“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/28/11

കിരീടത്തിന്റെ വഴികൾ


                            
                             പള്ളിമേടയിൽ നിന്ന് വെളിയിലേക്കിറങ്ങാൻ നേരത്ത് തന്റെ മുന്നിലേക്ക് വന്ന ആളെ, കണ്ടപ്പോൾ അച്ചനൊന്ന് ഞെട്ടി. ഇടവകയിലെ കൂട്ടം തെറ്റിയ കുഞ്ഞാടുകളിൽ ഒരുവൻ,,, വലിയ പണക്കാരൻ,,, അനേകം ക്വൊട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവൻ.
പതുക്കെ നടന്നുവന്ന,,, ആ കുഞ്ഞാട്,, ചുറ്റുപാടും നിരീക്ഷിച്ചശേഷം അച്ചനോട് പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ എനിക്കൊന്ന് കുമ്പസാരിക്കണം”
“അതിനെന്താ മകനെ, ഇപ്പോൾ‌തന്നെ ആകാമല്ലൊ”

                    മാനസാന്തരം വരാൻ പോകുന്ന ആ കുഞ്ഞാടിനെയും കൂട്ടി, അച്ചൻ നേരെ കുമ്പസാരക്കൂട്ടിനടുത്തേക്ക് പോയി. അവിടെ ഇരിക്കുന്നതിനുമുൻപ് അച്ചൻ കുഞ്ഞാടിനോട് പറഞ്ഞു,
“മകനെ എല്ലാം തുറന്നുപറയുക, നിന്റെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാൽ കർത്താവ് നിനക്ക് പാപമോചനം നൽകും”
“ഫാദർ ഞാനിവിടെ വന്നത് എന്റെ ഓരോ പാപത്തെക്കുറിച്ചും പറഞ്ഞ് കുമ്പസാരം നടത്താനല്ല. അതൊക്കെ പറയാൻ തുടങ്ങിയാൽ ഇവിടെയിരിക്കുന്ന അച്ചൻ മാത്രമല്ല, കർത്താവ് പോലും ഈ പള്ളിയിൽ നിന്ന് ഇറങ്ങി ഓടിക്കളയും”
“പിന്നെ എന്താണ് മകനെ, നിന്റെ വരവിന്റെ ഉദ്ദേശ്യം?”
അച്ചന് അല്പം ഭയം തോന്നി, നാടിനെ വിറപ്പിക്കുന്നവനാണ്. എങ്കിലും കളവ്, പിടിച്ചുപറി, കൊലപാതകം, പീഡനം എന്നിവയിൽ പോലീസ് കേസൊന്നും ഇല്ലാത്തവനാണ്.
“അച്ചാ പള്ളിയിലേക്ക് എന്റെ വക ഒരു സംഭാവന തരട്ടെ?”
“അതിനെന്താ മകനെ നീ ഭയപ്പെടുന്നത്? ദൈവം നിന്നെ അനുഗ്രഹിക്കും, സ്തോത്രം”
“അത് ഞാനാണ് നൽകിയതെന്ന് മറ്റാരും അറിയാൻ പാടില്ല, ഇടവകയിൽ വസിക്കുന്ന മാനസാന്തരം വന്ന ഒരു പാപിയാണെന്ന് പറഞ്ഞാൽ മതിയച്ചൊ”
“അങ്ങനെയായാൽ മറ്റുള്ളവർ എന്ത് വിചാരിക്കും മകനെ?”
“നാളെ രാവിലെ ഞായറാഴ്ച, കുർബാന തുടങ്ങുന്നതിന് മുൻപ് ഞാനിവിടെ വന്നിട്ട് അത് അച്ചനെ ഏല്പിക്കും; അച്ചൻ അല്പം നേരത്തെ വന്നാൽ മതി”
“അപ്പോൾ മകനെ നിന്റെ സംഭാവന എന്താണെന്ന് എന്നോട് പറഞ്ഞില്ലല്ലൊ”
“അത് കർത്താവിന്റെ തലയിൽ ചാർത്താനുള്ള ഒരു കിരീടമാണച്ചോ, അച്ചൻ എല്ലാവരുടെയും മുന്നിൽ വെച്ച് വിശുദ്ധരൂപത്തെ കിരീടമണിയിച്ചിട്ട് പറയണം, ‘ഇടവകയിൽ വസിക്കുന്ന, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വകയാണെന്ന്’. എന്റെ ഒരു ആഗ്രഹമാണച്ചൊ”
“മുൾക്കിരീടം അണിയുന്നവന് മറ്റൊരു കിരീടം എന്തിനാണ് മകനെ?”
“എന്റെ ഒരു ആഗ്രഹമാണച്ചോ, നാളെ, ഞാൻ തരുന്ന സ്വർണ്ണക്കിരീടം കർത്താവിന്റെ തലയിൽ ചാർത്തണം”
“അത്, കിരീടം?”
“അതെ അച്ചാ ഞാനിപ്പോൾ പോവുകയാ, അതിരാവിലെ സ്വർണ്ണക്കിരീടവുമായി ഞാൻ വരാം”
                     അച്ചന് അളവറ്റ സന്തോഷം തോന്നി; കർത്താവിന്റെ പാത അനുസരിക്കാത്തവനാണെങ്കിലും അവനിങ്ങനെ തോന്നിയല്ലൊ. ‘ഇടവകയിലെ വിശ്വാസികൾ പള്ളിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല’ എന്ന പരാതി തനിക്ക് മേലെയുള്ളവർക്ക് ഇനി ഉണ്ടാവില്ലല്ലൊ.

