“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/9/13

അഞ്ച് വേട്ടപ്പട്ടികളും ഞാനും

                     
                         ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കടക്കുന്ന പഴുതാരകളെപോലെ പലതരം സംശയങ്ങൾ എന്റെ ചിന്തകളിൽ‌നിന്ന് വെളിയിലേക്ക് ഇഴഞ്ഞുവരികയാണ്. തലച്ചോറിന്റെ ഉള്ളറകളിൽ‌നിന്നും പൊങ്ങിവരുന്ന അവ്യക്തമാണെങ്കിലും തീഷ്ണങ്ങളായ സംശയങ്ങൾ ഭീമാകാരംപൂണ്ട് വലയം ചെയ്യുമ്പോൾ അജ്ഞാതമായ ഭയം എന്നെ കീഴ്‌പ്പെടുത്തുന്നുണ്ട്. എല്ലാം വേട്ടപ്പട്ടികളെക്കുറിച്ചു തന്നെ; ഞാൻ സ്വന്തമാക്കിയ അഞ്ച് വേട്ടപ്പട്ടികൾ, പാലും പഴവും മുട്ടയും മീനും ഇറച്ചിയും കൊടുത്ത് ഓമനിച്ച്‌ വളർത്തിയ എന്റെ വേട്ടപ്പട്ടികൾ.
                        പ്രീയപ്പെട്ട വേട്ടപ്പട്ടികൾ, അവരെന്റെ സ്വന്തമാണ്, ഉണർവ്വിലും ഉറക്കത്തിലും എന്നോടൊപ്പം അവരുണ്ട്. എന്റെ ചിന്തകൾ ആശകൾ ഭാവങ്ങൾ ഭാവമാറ്റങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് എനിക്കുവേണ്ടി എന്റെ ആജ്ഞാനുവർത്തികളായി അവരഞ്ചും എന്നോടൊപ്പം കളിച്ചും ചിരിച്ചും വളരുകയാണ്.  അഞ്ച് വേട്ടപ്പട്ടികളുടെ യജമാനത്തി ആയതോടെ മറ്റുള്ളവർക്കെല്ലാം എന്നോട് മുഴുത്ത അസൂയ ആണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

