“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/5/15

ആനജീവിതം


  2015 ജൂൺമാസത്തെ സ്ത്രീശബദം മാസികയിൽ വന്ന എന്റെ കഥ ഇവിടെ വായിക്കാം.
 &&&&&&&&&&&&&
  ആനജീവിതം
                    ചുട്ടുപഴുത്ത റോഡിലൂടെ നടക്കുമ്പോൾ മനസ്സിൽനിറയെ കാടിന്റെ ഓർമ്മകൾ മാത്രമായിരുന്നു. നട്ടുച്ചക്കുപോലും വെയിൽനാളങ്ങൾക്ക് കടന്നെത്താനാവാത്ത അടിക്കാടുകളിലൂടെ അകലെയുള്ള നീരുറവയെ ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന മധുരിക്കുന്ന ഓർമ്മകൾക്ക് എന്തൊരു സുഖം. ആ ഓർമ്മകളിൽ മുങ്ങിപ്പൊങ്ങി, ഒരു പുൽക്കൊടിയുടെ മറവുപോലും ഇല്ലാതെ വാഹനങ്ങൾ ഉയർത്തിവിട്ട പുകയും പൊടിയും വലിച്ചുകയറ്റിയിട്ട് റോഡിലൂടെ നടക്കുമ്പോഴാണ് ഇടതുവശത്ത് ആകാശം മുട്ടുന്ന ഷോപ്പിംഗ് മാളിന്റെ പുറം കണ്ണാടിയിൽ കണ്ടത്,,, അത്?
              നാലുകാലും തുമ്പിക്കൈയുമായി മുന്നോട്ടുനടക്കുന്ന ആവലിയ രൂപം, അത് എന്റേത് തന്നെയാണല്ലൊ,, ആന,,, ഞാനൊരു ആനയാണ്,,, ആന, ആന,, ആന,,,
എന്നെക്കാൾ വലുതായി ആരുമില്ലെന്ന ചിന്ത ഉള്ളിന്റെ ഉള്ളിൽ നിന്നും പൊങ്ങിവന്ന, ആ നിമിഷം,,, മനസ്സൊന്നു പതറി,,,
       എന്നിട്ടാണോ ഇങ്ങനെ?,,, എത്ര വേദനകളാണ് സഹിച്ചത്?,,,
       കാലുകൾ കീറിമുറിച്ചുണ്ടാക്കിയ മുറിവുകളിൽ കുത്തി വേദനിപ്പിക്കുമ്പോൾ പ്രതികരണശേഷി നഷ്ടപ്പെടുത്തിയത് ആരാണ്?
      മദപ്പാടുകൾ പൊട്ടിയൊലിക്കുമ്പോഴും ആർക്കോവേണ്ടി കാട് വെട്ടിത്തെളിച്ചപ്പോൾ നിലം‌പതിച്ച വന്മരങ്ങൾ വലിച്ചുകൂട്ടാൻ പഠിപ്പിച്ചത് ആരാണ്?
      പട്ടിണിയും ദാഹവും മറന്നുകൊണ്ട് പണിയെടുക്കാൻ പഠിപ്പിച്ച് പതം വരുത്തിയത് ആരാണ്?,,,
      ചങ്ങലപ്പാടുകൾ മാറാത്ത വ്രണങ്ങളായി ഈച്ചയാർക്കുന്നത് അറിയാതിരിക്കാൻ പഠിപ്പിച്ചത് ആരാണ്?

