചെയ്യുന്ന ആ മകൻ നാട്ടുകാരുടെയെല്ലാം ഉത്തമ സുഹൃത്താണ്.

                      എന്നാൽ മൂത്തമകനെയോർത്ത് നാണിയമ്മ കരയാത്ത ദിവസങ്ങളില്ല. അവർക്ക് അറിയുന്ന എല്ലാ അമ്പലങ്ങളിലും മകൻ വരാനായി നല്ലൊരു തുക പ്രോമിസ് ചെയ്തിട്ടുണ്ട്.
,,,
                     വലിയ വീട്ടിൽ മുത്തപ്പൻ കെട്ടിയാടിയതിന്റെ ഏഴാം ദിവസം നമ്മുടെ ഗ്രാമത്തിൽ നേരം‌പുലർന്ന് പത്ത്‌മണി ആയതോടെ പ്രത്യേക വാർത്താബുള്ളറ്റിൻ പുറത്ത് വന്നു.
‘നാണിയമ്മയുടെ മൂത്തമകൻ ഇന്നലെരാത്രി തിരിച്ചുവന്നിരിക്കുന്നൂ‍,,,,!’
ഇന്റർനെറ്റിനെക്കാൾ വേഗതയിൽ ആ വാർത്ത ഗ്രാമത്തിൽ പരന്നു.
അതോടെ,
ചായക്കടക്കാരൻ നാരാണേട്ടനും ഒപ്പം ചായ കുടിക്കാൻ വന്നവരും കടയടക്കാതെ ഓടി,
കൂട്ടയിൽ മീനുമായി കൂക്കിനടന്ന് മീൻ വിൽക്കുന്ന മമ്മത്, അന്നത്തെ മീൻ കാക്കക്കും പരുന്തിനും കൊടുത്ത്‌കൊണ്ട് ഓടി,
തെങ്ങേൽ കയറിയ രാഘവൻ തേങ്ങ പറിക്കാതെ ഇറങ്ങിയോടി,
അടുക്കളയിൽ ചോറും കറിയും വെക്കുന്ന പെണ്ണുങ്ങൾ അടുപ്പിൽ വെള്ളം‌കോരിയൊഴിച്ച് വീട് പൂട്ടാതെ ഇറങ്ങിയോടി,
അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗങ്ങളെല്ലാം താൽക്കാലിക ഹർത്താൽ പ്രഖ്യാപിച്ച് പുറത്തിറങ്ങി,
കേട്ടവർ കേട്ടവർ ഓടിയെങ്കിലും കുട്ടികൾ‌മാത്രം ഓടിയില്ല; കാരണം അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു.

ഓട്ടത്തിന്റെ ഒടുവിൽ എല്ലാരും സമ്മേളിച്ചത് നാണിയമ്മയുടെ വീടിന്റെ മുറ്റത്ത്,
നാണിയമ്മ റണ്ണിംഗ് കമന്ററി നടത്തുന്നുണ്ടെങ്കിലും എല്ലാകണ്ണുകളും ആ വീട്ടിനകത്താണ്,
“എന്റെ മക്കളെ, ഇന്നലെ രാത്രി എട്ടരക്കാ ഓൻ വീട്ടില് വന്നത്. വന്ന ഉടനെ അമ്മേ എന്ന് വിളിച്ച് കാലിൽ ഒറ്റ വീഴ്ച; ആദ്യം ഞാനാകെ പേടിച്ചെങ്കിലും അന്റെ മോനെ അനക്കറിയില്ലെ. പിന്നെ നമ്മള് ചോറ് തിന്നാത്തകൊണ്ട് കലത്തിലെ ചോറെല്ലാം അന്റെ പൊന്നുമോനു കൊടുത്തു. പിന്നെ വെള്ളം കുടിച്ച് കട്ടിലിൽ കയറി കിടന്നതാ‍. ഒന്നും ചോയിക്കാനും പറയാനും കയിഞ്ഞിട്ടില്ല. ഇപ്പം പത്തരയായിട്ടും എണീറ്റിനില്ല. എല്ലാം മുത്തപ്പന്റെ മായാവിലാസങ്ങൾ”
                     തുടർന്ന് വാർത്താവിഷനിൽ കാണുന്നതു പോലുള്ള ചോദ്യങ്ങൾ തുടർച്ചയായി ഉയർന്നെങ്കിലും കാലുമാറിയ നേതാക്കളെപ്പോലെ നാണിയമ്മക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.

                     അങ്ങനെ നോക്കിയിരിക്കെ ഉറക്കം ഞെട്ടിയ ഒരു രൂപം, നാട്ടാരെ അമ്പരപ്പിച്ചു‌കൊണ്ട്, വീടിന്റെ മുൻ‌വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കണ്ണുകൾ ചുവന്ന്, ജലസ്പർശമേൽക്കാത്ത മുടിയുമായി, ഉണങ്ങിവരണ്ട് മെലിഞ്ഞ ശരീരത്തിനു ചേരാത്ത മുഷിഞ്ഞ കുപ്പായത്തോടെ പുറത്തുവന്ന നാണിയമ്മയുടെ സീമന്തപുത്രൻ, നാട്ടുകാരെ നോക്കിയപ്പോൾ ഞെട്ടിയത് നാട്ടുകാരാണ്. ഇത്രയും കാലം ഏതോ ശവക്കുഴിയിൽ കിടന്നവൻ പെട്ടെന്ന് എഴുന്നേറ്റ് വന്നതായി തോന്നിയ ഓരോരുത്തരുടെയും ഉള്ളിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു. അവിശ്വസനീയമായ കാഴ്ചയിൽ ഞെട്ടിയ നാട്ടുകാർ, ഒരക്ഷരവും ഉരിയാടാതെ പതുക്കെ സ്ഥലം കാലിയാക്കി.
,,,
                    അന്ന് ഉച്ചക്ക്ശേഷം നാണിയമ്മയുടെ മകൾ, അവൾക്ക് സ്വന്തമായ ഒരു ഭർത്താവും രണ്ട് മക്കളുമായി വലിയ കെട്ടുകളോടൊപ്പം കാറിൽ വന്നിറങ്ങി. വീട്ടിൽ വന്ന ഉടനെ മകൾ അമ്മയെ ക്വസ്റ്റൻ ചെയ്തു,
“പെട്ടിയെവിടെ?
ഞാൻ വരുന്നതിനുമുൻപെ അമ്മയും മോനും ചേർന്ന് അടിച്ചുമാറ്റിയോ?”
“ഏത് പെട്ടി?”
നാണിയമ്മ മറുചോദ്യമായി.  
“വന്നത് എന്റെ മാത്രം ഏട്ടനാ; അത്‌കൊണ്ട് ഏട്ടന്റെതെല്ലാം എനിക്കും മക്കൾക്കും കിട്ടേണ്ടതാ”
... മകൾ കൊണ്ടുവന്ന അഴിക്കാത്ത പൊതികളിൽ‌നിന്നും അപ്പത്തരങ്ങളുടെ മണം അമ്മയുടെ മൂക്കിൽ അടിച്ചുകയറാൻ തുടങ്ങി. അവൾ തുടർന്നു,
“ഞാൻ ഏട്ടന്റെ ഒരേയൊരു പെങ്ങളാ,, എന്റെ പൊന്നാങ്ങള എവിടെയാ”
                       അമ്മ അകത്തെ മുറി ചൂണ്ടിയപ്പോൾ അളിയൻ പെങ്ങൾ മക്കൾ സംഘം ഒന്നിച്ച് ചാടിക്കയറി. അകം മുഴുവൻ തപ്പിയിട്ടും ആളെകാണാതെ പുറത്തിറങ്ങുമ്പോഴാണ് കട്ടിലിന്റെ തലയിണക്ക് സമീപം‌ഉള്ള ഒരു മഞ്ഞനിറമുള്ള തുണിസഞ്ചി അളിയന്റെ കണ്ണിൽ‌പെട്ടത്. അതും‌എടുത്ത് പോയേലും വേഗത്തിൽ പുറത്ത്‌ചാടി.

