“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/28/11

കിരീടത്തിന്റെ വഴികൾ


                            
                             പള്ളിമേടയിൽ നിന്ന് വെളിയിലേക്കിറങ്ങാൻ നേരത്ത് തന്റെ മുന്നിലേക്ക് വന്ന ആളെ, കണ്ടപ്പോൾ അച്ചനൊന്ന് ഞെട്ടി. ഇടവകയിലെ കൂട്ടം തെറ്റിയ കുഞ്ഞാടുകളിൽ ഒരുവൻ,,, വലിയ പണക്കാരൻ,,, അനേകം ക്വൊട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവൻ.
പതുക്കെ നടന്നുവന്ന,,, ആ കുഞ്ഞാട്,, ചുറ്റുപാടും നിരീക്ഷിച്ചശേഷം അച്ചനോട് പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ എനിക്കൊന്ന് കുമ്പസാരിക്കണം”
“അതിനെന്താ മകനെ, ഇപ്പോൾ‌തന്നെ ആകാമല്ലൊ”

                    മാനസാന്തരം വരാൻ പോകുന്ന ആ കുഞ്ഞാടിനെയും കൂട്ടി, അച്ചൻ നേരെ കുമ്പസാരക്കൂട്ടിനടുത്തേക്ക് പോയി. അവിടെ ഇരിക്കുന്നതിനുമുൻപ് അച്ചൻ കുഞ്ഞാടിനോട് പറഞ്ഞു,
“മകനെ എല്ലാം തുറന്നുപറയുക, നിന്റെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാൽ കർത്താവ് നിനക്ക് പാപമോചനം നൽകും”
“ഫാദർ ഞാനിവിടെ വന്നത് എന്റെ ഓരോ പാപത്തെക്കുറിച്ചും പറഞ്ഞ് കുമ്പസാരം നടത്താനല്ല. അതൊക്കെ പറയാൻ തുടങ്ങിയാൽ ഇവിടെയിരിക്കുന്ന അച്ചൻ മാത്രമല്ല, കർത്താവ് പോലും ഈ പള്ളിയിൽ നിന്ന് ഇറങ്ങി ഓടിക്കളയും”
“പിന്നെ എന്താണ് മകനെ, നിന്റെ വരവിന്റെ ഉദ്ദേശ്യം?”
അച്ചന് അല്പം ഭയം തോന്നി, നാടിനെ വിറപ്പിക്കുന്നവനാണ്. എങ്കിലും കളവ്, പിടിച്ചുപറി, കൊലപാതകം, പീഡനം എന്നിവയിൽ പോലീസ് കേസൊന്നും ഇല്ലാത്തവനാണ്.
“അച്ചാ പള്ളിയിലേക്ക് എന്റെ വക ഒരു സംഭാവന തരട്ടെ?”
“അതിനെന്താ മകനെ നീ ഭയപ്പെടുന്നത്? ദൈവം നിന്നെ അനുഗ്രഹിക്കും, സ്തോത്രം”
“അത് ഞാനാണ് നൽകിയതെന്ന് മറ്റാരും അറിയാൻ പാടില്ല, ഇടവകയിൽ വസിക്കുന്ന മാനസാന്തരം വന്ന ഒരു പാപിയാണെന്ന് പറഞ്ഞാൽ മതിയച്ചൊ”
“അങ്ങനെയായാൽ മറ്റുള്ളവർ എന്ത് വിചാരിക്കും മകനെ?”
“നാളെ രാവിലെ ഞായറാഴ്ച, കുർബാന തുടങ്ങുന്നതിന് മുൻപ് ഞാനിവിടെ വന്നിട്ട് അത് അച്ചനെ ഏല്പിക്കും; അച്ചൻ അല്പം നേരത്തെ വന്നാൽ മതി”
“അപ്പോൾ മകനെ നിന്റെ സംഭാവന എന്താണെന്ന് എന്നോട് പറഞ്ഞില്ലല്ലൊ”
“അത് കർത്താവിന്റെ തലയിൽ ചാർത്താനുള്ള ഒരു കിരീടമാണച്ചോ, അച്ചൻ എല്ലാവരുടെയും മുന്നിൽ വെച്ച് വിശുദ്ധരൂപത്തെ കിരീടമണിയിച്ചിട്ട് പറയണം, ‘ഇടവകയിൽ വസിക്കുന്ന, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വകയാണെന്ന്’. എന്റെ ഒരു ആഗ്രഹമാണച്ചൊ”
“മുൾക്കിരീടം അണിയുന്നവന് മറ്റൊരു കിരീടം എന്തിനാണ് മകനെ?”
“എന്റെ ഒരു ആഗ്രഹമാണച്ചോ, നാളെ, ഞാൻ തരുന്ന സ്വർണ്ണക്കിരീടം കർത്താവിന്റെ തലയിൽ ചാർത്തണം”
“അത്, കിരീടം?”
“അതെ അച്ചാ ഞാനിപ്പോൾ പോവുകയാ, അതിരാവിലെ സ്വർണ്ണക്കിരീടവുമായി ഞാൻ വരാം”
                     അച്ചന് അളവറ്റ സന്തോഷം തോന്നി; കർത്താവിന്റെ പാത അനുസരിക്കാത്തവനാണെങ്കിലും അവനിങ്ങനെ തോന്നിയല്ലൊ. ‘ഇടവകയിലെ വിശ്വാസികൾ പള്ളിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല’ എന്ന പരാതി തനിക്ക് മേലെയുള്ളവർക്ക് ഇനി ഉണ്ടാവില്ലല്ലൊ.

