“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

1/31/11

നിണമണിഞ്ഞ ഓർമ്മകൾ

ഇന്നലെ രാത്രിയിലും അത് ചെയ്തു;
ആരുടെയോ ആജ്ഞകൾ ലഭിക്കുമ്പോൾ യാന്ത്രികമായി ജോലികൾ ചെയ്തുവന്ന അയാൾ, ലക്ഷ്യം തെറ്റാതെ, ഏല്പിച്ച ജോലി നൂറ് ശതമാനം കൃത്യമായി ഇന്നലെയും ചെയ്തു.
പിന്നീട്,,
മനസ്സും ശരീരവും പതറാതെ പുറത്തുകടന്ന് തനിക്ക് മാത്രമായി തുറന്നുവെച്ച വണ്ടിയിൽ കയറിയപ്പോൾ, ആ വണ്ടി ആരോ ഓടിച്ച് പഴയ കെട്ടിടത്തിനു സമീപം വന്ന് നിർത്തി. ഇരുട്ടിൽ‌നിന്നും അജ്ഞാതനായ ഒരാൾ നീട്ടിയ പണംവാങ്ങി എണ്ണിനോക്കി തുക ഉറപ്പുവരുത്തിയതിനുശേഷം പണസഞ്ചിയുമായി താമസസ്ഥലത്ത് വന്ന തന്നെ ഇറക്കിവിട്ട്, ആ വാഹനം സ്ഥലം വിട്ടു. അകത്തുകടന്ന ഉടനെ വസ്ത്രം പോലും മാറ്റാതെ ഒറ്റക്കിടപ്പാണ്;
കൃത്യനിർവ്വഹണത്തിന്റെ ഒടുവിൽ ലഭിക്കുന്ന ഇത്തിരി വിശ്രമം.

                         ഏറെനേരം സുന്ദരങ്ങളായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങിയപ്പോൾ രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കം അകലാൻ തുടങ്ങിയനേരത്ത്, തിരശ്ശീലകൾ നീക്കി ഗതകാലസ്മരണകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങി,
,,, പണ്ടേ ഇങ്ങനെയാണ്,
,,, ഉറക്കം വിട്ടകന്നാൽ മറക്കാൻ കൊതിച്ചതെല്ലാം മറനീക്കി പുറത്തുവരും,
,,, നല്ലവരായ അച്ഛന്റെയും അമ്മയുടെയും ഏകമകനായ തന്റെ ജീവിതം.
അതെല്ലാം ഓർക്കുന്നതിൽ എന്താണ് തെറ്റ്?
നാട്ടിലെ അറിയപ്പെടുന്ന അദ്ധ്യാപകരുടെ മകൻ, പഠനത്തിലും സ്വഭാവമഹിമയിലും ജീവിതരീതിയിലും മറ്റുള്ള ചെറുപ്പക്കാർക്ക് മാതൃക ആയി നാട്ടുകാർ ചൂണ്ടിക്കാട്ടിയവൻ,
നാട്ടുകാരെ നേർ‌വഴിക്ക് നയിച്ച അദ്ധ്യാപകരുടെ ഒരേയൊരു സൽ‌പുത്രൻ,
ഭാവിജീവിതത്തിൽ ഉന്നതസ്ഥാനത്ത് എത്തിപ്പെടേണ്ടവൻ,
ബന്ധുക്കളും നാട്ടുകാരുമായി അനേകങ്ങൾക്കിടയിൽ നല്ലവാക്ക് പറയിപ്പിച്ചവൻ.

പക്ഷെ,,,
എല്ലാവരാലും നല്ലവനായി അറിയപ്പെട്ട തന്റെ ജീവിതം തകർത്തത് അവർ തന്നെയാണ്,
വിധി തന്നെ കൂടുക്കാനായി സുഹൃത്തുക്കളുടെ രൂപത്തിൽ വന്ന കെണി,
നന്മ മാത്രം ചെയ്യാനായി, മറ്റുള്ളവരെ സഹായിക്കാനായി മാത്രം അറിയുന്ന തന്നെ അവർ കുടുക്കിയ കെണി,
അതോ, കെണിയിൽ പോയി വീണതാണോ?
ഒരു വീണ്ടുവിചാരത്തിനോ, ഒരു തിരിച്ചുപോക്കിനോ പഴുതില്ലാത്ത കെണി.

