“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/28/15

വേലക്കാരി അഥവാ വീട്ടുകാരി



                           വീട്ടുവേലക്കാരിയിൽനിന്നും സ്വയംപിരിഞ്ഞുപോകൽ നോട്ടീസ് ലഭിച്ചതോടെ ഞാനാകെ വെപ്രാളത്തിലാണ്. രണ്ടുതവണ പിരിഞ്ഞുപോയവളാണെങ്കിലും അപ്പോഴൊക്കെ എന്റെ കെട്ടിയവൻ അവളുടെ വീട്ടിൽ‌പോയിട്ട് കരഞ്ഞും, കാലുപിടിച്ചും, പോരാത്തതിന് മോഹനവാഗ്ദാനങ്ങളായി ശമ്പളവും കിമ്പളവും വർദ്ധിപ്പിക്കാമെന്ന് പ്രോമിസ് ചെയ്തും തിരികെ കൊണ്ടുവന്നതാണ്. സ്വന്തം ഭാര്യയായ ഞാൻ പിണങ്ങിപോയാലും അദ്ദേഹം തിരികെ വിളിക്കുമെന്ന് തോന്നുന്നില്ല; അതുപോലെയാണോ ഒരു വീട്ടുവേലക്കാരി! ഇപ്പോഴിതാ മൂന്നാം തവണ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോക്കിന് പോയാൽ ഇനിയൊരിക്കലും ഈവീട്ടിൽ കാലുകുത്തില്ലെന്നാണ് പറയുന്നത്. അവൾ ചീനച്ചട്ടി ആവശ്യപ്പെട്ടപ്പോൾ കഞ്ഞിക്കലം എടുത്തുകൊടുത്ത എന്റെ അടുക്കളവിവരം നന്നായി അറിയുന്ന വേലക്കാരി ശരിക്കും മുതലെടുക്കുകയാണ്. അടുക്കളപ്പണി ചെയ്യാൻ മറ്റൊരു വേലക്കാരിയെ ലഭിക്കാനുള്ള പ്രയാസം അനുഭവിച്ചവർക്കെ അറിയാൻ പറ്റുകയുള്ളൂ.

                      വരും‌ദിവസങ്ങളിൽ വേലക്കാരി ഇല്ലാതാവുന്ന കാര്യം എനിക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അടുത്ത ആഴ്ച ടീവിയിലെ റീയാലിറ്റി ഷോകളിൽ രണ്ടെണ്ണം ഗ്രാന്റ് ഫിനാലെയിലേക്ക് നീങ്ങുമ്പോൾ മറ്റൊന്ന് എലിമിനേഷൻ റൌണ്ടിലും വേറൊന്ന് ഡെയ്ഞ്ചർ സോണിലുമാണ്. സീരിയലാണെങ്കിൽ അമ്മ അത്യാസന്ന നിലയിലും സ്ത്രീധനം പൊട്ടിത്തെറിയുടെ വക്കിലും നിൽക്കുമ്പോൾ അവളുടെ കഥ മാത്രമല്ല ഒരു പെണ്ണിന്റെ കഥയും ഓടുന്നത് മഞ്ഞുരുകും കാലത്താണ്. ആ നേരത്ത് അടുക്കളക്കാരി ഇല്ലാതായാൽ ഞാനെന്ത് ചെയ്യും?

സ്യൂട്ട്‌കെയ്സും ബാഗുമായി വരാന്തയിലിറങ്ങിയ അവൾ എന്നെനോക്കി പറഞ്ഞു,
“ചേച്ചീ ഞാൻ പോകുവാ,,, എന്റെ സാമാനമൊക്കെ എടുത്തിട്ടുണ്ട്”
“സാമാനമൊക്കെ അവിടെ വെക്ക്,,, നീയിങ്ങനെ പോയാലെങ്ങനെയാ? നിനക്ക് ശമ്പളം കൂട്ടിത്തന്നാൽ പോരെ?”
“എത്ര ശമ്പളം‌തന്നാലും ഇവിടെത്തെ പണിക്ക് നിൽക്കാൻ എന്നെക്കൊണ്ട് വയ്യ,,, എന്തൊക്കെ പണികളാ ചെയ്യേണ്ടത്; ഞാൻ പോകുന്നു”
“അതെങ്ങനെ ശരിയാവും; ഇവിടെ ഭക്ഷണം വെക്കണ്ടെ? നീ പോയാൽ അദ്ദേഹത്തിന്റെ കാര്യമൊക്കെ ആര്‌നോക്കും?”
“അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട; ഇത്തവണ കൂടെ ചേട്ടനെയും കൊണ്ടുപോകുന്നുണ്ട്. ഞാൻ പൊന്നുപോലെ നോക്കിക്കോളും”
*************************************************