                       മഞ്ഞത്തുണിയിൽ ചുവപ്പ് നിറമുള്ള തമിഴ് അക്ഷരങ്ങൾ എഴുതിച്ചേർത്ത തുണിസഞ്ചി അട്ടിമറിച്ച് അകത്തുള്ളതെല്ലാം പുറത്തിട്ടശേഷം അവർ വട്ടമിട്ടിരുന്ന് ഗവേഷണം തുടങ്ങി. മുഷിഞ്ഞ്‌നാറിയ രണ്ട് ലുങ്കിയും മൂന്ന് ഷർട്ടും ഒരു പാന്റും അവരെ നോക്കി ചിരിക്കാൻ തുടങ്ങി. പെങ്ങൾക്ക് ആകെ സംശയം,
“ഞാൻ വരുന്നതിനു മുൻപ് വിലപിടിപ്പിള്ളതെല്ലാം മാറ്റിയിരിക്കും; എന്റെ ഏട്ടനെവിടെ?”
വീട്ടിനു ചുറ്റും കറങ്ങിനടന്ന അവർ ഏട്ടനെ കണ്ടുപിടിച്ചു;
വീട്ടിന്റെ പിൻ‌വശത്ത് പറമ്പിന്റെ മൂലയിൽ പരിസരം മറന്ന് പുകയൂതി ഇരിക്കുന്ന ഏട്ടനുചുറ്റും പുകവലയങ്ങൾ. 
അളിയൻ അളിയനെ വിളിച്ചു, “അളിയാ”
പെങ്ങൾ ആങ്ങളയെ വിളിച്ചു, “ഏട്ടാ”
മരുമക്കൾ അമ്മാവനെ വിളിച്ചു, “വലിയമ്മാവാ”
ഉത്തരമില്ല, രൂക്ഷഗന്ധമുള്ള പുകവലയങ്ങൾ ഒന്നുചേർന്ന് ഒരു ചോദ്യചിഹ്നമായി രൂപാന്തരം പ്രാപിച്ച്, അവരെ നോക്കി നൃത്തം ചെയ്യാൻ തുടങ്ങി.
                      ഒടുവിൽ യാത്രപോലും ചോദിക്കാതെ നിരാശയോടെ വെറും‌കൈയുമായി വന്നതിലും സ്പീഡിൽ ‘അളിയൻ പെങ്ങൾ മരുമക്കൾ സംഘം’ തിരിച്ചുപോയി.
,,,
പിറ്റേദിവസം,,,
                    നാണിയമ്മയുടെ നാടുചുറ്റിവന്ന മകൻ നാട്ടുകാരിൽ കൺഫ്യൂഷൻ ഉയർത്തി. നാട്ടാരെക്കൊണ്ട് നുണപറയാൻ ആയിരം നാവുള്ള നാണിയമ്മയുടെ ഒറിജിനൽ നാവ്‌കൂടി ചലനരഹിതമായി.  സഹപാഠികളും സഹകള്ളന്മാരും സഹതട്ടിപ്പുകാരും അവനെതേടിയെത്തിയെങ്കിലും നാടുചുറ്റിവന്നവൻ ആരോടും പരിചയം കാണിച്ചില്ല. അങ്ങനെ ഒരു ദുരൂഹതയിൽ അവൻ മിണ്ടാതെ ചോദിക്കാതെ ദിവസങ്ങൾ രണ്ടെണ്ണം കഴിഞ്ഞു.

മൂന്നാം ദിവസം,,,
                     അതിരാവിലെ പത്ത്മണിക്ക് ഉറക്കമുണർന്ന സീമന്തപുത്രൻ നേരെ അടുക്കളയിൽ വന്നത്‌കണ്ട് രോമാഞ്ചമണിഞ്ഞ നാണിയമ്മ തലയുയർത്തി അവനെയൊന്ന് ആപാതചൂടം നിരീക്ഷിച്ചു. വീട്ടിൽ കയറിവന്ന ദിവസം അണിഞ്ഞ ലുങ്കിയും കുപ്പായവും അതേപടി ‘ആ ദേഹത്തിൽ’ കിടപ്പാണ്. സ്വന്തം മകനാണെന്ന് പറഞ്ഞിട്ടെന്താ; അവനെ കാണുമ്പോൾ‌തന്നെ വല്ലതും ചോദിക്കാൻ അവർക്ക് ഉള്ളിൽ ഒരു ഭയം. അപ്പോൾ ആ മുടിയുടെയും താടിരോമങ്ങളുടെയും ഇടയിൽനിന്ന് ഒരു ശബ്ദം പുറത്തുവന്നു,
“തള്ളേ?,,,”
 അടുക്കളയിൽ കയറിയ മകന്റെ വിളികേട്ട് നാണിയമ്മ ഞെട്ടി. ആദ്യത്തെ ഞെട്ടൽ മാറുന്നതിനുമുൻപ് അറിയിപ്പ് വന്നു,
“എനിക്ക് കൊറച്ച് പണം വേണം; ഉടനെ കിട്ടണം”
                     സുനാമിക്ക് മുൻപുള്ള കടൽ‌ത്തീരംപോലെ നാണിയമ്മയുടെ വായിലെ ഉമിനീരിനൊപ്പം നാവും ഉൾവലിഞ്ഞു. കൂടുതൽ ഞെട്ടുന്നതിനു മുൻപ് അവർ അടുപ്പിന്റെ തൊട്ടടുത്ത അരിക്കലത്തിൽ നിന്നും പുറത്തെടുത്ത, ‘തുണിയിൽ പൊതിഞ്ഞ കടലാസ്‌പൊതി’ കെട്ടഴിച്ച്, മുഷിഞ്ഞ 100രൂപ എടുത്തുനിവർത്തി മകന്റെ കൈയിൽ വെച്ച്‌കൊടുത്തു. ചിക്കൻ പീസ് കിട്ടിയ കുറുക്കനെപ്പോലെ അത് പിടിച്ചുവാങ്ങി പെട്ടെന്ന് പുറത്തിറങ്ങി അവൻ നടന്നു.

                       മകൻ പോകുന്നത്‌നോക്കി നാണിയമ്മ താടിക്ക് കൈയുംകൊടുത്ത് നിലത്തിരുന്നു. വിധി ഒരുക്കിയ ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രം അറിയുന്ന നാണിയമ്മ ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല.  ‘എങ്ങോ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ച മൂത്ത മകനെപറ്റി അറിയാനും ഒരുനോക്ക് കാണാനും എത്ര ദൈവങ്ങളെയാണ് വിളിച്ചത്? അവനിങ്ങനെ ഗതിയില്ലാത്തവനായി വരുമെന്ന് ചിന്തിച്ചിരുന്നില്ല. ‘നല്ലകാലത്ത് അമ്മയുടെ ഓർമ്മ കാണില്ലല്ലൊ; ഇപ്പോൾ ഗതിയില്ലാതായതു കൊണ്ടല്ലെ വീട്ടില് വന്നതും തനിക്ക് കാണാനൊത്തതും’

                       പിറ്റേദിവസം മുതൽ പണത്തിനുവേണ്ടി മാത്രം ചോദ്യം ഉണ്ടായി. എന്നും രാവിലെയുണർന്ന് അടുക്കളയിൽ വരും; അമ്മ കഞ്ഞി കൊടുക്കും; മകൻ പണം ചോദിക്കും; പണം കിട്ടിയാൽ മാത്രം കഞ്ഞി കുടിച്ച് സ്ഥലം വിടും. പിന്നെ രാത്രിയിൽ അപ്രതീക്ഷിതമായ നേരത്ത് വന്ന് കിടന്നുറങ്ങും. അവനു ചുറ്റും പരക്കുന്ന പുകയും രൂക്ഷഗന്ധവും ചേർന്ന് നാണിയമ്മയുടെ മനസ്സിന്റെ താളംതെറ്റിക്കുമെന്ന അവസ്ഥയിലായി.

                        ഇതിനിടയിൽ നാണിയമ്മ ഒരു രഹസ്യം മനസ്സിലാക്കി; ഇളയ മകനെ മൂത്തവൻ അവഗണിക്കുന്നു. മുൻപ് ഒരിക്കലും കാണാത്ത മൂത്ത ഏട്ടനെ നാണിയമ്മ പരിചയപ്പെടുത്തിയ നാൾതൊട്ട് ഇളയവൻ ഏട്ടനു ചുറ്റും വട്ടമിട്ട് നടന്ന് പലതും ചോദിച്ചിട്ടും ഇതുവരെ അവനോട് ഒന്നും മിണ്ടിയിട്ടില്ല.