                           പത്താം തരം കഴിഞ്ഞ് വീട്ടിലിരിക്കുന്ന നേരത്താണ് അവൻ വന്നത്, ബന്ധുവാണെങ്കിലും തന്നെക്കാൾ പ്രായമുള്ള അവൻ എത്ര വേഗത്തിലാണ് മനസ്സിനെ കീഴടക്കിയ സുഹൃത്തായി മാറിയത്. കൂട്ടുകാരൊന്നുമില്ലാത്ത തനിക്ക്, വീട്ടിലെ ഏകാന്തത അകറ്റാൻ അവനെ കിട്ടിയതിൽ മാതാപിതാക്കൾ സന്തോഷിച്ചു. അവന്റെ കൂടെ പോകാൻ പൂർണ്ണസ്വാതന്ത്ര്യം തന്ന രക്ഷിതാക്കൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, അവരുടെ ഓമനപുത്രൻ സുഹൃത്തിന്റെ രൂപത്തിൽ വന്ന കെണിയിൽ കുടുങ്ങുകയാണെന്ന്. ഒടുവിൽ അറിയുമ്പോഴേക്കും മകന്റെ നാശം പൂർണ്ണമായിരുന്നു. ലഹരിയിടെ പണത്തിന്റെ ആഘോഷത്തിന്റെ ലോകത്ത് സഞ്ചരിക്കുന്ന ഏകമകന്റെ നാശം അവരെ തളർത്തി. കണ്ണീരുമായി കോടതിവരാന്തയിൽ നിന്ന് അച്ഛനും അമ്മയും ഇറങ്ങിപ്പോയപ്പോൾ, ജീവിതത്തിലെ സുഗന്ധപൂർണ്ണമായ അദ്ധ്യായം അടഞ്ഞിട്ടും, ഒട്ടും വേദന തോന്നിയില്ല.

                         സുഹൃത്തുക്കൾ നൽകിയ ലഹരിയുടെ മറ്റൊരു ലോകത്ത് വിഹരിച്ച കാലത്ത് മറ്റെല്ലാം മറന്നു. അവിടെ അവനായി എല്ലാ വാഗ്ദാനങ്ങളും അവർ നൽകി. ജീവിതത്തിൽ ലഭിക്കാനുള്ള എല്ലായിനം സുഖസൌകര്യങ്ങളും മുന്നിൽ നിരത്തിയപ്പോൾ അവൻ അവർക്ക്മാത്രം കടപ്പെട്ടവനായി. പറയുന്നതെന്തും ചെയ്യാനുള്ള തന്റേടം അവനെ അവർക്ക് പ്രീയപ്പെട്ടവനാക്കി മാറ്റി.

