“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/7/10

അമ്മക്ക് വേണ്ടി ഒരു പിടി ചോറ്

                         ഒടുവിൽ സംഭവിക്കാനുള്ളത് സംഭവിച്ചു. ഏകാന്തതയുടെ തടവറയിൽ തളക്കപ്പെട്ട ആ വൃദ്ധയെ ഏതോ ഒരു നിമിഷത്തിൽ മരണം വന്ന് രക്ഷപ്പെടുത്തി. ഉന്നതസ്ഥാനീയരായ മക്കൾ ഉണ്ടെങ്കിലും, ആരും അടുത്തില്ലാത്ത നേരം നോക്കി ആരെയും വിഷമിപ്പിക്കാതെ അവർ മരണത്തിലേക്ക് ലയിച്ചു.

                    ഓണത്തിന്റെ അവധി കഴിഞ്ഞ് കോളേജ് തുറന്ന ഒരു തിങ്കളാഴ്ച. ഞങ്ങളുടെ പാരലൽ കോളേജിലെ വിദ്യാർത്ഥികൾ ഇന്റർവെൽ കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഒരു കാര്യം കണ്ടെത്തി പ്രിൻസിപ്പാളെ അറിയിച്ചത്,
‘അടുത്ത വീട്ടിലെ വാതിൽ അകത്ത്നിന്ന് പൂട്ടിയിരിക്കുന്നു, വിളിച്ചിട്ട് അനക്കം ഇല്ല’.

                      അത് കേട്ട ഉടനെ പ്രിൻസിപ്പാളും അദ്ധ്യാപകരും ആ വീടിന്റെ വരാന്തയിൽ എത്തി. പൂട്ടിയ വാതിലും ജനലും ശക്തമായി മുട്ടുകയും വിളിക്കുകയും ചെയ്തെങ്കിലും അകത്ത്നിന്ന് അനക്കമൊന്നും കേട്ടില്ല. പ്രിൻസിപ്പാൾ ഉടനെ ആ വൃദ്ധയുടെ സീമന്തപുത്രന് ഫോൺ ചെയ്തു.

                      സമീപമുള്ള പട്ടണത്തിൽ ബിസിനസ് നടത്തുന്ന മകൻ സ്വന്തം മാരുതിയിൽ ഓടി വന്ന് വാതിൽ ചവിട്ടി തുറന്നപ്പോൾ ആ ദൃശ്യം കണ്ടു. അവനെ പത്ത് മാസം ചുമന്ന, മുലപ്പാൽ നൽകി വളർത്തി വലുതാക്കിയ അമ്മ വെറും നിലത്ത് മരിച്ച് കിടക്കുന്നു. അവസാനത്തെ ഒരു തുള്ളി വെള്ളത്തിനാവണം; ആ കിടപ്പിലും തുറന്ന വായ അടച്ചിട്ടില്ല. ഒരു നിമിഷം അവൻ ഒന്ന് ചെറുതായി ഞെട്ടിയോ?

                     എത്രയോ ദിവസങ്ങളായി ആ വൃദ്ധയെ തീറ്റിപോറ്റുന്നത് ഞങ്ങൾ അദ്ധ്യാപകർ ആണെന്ന് പറയാം. ഇപ്പോൾ കോടികൾ വിലമതിക്കുന്ന സ്വത്തിന്റെ ഉടമയാണ് അവർ. അവരുടേതായ കെട്ടിടസമുച്ചയത്തിന്റെ ഒരു ഭാഗത്താണ് ഞങ്ങൾ ‘അഭ്യസ്ഥവിദ്യരായ യുവാക്കളായ തൊഴിലില്ലാപ്പട’ പാരലൽ കോളേജ് നടത്തുന്നത്. കണക്ക് പറഞ്ഞ് വാടക പിരിക്കാൻ വരുന്നത് കൊണ്ട് മൂത്ത മകനെ മാത്രം ഞങ്ങളിൽ ചിലർക്ക് പരിചയം ഉണ്ട്.

                     ഇത്രയും കാലം ഏകാന്തതയും ഇരുട്ടും തളംകെട്ടി നിന്ന ആ വീട്ടിൽ പെട്ടെന്ന്തന്നെ ജനങ്ങളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും നിറഞ്ഞു. അറിയപ്പെടുന്ന വ്യക്തികളുടെ അമ്മ ആയതിനാൽ പട്ടണത്തിലെ പൂക്കടകളിലെ അവസാനത്തെ പൂമൊട്ടുകളും ‘റീത്ത്’ ആയി രൂപാന്തരപ്പെട്ട് ആ വീട്ടിൽ ഒഴുകിയെത്തി. തിരമാലകൾ തീരത്തെ തഴുകുന്ന ശ്മശാനം വരെയുള്ള ഘോഷയാത്രയിൽ പങ്കെടുത്ത വാഹനവ്യൂഹങ്ങൾ റോഡിൽ തടസ്സം സൃഷ്ടിച്ചു. ഒടുവിൽ മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്, അവർ ആ തീരത്ത്, ഒരു പിടി ചാരമായി മാറി.

