“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/8/14

വിടപറയാൻനേരത്ത് വരുന്ന വിരുന്നുകാർ

 മുൻ‌കുറിപ്പ്:
  1. ബ്ലോഗർമാരുടെ കൂട്ടത്തിൽ താരമായി മാറിയ എച്‌മുക്കുട്ടിയുടെ കഥ, ‘ത്രിവേണീ ഒഴുകും കാലം’ വായിച്ച് ഒത്തിരിനേരം ആ കഥയിൽ ലയിച്ചിരുന്നപ്പോൾ,,, മറ്റൊരു കഥ എന്റെ മനസ്സിൽ ഒഴുകിവന്നു. കടപ്പാട് എച്ച്മുക്കുട്ടിക്,,,
  2. ഈ കഥ സീനിയർ സിറ്റിസൺ വാർഷികാഘോഷ സമയത്ത് നടക്കുന്ന മത്സരത്തിന് അയച്ചുകൊടുത്തെങ്കിലും കപ്പൊന്നും കിട്ടിയില്ല. എങ്കിലും വയോജനശബ്ദം ആഗസ്റ്റ് ലക്കത്തിൽ കഥ പ്രസിദ്ധീകരിച്ചതിനാൽ സന്തോഷപൂർവ്വം നന്ദി പറയുന്നു.
  3. ഇനി നമുക്ക് കഥ വായിക്കാം,,,
               
വിടപറയാൻനേരത്ത് വരുന്ന വിരുന്നുകാർ
                  ചാവാൻ‌കെടക്കുന്ന ഈ വയസ്സനെ അവസാനകാലത്ത് നോക്കാനുള്ള യോഗം എനക്കായിരിക്കും. വല്യ നെലേല് ജീവിക്കുന്ന മോനും‌മോളും ഉണ്ടായിട്ടെന്താ,,, മരിക്കാൻ കെടക്കുമ്പം വായീല് ഇച്ചിരി വെള്ളം ഉറ്റിക്കാൻ ഈ കാർത്തി തന്നെ വേണംന്നാ തോന്നുന്നത്. കൂടി വന്നാൽ ഒരാഴ്ച,, അത്രക്ക് വയ്യാതായ തന്തയാണ്. ആയകാലത്ത് കോളേജിലെ വല്യ മാഷായിരുന്നു പോലും,,, കാണുമ്പം അങ്ങനെതന്നെയാ തോന്നുന്നത്; വയസ്സായി ഉണങ്ങിചുരുണ്ടിട്ടും ആ മൊകത്ത് എന്തൊരു ഐശ്വര്യം. ഭാര്യ മരിച്ചതോടെ ആരും നോക്കാനില്ലാതായി; ഉള്ളകാലത്ത് ഓളെ കഷ്ടപ്പെടുത്തിയ മനിശനാരിക്കും,, ഇപ്പം മേലൊന്ന് അനക്കാൻപോലും പറ്റുന്നില്ല. തുണി മാറ്റുമ്പോഴും ഡറ്റോളിൽ മുക്കിയ സ്‌പോഞ്ച്‌കൊണ്ട് ദേഹമാസകലം തൊടക്കുമ്പോഴും ചത്തത്‌പോലെ ഒരേ കെടപ്പാണ്. എത്രയെത്ര കുട്ടികളെ വെറപ്പിച്ച മാഷായിരിക്കും,,  എന്നിട്ടിപ്പൊ പഠിപ്പിച്ച കുട്ട്യോള് പോയിട്ട്, പോറ്റിയ മക്കള് പോലും നോക്കാനില്ലാതെ കാർത്തീന്റെ മുമ്പില് ഇങ്ങനെ കെടക്കുന്നു!!!