                    പിറ്റേദിവസം പതിവിലും നേരത്തെ കപ്യാർ വരുന്നതിന് മുൻപ്‌തന്നെ പള്ളിയങ്കണത്തിൽ എത്തിയ അച്ചൻ കണ്ടു; തന്നെയും പ്രതീക്ഷിച്ച്, തലേദിവസം വന്ന കുഞ്ഞാട് ഒരു സഞ്ചിയുമായി നിൽക്കുന്നു!
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചാ”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, മകനെ കർത്താവിന്റെ അനുഗ്രഹം എന്നും നിന്നിലുണ്ടാവും”
പള്ളിവാതിൽ തുറന്ന് രണ്ട്‌പേരും അകത്ത് പ്രവേശിച്ച ഉടനെ അയാൾ അച്ചനോട് പറഞ്ഞു,
“അച്ചോ എനിക്ക് പോകാൻ ദൃതിയുണ്ട്, ഈ പൊതി അച്ചൻ വാങ്ങിയാലും”
“മകനെ അത് പൊതുജനത്തിന്റെ മുന്നിൽ‌വെച്ച് നീതന്നെ കർത്താവിന്റെ തലയിൽ ചാർത്തുന്നതായിരിക്കുമല്ലൊ നല്ലത്. അപ്പോൾ എല്ലാവരും ചേർന്ന് നിന്നെ വാഴ്ത്തുമല്ലൊ മകനെ”
“അച്ചോ പകൽ‌വെളിച്ചത്തിൽ പൊതുജനത്തിന് മുന്നിൽ അധികനേരം നിൽക്കാൻ ശേഷിയില്ലാത്ത ഞാൻ പോകുകയാണ്. ഇത് കർത്താവിന്റെ തലയിൽ ചാർത്തിയശേഷം അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം”

                     അയാൾ സഞ്ചിയിൽ നിന്നും വെളിയിലെടുത്ത് നൽകിയ പൊതി അഴിച്ചപ്പോൾ ഫാദർ ഒന്ന് ഞെട്ടി; കിരീടത്തിന്റെ സ്വർണ്ണപ്രഭയിൽ പള്ളിയങ്കണവും വിശുദ്ധരൂപവും പൂർവ്വാധികം തിളങ്ങിയില്ലെ? കിരീടം ഏറ്റുവാങ്ങിയിട്ട് തിരിച്ചു മറിച്ചും നോക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു,
“അച്ചാ ഇത് ഒറിജിനൽ സ്വർണ്ണം തന്നെയാണ്, 916 പരിശുദ്ധി. പിന്നെ നെറ്റിത്തടത്തിലുള്ള ആ ചുവന്ന കല്ല് പവിഴമാണ്”
“മകനെ കർത്താവിന്റെ അനുഗ്രഹം നിന്നിൽ എന്നെന്നും ഉണ്ടായിരിക്കും”
“ശരി അച്ചോ”
“ആമേൻ”

