“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/28/10

ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്


“അടുത്ത ബസ്സിൽ, എത്ര തിരക്കായാലും ഞാൻ മോളൂട്ടിയേയും എടുത്ത് കയറും”
മുത്തശ്ശിയായ ഞാൻ എന്റെ മകളോട് പറഞ്ഞു.
“ഇരിക്കാൻ സീറ്റ് കിട്ടിയില്ലേൽ ബസ്സിൽ കുട്ടിയെയും‌കൊണ്ട്, ഞാൻ കയറുന്ന പ്രശ്നമേയില്ല”
“പിന്നെ നിനക്കിപ്പോൾ സീറ്റ് കാലിയായ ബസ് വരുമെന്നാ നിന്റെ വിചാരം. അര മണിക്കൂർ ആയല്ലോ നിൽക്കാൻ തുടങ്ങിയിട്ട്; എന്നാൽ‌പിന്നെ ഓട്ടോ പിടിച്ച് പോയാലെന്താ?”
“ഈ അമ്മക്കെപ്പോഴും ഓട്ടോ എന്ന വിചാരമാ,, വെറും നാല് രൂപയുടെ ദൂരത്തിനാ അൻപത് രൂപ കൊടുത്ത് ഓട്ടോ വിളിക്കുന്നത്?”

              ഇവൾ; എന്റെ മകൾ തന്നെയാണോ എന്ന്, എനിക്ക്‌തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അവളുടെ അച്ഛന്റെ കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. കാരണം അദ്ദേഹം സ്വന്തമായി പ്രോഗ്രാം ചെയ്ത പിശുക്കിന്റെ സോഫ്റ്റ്‌വെയർ, ഫയലുകളിൽ ഒന്ന്‌പോലും ഡിലീറ്റ് ചെയ്യപ്പെടാതെ അതേപടി അവളിൽ ‘കോപ്പി പെയിസ്റ്റ്’ ചെയ്തിട്ടുണ്ട്.

              അപ്പോഴാണ് ഒരു ബസ്സ് വന്ന് നേരെ മുന്നിൽ നിർത്തിയത്; നിറയെ ആളുകളെ കുത്തിനിറച്ച് ചിലരുടെ കൈയും തലയും പുറത്തായ ബസ്സ്. ഏതാണ്ട് പതിനഞ്ച് പേർ ബസ്സിൽനിന്നും ഇറങ്ങിയപ്പോൾ പത്ത്‌പേർ കയറി. ഞാൻ അവളെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നിൽക്കുകയാണ്. മോളൂട്ടി അടുത്ത കട ചൂണ്ടി എന്തോ പറഞ്ഞപ്പോൾ ‘മിണ്ടാതിരിക്ക്’ എന്ന് പറഞ്ഞ് അവളെയൊന്ന് ഞെട്ടിച്ചു. അതോടെ പേടിച്ച കുഞ്ഞ് അവളുടെ ചുമലിൽ കിടന്ന് വിതുമ്പാൻ തുടങ്ങി.
,,,,,


              കൊച്ചുമകളുമൊത്ത് ഏതാനും ദിവസത്തെ താമസത്തിനു ശേഷം അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയാണ്. ഭർത്താവ് ഗൾഫിലായതിനാൽ കാടാറുമാസം ഭർതൃഗൃഹത്തിലും നാടാറുമാസം സ്വന്തം വീട്ടിലും ആയി മുന്നേറുകയാണ്. ടീച്ചർ ആയ അവൾക്ക് ഒരു ഗൾഫ് കാരനായ ഭർത്താവും കൂടിയായതോടെ അഹങ്കാരത്തിന്റെ കൊമ്പ് മുളച്ചിരിക്കയാണ്. കിട്ടിയ ചാൻസിന് പറയും,
“ഈ അമ്മക്കൊന്നും അറിയില്ല”
“പിന്നെ നിന്റെയാ ഭദ്രകാളി അമ്മായിഅമ്മയെപോലെ ആവണോ?”
ഞാനും വിട്ടുകൊടുക്കില്ല.  
“അതിന് ഭദ്രകാളിയെ ഞാൻ തളച്ചിരിക്കയാ”
“ന്റമ്മോ,, നിന്നെ പൊറുപ്പിക്കുന്ന ആ അമ്മയിഅമ്മയെ സമ്മതിക്കണം”
അങ്ങനെ അടുക്കളയിൽനിന്നും ശബ്ദം കൂടിയാൽ അച്ഛൻ ഇടക്ക് കയറിവീഴും,
“ഞാനൊരാണായി ഇവിടെ ഉണ്ടായിട്ടും ഈ മൂന്ന് പെണ്ണുങ്ങളുടെ ഒച്ചകൊണ്ട് നാട്ടുകാർ ഓടിവരും. മിണ്ടാതിരുന്നില്ലേൽ എല്ലാറ്റിനേം ഞാൻ ചവിട്ടി പൊറത്താക്കും”
അതോടെ മൌനം വീട്ടിന് ഭൂഷണം ആയി മാറും.