                   പെട്ടെന്ന് മാഷൊന്ന് ഞെരങ്ങിയോ? അല്ല, എനക്കത് തോന്നിയതാണോ? സ്‌പോഞ്ച് കൊണ്ട് പുറം തൊടച്ചുകൊണ്ട് ഉച്ചത്തിൽ വിളിച്ചു,
“മാഷേ,,, മാഷിന് വേദനിക്കുന്നുണ്ടോ?”
വിളി കേട്ടതു കൊണ്ടായിരിക്കണം കണ്ണുകളിൽ പുതിയൊരു തിളക്കം, അപ്പൊ ആളെ അറീന്ന്‌ണ്ട്. മക്കള് നാട്ട്‌ന്ന് ദൂരെ പോകുമ്പം അച്ഛനെ ആശൂത്രീല് കൊണ്ടാക്കിയതാണ്. കൊറെ പണം അച്ഛന്റെ പേരിലുണ്ട്‌പോലും. ആദ്യോക്കെ നല്ലോണം ബോധം ഉണ്ടായിരുന്നു; കണ്ണു തൊറക്കേം വർത്താനം പറേം ചെയ്യും. ഇപ്പം രാവും പകലും അനക്കമില്ലാണ്ട് ഒറ്റ കെടപ്പ്‌തന്നെ.  പെറ്റപ്പാടുള്ള കുട്ടീനെപോലെ കെടന്നട്‌ത്ത്ന്ന് മലോം മൂത്രോം പോയാലെന്താ,, തുണിമാറ്റാനൊക്കെ കാർത്തി ഒണ്ടല്ലൊ. സോപ്പുവെള്ളത്തിൽ സ്പോഞ്ച് മുക്കിയിട്ട് മേലാകെ തൊടച്ച് വൃത്തിയാക്കിയിട്ട് പൌഡറിടണം. വെലകൂടിയ പൌഡറാ, അല്ലേല് കുരുവന്ന് പൊട്ടിയാല് പഴുത്ത്‌നാറും. പിന്നെ തിന്നാനും കുടിക്കാനും കൊടുക്കുമ്പം സമയം നോക്കി പെഷറിന്റെം ഷുഗറിന്റെം ഗുളികകളും കൊടുക്കണം.

                     ആശൂത്രീലെ വല്യഡോക്റ്ററ് പറഞ്ഞാൽപിന്നെ അതാർക്കും അനുസരിക്കാതിരിക്കാൻ വയ്യ. അത്രക്ക് ഇഷ്ടാണ് അദ്ദേഹത്തെ,, ദൈവം പോലത്തെ മനുഷ്യൻ. അല്ലാണ്ട് ഇടയ്ക്കിടെ വണ്ടീം‌എടുത്ത് പൊറത്ത്‌പോയിട്ട് ചാവാറായ രണ്ടും മൂന്നും ആളുകളെ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ ശുശ്രൂഷിക്കുമോ? ഈ നാട്ടില് ചാവാറായ മനിശന്മാർക്കാണോ പഞ്ഞം,, ബസ്‌സ്റ്റാന്റിലും തീവണ്ടിയാപ്പീസിലും ഒക്കെപ്പോയി, മേലാകെ പുണ്ണ്‌പിടിച്ച് വയ്യാതെ കിടക്കുന്ന ആണിനേം പെണ്ണിനേം കണ്ടാല്, കോരിയെടുത്ത് ഇവിടെ കൊണ്ടുവന്ന് കുളിപ്പിച്ച് കെടക്കേല് കെടത്തി ചോറും മരുന്നും കൊടുക്കുമ്പം ഡോക്റ്ററ് ദൈവമായി മാറുകയാണ്. ഈ ഭൂമീല് വെളിച്ചം പരക്കുന്നത് ദൈവത്തെപോലുള്ള ഇത്തരം മനിശന്മാര് ഉള്ളതുകൊണ്ടാണ്. ശരിക്കും ഇതിനെ ആസ്പത്രിയെന്നല്ല പറയാ,, ഹോസ്പീസ് എന്നാണ്; എന്നുവെച്ചാൽ ചാവാറായ മനിശന്മാർക്ക് മനസമാധാനത്തോടെ മരിക്കാൻ കഴിയുന്ന ഇടം. ഇവിടെ എത്തിയാ സൊർഗ്ഗം കിട്ടിയ മാതിരിയാണ്; വെല്യ നേഴ്സ് എപ്പഴും പറയും, ‘ഇത് സൊർഗ്ഗമാണ്; പക്ഷെ, കാലൻ കയറുമായി ചുറ്റിലും നടക്കുന്നുണ്ട്‌ന്ന് ഓർമ്മവേണം. ഇടയ്ക്കിടെ അയാള് വാതില് കടന്ന്‌വന്ന് കുടുക്കിടുമ്പോൾ കല്ല്യാണപ്പന്തലിൽ താലികെട്ടാൻ‌പോന്ന പെണ്ണിനെപ്പോലെ സന്തോഷത്തോടെ കഴുത്ത് നീട്ടിക്കൊടുക്കും ഈവിടത്തെ വയസ്സന്മാർ, അത്രക്ക് മനസമാധാനമാണ് അവർക്ക് ഈടെനിന്നും കിട്ടുന്നത്’. 