5/7/15

അയാൾ വന്നപ്പോൾ

 

                   പുലരാൻ‌നേരത്ത് നിദ്രവിട്ട് ഉണരുന്നതിനുമുൻപെ കോളിംഗ്‌ബെൽ കേട്ടപ്പോൾ അജയന് ദേഷ്യം‌വന്നു. സലിഷ അടുക്കളയിലായിരിക്കും; ആനേരത്ത് ആകാശം ഇടിഞ്ഞുവീണാലും അന്വേഷിക്കാത്ത സ്വഭാവമാണ്. വീട്ടിൽ വരുന്നവരെ സ്വീകരിക്കേണ്ടത് ഗൃഹനാഥന്റെ കൂടി കടമയാണല്ലൊ, എഴുന്നേറ്റ് വാതിൽ തുറന്നുകളയാം. നൈറ്റ്‌ഡ്രസ് മാറ്റിയതിനുശേഷം മുടിചീകി തിരിഞ്ഞുനടക്കുമ്പോഴാണ് ഉറങ്ങുന്ന മകളെ ശ്രദ്ധിച്ചത്. അല്പസമയം കൂടി ഉറങ്ങട്ടെ; അവൾക്കും ഇന്ന് അവധിയാണല്ലൊ,,,
 
                    രാവിലെതന്നെ വിളിച്ചുണർത്തുന്നത് ആരായിരിക്കും?,,, പണം തരാൻ വരുന്ന അണ്ണാച്ചി ആവാനാണ് സാദ്ധ്യത. തലേദിവസം കടംവാങ്ങിയ പണം തിരിച്ചുതരാനായി അതിരാവിലെ വരുന്ന അയാൾ നല്ലൊരു കണി ആവാറുണ്ട്. സ്വീകരണമുറിയിലെത്തി പതുക്കെ വാതിൽ‌തുറന്ന് വെളിയിലേക്ക് നോക്കി,,, വീണ്ടും നോക്കി,
‘അത് അയാൾ, അയാൾ തന്നെ,,,’
അജയൻ ഞെട്ടി; ഒപ്പം കാലിൽ നിന്നാരംഭിച്ച വിറയൽ മുകളിലോട്ട് ഉയർന്ന് തലയിൽ പടർന്ന് കയറിയപ്പോൾ, ഒരുനിമിഷം പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനരഹിതമായി.

ആദ്യത്തെ ഞെട്ടലിൽനിന്നും മോചനം നേടുന്നതിനുമുൻപ് അയാളുടെ വിളികേട്ടു,
“മോനേ?,,,”
അജയന്റെ നാവ് വരണ്ടു; വാക്കുകൾക്കായി വിഷമിക്കുമ്പോൾ അയാൾ പറയാൻതുടങ്ങി,
“മോനേ, ഞാനൊരുതെറ്റും ചെയ്തിട്ടില്ല; ഈ പാവ എന്റെ കൊച്ചുമോൾക്ക് കൊടുക്കണം, അവളെയൊന്നു കാണാനാ ഞാൻ വന്നത്”
അജയൻ നടക്കുകയല്ല, ഓടുകയായിരുന്നു. ഞെട്ടിവിറച്ചുകൊണ്ട് അടുക്കളയിലെത്തി നിലത്തിരുന്ന് കിതക്കുന്ന ഭർത്താവിന്റെ ഭാവമാറ്റം കണ്ടപ്പോൾ സലിഷഞെട്ടി,
“എന്താ പറ്റിയത്?
മറുപടി പറയാതെ കിതച്ചുകൊണ്ട് വെള്ളംകുടിക്കുന്ന ഭർത്താവിനോട് വീണ്ടുംവീണ്ടും അവൾ ചോദിച്ചു,
“ആരാണ്?, ആരാ വന്നത്?”
“അത് അയാളാണ്, എന്റെ അച്ഛൻ”
“അച്ഛനോ? അത് ജെയിലിലല്ലെ? ജീവപര്യന്തം എന്നുപറഞ്ഞിട്ട്,,,”
അജയന് മിണ്ടാൻ കഴിഞ്ഞില്ല, ആ മൌനം അവളെയാകെ ഭയപ്പെടുത്തി,
“എനിക്കാകെ പേടിയാവുന്നു,,, അയാളെങ്ങനെയാ ഇവിടെ വന്നത്? അങ്ങ് നാട്ടിലെ ജെയിലിൽ കിടക്കുന്ന ആളെങ്ങനെയാ നമ്മുടെവീട് കണ്ടുപിടിക്കുന്നത്? നിങ്ങൾക്ക് തോന്നിയതാവും”
അപ്പോഴാണ് അജയൻ ഓർത്തത്,
നാടും വീടും ഉപേക്ഷിച്ചിട്ട് വർഷങ്ങൾ കുറേയായി. ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം സഹോദരി ഒഴികെ ബന്ധുക്കൾക്കോ ജനിച്ചുവളർന്ന നാട്ടുകാർക്കൊ അറിയില്ല. അവളാണെങ്കിൽ ‘മറ്റൊരു നാട്ടിൽ ഭർത്താവും മക്കളുമായി തന്നെപ്പോലെ ഒളിച്ചുജീവിക്കുന്നു’ എന്നുപറയാം. പിതാവ് കൊലപാതക കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ മാന്യരായി ജീവിക്കുന്ന മക്കൾ വീടും നാടും ഉപേക്ഷിക്കുകയല്ലാതെ പിന്നെന്തു ചെയ്യാനാണ്!