                    തിരിച്ച് കോളേജിലേക്ക് വരുമ്പോൾ നമ്മുടെ മലയാളം മാസ്റ്റർ ഷെറിൻ തോമസ് ഒരു പാട്ടു പാടി,

“അപ്പാവം ജീവിച്ച നാളവരെ തുണക്കാത്ത മക്കൾ
തൽപ്രാണെനെടുത്തപ്പോൾ കാണുവാൻ ഓടിയെത്തി”

                      അതെ, ശരിക്കും ഓടിയെത്തുക തന്നെയായിരുന്നു. നാല് മക്കളിൽ മൂന്ന് ആൺമക്കളും ഓടിയെത്തി. എന്നാൽ ഓടിയെത്താൻ മാത്രം അടുത്തുള്ള –അടുത്ത ജില്ലയിലുള്ള- മകൾ മാത്രം വന്നില്ല.
സ്വന്തം ‘മകന് പരീക്ഷയുള്ളപ്പോൾ’ സ്വന്തം അമ്മയുടെ മൃതശരീരം കാണാനായി എങ്ങനെ പോകും? പകരം മകളുടെ ഭർത്താവും ബന്ധുക്കളും വന്നിട്ടുണ്ട്. എന്താ അത് പോരേ?

                     അവർ മരിച്ചതിന്റെ മൂന്നാം ദിനത്തിലാണ്, ഞങ്ങൾ അദ്ധ്യാപകർ പിന്നീട് ആ വീട്ടിൽ പോകുന്നത്. അപ്പോഴേക്കും വീടിന്റെ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. എല്ലായിപ്പോഴും ഇരുട്ടിന്റെ ആവരണം കൊണ്ട് പൊതിഞ്ഞ, ഓടിട്ട ആ വലിയ ഇരുനില വീട്ടിൽ, അവരുടെ മരണത്തോടെ കാറ്റും വെളിച്ചവും ശബ്ദവും അതിക്രമിച്ച് കടന്നിരിക്കയാണ്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവരുടെ മരണം ഒരു വലിയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. മരണമന്വേഷിച്ച് വീട്ടിൽ വരുന്നവരെയെല്ലാം ഇഷ്ടം പോലെ ഭക്ഷണംകൊടുത്ത് സൽക്കരിക്കുന്നുണ്ട്.

                    വിശാലമായ മുറ്റത്തെ മൂലയിൽ അവർക്കായി നിവേദിച്ച ബലിച്ചോറ് ഉരുളകളായി അതേപടി കിടപ്പാണ്. ഏതെങ്കിലും വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ടാൽ -ഗാസ് അടുപ്പിന്റെ കാലത്ത് വീട്ടിൽനിന്നും പുക ഉയരുന്നത് ആഘോഷമാണെന്ന് തിരിച്ചറിഞ്ഞ്- പറന്നെത്തുന്ന കാക്കകളിൽ ഒന്ന്‌പോലും അവിടെ എത്തിനോക്കിയില്ല. ആ മുറ്റത്ത്നിന്നും വളരെക്കാലമായി ഒരു വറ്റ്പോലും കിട്ടാത്തത് കൊണ്ടായിരിക്കാം; കാക്കകൾ ആ വീടിനെയും ബലിച്ചോറിനെയും അവഗണിച്ചിരിക്കയാണ്.

……
                  ഏതോ ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ആ വൃദ്ധയെ പരിചയപ്പെട്ടത്. നമ്മുടെ പാരലൽ കോളേജിന്റെ കെട്ടിടഉടമ എന്നതിൽ കവിഞ്ഞ്, ആ വൃദ്ധ നമ്മുടെ ആരൊക്കെയോ ആയിരുന്നു, എന്ന ഒരു തോന്നൽ ഏതാനും ദിവസത്തെ പരിചയം കൊണ്ട് വളർന്ന് വന്നിരുന്നു.

                   പഠനത്തിനു ശേഷം ഒരു സർക്കാർ ജോലി? ആ സ്വപ്നം പൂവണിയുന്നതിനു മുൻപുള്ള ഒരു ഇടത്താവളമാണ് നമ്മുടെ പാരലൽ കോളേജ്. ഇവിടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ പ്രിൻസിപ്പാളും അദ്ധ്യാപകരും ഒരുപോലെ, ഒരേ പോലുള്ള സ്വപ്നം കാണുന്നവരാണ്. ആ സ്വപ്നത്തിൽ എപ്പോഴും ഏതോ ഒരു സർക്കാർ ഓഫീസിലെ ഒരു കസേര കാണപ്പെടും. അതിനിടയിൽ കൂട്ടത്തിൽ ചിലർക്ക് സർക്കാർ ജോലി ലഭിച്ചാൽ ആ സ്ഥാപനം വിട്ട് യാത്രയാവും. അങ്ങനെ ജോലി കിട്ടിയവനെ സന്തോഷിച്ച് യാത്രയയക്കുമ്പോൾ മറ്റുള്ളവരുടെ ഉള്ളിൽ ഒത്തിരി നൊമ്പരത്തോടൊപ്പം ഇത്തിരി അസൂയ കൂടി ഉണ്ടാവും.