                     അവൻ പോകുന്നതുനോക്കി സ്വയം മറന്നങ്ങനെയിരിക്കുമ്പോഴാണ് കപ്യാർ വരുന്നത് കണ്ടത്. പെട്ടെന്ന് പരിസരബോധം വന്ന ഫാദർ കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോയി. വേദപുസ്തകം തുറക്കുമ്പോൾ കപ്യാരുടെ ശബ്ദം,
“അച്ചോ,,, ഓടിവായോ,,,”
വെളിയിലേക്കിറങ്ങിയപ്പോൾ കിരീടവും പിടിച്ച് നിൽക്കുന്ന കപ്യാർ,
“അച്ചാ ഇത്?”
“മകനെ അത് മാനസാന്തരം വന്ന ഒരു കുഞ്ഞാട് തിരുരൂപത്തിൽ ചാർത്താനായി ഏല്പിച്ച് പോയതാണ്”
“അച്ചൊ ആരാണത്? അയാൾക്ക് ഇതിനുപകരം ഒരു സ്വർണ്ണക്കിരീടം‌തന്നെ സംഭാവന ചെയ്തുകൂടായിരുന്നോ?”
“അത് സ്വർണ്ണം തന്നെയാണ്; കുമ്പസാര രഹസ്യം നീ അറിയേണ്ട മകനെ”
                    കപ്യാർ പിന്നീടൊന്നും ചോദിക്കാതെ കിരീടം തിരിച്ചും മറിച്ചും നോക്കി; തലയിൽ ആകെയൊരു പെരുപ്പ് കയറിയതുപോലെ. വളരെ ശ്രദ്ധിച്ചുകൊണ്ട് കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോകുമ്പോൾ അയാൾ ഒന്നിരുത്തി മൂളി. അപ്പോൾ ഫാദർ ചിന്തിച്ചു;
ഇവൻ ആളെ കണ്ടിട്ടുണ്ടാവുമോ?,,, അ,, എന്തെങ്കിലുമാവട്ടെ,,,

                   പിന്നീട് എല്ലാം തിരക്കുപിടിച്ച കർമ്മങ്ങളായിരുന്നു; വിശ്വാസികൾ ഓരോരുത്തരായി വരാൻ തുടങ്ങി.
ഇടവകയിലെ പതിവ് വിശ്വാസികളൊക്കെ എത്തിയെന്നറിഞ്ഞ ഫാദർ അല്പനേരത്തെ സുവിശേഷപ്രസംഗത്തിനുശേഷം പൊതി തുറന്ന് കിരീടം പുറത്തെടുത്തു.
അദ്ദേഹം എല്ലാവരെയും ഒന്ന് കണ്ണോടിച്ചുകൊണ്ട് പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട വിശ്വാസികളെ ഇന്ന് നിങ്ങളെയെല്ലാവരെയും പോലെ കർത്താവിൽ വിശ്വസിക്കുന്ന ഒരാൾ വിശുദ്ധരൂപത്തിന്റെ ശിരസ്സിൽ ചാർത്താനായി വിശേഷപ്പെട്ട ഒരു സ്വർണ്ണക്കിരീടം സംഭാവന നൽകിയിരിക്കയാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ ഈ കിരീടം കർത്താവിനെ ഞാൻ അണിയിക്കുകയാണ്”
                 കിരീടം ഉയർത്തിയതോടെ നിറഞ്ഞു കവിഞ്ഞ വിശ്വാസികൾക്കിടയിൽ നിന്നും ആരവങ്ങൾ ഉയർന്നു. മുൾക്കിരീടം അണിഞ്ഞ കർത്താവിന്റെ ശിരസിന് മുകളിൽ സ്വർണ്ണക്കിരീടം അണിഞ്ഞ്, ആ വിശുദ്ധരൂപം അവർക്കിടയിൽ തിളങ്ങി. അന്നത്തെ വിശുദ്ധകുർബാന പതിവിലധികം നേരം നീണ്ടുപോയെങ്കിലും ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അച്ചന് മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