എന്നിട്ടും,,, ആകെ സംശയമായി,
“അയാളെങ്ങനെ, ഈ വീട് കണ്ടുപിടിച്ചു?”
“അതുതന്നെയാ ഞാനും ചോദിക്കുന്നത്? അയാളെങ്ങനെയാ ജെയിലിന്ന് പുറത്തുവന്നത്? അത് അയാൾ തന്നെയാണെന്ന് ഉറപ്പുണ്ടോ?”
“അതുശരിയാണ്, ഞാനൊന്നുകൂടി നോക്കട്ടെ”
“പിന്നെ അകത്ത് ഇങ്ങോട്ടൊന്നും കയറ്റല്ലെ”

                      നിർവികാരനായി എഴുന്നേറ്റ് സ്വീകരണമുറിയിൽ കടന്ന് ജനാലയിലൂടെ സ്വന്തം പിതാവിനെ അജയൻ ഒളിഞ്ഞുനോക്കാൻ തുടങ്ങി. ഓർമ്മവന്നത് കുട്ടിക്കാലത്ത് അച്ഛനും മകനും ചേർന്ന് ഒളിച്ചുകളിക്കുന്നതാണ്. അമ്മയുടെ പിന്നിൽ ഒളിച്ചിരിക്കുമ്പോൾ തന്നെതേടി നടക്കുന്ന അച്ഛനെ, പിന്നിലൂടെവന്ന് ഒച്ചയാക്കി ഭയപ്പെടുത്തുന്നതാണ് അവനോർമവന്നത്. കാലം മാറിയാലും മായതെ മനസ്സിൽ‌പതിഞ്ഞ ഓർമ്മകൾക്ക് എന്തൊരു രസമാണ്. ആ മനുഷ്യൻ തന്നെയാണ് ഇരിക്കുന്നത്; ജീവനില്ലാത്ത പാവയെപ്പോലെ മറ്റൊരു പാവയെ ഇടതുകൈയിൽ പിടിച്ച് വരാന്തയിൽ ഇരിക്കുന്ന അയാ‍ൾ ആളാകെ മാറിയിട്ടുണ്ട്. തലയിൽ ഒരൊറ്റ മുടിയും ഇല്ലാത്ത ആ മനുഷ്യൻ അകലേക്ക്നോക്കി ഇരിക്കുമ്പോൾ കളിമണ്ണിൽ‌തീർത്ത പ്രതിമയെപോലെ തോന്നിച്ചു. ഇങ്ങനെയുള്ള ആളാണൊ കൊച്ചുകുഞ്ഞിനെ കൊന്നത്? ഇയാൾക്ക് എങ്ങനെ തോന്നി? ആരെങ്കിലും ചതിച്ചതാണോ? ഏതായാലും അറിയപ്പെടുന്നത് കൊലപാതകി എന്നുതന്നെ; പറക്കമുറ്റാത്ത കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന ദുഷ്ടൻ,,,