                 അവശയായ ആ സ്ത്രീയെ ആദ്യമായി കാണാനിടയായ സന്ദർഭം ഞാൻ വെറുതെയൊന്ന് ഓർത്തുപോയി. ഏതാണ്ട് ആറ് മാസം മുൻപാണ് ഈ വീട്ടിൽ വരാനിടയായത്; ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുഹാസിന്റെ കൂടെ. മറ്റുള്ളവരുടെ കൂടെ ഉച്ചഭക്ഷണപ്പോതി തുറക്കുമ്പോൾ സുഹാസ് വിളിച്ച്പറഞ്ഞു,
“ആരെങ്കിലും എന്റെ കൂടെ വരുന്നുണ്ടോ? ആ വീട്ടിൽപോയിട്ടാ ഞാൻ ഭക്ഷണം കഴിക്കുന്നത്. മര്യാദക്ക് കൈ കഴുകാൻ വെള്ളം കിട്ടും”

                  അവൻ പറഞ്ഞത് ശരിയാണ്; ഇവിടെ അതിരാവിലെ മേരിചേച്ചി എത്തിക്കുന്ന ഒരു ബക്കറ്റ് വെള്ളംകൊണ്ട് എല്ലാം ഒപ്പിക്കണം. സുഹാസിന്റെ കൂടെ ഞാനും ആ വീട്ടിൽ എത്തിയപ്പോൾ ആദ്യമായി അവരെ കണ്ടു. പ്രായം കൂടുംതോറും അവശനിലയിലായ പരസഹായത്താൽ മാത്രം ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലുള്ള ഒരു വൃദ്ധ. ജീവിച്ചിരുന്ന കാലത്ത് ഒരു രാജ്ഞികണക്കെ വാണതാണെന്ന് ആ മുഖം കണ്ടാൽ അറിയാം. ചുളിവുകൾ വ്യാപിച്ച ശരീരവും വെള്ളിക്കമ്പികളായ എണ്ണമയമില്ലാത്ത മുടിയും. കാണാനും കേൾക്കാനും പറയാനും നടക്കാനും അവർ അനുഭവിക്കുന്ന പ്രയാസം മുഖത്ത് നോക്കിയാൽ അറിയാം. ആഭരണങ്ങൾ അണിയാത്തത് കള്ളന്മാരെ പേടിച്ചാവാം. അവർ ഒറ്റക്ക്, അനേകം മുറികളുള്ള ആ വലിയ വീട്ടിൽ താമസിച്ച് ദിവസങ്ങൾ എണ്ണിത്തീർക്കുകയാണെന്ന് അറിഞ്ഞ ഞാൻ ഒന്ന് ഞെട്ടി.

                  ഊന്നുവടിയുടെ സഹായത്താൽ അവർ പതുക്കെ നടന്ന് എന്റെ സമീപം വന്ന്, ആകെയൊന്ന് നോക്കിയശേഷം ചോദിച്ചു,
“മോന്റെ പേരെന്താ?”
“രമേശൻ”
“മോന്റെ അച്ഛന്റെ പേരൊ?”
“അവന്റെ അച്ഛൻ ഒരു ഗംഗാധരൻ നായരാണ്”
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് സുഹാസ് ഇടക്ക്കയറി പറഞ്ഞു. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നെങ്കിലും അവനോട് ഒരക്ഷരവും പറഞ്ഞില്ല. എന്റെ അച്ഛന്റെ പേരിൽ ഇവനെന്തിനാണ് കള്ളം പറയുന്നത്? ഇതെങ്ങാനും എന്റെ അമ്മ അറിഞ്ഞാൽ?,,,
എന്നാൽ അത് കേട്ടപ്പോൾ ആ വൃദ്ധ സന്തോഷത്തോടെ പറയാൻ തുടങ്ങി,
“ഓ, നായരാണോ? എവിടെയാ വീട്? എനിക്കറിയുന്നതായിരിക്കും”
“ഇവനീ നാട്ടുകാരനല്ല, വീട് പാലക്കാടാണ്”

               എന്റെ ബയോഡാറ്റ മൊത്തത്തിൽ സുഹാസ് ഏറ്റെടുത്തിരിക്കയാണ്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതു വരെ ഞാനൊന്നും മിണ്ടിയില്ല. പുറത്ത് എത്തിയപ്പോൾ എന്നിൽനിന്നും അടക്കിനിർത്തിയ ദേഷ്യം മുഴുവൻ അണപൊട്ടി ഒഴുകി.
“നീയെപ്പോഴാടാ എന്റെ അച്ഛന്റെ പേരും നാടും തീരുമാനിക്കാൻ തുടങ്ങിയത്?”
“അത് നീ കുഴപ്പത്തിൽ ചാടാതിരിക്കാനല്ലെ. നീ അച്ഛന്റെ പേര് പറഞ്ഞാൽ അവർ ജാതി ചോദിക്കും; നീ പറയും. പിന്നെ നീ ഉയർന്ന ജാതിയല്ല എന്നറിഞ്ഞാൽ നിന്നെ അകറ്റി നിർത്തും. അതൊഴിവാക്കാനാണ്”
“ഇങ്ങനെയുള്ള വീട്ടിലേക്കിനി ഞാനില്ല. കുഴിയിലേക്ക് കാല് നീട്ടിയിട്ടും ജാതിപ്പിരാന്ത്?”
“അവരുടെ സ്വഭാവം എന്തായാലും, നമുക്ക് ആവശ്യം നിർവ്വഹിച്ചാൽ പോരെ?”
അത് ശരിയാണല്ലൊ; ഇവിടെ ആരും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചോദിക്കില്ലല്ലൊ.

                    സുഹാസ് ഒരാഴ്ച മുൻപാണ് ആ വീട്ടിൽ കയറിപ്പറ്റിയത്, ഇപ്പോൾ ഞാനും എത്തി. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ ആ വരാന്തയിൽ എത്തുന്ന യുവാക്കളായ അദ്ധ്യാപകരുടെ എണ്ണം അഞ്ചായി.