                      ചാവാനുള്ള നേരം‌നോക്കി കെടക്കുന്ന വയസ്സമ്മാരെം വയസ്സികളെയും നോക്കാനാണെങ്കിൽ എന്നെപ്പോലെ നാടും വീടും ഇല്ലാത്ത കെറേയെണ്ണം ഉണ്ട്. കൊറച്ച്‌കാലം തോന്ന്യപോലെ ജീവിച്ചെങ്കിലും അവസാനം ഈടെ എത്തിയതു നന്നായി. ഒരീസം അഞ്ചാറ് ആണ്‌നായ്ക്കള് കടിച്ച്‌പറിച്ചിട്ട് ചാവാനായേരം റെയിൽ‌പാളത്തിൽ കൊണ്ടിട്ട കാർത്തിനെ തീവണ്ടിവന്ന് അറത്ത്‌മുറിക്കുന്നേന്റെ മുമ്പ് രക്ഷപ്പെടുത്തി ആശൂത്രീല് എത്തിച്ച ഡോക്റ്ററ് എന്റെ ദൈവമാണ്. മരുന്നൊക്കെ വെച്ച്‌കെട്ടി ബോധം വന്നേരം ഒരു ചോദ്യം, ‘നല്ല ഭക്ഷണമൊക്കെ തന്നാൽ ഞാൻ പറയുന്നപോലെ ജോലി ചെയ്ത് ജീവിക്കുമോ’, എന്ന്. നൂറ്‌വട്ടം സമ്മതമാണെന്ന് പറയാൻ തോന്നിയെങ്കിലും തലയാട്ടുക മാത്രം ചെയ്തു. അങ്ങനെ രോഗായിട്ടും വയസ്സായിട്ടും കെടക്കുന്ന മനിശന്മാർക്കിടയിൽ എത്തിയതാണ്. ആദ്യമാദ്യം അടുക്കളയിൽ പണി തന്നിട്ട്, ഇപ്പൊഴ് വയ്യാതെ കെടക്കുന്ന ഓരോ വയസ്സന്മാരെ നോക്കാനുള്ള പണിയാണ്. എന്നാല് ഈ കാർത്തിന്റെ ചരിത്രമൊന്നും ഈട്‌ത്തെ നെഴ്സ്‌മാർക്കും ആയമാർക്കും അറീല്ല. അറിഞ്ഞാൽ ഓറെല്ലാം ചേർന്ന് എന്നെ അടിച്ച് പൊറത്താക്കുമാരിക്കും,,, എനിക്ക് ഡോക്റ്ററേമാൻ പറേന്നപോലെ പണിയെടുത്ത് ജീവിച്ചാമതി.

വല്യ ഡൊക്റ്ററ് വരുന്നുണ്ട്,, അതാരാപ്പാ പിന്നാലെ? ചൂരീദാറിട്ട പെണ്ണും ഒരു കുട്ടിയും ഒണ്ടല്ലൊ! അവരിങ്ങോട്ടാണല്ലൊ കയറിവരുന്നത്,,
ഡോക്റ്റർ അടുത്തുവന്ന് മാഷെ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് ഒപ്പരം ഉള്ള പെണ്ണിനോട് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. അത്‌ കേൾക്കാത്തമട്ടിൽ അവൾ കിടക്കക്കരികിൽ വന്ന് മാഷെ വിളിച്ചു,
“ഡാഡീ, ഡാഡീ,, ഇത് ഡാഡീന്റെ മോളാണ്,, അഖില; ഡാഡിക്ക് എങ്ങനെയുണ്ട്?”
പലതവണ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് അറിഞ്ഞപ്പോൾ അവള് ഒപ്പരൊള്ള കൊച്ചിനെ പിടിച്ച് മാഷിന്റെ മുന്നില് നിർത്തീട്ട് പറഞ്ഞു,
“ഡാഡീ, കൊച്ചുമോൻ അപ്പു വന്നിട്ടുണ്ട്; മേനേ അപ്പൂപ്പനെ നോക്ക്,, നിന്റെ ഗ്രാന്റ്പാ”
“മമ്മാ, ദിസ് ഡേർട്ടി ഓൾഡ് മാൻ,,,”
കൂടുതൽ പറയാൻ വിട്ടില്ല, അവന്റെ വായ അമ്മച്ചി മുറുകെപിടിച്ചു.
                        അപ്പോൾ ഇത് മാഷിന്റെ മോളാണ്,, സ്വന്തം തന്തയെ അവസാനമായി കാണാൻ വിമാനത്തിന്ന് എറങ്ങി വന്നതാരിക്കും. ഒരു വെഷമവും വരാതെ അച്ഛനെ നോക്കുന്നുണ്ടെന്ന് ഡോക്റ്ററ് പറഞ്ഞിട്ടും ആ മോളുടെ മൊകത്തിനൊരു തെളിച്ചോല്ലല്ലൊ. എത്ര വെല്യ നെലേലുള്ള ആളായാലും സ്വന്തം അച്ഛൻ മരിക്കാൻ കെടക്കുമ്പം വെശമം കാണില്ലെ? എനക്കാണെങ്കിൽ അച്ഛനാരാണെന്ന് ഒരോർമ്മേം ഇല്ല. ഈ കെടക്കുന്നത് സ്വന്തം അച്ഛൻ തന്നെയാണെന്ന് കണക്കാക്കിത്തന്നെയാ നോക്കുന്നത്.