                       അവരുടെതായ ആ കേന്ദ്രത്തിൽ മനുഷ്യന്മാരില്ല; ഉള്ളത് റിമോട്ടിന്റെ താളത്തിനൊത്ത് ചലിക്കുന്ന യന്ത്രമനുഷ്യർ മാത്രം,,,  രക്തവും മാംസവും മജ്ജയും ഉൾക്കൊള്ളുന്ന ദേഹമാണെങ്കിലും വികാര വിചാരങ്ങളില്ലാത്ത വെറും യന്ത്രമനുഷ്യർ. മുകളിൽ‌നിന്നുള്ള ആജ്ഞകൾ കിട്ടിയാൽ എല്ലാവരും കർമ്മനിരതരാവുന്നു. ഒരാൾ സൈറ്റ് പ്ലാൻ ചെയ്യുന്നു, മറ്റൊരാൾ റൂട്ട് ക്ലിയർ ആക്കുന്നു, വേറെ ഒരാൾ തന്നെ സൈറ്റിൽ എത്തിക്കുന്നു. തന്റെതായ കർമ്മം മുന്നിൽ കാണിച്ച ‘ഇരയെ കൊല്ലുക’ എന്നത് മാത്രം. അത് നൂറ് ശതമാനം ശരിയായി നിർവ്വഹിച്ചശേഷം തിരിച്ച് കേന്ദ്രത്തിൽ എത്തിക്കാൻ വാഹനവുമായി ആൾ എത്തിയിരിക്കും. ചെയ്യുന്ന പ്രവൃത്തിയിൽ ഇതുവരെ ഒരു പിഴവും പറ്റിയിട്ടില്ല എന്നത് തനിക്ക് മാത്രമായിട്ടുള്ള ഗുണമാണ്. തന്റെ ഇരകൾ ആരെന്നോ, ആരെയെന്നോ, എവിടെയെന്നോ, ഇതുവരെ അന്വേഷിച്ചില്ല;
...എന്തിന് അന്വേഷിക്കണം?
                    കനത്ത പ്രതിഫലത്തോടൊപ്പം ജീവിക്കാൻ വേണ്ടതെല്ലാം അജ്ഞാതരായ ആരൊക്കെയോ നൽകുന്നുണ്ട്. പകൽ‌വെളിച്ചത്തിൽ അന്യമനുഷ്യരുടെ മുഖം കാണാത്തതും സ്വന്തം മുഖം അന്യർക്കുമുന്നിൽ കാണിക്കാത്തതുമായ ജീവിതം. പുറം‌ലോകത്ത് അറിയാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പിന്നിൽ ആളുകൾ ഉള്ളപ്പോൾ താനെന്തിന് മറ്റു കാര്യങ്ങൾ അന്വേഷിക്കണം?

എന്നാൽ ഇന്നലെ,,,
ഇടതുകാലിൽ,, ആ നശിച്ച കിഴവിയുടെ മരണപ്പിടുത്തം,,, തന്റെ കണ്ണിൽ ദയനീയമായി നോക്കി “മോനേ” എന്നുള്ള വിളി,,,
എന്നിട്ടെന്താ? ഏല്പിച്ച ജോലി ചെയ്യാതിരിക്കാൻ പറ്റുമോ?
,,,
മറ്റുള്ളവർ തനിക്കായി തുറന്നിട്ട വാതിലിലൂടെ ആ വലിയ വീടിന്റെ അകത്തുകടന്നപ്പോൾ പതിവിനുവിപരീതമായി ഒന്നും തോന്നിയില്ല,
വാതിലുകൾ പലതും കടന്ന് എത്തിയത് ഒരു കട്ടിലിന് സമീപം,,, അവിടെ ഒരു വയസ്സനും വയസ്സിയും മുഖത്തോട് മുഖം നോക്കി കണ്ണടച്ച് സുഖമായി ഉറങ്ങുകയാണ്,,,
അവസാനത്തെ ഉറക്കത്തിന് മുൻപ് എല്ലാം മറന്നുള്ള ഉറക്കം.
അവർ,,, തന്റെ ഇരകൾ
കൈകൾ വിറച്ചില്ല,
മനസ്സ് പതറിയില്ല,
പതിവ് തെറ്റിയില്ല; ആദ്യം ആണിനെ, പിന്നെ പെണ്ണിനെ,
                     ഒന്ന് പിടയാനോ കണ്ണ് തുറക്കാനോ അവസരം ലഭിക്കുന്നതിനുമുൻപ് നെഞ്ചിലേറ്റ ആയുധം കിഴവന്റെ പ്രാണനെടുത്തു. അടുത്തനിമിഷം ആയുധം നെഞ്ചിലാഴ്ത്തുന്നതിന് മുൻപ് ആ വയസ്സിത്തള്ള ഉണർന്ന് ബഹളം വെച്ചപ്പോൾ കുത്ത് കൊണ്ടത് ഒട്ടിയ അടിവയറ്റിൽ. കട്ടിലിൽ‌നിന്ന് പിടഞ്ഞ് നിലത്ത്‌വീണ കിഴവിയെ ശരിപ്പെടുത്താനായി രണ്ടാമത് കത്തിഉയർത്തുന്ന നേരത്ത് അവർ ഉച്ചത്തിൽ വിളിച്ചു,
“മോനേ”
വളരെക്കാലം മുൻപ്‌‌തന്നെ ദയനീയമായ വാക്കുകൾക്ക് നേരെ, സ്വന്തം ചെവി കൊട്ടിയടക്കപ്പെട്ട തനിക്ക് ഒട്ടും പതറാതെ, രണ്ടാമത് അവരുടെ നെഞ്ചിൽ‌തന്നെ കത്തി താഴ്ത്താൻ കഴിഞ്ഞു. മരണം ഉറപ്പിച്ചശേഷം കത്തിയൂരി തിരിച്ചുനടക്കാൻ നേരത്താണ് അറിഞ്ഞത്,,, ,,,
ആ നശിച്ച കിഴവി ഇടതുകാലിൽ മുറുകെ പിടിച്ചിരിക്കുന്നു,, മരണവെപ്രാളത്തിൽ പിടിവിടാതെയുള്ള മരണപ്പിടുത്തം.

