“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/12/11

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

                          പൂജയും അഭിഷേകവും കഴിഞ്ഞ്, ശ്രീകോവിൽ നട തുറന്നപ്പോൾ അവൾ മുന്നിലുണ്ടായിരുന്നു. കീറിത്തുടങ്ങിയ മുഷിഞ്ഞ സാരിയുടെ തുമ്പിൽ നാലായി മടക്കി ഒളിപ്പിച്ച അഞ്ചുരൂപാ നോട്ട് മുറുകെപ്പിടിച്ച്, ദൈവത്തിന്റെ മുന്നിൽ‌വന്ന് കൈകൂപ്പി, നിശബ്ദമായി അവൾ പ്രാർത്ഥിക്കാൻ തുടങ്ങി,
“എന്റെ മോന്റെ ദീനം മാറ്റിത്തരണേ,,, ദൈവമേ എനിക്കൊരു നല്ലകാലം വരണേ,,,”
                       എന്നത്തെയും‌പോലെ ഇന്നും മതിയാവോളം പ്രാർത്ഥിക്കാൻ അവൾക്ക് അവസരം ലഭിച്ചില്ല. പിന്നിൽ‌നിന്ന് തിക്കിതിരക്കി വരുന്നവരുടെ തള്ളലിൽ ഒഴുകിഅകലാൻ തുടങ്ങിയെങ്കിലും ആ ഒഴുക്കിനെതിരെ എത്താനായി അവൾ പരിശ്രമിക്കുകയാണ്.
                        
                         എല്ലാം കാണുന്നവനാണെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ കാഴ്ച പരിമിതപ്പെടുത്തിയ ദൈവം, നാവെടുത്ത് ഒരുവാക്ക് പറയാനാവാത്ത ആ പാവം സ്ത്രീയെ കാണാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. പൂജാരിയുടെ അഭിഷേകവും അർച്ചനയും കഴിഞ്ഞ് ശ്രീകോവിലിന്റെ വാതിൽ തുറന്നാലുള്ള ഏതാനും മണിക്കൂർ മാത്രമാണല്ലൊ തനിക്ക് ദർശ്ശനസൌഭാഗ്യം. ആ ഇടവേളയിൽ തന്റെ മുന്നിൽ വന്ന് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങളെ കണ്ട് സായൂജ്യമടയാനാണ് തന്റെ വിധിയെന്ന് ദൈവം പണ്ടേ തിരിച്ചറിഞ്ഞിരുന്നു. അനുഗ്രഹങ്ങൾ കോരിച്ചൊരിയുന്നവനാണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അതെല്ലാം ഭക്തജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് എല്ലാം അറിയുന്ന ദൈവത്തിന് മാത്രമറിയുന്ന രഹസ്യമാണ്. കോടികളുടെ നിധി ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ അതിലൊരു നാണയംപോലും തനിക്ക് ഉപയോഗിക്കാനാവില്ലെന്നും നന്നായി അറിയാം. ഓരോ വർഷവും ഉത്സവത്തിനുശേഷം ആറാട്ടിനായി പുറത്തിറങ്ങുന്നതാണ് ആകെ ഒരു ആശ്വാസം. എന്നാൽ അതിനിടയിൽ എന്തൊക്കെ ഭീകരദൃശ്യങ്ങൾക്കാണ് തനിക്ക് സാക്ഷിയാവേണ്ടി വരുന്നത്!