              മകൾ വീട്ടിൽ നിന്നും പോയാൽ ആകെ ഉറങ്ങിയ പോലെയാവും. രണ്ട് വയസ്സുള്ള സുന്ദരിയായ, കുസൃതിക്കുടുക്കയായ  കൊച്ചുമകളുടെ കൂടെ ഞങ്ങൾ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങളായി മാറുകയാണ്. മകൾ ഭർതൃവീട്ടിലേക്ക് പോകുമ്പോൾ എസ്ക്കോർട്ടായി ഇപ്പോൾ ഞാനും പോകുന്നുണ്ട്. ‘സ്വന്തം വീട്ടിൽനിന്ന് വരുമ്പോൾ കാര്യമായ കെട്ടൊന്നും കണ്ടില്ലേൽ ആ ഭദ്രകാളി മുഖം വീർപ്പിക്കും’ എന്നാണ് അവൾ പറഞ്ഞത്. അത്കൊണ്ട് ഉണ്ണിയപ്പവും കിണ്ണത്തപ്പവും നിറച്ച സഞ്ചി എടുക്കാനുണ്ട്.
 ,,,,,
             സൂപ്പർ‌സ്പീഡിൽ ഒരു ബസ്സ് വരുന്നത് കണ്ടപ്പോൾ അവിടെ നിർത്തില്ല എന്ന് തോന്നിയെങ്കിലും സ്റ്റോപ്പിൽ തന്നെ നിർത്തി. അപ്പോൾ മകൾ പറഞ്ഞു,
“ഈ ബസ്സിൽ പോകാം. തിരക്ക് കുറവാണ്”
എനിക്ക് ദേഷ്യം വന്നതിനാൽ അവളുടെ മുഖത്ത് നോക്കിയില്ല. കുട്ടിയെ എടുക്കാൻ കൈ നീട്ടിയപ്പോൾ എന്റെ കൈ തട്ടിമാറ്റി പറഞ്ഞു,
“ഞാനെടുത്തുകൊള്ളാം”
 അവളുടെ കുഞ്ഞല്ലെ; എടുത്തോട്ടെ. 

             അവളുടെ കുട്ടിക്കാലത്ത് രണ്ട് കുട്ടികളെയും കൂട്ടി, ഒറ്റക്ക് എത്രയോ തവണ ഞാൻ  ബസ്സിൽ പോയിട്ടുണ്ട്. അന്ന് അഞ്ച് വയസ്സുള്ള മൂത്ത കുട്ടിയായ ഈ മകളെ കൈ പിടിച്ച് ബസ്സിൽ കയറ്റിയ ശേഷം ഇളയവളെ എടുക്കും; ഒപ്പം ചുമലിൽ വലിയ ബാഗും. അന്നൊക്കെ കുട്ടികളുമായി ബസ്സിൽ കയറിയാൽ മറ്റുള്ളവർ സീറ്റ് ഒഴിഞ്ഞ് തരും. എന്നാൽ ഇന്ന് അത്തരം സൻ‌മനസ് യാത്രക്കാർ മറന്ന മട്ടാണ്.

                   ബസ്സിലുള്ള തിരക്കിന് കുറവൊന്നും ഇല്ല. സാധാരണ പതിനൊന്ന് മണി സമയം യാത്രക്കാർ കുറഞ്ഞ്, ബസ്സ് നഷ്ടത്തിലോടുന്ന സമയമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാർ വീട്‌വിട്ട് പട്ടണംചുറ്റുന്ന സമയമാണ്. ബസ്സിൽ കയറി ആ ലേഡീസ്‌സീറ്റിനു സമീപം എത്താൻ‌പോലും കഴിയുന്നില്ല. സമീപത്തെ സീറ്റിലിരിക്കുന്ന ഇരിക്കുന്ന ഒരു മാന്യൻ മകളോട് പറഞ്ഞു,
“കൊച്ചിനെ ഇങ്ങു താ,, ഞാൻ മടിയിൽ ഇരുത്താം”
“വേണ്ട”
 അവളുടെ മറുപടി കേട്ട് ഞാൻ പറഞ്ഞു,
“നല്ല തിരക്കല്ലെ, മോളൂട്ടിയെ അയാളുടെ കൈയിൽ കൊടുക്ക്”
“അമ്മ മിണ്ടാതിരിക്ക്”
ഇവളുടെ ഈ സ്വഭാവം കണ്ടാൽ ആരെങ്കിലും ഇരിപ്പിടം കൊടുക്കുമോ? എടുത്ത് നിൽക്കട്ടെ, സ്വന്തം കുഞ്ഞല്ലെ,, 
കൂടുതലൊന്നും പറയാതെ ഒരു വശത്ത് നിന്ന്കൊണ്ട് ഞാൻ ടിക്കറ്റെടുത്തു.