                       വിറയാർന്ന പാദങ്ങളുമായി പിൻ‌വാങ്ങുമ്പോൾ അജയന് വീണ്ടും കുട്ടിക്കാലം ഓർമ്മവന്നു. തന്നെയും അനിയത്തിയെയും ഇരുചുമലിലും കയറ്റിയിട്ട് ഉത്സവം കാണാൻ പോയ നാളുകൾ. വഴിയിൽ ഒറ്റപ്പെട്ടുപോയ ഏതോ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്താൻ മൈക്കിലൂടെ അനൌൺസ് ചെയ്ത അച്ഛൻ,,, ഇപ്പോൾ എന്തെ ഇങ്ങനെ???
ഈ മനുഷ്യൻ കാരണമല്ലെ സ്നേഹമയിയായ അമ്മ ഹൃദയംതകർന്ന് മരിച്ചത്!
ഭർത്താവ് പീഡനക്കേസിൽ പ്രതിയാണെന്ന് അറിഞ്ഞാൽ ഭാര്യക്ക് സഹിക്കാൻ കഴിയുമോ?
പോലീസും കോടതിയും തെളിവുകൾ നിരത്തിയാൽ അയാൾ നിരപരാധിയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

അടുക്കളയിൽ എത്തിയപ്പോൾ കണ്ടത് സലിഷ ഫോൺ ചെയ്യുന്നതാണ്. ആരോടായിരിക്കും; അവളാകെ പേടിച്ചിരിക്കയാണ്.
“ഞാൻ അമ്മുവിനെ വിളിച്ചതാ, ഇതാ മൊബൈൽ,,,”
ഏത് കാര്യവും നാത്തൂനോടാണ് അവൾ പറയുന്നത്, എന്നാലും അമ്മുവിനെ അറിയിക്കേണ്ടായിരുന്നു,
“അമ്മു, മോളേ,,, ഏട്ടനാ,”
“ഏട്ടാ, അയാൾ”
“അത് അയാൾ തന്നെ,, നമ്മുടെ തന്തപ്പടി”
“അയ്യോ ജീവപര്യന്തം എന്നുപറഞ്ഞിട്ട്, എനിക്കാകെ പേടിയാവുന്നു, എന്റെ അനിക്കുട്ടന്റെ അച്ഛനെങ്ങാനും അറിഞ്ഞാൽ”
“നീ പേടിക്കെണ്ട, അയാൾക്ക് നിന്റെ വീടൊന്നും അറിയില്ലല്ലൊ”
“ഏട്ടന്റെ വീട് പരിചയമുള്ളതുകൊണ്ടാണോ അവിടെ വന്നത്?”
അപ്പോൾ അജയനൊന്ന് ഞെട്ടി. ഓഫീസ് മാറുന്നതിനനുസരിച്ച് പലതവണ വീട് മാറിയതാണ്. നാട്ടിലാർക്കും അറിയാത്ത തന്റെ വീടെങ്ങനെ അയാൾ കണ്ടുപിടിച്ചു. എന്നിട്ട്, അതിരാവിലെ എങ്ങനെ ഇവിടെയെത്തി?
“ഏട്ടനെന്താ മിണ്ടാത്തത്, എട്ടുവയസ്സുള്ള കുഞ്ഞിനെയാ വയസ്സുകാലത്ത് അയാൾ പീഡിപ്പിച്ച് കൊന്നത്,, അവിടെയൊരു ആറുവയസ്സുകാരി പെൺകുട്ടി ഉണ്ടെന്ന കാര്യം മറക്കരുത്. മണിക്കുട്ടി ഉണർന്നോ?”