                        നിത്യേന ആയിരങ്ങളുടെ കണ്ണീരുകണ്ട് മരവിച്ച മനസ്സുമായി പഞ്ചലോഹവിഗ്രഹത്തിനുള്ളിൽ കുടികൊള്ളുന്ന ദൈവത്തിന് അടുത്ത കാലത്തായി ഒന്നിലും പുതുമ തോന്നാറില്ല. എല്ലാറ്റിലും ഒരു ആവർത്തന വിരസതയാണ്;                      
                        ആ തിരക്കിനിടയിൽ മുണ്ടും നേര്യതും ധരിച്ച്, ചന്ദനപ്പൊട്ട് നെറ്റിയിൽ ചാർത്തിയ കറുത്തസുന്ദരിയെ കണ്ടപ്പോൾ ദൈവത്തിന്റെ ഉള്ളോന്ന് പിടഞ്ഞു. അവൾ വന്ന ദിവസങ്ങളിലെല്ലാം ദൈവത്തിന്റെ മന:സമാധാനം തകർന്നതാണ്. ചൂരീദാർ അണിഞ്ഞുവരുന്ന അവൾ അമ്പലനടയുടെ സമീപമുള്ള വാടക സെന്ററിൽ‌നിന്നും മുണ്ടും നേര്യതും വാങ്ങി അണിഞ്ഞ് വരുന്നതാണെന്ന് ഒറ്റനോട്ടത്തിൽ‌തന്നെ അറിയാം. നടതുറക്കുമ്പോഴുണ്ടാവുന്ന തിരക്കിനിടയിൽ കൈയിൽ കിട്ടാവുന്ന പണവും പൊന്നും മോഷ്ടിച്ച് സ്ഥലം വിടുന്ന അവളെ നോക്കി നിൽക്കാനാണ് തന്റെ വിധിയെന്ന് ദൈവം പരിതപിച്ചു. ഭക്തിയുടെ ലഹരിയിൽ സ്വബോധം നഷ്ടപ്പെട്ടവർ പണം പോയകാര്യം അറിയുമ്പോഴേക്കും അത് കൈക്കലാക്കിയ കറുത്തസുന്ദരി അകലെ എത്തിയിരിക്കും. അവളുടെ കള്ളത്തരം അറിയുന്നുണ്ടെങ്കിലും പരിഹാരം കാണാനാവാത്ത അവസ്ഥയിൽ ദൈവം നിസ്സഹായനായി.

                           അതിനിടയിൽ മുന്നോട്ട് നീങ്ങിയ ആ പാവം സ്ത്രീ ഒഴുക്കിനെതിരെ ജനസഞ്ചയത്തോട് മത്സരിച്ച് തിരികെവന്നതിൽ ദൈവം സന്തോഷിച്ചു. സർവ്വാഭരണഭൂഷിതനായി ഉജ്ജ്വലകാന്തിയിൽ കുളിച്ച ദൈവത്തെ നോക്കി ഇരുകൈകളും കൂപ്പിയ അവൾ അല്പം കുനിഞ്ഞ് മുഷിഞ്ഞ അഞ്ചുരൂപ, തിരുനടയിലെ നൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്കിടയിൽ കാണിക്കവെച്ചു.
അതേനിമിഷമാണ് അവളുടെ പിന്നിലുള്ള മുത്തശ്ശി ഉച്ചത്തിൽ അലറിയത്,
“അയ്യോ എന്റെ മാലപോയേ,,,,”

                            എത്ര പെട്ടെന്നാണ് രംഗം മാറിയത്, പോലീസുകാരും കാവൽക്കാരും ചേർന്ന ഒരു പടയാണ് പെട്ടെന്നവിടെ ഇരച്ചുകയറിയത്. അതോടൊപ്പം മൈക്ക് അനൌൺസ്‌മെന്റ് വന്നു, 
“ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, ആരും വെളിയിലേക്ക് പോകരുത്; ഒരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ട്, പരിശോധനക്ക് ശേഷം എല്ലാവർക്കും പുറത്തുപോകാം”
മാല നഷ്ടപ്പെട്ട സ്ത്രീ ആവലാതികൾ പറയുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്,
“എന്നാലും ദേവന്റെ തിരുനടയിൽ നിന്നും മോഷണം, എന്റെ പത്തുപവൻ മാലയാ”
“സ്വർണ്ണമാലയിടണ്ടാ എന്ന് ഞാനപ്പൊഴെ പറഞ്ഞതല്ലെ, അപ്പോൾ നീയെന്താ പറഞ്ഞത്? ‘ദൈവത്തിന്റെ മുന്നിൽ കള്ളന്മാരുണ്ടാകില്ല, ആളില്ലാത്ത വീട്ടിൽ‌വെച്ചാൽ കള്ളന്മാർ കൊണ്ടുപോകും’ എന്ന്,,, എന്നിട്ടിപ്പൊ എന്തായി?”
മുത്തശ്ശിയുടെ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തുകയാണ്,