             ബസ്സിൽനിന്നും ഇറങ്ങിയതോടെ എന്നിലുള്ള ദേഷ്യം പതഞ്ഞ് പൊങ്ങി. ഞാൻ അവളോട് ദേഷ്യപ്പെട്ടു,
“നിനക്കെന്താ അയാളുടെ മടിയിൽ കുട്ടിയെ ഇരുത്തിയാൽ? ഇനിയിപ്പൊ പുറംവേദന, നടുവേദന, എന്നൊക്കെ പറയാനല്ലെ. ഇങ്ങനെയായാൽ ഞാനില്ല; ബസ്സിൽ പോകുന്ന സമയത്ത് ഇനി നിന്റെ അച്ഛനെ വിളിച്ചാൽ മതി”
“അമ്മ എന്ത് അനാവശ്യമാ പറയുന്നത്? ആണുങ്ങളുടെ മടിയിൽ കുട്ടിയെ ഇരുത്താനോ?”
“എന്താ അയാൾ പിടിച്ച്‌തിന്നുമോ? നീ മാത്രമാണ് സ്വന്തം കുട്ടിയെ എടുത്ത് ബസ്സിൽ കയറുന്നത് എന്നാണ് നിന്റെ വിചാരം?”
“ഈ അമ്മ ഏത് ലോകത്താ ജീവിക്കുന്നത്? ആ ലേഖാ സുഭാഷ് പറഞ്ഞത് കേട്ടാൽ”
“കേട്ടാൽ”
“കേട്ടാൽ, ഒന്നുമില്ല; ഈ വിവരമില്ലാത്ത അമ്മയോടെന്തിനാ പറയുന്നത്?”

അവൾ ബാക്കി പറയാതെ മുന്നിൽ നടക്കുകയാണ്. പണ്ടേ ഇങ്ങനെയാണ്; ക്ലൈമാക്സിൽ വന്ന് അവൾ സഡൻ‌ബ്രെയ്ക്ക് ചെയ്യും.
                 
              എപ്പോഴും ഏത് കാര്യത്തിനും അവൾക്കൊരു ലേഖാ സുഭാഷ്. സ്വന്തം അമ്മ പറയുന്നത് കേൾക്കാതെ കൂടെ പഠിപ്പിക്കുന്ന പൊങ്ങച്ചക്കാരിയായ ലേഖ പറയുന്നത് കേട്ടാണ് സ്വന്തം മകളെ വളർത്തുന്നത്. ഉം നടക്കട്ടെ, എന്നാലും,
“നിന്റെ ലേഖ പറഞ്ഞത് കുട്ടികളെ കൂട്ടി തിരക്കുള്ള ബസ്സിൽ ‘നിൽക്കണം’ എന്നാണോ?”
“മര്യാദക്ക് കേൾക്കുന്നുണ്ടെങ്കിൽ മാത്രം ഞാൻ പറയാം. ഒരിക്കൽ ലേഖ മൂന്ന് വയസുള്ള മകളെയും എടുത്ത് തിരക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരുത്തന്റെ മടിയിൽ ഇരുത്തി. പിന്നെ അവൾക്ക് പിറകിൽ ഒരു സീറ്റ് കിട്ടിയപ്പോൾ മകളെ ഒപ്പം കൂട്ടാതെ പോയിരുന്നു. അവൾ നോക്കുമ്പോൾ മകൾ ആ അപരിചിതന്റെ  മടിയിൽ ഇരുന്ന് ചിരിക്കുന്നത് കണ്ടു. അര മണിക്കൂർ യാത്രചെയ്ത ശേഷം കുട്ടിയോടൊപ്പം ബസ്സിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടനെ അമ്മ മകളോട് ചോദിച്ചു, ‘അങ്കിൾ എന്ത് പറഞ്ഞിട്ടാ നീ ചിരിച്ചത്?’ എന്ന്. അപ്പോൾ മകൾ ലേഖയോട് പറഞ്ഞു,,”
ബാക്കി പറയാൻ അവൾക്ക് ഒരു പ്രയാസം. അത്കണ്ട ഞാൻ ചോദിച്ചു,
“കുട്ടി എന്താ അമ്മയോട് പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല; പിന്നെ മമ്മി വരുന്നതുവരെ ആ അങ്കിള് കുപ്പായത്തിന്റെ ഉള്ളിൽ കൈയിട്ട് കൊറേ സമയം ഇക്കിളിയാക്കുകയാ”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചുറ്റും എന്തൊക്കെയോ കറങ്ങിനടന്ന് എന്റെ തലയിലെ സോഫ്റ്റ്‌വെയർ കത്തുന്നതായി എനിക്ക് തോന്നി.
 “എന്റെ ദൈവമേ,,,”  
                 ‘മുന്നിൽ നിൽക്കുന്ന മകൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എത്രയോ തവണ ബസ്സിൽ നിന്ന്കൊണ്ട് യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ ഏതെങ്കിലും അങ്കിളിന്റെ മടിയിൽ അവളെ ഞാൻ ഇരുത്തിയിട്ടുണ്ടാകുമോ?’

2/7/10

അമ്മക്ക് വേണ്ടി ഒരു പിടി ചോറ്

                         ഒടുവിൽ സംഭവിക്കാനുള്ളത് സംഭവിച്ചു. ഏകാന്തതയുടെ തടവറയിൽ തളക്കപ്പെട്ട ആ വൃദ്ധയെ ഏതോ ഒരു നിമിഷത്തിൽ മരണം വന്ന് രക്ഷപ്പെടുത്തി. ഉന്നതസ്ഥാനീയരായ മക്കൾ ഉണ്ടെങ്കിലും, ആരും അടുത്തില്ലാത്ത നേരം നോക്കി ആരെയും വിഷമിപ്പിക്കാതെ അവർ മരണത്തിലേക്ക് ലയിച്ചു.