                     ഓർമ്മവെച്ചപ്പോൾ അമ്മയോടൊപ്പം ആയിരുന്നു,, ബന്ധുക്കളും കൂട്ടുകാരുമായി ചേർന്നുള്ള വലിയൊരു കുടുംബം. പുതുമഴയിൽ പൊട്ടിമുളച്ച തളിരിലകൾ തിന്നുകൊണ്ട് കുറുമ്പുകാട്ടി തുള്ളിച്ചാടി നടക്കുമ്പോഴാണ് വഴിതെറ്റി പടുകുഴിയിൽ പതിച്ചത്. പിന്നെയങ്ങോട്ട് വേദനകളുടെയും സഹനത്തിന്റെയും എണ്ണിയാലൊടുങ്ങാത്ത നാളുകൾ. മരക്കൂട്ടിൽ നിർത്തി കാരിരുമ്പ് ചങ്ങലകൾ വരിഞ്ഞുചുറ്റിക്കെട്ടിയിട്ട് അടിച്ചു പതംവരുത്തിയിട്ട് എന്റേത് ആയിരുന്ന ശരീരവും മനസ്സും മറ്റാരുടേതോ ആക്കിമാറ്റിയപ്പോൾ സ്വപ്നങ്ങൾ പോലും ഇല്ലാതായി. ഞാനാരാണെന്ന് എനിക്കുപോലും അറിയാത്ത അവസ്ഥ;
ഇനിയങ്ങോട്ട് അതുവേണ്ട,,, ഞാനൊരു ആനയാണ്,,
എനിക്ക് ചിന്നംവിളിക്കണം,, തകർക്കണം; എല്ലാറ്റിനേം തകർക്കണം,,

                     അല്പനേരം ചിന്തിച്ചുനിന്നപ്പോൾ നടത്തത്തിന്റെ വേഗത കുറഞ്ഞത് തിരിച്ചറിഞ്ഞിട്ട് അയാൾ ഓടിവന്നു. അവന്റെ കൈയ്യിലെ തോട്ടിയുടെ കുത്തേറ്റാൽ പ്രാണൻ പോകുന്ന വേദനയാണ്. വേദന അവനും ഒന്നറിയട്ടെ; എത്രകാലമാണ് ഇങ്ങനെയൊരുത്തനെ സഹിക്കുന്നത്,,, ഇവനെ തട്ടിയിട്ടുതന്നെ കാര്യം,,,
                    ആനയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ടാവാം, മുന്നിൽ നടക്കുന്നതിനിടയിൽ തോട്ടിയുമായി തിരിഞ്ഞു നിന്നത്. അപ്പോഴാണ് അവനെ പിടിക്കാൻ കഴിഞ്ഞത്; തുമ്പിക്കൈകൊണ്ട് പിടിച്ചുചുറ്റി ആകാശത്തേക്ക് ഉയർത്തിയിട്ട് കുണ്ടും കുഴിയുമുള്ള റോഡിൽ ആഞ്ഞടിച്ചശേഷം ആനക്കാലുകൾകൊണ്ട് ചവിട്ടിയരച്ച് കൊമ്പിൽ കോർത്തെടുത്ത് അകലേക്ക് എറിഞ്ഞപ്പോഴാണ് അരിശം തീർന്നത്,,
പാപ്പാനാണ് പോലും, പാപ്പാൻ,,,

                   തുമ്പിക്കൈ ഉയർത്തി മുന്നോട്ട് നടക്കുമ്പോഴാണ് അത് കണ്ടത്,, തോട്ടി,, ഇത്രയും വലിയ ആനയെ വരച്ചവരയിൽ നിർത്തുന്ന ഇത്തിരിപോന്ന വടി,, അവസാനം അത് ചവിട്ടിയൊടിച്ചപ്പോൾ എന്തൊരു ആശ്വാസമാണ്. ചോദിക്കാൻ ആരാ വരുന്നതെന്ന് നോക്കട്ടെ; അതുവരെ ചിന്നംവിളിച്ച് ഓടിയിട്ട് സ്വാതന്ത്ര്യമൊന്ന് ആഘോഷിക്കട്ടെ. ഹോ, ഇനി ആരെയും ഭയപ്പെടേണ്ടതില്ലല്ലൊ,,, കാട്ടാന ആയി നടക്കേണ്ടവനെ നാട്ടാന ആക്കി മാറ്റിയ ദുഷ്ടന്മാർ പേടിച്ച് പരക്കം പായുന്നത് കാണാൻ എന്തൊരു രസമാണ്,,, പറ്റുമെങ്കിൽ കാട്ടിലേക്കൊന്ന് പോവണം,, അവിടെ ബന്ധുക്കൾ ആരെങ്കിലും കാണുമോ? അല്ല, കാടുതന്നെ ഉണ്ടാവുമോ?