അല്പസമയം കഴിഞ്ഞ് ഡോക്റ്ററുടെ പിന്നാലെ പൊറത്ത്‌പോയ മോള്, പെട്ടെന്ന് തിരിച്ച്‌വന്ന് എന്റെ ചെവീപറഞ്ഞു,
“എടീ,, നീയെന്ത് കൈവിഷം കൊടുത്തിട്ടാ ഈ വയസ്സനെ പാട്ടിലാക്കിയെ? എല്ലാം തട്ടിയെടുത്ത നീ ആള് കൊള്ളാലൊ”
എത്ര ആലോചിച്ചിട്ടും ആ പറഞ്ഞേന് ഒരെത്തും‌പിടീം എനക്ക് കിട്ടീല്ല. ‘ചാവാൻ കെടക്കുന്ന ഈ വയസ്സനെ പാട്ടിലാക്കിയിട്ട് എനക്കെന്ത് കാര്യം? ഈടെയിപ്പം ആണുങ്ങളല്ലെ പെണ്ണിനെ പാട്ടിലാക്കി പറ്റിക്കുന്നത്. എല്ലാരും കാർത്തീനെ പാട്ടിലാക്കി പറ്റിച്ചിട്ടെ ഉള്ളു; എന്നിട്ടിപ്പൊ,, ഈ വയസ്സനെ? ഓ പണക്കാർക്കെന്തും പറയാമല്ലൊ’.

ആ നേരത്ത് അടിച്ചുവാരാൻ വന്ന സൂസന്നയാണ് സംഗതി പറഞ്ഞത്,
“എടി കാർത്തീ നീയങ്ങ് പണക്കാരി ആവുകയല്ലെ?”
“അതെന്താ സൂസി, എനക്ക് ലോട്ടറി അടിച്ചോ?”
“ആ മോള് അന്യനാട്ടിന്ന് ഓടിവന്നത് എന്തിനാന്നറിയോ?”
“എനക്കൊന്നും അറീല്ല”
“ഈ കെടക്കുന്ന മാഷിന്റെപേരിൽ കൊറേപണം ഇവിടെയുണ്ട് പോലും,,, ചത്താൽ ബാക്കിപണം അവസാനമായി നോക്കിയ ആളിന് കൊടുക്കണമെന്ന് എഴുതിവെച്ചിന്. അവസാനം നോക്കിയതുകൊണ്ട് നിനക്കല്ലെ ആ പണം കിട്ടേണ്ടത്. അന്നേരം നമ്മളെയൊക്കെ മറക്കരുത്”
“അതിന് മോളെന്തിനാ ഓടി വന്നത്?”
“നീയൊരു മണ്ടിപ്പെണ്ണാ, ആ പണം അവൾക്ക് വേണംന്നാ പറേന്ന, നീ കൊടുക്കണ്ടാ”
“അയ്യൊ എനക്ക് പണമൊന്നും വേണ്ട, അതെല്ലാം വെല്യ ഡോക്റ്റർക്ക് കൊടുത്തിട്ട് പറയും, ‘സാറിതെല്ലാം പാവങ്ങളെ നോക്കാനായി ചെലവാക്കിയാ മതീന്ന്’ മരിക്കണവരെ എനക്കിവിടെ നിന്നാമതി”
“ഞാൻപോന്ന്, പിന്നെ ഇതൊന്നും ഞാമ്പറഞ്ഞീന്ന് നീയാരോടും പറേണ്ട”