                       എന്റെ വേട്ടപ്പട്ടികളെല്ലാം ഒരമ്മപെറ്റ മക്കളല്ലാത്തതിനാൽ അവർക്ക് അഞ്ച് നിറങ്ങളും അഞ്ച് സ്വരങ്ങളും ഉണ്ട്. അനേക ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം അപ്രതീക്ഷിതമായി ഓരോപട്ടിയും എന്റെ സ്വന്തമാവുമ്പോൾ മനസ്സിലെ ആഹ്ല്ലാദം അത്യുന്നതശൃംഗങ്ങളിൽ എത്താറുണ്ട്.
ഞാൻ ഓർക്കുകയാണ്,
ഒരു ചൊവ്വാഴ്ച നട്ടുച്ചനേരം;
ആദ്യമായി വേട്ടപ്പട്ടിയെ സ്വന്തമാക്കിയ ദിവസം,,
                       ജേസിബി യുടെ അതിശക്തമായ കരങ്ങളാൽ ഭൂമിയുടെ മാറിടം അതിനിഷ്ഠുരമായി പറിച്ചുമാറ്റപ്പെട്ട മണൽക്കാട്ടിലൂടെ അത്യുഷ്ണത്താൽ എരിഞ്ഞുകൊണ്ട് ഞാൻ നടന്നുനീങ്ങുകയാണ്. ചുറ്റും പെയ്യുന്ന വിജനതയുടെ ആകുലതകൾക്കിടയിൽ വിശപ്പും ദാഹവും ഓർക്കാൻ നേരമില്ലെങ്കിലും എന്റെ ആമാശയം ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും തയ്യാറല്ല. ചുറ്റും തീക്കട്ടകൾ പെയ്യുന്ന സൂര്യനിൽ നിന്ന് രക്ഷനേടാൻ ഒരു പുൽക്കൊടിയുടെ തണൽ‌പോലും എങ്ങും കാണാനില്ല. എന്നിട്ടും നടത്തം തുടരുമ്പോഴാണ് ചെറിയൊരു മുരൾച്ചകേട്ടത്, തിരിഞ്ഞുനോക്കിയപ്പോൾ അവിശ്വസനീയമായ ഒരു ദൃശ്യം,,,
പകുതിപൊട്ടിച്ച വലിയൊരു ചെമ്മൺപാറയുടെ പിന്നിൽ‌നിന്നും അവൻ പതുക്കെ നടന്നുവന്നു, എന്റേതായി മാറിയ ആദ്യത്തെ വേട്ടപ്പട്ടി. മണ്ണിന്റെ നിറമാർന്ന അവൻ മണ്ണിൽ‌നിന്ന് പിറവിയെടുത്തതായിരിക്കണം.
                      വാലാട്ടി സ്നേഹം പ്രകടിപ്പിച്ചശേഷം തലതാഴ്ത്തിയ വേട്ടപ്പട്ടി ചെറിയൊരു മുരൾച്ചയോടെ എന്റെ കണ്ണിൽ നോക്കിയപ്പോൾ അജ്ഞാതമായ ഒരു ബന്ധം ഞങ്ങൾക്കിടയിൽ രൂപംകൊണ്ടു. എന്റെ ദൈന്യത വായിച്ചറിഞ്ഞതുപോലെ ഒപ്പം അവനും നടന്നു. വേട്ടപ്പട്ടിയുടെ വരവ് ആഘോഷമാക്കി മാറ്റിയ എന്റെ മനസ്സ്, വിശപ്പും ദാഹവും മറന്നുകൊണ്ട് വളരെദൂരം നടക്കാനുള്ള ആവേശമായി വെളിയിൽ വന്നു.. ചെമ്മൺ‌നിറമാർന്ന അവൻ അന്നും ഇന്നും എനിക്കേറ്റവും പ്രീയപ്പെട്ടവനാണ്.

                       കൂട്ടത്തിൽ സുന്ദരൻ അഞ്ചാമനായ പച്ചവേട്ടപ്പട്ടിയാണ്; കാനനച്ഛായയിലൂടെ ഓടിക്കളിച്ചപ്പോൾ വഴിയറിയാതെ അലയുന്ന ഞങ്ങൾ‌ക്കിടയിലാണ് പച്ചിലകൾക്കിടയിൽ നിന്ന് പച്ചനിറമുള്ള അവൻ വന്നത്. എന്നെയും ഒപ്പമുള്ള നാല് വേട്ടപ്പട്ടികളെയും പിന്നിലാക്കി നടന്നുനീങ്ങിയ അവനാണ് ഒടുവിൽ ലക്ഷ്യസ്ഥാനം കാണിച്ചുതന്നത്. ആദ്യകാലത്ത് വേട്ടപ്പട്ടികളോടൊപ്പം നടക്കാൻ അല്പം മടിയുണ്ടെങ്കിലും ഇന്നെനിക്ക് അഭിമാനം തോന്നുകയാണ്. ഇങ്ങനെയൊരു അസുലഭസൌഭാഗ്യം ആർക്കെങ്കിലും കൈവന്നിട്ടുണ്ടോ? ലോകത്ത് വേട്ടപ്പട്ടിക്കളാൽ അകമ്പടി സേവിക്കപ്പെടുന്ന ആദ്യത്തെ പെണ്ണ് ഞാനല്ലാതെ മറ്റാരാണ്!
                        അഞ്ച് വേട്ടപ്പട്ടികളുടെ യജമാനത്തി ആയതോടെ വീട്ടുകാരും നാട്ടുകാരും എന്റെ കാര്യത്തിൽ ആകുലപ്പെടാൻ തുടങ്ങിയെങ്കിലും അക്കാര്യം എന്നോട് സംസാരിക്കാൻ എന്റെ പെറ്റമ്മപോലും ധൈര്യം കാണിച്ചില്ല. ഞാനാണെങ്കിൽ വീട്ടുകാര്യവും നാട്ടുകാര്യവും മാത്രമല്ല, എന്റെ സ്വന്തം കാര്യം‌പോലും മറന്നു. മറ്റുള്ളവർ എന്നിൽ‌നിന്ന് അകന്നുമാറിയെങ്കിലും വേട്ടപ്പട്ടികൾ നൽകിയ സുരക്ഷിതത്വം കാരണം എന്റെമനസ്സ് ആഹ്ലാദം നിറയുകയാണ്. എന്നെ നോക്കുന്നവരും എന്നോട് സംസാരിക്കുന്നവരും വേട്ടപ്പട്ടികളുടെ മുരൾച്ച കേൾക്കുമ്പോൾ പേടിച്ച് അകന്നുമാറാൻ തുടങ്ങി.