                    പിറ്റേദിവസം പതിവിലും നേരത്തെ കപ്യാർ വരുന്നതിന് മുൻപ്‌തന്നെ പള്ളിയങ്കണത്തിൽ എത്തിയ അച്ചൻ കണ്ടു; തന്നെയും പ്രതീക്ഷിച്ച്, തലേദിവസം വന്ന കുഞ്ഞാട് ഒരു സഞ്ചിയുമായി നിൽക്കുന്നു!
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചാ”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, മകനെ കർത്താവിന്റെ അനുഗ്രഹം എന്നും നിന്നിലുണ്ടാവും”
പള്ളിവാതിൽ തുറന്ന് രണ്ട്‌പേരും അകത്ത് പ്രവേശിച്ച ഉടനെ അയാൾ അച്ചനോട് പറഞ്ഞു,
“അച്ചോ എനിക്ക് പോകാൻ ദൃതിയുണ്ട്, ഈ പൊതി അച്ചൻ വാങ്ങിയാലും”
“മകനെ അത് പൊതുജനത്തിന്റെ മുന്നിൽ‌വെച്ച് നീതന്നെ കർത്താവിന്റെ തലയിൽ ചാർത്തുന്നതായിരിക്കുമല്ലൊ നല്ലത്. അപ്പോൾ എല്ലാവരും ചേർന്ന് നിന്നെ വാഴ്ത്തുമല്ലൊ മകനെ”
“അച്ചോ പകൽ‌വെളിച്ചത്തിൽ പൊതുജനത്തിന് മുന്നിൽ അധികനേരം നിൽക്കാൻ ശേഷിയില്ലാത്ത ഞാൻ പോകുകയാണ്. ഇത് കർത്താവിന്റെ തലയിൽ ചാർത്തിയശേഷം അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം”

                     അയാൾ സഞ്ചിയിൽ നിന്നും വെളിയിലെടുത്ത് നൽകിയ പൊതി അഴിച്ചപ്പോൾ ഫാദർ ഒന്ന് ഞെട്ടി; കിരീടത്തിന്റെ സ്വർണ്ണപ്രഭയിൽ പള്ളിയങ്കണവും വിശുദ്ധരൂപവും പൂർവ്വാധികം തിളങ്ങിയില്ലെ? കിരീടം ഏറ്റുവാങ്ങിയിട്ട് തിരിച്ചു മറിച്ചും നോക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു,
“അച്ചാ ഇത് ഒറിജിനൽ സ്വർണ്ണം തന്നെയാണ്, 916 പരിശുദ്ധി. പിന്നെ നെറ്റിത്തടത്തിലുള്ള ആ ചുവന്ന കല്ല് പവിഴമാണ്”
“മകനെ കർത്താവിന്റെ അനുഗ്രഹം നിന്നിൽ എന്നെന്നും ഉണ്ടായിരിക്കും”
“ശരി അച്ചോ”
“ആമേൻ”

                     അവൻ പോകുന്നതുനോക്കി സ്വയം മറന്നങ്ങനെയിരിക്കുമ്പോഴാണ് കപ്യാർ വരുന്നത് കണ്ടത്. പെട്ടെന്ന് പരിസരബോധം വന്ന ഫാദർ കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോയി. വേദപുസ്തകം തുറക്കുമ്പോൾ കപ്യാരുടെ ശബ്ദം,
“അച്ചോ,,, ഓടിവായോ,,,”
വെളിയിലേക്കിറങ്ങിയപ്പോൾ കിരീടവും പിടിച്ച് നിൽക്കുന്ന കപ്യാർ,
“അച്ചാ ഇത്?”
“മകനെ അത് മാനസാന്തരം വന്ന ഒരു കുഞ്ഞാട് തിരുരൂപത്തിൽ ചാർത്താനായി ഏല്പിച്ച് പോയതാണ്”
“അച്ചൊ ആരാണത്? അയാൾക്ക് ഇതിനുപകരം ഒരു സ്വർണ്ണക്കിരീടം‌തന്നെ സംഭാവന ചെയ്തുകൂടായിരുന്നോ?”
“അത് സ്വർണ്ണം തന്നെയാണ്; കുമ്പസാര രഹസ്യം നീ അറിയേണ്ട മകനെ”
                    കപ്യാർ പിന്നീടൊന്നും ചോദിക്കാതെ കിരീടം തിരിച്ചും മറിച്ചും നോക്കി; തലയിൽ ആകെയൊരു പെരുപ്പ് കയറിയതുപോലെ. വളരെ ശ്രദ്ധിച്ചുകൊണ്ട് കിരീടം മേശപ്പുറത്ത് വെച്ച് അകത്തേക്ക് പോകുമ്പോൾ അയാൾ ഒന്നിരുത്തി മൂളി. അപ്പോൾ ഫാദർ ചിന്തിച്ചു;
ഇവൻ ആളെ കണ്ടിട്ടുണ്ടാവുമോ?,,, അ,, എന്തെങ്കിലുമാവട്ടെ,,,

                   പിന്നീട് എല്ലാം തിരക്കുപിടിച്ച കർമ്മങ്ങളായിരുന്നു; വിശ്വാസികൾ ഓരോരുത്തരായി വരാൻ തുടങ്ങി.
ഇടവകയിലെ പതിവ് വിശ്വാസികളൊക്കെ എത്തിയെന്നറിഞ്ഞ ഫാദർ അല്പനേരത്തെ സുവിശേഷപ്രസംഗത്തിനുശേഷം പൊതി തുറന്ന് കിരീടം പുറത്തെടുത്തു.
അദ്ദേഹം എല്ലാവരെയും ഒന്ന് കണ്ണോടിച്ചുകൊണ്ട് പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട വിശ്വാസികളെ ഇന്ന് നിങ്ങളെയെല്ലാവരെയും പോലെ കർത്താവിൽ വിശ്വസിക്കുന്ന ഒരാൾ വിശുദ്ധരൂപത്തിന്റെ ശിരസ്സിൽ ചാർത്താനായി വിശേഷപ്പെട്ട ഒരു സ്വർണ്ണക്കിരീടം സംഭാവന നൽകിയിരിക്കയാണ്. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ ഈ കിരീടം കർത്താവിനെ ഞാൻ അണിയിക്കുകയാണ്”
                 കിരീടം ഉയർത്തിയതോടെ നിറഞ്ഞു കവിഞ്ഞ വിശ്വാസികൾക്കിടയിൽ നിന്നും ആരവങ്ങൾ ഉയർന്നു. മുൾക്കിരീടം അണിഞ്ഞ കർത്താവിന്റെ ശിരസിന് മുകളിൽ സ്വർണ്ണക്കിരീടം അണിഞ്ഞ്, ആ വിശുദ്ധരൂപം അവർക്കിടയിൽ തിളങ്ങി. അന്നത്തെ വിശുദ്ധകുർബാന പതിവിലധികം നേരം നീണ്ടുപോയെങ്കിലും ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ അച്ചന് മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