                     ഇത്രേംവലിയ ആന ഓടുമ്പോൾ ആളുകൾ ഉരുണ്ടുവീഴാതിരിക്കുമോ,,, അവർക്ക് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരെ,,, അവരെന്തിനാണ് കാട്ടിൽ കഴിയേണ്ട എന്നെപ്പിടിച്ച് നാടുനീളെ എഴുന്നെള്ളിക്കുന്നത്? ആനയെ അറിയാത്തവർ ഇനിയങ്ങോട്ട് അനുഭവിക്കട്ടെ,,,
                     എല്ലാരും ഓടുന്നതിനിടയിൽ ഒരുത്തൻ കല്ലെടുത്ത് എറിയുന്നുണ്ടല്ലൊ; അവനെ ശരിയാക്കിയിട്ടുതന്നെ കാര്യം. അവനെന്താ വിചാരിച്ചത്,,, ആനക്ക് ഓടാൻ പറ്റില്ല എന്നാണോ? നിർത്തിയിട്ട ബസ്സിന്റെ പിന്നിൽ ഒളിച്ചിരുന്ന ആ പയ്യൻ ആനയുടെ തുമ്പിക്കൈ തൊട്ടുതൊട്ടില്ല എന്നായപ്പോൾ ഓടിമാറിയിട്ട് ടിപ്പർ ലോറിയുടെ ഇടതുവശത്തൂടെ ഓടി ഇന്നോവയുടെ മുകളിൽ ചാടിയിട്ട് നേരെ പാസഞ്ചർ ലോറിയുടെ മുകളിൽകയറി ഇരിക്കുകയാണ്. അവിടെയിരുന്നാൽ പിടിക്കാനാവില്ല എന്നാണ് വിചാരം; ലോറിക്കിട്ട് ഒരു ചവിട്ട് കൊടുത്തപ്പോൾ അവൻ നിലത്തുചാടി തൊട്ടടുത്ത തട്ടുകടയുടെ അടിയിലൂടെ കെ.എസ്.ആർ.ടീ.സി. ബസ് സ്റ്റാന്റിലേക്ക് ഓടിക്കയറിയിട്ട് ആദ്യംകണ്ട ആനവണ്ടിയിൽ കയറി ഒളിച്ചിരുന്നു. സംഗതി അറിയാതെ ഡ്രൈവർ ബസ്സ് സ്റ്റാർട്ട് ചെയ്തപ്പോൾ നേരെ മുന്നിൽ പോയി നിന്നു,,, അവനെ ഇറക്കിവിടാതെ ഒരാനവണ്ടിയും മുന്നോട്ടുപോകേണ്ട,,, ബസ്സ് നിർത്തിയിട്ട് ഇറങ്ങിയ ഡ്രൈവർ തലയിൽ കൈവെച്ച് ഓടുന്നതുകണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി,, ആളുകൾ പേടിച്ചോടുന്നത് കാണാൻ എന്തൊരു രസമാണ്! ബസ്സിനുള്ളിൽ ഒളിച്ചിരിക്കുന്നവൻ പേടിച്ച് മൂത്രമൊഴിച്ചിട്ടുണ്ടാവും; അവനവിടെത്തന്നെ കിടക്കട്ടെ;