                       സംഭവബഹുലമായി രണ്ടാഴ്ച കടന്നുപോയി. നാണിയമ്മ നാട്ടുകാർക്ക് മുഖം കാണിക്കാതെ ഒളിച്ചും പാത്തും പതുങ്ങിയും നടപ്പാണ്.
ഒരു ദിവസം രാവിലെ അരികഴുകിക്കൊണ്ടിരിക്കുന്ന അമ്മയുടെ പിന്നിൽ ചുവന്ന കണ്ണുകളുമായി സീമന്തപുത്രൻ,
“തള്ളേ, എനിക്കിന്ന് കൊറേ പണം‌വേണം,,,”
നാണിയമ്മ ഞെട്ടിത്തിരിഞ്ഞപ്പോൾ അരിക്കിണ്ണം താഴെവീണ്, അരിയെല്ലാം നിലത്ത്,
“കൊറേയോ?,, അത് ഞാനെന്ത് ചെയ്യാനാ?”
വാക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപ് നാണിയമ്മയുടെ തലമുടി പിടിച്ച്, അവരെ വലിച്ചിഴച്ച് വരാന്തയിൽ കൊണ്ടുവന്ന് ചുമരിൽ ഇടിച്ച് താഴെയിട്ടു.
“പണം തന്നാല് തള്ളക്കും മോനും നല്ലത്”
ഇതും‌പറഞ്ഞ് മുറ്റത്തെ വിറകുകമ്പെടുത്ത് അടിക്കാനോങ്ങുമ്പോൾ ഇളയമകൻ ഏട്ടനെ ബലമായി പിടിച്ചുവെച്ചു.
പിന്നെ അസ്സൽ സ്റ്റണ്ട്‌രംഗം അരങ്ങേറിയപ്പോൾ കാണികാളായി നാട്ടുകാർ അണിനിരന്നു. സ്റ്റണ്ടിന്റെ ഒടുവിൽ മൂവരും ക്ഷീണിച്ചപ്പോൾ ഏട്ടൻ അനിയനെ ചൂണ്ടി നാട്ടുകാരോട് പറയാൻ തുടങ്ങി,
“ഇവനെ ഞാൻ കൊല്ലും; ഞാനിവിടന്ന് നാട് വിടുമ്പോൾ എന്റെ അച്ഛൻ മരിച്ചതാ; പിന്നെ മര്യാദക്കാരിയാണെങ്കിൽ ഈ തള്ളക്ക് ഇങ്ങനെയൊരു മോൻ എങ്ങനെയുണ്ടാകും? ഇവനേം കൊല്ലും ഈ തള്ളേനെം കൊല്ലും”

നാണിയമ്മയും നാട്ടുകാരും ഒന്നിച്ച് ഞെട്ടി,,,  
‘അമ്മയെ അനാഥയാക്കി നാട് വിട്ടവൻ, 
‘അമ്മ ജീവിച്ചോ മരിച്ചോ’, എന്ന് അന്വേഷിക്കാത്തവൻ, 
അമ്മക്ക് ഒരു നേരത്തെ ഭക്ഷണം നൽകാത്തവൻ, 
അമ്മക്ക് സങ്കടം മാത്രം നൽകിയവൻ,,,’
അവനാണിപ്പോൾ എവിടെനിന്നോ തെണ്ടിത്തിരിഞ്ഞ് വന്ന് അമ്മയെയും അമ്മക്ക് തുണയായ മകനെയും കൊല്ലാൻ നോക്കുന്നത്. ആ മകനില്ലെങ്കിൽ നാണിയമ്മയുടെ അവസ്ഥ എന്താകുമായിരുന്നു?!!! ,,,

                        അതു‌വരെ സമാധാനം നിലനിന്നിരുന്ന ആ വീട്ടിൽ നിത്യേന അടി, ഇടി, ആദിയായ നിത്യകർമ്മങ്ങൾ അരങ്ങേറി.

ഒരു മാസത്തിനു ശേഷം,,,
                        നാണിയമ്മയുടെ മനസ്സിൽ പൂത്തുലയാൻ തുടങ്ങിയ പുത്തൻപ്രതീക്ഷകൾ അതേപടി കരിഞ്ഞ് ചാരവും പുകയും അവശേഷിച്ചു. നാടുവിട്ട മോൻ തിരിച്ചുവന്നത്, തനിക്കും ഇളയമകനും കാലനായി മാറാനായിരിക്കുമെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
                               അടുത്ത വെള്ളിയാഴ്ച വടക്കേവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടെന്നറിഞ്ഞപ്പോൾ അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങി അവിടെയെത്തി. മുത്തപ്പനെ കണ്ടപ്പോൾ നാണിയമ്മ കൈകൂപ്പിക്കൊണ്ട് പൊട്ടിക്കരഞ്ഞു,
“എന്റെ പൊന്നുമുത്തപ്പാ എന്നെ കാക്കണം”
“മുത്തപ്പനെല്ലാം കാണുന്നുണ്ട്,,, അമ്മേടെ നാടുവിട്ട മോൻ വന്നില്ലെ? എന്താ സന്തോഷമായില്ലെ?”
“എന്നെ കാക്കണം മുത്തപ്പാ,,, നാടുവിട്ട മോൻ വന്നിന്,,, പിന്നെ”
“എന്താ ഒരു സംശയം? മോൻ പൊന്നും പണോം കൊണ്ടന്നില്ലെ?”
“അനക്ക് പൊന്നും പണോം ബേണ്ട മുത്തപ്പാ,,, ആ തെണ്ടിത്തിരിഞ്ഞ് വന്നോനെ അന്റെ വീട്ടിന്നും നാട്ടിന്നും പൊറത്താക്കിത്തരണം, അന്റെ പൊന്നു മുത്തപ്പാ”
ഇത്തവണ നാണിയമ്മയുടെ അപേക്ഷ കേട്ട് നാട്ടുകാർ ഞെട്ടിയില്ല; എന്നാൽ മുത്തപ്പനു സംശയം,
“അതെന്താ മുത്തപ്പന്റെ പങ്ക് തരാണ്ടിരിക്കാനാണോ?”
“മുത്തപ്പന് വേണ്ടുന്നത് ഞാൻ കയിപ്പിക്കാം. ഓനെ പൊറത്താക്കിയാൽ അന്റെ വീട്ടില് ഒരു വെള്ളാട്ടൊം തിരുവപ്പനെയും കെട്ടിയാടിക്കാം”
എന്നാൽ ഇത്തവണ മുത്തപ്പൻ ആ അപേക്ഷ അതേപടി സ്വീകരിച്ചില്ല.
“അമ്മക്ക് നല്ലത് വരും. അമ്മ പറഞ്ഞത്‌പോലെ മോനെ കാട്ടിത്തന്നില്ലെ? എല്ലാം മുത്തപ്പന് അറിയാം”

                   അങ്ങനെ മസസ്സമാധാനം നേടിയ നാണിയമ്മ വീട്ടിലേക്ക് തിരിച്ച്‌പോയി. മൂത്തമകനെ ആദ്യം സ്വന്തം മനസ്സിൽ‌നിന്നും ഒഴിവാക്കിയതിനുശേഷം വീട്ടിൽനിന്ന് ഒഴിവാക്കാൻ എന്ത്‌ ചെയ്യണമെന്ന് ‘ആ അമ്മ’ ആലോചിക്കാൻ തുടങ്ങി.

പിൻ‌കുറിപ്പ്:
പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രതിരൂപമായി വിശ്വാസികളുടെ വീടുകളിൽ വെള്ളാട്ടവും തിരുവപ്പനെയും കെട്ടിയാടിക്കാറുണ്ട്.

5/13/10

ഇരയുടെ വേദനകൾ


            അസ്തമയസൂര്യന് പതിവിൽ കൂടുതൽ തിളക്കമുള്ളതായി ‘മണികണ്ഠന്’ തോന്നി. ഇരുമ്പഴികൾക്ക് ഇടയിലൂടെ നോക്കിയിരിക്കെ, ആ തിളങ്ങുന്ന സൂര്യൻ താഴോട്ട് കടലിലേക്ക് മുങ്ങി ഇല്ലാതാവുന്നത് കാണാൻ എന്തൊരു ഭംഗിയാണ്!  അതോടൊപ്പം പരിസരം ആകെ മാറിമറിഞ്ഞു. അതുവരെ തന്റെ ചുറ്റും കൂടി ചിരിപ്പിക്കാനും കളിപ്പിക്കാനും സഹതപിക്കാനും തലോടാനും കൂടിനിന്ന എല്ലാവരും പെട്ടെന്ന് അപ്രത്യക്ഷരായി. ഏറ്റവും ഒടുവിൽ,, തന്നെ ഇവിടെ കൊണ്ടുവന്ന വാഹനവും, കാഴ്ചയിൽ നിന്നും മറഞ്ഞു.