                      ഞങ്ങൾ ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്ന്, ചിരിയും തമാശ പറച്ചിലുമായി ഉച്ചഭക്ഷണം കഴിച്ചു. ഞങ്ങൾ കഴിക്കുന്നത് നോക്കി ആ സ്ത്രീ വാതിലിനു സമീപമുള്ള കസാരയിൽ ഇരുന്ന് അവരുടെ മകളെപറ്റി നിർത്താതെ സംസാരിക്കും. ഇരുപത് വർഷംമുൻപ് മരിച്ചുപോയ, കൃഷിയും കച്ചവടവും തൊഴിലാക്കിയ ഭർത്താവിനെ കുറിച്ചുള്ള മധുരസ്മരണകൾ ഞങ്ങളോട് വിവരിക്കും. മക്കളുടെ കൂടെ പോകാത്തത് അവർക്ക് ഒരു ഭാരം ആയി മാറാൻ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് എന്ന് ഇടയ്ക്കിടെ പറയും. ഞങ്ങൾ അവരെ അമ്മെയെന്ന് വിളിച്ചപ്പോൾ പല്ലില്ലാ വായ കാട്ടിയുള്ള ആ ചിരി മനസ്സിൽ മറക്കാത്ത ഒരു ചിത്രമായി മാറി.
                  ഭക്ഷണം കഴിക്കവെ ഇതെല്ലാം പറയുന്നതിനിടയിലുള്ള അവരുടെ ആ നോട്ടത്തിൽ നിന്ന് ‘കൊതിപിടിക്കുമോ’ എന്ന ചിന്ത എനിക്കുണ്ടായി.

                  ഒരുദിവസം ഭക്ഷണം കഴിച്ച് പാത്രം കഴുകാൻ തുടങ്ങുമ്പോൾ അവർ പെട്ടെന്ന് പറഞ്ഞു,
“അയ്യോ, ചോറ് കളയുകയോ? ഇങ്ങോട്ട് താ; ഇവിടെ വരുന്ന ആർക്കെങ്കിലും ഞാൻ കൊടുക്കാം”
അവർ നീട്ടിയ സ്റ്റീൽപാത്രത്തിൽ അവശേഷിച്ച വറ്റുകളെല്ലം ഞങ്ങൾ കുടഞ്ഞിട്ടു.
                  പിന്നെ അതൊരു പതിവായി. ഒരു മണിയാവുന്നതും ഞങ്ങൾ വരുന്നതും കാത്ത്, പാത്രവുമായി ആ വൃദ്ധ എന്നും ആ വലിയ വീടിന്റെ വരാന്തയിൽ ഇരിപ്പുണ്ടാവും.

മേരിചേച്ചി പറഞ്ഞതു കേട്ടപ്പോൾ കാര്യങ്ങൾ ശരിക്കും അറിഞ്ഞ് ഞങ്ങൾ ഒന്ന് ഞെട്ടി.
‘ആ വൃദ്ധ നമ്മുടെ കൈയിൽനിന്നും ചോറ് വാങ്ങുന്നത് അവർക്ക്തന്നെ കഴിക്കാനാണ്’.

                   അവരുടെ നാല് മക്കളിൽ മൂത്തവൻ വലിയ ബിസിനസ്സ്കാരൻ അടുത്ത പട്ടണത്തിൽ താമസിക്കുന്നു. അനേകം കെട്ടിടങ്ങളുടെ ഉടമയായ അയാളാണ് മാസംതോറും വാടക പിരിക്കാൻ നമ്മുടെ കോളേജിൽ വരുന്നത്. പിന്നെ രണ്ടാമൻ വക്കീൽ തലസ്ഥാനനഗരിയിൽ കുടുംബസമേതം താമസമാണ്. മൂന്നാമത്തവൻ തമിഴ്നാട്ടിൽ ഹോട്ടൽവ്യവസായം നടത്തി ഭാര്യയും മക്കളുമായി സസുഖം വാഴുന്നു. അവസാനത്തെ കണ്മണിയായ മകൾ, തൊട്ടടുത്ത ജില്ലയിൽ‌, എഞ്ചിനീയറായ ഭർത്താവും കോളേജ് വിദ്യാർത്ഥികളായ രണ്ട് മക്കളുമായി ജീവിക്കുന്നു.
                   ഇവിടെ സമീപത്തുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും ആ വൃദ്ധയുടെ പേരിലാണുള്ളത്. അത് നോക്കി നടത്താനും ആദായം വാങ്ങാനുമല്ലാതെ അമ്മയെ നോക്കാനായി ആ സീമന്തപുത്രൻ ഒരിക്കലും ആ വീട്ടിൽ വന്നിട്ടില്ല. അടുത്ത കാലത്തായി മറ്റുള്ള മക്കൾ വരാറേയില്ല. അവർക്ക് അമ്മയെ വേണ്ട, എന്നാൽ അമ്മയുടെ കണക്കില്ലാത്ത സ്വത്ത് വേണം.

ഇതെല്ലാം കേട്ട ഞങ്ങൾ മേരിചേച്ചിയോട് ഒരു സംശയം ചോദിച്ചു,
“അപ്പോൾ ഇത്രയും പ്രായമായ അവരെങ്ങനെയാ ഒറ്റക്ക് ജീവിക്കുന്നത്? കാലം മോശമാണല്ലൊ, രാത്രിയിലൊക്കെ ഒറ്റക്കാണോ?”
“ഓ അവരങ്ങനെ ജീവിച്ചോളും എന്നാ മൂത്ത മകൻ പറഞ്ഞത്. പാവം എത്ര പണമുണ്ടായിട്ടും പട്ടിണി കിടക്കാനാണ് യോഗം! ചിലപ്പൊൾ ഞാൻ അവർക്ക് കഴിക്കാൻ ചോറ് കൊടുക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ വക ഉച്ചഭക്ഷണം ഉണ്ടല്ലൊ. നമ്മൾ എന്ത് ചെയ്താലും ആ തള്ളക്ക് സംശയമാ, വീട്ടിൽ കയറിയാൽ വല്ലതും അടിച്ചുമാറ്റുന്നുണ്ടോ എന്ന് നോക്കാൻ പിന്നാലെ നടക്കും. പിന്നെ കള്ളന്മാരൊന്നും വരില്ല, കാരണം അവിടെ കയറിയവന് അദ്ധ്വാനത്തിന്റെ ചെലവിനുപോലും ഒന്നും കിട്ടില്ല”

മേരിചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഒരു സംശയം ചോദിച്ചു.
“എന്നാലും അവരെ സഹായിക്കാൻ ഒരാളെ പണം കൊടുത്തു നിർത്തിക്കൂടെ?”
“അവർക്ക് ആരെയും വിശ്വാസമില്ല; ആൺമക്കൾ കൊടുക്കുന്ന പണമെല്ലാം കൂട്ടിവെച്ച് മകൾക്ക് കൊടുക്കും. അത്കൊണ്ട് ആരും ഒന്നും കൊടുക്കാറില്ല. മക്കൾ വലുതായപ്പോൾ അമ്മയെ ആർക്കും വേണ്ടാതായി”
ഒരേയൊരു മകൾ മാത്രം, അവൾ അമ്മയെ അവസാനം ഒന്ന് കാണാൻ പോലും വന്നില്ല.

               ഏതായാലും ആ മക്കൾ നല്ലവരായതുകൊണ്ട് അമ്മയെ ഉപദ്രവിച്ചില്ല. പത്രവാർത്തകളിൽ കാണാറുള്ളത്പോലെ അവശയായ അമ്മയെ വാഹനത്തിൽ കയറ്റി പൂച്ചയെയോ പട്ടിയെയോ തള്ളുന്നത്പോലെ ആളില്ലാ-റോഡിൽ തള്ളിയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ അവർക്ക് നൽകുന്ന ചോറിന്റെ അളവ് കൂടുകയാണ് ചെയ്തത്. ഒരുനേരം മാത്രമുള്ള അന്നമല്ലെ.

                   സാധാരണ ലഞ്ച്ബോക്സ് കഴുകാതെ ബാക്കി ചോറുമായി വൈകുന്നേരം വീട്ടിലെത്തുന്ന എന്റെ കഴുകി വൃത്തിയാക്കിയ പാത്രം കണ്ടപ്പോൾ അമ്മക്ക് വളരെ സന്തോഷം തോന്നി. അതോടൊപ്പം ചോറിന്റെ അളവ് കൂട്ടാൻ പറഞ്ഞപ്പോൾ ആ സന്തോഷം ഇരട്ടിച്ചു. മനസ്സിന്റെ അടിത്തട്ടിലുള്ള ഒരു വിങ്ങൽ കാരണം ‘അതിലൊരു പങ്ക് മറ്റൊരാൾക്ക് കൊടുക്കുന്നു’ എന്ന് വീട്ടിലാരോടും പറയാൻ കഴിഞ്ഞില്ല. പറഞ്ഞാൽ എന്റെ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക്‌പോലും പറയാൻ വയ്യ.

……
                മരണവീട്ടിൽ‌നിന്നും തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഞട്ടിക്കുന്ന ഒരു സംശയം ഷെറിൻ തോമസ് പറഞ്ഞു,
“ഞങ്ങൾ കൊടുക്കുന്ന ചോറിനെ ആശ്രയിക്കുന്ന അവർ; ഒരാഴ്ച കോളേജിന് അവധി ആയതിനാൽ പട്ടിണി കിടന്നാണോ മരിച്ചത്?”
“അങ്ങനെയാവാൻ സാദ്ധ്യതയില്ല, നാല് ദിവസം മുൻപ് തിരുവോണമായിരുന്നില്ലെ, അന്ന് മക്കൾ ആരെങ്കിലും വന്നിരിക്കാം”
                             
               പെട്ടെന്ന് സുഹാസ് പറഞ്ഞ മറുപടി അവിശ്വസനീയമായി തോന്നി. എങ്കിലും ‘അത് ശരിയായിരിക്കണേ’ എന്ന് വെറുതേയൊന്ന് കൊതിച്ച്പോയി. മക്കളും ചെറുമക്കളും ആ വീട്ടിൽ വന്ന്, പ്രായമായ അമ്മയോടൊത്ത് അവരുടെ അവസാനത്തെ ഓണം ആഘോഷിച്ചിരിക്കുമോ?

ഷെറിൻ തോമസ് വീണ്ടും പാടുകയാണ്,

“പാവം,,, അവശയായ, അമ്മ;, അവരെ നോക്കാത്ത മക്കൾ,,,
പ്രാണൻ, പോയെന്നറിഞ്ഞപ്പോൾ; കാണുവാൻ,,, വന്നെത്തി.
അമ്മയോടൊത്ത്,, അന്ത്യത്തിൽ; ഓണമുണ്ണാത്ത, മക്കൾ
അമ്മ മരിച്ചെന്നറിഞ്ഞപ്പോൾ; ഓണമായി വന്നെത്തി”

40 comments:

 1. മിനി ചേച്ചീ,
  ക്ഥ ഇഷ്ടായീ.
  ചില കഥകള്‍ ഞാനെഴുതുമ്പോഴും അത് ഒറ്റയടിയ്ക്ക് വായിക്കും.
  അതുപോലെയൊന്ന്, കൊള്ളാം..