                       വേട്ടപ്പട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എനിക്ക് വിശ്രമവേളകൾ ഇല്ലാതായി. അഞ്ചപേരെയും പ്രഭാതവേളയിൽ ഉണർന്ന് കുളിപ്പിച്ചശേഷം പൊതുജനം ഉണർന്ന് തിരക്ക് കൂടുന്നതിന് മുൻ‌പ് വ്യായാമം ചെയ്യാനായി ഇടവഴിയിലൂടെ അവരോടൊപ്പം ഓടിക്കളിക്കണം. പോഷകാംശമുള്ള ഭക്ഷണം കണ്ടെത്തി പാകം‌ചെയ്ത് തീറ്റിച്ച്, ഉറക്കം വരുമ്പോൾ താരാട്ടുപാടിയിട്ട് അവരെ ഉറക്കണം. വേട്ടപ്പട്ടികളെ വളർത്തുന്നതിൽ അജ്ഞാതയായ ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങി. പുത്തൻ മാംസാഹാരങ്ങൾ ശേഖരിച്ചശേഷം പുത്തൻ പാചകകലകൾ സ്വായത്തമാക്കിയിട്ട് അവർക്കായി പാകം ചെയ്ത് കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് എന്റെ ശീലമായിമാറി. അതോടൊപ്പം വേട്ടപ്പട്ടികൾക്കിഷ്ടം ചൂടുള്ള ചോരയും പച്ചമാംസവും ആയതിനാൽ അവയുടെ ഇരകളാവാൻ പലതരം ജന്തുക്കളെ വീട്ടിൽ വളർത്താനാരഭിച്ചു.

                         അഞ്ച് നിറങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലും ആയതിനാൽ വെട്ടപ്പട്ടികളെ എളുപ്പത്തിൽ എനിക്ക് തിരിച്ചറിയാം. എന്റെ മനസ്സ് വായിച്ചറിഞ്ഞ അവർ എന്തും ചെയ്യാൻ തയ്യാറുള്ള ആജ്ഞാനുവർത്തികളായി നിലകൊള്ളുകയാണ്. എന്റെ ഭാവമാറ്റം, എന്റെ നോട്ടം, എന്റെ ചിന്ത എല്ലാം എന്നെക്കാൾ‌മുൻപെ അവർക്ക് തിരിച്ചറിയാം. എന്റെ നിരീക്ഷണവലയത്തിലാണ് വേട്ടപ്പട്ടികളെങ്കിലും അവരുടെ നിരീക്ഷണ വലയത്തിലാണ് ഞാനെന്നകാര്യം പലപ്പോഴും മറന്നുപോകാറുണ്ട്. കണ്ണ് തുറന്ന് ചെവി വട്ടം‌പിടിച്ച്, ജാഗ്രതയോടെ വേട്ടപ്പട്ടികൾ ചുറ്റിലും നിൽക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതിനാൽ അവരിൽ‌നിന്ന് അകന്നുമാറാൻ ഞാനൊട്ട് ആഗ്രഹിച്ചില്ല. അവർ കല്പിച്ച ലക്ഷ്മണരേഖ കടന്ന്, എന്നോട് സംസാരിക്കുന്നവരെല്ലാം അപകടത്തിൽ ചാടുമ്പോൾ അതെല്ലാം കണ്ടില്ലെന്ന് നടിക്കാൻ പഠിച്ചു.