                      സാധാരണ കടൽ‌ത്തീരത്ത് സന്ധ്യമയങ്ങും നേരം, ആളുകൾ കൂടിവരികയാണ് പതിവ്. പാറപ്പുറത്തും പൂഴിമണലിലും കടൽ‌ത്തിരകളിലും കളിച്ച്തിമിർക്കുന്ന ചെറുതും വലുതുമായ മനുഷ്യർ, ഇരുട്ടിന് കട്ടികൂടി പരിസരം കാഴ്ചയിൽ‌നിന്ന് മറയ്ക്കപ്പെട്ടശേഷം കുറേകഴിഞ്ഞാണ് തിരിച്ചു പോകാറുള്ളത്. 
എന്നാൽ ഇവിടെ? 
                      മനുഷ്യരുടെത് മാത്രമല്ല; ഒരു ജീവിയുടെയും അനക്കം ഇല്ല. കടപ്പുറത്ത് ദിവസേന ഞണ്ട് തിന്നാനായി വരുന്ന കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാനാവാത്തവിധം അവയൊക്കെ എവിടെ പോയി? ചുറ്റുമുള്ള കാറ്റാടിമരങ്ങളുടെ സൂചിപോലുള്ള ഇലകളിൽ ഒന്ന്പോലും ചലിക്കുന്നില്ല. ജീവനുള്ളതിനെ ഒരു ലക്ഷണം ആകെയുള്ളത് സ്വന്തം കൂട്ടിനകത്ത് മാത്രം. തിരമാലകൾ പാറകളിൽ തല്ലിച്ചിതറുമ്പോൾ ഉയരുന്ന ശബ്ദം, ഏകാന്തമായ ഇരുൾ‌മൂടിയ അന്തരീക്ഷത്തിൽ, ഭീകരമായ കൊലവിളിയായി തോന്നാൻ തുടങ്ങി.

                     അല്പസമയം മുൻപ് വരെ എന്തൊരു ബഹളമായിരുന്നു; തന്നെ കാണാനും ഓമനിക്കാനും എത്രപേരാണ് വന്നത്!  ഈ മനുഷ്യരുടെ കാര്യങ്ങൾ എന്തൊക്കെയാണ്? തനിക്ക് ഭക്ഷണം തരാനും തലോടാനും ആളുകൾക്ക്എന്തൊരു ആവേശമായിരുന്നു! ആദ്യത്തെ ചെറിയ കൂട്ടിൽ‌നിന്ന് വാതിൽ‌തുറന്നുവെച്ച ഈ വലിയ കൂട്ടിലേക്ക് മാറ്റുമ്പോൾ നരച്ച താടിരോമമുള്ള ഒരാൾ വന്ന് തലോടിയിട്ട് പറഞ്ഞു,
“നല്ലൊരു നായ്‌ക്കുട്ടി; ഏതായാലും ഇവനെ പുലിക്ക് തിന്നാൻ കൊടുക്കയല്ലെ, ഇവനൊരു പേരിടാം,,, ‘മണികണ്ഠൻ’, നാട്ടുകാർക്കു വേണ്ടി രക്തസാക്ഷിയാവാനാണ് ഇവന്റെ നിയോഗം”

                   വരുന്നവരെല്ലാം ‘മണികണ്ഠാ,,,’ എന്ന് വിളിച്ചപ്പോൾ ചെറിയ മുറുമുറുപ്പോടെ കുരച്ചുകൊണ്ട് സന്തോഷം അറിയിച്ചു. അവസാനം ഒരാൾ മീനിന്റെ മണമുള്ള ചൊറ് തന്നു. അപ്പോൾ അയാൾ പറഞ്ഞത് തന്റെ ‘അവസാനത്തെ അത്താഴം’ എന്നാണ്. അതെന്താണെന്ന് ഒരു പിടിയും കിട്ടിയില്ല; അതുപോലെ ആളുകൾ ഇടയ്ക്കിടെ പറയുന്ന പുലിയുടെ കാര്യവും?

                     സന്ധ്യാസമയം അടുത്തപ്പോൾ ചുവന്ന പാവയുമായി വന്ന ഒരു കൊച്ചു സുന്ദരിക്കുട്ടിക്ക് തന്നെ പിരിയാൻ വിഷമം. കരയുന്ന മകളെ പിടിച്ച്‌വലിച്ച് കാറിൽ കയറ്റുമ്പോൾ അവളുടെ അച്ഛൻ പറയുന്നത് കേട്ടു.
“ചാവേണ്ടെ പട്ടിക്കുട്ടിയെ നോക്കി നീയെന്തിനാ കരയുന്നത്?”
എന്നിട്ടും അവൾ കരച്ചിൽ നിർത്തിയില്ല. ഒടുക്കം അച്ഛൻ സമാധാനിപ്പിച്ചു,
“നാളെ ആ നായക്കുട്ടി ജീവനോടെയുണ്ടെങ്കിൽ നമുക്ക് വീട്ടിലേക്ക് കൊണ്ടുപോവാം”
അത് കേട്ടപ്പോൾ ആ സുന്ദരിക്കുട്ടിയെക്കാൾ സന്തോഷം തനിക്കായിരുന്നു. എന്ത് രസമായിരിക്കും, അവളോടൊത്ത് ഓടിക്കളിക്കാൻ.

                       കടലിന്റെ ശബ്ദം അമ്മയുടെ ഓർമ്മയുണർത്തി. ജനിച്ചപ്പോൾ തൊട്ട്, -കണ്ണ് തുറക്കുന്നതിനു മുൻപ്‌തന്നെ- കേൾക്കുന്നതും ആദ്യമായി അറിഞ്ഞതും തിരമാലകളുടെ ശബ്ദമായിരുന്നു. തീരത്തെ പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുമ്പോൾ കുഞ്ഞുങ്ങളോടൊപ്പം അമ്മയും സുരക്ഷിതമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് വെളുത്ത പൂഴിമണലിൽ ഓടിക്കളിച്ച്, തിരമാലകളിൽ ചവിട്ടി തിരികെ ഓടാൻ തുടങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു. അമ്മ കൊണ്ടുവന്ന എല്ലിൻ‌തുണ്ടുകളും ചത്ത കടൽ‌മീനുകളും ഞണ്ടുകളും തിന്നാൻ നാല് സഹോദരങ്ങളും മത്സരിച്ചു. അതുനോക്കി പാറപ്പുറത്ത് കിടക്കുന്ന അമ്മയെ ഓർക്കുമ്പോൾ ഇപ്പോൾ ശരിക്കും കരച്ചിൽ വരുന്നു.

                       ഇന്ന് ഉച്ചയ്ക്ക്മുൻപ് അമ്മ കൊണ്ടുവന്ന എല്ലിൻ‌കഷ്ണം നക്കിത്തുടച്ചശേഷം മുലപ്പാൽ കുടിച്ച് വയറു നിറഞ്ഞതോടെ പാറക്കൂട്ടത്തിനിടയിൽ നിന്നും അമ്മയെ ഉണർത്താതെ നാലുപേരും പുറത്തിറങ്ങിയതാണ്. ഉച്ചവെയിലിന്റെ ചൂട് ഉണ്ടെങ്കിലും ഓടിക്കളിക്കാൻ നല്ല രസം. മനുഷ്യന്മാരിൽ നിന്നും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ അച്ഛന്റെ കാല് അടിച്ച് പൊട്ടിച്ചതും അവർ ജനിക്കുന്നതിനു മുൻപെ അച്ഛനെ കൊന്നതും മനുഷ്യന്മാരാണെന്ന്, അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാലും കാറിൽ വന്നവർ എറിഞ്ഞുതന്ന മധുരമുള്ള സാധനം തിന്നാതിരിക്കുന്നതെങ്ങനെ? അങ്ങനെ രസം പിടിച്ച് നാലുപേരും ചേർന്ന് കളിക്കുകയും തിന്നുകയും ചെയ്യുമ്പോൾ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു,
“പിടിക്കെടാ എല്ലാറ്റിനേം”