  ReplyDelete
 2. “അപ്പാവം ജീവിച്ച നാളവരെ തുണക്കാത്ത മക്കൾ
  തൽപ്രാണെനെടുത്തപ്പോൾ കാണുവാൻ ഓടിയെത്തി”  very touching story......

  ReplyDelete
 3. കഥ ആണെങ്കില്‍ തന്നെയും വളരെ ടച്ചിങ്ങ്.

  ഇതു പോലെ ആരെങ്കിലുമൊക്കെ കാണാതിരിയ്ക്കുമോ എന്ന് ഓര്‍ത്തു പോയി

  ReplyDelete
 4. ഈ കാലത്ത് ഇങ്ങനെ...
  ഇനി ഒരു മുപ്പതു നാല്‍പ്പതു വര്‍ഷത്തിനപ്പുറം...ഞാന്‍ എന്താവും പ്രതീക്ഷിക്കുക.

  ReplyDelete
 5. കഥയാണോ ജീവിതമാണോ. എന്തായാലും വല്ലാതെ സ്‌പര്‍ശിക്കുന്നു. എന്റെ പരിചയത്തിലുമുണ്ട്‌ ഇങ്ങനെയൊരമ്മ..

  ReplyDelete
 6. കഥ വളരെ മനോഹരമായി..
  പിന്നെ, കണ്ണനുണ്ണി.. മുപ്പത്‌ നാൽപത്‌ വർഷം വരെ ഒന്നും പോകേണ്ട.. ഇന്നേ തന്നെ ഇത്തരം പല കാഴ്ചകളും ഉണ്ട്‌.. നേരിൽ കണ്ട ഒരു കാഴ്ച കുറച്ച്‌ നാളുകൾക്ക്‌ മുൻപ്‌ ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നു..

  ReplyDelete
 7. സംഭവകഥ തന്നെ. ആരും ഞെട്ടണ്ട.

  ReplyDelete
 8. കഷ്ടം തന്നെയാ ടീച്ചറെ..
  വളരെ സങ്കടമായിപ്പോയി...(:
  മക്കള്‍ക്ക്‌ അവരുടെ ശാപം കിട്ടാതിരിക്കട്ടെ...

  ReplyDelete
 9. എന്റെ അറിവിലും ഇങ്ങനെ ഒരമ്മയുണ്ട്‌

  ReplyDelete
 10. വളരെ വേദന തോന്നി.

  ഒരു കഥയാണോ എന്ന് സംശയം ടീച്ചറെ.

  ReplyDelete
 11. റ്റോംസ് കോനുമറ്റം: നന്ദി.

  കല്യാണിക്കുട്ടി: നന്ദി.

  ശ്രീ: നന്ദി.

  കണ്ണനുണ്ണി: ഒരു നിശ്ചയമില്ലയൊന്നിനും പിന്നെ, നന്ദി.

  രാമു: ജീവിതം തന്നെ ഒരു കഥയല്ലെ? നന്ദി.

  Manoraj: അത് ഞാൻ വായിച്ചതാണ്. നന്ദി.

  കുമാരൻ_kumaran: നന്ദി.

  സുമേഷ് മേനോൻ: എന്തു ശാപമാ സുമേഷെ? അല്പം മനപ്രയാസം പോലും അവർക്ക് കാണില്ലല്ലൊ. നന്ദി.

  എറക്കാടൻ/Erakkadan: നന്ദി.

  പട്ടേപ്പാടം റാംജി: സംശയം എന്താണ്? ഓർമ്മക്കുറിപ്പ് ആണെന്നോ? ജീവിതത്തിൽ എത്രയെത്ര കഥകൾ കാണാനാവും! നന്ദി.

  Sabu M H: നന്ദി.
  ചില പോസ്റ്റുകൾ എഴുതുമ്പോൾ എനിക്ക് കരച്ചിൽ വരാറുണ്ട്. അതിലൊന്നാണ് ഇത്.

  ReplyDelete
 12. വരും കാലഘട്ടത്തിലെ അമ്മമാരെ പ്രതിനിധാനം ചെയ്യുന്നു ഈ അമ്മ. സിനിമാ കൊട്ടകകളില്‍ അടുത്ത സിനിമയുടെ വരവറിയിക്കുന്ന സൈഡ് റീലായി ഞാനിതിനെ വിശേഷിപ്പിക്കുന്നു.

  സാധാരണഗതിയില്‍ പണമുണ്ടെങ്കില്‍ ചക്കരക്കുടത്തിലെ ഈച്ച കണക്കെ ബന്ധുക്കളായാലും മക്കളായാലും ഒപ്പം ഉണ്ടാകും. പക്ഷെ, പണമുണ്ടായിട്ടും പിണമായി ജീവിച്ചു മരിക്കേണ്ടി വന്ന ഈ അമ്മ നൊമ്പരമുണര്‍ത്തി.

  ReplyDelete
 13. Oru urula choru ente vaka koodi...!
  Manoharam, Ashamsakal...!!!

  ReplyDelete
 14. എന്റെ ടീച്ചറെ ഇതൊക്കെ വായിച്ചിട്ടെങ്കിലും ഓരോരുത്തര്‍ പഠിച്ചാല്‍ മതിയായിരുന്നു. എന്തായാലും അവരെ വൃദ്ധ സദനത്തില്‍ തള്ളി വിട്ടില്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കു. പാവം അമ്മ

  ReplyDelete
 15. നമ്മുക്ക് ചുറ്റും കണ്ടുപോകുന്ന ഇത്തരം കാഴ്ചകള്‍ ഒരു നിസഹായാവസ്ഥയോടെ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. പക്ഷേ നമ്മുക്കെന്ത് ചെയ്യാനാകും.. മനസ്സാ ആ അമ്മയുടെ ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയല്ലാതെ..