എന്റെ ബാല്യകാല സ്നേഹിതയായ വീണ സുന്ദർ‌രാജാണ്, ‘വേട്ടപ്പട്ടികൾക്ക്’ ഫെയ്സ്‌ബുക്കിൽ ഇടം നൽകാൻ പറഞ്ഞത്,,
വീണ സുന്ദർ‌രാജ്,
എന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിയായവൾ;
എന്റെ ഒരേ ഒരു കൂട്ടുകാരി,
                         മൂന്നാം‌തരത്തിൽ പഠിക്കുമ്പോൾ സ്ക്കൂൾ വിട്ടുവരുന്ന കുട്ടികളെ കൊത്താനായി മേലേവിട്ടിലെ കല്ല്യാണിയമ്മയുടെ പുള്ളിപൂവൻ ചിറക്‌വിടർത്തി പറന്നുവന്ന ദിവസം,,, കൂട്ടുകാരെല്ലാം ഓടി വേലിചാടി മറിഞ്ഞപ്പോൾ ഏറ്റവും പിന്നിലായ എന്നെ കൊത്താനുള്ള അവസരമാണ് കോഴിക്ക് ലഭിച്ചത്. ആദ്യത്തെ കൊത്ത് കിട്ടിയപ്പോൾ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ അലറിക്കരഞ്ഞത്‌കേട്ട് പേടിച്ചരണ്ട പൂവൻ രണ്ടാം കൊത്തിന് തുനിയാതെ വന്ന വഴിയെ പറന്നുമറിഞ്ഞു. വലതുതുടയിൽ ചോരയൊലിപ്പിച്ച് കരയുന്ന എന്റെ അടുത്തേക്ക് ഓടിവരാൻ അവൾ‌മാത്രമേ ഉണ്ടായിരുന്നുള്ളു,, വീണ സുന്ദർ‌രാജ്; എന്റെ സ്വന്തം വീണ. കമ്മ്യൂണിസ്റ്റ് പച്ചയുടെ ചപ്പ്‌പറച്ച് തിരുമ്മിയിട്ട് മുറിവിനുമുകളിൽ വെച്ചശേഷം, അവൾ സ്വന്തം പാവാടയുടെ അറ്റം കീറിയെടുത്ത് ചുറ്റിക്കെട്ടിയതിന്റെ ഓർമ്മകൾ ഒളിമങ്ങാതെ ഇന്നും എന്റെ മനസ്സിലുണ്ട്.

                          വീണ സുന്ദർ‌രാജ് പറഞ്ഞതുപോലെ, വേട്ടപ്പട്ടികൾക്കായി തുടങ്ങിയ ഫെയ്സ്ബുക്ക് ഒരാഴ്ചക്കുള്ളിൽ ഷെയർ ചെയ്തവർ ആയിരത്തിലധികമായി. വേട്ടപ്പട്ടികളുടെ വാർത്തകളും ഫോട്ടോകളും കാണാൻ സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ കടന്നുവന്നപ്പോൾ ലൈക്കുകളും കമന്റുകളും നിറഞ്ഞുകവിഞ്ഞു. പട്ടിരോഗവിദഗ്ദന്മാരും പട്ടിപ്രേമികളും പട്ടിഭാഷ അറിയുന്നവരും വേട്ടപ്പട്ടികളുടെ ഫെയ്സ്‌ബുക്ക് പേജിൽ നിത്യസന്ദർശകരായി.