പള്ളിവാതിൽ അടച്ച് വെളിയിൽ ഇറങ്ങാൻ നേരത്താണ് കപ്യാർ ഒരു സംശയം ഉന്നയിച്ചത്,
“അച്ചൊ, ഈ കിരീടം ഇവിടെ ഇങ്ങനെ വെച്ചാൽ,,, ഇപ്പോൾ കാലം വല്ലാത്താതാ”
“താനെന്താടോ അരുതാത്തത് ചിന്തിക്കുന്നത്? ഈ പള്ളിമേടയിൽ ഒരു കള്ളനും വരില്ല; വാതിലടച്ച് പൂട്ടി താക്കോൽ കൈയിലെടുത്താൽ മതി. ഇടവകയിലെ ആളുകളെല്ലാം നല്ലവരായതിനാൽ നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട”
“എന്നാലും അച്ചോ,, ഇപ്പോൾ സ്വർണ്ണവില റോക്കറ്റ് പോലെ ഉയരുന്ന കാലമാ”
“എന്നാല് ഒരു കാര്യം ചെയ്യ്; ഈ കിരീടം ഊരി നന്നായി പൊതിഞ്ഞിട്ട് നിന്റെ കൈയിൽ തരാം. നാളെ നീ വരുമ്പോൾ കൊണ്ടുവന്നാൽ മതി”
“അയ്യോ,, അതുവേണ്ടച്ചോ,, എന്റെ വീടിനും വാതിലിനും ഒരുറപ്പും ഇല്ലാത്തതാ. നാളെ പൊലരുമ്പം കിരീടം കാണാതായാൽ നാട്ടുകാരോടെന്ത് സമാധാനം പറയും? ചിലപ്പോൾ എന്റെവീട്ടിലെ നാലാളുടെയും അന്ധ്യകൂദാശ നാളെത്തന്നെ അച്ചന് നടത്തേണ്ടി വന്നേക്കും. പിന്നെ അച്ചൻ‌തന്നെ സൂക്ഷിച്ചാൽ അച്ചനൊരാളുടെ ജീവൻ മാത്രം നോക്കിയാൽ പോരെ?”
“എന്നാൽ ഇനി കിരീടത്തെക്കുറിച്ച് ഒരക്ഷരവും നീ പറയരുത്”
                  കപ്യാർ പിന്നീടൊന്നും മിണ്ടിയില്ലെങ്കിലും പള്ളിയിൽ നിന്ന് വെളിയിലിറങ്ങി ഇടവഴിയിൽ കടന്നപ്പോൾ അച്ചൻ ആലോചനാമഗ്നനായി നിന്നു. അദ്ദേഹം നിന്നപ്പോൾ, ഒപ്പം നിന്ന കപ്യാരെ നോക്കി പറഞ്ഞു,
“നീ പറഞ്ഞപ്പോഴാ ഞാൻ ചിന്തിച്ചത്,, അതൊരു രണ്ട് രണ്ടര കിലോഗ്രാം കാണുമല്ലൊ”
“ഏതാണച്ചോ?”
“കിരീടം”
“അച്ചനല്ലെ കിരീടത്തെക്കുറിച്ച് ഒരക്ഷരവും പറയരുതെന്ന് പറഞ്ഞത്”
“എന്നാലും നീ പറഞ്ഞതുപോലെ സ്വർണ്ണത്തിനൊക്കെ എന്തൊരു വിലയാ,, ഇത്തിരി പൊന്നിനുവേണ്ടി കൊച്ചുകുഞ്ഞിനെപ്പോലും കൊല്ലുന്ന ചെകുത്താൻ‌മാരും ഈ ഭൂമിയിൽ ഉണ്ടല്ലൊ”
“അതിന്?”
“അത് മുഴുവൻ സ്വർണ്ണമാണെന്നാ പറഞ്ഞത്, അപ്പോൾ അതവിടെ വെച്ചാൽ?”
“എന്തിനാ അച്ചാ ഇങ്ങിനെയൊക്കെ പറയുന്നത്? തിരുരൂപത്തിൽ നിന്നും കിരീടം ഊരിയെടുത്ത്  അച്ചന്റെ താമസസ്ഥലത്ത് വെച്ച് പൂട്ടുക, എന്നിട്ട് കുർബാനക്കും പെരുന്നാളിനും വിശേഷ ദിവസങ്ങളിലും മാത്രം പള്ളിയിൽ കൊണ്ട്‌വന്ന് ചാർത്തുക”
“ഒരുകണക്കിൽ അത്‌തന്നെയാ നല്ലത്”

                     രണ്ട്‌പേരും തിരികെ നടന്ന് പള്ളിവാതിൽ തുറന്ന്, കടന്നതിനുശേഷം കപ്യാർ കിരീടം അഴിച്ച് അച്ചനെ ഏല്പിച്ചു. പൊതിഞ്ഞുകെട്ടിയ കിരീടം അച്ചന്റെ വലിയ ബാഗിൽ വെച്ച് അതുമായി അവർ പുറത്തിറങ്ങി. ചുറ്റുപാടുകൾ നിരിക്ഷിച്ചശേഷം അവർ ഒന്നും സംസാരിക്കാതെ നടന്ന് രണ്ട് വഴിയിലേക്ക് പിരിഞ്ഞു.
വീട്ടിൽ എത്തിയിട്ട് കിരീടം ഷെൽഫിൽ വെച്ച്‌പൂട്ടിയപ്പോൾ അച്ചൻ മനസ്സിലോർത്തു,
‘എന്തൊരു ആശ്വാസം’