പള്ളിവാതിൽ അടച്ച് വെളിയിൽ ഇറങ്ങാൻ നേരത്താണ് കപ്യാർ ഒരു സംശയം ഉന്നയിച്ചത്,
“അച്ചൊ, ഈ കിരീടം ഇവിടെ ഇങ്ങനെ വെച്ചാൽ,,, ഇപ്പോൾ കാലം വല്ലാത്താതാ”
“താനെന്താടോ അരുതാത്തത് ചിന്തിക്കുന്നത്? ഈ പള്ളിമേടയിൽ ഒരു കള്ളനും വരില്ല; വാതിലടച്ച് പൂട്ടി താക്കോൽ കൈയിലെടുത്താൽ മതി. ഇടവകയിലെ ആളുകളെല്ലാം നല്ലവരായതിനാൽ നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട”
“എന്നാലും അച്ചോ,, ഇപ്പോൾ സ്വർണ്ണവില റോക്കറ്റ് പോലെ ഉയരുന്ന കാലമാ”
“എന്നാല് ഒരു കാര്യം ചെയ്യ്; ഈ കിരീടം ഊരി നന്നായി പൊതിഞ്ഞിട്ട് നിന്റെ കൈയിൽ തരാം. നാളെ നീ വരുമ്പോൾ കൊണ്ടുവന്നാൽ മതി”
“അയ്യോ,, അതുവേണ്ടച്ചോ,, എന്റെ വീടിനും വാതിലിനും ഒരുറപ്പും ഇല്ലാത്തതാ. നാളെ പൊലരുമ്പം കിരീടം കാണാതായാൽ നാട്ടുകാരോടെന്ത് സമാധാനം പറയും? ചിലപ്പോൾ എന്റെവീട്ടിലെ നാലാളുടെയും അന്ധ്യകൂദാശ നാളെത്തന്നെ അച്ചന് നടത്തേണ്ടി വന്നേക്കും. പിന്നെ അച്ചൻ‌തന്നെ സൂക്ഷിച്ചാൽ അച്ചനൊരാളുടെ ജീവൻ മാത്രം നോക്കിയാൽ പോരെ?”
“എന്നാൽ ഇനി കിരീടത്തെക്കുറിച്ച് ഒരക്ഷരവും നീ പറയരുത്”
                  കപ്യാർ പിന്നീടൊന്നും മിണ്ടിയില്ലെങ്കിലും പള്ളിയിൽ നിന്ന് വെളിയിലിറങ്ങി ഇടവഴിയിൽ കടന്നപ്പോൾ അച്ചൻ ആലോചനാമഗ്നനായി നിന്നു. അദ്ദേഹം നിന്നപ്പോൾ, ഒപ്പം നിന്ന കപ്യാരെ നോക്കി പറഞ്ഞു,
“നീ പറഞ്ഞപ്പോഴാ ഞാൻ ചിന്തിച്ചത്,, അതൊരു രണ്ട് രണ്ടര കിലോഗ്രാം കാണുമല്ലൊ”
“ഏതാണച്ചോ?”
“കിരീടം”
“അച്ചനല്ലെ കിരീടത്തെക്കുറിച്ച് ഒരക്ഷരവും പറയരുതെന്ന് പറഞ്ഞത്”
“എന്നാലും നീ പറഞ്ഞതുപോലെ സ്വർണ്ണത്തിനൊക്കെ എന്തൊരു വിലയാ,, ഇത്തിരി പൊന്നിനുവേണ്ടി കൊച്ചുകുഞ്ഞിനെപ്പോലും കൊല്ലുന്ന ചെകുത്താൻ‌മാരും ഈ ഭൂമിയിൽ ഉണ്ടല്ലൊ”
“അതിന്?”
“അത് മുഴുവൻ സ്വർണ്ണമാണെന്നാ പറഞ്ഞത്, അപ്പോൾ അതവിടെ വെച്ചാൽ?”
“എന്തിനാ അച്ചാ ഇങ്ങിനെയൊക്കെ പറയുന്നത്? തിരുരൂപത്തിൽ നിന്നും കിരീടം ഊരിയെടുത്ത്  അച്ചന്റെ താമസസ്ഥലത്ത് വെച്ച് പൂട്ടുക, എന്നിട്ട് കുർബാനക്കും പെരുന്നാളിനും വിശേഷ ദിവസങ്ങളിലും മാത്രം പള്ളിയിൽ കൊണ്ട്‌വന്ന് ചാർത്തുക”
“ഒരുകണക്കിൽ അത്‌തന്നെയാ നല്ലത്”