                       അവസാനകാലത്ത് അച്ഛനെപ്പോലുള്ള ഒരാളെ നോക്കാൻ കഴിയുന്നതുതന്നെ കാർത്തീന്റെ ഭാഗ്യമാണ്. സ്വന്തം അച്ഛനെപറ്റി ചെറുപ്പത്തിൽ പറഞ്ഞുകേട്ട ഒരോർമ്മ മാത്രമേ ഉള്ളു,, ‘ഒറ്റച്ചവിട്ടിന് അമ്മേ കൊന്നത് അയാളാണെന്ന്’. മൂന്നാം ക്ലാസ്സില് പഠിപ്പ് നിർത്തിയ അന്ന് തൊടങ്ങിയ കഷ്ടപ്പാടാണ്, കൊറേക്കാലം തെണ്ടിയിട്ട് ജീവിച്ചു, പിന്നെ എത്രയോ വീടുകളിലെ എച്ചില് കഴുകി ജീവിച്ചു. ഇപ്പൊഴാണ് മനിശന്മാരെപോലെ കാർത്തി ജീവിക്കുന്നത്.
മാഷ് കണ്ണ് തുറന്ന് നോക്കുന്നുണ്ടല്ലൊ,, എന്തോ പറയാനാണെന്ന് തോന്നുന്നു, പാവം ഒച്ച പുറത്തുവരുന്നില്ല,
“മാഷെ കുടിക്കാൻ വെള്ളം വേണോ?”
മുഖം തിരിച്ചല്ലൊ, വെള്ളം വേണ്ടായിരിക്കും, പിന്നെ എന്താവും, മലോം മൂത്രോം കൊറച്ച്‌മുമ്പ് പോയതാണല്ലൊ,
“മാഷ് എന്ത് വേണെങ്കിലും പറഞ്ഞൊ, അത് ചെയ്യാനാണ് കാർത്തി ഈടെ നിക്കുന്നത്”
അയ്യോ,, ഇതെന്താണ് മാഷ് കാർത്തീന്റെ കൈപിടിച്ച് നെഞ്ചത്ത് വെക്കുകയാണല്ലൊ, എന്റെ ദൈവമേ, ചാവാൻ നേരമായീന്ന് തോന്നിയോ? മരിക്കുമ്പം എത്ര വലിയ കൊമ്പത്തുള്ള ആണായാലും പേടീണ്ടാവും‌ന്നാ പറേന്നത്. കൈപിടിച്ച് നെഞ്ചത്തുവെച്ച് സമാധാനമായിട്ട് കെടക്കട്ടെ,,, എനക്കെന്താ തെരക്കുണ്ടോ? ഈടെന്ന് പോയിട്ട് കൊച്ചിനെ കളിപ്പിക്കുന്ന പണിയൊന്നും ഇല്ലേലോ.

                   ‘ഓ ആരൊക്കെയോ നടന്നുവരുന്നുണ്ടല്ലൊ, വല്യ ഡോക്റ്ററോടൊപ്പം അതെപോലുള്ള വേറോരാളും ഉണ്ട്. വേറെ ഏതെങ്കിലും ഡോക്റ്ററായിരിക്കുമോ? ആരായാലും എഴുന്നേൽക്കാം’
അകത്തുവന്ന ആൾ കാർത്തിയെ കാണാത്തമട്ടിൽ പെട്ടെന്ന് മാഷിന്റെ അടുത്ത്‌വന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി,
“അച്ഛാ ഇത് ഞാനാണ്, അച്ഛന്റെ മോൻ ബാലു,,, അച്ഛന് സുഖം തന്നെയാണോ?”
മാഷ് ഭാഗ്യം ചെയ്ത ആളാണ്; അവസാനകാലത്ത് മകനും മകളും വന്നല്ലൊ. എന്നാലും ചോദിക്കുന്നതു കേട്ടില്ലെ, ‘അച്ഛന് സൊകാണോന്ന്!’ കണ്ണും മൂക്കും അറിയാതെ ബോധോല്ലാണ്ട് ചാവാൻ കെടക്കുന്ന തന്തക്ക് സൊകമാണോന്ന്. ദൂരേയുള്ള മക്കൾക്ക് തോന്നും വയസ്സായ അച്ഛനമ്മമാർക്ക് സൊകമെന്ന്! ഇങ്ങനേള്ള ആസ്പത്രീല് കെടക്കുന്ന വയസമ്മാരെ നോക്കാൻ കാർത്തീനെപ്പോലുള്ളവർ ഉള്ളതുകൊണ്ട് അവർക്കിപ്പം പരമസൊകംന്ന്‌ തന്നെ പറയണം. വീട്ടിലാരുന്നെങ്കിൽ കാണാമായിരുന്നു,,,