                    ഓണത്തിന്റെ അവധി കഴിഞ്ഞ് കോളേജ് തുറന്ന ഒരു തിങ്കളാഴ്ച. ഞങ്ങളുടെ പാരലൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്റർവെൽ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഒരു കാര്യം കണ്ടെത്തി പ്രിൻസിപ്പാളെ അറിയിച്ചത്,
‘അടുത്ത വീട്ടിലെ വാതിൽ അകത്ത്നിന്ന് പൂട്ടിയിരിക്കുന്നു, വിളിച്ചിട്ട് അനക്കം ഇല്ല’.

                      അത് കേട്ട ഉടനെ പ്രിൻസിപ്പാളും അദ്ധ്യാപകരും ആ വീടിന്റെ വരാന്തയിൽ എത്തി. പൂട്ടിയ വാതിലും ജനലും ശക്തമായി മുട്ടുകയും വിളിക്കുകയും ചെയ്തെങ്കിലും അകത്ത്നിന്ന് അനക്കമൊന്നും കേട്ടില്ല. പ്രിൻസിപ്പാൾ ഉടനെ ആ വൃദ്ധയുടെ സീമന്തപുത്രന് ഫോൺ ചെയ്തു.

                      സമീപമുള്ള പട്ടണത്തിൽ ബിസിനസ് നടത്തുന്ന മകൻ സ്വന്തം മാരുതിയിൽ ഓടി വന്ന് വാതിൽ ചവിട്ടി തുറന്നപ്പോൾ ആ ദൃശ്യം കണ്ടു. അവനെ പത്ത് മാസം ചുമന്ന, മുലപ്പാൽ നൽകി വളർത്തി വലുതാക്കിയ അമ്മ വെറും നിലത്ത് മരിച്ച് കിടക്കുന്നു. അവസാനത്തെ ഒരു തുള്ളി വെള്ളത്തിനാവണം; ആ കിടപ്പിലും തുറന്ന വായ അടച്ചിട്ടില്ല. ഒരു നിമിഷം അവൻ ഒന്ന് ചെറുതായി ഞെട്ടിയോ?

                     എത്രയോ ദിവസങ്ങളായി ആ വൃദ്ധയെ തീറ്റിപോറ്റുന്നത് ഞങ്ങൾ അദ്ധ്യാപകർ ആണെന്ന് പറയാം. ഇപ്പോൾ കോടികൾ വിലമതിക്കുന്ന സ്വത്തിന്റെ ഉടമയാണ് അവർ. അവരുടേതായ കെട്ടിടസമുച്ചയത്തിന്റെ ഒരു ഭാഗത്താണ് ഞങ്ങൾ ‘അഭ്യസ്ഥവിദ്യരായ യുവാക്കളായ തൊഴിലില്ലാപ്പട’ പാരലൽ കോളേജ് നടത്തുന്നത്. കണക്ക് പറഞ്ഞ് വാടക പിരിക്കാൻ വരുന്നത് കൊണ്ട് മൂത്ത മകനെ മാത്രം ഞങ്ങളിൽ ചിലർക്ക് പരിചയം ഉണ്ട്.

                     ഇത്രയും കാലം ഏകാന്തതയും ഇരുട്ടും തളംകെട്ടി നിന്ന ആ വീട്ടിൽ പെട്ടെന്ന്തന്നെ ജനങ്ങളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും നിറഞ്ഞു. അറിയപ്പെടുന്ന വ്യക്തികളുടെ അമ്മ ആയതിനാൽ പട്ടണത്തിലെ പൂക്കടകളിലെ അവസാനത്തെ പൂമൊട്ടുകളും ‘റീത്ത്’ ആയി രൂപാന്തരപ്പെട്ട് ആ വീട്ടിൽ ഒഴുകിയെത്തി. തിരമാലകൾ തീരത്തെ തഴുകുന്ന ശ്മശാനം വരെയുള്ള ഘോഷയാത്രയിൽ പങ്കെടുത്ത വാഹനവ്യൂഹങ്ങൾ റോഡിൽ തടസ്സം സൃഷ്ടിച്ചു. ഒടുവിൽ മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്, അവർ ആ തീരത്ത്, ഒരു പിടി ചാരമായി മാറി.

                    തിരിച്ച് കോളേജിലേക്ക് വരുമ്പോൾ നമ്മുടെ മലയാളം മാസ്റ്റർ ഷെറിൻ തോമസ് ഒരു പാട്ടു പാടി,

“അപ്പാവം ജീവിച്ച നാളവരെ തുണക്കാത്ത മക്കൾ
തൽപ്രാണെനെടുത്തപ്പോൾ കാണുവാൻ ഓടിയെത്തി”

                      അതെ, ശരിക്കും ഓടിയെത്തുക തന്നെയായിരുന്നു. നാല് മക്കളിൽ മൂന്ന് ആൺമക്കളും ഓടിയെത്തി. എന്നാൽ ഓടിയെത്താൻ മാത്രം അടുത്തുള്ള –അടുത്ത ജില്ലയിലുള്ള- മകൾ മാത്രം വന്നില്ല.
സ്വന്തം ‘മകന് പരീക്ഷയുള്ളപ്പോൾ’ സ്വന്തം അമ്മയുടെ മൃതശരീരം കാണാനായി എങ്ങനെ പോകും? പകരം മകളുടെ ഭർത്താവും ബന്ധുക്കളും വന്നിട്ടുണ്ട്. എന്താ അത് പോരേ?