                    പോലീസുകാരുടെ എണ്ണം കൂടിയപ്പോൾ അവർ ചുറ്റും‌നിരന്ന് ഒരോ ആളുകളെയും ചോദ്യം ചെയ്യാൻ തുടങ്ങി. സംശയമുള്ളവരെ മാറ്റിനിർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ പതിച്ചത് അവളിൽ; 
അവളിൽ മാത്രം. 
മുഷിഞ്ഞ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ അവളെയല്ലാതെ മറ്റൊരു മോഷ്ടാവിന്റെ രൂപം അവരുടെ മനസ്സിൽ ഇടം പിടിച്ചില്ല.
‘ആദ്യ അടി വീണപ്പോൾ അവൾ ശ്രീകോവിലിന്റെ മുന്നിൽ കമഴ്ന്ന് വീണു,, പിന്നെ തുരു തുരാ അടിയുടെ പെരുമഴ ദേഹത്ത് പതിക്കാൻ തുടങ്ങി. അവളുടെ നെറ്റിയിലെ മുറിവിലൂടെ ചുറ്റും പരക്കുന്ന ചോര നോക്കി മാലനഷ്ടപ്പെട്ടവൾ ഉറപ്പ് നൽകി,
“സാറെ ഇവൾതന്നെയാ കള്ളി, എന്റെ തൊട്ടടുത്ത് ഈ പെണ്ണ് ഉണ്ടായിരുന്നു”
“മാല ഒളിപ്പിച്ചിരിക്കും; ഇവിടെ ദൈവത്തിന് മുന്നിൽ‌വെച്ച് അവൾ സത്യം പറയില്ല, സ്റ്റേഷനിൽ‌പോയി ദേഹപരിശോധന നടത്തിയിട്ട് നല്ല അടികൊടുത്താൽ അവൾ പറയും”
ജനങ്ങൾ കൂട്ടത്തോടെ അവൾക്കെതിരായി വിധിയെഴുതി, അടികൊണ്ട് അവശയായ അവളെ തൂക്കിയെടുത്ത് പോലീസ് വണ്ടിയിലേക്ക് എറിയുന്നതിനിടയിൽ ആ കറുത്തസുന്ദരി വിളിച്ചുപറഞ്ഞു,
“മാന്യന്മാർ മാത്രം അമ്പലത്തിൽ വരുമ്പോൾ ഇവറ്റകളെല്ലാം കക്കാനും പോക്കറ്റടിക്കാനുമല്ലാതെ മറ്റെന്തിനാണ് അമ്പലത്തിൽ വരുന്നത്?”
                           
                         ദൈവത്തിന്റെ മനസ്സ് വേദനിച്ചു, ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. എത്ര ഉള്ളുരുകി കരഞ്ഞാലും ഒരുതുള്ളി കണ്ണീർ‌പോലും വരില്ലല്ലൊ! അതിനിടയിൽ തൊണ്ടിസഹിതം പിടിക്കപെടുമെന്ന് ഭയപ്പെട്ട ആ കറുത്തസുന്ദരി, ചുറ്റുവിളക്കിന് സമീപമുള്ള ഭണ്ഡാരപ്പെട്ടിയിൽ മാല നിക്ഷേപിച്ചത് ദൈവത്തിനുമാത്രം അറിയാൻ കഴിയുന്ന രഹസ്യം മാത്രമായി അവശേഷിച്ചു. പഞ്ചലോഹങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ദൈവം തന്റെ നിസ്സഹായഅവസ്ഥ ഒരിക്കൽ‌കൂടി തിരിച്ചറിയുന്ന നിമിഷം. മനുഷ്യർ ചെയ്ത പാപത്തിന്റെ ഒരു പങ്ക് തനിക്ക് നൽകുന്നത് സ്വീകരിക്കാതെ എന്ത് ചെയ്യാനാവും?
വിലമതിക്കാനാവാത്ത സമ്പത്തിന്റെ കാവൽക്കാരനായി കാലം കഴിക്കുന്ന ദൈവത്തിന്, തന്റെ സമ്പത്തിന്റെ കൂട്ടത്തിൽ പത്ത് പവൻ വർദ്ധിക്കുന്നത് അറിയാൻ കഴിഞ്ഞു.