  ടച്ചിങ്ങ്..

  ReplyDelete
 16. hari,
  സ്വന്തം മക്കൾക്ക് അമ്മ വിലയില്ലാത്തവരായാൽ മറ്റുള്ളവരും അതുപോലെയേ കാണൂ. പണം ഉണ്ടായാൽ മതിയോ? കൈയിൽ വേണ്ടെ?

  Sureshkumar Punjhayil,
  അഭിപ്രായത്തിനു നന്ദി.

  കുറുപ്പിന്റെ കണക്ക് പുസ്തകം,
  പണ്ട് കൂട്ടുകുടുംബമായതിനാൽ ബന്ധങ്ങൾ കുറഞ്ഞാലും ബന്ധുക്കൾ ധാരാളം കാണും. ഇന്ന് അണുകുടുംബത്തിൽ എല്ലാവരും ഒറ്റപ്പെടുന്നു. അഭിപ്രായെത്തിനു നന്ദി.

  ഏ ആർ നജീം,
  നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാവർക്കും സ്വന്തം പ്രശ്നങ്ങൾ തന്നെ വേണ്ടത്ര കാണും. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 17. " ഏകാന്തതയുടെ തടവറയിൽ തളക്കപ്പെട്ട ആ വൃദ്ധയെ ഏതോ ഒരു നിമിഷത്തിൽ മരണം വന്ന് രക്ഷപ്പെടുത്തി ".

  paavam aa amma. valare touching story. aashamsakal.

  ReplyDelete
 18. മിനി വളരെ നന്നായി എഴുതി...
  ഓണനാളില്‍ അമ്മയെ തനിയെ വിട്ടിട്ട് അമ്മയുടെ മരണം ഓണമാക്കിയ മക്കള്‍...
  വാര്‍ധക്യം എനിക്കുമുണ്ട്,നിങ്ങള്‍ക്കുമുണ്ട് എല്ലാവര്‍ക്കുമുണ്ട്

  ReplyDelete
 19. ടീച്ചര്‍ കഥ വളരെ ഇഷ്ടമായി ...

  എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തതു പോലെ

  ReplyDelete
 20. പ്രിയപ്പെട്ട മിനിടീച്ചറെ,

  ഇന്നു നമ്മുടെ നാട്ടില്‍ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ്‌ ആര്‍ക്കും വേണ്ടാത വ്യദ്ധ ജന്മങ്ങള്‍. പല കാരണങ്ങള്‍ കൊണ്ട് വേണ്ടപ്പെട്ടവര്‍ ഉപേക്ഷിച്ചവര്‍. ഇതു ശരിക്കും കഥയാണോ അതോ ജീവിതമാണോ ?

  ശരിക്കും മനസ്സില്‍ നീറ്റലുണ്ടാക്കി കീഴ്പ്പെടുത്തി......

  എന്റെ ഭാവുകങ്ങള്‍

  ReplyDelete
 21. മാതാപിതാക്കളുടെ മരണം ഓണമാക്കുന്ന മക്കൾ...
  ഇപ്പോൾ ചുറ്റും കാണുന്ന കഥകൾ തന്നെ...
  അതിനെ നന്നായി പറഞ്ഞിരിക്കുന്നൂ

  ReplyDelete
 22. jyothi sanjeev,
  അഭിപ്രായത്തിനു നന്ദി.

  റോസാപ്പൂക്കൾ,
  അഭിപ്രായത്തിനു നന്ദി.

  അഭി,
  അഭിപ്രായത്തിനു നന്ദി.

  ബിഗു,
  അഭിപ്രായത്തിനു നന്ദി.

  ബിലാത്തിപ്പട്ടണം,
  അഭിപ്രായത്തിനു നന്ദി.

  ഉമേഷ് പിലിക്കോട്,
  അഭിപ്രായത്തിനു നന്ദി.
  വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുക.

  ReplyDelete
 23. ടീച്ചറെ.... ടച്ചിങ്ങ്!!

  ReplyDelete
 24. കഥ ഇഷ്ടമായി...

  ആശംസകൾ...

  ReplyDelete
 25. ഇതു കഥയേക്കാള്‍ ഒരു അനുഭവമായ് ഫീല്‍ ചെയ്തു. മനസ്സില്‍ തട്ടി തന്നെ

  ReplyDelete
 26. ഒഴാക്കൻ,
  വീ കെ,
  ഹംസ,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ചില സംഭവങ്ങൾ കഥകളിൽ ഉള്ളതിനെക്കാൾ നമുക്ക് ചുറ്റും കാണാം.

  ReplyDelete
 27. എത്രയും പ്രിയത്തോടെ ഇക്കഥ വായിച്ചു ഞാ-
  നൊക്കെയും ശരിതന്നെ ശക്തമായ് വരച്ചിട്ടൂ
  പേറ്റുനോവൊടുക്കുവാന്‍ നാള്‍ വരും നേരം മക്കള്‍
  നീറ്റിടും നോവാറ്റുവാന്‍ കഴിയാതൊടുങ്ങുന്നോ-
  രമ്മമാര്‍ സമകാല വ്യഥകള്‍ ; മുന്നേറുക
  ഉണ്മയും സ്വകീയമാം നന്മയും സ്ഫുടം ചെയ്ക.