                    പെട്ടെന്ന് സ്വന്തം കാല് സ്വതന്ത്രമാക്കാൻ അവരുടെ വലതുകൈ മുറിച്ചു മാറ്റിയപ്പോൾ ചോര ചിതറിത്തെറിച്ചത് നിലത്തും ചുമരിലും മാത്രമല്ല തന്റെ മുഖത്തും ചുണ്ടിലും കൈകളിലും കൂടി ആയിരുന്നു. ചുണ്ടിൽ പതിഞ്ഞ ഇളം‌ചൂടുള്ള ചോര നുണഞ്ഞിറക്കിയപ്പോൾ ആകെ ഒരു സംശയം,
ആ ചോരക്ക് മുലപ്പാലിന്റെ രുചിയല്ലെ? 
അങ്ങനെ തനിക്ക് തോന്നിയത് മാത്രമാണോ???
പിന്നീട് വന്നവഴിയെ തിരിച്ചുനടക്കുമ്പോൾ,,, പൂർവ്വാശ്രമത്തിലെ ഓർമ്മകൾ തെളിയുകയാണോ?
മുറികൾ ഓരോന്നായി പിന്നിടുമ്പോൾ കാഴചയിൽ പതിഞ്ഞ ചുമരുകളിൽ കരിക്കട്ടകൊണ്ട് വരഞ്ഞ ആ കൊച്ചുകുട്ടി മനസ്സിന്റെ കോണിൽ എവിടെയോ ഒളിച്ചിരിക്കുന്നില്ലെ???
ഒരുനിമിഷം‌മുൻപ് കത്തി താഴ്ത്തിയ ആ അടിവയറ്റിൽ കിടന്ന്, കൈകാലിട്ടടിച്ച ഒരു കുഞ്ഞ്! 
അവൻ ആരാണ്?
ചിന്തകൾ കാട് കയറുകയാണോ?
                 നേരം പുലരാറായപ്പോൾ ചിന്തകൾക്ക് വിരാമം നൽകിയത് അകലെ അമ്പലത്തിൽ നിന്നുയരുന്ന ഭക്തിഗാനമാണ്, ഒപ്പം പള്ളിയിലെ ബാങ്ക് വിളിയും മുഴങ്ങി. മുഖത്ത് എന്തോ നനഞ്ഞ് ഒട്ടിപ്പിടിച്ചതുപോലെ, കൈകൊണ്ട് തടവിയപ്പോൾ മുഖത്തെ നനവ് കൈകളിലും പരന്നു. പെട്ടെന്ന് തലേദിവസത്തെ ഓർമ്മവന്നു,
‘ആ കിഴവിയുടെ ചോര തെറിച്ചതായിരിക്കണം’
നേരം പുലരുന്നതിന് മുൻപ് കുളിച്ച് വൃത്തിയാവണം, എന്നിട്ട്‌വേണം പത്രം വായിച്ച് തലേദിവസം താൻ ‌ചെയ്ത വീരകൃത്യങ്ങൾ അറിയാൻ,
                  ശരീരവും മനസ്സും നന്നായി തണുക്കുന്നതുവരെ കുളിച്ചെങ്കിലും ഒരു തരത്തിലും തൃപ്തി തോന്നുന്നില്ല. കാലും കൈയും മുഖവും, വീണ്ടുംവീണ്ടും കഴുകാൻ തുടങ്ങി. ഇടതുകാലിന്റെ ഭാരം മാറുന്നതേയില്ല, ഇപ്പോഴും ആ കിഴവി ‘കാലിൽ മുറുക്കിപ്പിടിച്ചിരിക്കയാണോ’ എന്ന ഒരു തോന്നൽ.
ഹോ,,, വയ്യാ,,,