പെട്ടെന്നാണ് മകളുടെ കാര്യം ഓർമ്മവന്നത്, അവൾ എഴുന്നേറ്റ് വരാന്തയിലെങ്ങാനും പോയിരിക്കുമോ?
“ന്റെ മോള്,,,”
 ബെഡ്‌റൂമിലേക്ക് ഓടുമ്പോൾ സലിഷയും പിന്നാലെയെത്തി, മകൾ ഉണർന്നിരിക്കുന്നു. അവളെവിടെ?
“മോളേ മണിക്കുട്ടി?”
പെട്ടെന്ന് വരാന്തയിൽ എത്തിയപ്പോൾ കണ്ടത് പാട്ടുപാടുന്ന പാവയോടൊത്ത് കളിക്കുന്ന മകളെയാണ്. അയാളെവിടെ?
“മോളെ ഈ പാവ, അയാളെവിടെ?”
“മുത്തശ്ശൻ തന്നതാ; അതാരാ? ഒരുപാട് മുട്ടായിം തന്നു”
“മോളെ നിനക്കൊന്നും,,,, എന്നിട്ട് അയാളെവിടെ?”
“പോയി,, അന്നോട് പറഞ്ഞു,,”
“അയാളെന്ത് പറഞ്ഞു?”
“അയാള് പറഞ്ഞു, തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് പപ്പയോട് പറയണംന്ന്, അതെന്താ അങ്ങനെ പറഞ്ഞത്? പപ്പക്ക് മുട്ടായി വേണോ?”
ആവേശത്തോടെ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് സലിഷ പറഞ്ഞു,
“ദുഷ്ടൻ,, തെറ്റൊന്നും ചെയ്തിട്ടില്ലപോലും,, എട്ടുവയസ്സുള്ള കൊച്ചിനെയാ,,, ജയില് ചാടിയിട്ടായിരിക്കും വന്നത്,,, നിങ്ങള് പോലീസിനെ വിളിക്കുന്നതാണ് നല്ലത്”
“പോലീസിനെയൊക്കെ വിളിക്കാം,,,  ഇപ്പോൾ പറയുന്നതുപോലെയാണ് അച്ഛൻ കോടതിയിലും പറഞ്ഞത്,,, കുഞ്ഞിനെ രക്ഷപ്പെടുത്താൻ പോയതാണ്; ആരൊക്കെയോ ചെറുപ്പക്കാർ‌ചേർന്ന് ചെയ്തത് പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് അച്ഛന്റെ തലയിലാക്കിയതാണെന്ന്. തടവറയിൽ കിടക്കുമ്പോൾ അച്ഛന്റെ ഒരു കാര്യവും അന്വേഷിക്കാതെ നാട് വിടുകയല്ലെ നമ്മൾ ചെയ്തത്, ശരിക്കും ഒളിച്ചോട്ടം”
“അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം? പോലീസിനെ നിങ്ങൾ വിളിക്കുന്നില്ലെങ്കിൽ ഞാൻ വിളിക്കാം,,” സലിഷ മൊബൈൽ എടുത്തു.
“വേണ്ട ഞാൻ തന്നെ വിളിക്കാം”
പെട്ടെന്ന് മൊബൈൽ റിംഗ്‌ചെയ്തു; വിറയാർന്ന കൈകൊണ്ട് വിറക്കുന്ന മൊബൈൽ ഭാര്യയിൽ‌നിന്ന് വാങ്ങി ക്ലിക്ക് ചെയ്യുമ്പോൾ അജയൻ കണ്ടു, പരിചയമില്ലാത്ത നമ്പർ,
“ഹലോ”
“ഹലോ, ഇത് അജയൻ എന്ന ആളാണോ?”
“അതെ, ആരാണ്?”
“സെൻ‌ട്രൽ പ്രിസണിലെ ജെയിലറാണ് അറിയിക്കുന്നത്, നിങ്ങളുടെ അച്ഛൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഇവിടെയുണ്ടല്ലൊ”
“ഉണ്ട്‌സാർ,,, അയാൾ,”
“ഇന്നുപുലർച്ചെ നാലുമണിക്ക് സെല്ലിനുള്ളിൽ‌വെച്ച് അച്ഛൻ ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു. ബോഡി ഇവിടെയുള്ളത് ആശുപത്രിയിലേക്ക് മാറ്റുന്നതോടൊപ്പം തുടർന്നുള്ള പ്രൊസീഡിയറിനായി മകനായ താങ്കൾ ഇവിടെ എത്തണം”
“അയ്യോ,,, അച്ഛൻ ഇവിടെ,,,”
“അവിടെ, എന്തുപറ്റി?”
“സർ, ഒരു സംശയം,,, ഈ നമ്പർ കിട്ടിയത്”
“അത്, മരിക്കുന്നതിന് മുൻപ് എഴുതിവെച്ചതാണ്; മകന്റെ മൊബൈൽ നമ്പറും പേരും”
*****************************************