                     രണ്ട്‌പേരും തിരികെ നടന്ന് പള്ളിവാതിൽ തുറന്ന്, കടന്നതിനുശേഷം കപ്യാർ കിരീടം അഴിച്ച് അച്ചനെ ഏല്പിച്ചു. പൊതിഞ്ഞുകെട്ടിയ കിരീടം അച്ചന്റെ വലിയ ബാഗിൽ വെച്ച് അതുമായി അവർ പുറത്തിറങ്ങി. ചുറ്റുപാടുകൾ നിരിക്ഷിച്ചശേഷം അവർ ഒന്നും സംസാരിക്കാതെ നടന്ന് രണ്ട് വഴിയിലേക്ക് പിരിഞ്ഞു.
വീട്ടിൽ എത്തിയിട്ട് കിരീടം ഷെൽഫിൽ വെച്ച്‌പൂട്ടിയപ്പോൾ അച്ചൻ മനസ്സിലോർത്തു,
‘എന്തൊരു ആശ്വാസം’

                         ഉറങ്ങാൻ‌നേരത്ത് അച്ചന്റെ ചിന്തകളിൽ ഒരു കിരീടം കറങ്ങാൻ തുടങ്ങി. ഇത്തിരി പൊന്നിനുവേണ്ടി കൊലപാതകം നടത്താൻ ഒരു മടിയും കാണിക്കാത്ത മനുഷ്യർക്കിടയിൽ എല്ലാവരും വിശ്വാസികളാണെന്ന് പറയാനാവുമോ? ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണകിരീടം ഉണ്ടെന്നറിഞ്ഞാൽ കള്ളന്മാരെല്ലാം കൂട്ടമായി ഇവിടെ വരില്ലെ? നാളെ രാവിലെ വാതിൽ തുറക്കുമ്പോൾ കിരീടം അവിടെയില്ലെങ്കിൽ നാട്ടുകാരോടെന്ത് സമാധാനം പറയും? കിരീടം മാത്രമാണോ? ഭീഷണി തന്റെ ജീവനും ഉണ്ടാവില്ലെ? കള്ളന്മാർക്ക് അച്ചനെന്നൊ, വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ ഉള്ള ചിന്ത കാണുമോ?
                        അങ്ങനെ പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ ഫാദർ ഞെട്ടി; വെളിയിലെന്തോ ശബ്ദം. പതുക്കെ എഴുന്നേറ്റ് എമർജൻസി ലൈറ്റുമായി പുറത്തിറങ്ങി ചുറ്റും നോക്കാൻ തുടങ്ങിയപ്പോൾ ഒരു വണ്ടിയുടെ ശബ്ദവും ഒപ്പം വെളിച്ചവും അടുത്ത് വന്ന് നിന്നു; മുന്നിൽ നിർത്തിയ ബൈക്കിൽ നിന്നും ഇറങ്ങിവരുന്നത്‌ കപ്യാർ,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,,, അച്ചാ ഈ പാതിരാത്രി എങ്ങോട്ടാ?”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ; മകനെ ഇവിടെ ഒരു പട്ടിക്കുട്ടി വന്നത് ഓടിക്കളഞ്ഞു, അതിന്റെ ശബ്ദം‌കേട്ട് വെളിയിലിറങ്ങിയതാണ്”
“ഈ പാതിരാത്രിയിൽ അച്ചനിങ്ങനെ ഒറ്റക്ക് പുറത്തിറങ്ങി നടക്കേണ്ട, കള്ളന്മാരെല്ലാം നടക്കുന്ന നേരമാ”
“വിശ്വാസികളെ ദൈവം രക്ഷിക്കും, ഞാൻ പട്ടിക്കുഞ്ഞിനെ നോക്കിയതാ”
“സ്വന്തം ശരീരം ആദ്യം രക്ഷിക്കാൻ നോക്ക് അച്ചോ”
“അപ്പോൾ കപ്യാരെന്തിനാ ഈ നേരത്ത്?”
“അത് അച്ചനിവിടെ തനിച്ച്,,, എനിക്കൊരു പേടി; വാതിലെല്ലാം നന്നായി അടച്ചു പൂട്ടിക്കോ,, ഇനി ഞാൻ പോവുകയാണ്”
                  കപ്യാർ തിരിച്ചുപോകുന്നത് നോക്കിനിന്നുകൊണ്ട് അച്ചൻ അകത്തുകടന്ന് വാതിലടച്ചു. അവനോട് രാത്രി തന്റെകൂടെ താമസിക്കാൻ പറയാഞ്ഞതിൽ ഒരു വിഷമം തോന്നി.