                 പത്രങ്ങൾ വന്നെത്തി; ദിനചര്യകൾ ഒന്നിനും മാറ്റമില്ല, എല്ലാം മുൻ‌കൂട്ടി പ്ലാൻ ചെയ്തതാണ്. അടുത്ത ഇരയെ കൊല്ലേണ്ട ഡ്യൂട്ടി വരുന്നതുവരെ ഈ വലിയ കെട്ടിടത്തിലാണ് വാസം. തന്നെപ്പോലെ മറ്റുപലരും പലമുറികളിലായി ഇവിടെയുണ്ടെങ്കിലും ആരും ആരെയും കാണുകയോ അറിയുകയോ ഇല്ല.

പത്രങ്ങൾ തുറക്കാതെതന്നെ വാർത്ത വായിക്കാം, തലേദിവസത്തെ കൊലപാതകവാർത്ത മുൻ‌പേജിൽ‌തന്നെ,,, ഒപ്പം ഫോട്ടോയും,,,
‘അദ്ധ്യാപക ദമ്പതികൾ കൊല്ലപ്പെട്ടു, മോഷണമാണെന്ന് സംശയിക്കുന്നു’
‘ഒറ്റയ്ക്ക് താമസിക്കുന്ന അദ്ധ്യാപക ദമ്പതികൾ ഇന്നലെരാത്രി ക്രൂരമായി കൊല്ലപ്പെട്ടു. വാർദ്ധക്ക്യം ബാധിച്ച ഇവരുടെ ഒരേയൊരു മകൻ,,,’
മുഖത്ത് വീണ്ടും നനവ്; നെറ്റിയിൽ, കൺപോളകളിൽ, നാസാഗ്രത്തിൽ, കവിളിൽ, കീഴ്ത്താടിയിൽ,,, തടവിയപ്പോൾ നനഞ്ഞ കൈകളിൽ ചോരയുടെ നിറം,
കൈയും മുഖവും നന്നായി കഴുകി, വീണ്ടും വീണ്ടും കഴുകിയശേഷം മുന്നിലെ നിശ്ചലമായ വെള്ളത്തിൽ നോക്കി,
അവിടെ,,,
ആ കാണുന്ന മുഖം ആരുടേതാണ്?
കണ്ണാടികളെ മറന്ന കാലം‌തൊട്ട് സ്വന്തം മുഖഛായ മറന്ന താൻ നിശ്ചലജലത്തിൽ കാണുന്നത് തന്റെ മുഖം തന്നെയല്ലെ?
ഒന്നുകൂടി നോക്കിയപ്പോൾ ജീവിതത്തിൽ ആദ്യമായി ഞെട്ടി,
ആ മുഖത്ത് രണ്ട് കണ്ണുകൾ ഒഴികെ മറ്റെല്ലായിടത്തും ചോര പൊടിയുന്നു!!!
അതെ, കണ്ണിൽ ചോരയില്ലാത്തവൻ,, അല്ല, കണ്ണിൽ മാത്രം ചോരയില്ലത്തവൻ,,,
ഒരുനിമിഷം‌ കൊണ്ട് ഓടി രക്ഷപ്പെടണം, എങ്ങോട്ടെങ്കിലും,,,
പക്ഷെ,,,
ഇടതുകാൽ,,, രണ്ട് കൈകൾ ചേർന്ന് തന്റെ ഇടതുകാലിനെ ചുറ്റിപ്പിടിച്ച് ഭൂമിയിൽ ഉറപ്പിച്ചിരിക്കയാണ്, വയ്യാ,,,
എനിക്കിനി വയ്യാ,,,
അമ്മേ,,,