                      പിന്നെ ഒരോട്ടമായിരുന്നു; എല്ലാവരും ചിതറിയോടി. ഒടുവിൽ മനുഷ്യന്റെ പിടിയിൽ പെട്ടത് താൻ ഒരാൾ മാത്രം. ഓ അമ്മയുടെ മറ്റു മക്കൾ രക്ഷപ്പെട്ടല്ലൊ. അവരിപ്പോൾ അമ്മയുടെ രോമത്തിനുള്ളിലെ ഇളം ചൂടിൽ ഉറങ്ങുകയാവാം. പിടിച്ചവരോട് ആദ്യം ദേഷ്യം തോന്നി ഒരു കടിവെച്ച് കൊടുത്തെങ്കിലും പിന്നീട് അവരെ ഇഷ്ട്ടപ്പെട്ടു. മനുഷ്യർ എത്ര നല്ലവരാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഒട്ടും വേദനിപ്പിക്കാതെ ചെറിയ കൂട്ടിലിട്ട അവർ തനിക്ക് കുടിക്കാൻ മധുരമുള്ള പാല് തന്നു. അപ്പോൾ കൂടെയുള്ള ഒരു മനുഷ്യൻ പറഞ്ഞു,
“ഒരു പട്ടിക്കുട്ടി മതി, ഇനി ഇവൻ വേണം നമ്മുടെ നാട്ടുകാരെ രക്ഷിക്കാൻ”

                      പിന്നെ തീരംവിട്ട് വാഹനത്തിൽ യാത്രചെയ്തെങ്കിലും എത്തിയത് ഒരു കടൽതീരത്ത് തന്നെ. ഒരു പട്ടിക്കുട്ടിയായ തന്നെ കാണാൻ എത്ര മനുഷ്യരാ ഇവിടെ വന്നത്? തീരത്തെ കാറ്റാടി മരങ്ങൾക്കിടയിൽ, വാതിൽ തുറന്നുവെച്ച ഈ വലിയ കൂട്ടിൽ പട്ടിക്കുഞ്ഞിനെ കെട്ടിയിടുമ്പോൾ ജനങ്ങൾ തിങ്ങിനിറഞ്ഞു, ഫ്ലാഷുകൾ മിന്നി. ഇതൊക്കെ എന്തിനാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നെങ്കിൽ?

                      ഇന്നലെ സന്ധ്യക്ക് അമ്മയുടെ കാലുകൾക്കിടയിൽ മാറിടത്തിലെ രോമത്തിന്റെ ചൂടിൽ ഉറങ്ങുമ്പോൾ ഒറ്റക്കായിരുന്നില്ല. ഇപ്പോൾ അരണ്ട വെളിച്ചത്തിൽ പരിസരം കാണാൻ കഴിയുന്നുണ്ടെങ്കിലും ഒറ്റക്കാണെന്ന ചിന്ത വന്നപ്പോൾ കരച്ചിൽ വന്നു. കഴുത്തിലെ ഈ കുരുക്കൊന്ന് അഴിഞ്ഞെങ്കിൽ; മണം പിടിച്ച്, വന്ന വഴിയെ നടന്ന്, അമ്മയെ കണ്ടെത്താമായിരുന്നു. ഏതായാലും ഉച്ചത്തിൽ കരയട്ടെ,,,

                       ഇരുട്ടിനു കട്ടി കൂടി വരുമ്പോൾ പേടി കൂടിയതിനാൽ ഉറക്കം അകലുകയാണ്. കടലിന്റെ ശബ്ദവും കുറഞ്ഞുവരികയാണ്. കേൾക്കാനാരും ഇല്ലെങ്കിലും ഒന്ന് ഉച്ചത്തിൽ കരയട്ടെ,,, അങ്ങനെ കരച്ചിൽ കേട്ട് ആരെങ്കിലും വന്ന് കഴുത്തിലുള്ള ഈ കെട്ടൊന്ന് അഴിച്ചുതന്നാൽ രക്ഷപ്പെട്ടു.

                     അകലെ ചെറുതായ് എന്തോ മിന്നുന്നുണ്ടല്ലൊ; ഒന്നല്ല രണ്ട് മിന്നാം‌മിനുങ്ങ് ഒന്നിച്ച് മിന്നുകയാണ്. അത് ഇങ്ങോട്ട് വരുന്നുണ്ടാല്ലൊ; ഇപ്പോൾ ശരിക്കും രണ്ട് തീക്കട്ടകൾ ഒന്നിച്ച് വരികയാണെന്ന് തോന്നുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ വെച്ച് പരിചയപ്പെട്ട പൂച്ചകൾ രാത്രി നടന്നുവരുമ്പോൾ അവയുടെ കണ്ണുകൾ ഇതുപോലെ ആയിരുന്നു. എന്നാൽ പൂച്ചയുടെ കണ്ണ് ഇത്രേം വലുതായി മിന്നുകയില്ല. അല്ല, ആ തീക്കട്ടകൾ തന്റെ നേരെയാണല്ലൊ വരുന്നത്! ഒറ്റക്കിരുന്ന് പേടിച്ച തനിക്കേതായാലും ഒരു കൂട്ടായി,, ഹോ രക്ഷപ്പെട്ടു,,,

                       അടുത്തെത്തിയപ്പോഴാണ് ആ തിക്കട്ടയുടെ ഉടമയെ കണ്ടത്. ആ കണ്ണിന്റെ പ്രകാശത്തിൽ കാണുന്ന പുള്ളികളുള്ള ആ വലിയ ശരീരം ഒന്ന് നോക്കാൻ‌തന്നെ പേടിയാവുന്നു. നേരെ കൂട്ടിനകത്താണല്ലൊ കയറുന്നത്; തന്നെ അഴിച്ചുവിട്ട് കൂടെ കൊണ്ടുപോകാനായിരിക്കാം.
“ഠപ്പ്”
പെട്ടെന്ന് ആ വലിയകൂട് ആകെ കുലുങ്ങി. വാതിലടഞ്ഞല്ലൊ; ഈ കെണിയിൽ‌നിന്ന് ഇനിയെങ്ങനെ പുറത്തുപോകും?
അയ്യോ‍,, ഇതെന്താണ്?,,
കൂട്ടിൽ കയറിയവൻ വായതുറന്ന് വെളുത്ത്‌കൂർത്ത പല്ലുകളുമായി തന്റെ നേരെ അടുക്കുന്നോ,,
അയ്യോ,, അമ്മേ,, വേദന,,, ഇനി വയ്യാ
*******************************************************
 കഥ
,,,,,
 ചിത്രവും വാർത്തയും : മാതൃഭൂമി, കണ്ണൂർ
,,,,,
പുലിയെ കുടുക്കാനായി കൂട്ടിൽ കെട്ടിയിട്ട, ചിത്രത്തിൽ കൊടുത്ത നായക്കുട്ടിക്ക് കഥയിൽ പറഞ്ഞതുപോലെ പുലിയുടെ ഇരയാവാൻ കഴിഞ്ഞില്ല. അതിനുമുൻപ് ആരോ അഴിച്ചുവിട്ട് രക്ഷപ്പെടുത്തി.
എന്നാൽ ഏതാനും ദിവസം മുൻപ് ഇതേ സ്ഥലത്ത്, പുലി കെണിയിൽ വീണപ്പോൾ ഇതുപോലെ ഒരു നായക്കുട്ടി ബലിയാവേണ്ടി വന്നു. ആ ബലിമൃഗത്തിനുവേണ്ടി ഈ കഥ സമർപ്പിക്കുന്നു.

5/2/10

അവൾ സാവിത്രി?