                         ഉറങ്ങാൻ‌നേരത്ത് അച്ചന്റെ ചിന്തകളിൽ ഒരു കിരീടം കറങ്ങാൻ തുടങ്ങി. ഇത്തിരി പൊന്നിനുവേണ്ടി കൊലപാതകം നടത്താൻ ഒരു മടിയും കാണിക്കാത്ത മനുഷ്യർക്കിടയിൽ എല്ലാവരും വിശ്വാസികളാണെന്ന് പറയാനാവുമോ? ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണകിരീടം ഉണ്ടെന്നറിഞ്ഞാൽ കള്ളന്മാരെല്ലാം കൂട്ടമായി ഇവിടെ വരില്ലെ? നാളെ രാവിലെ വാതിൽ തുറക്കുമ്പോൾ കിരീടം അവിടെയില്ലെങ്കിൽ നാട്ടുകാരോടെന്ത് സമാധാനം പറയും? കിരീടം മാത്രമാണോ? ഭീഷണി തന്റെ ജീവനും ഉണ്ടാവില്ലെ? കള്ളന്മാർക്ക് അച്ചനെന്നൊ, വിശ്വാസികളെന്നോ, അവിശ്വാസികളെന്നോ ഉള്ള ചിന്ത കാണുമോ?
                        അങ്ങനെ പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ ഫാദർ ഞെട്ടി; വെളിയിലെന്തോ ശബ്ദം. പതുക്കെ എഴുന്നേറ്റ് എമർജൻസി ലൈറ്റുമായി പുറത്തിറങ്ങി ചുറ്റും നോക്കാൻ തുടങ്ങിയപ്പോൾ ഒരു വണ്ടിയുടെ ശബ്ദവും ഒപ്പം വെളിച്ചവും അടുത്ത് വന്ന് നിന്നു; മുന്നിൽ നിർത്തിയ ബൈക്കിൽ നിന്നും ഇറങ്ങിവരുന്നത്‌ കപ്യാർ,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,,, അച്ചാ ഈ പാതിരാത്രി എങ്ങോട്ടാ?”
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ; മകനെ ഇവിടെ ഒരു പട്ടിക്കുട്ടി വന്നത് ഓടിക്കളഞ്ഞു, അതിന്റെ ശബ്ദം‌കേട്ട് വെളിയിലിറങ്ങിയതാണ്”
“ഈ പാതിരാത്രിയിൽ അച്ചനിങ്ങനെ ഒറ്റക്ക് പുറത്തിറങ്ങി നടക്കേണ്ട, കള്ളന്മാരെല്ലാം നടക്കുന്ന നേരമാ”
“വിശ്വാസികളെ ദൈവം രക്ഷിക്കും, ഞാൻ പട്ടിക്കുഞ്ഞിനെ നോക്കിയതാ”
“സ്വന്തം ശരീരം ആദ്യം രക്ഷിക്കാൻ നോക്ക് അച്ചോ”
“അപ്പോൾ കപ്യാരെന്തിനാ ഈ നേരത്ത്?”
“അത് അച്ചനിവിടെ തനിച്ച്,,, എനിക്കൊരു പേടി; വാതിലെല്ലാം നന്നായി അടച്ചു പൂട്ടിക്കോ,, ഇനി ഞാൻ പോവുകയാണ്”
                  കപ്യാർ തിരിച്ചുപോകുന്നത് നോക്കിനിന്നുകൊണ്ട് അച്ചൻ അകത്തുകടന്ന് വാതിലടച്ചു. അവനോട് രാത്രി തന്റെകൂടെ താമസിക്കാൻ പറയാഞ്ഞതിൽ ഒരു വിഷമം തോന്നി.

                      കിടക്ക കണ്ടാൽ പെട്ടെന്ന് ഉറക്കം വരുന്ന തനിക്ക് ഇപ്പോൾ ഉറങ്ങാനാവാത്തതിൽ വിഷമം തോന്നി. കുരിശ് ഇരുകൈകൊണ്ടും മുറുകെപ്പിടിച്ച് നെഞ്ചോടമർത്തി കർത്താവിനെ ധ്യാനിച്ചുകൊണ്ട്, പുലരാനായ ഏതോ യാമത്തിൽ അല്പനേരത്തേക്ക് ഉറങ്ങി.
                      പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ‌ ഞെട്ടി എഴുന്നേറ്റ് ഷെൽഫ് തുറന്നു; കിരീടം അവിടെയുണ്ട്, ആശ്വാസം. തിരക്ക് പിടിച്ച് പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് പള്ളിയിൽ എത്തിയപ്പോൾ മനസ്സ് മുഴുവൻ താമസസ്ഥലത്ത്‌തന്നെ ആയിരുന്നു. പള്ളിയിൽ വരുന്നവർ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോഴും കുമ്പസാരക്കൂട്ടിൽ ഇരുന്ന് പാപങ്ങൾ ഏറ്റ്‌പറയുന്നത് കേട്ടപ്പോഴും യാന്ത്രികമായി മറുപടി പറഞ്ഞു. ഒടുവിൽ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് മനസ്സിന് അല്പം സമാധാനം വന്നത്.
             
                         ദിവസങ്ങൾ നാല് കഴിഞ്ഞപ്പോൾ ഫാദർ ഒരു കാര്യം തിരിച്ചറിഞ്ഞു; തനിക്ക് ഉറങ്ങാനാവുന്നില്ല. രാത്രിയുടെ യാമങ്ങളിൽ ഉയരുന്ന വളരെ ചെറിയ ശബ്ദം പോലും കേട്ട് അദ്ദേഹം ഞെട്ടി ഉണരാൻ തുടങ്ങി. അച്ഛന്റെ മനസ്സിൽ സ്വർണ്ണക്കിരീടം ഇപ്പോൾ മുൾക്കിരീടമായി മാറിയിരിക്കയാണ്; അലമാര തുറന്ന് കിരീടം അവിടെതന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പതിവ് വർദ്ധിച്ചപ്പോൾ ഒരുദിവസം കപ്യാരോട് കാര്യങ്ങൾ പറഞ്ഞു.
അതുകേട്ട കപ്യാർ പറഞ്ഞു,
“ഫാദർ ഇതിനൊരു പരിഹാരം കാണാൻ നമ്മൾ ബിഷപ്പിനെ കണ്ടാൽ മതി. തിരുമേനിയോട് പറഞ്ഞ് ഈ കിരീടം ലോക്കറിലോ മറ്റോ സൂക്ഷിക്കുന്നതായിരിക്കുൻ ബുദ്ധി”
“അത് ശരിയാ, ബിഷപ്പിന്റെകാര്യം ഞാനങ്ങ് മറന്നുപോയി”
                       അന്ന് വൈകുന്നേരം കപ്യാരോടൊത്ത് താമസസ്ഥലത്തെത്തിയ ഫാദർ അലമാരയിൽ നിന്നും കിരീടം വെളിയിലേക്കെടുത്ത് നന്നായി പൊതിഞ്ഞ് ബാഗിൽ വെച്ചു. പിന്നീട് ഓട്ടോ വിളിച്ച്‌വരുത്തി രണ്ട്‌പേരും അതിൽ‌കയറി യാത്രയായി; നേരെ ബിഷപ്പ് ഹൌസിലേക്ക്.
                       ബിഷപ്പിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. അച്ചന്റെ കൈയിൽ നിന്നും കിരീടം സ്വീകരിച്ച് തിരിച്ചും മറിച്ചും നോക്കിയശേഷം തിരുമേനി പറഞ്ഞു,
“സ്വർണ്ണക്കിരീടം, കൊള്ളാം,,,, ലോക്കറിലൊക്കെ വെച്ചാൽ ഇത് ആവശ്യത്തിന് എടുക്കാനും വെക്കാനും പ്രയാസമായിരിക്കും. തന്നെപ്പോലെ എനിക്ക് ഭയമൊന്നും ഇല്ലടോ, ഇത് ഇവിടെ ഷെൽഫിൽ വെച്ച് പൂട്ടാം; ഒരു കള്ളനും വരില്ല. വിശേഷദിവസങ്ങളിലെല്ലാം താനിവിടെ നിന്ന് കിരീടം എടുത്ത്‌കൊണ്ട് പോകണം, കേട്ടോ,,,”
“ദൈവത്തിനു സ്തുതി”
“ആമേൻ”

