“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

5/28/15

വേലക്കാരി അഥവാ വീട്ടുകാരി



                           വീട്ടുവേലക്കാരിയിൽനിന്നും സ്വയംപിരിഞ്ഞുപോകൽ നോട്ടീസ് ലഭിച്ചതോടെ ഞാനാകെ വെപ്രാളത്തിലാണ്. രണ്ടുതവണ പിരിഞ്ഞുപോയവളാണെങ്കിലും അപ്പോഴൊക്കെ എന്റെ കെട്ടിയവൻ അവളുടെ വീട്ടിൽ‌പോയിട്ട് കരഞ്ഞും, കാലുപിടിച്ചും, പോരാത്തതിന് മോഹനവാഗ്ദാനങ്ങളായി ശമ്പളവും കിമ്പളവും വർദ്ധിപ്പിക്കാമെന്ന് പ്രോമിസ് ചെയ്തും തിരികെ കൊണ്ടുവന്നതാണ്. സ്വന്തം ഭാര്യയായ ഞാൻ പിണങ്ങിപോയാലും അദ്ദേഹം തിരികെ വിളിക്കുമെന്ന് തോന്നുന്നില്ല; അതുപോലെയാണോ ഒരു വീട്ടുവേലക്കാരി! ഇപ്പോഴിതാ മൂന്നാം തവണ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോക്കിന് പോയാൽ ഇനിയൊരിക്കലും ഈവീട്ടിൽ കാലുകുത്തില്ലെന്നാണ് പറയുന്നത്. അവൾ ചീനച്ചട്ടി ആവശ്യപ്പെട്ടപ്പോൾ കഞ്ഞിക്കലം എടുത്തുകൊടുത്ത എന്റെ അടുക്കളവിവരം നന്നായി അറിയുന്ന വേലക്കാരി ശരിക്കും മുതലെടുക്കുകയാണ്. അടുക്കളപ്പണി ചെയ്യാൻ മറ്റൊരു വേലക്കാരിയെ ലഭിക്കാനുള്ള പ്രയാസം അനുഭവിച്ചവർക്കെ അറിയാൻ പറ്റുകയുള്ളൂ.

                      വരും‌ദിവസങ്ങളിൽ വേലക്കാരി ഇല്ലാതാവുന്ന കാര്യം എനിക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അടുത്ത ആഴ്ച ടീവിയിലെ റീയാലിറ്റി ഷോകളിൽ രണ്ടെണ്ണം ഗ്രാന്റ് ഫിനാലെയിലേക്ക് നീങ്ങുമ്പോൾ മറ്റൊന്ന് എലിമിനേഷൻ റൌണ്ടിലും വേറൊന്ന് ഡെയ്ഞ്ചർ സോണിലുമാണ്. സീരിയലാണെങ്കിൽ അമ്മ അത്യാസന്ന നിലയിലും സ്ത്രീധനം പൊട്ടിത്തെറിയുടെ വക്കിലും നിൽക്കുമ്പോൾ അവളുടെ കഥ മാത്രമല്ല ഒരു പെണ്ണിന്റെ കഥയും ഓടുന്നത് മഞ്ഞുരുകും കാലത്താണ്. ആ നേരത്ത് അടുക്കളക്കാരി ഇല്ലാതായാൽ ഞാനെന്ത് ചെയ്യും?

സ്യൂട്ട്‌കെയ്സും ബാഗുമായി വരാന്തയിലിറങ്ങിയ അവൾ എന്നെനോക്കി പറഞ്ഞു,
“ചേച്ചീ ഞാൻ പോകുവാ,,, എന്റെ സാമാനമൊക്കെ എടുത്തിട്ടുണ്ട്”
“സാമാനമൊക്കെ അവിടെ വെക്ക്,,, നീയിങ്ങനെ പോയാലെങ്ങനെയാ? നിനക്ക് ശമ്പളം കൂട്ടിത്തന്നാൽ പോരെ?”
“എത്ര ശമ്പളം‌തന്നാലും ഇവിടെത്തെ പണിക്ക് നിൽക്കാൻ എന്നെക്കൊണ്ട് വയ്യ,,, എന്തൊക്കെ പണികളാ ചെയ്യേണ്ടത്; ഞാൻ പോകുന്നു”
“അതെങ്ങനെ ശരിയാവും; ഇവിടെ ഭക്ഷണം വെക്കണ്ടെ? നീ പോയാൽ അദ്ദേഹത്തിന്റെ കാര്യമൊക്കെ ആര്‌നോക്കും?”
“അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട; ഇത്തവണ കൂടെ ചേട്ടനെയും കൊണ്ടുപോകുന്നുണ്ട്. ഞാൻ പൊന്നുപോലെ നോക്കിക്കോളും”
*************************************************

9 comments:

  1. ഒത്തിരി നന്നായിട്ടുണ്ട് ഇനിയും എഴുതുക സമയം കിട്ടുമ്പോൾ മാത്തപ്പനേയും വായിക്കുക

    ReplyDelete
  2. വേലക്കാരിയാനാലും ഇവളൊരു മോഹവല്ലി!!!! ഹഹഹ

    ReplyDelete
  3. ഒരുപാട് കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒടുവില്‍ ചിരിപ്പിച്ചു കളഞ്ഞു...

    ReplyDelete
  4. ഡെയിഞ്ചര്‍ സോണിലാണോ....എലിമിനേഷന്‍ റൗണ്ടിലണോ ജീവിതം..... ഗംഭീരം.....ചിരിയില്‍ പൊതിഞ്ഞ ചിന്ത.....നല്ല എഴുത്തിന് ആശംസകൾ.....

    ReplyDelete
  5. ഹാവൂ...അദ്ദേഹത്തിന്‍റെ ശല്യം ഒഴിഞ്ഞല്ലോ...നല്ല കാര്യം

    ReplyDelete
  6. നല്ല മനുഷത്വമുള്ള വേലക്കാരി ! ചേട്ടനെ അവിടെ ഉപക്ഷിച്ചു പോയില്ലല്ലോ :)

    ReplyDelete
  7. ചിന്തിപ്പിക്കുന്ന ഒരു ചിരിയമിട്ട് തന്നെയിത്...

    ReplyDelete
  8. ഒത്തിരി നന്നായി വേലക്കാരി സൂപ്പർ
    By
    Smj

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..