അച്ഛന്റെ കൈയെപിടിച്ച് ഡോക്റ്ററെ നോക്കിയിട്ട് അയാൾ പറഞ്ഞു,
“ഞാനിപ്പോൾ തിരക്കിട്ട് വന്നത്, എന്റെ ഫാദറെ വീട്ടിലേക്ക് കൊണ്ടുപോവാനാണ്”
“ഹെയ്, വാട്ട് ആർ യൂ ടെല്ലിംഗ്? ഹി ഈസ് ഇൻ ക്രിറ്റിക്കൽ സ്റ്റേജ്”
“എന്ത് ക്രിറ്റിക്കൽ ആയാലും എന്റെ ഫാദർ എന്റെവീട്ടിൽ‌കിടന്ന് മരിച്ചാൽ മതി”
“ഒരു മകന് അങ്ങനെ തോന്നുന്നത് വളരെ നല്ല കാര്യമാണ്, പക്ഷെ”
“ഒരു പക്ഷെയുമില്ല ഡോക്റ്റർ, പെട്ടെന്ന് കടലാസൊക്കെ ശരിയാക്ക്, വീട്ടിലായാൽ ഞാനും ഭാര്യയും ലീവെടുത്ത് അച്ഛനെ നോക്കും. കൊറച്ച് ദിവസത്തെ കാര്യമല്ലെ”
അല്പസമയംമുൻപ് ഇറങ്ങിപ്പോയ മകൾ പെട്ടെന്നാണ് മുറിയിലേക്ക് കടന്നുവന്നത്,
“നീ നോക്കാനോ? നിന്റെ വീട്ടിലായപ്പൊ തിന്നാൻ കൊടുക്കാതെ ഡാഡിയെ പട്ടിണിക്കിട്ട അതേ പെണ്ണ്‌തന്നെയല്ലെ ഇപ്പോഴും നിന്റെ കെട്ട്യോള്,,,”
“അതിപ്പം പറഞ്ഞിട്ടെന്താണ്, സ്വന്തം അച്ഛനെ നോക്കേണ്ടത് ആൺ‌മക്കളുടെ കടമയല്ലെ”
“പെണ്ണായാലും ഞാനാണ് മൂത്തത്, എന്റെ ഡാഡീനെ ഞാൻ നോക്കിക്കോളും, അല്ലെ ഡാഡീ”
“പിന്നെ,,, ചേച്ചിയെങ്ങനെയാ നോക്കുന്നത്? മരിക്കാറായ അച്ഛനെയും കൂട്ടി ഗൾഫിലേക്ക് പോവാനോ?”
“ഡാഡി എങ്ങോട്ടും പോവണില്ല. ഈ റൂമിൽ‌തന്നെ താമസിച്ച്,, എന്റെ ഡാഡീനെ ഞാൻ നോക്കിക്കോളും. ഞാനുള്ളപ്പോൾ മറ്റൊരുത്തിയെന്തിനാ ഡാഡീനെ തൊടുന്നത്?”
ഈ മക്കൾ തന്നെയല്ലെ അച്ഛനെ നോക്കാനാവില്ല എന്നും പറഞ്ഞ് ഇവിടെഎത്തിച്ചത്! ഇപ്പോൾ എന്തൊരു സ്നേഹം!! ഡോക്റ്റർ ഇരുവരെയും നോക്കിയിട്ട് പറഞ്ഞു,
“ഇങ്ങനെ വഴക്കടിക്കുന്നതെന്തിനാ? നിങ്ങളുടെ ഫാദറാണെങ്കിലും ഇദ്ദേഹത്തെ ഇവിടെന്ന് ഡിസ്‌ചാർജ്ജ് ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്”
“എന്റെ ഡാഡീയുടെ അവസാനകാലത്ത് ഒരിറ്റ് വെള്ളം ഒഴിച്ചുകൊടുക്കാൻ മൂത്തവളായ ഞാനല്ലാതെ മറ്റാരാണുള്ളത്? ഡാഡി മരിക്കുന്നതുവരെ ഞാനിവിടെ നിൽക്കും. ഡോക്റ്റർ എന്റെ പേര് എഴുതിവെച്ചൊ,, ഡാഡി തൊണ്ടപൊട്ടിച്ച് ഉണ്ടാക്കിയ പണമാ ഇവിടെയുള്ളത്, അതെന്തിനാ ഏതോ ഒരു തെണ്ടി കൊണ്ടുപോവുന്നത്”
“അങ്ങനെ നീമാത്രം അച്ഛന്റെ പണം തട്ടിയെടുക്കേണ്ട, ഞാനും അച്ഛന്റെമകനാണ്”