                          അങ്ങനെ കിരീടപ്രശ്നം പരിഹരിച്ചപ്പോൾ ഫാദർ വളരെയധികം ആശ്വസിച്ചു, ഇനി മനസമാധാനത്തോടെ ഒന്ന് ഉറങ്ങാമല്ലൊ. പിറ്റേദിവസവും പതിവുപോലെ പാപികൾ വന്ന് പ്രാർത്ഥിക്കുകയും പാപമോചിതരായി തിരികെ പോവുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ബിഷപ്പിന്റെ ഒരു ഫോൺ,
“ഫാദർ ഒന്ന് ഇവിടം വരെ വരണം, അർജന്റ് മാറ്റർ”
                         ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസത്തോടെ മന:സമാധാനത്തോടെ ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കെ ബിഷപ്പിന്റെ വിളി വന്നപ്പോൾ അച്ചന് ടെൻഷൻ വർദ്ധിക്കാൻ തുടങ്ങി.
‘ഇനി ആ കിരീടം വീണ്ടും തന്റെ തലയിൽ ചാർത്താനാണോ?’

വൈകുന്നേരം അരമനയിൽ പോയപ്പോൾ തിരുമേനി അദ്ദേഹത്തെ കാത്തിരിക്കുന്നു. അച്ചനെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ പറഞ്ഞു,
“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ; തന്നെ പെട്ടെന്ന് വിളിച്ചുവരുത്തിയത് ഞാൻ ഒരാഴ്ചക്ക് ശേഷം റോമിലേക്ക് പോകുന്ന കാര്യം പറയാനാണ്. അവിടെ പോയിട്ട് പോപ്പിനെ ഒന്ന് ദർശിക്കണം”
“അത് നല്ല കാര്യമാണല്ലൊ തിരുമേനി, ദൈവം കരുണയുള്ളവനാണ്”
“അതിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ നാളെ എനിക്ക് കോട്ടയം വരെ പോകണം”
“ദൈവത്തിന് സ്തുതി, തിരുമേനിക്ക് ഞാനെന്ത് സഹായം ചെയ്യണം?”
“സഹായമൊന്നും വേണ്ട, താങ്കൾ ഒരാഴ്ച മുൻപ് കൃത്യമായി പറഞ്ഞാൽ ഏഴ് ദിവസവും ആറ് മണിക്കൂറും ഇരുപത് മിനുട്ടും മുൻപ് ഒരു സാധനം ഇവിടെ ഏല്പിച്ചിട്ടില്ലെ; അത് തിരികെ വാങ്ങണം”
“അയ്യോ തിരുമേനി അത് സ്വർണ്ണക്കിരീടം അല്ലെ”
“അതെ, സ്വർണ്ണം തന്നെ, അത് ഇവിടെ നിന്ന് ഒഴിവാക്കണം. ഞാൻ പോയാൽ ഇവിടെ അരമനയിൽ എല്ലാനേരത്തും ആളുണ്ടായെന്ന് വരില്ല”
“അത് ഇവിടത്തെ അലമാരയിൽ വെച്ച് പൂട്ടിയാൽ പോരെ?”
“സ്വർണ്ണത്തിനൊക്കെ വലിയ വിലയാ, എന്ത് ഉറപ്പിന്മേലാണ് ഇവിടെ വെച്ച് പൂട്ടുന്നത്”
“തിരുമേനി അത് അവിടെ വെച്ചാൽ എനിക്ക് ഉറക്കം വരില്ല”
“തന്റെ സ്വർണ്ണക്കിരീടം ഇവിടെ വെച്ചതുമുതൽ എനിക്ക് ഉറക്കം വന്നിട്ടില്ലടോ. ഇനി റോമിൽ പോയിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ”
ബിഷപ്പിന്റെ കൈയിൽ നിന്നും കിരീടം ഏറ്റുവാങ്ങി പള്ളിയിലേക്ക് നടക്കുമ്പോൾ വരാനിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളെകളെക്കുറിച്ച് ഫാദർ ചിന്തിക്കുകയായിരുന്നു.

37 comments:

  1. കഥയുടെ തുമ്പ് പറഞ്ഞുതന്ന കണ്ണൂർ നർമ്മവേദിയിലെ ‘ഫാദറിനും’ പള്ളിയിലെക്കാര്യങ്ങൾ അറിയിച്ച ‘ബ്ലോഗർ ജിക്കുവിനും’ ഈ കഥയുടെ പേരിൽ കടപ്പാട് അറിയിക്കുന്നു.

    ReplyDelete
  2. മിനി കഥ കൊള്ളാം...
    സ്വര്‍ണ്ണം ഉറക്കം കെടുത്തും എന്ന് തെളിഞ്ഞു അതു കൊണ്ടാവും 'കുഞ്ഞാട്'
    കിരീടം അച്ചനെ ഏല്പ്പിച്ചത്.. നല്ല ഒഴുക്കിനു കഥ പറഞ്ഞു ആശംസകള്‍!!