                      കിടക്ക കണ്ടാൽ പെട്ടെന്ന് ഉറക്കം വരുന്ന തനിക്ക് ഇപ്പോൾ ഉറങ്ങാനാവാത്തതിൽ വിഷമം തോന്നി. കുരിശ് ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച് നെഞ്ചോടമർത്തി കർത്താവിനെ ധ്യാനിച്ചുകൊണ്ട്, പുലരാനായ ഏതോ യാമത്തിൽ അല്പനേരത്തേക്ക് ഉറങ്ങി.
                      പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ‌ ഞെട്ടി എഴുന്നേറ്റ് ഷെൽഫ് തുറന്നു; കിരീടം അവിടെയുണ്ട്, ആശ്വാസം. തിരക്ക് പിടിച്ച് പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് പള്ളിയിൽ എത്തിയപ്പോൾ മനസ്സ് മുഴുവൻ താമസസ്ഥലത്ത്‌തന്നെ ആയിരുന്നു. പള്ളിയിൽ വരുന്നവർ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോഴും കുമ്പസാരക്കൂട്ടിൽ ഇരുന്ന് പാപങ്ങൾ ഏറ്റ്‌പറയുന്നത് കേട്ടപ്പോഴും യാന്ത്രികമായി മറുപടി പറഞ്ഞു. ഒടുവിൽ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് മനസ്സിന് അല്പം സമാധാനം വന്നത്.
             
                         ദിവസങ്ങൾ നാല് കഴിഞ്ഞപ്പോൾ ഫാദർ ഒരു കാര്യം തിരിച്ചറിഞ്ഞു; തനിക്ക് ഉറങ്ങാനാവുന്നില്ല. രാത്രിയുടെ യാമങ്ങളിൽ ഉയരുന്ന വളരെ ചെറിയ ശബ്ദം പോലും കേട്ട് അദ്ദേഹം ഞെട്ടി ഉണരാൻ തുടങ്ങി. അച്ഛന്റെ മനസ്സിൽ സ്വർണ്ണക്കിരീടം ഇപ്പോൾ മുൾക്കിരീടമായി മാറിയിരിക്കയാണ്; അലമാര തുറന്ന് കിരീടം അവിടെതന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പതിവ് വർദ്ധിച്ചപ്പോൾ ഒരുദിവസം കപ്യാരോട് കാര്യങ്ങൾ പറഞ്ഞു.
അതുകേട്ട കപ്യാർ പറഞ്ഞു,
“ഫാദർ ഇതിനൊരു പരിഹാരം കാണാൻ നമ്മൾ ബിഷപ്പിനെ കണ്ടാൽ മതി. തിരുമേനിയോട് പറഞ്ഞ് ഈ കിരീടം ലോക്കറിലോ മറ്റോ സൂക്ഷിക്കുന്നതായിരിക്കുൻ ബുദ്ധി”
“അത് ശരിയാ, ബിഷപ്പിന്റെകാര്യം ഞാനങ്ങ് മറന്നുപോയി”
                       അന്ന് വൈകുന്നേരം കപ്യാരോടൊത്ത് താമസസ്ഥലത്തെത്തിയ ഫാദർ അലമാരയിൽ നിന്നും കിരീടം വെളിയിലേക്കെടുത്ത് നന്നായി പൊതിഞ്ഞ് ബാഗിൽ വെച്ചു. പിന്നീട് ഓട്ടോ വിളിച്ച്‌വരുത്തി രണ്ട്‌പേരും അതിൽ‌കയറി യാത്രയായി; നേരെ ബിഷപ്പ് ഹൌസിലേക്ക്.
                       ബിഷപ്പിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. അച്ചന്റെ കൈയിൽ നിന്നും കിരീടം സ്വീകരിച്ച് തിരിച്ചും മറിച്ചും നോക്കിയശേഷം തിരുമേനി പറഞ്ഞു,
“സ്വർണ്ണക്കിരീടം, കൊള്ളാം,,,, ലോക്കറിലൊക്കെ വെച്ചാൽ ഇത് ആവശ്യത്തിന് എടുക്കാനും വെക്കാനും പ്രയാസമായിരിക്കും. തന്നെപ്പോലെ എനിക്ക് ഭയമൊന്നും ഇല്ലടോ, ഇത് ഇവിടെ ഷെൽഫിൽ വെച്ച് പൂട്ടാം; ഒരു കള്ളനും വരില്ല. വിശേഷദിവസങ്ങളിലെല്ലാം താനിവിടെ നിന്ന് കിരീടം എടുത്ത്‌കൊണ്ട് പോകണം, കേട്ടോ,,,”
“ദൈവത്തിനു സ്തുതി”
“ആമേൻ”