1/10/11

തലയിണമന്ത്രത്തിലെ ഡെറ്റോൾ‌ഗന്ധം

                     ലാസ്റ്റാമത്തെ മരുമകളായ രശ്മിക്കുട്ടിയെയും കെട്ടിച്ചുവിട്ടതിന് ശേഷമാണ്, അതിവിശാലമായ തറവാടിലെ കാരണവരായ ഉണ്ണിയേട്ടൻ അഥവാ ഉണ്ണിമാമൻ സ്വന്തമായി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. അത്രയും‌കാലം അദ്ദേഹത്തിന്റെ ബ്രഹ്മചര്യം കണ്ണിലെ കൃഷ്ണമണിപോലെ ഉറക്കമിളച്ച് കാത്ത്‌സൂക്ഷിച്ച പെങ്ങമ്മാരും അനിയന്മാരും അളിയന്മാരും മരുമക്കളും തന്നെയാണ്, ആ പരിശുദ്ധ മനസ്സിലുയർന്ന വിവാഹമോഹത്തിനു പിന്നിൽ അണിനിരന്നത്.

                       ഉണ്ണികൃഷ്ണനെന്ന് പേരാണെങ്കിലും സാക്ഷാൽ ഉണ്ണികൃഷ്ണനെപ്പോലെ ഗോപികമാരുടെ കൂടെ രാസലീലകളാടാൻ നല്ലകാലത്ത്‌പോലും അദ്ദേഹത്തിന് മോഹം തോന്നിയിട്ടില്ല. അഥവാ തോന്നിയാലും നടക്കില്ല. കാരണം വലിയൊരു തറവാട്ടിലെ വലിയൊരു ഭാരം ഇരുചുമലിലും ഏല്പിച്ച് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അതിവേഗം പരലോകത്തേക്ക് ബഹുദൂരം പോയതിനാൽ ഇത്രയും കാലം സ്വന്തം കാര്യമൊഴികെ മറ്റെല്ലാം സിന്ദാബാദാക്കിയ ആളാണ് നമ്മുടെ നല്ലവനായ കാരണവർ.

                        മൂത്ത ചേട്ടനെ കല്ല്യാണം കഴിപ്പിക്കണമെന്ന് വാശിപിടിച്ചവരുടെ കൂട്ടത്തിൽ ഇളയ സഹോദരന്മാരും സഹോദരിമാരും ആയി ആറുപേർ മുൻനിരയിലും അനേകം പേർ പിൻ‌നിരയിലും ഉണ്ടായിരുന്നു. അതുവരെ തറവാട്ടിലെ സ്വത്തുക്കളൊക്കെ തിന്നുമുടിച്ച ചേട്ടന് ഇനി വയ്യതായാൽ, പുറം തടവാനോ വെള്ളം ചൂടാക്കികൊടുക്കാനോ തങ്ങളിൽ ആർക്കും സൌകര്യമുണ്ടാവില്ല, എന്ന് ചിന്തിച്ച അവർ, പണം കൊടുത്ത്  നിയമിക്കുന്ന ഒരു ഹോം‌നേഴ്സിനു പകരം കൂലിയില്ലാതെ ജോലിചെയ്യാനായി ഒരു ചേട്ടത്തിയമ്മയെ കൊണ്ടുവരാൻ തീരുമാനിച്ചു. 