                     അവർ മരിച്ചതിന്റെ മൂന്നാം ദിനത്തിലാണ്, ഞങ്ങൾ അദ്ധ്യാപകർ പിന്നീട് ആ വീട്ടിൽ പോകുന്നത്. അപ്പോഴേക്കും വീടിന്റെ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. എല്ലായിപ്പോഴും ഇരുട്ടിന്റെ ആവരണം കൊണ്ട് പൊതിഞ്ഞ, ഓടിട്ട ആ വലിയ ഇരുനില വീട്ടിൽ, അവരുടെ മരണത്തോടെ കാറ്റും വെളിച്ചവും ശബ്ദവും അതിക്രമിച്ച് കടന്നിരിക്കയാണ്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവരുടെ മരണം ഒരു വലിയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. മരണമന്വേഷിച്ച് വീട്ടിൽ വരുന്നവരെയെല്ലാം ഇഷ്ടം പോലെ ഭക്ഷണംകൊടുത്ത് സൽക്കരിക്കുന്നുണ്ട്.

                    വിശാലമായ മുറ്റത്തെ മൂലയിൽ അവർക്കായി നിവേദിച്ച ബലിച്ചോറ് ഉരുളകളായി അതേപടി കിടപ്പാണ്. ഏതെങ്കിലും വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ടാൽ -ഗാസ് അടുപ്പിന്റെ കാലത്ത് വീട്ടിൽനിന്നും പുക ഉയരുന്നത് ആഘോഷമാണെന്ന് തിരിച്ചറിഞ്ഞ്- പറന്നെത്തുന്ന കാക്കകളിൽ ഒന്ന്‌പോലും അവിടെ എത്തിനോക്കിയില്ല. ആ മുറ്റത്ത്നിന്നും വളരെക്കാലമായി ഒരു വറ്റ്പോലും കിട്ടാത്തത് കൊണ്ടായിരിക്കാം; കാക്കകൾ ആ വീടിനെയും ബലിച്ചോറിനെയും അവഗണിച്ചിരിക്കയാണ്.

……
                  ഏതോ ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ആ വൃദ്ധയെ പരിചയപ്പെട്ടത്. നമ്മുടെ പാരലൽ കോളേജിന്റെ കെട്ടിടഉടമ എന്നതിൽ കവിഞ്ഞ്, ആ വൃദ്ധ നമ്മുടെ ആരൊക്കെയോ ആയിരുന്നു, എന്ന ഒരു തോന്നൽ ഏതാനും ദിവസത്തെ പരിചയം കൊണ്ട് വളർന്ന് വന്നിരുന്നു.

                   പഠനത്തിനു ശേഷം ഒരു സർക്കാർ ജോലി? ആ സ്വപ്നം പൂവണിയുന്നതിനു മുൻപുള്ള ഒരു ഇടത്താവളമാണ് നമ്മുടെ പാരലൽ കോളേജ്. ഇവിടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ പ്രിൻസിപ്പാളും അദ്ധ്യാപകരും ഒരുപോലെ, ഒരേ പോലുള്ള സ്വപ്നം കാണുന്നവരാണ്. ആ സ്വപ്നത്തിൽ എപ്പോഴും ഏതോ ഒരു സർക്കാർ ഓഫീസിലെ ഒരു കസേര കാണപ്പെടും. അതിനിടയിൽ കൂട്ടത്തിൽ ചിലർക്ക് സർക്കാർ ജോലി ലഭിച്ചാൽ ആ സ്ഥാപനം വിട്ട് യാത്രയാവും. അങ്ങനെ ജോലി കിട്ടിയവനെ സന്തോഷിച്ച് യാത്രയയക്കുമ്പോൾ മറ്റുള്ളവരുടെ ഉള്ളിൽ ഒത്തിരി നൊമ്പരത്തോടൊപ്പം ഇത്തിരി അസൂയ കൂടി ഉണ്ടാവും.

                 അവശയായ ആ സ്ത്രീയെ ആദ്യമായി കാണാനിടയായ സന്ദർഭം ഞാൻ വെറുതെയൊന്ന് ഓർത്തുപോയി. ഏതാണ്ട് ആറ് മാസം മുൻപാണ് ഈ വീട്ടിൽ വരാനിടയായത്; ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുഹാസിന്റെ കൂടെ. മറ്റുള്ളവരുടെ കൂടെ ഉച്ചഭക്ഷണപ്പോതി തുറക്കുമ്പോൾ സുഹാസ് വിളിച്ച്പറഞ്ഞു,
“ആരെങ്കിലും എന്റെ കൂടെ വരുന്നുണ്ടോ? ആ വീട്ടിൽപോയിട്ടാ ഞാൻ ഭക്ഷണം കഴിക്കുന്നത്. മര്യാദക്ക് കൈ കഴുകാൻ വെള്ളം കിട്ടും”