അതിനിടയിൽ, ഒരു ദിവസം,
മുന്നറിയിപ്പുകളൊന്നുമില്ലാതെ അവൾ വന്നു, അസൂയമൂത്ത സഹപാഠികളെല്ലാം അകൽച്ചയിൽ നിന്നെങ്കിലും എല്ലാദിവസവും ചാറ്റിം‌ഗിലൂടെ കണ്ട് സംസാരിക്കുന്ന എന്റെ വീണ. നേരിൽ‌കണ്ട ആവേശം‌കൊണ്ട് ഓടിവന്ന് അവളെന്നെ ആലിം‌ഗനം ചെയ്തതേയുള്ളു,,, പെട്ടെന്നത് സംഭവിച്ചു; എല്ല്‌പോലും ബാക്കിവെക്കാതെ അഞ്ച് വേട്ടപ്പട്ടികളും‌ചേർന്ന് അവളെ കൊന്ന്‌തിന്നുന്ന ഭീകരദൃശ്യത്തിനു ഞാൻ സാക്ഷിയായി.

                         ബന്ധുക്കളെല്ലാം പുർണ്ണമായി എന്നെ ഒഴിവാക്കിയത് ഒരുമാസം മുൻപാണ്. വേട്ടപ്പട്ടികളെ കണ്ടാൽ പേടിച്ച് ഞെട്ടുന്ന എന്റെ അമ്മ, മകൾ സുരക്ഷിതയാണെന്ന ആശ്വാസവിശ്വാസത്തോടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ആ അമ്മയെയാണ് ദിവസങ്ങൾക്ക്‌ശേഷം ഇടവഴിയിൽ‌വെച്ച് ഞാൻ കണ്ടുമുട്ടിയത്. ‘മോളേ’ എന്ന വിളിയോടെ എന്നെ സമീപിച്ച അമ്മയുടെ ഇടതുകാലിൽ കടിച്ചത് രണ്ട് വേട്ടപ്പട്ടികൾ ഒന്നിച്ചായിരുന്നു. ഭീതിജനകമായ ആ സംഭവത്തിനുശേഷം ബന്ധുക്കളും നാട്ടുകാരും എന്നെ നോക്കാൻ ഭയപ്പെട്ടു. പകൽ‌വെളിച്ചത്തിൽ എന്നെ കാണുന്ന അയൽ‌വാസികൾ പിശാചിനെ കാണുന്നതുപോലെ പെട്ടെന്ന് മുഖം മറക്കുകയും എനിക്കുനേരെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്തു.

                         ഫെയ്സ്‌ബുക്കും ബ്ലോഗും ചാറ്റും ഇ.മെയിലും നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഞാനൊരു മഹാസത്യം കണ്ടെത്തിയത്. അഞ്ച് വേട്ടപ്പട്ടികളുടെയും മനസ്സ് ഒന്നാണ്; അവർക്ക് എല്ലാ ഭാഷകളും വായിക്കാനറിയാം. ഫെയ്സ്‌ബുക്കിൽ സ്വന്തം‌പേജ്‌ തുറന്നാൽ മോണിറ്ററിൽ കണ്ണും‌നട്ടിരിക്കുന്ന അവരഞ്ച്‌പേരും കമന്റുകൾ ഓരോന്നായി വായിക്കും. ഇഷ്ടമില്ലാത്തത് ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ വായിച്ചനിമിഷം ഡിലീറ്റ് ചെയ്യാനുള്ള സൂചനകൾ തരുന്നത് അവരുടെ ശിലമായി മാറി. കമന്റുകൾ വായിച്ചശേഷം അന്യോന്യം ആശയവിനിമയം നടത്തുന്നത് കണ്ടെത്തിയ എന്നിൽ പലവിധ സംശയങ്ങൾ ഉണർന്നു.