                       അങ്ങനെ ഉണ്ണിയേട്ടന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിനു പകരം വിവാഹാഘോഷം ഗംഭീരമായി നടന്നു. വധു രാധയല്ലെങ്കിലും രുക്മിണിതന്നെ ആയിരുന്നു. കാരണവർക്ക് വയസ്സാംകാലത്ത് ജനിക്കുന്ന അരുമസന്താനം തറവാട്ടിലെ അതിവിശാലമായ സ്വത്തുക്കൾക്ക് ആവകാശിയായി വരാതിരിക്കാനുള്ള മുൻ‌കരുതലായി, നാല്പത്തിഅഞ്ച് കഴിഞ്ഞ സുന്ദരിയും സുശീലയും ആയ വധുവിനെയാണ് മരുമക്കൾചേർന്ന് അമ്മായി പദത്തിലേക്ക് അവരോധിച്ചത്.
,,,
                        അനിയന്മാരുടെയും അളിയന്മാരുടെയും ഇടയിൽനിന്ന് അർദ്ധരാത്രി ആയപ്പോഴാണ്  മണിയറയിൽ രംഗപ്രവേശം ചെയ്യാൻ ഉണ്ണിയേട്ടന് കഴിഞ്ഞത്. മണിയറ വാതിലടച്ച് പുത്തൻ കട്ടിലിലെ പുതുപുത്തൻ ബഡ്ഡിൽ ഇരുന്ന് കാൽ‌വിരൽ‌കൊണ്ട് കളം വരയ്ക്കാനറിയാതെ, നല്ലപാതിയായി കടന്നു വന്നവളുടെ സുന്ദരമായ ഇടതു കരതലം വലതുകൈയാൽ പിടിക്കാൻ നേരത്ത്,,,???
“ഡും,ഡും,ഡും,,,”
വാതിൽ മൂന്നു തവണ ശബ്ദിച്ചു.
കേട്ടത് ശരിയല്ല, വെറുതേ തോന്നിയതായിരിക്കും എന്ന് ചിന്തിച്ചെങ്കിലും ഇരുവരുടേയും നാല് നേത്രങ്ങൾ വാതിലിനു നേരേ ഫോക്കസ് ചെയ്തപ്പോൾ, അതാ വീണ്ടും,
“ഡും,ഡും,ഡും,,,”
ഒരു കട്ടുറുമ്പ് വന്ന് വാതിലിൽ മുട്ടുകയാണ്, കാരണവർക്ക് അതിനെ ചവിട്ടിയരക്കാനുള്ള ദേഷ്യം വന്നു,
വാതിൽ തള്ളിതുറന്നപ്പോൾ നേരെ മുന്നിൽ കട്ടുറുമ്പായി നേർപെങ്ങൾ, പിന്നാലെ ഉപഗ്രഹങ്ങളായി മരുമക്കളും ചിന്നഗ്രഹങ്ങളായി കുട്ടിപ്പട്ടാളങ്ങളും,
“ചേട്ടാ,, ഈ പാല്, കുടിച്ചിട്ട് ഗ്ലാസ്സിങ്ങ് താ”
പൂക്കൾ പെയിന്റ് ചെയ്ത ഗ്ലാസ് നിറയെ പാലുമായി പൂപുഞ്ചിരി പൊഴിച്ച് പെങ്ങൾ മുന്നിൽ നിൽക്കുകയാണ്.
“അത് ഞാൻ കുടിച്ചുകൊള്ളും, ഗ്ലാസ് നാളെ എടുത്താൽ മതി”
“അതൊന്നും പറ്റില്ല, ‘ചേട്ടൻ പാല് കുടിച്ച ഗ്ലാസ്സ് കഴുകിയാൽ മാത്രമേ എനിക്ക് ഉറക്കം വരികയുള്ളൂ’, എന്ന് ചേട്ടനറിയില്ലെ”
ചേട്ടൻ മാത്രമേ തന്റെ അവസാനകാലത്ത് തുണയായി മാറുകയുള്ളു എന്ന് എപ്പോഴും വിളിച്ചുപറയുന്ന സ്വന്തം അനുജത്തിയെ വിഷമിപ്പിക്കാൻ പാടില്ലല്ലൊ. അയാൾ പാല് കുടിച്ച് ഗ്ലാസ് അവളെ ഏല്പിച്ചു.