                  അവൻ പറഞ്ഞത് ശരിയാണ്; ഇവിടെ അതിരാവിലെ മേരിചേച്ചി എത്തിക്കുന്ന ഒരു ബക്കറ്റ് വെള്ളംകൊണ്ട് എല്ലാം ഒപ്പിക്കണം. സുഹാസിന്റെ കൂടെ ഞാനും ആ വീട്ടിൽ എത്തിയപ്പോൾ ആദ്യമായി അവരെ കണ്ടു. പ്രായം കൂടുംതോറും അവശനിലയിലായ പരസഹായത്താൽ മാത്രം ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലുള്ള ഒരു വൃദ്ധ. ജീവിച്ചിരുന്ന കാലത്ത് ഒരു രാജ്ഞികണക്കെ വാണതാണെന്ന് ആ മുഖം കണ്ടാൽ അറിയാം. ചുളിവുകൾ വ്യാപിച്ച ശരീരവും വെള്ളിക്കമ്പികളായ എണ്ണമയമില്ലാത്ത മുടിയും. കാണാനും കേൾക്കാനും പറയാനും നടക്കാനും അവർ അനുഭവിക്കുന്ന പ്രയാസം മുഖത്ത് നോക്കിയാൽ അറിയാം. ആഭരണങ്ങൾ അണിയാത്തത് കള്ളന്മാരെ പേടിച്ചാവാം. അവർ ഒറ്റക്ക്, അനേകം മുറികളുള്ള ആ വലിയ വീട്ടിൽ താമസിച്ച് ദിവസങ്ങൾ എണ്ണിത്തീർക്കുകയാണെന്ന് അറിഞ്ഞ ഞാൻ ഒന്ന് ഞെട്ടി.

                  ഊന്നുവടിയുടെ സഹായത്താൽ അവർ പതുക്കെ നടന്ന് എന്റെ സമീപം വന്ന്, ആകെയൊന്ന് നോക്കിയശേഷം ചോദിച്ചു,
“മോന്റെ പേരെന്താ?”
“രമേശൻ”
“മോന്റെ അച്ഛന്റെ പേരൊ?”
“അവന്റെ അച്ഛൻ ഒരു ഗംഗാധരൻ നായരാണ്”
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് സുഹാസ് ഇടക്ക്കയറി പറഞ്ഞു. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നെങ്കിലും അവനോട് ഒരക്ഷരവും പറഞ്ഞില്ല. എന്റെ അച്ഛന്റെ പേരിൽ ഇവനെന്തിനാണ് കള്ളം പറയുന്നത്? ഇതെങ്ങാനും എന്റെ അമ്മ അറിഞ്ഞാൽ?,,,
എന്നാൽ അത് കേട്ടപ്പോൾ ആ വൃദ്ധ സന്തോഷത്തോടെ പറയാൻ തുടങ്ങി,
“ഓ, നായരാണോ? എവിടെയാ വീട്? എനിക്കറിയുന്നതായിരിക്കും”
“ഇവനീ നാട്ടുകാരനല്ല, വീട് പാലക്കാടാണ്”

               എന്റെ ബയോഡാറ്റ മൊത്തത്തിൽ സുഹാസ് ഏറ്റെടുത്തിരിക്കയാണ്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതു വരെ ഞാനൊന്നും മിണ്ടിയില്ല. പുറത്ത് എത്തിയപ്പോൾ എന്നിൽനിന്നും അടക്കിനിർത്തിയ ദേഷ്യം മുഴുവൻ അണപൊട്ടി ഒഴുകി.
“നീയെപ്പോഴാടാ എന്റെ അച്ഛന്റെ പേരും നാടും തീരുമാനിക്കാൻ തുടങ്ങിയത്?”
“അത് നീ കുഴപ്പത്തിൽ ചാടാതിരിക്കാനല്ലെ. നീ അച്ഛന്റെ പേര് പറഞ്ഞാൽ അവർ ജാതി ചോദിക്കും; നീ പറയും. പിന്നെ നീ ഉയർന്ന ജാതിയല്ല എന്നറിഞ്ഞാൽ നിന്നെ അകറ്റി നിർത്തും. അതൊഴിവാക്കാനാണ്”
“ഇങ്ങനെയുള്ള വീട്ടിലേക്കിനി ഞാനില്ല. കുഴിയിലേക്ക് കാല് നീട്ടിയിട്ടും ജാതിപ്പിരാന്ത്?”
“അവരുടെ സ്വഭാവം എന്തായാലും, നമുക്ക് ആവശ്യം നിർവ്വഹിച്ചാൽ പോരെ?”
അത് ശരിയാണല്ലൊ; ഇവിടെ ആരും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചോദിക്കില്ലല്ലൊ.

                    സുഹാസ് ഒരാഴ്ച മുൻപാണ് ആ വീട്ടിൽ കയറിപ്പറ്റിയത്, ഇപ്പോൾ ഞാനും എത്തി. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ ആ വരാന്തയിൽ എത്തുന്ന യുവാക്കളായ അദ്ധ്യാപകരുടെ എണ്ണം അഞ്ചായി.