                     തിരിഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് തൊട്ടടുത്ത മരത്തിലിരുന്ന് ഒരുത്തൻ ഉച്ചത്തിൽ കൂവിയത്, ‘ആനയതാ പേടിച്ചോടുന്നൂ,, കൂയ്യ്’. ഇവനാരെടാ,, എന്നെനോക്കി കൂവാൻ,,, നേരെ നടന്ന് മരം പിഴുതുമാറ്റിയപ്പോൾ അഞ്ചാറ് ചെറുപ്പക്കാരാതാ റോഡിൽകിടക്കുന്നു,,, കൂട്ടത്തിൽ ഒരുത്തനെ പിടിക്കാൻ തുമ്പിക്കൈ നീട്ടിയപ്പോൾ അവന്റെ ബോധം പോയി, പിന്നെ ഒന്നും ചെയ്തില്ല. എന്നാലും ആ കല്ലെടുത്ത് എറിഞ്ഞവൻ,,
                     ഇടതുവശത്തുള്ള പുതിയ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഒരുവശത്ത് തയ്യൽ മെഷീനുമായി ഒരു കിഴവൻ ഇരിക്കുന്നുണ്ട്; ഓ, നല്ല കാലത്ത് ഇവനായിരിക്കും വല്യപ്പൂപ്പനെ സൂചികൊണ്ട് കുത്തിയിട്ട് വേദനിപ്പിച്ചത്. എല്ലാദിവസവും പഴം കൊടുക്കുന്ന തയ്യൽക്കാരൻ പഴമില്ലാത്ത ദിവസം ആനയുടെ തുമ്പിക്കൈയിൽ സൂചി കയറ്റുക,, പകരം ചോദിച്ചിട്ടുതന്നെ ബാക്കി,, കണ്ണാടിച്ചില്ല് പൊട്ടിച്ച് ആന അകത്തുകടന്നപ്പോൾ ആളുകളെല്ലാം പേടിച്ചോടുകയാണ്. ഇത്രയധികം ആളുകൾ ഇതിനുള്ളിൽ ഉണ്ടായിരുന്നോ? അതിനിടയിൽ ആ തയ്യൽക്കാരൻ എങ്ങോട്ടുപോയി? സാരമില്ല അവന്റെ തയ്യൽമെഷീൻ ചവിട്ടി പരത്തിയിട്ടുണ്ട്,, ഇനിയവൻ തുന്നുന്നതൊന്ന് കാണണം,,,
                    ഇറങ്ങി ഓടുന്നവരുടെ കൂട്ടത്തിൽ കുഞ്ഞിനെ ഒക്കത്തെടുത്ത സ്ത്രീ വീണുപോയല്ലൊ, കൂടെയുള്ള കെട്ടിയോൻ കൊച്ചിനെം തള്ളേനെം തനിച്ചാക്കി പ്രാണനും കൊണ്ട് ഓടുന്നുണ്ടാവും. അതുവരെ ‘പൊന്നേ, ചക്കരെ, തേനെ’ എന്നൊക്കെ വിളിച്ചാലും ചാവാൻ പോകുമ്പം അവനവനെ രക്ഷിക്കാൻ മാത്രം നോക്കുന്ന ദുഷ്ടൻ. പാവം, കുഞ്ഞിനെ മാറത്ത് അടക്കിപ്പിടിച്ച് കരയുന്ന അമ്മയെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും വേണ്ടെന്നുവെച്ചു. തുമ്പിക്കൈകൊണ്ട് തലോടുമ്പോൾ പേടിച്ച് മരിച്ചുപോയാൽ കുഞ്ഞിനെ ആരുനോക്കും? എല്ലാം തകർത്തെറിഞ്ഞിട്ടുണ്ട്; ഇനി വെളിയിലേക്കിറങ്ങി മുന്നോട്ടു നടക്കാം,, അല്ല ഓടിക്കളിക്കാം.