                   അങ്ങനെ ആ കട്ടുറുമ്പിനെ ഔട്ടാക്കിയശേഷം നവദമ്പതികൾ മനസ്സു തുറന്ന് സംസാരിച്ചു. ആ വലിയൊരു തറവാടിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശത്തോടൊപ്പം കുടുംബഭരണത്തെകുറിച്ച് അവൾക്കായി സ്റ്റഡിക്ലാസ്സുകൾ കൂടി നടത്തിയപ്പോൾ മണിക്കൂറുകൾ പോയതറിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ഉറക്കം വരാതെ വെറുതെ കിടന്നപ്പോൾ അവൾ പറഞ്ഞു,
“ഫാനുണ്ടെങ്കിലും വല്ലാത്ത ചൂട്, ഈ ജനാലകൾ തുറന്നുകിടക്കുന്നതാണ് എനിക്കിഷ്ടം”
എഴുന്നേറ്റ് ജനാല തുറന്നെങ്കിലും അവൾ പെട്ടെന്ന്‌തന്നെ കൊട്ടിയടച്ചു,
“പുറത്ത് വല്ലാത്തൊരു ദുർഗന്ധം”
“സാരമില്ല നാളെ പകൽ‌നേരത്ത് ഡെറ്റോൾ തളിച്ചാൽ നാറ്റം ഒഴിവാകും”
“പിന്നെ ഈ ജനാലക്കരികിൽ ഒരു രണ്ട് വാഴകൾ നടണം”
“അതെന്തിനാ?”
“എനിക്ക് വാഴകൾ വളരെ ഇഷ്ടമാണ്; അവയിൽ ഇരിക്കാൻ അനേകം പക്ഷികൾ വരും”
“നിന്റെ ഇഷ്ടം പോലെയാവട്ടെ; വാഴയോ തെങ്ങോ മാവോ എന്ത്‌വേണമെങ്കിലും നമുക്ക് നടാം”
അങ്ങനെ ജനാലകൾ കൊട്ടിയടച്ച അവർ, അവരുടേതായ  ദുർഗന്ധമില്ലാത്ത ലോകത്ത് സ്വപ്നങ്ങൾ കണ്ട് ഏതോനേരത്ത് അറിയാതെയങ്ങ് ഉറങ്ങി.
,,,
പിറ്റേദിവസം,
                          അതിരാവിലെ ഉറക്കമുണർന്ന നവവധു അലസമായി കിടന്നുറങ്ങുന്ന ഭർത്താവിനെ ഒരുനിമിഷം നോക്കി. അദ്ദേഹത്തെ ഉണർത്തുന്നതിനുമുൻപ് അവൾ ജനാല തുറന്നു. അപ്പോൾ,,,
രാത്രിയിലെ ദുർഗന്ധത്തിനു പകരം മുറിയിലേക്ക് കടന്നുവന്നത് ഡെറ്റോളിന്റെ ഗന്ധം.
അവൾ പുറത്തേക്ക് നോക്കിയപ്പോൾ,
                         അന്നുരാവിലെ ജനാലക്കരികിൽ നട്ട രണ്ട് വാഴകൾ അപ്പോൾ പെയ്യുന്ന ചാറ്റൽ‌മഴയിൽ കുളിക്കുകയാണ്. ആ വാഴകൾക്ക് പിന്നിലായി, ഏറ്റവും ഇളയ സഹോദരൻ ഡെറ്റോൾ തളിക്കുന്നത് തുടരുകയാണ്.