                           ബന്ധുക്കളും നാട്ടുകാരും എന്നിൽ‌നിന്ന് അകന്നെങ്കിലും മനസ്സിൽ കുളിര് പെയ്തത് അവൻ മാത്രമായിരുന്നു, ‘ആകാശ്’. കൂടുതൽ സമയം ചാറ്റ് ചെയ്യാൻ എനിക്കിഷ്ടം അവനുമായി മാത്രമാണ്. ഒന്നിച്ച് കളിവീട്‌വെച്ച് കളിച്ച എന്റെ അയൽ‌വാസിയായ ആകാശ് കുട്ടിപ്രായം വിട്ടപ്പോൾ പ്രീയപ്പെട്ട കാമുകനായി മാറി. അകലെയാണെങ്കിലും ആകാശിനോട് ഫോണിൽ സംസാരിച്ചതിനു ശേഷമായിരുന്നു ഞാനെന്നും ഉറങ്ങാൻ കിടന്നത്. വേട്ടപ്പട്ടികൾക്കും ആകാശ് പ്രീയപ്പെട്ടവനായതു കൊണ്ടായിരിക്കണം, ചാറ്റിൽ ആകാശ് എവെയിലബിൾ ആണെങ്കിൽ പെട്ടെന്ന് അവരെല്ലാം എന്നെ സമീപിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ആകാശിനോട് സംസാരിക്കാൻ എന്നെക്കാൾ തിരക്ക് അവർക്കാണെന്ന് അവരുടെ നോട്ടത്തിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു.

                          രണ്ട് വർഷത്തെ വിദേശവാസത്തിനുശേഷം ആകാശ് വരുന്ന ദിവസം,,, എന്റെ മനസ്സിലെ മയിൽ‌‌പീലി വിടർന്നപ്പോൾ വേട്ടപ്പട്ടികളും എന്നോടൊപ്പം ഓടിനടക്കുന്നത് ഞാൻ കണ്ടെത്തി. അതിനിടയിൽ അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തിയത് ആകാശിന് ഗംഭീരസ്വീകരണം നൽകാനല്ലാതെ എന്തിനായിരിക്കണം?
ഒടുവിൽ സന്ധ്യാകാശം സിന്ദൂരമണിയുന്ന നേരത്ത് അവൻ വന്നു,
എന്റെ പ്രീയപ്പെട്ട ആകാശ്, ഞാൻ കാത്തിരിക്കുന്ന എന്റെ ആകാശ്,
കാറിൽ നിന്നിറങ്ങി വരുന്ന എന്റെ കാമുകനെ സ്വീകരിക്കാൻ ഞാൻ ഓടിയപ്പോൾ എന്നെക്കാൾ മുന്നിൽ അവർ അഞ്ച്‌പേരും ഓടി;
പെട്ടെന്ന്,
ആകാശിന്റെ കാലിൽ കടിച്ചത് അവസാനമായി സ്വന്തമാക്കിയ പച്ചവേട്ടപ്പട്ടി ആയിരുന്നു. രണ്ടാമത്തെ കടി വീഴുന്നതിന് മുൻപ് രക്ഷപ്പെടാനായി ഓടുന്നവന്റെ പിന്നാലെ അഞ്ച് പട്ടികളും കുരച്ചുചാടിയപ്പോൾ അതിവേഗം ഓടിവന്ന വാഹനമടിച്ച് എന്റെ ആകാശ് അവസാനശ്വാസം വലിച്ചു. എന്റെ മടിയിൽ കിടന്ന് എന്റെ പ്രീയപ്പെട്ടവൻ മരിക്കുമ്പോൾ കണ്ണിൽ  നിഴലിച്ച ഭയം അജ്ഞാതമായ ആശങ്കകൾ എന്നിലുണർത്തി. മനസ്സിൽ ഒരു തീപ്പൊരി വിതറിയിട്ട് അവൻ യാത്രപറഞ്ഞപ്പോൾ എന്നോടൊപ്പം കണ്ണീർ വാർക്കാൻ വേട്ടപ്പട്ടികൾ അഞ്ചുപേരും മത്സരിച്ചു.