                     അപ്പോൾ രണ്ടാളും‌ചേർന്ന് കാർത്തീനെ ഓടിക്കണ്ട പരിപാടിയാണല്ലൊ, എനക്കെന്താ,,,, വേറെ ഏതെങ്കിലും തള്ളേനെയോ തന്തേനെയോ നോക്കാനുള്ള ഡ്യൂട്ടി വല്യഡോക്റ്ററ് തരും, അത്രെന്നെ,,, സ്വന്തം അച്ഛനമ്മമാരെ നോക്കാൻ കഴിയാത്തതിന്റെ കടം കാർത്തി തീർക്കുന്നു. എന്നാലും, വല്യ മാഷായിട്ടും അവരുടെ മക്കളെന്താ ഇങ്ങനെ?
അല്ല മാഷ് അനങ്ങുന്നല്ലൊ,, മക്കൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ടാവണം. ഓ, വെള്ളം വേണമെന്നല്ലെ ആംഗ്യം കാണിക്കുന്നത്,, അതൊന്നും മക്കള് ശ്രദ്ധിക്കുന്നില്ലല്ലൊ; ഏതായാലും കാർത്തിതന്നെ കൊടുത്തേക്കാം,
മേശപ്പുറത്തുള്ള വാട്ടർ‌ബോട്ടിലിൽനിന്ന് ഗ്ലാസ്സിൽ വെള്ളം നിറച്ചശേഷം വായിലേക്ക് കോരിക്കൊടുക്കാനുള്ള സ്പൂണുമെടുത്ത് കട്ടിലിനരികിലെത്തിയിട്ട് പതുക്കെ പറഞ്ഞു,
“മാഷെ, ഈ കാർത്തിക്ക് പണമൊന്നും വേണ്ട; എല്ലാം മക്കള് കൊണ്ടുപോയ്‌ക്കോട്ടെ, മാഷ് വെള്ളം കുടിക്ക്”
സ്പൂണിൽ ഒഴിച്ച വെള്ളം തട്ടിതെറിപ്പിച്ചത് മകനാണോ? മകളാണോ? വാട്ടർ‌ബോട്ടിൽ വെളിയിലേക്കെറിഞ്ഞ് മക്കൾ ഒന്നിച്ച് അലറി,
“ഇറങ്ങെടി വെളിയിൽ,, തെണ്ടി നടന്നോള് അച്ഛന്റെ പണം തിന്നാനായിട്ട് വന്നിരിക്കുന്നു,, ഞാനാരെയും വിടില്ല, ഡോക്റ്റർക്കെതിരായി കേസ് കൊടുക്കും. എന്റെ അച്ഛനെ നോക്കാൻ തെണ്ടി നടന്നവളെ ഏർപ്പാടാക്കിയെന്ന്”
ഒരുനിമിഷം,,,‌ ശരീരം പിടഞ്ഞ് വായ തുറന്നതിനുശേഷം തല ഒരു വശത്തേക്ക് ചെരിഞ്ഞ് നിശ്ചലമായി കിടക്കുന്ന അച്ഛൻ, മക്കൾ പറഞ്ഞത് കേട്ടിരിക്കാനിടയില്ല.
*******************************************************

***ഹോസ്‌പീസ് : മരണം അടുത്തുതന്നെയുണ്ടെന്ന് ഉറപ്പുള്ള ആളുകളെ പരിചരിക്കുന്ന ഇടം. വൻ‌നഗരങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ഉണ്ട്.