    ReplyDelete
  3. ഈ സ്വര്ണം സ്വര്ണം എന്ന് പറഞ്ഞു സാധനത്തിനു ഇങ്ങനെ ഓരോ പുളിവാലുണ്ട് ഉറക്കവും മനസമാധാനവും കളയും
    ഏതയാലും കൊട്ടേഷന്‍ ടീം അച്ഛനിട്ട് എട്ടിന്റെ പണി തന്നെ യാ കൊടുത്തത്

    ReplyDelete
  4. @മാണിക്യം-,
    ഇടവേളക്ക് ശേഷം മാണിക്യത്തിന്റെ കമന്റ് കണ്ടപ്പോൾ വല്ലാത്ത ഒരു ആവേശം. അഭിപ്രായം എഴുതിയതിന് നന്ദി.
    @കൊമ്പന്‍-,
    വീട്ടിൽ സ്വർണ്ണം ഉണ്ടെന്ന് ചിന്തിച്ചാൽ ഇക്കാലത്ത് മനുഷ്യന് ഒരിക്കലും ഉറക്കം വരില്ല. രാത്രി ഉറങ്ങാൻ നേരത്ത് ഒന്ന് ചിന്തിച്ചു നോക്ക്,,, അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  5. കഥ കൊള്ളാം...സ്വർണ്ണത്തിനു വില കൂടിയോണ്ടാവും കുഞ്ഞാട്
    കിരീടം അച്ചനെ ഏല്പ്പിച്ചത്.:):):)

    ReplyDelete
  6. പക്ഷെ എന്തിനാണ് ആ താന്തോന്നിയായ കുഞ്ഞാട് ആ കിരീടം അച്ചനെ ഏല്‍പ്പിച്ചതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ഇനി അഥവാ അങ്ങേര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവുമോ? എവിടെ നിന്നെങ്കിലും കക്ഷി മോഷ്ടിച്ചതാണെങ്കില്‍ അത് വാര്‍ത്തകളിലോ മറ്റോ വന്ന് വിശ്വാസികള്‍ അറിഞ്ഞേനെ എന്ന ചിന്തയില്‍ നിന്നാട്ടോ ഈ കമന്റ്.

    ReplyDelete
  7. മനുഷ്യനൊഴികെ എല്ലാത്തിനും വില കൂടുന്നു.... സ്വന്തം വില അറിയാതെ മനുഷ്യന്‍ അവയെല്ലാം വാരി കൂട്ടുന്നു.. എല്ലാം സ്വന്തമാക്കണംഎന്ന ചിന്ത ജീവിതത്തിണ്റ്റെ പാതി ഉറക്കം കളയുന്നു. ബാക്കി ഉറക്കം , നേട്ടങ്ങള്‍ നഷ്ടപ്പെടുമോ എന്ന ചിന്തയും കവരുന്നു........ഈ കഥ ആ സത്യം വിളിച്ചു പറയുന്നു....

    ReplyDelete
  8. ഞാന്‍ കരുതിയ ക്ലൈമാക്സ്‌ അല്ല,, ശോ.. ഞാന്‍ കരുതി ആ കുഞ്ഞാട് പോലീസ്‌ റൈഡ് ചെയ്യാന്‍ വന്നപ്പോ തല്‍ക്കാലം രക്ഷയ്ക്ക് അച്ഛനെ എല്പ്പിച്ചതാനെന്നാ.. പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്നങ്ങ് നിര്‍ത്തി. നന്നായി എഴുതി..ആശംസകള്‍

    ReplyDelete
  9. ഇത്തവണ ഞാന്‍ നിരാശനാണ് ടീച്ചറെ... ഒരു അന്തോം കുന്തോം ഇല്ലാതായിപ്പോയി.!

    ReplyDelete
  10. കഥ നന്നായി ടീച്ചറെ..ഞാന്‍ കരുതി ബിഷപ്പ് റോമില്‍ പോണത് കിരീടം പോപ്പിന് കൊടുക്കാനാണെന്ന് :-)

    ReplyDelete
  11. കിരീടം പോപ്പിനെ ഏല്‍പ്പിക്കാമായിരുന്നു...അദ്ദേഹവും ഉറങ്ങാതിരിക്കട്ടെ ... .അങ്ങനെ എല്ലാരുടെയും ഉറക്കം കെടുത്തിയിട്ട്‌ ആഹ....എന്ത് സമാധാനം....
    നന്നായി കേട്ടോ.

    ReplyDelete
  12. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന്
    നാട്ടില്‍ തേടി നടപ്പൂ...

    മണപ്പുറം ഫൈനാന്‍സില്‍ ഏല്പിക്കൂ ടീച്ചറേ...

    ReplyDelete
  13. ഹ്ഹ്ഹ്ഹ്ഹ് പണി കിട്ടുന്ന ഓരോ വഴികളേ....
    മടിയില്‍ കനം, വഴിയില്‍ പേടി എന്നൊക്കെ പറഞ്ഞ് എന്തോ ഒരു സംഭവം ഉണ്ടല്ലോ. അതന്നല്ലേ ഇത്.
    കൊള്ളാം :)