                     മുന്നിലൊരു വലിയ ബസ്സ് നിർത്തിയിട്ടുണ്ടല്ലൊ,, റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും ഇതിനകത്ത് കയറാൻ കൊതിച്ചിട്ടുണ്ട്; ഇതുതന്നെ അവസരം. അകത്തേക്ക് കയറാൻ പറ്റുന്നില്ലല്ലൊ,, എന്നാലിതൊന്ന് അടിച്ചുതകർത്തേക്കാം. ഹോ,, ഇത്രയേ ഉറപ്പുള്ളു! ഒറ്റച്ചവിട്ടിന് തകർത്തപ്പോൾ കാല് വേദനിച്ചു. നോക്കിയപ്പോൾ ചോര ഒഴുകുകയാണ്,, ഒഴുകട്ടെ, മറ്റുള്ളവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലൊ,, ഇതെന്റെ സ്വന്തം മുറിവിൽനിന്ന് ഒഴുകുന്നതല്ലെ,, ആനരക്തം. ഇങ്ങനെ അലറിവിളിച്ച് ഓടിനടക്കാൻ എത്രനാളായി കൊതിക്കുന്നതാണ്. എന്റെ സ്വാതന്ത്ര്യം എന്റേത് മാത്രമായ സ്വാതന്ത്ര്യം,, അത് മറ്റാർക്കും അവകാശപ്പെട്ടതല്ല, അല്ലേയല്ല,,,
                   റോഡിന്റെ നടുവിലെ തൂണുകൾ ഇളക്കിമാറ്റുമ്പോഴാണ് തലയിൽ ഏറ് കൊണ്ടത്, നന്നായി വേദനിച്ചു. എറിഞ്ഞവനെ നോക്കിയപ്പോൾ കാണാനേയില്ല,, ആരോ ഒരുത്തൻ മൊബൈലുമായി വന്ന് ഫോട്ടോ എടുക്കുന്നുണ്ടല്ലൊ,, ഇക്കൂട്ടരെക്കൊണ്ട് തോറ്റു. എവിടെപ്പോയാലും വരും പടം പിടിക്കാൻ,, ആന എങ്ങോട്ട് തിരിഞ്ഞാലും മൊബൈലിൽ പിടിക്കണം; തിന്നുമ്പോൾ, കിടക്കുമ്പോൾ, കുളിക്കുമ്പോൾ, കളിക്കുമ്പോൾ, നടക്കുമ്പോൾ,,, എതിന് പിണ്ടമിടുന്നതും ഇവന്മാർക്ക് മൊബൈലിൽ പകർത്തണം,, ഈ നേരത്ത് ഇവനെ ശരിയാക്കണം,, നല്ല ചാൻസാണ്,,
                 ആന ഓടുന്നതു കണ്ടപ്പോൾ അവൻ റോഡിലൂടെ നേരെയങ്ങ് ഓടാൻ തുടങ്ങി. പിന്നാലെ ഓടിയിട്ട് അവനെ പിടിക്കാനാവുന്നില്ലല്ലൊ. മുന്നിൽ കാണുന്നതെല്ലാം തകർത്തുകൊണ്ട് ഓടുമ്പോഴാണ് കഴുത്തിലെന്തോ തറഞ്ഞുകയറിയത്. വെടിയുണ്ടയാണോ? അയ്യോ ചാവുന്നതിനുമുൻപ് ചിലരോടുകൂടി പകരം ചോദിക്കാനുണ്ടല്ലൊ. ആനയെ വെടിവെച്ച് കൊല്ലാൻ എത്ര മനുഷ്യരാണ് തോക്കുമായി മുന്നിൽ നിൽക്കുന്നത്,,,   

                   ആരൊക്കെയോ ഓടിവരുന്നുണ്ടല്ലൊ,, കഴുത്തിൽ തറഞ്ഞുകയറിയത് വല്ലാതെ വേദനിക്കുന്നുണ്ട്,,, വെടികൊണ്ടാൽ ഇങ്ങനെയാണോ? അതാ റോഡരികിലൊരു കാട്,,, നൂറുകണക്കിന് ശാഖകൾ നിവർത്തി ഉയർന്നുപൊങ്ങിയ മരം പട്ടണനടുവിൽ ചെറിയൊരു കാട് തന്നെയാണ്. ശരീരമൊട്ടാകെ വേദനിക്കുകയാണ്. ആ തണലിൽ എത്തിയാൽ ആശ്വാസമായി, കുടിക്കാനിത്തിരി വെള്ളം കിട്ടുമോ,,,.
                    തണലൊരുക്കിയ മരം അകലുകയാണോ?  നടന്നെത്താൻ എന്തൊരു ദൂരമാണ്,, കാഴ്ച മങ്ങുകയാണൊ? അയ്യോ,, ഈ ആളുകളൊക്കെ അടുത്തുവന്ന് എന്തൊക്കെയാണ് വിളിച്ചുകൂവുന്നത്. അതിനിടയിൽ ആരുടെയോ സ്വാന്തനസ്പർശത്തോടൊപ്പം ആശ്വാസവാക്കുകൾ,,,,
“ഉറങ്ങട്ടെ,, ഉറക്കം തെളിയുമ്പോൾ എല്ലാം നോർമലാവും”
ഉറക്കികിടത്താനാണ് ഇക്കൂട്ടരുടെ പരിപാടി; ഞാനൊരു ആനയല്ലെ? ഇതിനുമാത്രം എന്താണ് ചെയ്തത്?   