                          അങ്ങനെ കിരീടപ്രശ്നം പരിഹരിച്ചപ്പോൾ ഫാദർ വളരെയധികം ആശ്വസിച്ചു, ഇനി മനസമാധാനത്തോടെ ഒന്ന് ഉറങ്ങാമല്ലൊ. പിറ്റേദിവസവും പതിവുപോലെ പാപികൾ വന്ന് പ്രാർത്ഥിക്കുകയും പാപമോചിതരായി തിരികെ പോവുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ബിഷപ്പിന്റെ ഒരു ഫോൺ,
“ഫാദർ ഒന്ന് ഇവിടം വരെ വരണം, അർജന്റ് മാറ്റർ”
                         ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ മന:സമാധാനത്തോടെ ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കെ ബിഷപ്പിന്റെ വിളി വന്നപ്പോൾ അച്ചന് ടെൻഷൻ വർദ്ധിക്കാൻ തുടങ്ങി.
‘ഇനി ആ കിരീടം വീണ്ടും തന്റെ തലയിൽ ചാർത്താനാണോ?’

വൈകുന്നേരം അരമനയിൽ പോയപ്പോൾ തിരുമേനി അദ്ദേഹത്തെ കാത്തിരിക്കുന്നു. അച്ചനെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ; തന്നെ പെട്ടെന്ന് വിളിച്ചുവരുത്തിയത് ഞാൻ ഒരാഴ്ചക്ക് ശേഷം റോമിലേക്ക് പോകുന്ന കാര്യം പറയാനാണ്. അവിടെ പോയിട്ട് പോപ്പിനെ ഒന്ന് ദർശിക്കണം”
“അത് നല്ല കാര്യമാണല്ലൊ തിരുമേനി, ദൈവം കരുണയുള്ളവനാണ്”
“അതിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ നാളെ എനിക്ക് കോട്ടയം വരെ പോകണം”
“ദൈവത്തിന് സ്തുതി, തിരുമേനിക്ക് ഞാനെന്ത് സഹായം ചെയ്യണം?”
“സഹായമൊന്നും വേണ്ട, താങ്കൾ ഒരാഴ്ച മുൻപ് കൃത്യമായി പറഞ്ഞാൽ ഏഴ് ദിവസവും ആറ് മണിക്കൂറും ഇരുപത് മിനുട്ടും മുൻപ് ഒരു സാധനം ഇവിടെ ഏല്പിച്ചിട്ടില്ലെ; അത് തിരികെ വാങ്ങണം”
“അയ്യോ തിരുമേനി അത് സ്വർണ്ണക്കിരീടം അല്ലെ”
“അതെ, സ്വർണ്ണം തന്നെ, അത് ഇവിടെ നിന്ന് ഒഴിവാക്കണം. ഞാൻ പോയാൽ ഇവിടെ അരമനയിൽ എല്ലാനേരത്തും ആളുണ്ടായെന്ന് വരില്ല”
“അത് ഇവിടത്തെ അലമാരയിൽ വെച്ച് പൂട്ടിയാൽ പോരെ?”
“സ്വർണ്ണത്തിനൊക്കെ വലിയ വിലയാ, എന്ത് ഉറപ്പിന്മേലാണ് ഇവിടെ വെച്ച് പൂട്ടുന്നത്”
“തിരുമേനി അത് അവിടെ വെച്ചാൽ എനിക്ക് ഉറക്കം വരില്ല”
“തന്റെ സ്വർണ്ണക്കിരീടം ഇവിടെ വെച്ചതുമുതൽ എനിക്ക് ഉറക്കം വന്നിട്ടില്ലടോ. ഇനി റോമിൽ പോയിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ”
ബിഷപ്പിന്റെ കൈയിൽ നിന്നും കിരീടം ഏറ്റുവാങ്ങി പള്ളിയിലേക്ക് നടക്കുമ്പോൾ വരാനിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളെകളെക്കുറിച്ച് ഫാദർ ചിന്തിക്കുകയായിരുന്നു.