                            അഞ്ച് വേട്ടപ്പട്ടികളുടെ ഉടമസ്ഥയാണെങ്കിലും അവരഞ്ച്‌പേരും എന്റെ യജമാനന്മാരാവുകയാണെന്ന്, ഇപ്പോൾ എനിക്ക് അറിയാൻ കഴിയുന്നു. ‘ഇരിക്കേണ്ടിടത്ത് ഇരിക്കേണ്ടവർ ഇരുന്നില്ലേൽ അവിടെ പട്ടി കയറിയിരിക്കും’ എന്ന് അമ്മ പറഞ്ഞ കാര്യം ഞാനോർക്കുകയാണ്. ഇവിടെ പട്ടിയല്ല, അസ്സൽ വേട്ടപ്പട്ടികളാണ്; അതും ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം. രക്തം പുരണ്ട കൂർത്ത കോമ്പല്ലുകൾ വെളിയിൽ‌കാട്ടി ഒരു മുരൾച്ചയോടെ ഇടയ്ക്കിടെ എന്നെനോക്കി നാവ് നീട്ടുമ്പോൾ, അവരുടെ ഉള്ളിലുള്ള ആർത്തി കണ്ടില്ലെന്ന് നടിക്കുകയാണ്. മനസ്സിന്റെ ഉള്ളിൽ നിന്നുയരുന്ന ഏതോ ഒരു ഭയം,‌ അവരെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രം ഫെയ്സ്‌ബുക്കിൽ എഴുതാൻ എനിക്ക് പ്രേരണ നൽകുന്നു. ഒന്നിച്ച് ഒറ്റക്കെട്ടായി ഒരേ മനസ്സുമായി നീങ്ങുന്ന വേട്ടപ്പട്ടികളെ ഒരിക്കലും എനിക്ക് ഒഴിവാക്കാനാവില്ല, എന്ന മഹാസത്യം ഈ വൈകിയ വേളയിൽ ഞാൻ തിരിച്ചറിയുന്നു.

                           എന്റെ മനസ്സ് വായിച്ചറിഞ്ഞ് എന്റെ ആജ്ഞകൾ അനുസരിക്കുന്ന വേട്ടപ്പട്ടികളെ ഇപ്പോൾ ഞാൻ അനുസരിക്കുകയാണോ? അവരുടെ അടിമയായി ഞാൻ ജീവിക്കുകയാണോ? ചുടുചോരയുടെ മണമറിഞ്ഞ വേട്ടപ്പട്ടികൾ, പുത്തൻ ഇരകൾക്ക് വേണ്ടിയുള്ള ദാഹം പ്രകടമാക്കുമ്പോൾ എന്റെ ചിന്തകൾ അവരെ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് മാത്രമായി മാറുന്നു. എനിക്കുചുറ്റും സംരക്ഷണവലയം സൃഷ്ടിച്ച് ഉറങ്ങാതെ എനിക്ക് കാവലാളായ അവർ അജ്ഞാതഭാഷയിൽ ആശയവിനിമയം നടത്തുന്ന കാഴ്ച കാണാതിരിക്കാൻ ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചുപൂട്ടി.
                           നിഷ്ഠുരമായ പത്തു കണ്ണുകളിൽ‌നിന്നുയർന്ന് ആസക്തിയായി രൂപാന്തരപ്പെട്ട അവരുടെ നോട്ടം, പതുക്കെ എന്റെ കണ്ണുകളിൽ നിന്ന് മാറി താഴോട്ട് ഉടലിലേക്ക് ഇറങ്ങുകയാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. കഴുത്തിൽ മാറിടത്തിൽ അരക്കെട്ടിൽ പിന്നെ,,, എന്റെ വേട്ടപ്പട്ടികളുടെ നോട്ടവും ഭാവവും മാറുകയാണ്. അവരുടെ കണ്ണുകളിൽ‌നിന്നുള്ള ഭീകരമായ നോട്ടം, എന്റെ ദേഹം മുഴുവൻ ഇഴഞ്ഞുനീങ്ങുമ്പോൾ മനസ്സിൽ ഭയം അലയടിക്കുകയാണ്.    
******************************************************