    ReplyDelete
  14. @ഋതുസഞ്ജന-,
    ആ കുഞ്ഞാടിന്റെ ശരിയായ ഒരു വിവരവും കിട്ടിയിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി..
    @Manoraj-,
    ദൈവത്തിന്റെ കിരീടമാണെന്ന് കുഞ്ഞാടിന് തോന്നിയിട്ട് ഉറക്കം ഇല്ലാതായിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി..
    @കുമാര്‍ വൈക്കം-,
    അഭിപ്രായം എഴുതിയതിന് തകർപ്പൻ നന്ദി.
    @Aneesh Puthuvalil-,
    ഉറക്കം നഷ്ടപ്പെടാൻ ഓരോ വഴികൾ, അഭിപ്രായം എഴുതിയതിന് നന്ദി..
    @mad|മാഡ്-അക്ഷരക്കോളനി.കോം-,
    സംഗതി അനുഭവിച്ച ഫാദർ പറഞ്ഞത് അതേപടി കഥയാക്കിയതാണ്. അപ്പോൾ ക്ലൈമാക്സ് മാറാനിടയില്ല. അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  15. @ആളവന്‍താന്‍-,
    സ്വർണ്ണം കിട്ടിയാൽ അന്തോം കുന്തോം ഇല്ലാതാവുന്ന അവസ്ഥയാണ് വിമലെ. അഭിപ്രായം എഴുതിയതിന് നന്ദി..
    @ഒരു ദുബായിക്കാരന്‍-,
    അത് ശരിയാവില്ലല്ലൊ ദുബായിക്കാരാ, അഭിപ്രായം എഴുതിയതിന് നന്ദി..
    @ലീല എം ചന്ദ്രന്‍..-,
    സ്വർണ്ണം കിട്ടിയാൽ പിന്നെ ഉറക്കമെന്തിന്? മാടായിപാറയുടെ ഫോട്ടോ എടുത്തോ? അഭിപ്രായം എഴുതിയതിന് നന്ദി..
    @ജനാര്‍ദ്ദനന്‍.സി.എം-,
    ഈ ചിന്ത അദ്ധ്യാപകർക്ക് മാത്രം ഉള്ളതാ, ഇവിടെയും ഒരാളുണ്ട്, ഇങ്ങനെ പറയാൻ. അഭിപ്രായം എഴുതിയതിന് നന്ദി..
    @ചെറുത്*-,
    ശരിക്കും അതു തന്നെയാ ഞാനും പറയുന്നത്. ഏതാനും വർഷം മുൻപ് വീട് റിപ്പെയർ സമയത്ത് അടച്ചുപൂട്ടാതെ ഞങ്ങൾ സുഖമായി ഉറങ്ങിയിട്ടുണ്ട്. എന്നാലിന്ന് അടച്ച് പൂട്ടി എന്ന് ഉറപ്പ് വരുത്തിയിട്ടും പേടിച്ച് ഉറക്കം വരുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  16. എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒരു കഥ , വായന രസകരമാക്കി.

    ReplyDelete
  17. കനകം മൂലം ദു:ഖം ... നന്നായി കഥ. അതും സ്വർണ്ണത്തിനു പിറകെ ആളുകൾ പായുന്ന കാലത്ത് ഏറെ ഉചിതവും.

    ReplyDelete
  18. "..വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനാ.?” മോഹന്‍ ലാലുള്ള ആ പരസ്യം ഓര്‍മ്മ വന്നു.കഥ നന്നായിട്ടുണ്ട്. ആഭരണങ്ങള്‍ ധരിക്കുന്നവര്‍ക്കും ഇതു ബാധകമാണ്.ഇനിയും പോരട്ടെ ടീച്ചറുടെ സ്വര്‍ണ്ണ കഥകള്‍.

    ReplyDelete
  19. @സിദ്ധീക്ക..-,
    ഏതാനും ദിവസമായിട്ട് ഉള്ളവരുടെ ഉറക്കം കെടുത്തുന്നത് സ്വർണ്ണവും ഇല്ലാത്തവരുടെ സ്വർണ്ണവിലയുമാണ്. അഭിപ്രായം എഴുതിയതിന് നന്ദി..
    @ശ്രീനാഥന്‍-,
    സ്വർണ്ണം ദു:ഖമാണുണ്ണി,, അഭിപ്രായം എഴുതിയതിന് നന്ദി..
    @Mohamedkutty മുഹമ്മദുകുട്ടി-,
    എന്നിട്ടിപ്പൊ ആരെങ്കിലും പൊന്നില്ലാതെ പെണ്ണിനെ അയക്കുമോ? അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  20. ഇനി ശ്രീപത്മനാഭനും പോലീസും ഉറക്കം ഇല്ലാതെ നടക്കുന്നതും കാണാം :).

    ReplyDelete
  21. ടീച്ചറേ, ഒരല്പം വലിച്ചു നീട്ടിക്കളഞ്ഞല്ലൊ!

    ReplyDelete
  22. enthoru pulivalanee swarnam,lle.. poppinekkoode patikaamaayirunnu!

    ReplyDelete
  23. ഞാന്‍ കരുതി, ബിഷപ്പ് റോമില്‍ പോകുന്നത് കിരീടം മാര്‍പാപ്പയെ ഏല്‍പ്പിക്കാനാവും ന്ന്...

    കഥ നന്നായി പറഞ്ഞു ട്ടോ ടീച്ചറെ...

    ReplyDelete
  24. @kARNOr(കാര്‍ന്നോര്)-,
    ശ്രി പത്മനാഭന് പണ്ടേ ഉറക്കമില്ലല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി..
    @അനില്‍കുമാര്‍ . സി.പി-,
    നീട്ടിയതല്ല, നീണ്ടുപോയതാണ്, അഭിപ്രായം എഴുതിയതിന് നന്ദി..
    @മുകിൽ-,
    പോപ്പിന്റെ കാര്യം കൂടി പറയാൻ തുടങ്ങിയാൽ എനിക്ക് പുലിവാലാവും. ഇതുതന്നെ എങ്ങിനെയോ ഒപ്പിച്ചതാണ്, അഭിപ്രായം എഴുതിയതിന് നന്ദി..
    @കുഞ്ഞൂസ് (Kunjuss)-,
    അതും കൊണ്ട് നടക്കാൻ അദ്ദേഹത്തിന് പേടിയായിരിക്കും. ആരുടെയെങ്കിലും കല്ല്യാണത്തിന് ധാരാളം സ്വർണ്ണം വാങ്ങിയിട്ട് വീട്ടിലേക്ക് വരുമ്പോഴുള്ള അവസ്ഥ ഉണ്ടായിട്ടുണ്ടോ? അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  25. കഥ നന്നായി പറഞ്ഞു മിനി ടീച്ചര്‍ ... സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില.. പക്ഷെ കര്‍ത്താവിനെന്തിനാ പൊന്‍കിരീടം.. പുള്ളിക്കാരന് മുള്‍കിരീടം തന്നെ ധാരാളം..

    കുഞ്ഞാടിന് കിരീടം എവിടെ നിന്നു കിട്ടി എന്നുള്ളത് കഥയില്‍ അവ്യക്തമായി നിര്‍ത്തി ടീച്ചര്‍ .. നല്ലത്..