  ReplyDelete
 28. ഹൃദയ സ്പര്‍ശിയായ കഥ. ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത കാലമാണല്ലോ ഇന്നത്തേത്.
  Palakkattettan.

  ReplyDelete
 29. എന്തിനാ മിനി ഇങ്ങനെ വിഷമിപ്പിക്കുന്നത്, വല്ലാതെ നൊമ്പരപ്പെട്ടു. എന്തൊരു ലോകം ഇവിടെനിന്നും പ്രയാസപ്പെട്ട എല്ലാവരും എന്റെ ബ്ലോഗിൽ വന്ന് സന്തോഷിച്ച് പോകൂ

  ReplyDelete
 30. ഈ കഥ വായിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി..ഇത് നാട്ടില്‍ പലേടത്തും നടക്കുന്ന ...നടന്നിരിക്കുന്ന യഥാര്‍ത്ഥ സംഭവകഥ പോലെ തോന്നി .
  ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്..എന്റെ രണ്ടുമക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും(കൊച്ചുമക്കള്‍ ഇത്തിരിവവകലാണ് കേട്ടോ ) എന്നെ ജീവനാണ്

  ReplyDelete
 31. ഷാജി നായരമ്പലം-,
  അഭിപ്രായത്തിനു നന്ദി. സ്വന്തം മക്കൾ അമ്മയെ അവഗണിച്ചാൽ മറ്റുള്ളവരും അത് പോലെയാണ് പെരുമാറുക.

  keraladasanunni-,
  ബന്ധങ്ങൾ ഇങ്ങനെയും കാണും. അഭിപ്രായത്തിനു നന്ദി.

  നന്ദന-,
  അവിടെ പോയി വായിച്ചപ്പോൾ വളരെ സന്തോഷവും ആശ്വാസ്വും തോന്നി. ഇത്തിരി വിഷമം മാറി. നന്ദി.

  വിജയലക്ഷ്മി-,
  കഥ വായിച്ചതിന് പ്രത്യേകം നന്ദി. നമ്മുടെ നാട്ടിൽ നടക്കാറുള്ള ഒരു സംഭവം തന്നെയാണിത്. ഈ കഥയിൽ ഒരു കാര്യം ആരും ശ്രദ്ധിച്ചിരിക്കില്ല. ആ അമ്മക്ക് ഇങ്ങനെയൊരവസ്ഥ വരാൻ അവർക്കും ഒരു ചെറിയ പങ്ക് ഉണ്ട്. മറ്റുള്ളവരെ അവർക്ക് ഇഷ്ടമല്ല. പിന്നെ അന്യ വീട്ടിൽ അന്യന്റെ ചൊൽ‌പ്പടിക്ക് ജീവിക്കേണ്ട മകളോട് കൂടുതൽ ഇഷ്ടം കാണിക്കുന്നു. ഇത് ആണ്മക്കൾക്ക് അവരോടുള്ള താല്പര്യം കുറച്ചിരിക്കാം. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 32. ചില ജീവിതങ്ങള്‍ കഥകളാണ്‍ ! ഇക്കാലത്ത്
  അമ്മമാരുടെ ദുരന്തങ്ങളേ കേള്‍ക്കാനാവൂ!!
  അണുകുടുംബവ്യാപനം മാരകമായ അണുബാധയാണ്‍ സമൂഹത്തില്‍ പടറ്ത്തി
  വിട്ടിരിക്കുന്നത്.ഈ അണുബാധയേറ്റ് പുളയുന്ന അമ്മമാറ് ഏറെ !! വേദന കൊണ്ട്പുളയുന്ന
  അമ്മമാറ്ക്ക് സാന്ത്വനത്തിന്‍റെ ഒരു വാക്ക്
  പോലും നല്‍കാന്‍ തയ്യാറാവാത്ത മക്കള്‍ !!
  പ്രായംചെന്ന അഛ്നമ്മമാറ് മരിക്കാന്‍ തക്കം
  പാറ്ത്തിരിക്കുന്ന ആറ്ത്തി പൂണ്ട മക്കള്‍!

  ReplyDelete
 33. നല്ല കഥ.അവതരണവും ഇഷ്ടപ്പെട്ടു ഇപ്പോളാണ്കണ്ണില്‍ പെട്ടത്!

  ReplyDelete
 34. കഥ നന്നായെഴുതി..
  വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ.. കുറച്ചൊക്കെ അതിൽ അവർക്കു തന്നെ ഉത്തരവാദിത്തമുണ്ട്. മക്കളിൽ മൂല്യബോധം വളർത്തുന്നതിൽ വീഴ്ചവരുത്തുമ്പോൾ പിന്നീട് അത് അവർക്കുതന്നെ വിനയാകുന്നു.

  ReplyDelete
 35. വേദനിപ്പിയ്ക്കുന്ന ജീവിതങ്ങൾ.

  ReplyDelete
 36. മിനി ടീച്ചർ..വളരെ ഹൃദയസ്പർശിയായ കഥ..മനോഹരമായ്‌ എഴുതിയിരിക്കുന്നു..

  ആശംസകൾ

  ReplyDelete
 37. നല്ല കഥ ടീച്ചര്‍, മനസ്സ് വല്ലാതെ നൊന്തു.

  ReplyDelete
 38. teacher,sometimes reality s more dramatic dan fiction...
  nammude ammamaarkk ee gathi varaathirikkatte....

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..