8/13/11

രഹസ്യമായി കിട്ടിയ സമ്മാനം

വിദേശത്ത് നിന്നും വന്ന ‘ഭർത്താവ്’ തിരിച്ച് പോകുന്നതിനു മുൻപ്, അവൾ‌പോലും അറിയാതെ അവൾക്കൊരു സമ്മാനം കൊടുത്തു.
..
ഭർത്താവ് പോയപ്പോൾ വിരഹദുഖവും പേറി തനിച്ചിരിക്കുന്ന അവളിൽ‌നിന്നും ആ സമ്മാനം ‘ഭർതൃപിതാവ്’ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി.
..
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ‘അമ്മായിഅച്ഛൻ’ മരുമകളിൽ‌നിന്നും ലഭിച്ച സമ്മാനം, അയാളുടെ ഭാര്യക്ക് അതായത് അവളുടെ ‘അമ്മായിഅമ്മക്ക്’ രഹസ്യമായി നൽകി.
..
മറ്റാരും അറിയരുതെന്ന ഉറപ്പിന്മേൽ ‘അമ്മായിഅമ്മ’ അത്, സ്വന്തം വീട്ടിലെ സ്വന്തം കാറിലെ ‘ഡ്രൈവർക്ക്’ രഹസ്യമായി സമ്മാനിച്ചു.
..
എല്ലാ കാര്യവും സ്വന്തം ഭാര്യയുമായി പങ്കിട്ടെടുക്കുന്ന ഡ്രൈവർ സമ്മാനം ‘അയാളുടെ ഭാര്യക്ക്’ നൽകി.
..
ഡ്രൈവർ ജോലിക്ക് പോയ നേരത്ത് ‘അയാളുടെ ഭാര്യയിൽ’നിന്നും ‘അയൽ‌വാസികൾ’ സമ്മാനം സ്വീകരിച്ചു.
..
‘അയൽ‌വാസികൾ’ ഓരോരുത്തരായി ആ സമ്മാനം ‘നാട്ടിലെ മറ്റുള്ളവർക്ക്’ രഹസ്യമായി കൊടുക്കുകയും കൊടുക്കാത്ത ചിലരിൽ നിന്ന് ‘ഏതാനും ചിലർ’ പിടിച്ചെടുക്കുകയും ചെയ്തു.
..
അങ്ങനെ, ആ ‘സമ്മാനം’ ആ നാട്ടിലുള്ള ‘എല്ലാവർക്കും’ രഹസ്യമായി ലഭിച്ചു.
???
കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ ‘സമ്മാനം’ കിട്ടിയവരെല്ലാം ജീവിതത്തിലെ അവസാന നാളുകൾ എണ്ണിതീർത്ത് മരണത്തെ കാത്തിരിക്കാൻ തുടങ്ങി.
???