    മോഷ്ടിച്ചതാവുമോ ഇനി.. എങ്കില്‍ അത് വാര്‍ത്തയാവില്ലേ.. പള്ളിയിലെ കിരീടം തൊണ്ടിയായി കണ്ടെടുക്കില്ലേ.. കുമ്പസാരരഹസ്യം പുറത്തു പറയാന്‍ പറ്റാതെ ആകെ ധര്‍മ്മസങ്കടത്തില്‍ ആവില്ലേ പള്ളിയിലെ അച്ചന്‍.. കഥയ്ക്കപ്പുറം ഞാന്‍ കുറെ സഞ്ചരിച്ചു..

    ReplyDelete
  26. കഥ അസ്സലായി ടീച്ചറെ!!! സ്വര്‍ണ്ണക്കഥ! അല്ല സ്വര്‍ണ്ണ കിരീടത്തിന്റെ കഥ.
    ഈ സ്വര്‍ണം വരുത്തിവെക്കുന്ന ഒരു വിനയേ!
    ഈ സ്വര്‍ണം കഴുത്തിലും കാതിലും തൂക്കി നടക്കുന്നവര്‍ക്കുള്ള വിനയേ!
    ഈ അടുത്തിടയായി
    ഇതു പിടിച്ചുപറിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
    ഇവര്‍ക്കിതൊരു വിനയാകില്ലേ? എന്തോ? ഏതായാലും ആരോ പറഞ്ഞതുപോലെ
    ഇതിനോടുള്ള മനുഷ്യരുടെ പൂതി ഒന്ന് വേറെ തന്നെ. ഏതായാലും ഈയുള്ളവന്‍ രക്ഷ പെട്ടു! കാരണം എന്തന്നല്ലേ?
    ഇതു വാങ്ങുകയോ ഇതുപയോഗിക്കുകയോ ചെയ്യാത്തത് തന്നെ.
    ഏതായാലും പള്ളിയേയും അച്ഛനെയും ചുറ്റിപ്പറ്റിയുള്ള കഥ നാന്നായി പറഞ്ഞു,
    ഇനി നമ്മുടെ പത്മനാഭ സ്വാമിയെയും ക്ഷേത്രത്തെയും അവിടുത്തെ
    സ്വര്‍ണത്തേയും പറ്റി ഒരു കഥ താമസിയാതെ പുറത്തിറങ്ങും എന്നു കരുതട്ടെ
    ആശംസകള്‍
    പി വി ഏരിയല്‍, സിക്കന്ത്രാബാദ്

    ReplyDelete
  27. കാമ്പുള്ള കഥ............ പണത്തിനേയും,സ്വർണ്ണത്തിനേയും”ആളെക്കോല്ലി”എന്ന് പണ്ട് പാക്കനാർ പറഞ്ഞിട്ടുണ്ട്.... റ്റീച്ചറിനും കഥക്കും ഭാവുകങ്ങൾ.... പിന്നെ ഇപ്പോൾ പേടിക്കേണ്ട കാര്യമില്ലാ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊടുത്താൽ മതി.കരിമ്പൂച്ചകൾ കാവലുണ്ട്......

    ReplyDelete
  28. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് കേട്ടിട്ടുണ്ട്
    സൂക്ഷിക്കുന്നവന്റെ ദുഃഖം നന്നായി പറഞ്ഞു.

    ReplyDelete
  29. മിനി ടീച്ചറെ, വലിയൊരു സത്യം തമാശയായി പറഞ്ഞതില്‍ അഭിനന്ദനം. ഇനി കേരളത്തിലെ ഒരു വീട്ടമ്മയും സമാധാനത്തോടെ ഉറങ്ങില്ല. ആ രീതിയിലല്ലേ സ്വര്‍ണ്ണത്തിന്റെ പോക്ക്.

    ReplyDelete
  30. GOOD
    http://www.sarathcannanore.com/blog/

    ReplyDelete
  31. ഞാൻ വിചാരിച്ചത് ബിഷപ്പിന് ഒന്നുറങ്ങാനായി കിരീടം പോപ്പിനെ ഏൽ‌പ്പിക്കാൻ പോകാണെന്നാ..!

    ഞാനെന്തായാലും സ്വർണ്ണമൊക്കെ കൊടുത്ത് ബാങ്കിൽ നിന്നും ലോണെടുത്തു. പലിശ കൊടുത്താൽ മതിയല്ലൊ. എന്നാലും ഉറക്കം നഷ്ടപ്പെടില്ലല്ലൊ. ആരേയും പേടിക്കുകയും വേണ്ട.

    ReplyDelete
  32. @Sandeep.A.K-,
    കുഞ്ഞാടിന്റെ പൂർവ്വികർ നിലവറയിൽ സൂക്ഷിച്ചതായിരിക്കാം. അധ്വാനിക്കാതെ ലഭിച്ചതല്ലെ, അതുകൊണ്ട് ദാനം ചെയ്യാമല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി..
    @Philip Verghese'Ariel'-,
    താങ്കളുടെ അഭിപ്രായം എനിക്ക് വളരെ സന്തോഷം നൽകുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണ്ണം കണ്ടെത്തിയതു മുതൽ കേരളീയരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്. അഭിപ്രായം എഴുതിയതിന് നന്ദി..
    @ചന്തു നായർ-,
    അതു ശരിയാണല്ലൊ, അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  33. @അവതാരം-,
    ഇപ്പൊഴാ ഒരു അവതാരത്തെ കണ്ടത്, അഭിപ്രായം എഴുതിയതിന് നന്ദി..
    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    സമാധാനം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി,, അഭിപ്രായം എഴുതിയതിന് നന്ദി..
    @sarath-,
    ശരത്തെ കാണാം, കാണണം. അഭിപ്രായം എഴുതിയതിന് നന്ദി..
    @വീ കെ-,
    സ്വർണ്ണവില കൂടിയപ്പോൾ കൈയിലുള്ളത് വിറ്റവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്. അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete
  34. nalla avatharanam!
    welcome to my blog
    nilaambari.blogspot.com
    if u like it follow and suport me

    ReplyDelete
  35. സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
    http://perumbavoornews.blogspot.com

    ReplyDelete
  36. @ARUN RIYAS, സുരേഷ്‌ കീഴില്ലം-,
    അഭിപ്രായം എഴുതിയതിന് നന്ദി..

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..