                       ചമതയുടെ ചെറുകമ്പുകൾ ഒടിച്ചുകൊണ്ടിരുന്ന സത്യവാനെ, ഒരു നിമിഷം‌പോലും പാഴാക്കാതെ കണ്ണടക്കാതെ അവൾ നിരീക്ഷിക്കുകയാണ്. സൂര്യൻ ആകാശത്തുയർന്ന് തലക്കുമുകളിൽ എത്തുന്നതിനനുസൃതമായി സാവിത്രിയുടെ ഹൃദയമിടിപ്പ് പെരുമ്പറ കൊട്ടുന്നതു പോലെ തോന്നിയെങ്കിലും ബാഹ്യമായി അവൾ ഏറെ സന്തോഷം ഭാവിച്ചു. നിർണ്ണായകമായ നിമിഷം അടുത്തു വരികയാണ്. അചഞ്ചലമായ പ്രപഞ്ചശക്തികൾ വരച്ചുചേർത്ത സമയം; പതിവ്രതയായ സാവിത്രിയുടെ ഭർത്താവ് സത്യവാന്റെ മരണസമയം ഇതാ ആഗതമായി.
,,,
                അന്ന് രാവിലെ പള്ളിക്കഞ്ഞി കുടിച്ചശേഷം കോടാലിയെടുത്ത് ചുമലിൽ‌വെച്ച സത്യവാന്റെ വഴി ബ്ലോക്ക് ചെയ്ത് സാവിത്രി മുന്നിൽ വന്നു. അവൾ, ധർമ്മപത്നി ഭർത്താവിനോട് ചെറിയൊരു പരാതി പറഞ്ഞു,
“കല്ല്യാണം കഴിഞ്ഞ് ഇവിടെ ഈ കാട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം തികയാറായി. എന്നിട്ടും ഇതുവരെ ഈ കാടിന്റെ സിസ്റ്റം ഹാർഡ്‌വെയർ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് ഒരു ദിവസം കാട്ടിലേക്ക്, കൂടെ ഞാനും വരുന്നു”
ഇതുകേട്ട സത്യവാൻ ശരിക്കും ഞെട്ടി,
“അയ്യോ,, കാട്ടിലൊ?,,,
കൊട്ടാരത്തിലെ പരവതാനി വിരിച്ച ‌തറയിൽ മാത്രം നടന്നുശീലിച്ച നിനക്ക് ആശ്രമത്തിലെ ചാണകം മെഴുകിയ തറയിൽ നടക്കാനുള്ള പ്രയാസം എനിക്കറിയാം. അപ്പോൾ കാട്ടിലെങ്ങനെ നടക്കും? അവിടെ കല്ലും മുള്ളും കരിമ്പാറകളും കാണും. പോരെങ്കിൽ മൂന്ന് ദിവസമായി, ഏതോ ഒരു വ്രതത്തിന്റെ പേരിൽ നീ ഭക്ഷണം കഴിച്ചിട്ട്,,,”
“അതൊക്കെ ഞാൻ നടക്കും. നമ്മുടെ കല്ല്യാണശേഷം കാട്ടിൽ‌വെച്ചൊരു ഹണീമൂൺ പണ്ടേ കൊതിച്ചതാ. ‘പിന്നെയീ കണ്ണുകാണാത്ത തന്തയും തള്ളയും ഉള്ളതുകൊണ്ടാ’ എന്റെ ആഗ്രഹം അറിയിക്കാതിരുന്നത്,”
“അതെന്താ നീ അങ്ങെനെ പറയുന്നത്? കണ്ണുകാണാത്ത, രാജ്യം നഷ്ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും ഏകമകനാണ് ഞാനെന്ന്, വിവാഹത്തിനു മുൻപ് എന്റെ ബയോഡാറ്റ വായിച്ചപ്പോൾ‌തന്നെ നീ അറിഞ്ഞതല്ലെ”
സത്യവാന് ദേഷ്യം വന്നു. അന്ധരായ മാതാപിതാക്കളോടൊപ്പം കാട്ടിൽ കഴിയുന്ന തന്നെയും തേടി വന്നവളാണ് ഇപ്പോൾ പരാതി പറയുന്നത്.
എന്നാൽ സാവിത്രി അപ്രകാരം ചിന്തിച്ചിരുന്നില്ല, അവൾ പറഞ്ഞു,
“നാഥാ ഞാൻ അങ്ങയോടൊപ്പം കാട്ടിൽ വരാനുള്ള ആഗ്രഹം‌കൊണ്ട് അറിയിച്ചതാണ്, ആദ്യവും അവസാനവുമായി ഇന്നൊരു ദിവസം മാത്രം”
“ശരി നിന്റെ ആഗ്രഹം നടക്കട്ടെ; ആദ്യം അച്ഛന്റെയും അമ്മയുടെയും പെർമിഷൻ വാങ്ങണം”
“അത് ഞാൻ ഓക്കെ”

                   സാവിത്രി ഒരു പുള്ളിമാൻ‌കുട്ടിയെപോലെ ഓടിപ്പോയി. അവൾ അതിനു വേണ്ടിയാണ് കാത്തിരുന്നത്. തന്റെ ഭർത്താവ് ഈ ഭൂമിയിൽ ജീവിക്കുന്ന ലാസ്റ്റ് ദിവസം. അദ്ദേഹത്തിന്റെ ദേഹത്തുനിന്നും ജീവൻ പുറത്തുപോകുന്ന നിമിഷം‌വരെ സമീപത്ത് ഉണ്ടായിരിക്കുക. പതിവ്രതയായ അവൾക്ക് മറ്റെന്താണ് വേണ്ടത്?

                   അവൾ മദർ-ഇൻ-ലാ യെയും ഫാദർ-ഇൻ-ലാ യെയും കാണാൻ ആശ്രമത്തിലെ അന്തപുരത്തിൽ കടന്നു. അവിടെ പള്ളിയറയിലെ മരക്കട്ടിലിൽ ഇരിക്കുകയാണ് സ്ഥാനഭ്രഷ്ടരാക്കപ്പെട്ട രാജാവും അദ്ദേഹത്തിന്റെ ധർമ്മപത്നിയും. രണ്ടുപേരും അന്ധരായവർ, എങ്കിലും ഉൾക്കണ്ണിനു നല്ല കാഴ്ചയുള്ള അവർ വിളിച്ചു,
“മകളെ സാവിത്രീ ഭർത്താവിനെ കാട്ടിലേക്ക് യാത്രയയക്കേണ്ട നേരത്ത് നീ നമ്മുടെ പള്ളിയറയിൽ വരാൻ കാരണം?”
“പിതാവെ ഇന്നൊരു ദിവസം വനത്തിലേക്ക് പോകുന്ന അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം നൽകി എന്നെ അനുഗ്രഹിച്ചാലും”
“നാരിമാരിൽ അഗ്രഗണ്യയായ നിനക്ക് മംഗളം ഭവിക്കട്ടെ. ഇന്ന് നിന്റെ ആഗ്രഹം സഫലമാവട്ടെ. കാട്ടിലേക്കുള്ള യാത്രയിൽ ഭർത്താവിന് എസ്ക്കോർട്ട് പോകാൻ, ഞങ്ങൾ രണ്ടുപേരും ചേർന്ന് നിനക്ക് പെർമിഷൻ തന്നിരിക്കുന്നു”

                    അങ്ങനെ ആശ്രമത്തിൽ നിന്നും പുറത്തിറങ്ങിയ അവർ കാട്ടിലെ ചെടികളോടും പൂക്കളോടും പൂമ്പാറ്റകളോടും പക്ഷികളോടും മൃഗങ്ങളോടും സല്ലപിച്ച് നടക്കാൻ തുടങ്ങി. കാട്ടുപഴങ്ങൾ ശേഖരിച്ചശേഷം ഇപ്പോൾ അദ്ദേഹം വിറക് വെട്ടുകയാണ്. സത്യവാൻ പോലും അറിയാത്ത രഹസ്യവും പേറി ഏറെ നേരം അവൾ അദ്ദേഹത്തെ നോക്കിനിന്നു. അങ്ങനെ നോക്കിയിരിക്കെ സത്യവാൻ കോടാലി ഉയർത്തുന്നത് പതുക്കെയായി മാറി. തുടർന്ന് കോടാലി താഴെവെച്ച് സാവിത്രിയോട് പറഞ്ഞു,
“എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു; ഞാനല്പം കിടക്കട്ടെ”
                    സത്യവാൻ നിലത്തിരുന്ന നിമിഷം സാവിത്രി അദ്ദേഹത്തെ താങ്ങി തല മടിയിൽ വെച്ച് അവളും നിലത്തിരുന്നു. ചമതയിലകൾ എടുത്ത് പതുക്കെ വീശാൻ തുടങ്ങി. അവൾ വീശിയ ഇളംകാറ്റിൽ സത്യവാന്റെ കൺപീലികൾ പതുക്കെ പതുക്കെ അടഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി.
,,,
ഇങ്ങനെയൊരു ദുരന്തം അവൾ വിവാഹത്തിനു മുൻപേ അറിഞ്ഞതും കാത്തിരുന്നതുമാണ്.   
‘സാവിത്രി’; 
                     ഒരു മഹാരാജ്യത്തിലെ മഹാരാജാവിന്റെ മൂത്തഭാര്യയുടെ മൂത്തമകളായി പിറന്നവൾ; യൌവനം വന്നുദിച്ചതോടെ സുന്ദരിയും സുശീലയും സുമുഖിയും സുഭാഷിണിയും സുഹാസിനിയും സുചരിതയും ആയിത്തീർന്നവൾ. ജിനിക്കാത്ത പുത്രന്മാരെയോർത്ത് പുത്രദുഖം അനുഭവിക്കുന്ന രാജാവ്, ജനിച്ച പുത്രിയുടെ പേരിൽ ദുഖം അനുഭവിക്കാതിരിക്കാൻ ഒരു ദിവസം മകളോട് പറഞ്ഞു,
“മകളെ സാവിത്രീ, നീ വളർന്നു വലുതായി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ പോലെ ആയിരിക്കുന്നു. അതിൽ വൈറസുകൾ കടക്കുന്നതിനുമുൻപ്, നമ്മുടെ ബൂലോകത്ത് സെർച്ച്‌ചെയ്ത് നിനക്കിഷ്ടപ്പെട്ട വരനെ നീതന്നെ കണ്ടെത്തുക; അതിനായി ഓൺ‌ലൈൻ സഹായം നിനക്ക് എപ്പോഴും ഉണ്ടായിരിക്കും”