                      ഞങ്ങൾ ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്ന്, ചിരിയും തമാശ പറച്ചിലുമായി ഉച്ചഭക്ഷണം കഴിച്ചു. ഞങ്ങൾ കഴിക്കുന്നത് നോക്കി ആ സ്ത്രീ വാതിലിനു സമീപമുള്ള കസാരയിൽ ഇരുന്ന് അവരുടെ മകളെപറ്റി നിർത്താതെ സംസാരിക്കും. ഇരുപത് വർഷംമുൻപ് മരിച്ചുപോയ, കൃഷിയും കച്ചവടവും തൊഴിലാക്കിയ ഭർത്താവിനെ കുറിച്ചുള്ള മധുരസ്മരണകൾ ഞങ്ങളോട് വിവരിക്കും. മക്കളുടെ കൂടെ പോകാത്തത് അവർക്ക് ഒരു ഭാരം ആയി മാറാൻ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് എന്ന് ഇടയ്ക്കിടെ പറയും. ഞങ്ങൾ അവരെ അമ്മെയെന്ന് വിളിച്ചപ്പോൾ പല്ലില്ലാ വായ കാട്ടിയുള്ള ആ ചിരി മനസ്സിൽ മറക്കാത്ത ഒരു ചിത്രമായി മാറി.
                  ഭക്ഷണം കഴിക്കവെ ഇതെല്ലാം പറയുന്നതിനിടയിലുള്ള അവരുടെ ആ നോട്ടത്തിൽ നിന്ന് ‘കൊതിപിടിക്കുമോ’ എന്ന ചിന്ത എനിക്കുണ്ടായി.

                  ഒരുദിവസം ഭക്ഷണം കഴിച്ച് പാത്രം കഴുകാൻ തുടങ്ങുമ്പോൾ അവർ പെട്ടെന്ന് പറഞ്ഞു,
“അയ്യോ, ചോറ് കളയുകയോ? ഇങ്ങോട്ട് താ; ഇവിടെ വരുന്ന ആർക്കെങ്കിലും ഞാൻ കൊടുക്കാം”
അവർ നീട്ടിയ സ്റ്റീൽപാത്രത്തിൽ അവശേഷിച്ച വറ്റുകളെല്ലം ഞങ്ങൾ കുടഞ്ഞിട്ടു.
                  പിന്നെ അതൊരു പതിവായി. ഒരു മണിയാവുന്നതും ഞങ്ങൾ വരുന്നതും കാത്ത്, പാത്രവുമായി ആ വൃദ്ധ എന്നും ആ വലിയ വീടിന്റെ വരാന്തയിൽ ഇരിപ്പുണ്ടാവും.

മേരിചേച്ചി പറഞ്ഞതു കേട്ടപ്പോൾ കാര്യങ്ങൾ ശരിക്കും അറിഞ്ഞ് ഞങ്ങൾ ഒന്ന് ഞെട്ടി.
‘ആ വൃദ്ധ നമ്മുടെ കൈയിൽനിന്നും ചോറ് വാങ്ങുന്നത് അവർക്ക്തന്നെ കഴിക്കാനാണ്’.

                   അവരുടെ നാല് മക്കളിൽ മൂത്തവൻ വലിയ ബിസിനസ്സ്കാരൻ അടുത്ത പട്ടണത്തിൽ താമസിക്കുന്നു. അനേകം കെട്ടിടങ്ങളുടെ ഉടമയായ അയാളാണ് മാസംതോറും വാടക പിരിക്കാൻ നമ്മുടെ കോളേജിൽ വരുന്നത്. പിന്നെ രണ്ടാമൻ വക്കീൽ തലസ്ഥാനനഗരിയിൽ കുടുംബസമേതം താമസമാണ്. മൂന്നാമത്തവൻ തമിഴ്നാട്ടിൽ ഹോട്ടൽവ്യവസായം നടത്തി ഭാര്യയും മക്കളുമായി സസുഖം വാഴുന്നു. അവസാനത്തെ കണ്മണിയായ മകൾ, തൊട്ടടുത്ത ജില്ലയിൽ‌, എഞ്ചിനീയറായ ഭർത്താവും കോളേജ് വിദ്യാർത്ഥികളായ രണ്ട് മക്കളുമായി ജീവിക്കുന്നു.
                   ഇവിടെ സമീപത്തുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും ആ വൃദ്ധയുടെ പേരിലാണുള്ളത്. അത് നോക്കി നടത്താനും ആദായം വാങ്ങാനുമല്ലാതെ അമ്മയെ നോക്കാനായി ആ സീമന്തപുത്രൻ ഒരിക്കലും ആ വീട്ടിൽ വന്നിട്ടില്ല. അടുത്ത കാലത്തായി മറ്റുള്ള മക്കൾ വരാറേയില്ല. അവർക്ക് അമ്മയെ വേണ്ട, എന്നാൽ അമ്മയുടെ കണക്കില്ലാത്ത സ്വത്ത് വേണം.

ഇതെല്ലാം കേട്ട ഞങ്ങൾ മേരിചേച്ചിയോട് ഒരു സംശയം ചോദിച്ചു,
“അപ്പോൾ ഇത്രയും പ്രായമായ അവരെങ്ങനെയാ ഒറ്റക്ക് ജീവിക്കുന്നത്? കാലം മോശമാണല്ലൊ, രാത്രിയിലൊക്കെ ഒറ്റക്കാണോ?”
“ഓ അവരങ്ങനെ ജീവിച്ചോളും എന്നാ മൂത്ത മകൻ പറഞ്ഞത്. പാവം എത്ര പണമുണ്ടായിട്ടും പട്ടിണി കിടക്കാനാണ് യോഗം! ചിലപ്പൊൾ ഞാൻ അവർക്ക് കഴിക്കാൻ ചോറ് കൊടുക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ വക ഉച്ചഭക്ഷണം ഉണ്ടല്ലൊ. നമ്മൾ എന്ത് ചെയ്താലും ആ തള്ളക്ക് സംശയമാ, വീട്ടിൽ കയറിയാൽ വല്ലതും അടിച്ചുമാറ്റുന്നുണ്ടോ എന്ന് നോക്കാൻ പിന്നാലെ നടക്കും. പിന്നെ കള്ളന്മാരൊന്നും വരില്ല, കാരണം അവിടെ കയറിയവന് അദ്ധ്വാനത്തിന്റെ ചെലവിനുപോലും ഒന്നും കിട്ടില്ല”

മേരിചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഒരു സംശയം ചോദിച്ചു.
“എന്നാലും അവരെ സഹായിക്കാൻ ഒരാളെ പണം കൊടുത്തു നിർത്തിക്കൂടെ?”
“അവർക്ക് ആരെയും വിശ്വാസമില്ല; ആൺമക്കൾ കൊടുക്കുന്ന പണമെല്ലാം കൂട്ടിവെച്ച് മകൾക്ക് കൊടുക്കും. അത്കൊണ്ട് ആരും ഒന്നും കൊടുക്കാറില്ല. മക്കൾ വലുതായപ്പോൾ അമ്മയെ ആർക്കും വേണ്ടാതായി”
ഒരേയൊരു മകൾ മാത്രം, അവൾ അമ്മയെ അവസാനം ഒന്ന് കാണാൻ പോലും വന്നില്ല.

               ഏതായാലും ആ മക്കൾ നല്ലവരായതുകൊണ്ട് അമ്മയെ ഉപദ്രവിച്ചില്ല. പത്രവാർത്തകളിൽ കാണാറുള്ളത്പോലെ അവശയായ അമ്മയെ വാഹനത്തിൽ കയറ്റി പൂച്ചയെയോ പട്ടിയെയോ തള്ളുന്നത്പോലെ ആളില്ലാ-റോഡിൽ തള്ളിയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ അവർക്ക് നൽകുന്ന ചോറിന്റെ അളവ് കൂടുകയാണ് ചെയ്തത്. ഒരുനേരം മാത്രമുള്ള അന്നമല്ലെ.

                   സാധാരണ ലഞ്ച്ബോക്സ് കഴുകാതെ ബാക്കി ചോറുമായി വൈകുന്നേരം വീട്ടിലെത്തുന്ന എന്റെ കഴുകി വൃത്തിയാക്കിയ പാത്രം കണ്ടപ്പോൾ അമ്മക്ക് വളരെ സന്തോഷം തോന്നി. അതോടൊപ്പം ചോറിന്റെ അളവ് കൂട്ടാൻ പറഞ്ഞപ്പോൾ ആ സന്തോഷം ഇരട്ടിച്ചു. മനസ്സിന്റെ അടിത്തട്ടിലുള്ള ഒരു വിങ്ങൽ കാരണം ‘അതിലൊരു പങ്ക് മറ്റൊരാൾക്ക് കൊടുക്കുന്നു’ എന്ന് വീട്ടിലാരോടും പറയാൻ കഴിഞ്ഞില്ല. പറഞ്ഞാൽ എന്റെ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക്‌പോലും പറയാൻ വയ്യ.

……
                മരണവീട്ടിൽ‌നിന്നും തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഞട്ടിക്കുന്ന ഒരു സംശയം ഷെറിൻ തോമസ് പറഞ്ഞു,
“ഞങ്ങൾ കൊടുക്കുന്ന ചോറിനെ ആശ്രയിക്കുന്ന അവർ; ഒരാഴ്ച കോളേജിന് അവധി ആയതിനാൽ പട്ടിണി കിടന്നാണോ മരിച്ചത്?”
“അങ്ങനെയാവാൻ സാദ്ധ്യതയില്ല, നാല് ദിവസം മുൻപ് തിരുവോണമായിരുന്നില്ലെ, അന്ന് മക്കൾ ആരെങ്കിലും വന്നിരിക്കാം”
                             
               പെട്ടെന്ന് സുഹാസ് പറഞ്ഞ മറുപടി അവിശ്വസനീയമായി തോന്നി. എങ്കിലും ‘അത് ശരിയായിരിക്കണേ’ എന്ന് വെറുതേയൊന്ന് കൊതിച്ച്പോയി. മക്കളും ചെറുമക്കളും ആ വീട്ടിൽ വന്ന്, പ്രായമായ അമ്മയോടൊത്ത് അവരുടെ അവസാനത്തെ ഓണം ആഘോഷിച്ചിരിക്കുമോ?

ഷെറിൻ തോമസ് വീണ്ടും പാടുകയാണ്,

“പാവം,,, അവശയായ, അമ്മ;, അവരെ നോക്കാത്ത മക്കൾ,,,
പ്രാണൻ, പോയെന്നറിഞ്ഞപ്പോൾ; കാണുവാൻ,,, വന്നെത്തി.
അമ്മയോടൊത്ത്,, അന്ത്യത്തിൽ; ഓണമുണ്ണാത്ത, മക്കൾ
അമ്മ മരിച്ചെന്നറിഞ്ഞപ്പോൾ; ഓണമായി വന്നെത്തി”