                   ഏതോ തുരങ്കത്തിലൂടെയാണല്ലൊ സഞ്ചരിക്കുന്നത്,, ദേഹമാകെ കുലുങ്ങുന്നുണ്ടെങ്കിലും വേദന തോന്നിയില്ല, ആകെയൊരു മയക്കം. തുരങ്കത്തിന്റെ വാതിൽ തുറക്കുമ്പോൾ വെള്ളവസ്ത്രം അണിഞ്ഞ സുന്ദരി മറ്റുള്ളവരോടായി പറഞ്ഞു,
“ലിഫ്റ്റിന്ന് ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം”
പെട്ടെന്നാണ് ശക്തമായ വെളിച്ചം കണ്ണിൽ പതിച്ചത്,, ഇങ്ങനെ കിടന്നിട്ട് ഒന്നും കാണാനാവുന്നില്ലല്ലൊ. കണ്ണ് വീണ്ടുംവീണ്ടും തുറന്നടച്ചപ്പോൾ കൂടെ നടക്കുന്ന വെള്ളപ്രാവുകളുടെ ഉറക്കച്ചടവുള്ള മുഖങ്ങൾ; കൂട്ടത്തിൽ അദ്ദേഹവും ഉണ്ടല്ലൊ!
“സിസ്റ്റർ എന്താണ് പറ്റിയത്? ഡോക്റ്ററെന്ത് പറഞ്ഞു?”
“ഇപ്പോൾ ഉറങ്ങാനുള്ള മരുന്ന് കൊടുത്തിരിക്കയാ,,, പരിക്കുപറ്റിയതൊക്കെ മരുന്ന് വെച്ചുകെട്ടി ശരിയാക്കിയിട്ടുണ്ട്. പിന്നെ നെറ്റിയിലും കാലിനും മൂന്ന് സ്റ്റിച്ച് വീതം ചെയ്തിട്ടുണ്ട്. നെറ്റിയിൽ ആഴത്തിലുള്ള മുറിവാണ്”
“എന്നാലും പെട്ടന്നല്ലെ സ്വഭാവം മാറിയത്; വീട്ടിലാരും ഇല്ലായിരുന്നു,,,”
“ബോധം വരാറായി; ഇന്നുതന്നെ ഡിസ്ചാർജ്ജ്ചെയ്ത് വീട്ടിലേക്കുപോകാമെന്നാണ് ഡോക്റ്റർ പറഞ്ഞത്”
“വീട്ടിൽ പോകാനോ?”
“അതെ, ഇവിടെ ജസ്റ്റ് ഒബസർവേഷൻ മാത്രം, പിന്നെ മുറിവിനൊക്കെ മരുന്ന് പുരട്ടിയാൽ മതി”
“വീട്ടിലെങ്ങനെ പോകും? ആകെ അടിച്ചുതകർത്തിരിക്കയാണ്,, വീട്ടുസാധനങ്ങളെല്ലാം പുതിയത് വാങ്ങേണ്ടിവരും. അടുക്കളയിലാണെങ്കിൽ ഫ്രിഡ്ജ്, മിക്സി വാഷിംഗ് മെഷിൻ, കുക്കർ, ഗ്യാസ് സ്റ്റൌ, പാത്രങ്ങൾ,,, പോരാത്തതിന് ടീവിയും, എല്ലാം തല്ലിപ്പൊളിച്ച് ആകെ ഭൂകമ്പം വന്നതുപോലെയാണ്,”
“അച്ഛാ അതൊന്നും സാരമില്ല, വീട്ടിലെത്തിയാൽ അമ്മതന്നെയല്ലെ അതെല്ലാം നേരെയക്കി വെക്കേണ്ടത്”
മകളും വന്നിട്ടുണ്ട്,, അപ്പോൾ,
ആന ജീവിതത്തിന്റെ ആറാട്ട് കഴിഞ്ഞു,, തിരികെ സ്വന്തം തട്ടകത്തിലേക്ക്,,,,
*******************************************************
സ്ത്രീശബ്ദം പേജുകൾ

17 comments:

  1. ആന ജീവിതം ..... മനോഹരമായി..... ക്ലൈമാക്സ്.... ഗംഭീരമായി...... ഇടക്കൊക്കെ മദമിളകിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട്.... പിന്നെയും തിരിച്ചു വരവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പിള്ളന്നോട്ട് വലിച്ചത്.....നല്ല വായന സമ്മാനിച്ചു..... ആശംസകൾ....