                    അങ്ങനെയൊരു പെർമിഷൻ കിട്ടിയ ഉടൻ സാവിത്രി ഭൂലോകം ചുറ്റിക്കറങ്ങി, യുവാക്കളുടെ പ്രൊഫൈലുകൾ സേർച്ച് ചെയ്യാൻ തുടങ്ങി. അനേകം ദിവസങ്ങളായി സേർച്ച് ചെയ്തതിന്റെ ഒടുവിൽ തനിക്ക് സ്യൂട്ടബിൾ ആയ വരനെ അവൾ കണ്ടെത്തി; സത്യവാൻ. ഇത്രക്ക് മാച്ച് ആയ പ്രൊഫൈൽ ഇതുവരെ ബൂലോകത്ത് കാണാൻ കഴിഞ്ഞിട്ടില്ല. അവൾ അക്കാര്യം സന്തോഷത്തോടെ മാതാപിതാക്കളെ അറിയിച്ചപ്പോൾ കൊട്ടാരത്തിൽ സന്തോഷം അലതല്ലി.

                     ആ സമയത്താണ് ഭൂലോകത്തെ വാർത്താചാനലായ നാരദമുനി കൊട്ടാരത്തിൽ ലാന്റ് ചെയ്തത്. രാജാവും മുനിയും ചേർന്ന് ന്യൂസും മെസേജും അന്യോന്യം പാസ് ചെയ്തുകൊണ്ടിരിക്കെ സത്യവാനെ കുറിച്ച് അറിഞ്ഞപ്പോൾ മഹർഷി പറഞ്ഞു,
“സത്യവാന്റെ മാതാവും പിതാവും അന്ധരാണ്. രാജ്യഭ്രഷ്ടരാക്കപ്പെട്ട രാജാവ് ഏകമകനോടും ഭാര്യയോടും ഒപ്പം കാനനത്തിലേക്ക് പലായനം ചെയ്തിരിക്കയാണ്. എന്നാൽ വലിയ പ്രശ്നം മറ്റൊന്നാണ്”
“മുനിവര്യാ ആ വലിയ പ്രശ്നം അറിയിച്ചാലും”
“രാജാവെ ഞാൻ സത്യവാന്റെ ഭാവി ബയോഡാറ്റ ചെക്ക് ചെയ്തപ്പോൾ കണ്ടത്, ഇന്നേക്ക് ഒരു വർഷം തികയുന്ന നാളിൽ സത്യവാൻ മരിക്കും എന്നാണ്’; അപ്പോൾ ഈ ബന്ധത്തെകുറിച്ച് ഒന്നുകൂടി ആലോചിച്ച് സ്റ്റാർട്ട് ചെയ്താൽ‌പോരെ?”
എന്നാൽ സാവിത്രി ഒരു കാര്യത്തിൽ ഉറച്ചുനിന്നു,
“പിതാവേ,, സത്യവാൻ എന്റെ ഭർത്താവാണ് എന്ന ചിന്ത, എന്റെ തലച്ചോറിൽ ഡിലീറ്റ് ചെയ്യാനാവാത്തവിധം ഫിക്സ് ചെയ്തുപോയി. ഇനി എന്റെ സിസ്റ്റം നശിക്കുന്നതുവരെ ആ ഫയൽ ഡിലീറ്റ് ആവുകയോ മറ്റൊന്ന് കടക്കുകയോ ചെയ്യുകയില്ല. അതുകൊണ്ട് അദ്ദേഹത്തെ കണ്ട്പിടിച്ച്, എന്നെ അങ്ങോട്ട് കെട്ടിച്ചുവിടണം എന്ന് ഞാൻ അപേക്ഷിക്കുന്നു”
പെട്ടെന്ന് മഹർഷി പറഞ്ഞു,
“കുഞ്ഞെ നീ പറയുന്ന സത്യാവാൻ രാജ്യഭ്രഷ്ടരാക്കപ്പെട്ട മാതാപിതാക്കളോടൊപ്പം വനവാസത്തിലാണെന്ന് നീയറിഞ്ഞോ?”
“അത് പ്രൊഫൈലിൽ നിന്നും ഞാൻ അറിഞ്ഞതാണ്. കൊട്ടാരത്തിലെ സുഖസൌകര്യങ്ങളിൽ ജീവിച്ച ഞാൻ ഇനി കാട്ടിലെ സുഖങ്ങളും പ്രയാസങ്ങളും കൂടി അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു”
“എങ്കിൽ നിന്റെ തീരുമാനം‌പോലെ നടക്കട്ടെ”
അവളുടെ പിതാവ് അവളെ അനുകൂലിച്ചു.

അങ്ങനെ കൊട്ടാരവാസിയായ സാവിത്രി സത്യവാന്റെ കരം ഗ്രഹിച്ച് കാനനവാസിയായി മാറി.
                    കാടിന്റെ വിളി അവളെ പുത്തൻ ജീവിതത്തിലേക്ക് വലിച്ചുയർത്തി. ആശ്രമത്തിലെ പൂമ്പാറ്റയായി അവൾ പാറിപ്പറന്നുനടന്നു. പതിവ്രതമാരിൽ ഉയർന്ന ഗ്രേയ്ഡ് നേടിയ അവൾ അവിടെയുള്ള എല്ലാവർക്കും പ്രീയങ്കരിയായി മാറി.                     
,,,
                   സത്യവാൻ ഇപ്പോഴും ഗാഢനിദ്രയിലാണ്. തന്റെ മടിയിൽ തലവെച്ചുറങ്ങുന്ന ഭർത്താവിന്റെ നിഷ്ക്കളങ്കമായ മുഖംനോക്കി സാവിത്രി നെടുവീർപ്പിട്ടു.
,,,
                    പെട്ടെന്ന് ആകാശം ഇരുളാൻ തുടങ്ങി; അതോടൊപ്പം ഒരു രൂപം അവരുടെ സമീപം വന്ന് ലാന്റ്ചെയ്തു; വന്നതോ?
ഒരു പോത്തിന്റെ പുറത്ത്!!!
സാവിത്രി പേടിച്ചില്ല, വിറച്ചില്ല; വ്രതങ്ങൾ നടത്തി ബോഡീഷെയ്പ്പ് ശരിയാക്കിയ അവളുടെ ശരീരത്തിനൊപ്പം മനസ്സിനും നല്ല ഉറപ്പുണ്ട്.

                    ആ രൂപം പോത്തിൻപുറത്തുനിന്നും താഴെയിറങ്ങി സാവിത്രിയുടെ സമീപം മന്ദം മന്ദം നടന്നെത്തി. ചുവന്ന കണ്ണുകളുള്ള കറുത്തിരുണ്ട മേനിയിൽ, ചുവന്ന പട്ടുടുത്ത് കിരീടമണിഞ്ഞ ഭീമാകാരമായ ശരീരം. ആഭരണത്തിന്റെ തിളക്കം കാണുമ്പോൾ ഒരു കൊച്ചുസൂര്യൻ ഭൂമിയിൽ ഇറങ്ങി വന്നതാണോ എന്ന് സംശയിക്കാം. കൈയിൽ കയറുമായി തന്നെ സമീപിച്ച ആ രൂപത്തെ കണ്ടപ്പോൾ സത്യവാന്റെ തല സ്വന്തം മടിത്തട്ടിൽനിന്ന് ഉയർത്തി നിലത്ത് താഴ്ത്തിവെച്ച് പതുക്കെ എഴുന്നേറ്റ് അദ്ദേഹത്തെ കൈകൂപ്പി,
“ഹലോ, താങ്കൾ ആരാണെന്ന് പറഞ്ഞാലും; ഇവിടെ ഭാര്യയും ഭർത്താവും ആരണ്യത്തിന്റെ ഏകാന്തതയിൽ ഒന്നിച്ചിരിക്കുമ്പോൾ ഒരു കട്ടുറുമ്പായി കടന്നുവന്നവൻ എങ്ങനെ ധൈര്യം വന്നു?”
“ഞാൻ യമരാജാവ്; ഈ ഭൂമിയിൽ ജനിച്ചുവീണ എല്ലാ ജീവികളുടെയും ജീവിതം അവസാനിപ്പിക്കുന്നവൻ. സത്യവാന്റെ ജീവിതം അവസാനിച്ചതിനാൽ അവന്റെ ജീവനെടുക്കാൻ വന്നതാണ്”
                     അവളെ അവഗണിച്ചുകൊണ്ട് സത്യവാന്റെ ശരീരത്തിൽനിന്നും ജീവനെ പുറത്തെടുത്ത് നേരെ തെക്കോട്ട് നടക്കാൻ തുടങ്ങി. ജീവനില്ലാത്ത സത്യവാൻ സോഫ്റ്റ്‌വെയർ ഇല്ലാത്ത ഒരു ഹാർഡ്‌വെയറായി വെറുംനിലത്ത് നിശ്ചലം കിടന്നു.   

                     സത്യവാന്റെ ആത്മാവിന്റെ പിന്നാലെ സാവിത്രി നടക്കാൻ തുടങ്ങി. അതുകണ്ട യമരാജാവ് സാവിത്രിയോട് പറഞ്ഞു,
“സാവിത്രീ നിന്റെ ഭർത്താവ് ഇപ്പോൾ മരിച്ചിരിക്കയാണ്. ആയതിനാൽ നീ പോയി സത്യവാന്റെ മൃതശരീരം സംസ്ക്കരിച്ചശേഷം ഒരു വിധവയുടെ കർമ്മം അനുഷ്ടിക്കുക.
                    സാവിത്രി അതൊന്നും കേൾക്കാത്ത മട്ടിൽ യാത്ര തുടർന്നു. കുറേദൂരം നടന്നതിനുശേഷം തിരിഞ്ഞൊന്ന് നോക്കിയ യമൻ അവളെക്കണ്ട് ആശ്ചര്യപ്പെട്ടു,
“അല്ല നീയെന്തിനാ എന്റെ പിന്നാലെ വരുന്നത്? നിനക്ക് വേറേ പണിയൊന്നും ഇല്ലെ?”
“ഭർത്താവിന്റെ പിന്നാലെ നടക്കലാണ് ഒരു ഭാര്യയുടെ ജോലി. ഇപ്പോൾ എന്റെ ഭർത്താവ് ആത്മാവായി താങ്കളുടെ കൈയിലാണുള്ളത്. അതുകൊണ്ട് ഞാനും പിന്നാലെ വരും”
“നിന്നെ ഒഴിവാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ; ഓ വരം വേണമായിരിക്കും. ഉം,,, ഭർത്താവിന്റെ ജീവനൊഴികെ ഏത്ര വരം വേണമെങ്കിലും  ചോദിച്ചുകൊള്ളുക”
“ശരി ഞാനിതാ ചോദിക്കുകയാണ്,,,
എന്റെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് കാഴ്ച കിട്ടണം”
“ഇത്രയേ ഉള്ളൂ! അത് ഞാൻ ആശ്രമത്തിൽ ഒരു മൊബൈൽ ആശുപത്രിയും ഒപ്പം ഡോക്റ്റർമാരെയും അയക്കാം. പിന്നെ?”
“എന്റെ ഭർത്താവ് യുവരാജാവായിരിക്കേണ്ട രാജ്യം തിരിച്ച്കിട്ടണം”
“ശരി, ആ രാജ്യം കൈയേറ്റം ചെയ്ത രാജാവിനെ കൊല്ലാൻ കൊട്ടേഷൻ ടീമിനെ കൊട്ടാരത്തിൽ അയക്കാം. പിന്നെ?”
“എന്റെ സ്വന്തം പിതാവ് പുത്രനില്ലാത്ത പുത്രദുഖം അനുഭവിക്കുകയാണ്. അദ്ദേഹത്തിനു നൂറ് പുത്രന്മാരുണ്ടാവണം”
ഇത്തവണ യമനു സംശയമായി; അദ്ദേഹം ചോദിച്ചു,
“വൃദ്ധനായ നിന്റെ പിതാവിന് ഇനിയെങ്ങനെ നൂറ് പുത്രന്മാർ ഉണ്ടാകും?”
“അതൊന്നും പ്രശ്നമല്ല; എന്റെ അമ്മയെകൂടാതെ അദ്ദേഹത്തിന് അനേകം ഭാര്യമാരുണ്ട്. ഒരു ഗൈനക്കോളഗിസ്റ്റ് വിചാരിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു”
“ശരി, ഇനിയെന്താണ് നിനക്ക് വേണ്ടത്?”
“എനിക്ക് നൂറ് പുത്രന്മാരുണ്ടാവണം”
“കുട്ടികൾ ഒന്നോ രണ്ടോ മതിയെന്ന് പറയുന്ന ഈ കാലത്ത്, നൂറ് കുട്ടികളോ? സാവിത്രീ നീയൊരുത്തി എങ്ങനെ നൂറെണ്ണത്തെ പ്രസവിച്ച് പോറ്റും? അതും ഈ കാട്ടിൽ വെച്ച്?”
“അതൊക്കെ പെട്ടെന്ന് ശരിയാക്കാം. പിന്നെ നൂറ് പോയിട്ട് ഒന്നിനെപ്പോലും ഞാൻ പ്രസവിക്കില്ല. എനിക്ക്, ടെസ്റ്റ്‌ട്യൂബ് ശിശുക്കൾ ഉണ്ടായാൽ മതി”
“അങ്ങനെയാണെങ്കിൽ അതൊക്കെ ഞാൻ ശരിയാക്കിത്തരാം. ഇനിയെങ്കിലും നിനക്ക് തിരിച്ച് പോയിക്കൂടെ?”
“വരം തന്നത് സത്യവും നീതിയും പരിപാലിക്കുന്ന യമരാജാവാണ്. ആ വരങ്ങൾ ശരിയായാവണമെങ്കിൽ ഞാൻ ജീവിച്ചിരിക്കണം. അങ്ങനെ ഞാൻ ജീവിക്കണമെങ്കിൽ, പതിവ്രതയായ എനിക്ക് ഭർത്താവ് ആയി സത്യവാൻ തന്നെവേണം. അത്???”
ഈ കലിയുഗത്തിലും, അവൾ, സാവിത്രി തന്നെ കുടുക്കിയത് തിരിച്ചറിഞ്ഞ യമധർമ്മൻ ഒന്ന്‌ഞെ‌ട്ടി. അദ്ദേഹം പറഞ്ഞു,
“അതെങ്ങനെ സാധിക്കും? ശരീരത്തിൽ നിന്നും പുറത്തെടുത്ത ജീവൻ എങ്ങനെ തിരിച്ച്‌ ഫിറ്റ്‌ചെയ്യും?”
“ഓ,,, അതാണോ പ്രയാസം? ഇത് കലിയുഗമായതിനാൽ എന്തെല്ലാം സൌകര്യങ്ങളാണുള്ളത്!  മറ്റുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്ന യമരാജന് സത്യവാന്റെ സോഫ്റ്റ്‌വെയർ അദ്ദേഹത്തിന്റെ ദേഹത്തിൽ ഒന്ന് റി-ഇൻസ്റ്റാൾ ചെയ്താൽ പോരെ?”
,,,
അങ്ങനെ ഒടുവിൽ സാവിത്രി വിജയിച്ചു.
ജീവൻ തിരികെ ലഭിച്ച സത്യവാൻ ഉറക്കം മതിയാക്കി ഉണർന്നു. വിറക് കെട്ടുകളും പഴങ്ങളും ശേഖരിച്ച് സത്യവാനും സാവിത്രിയും വളരെ സന്തോഷത്തോടേ ആശ്രമത്തിലേക്ക് തിരിച്ച് നടക്കാൻ തുടങ്ങി. അങ്ങനെ ഈ കലിയുഗത്തിലും സാവിത്രിതന്നെ എല്ലായിപ്പൊഴും ജയിക്കുന്നു.