    ReplyDelete
  2. ആനജീവിതം പ്രസിദ്ധീകരിച്ച സ്ത്രീശബ്ദം മാസികക്കും അതിന് അനുയോജ്യമായ ചിത്രങ്ങൾ വരച്ചുചേർത്തവർക്കും നന്ദി.. കഥ വായിച്ച് ആദ്യമായി അഭിപ്രായം എഴുതിയ വിനോദ് കുട്ടത്തിന് പ്രത്യേകം നന്ദി.

    ReplyDelete
  3. കഥ വളരെ ഇഷ്ടമായി ടീച്ചറെ. വീട്ടിലെ ആനക്കും മദമിളകും അല്ലേ...?

    ReplyDelete
    Replies
    1. മധു സാർ,,
      അഭിപ്രായം എഴുതിയതിന് പ്രത്യേകം നന്ദി.

      Delete
  4. ആനയുടെ കണ്ണിലൂടെ ലോകത്തെ നോക്കി കണ്ടത് മനോഹരമായി അവതരിപ്പിച്ചു. ക്ലൈമാക്സ് കലക്കി. നെറ്റിയിലെ മുറിവ്, സ്വയം വരുത്തി വച്ചതാണോ അതോ ആരെങ്കിലും അടിച്ചു പൊട്ടിച്ചതാണോ എന്ന സംശയം മാത്രം ബാക്കി :)

    ReplyDelete
    Replies
    1. ഇത്രയും കുഴപ്പങ്ങൾക്കിടയിൽ മുറിവ് ഉണ്ടാകില്ലെ അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. Cheriya Lokathile Valiyavar ...!
    .
    Manoharam Chechy, Ashamsakal...!!!

    ReplyDelete
    Replies
    1. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  6. um iniyum madamilakiya aanakal ethra....jagrathai....eppozhanu sumanami varikayennu parayanavilla..


    mini thakarthutto....

    ReplyDelete
    Replies
    1. ചിലപ്പോൾ എല്ലാം തകർക്കാൻ തോന്നും,,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. അന്യായ ട്വിസ്റ്റ് ആയില്ലോ അവസാനമെത്തിയപ്പോഴേയ്ക്കും!!

    ReplyDelete
    Replies
    1. സംഭവിച്ചത് അതാണല്ലൊ,,, അഭിപ്രായം എഴുതിയതിന് പ്രത്യേകം നന്ദി.

      Delete
  8. കഥ നന്നായിട്ടുണ്ട്,ചിരിക്കാൻ വകയുണ്ട്,ക്ലൈമക്സ് സുപ്പര്

    ReplyDelete
  9. എല്ലാം അടിച്ചുടക്കാൻ തോന്നുന്ന സന്ദർഭങ്ങൾ നിരവധി..... ആനയിലൂടെ അവതരിപ്പിച്ചത് ഗംഭീരമായി .....!

    ReplyDelete
  10. ആനക്കും കഥ പറയാനുണ്ടല്ലേ
    ഈ ആന ചരിതം വളരെ നന്നായിട്ടുണ്ട് കേട്ടൊ ടീച്ചർ

    ReplyDelete
  11. ആനജീവിതം ശ്വാസമടക്കിപ്പിടിച്ച്‌ വായിച്ച്‌ വന്നപ്പോൾ ക്ലൈമാക്സിൽ ആകെ മാറ്റം.


    എല്ലാം തകർത്തെറിയുന്ന മനുഷ്യചിന്താഗതിയെ ആനയുടെ ചിന്തയിലൂടെ അവതരിപ്പിച്ചത്‌ നന്നായി.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..