“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/5/12

അവൾ കാത്തിരിക്കുകയാണ്


അവൾ അയാളെ സ്നേഹിച്ചു,, അനന്തമായ ആകാശത്തോളം സ്നേഹിച്ചു,
അയാൾ അവളെ സ്നേഹിച്ചു,, അഗാധമായ ആഴിയോളം സ്നേഹിച്ചു,
                 പ്രേമിച്ച് പ്രേമിച്ച് മതിവരാത്ത അവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു; മൌനം വാചാലമായി, നിമിഷങ്ങൾ മാസങ്ങൾ വർഷങ്ങൾ പോയതറിയാതെ,,, അവരുടെ കണ്ണുകളിൽ സ്നേഹപൂക്കൾ പാറിക്കളിച്ചു.
                അകലെയായിരിക്കുമ്പോൾ അവർ പ്രേമലേഖനങ്ങളെഴുതി; മനസ്സിലെ മോഹങ്ങൾ ഹൃദയരക്തത്തിൽ ചാലിച്ച് അക്ഷരങ്ങളായി പെയ്തിറങ്ങിയ അതിമനോഹരങ്ങളായ എഴുത്തുകൾ വായിച്ച് അവർ പരസ്പരം സ്നേഹം പങ്ക്‌വെച്ചു.

ഒരുനാൾ അവൾ പറഞ്ഞു,
“നമുക്ക് ഒന്നിച്ച് ജീവിക്കാം”
പെട്ടെന്ന് അയാളുടെ മറുപടി വന്നു,
“സമയമായില്ല, എനിക്ക് ഉയരങ്ങൾ കീഴടക്കാനായി അവശേഷിക്കുന്നുണ്ട്. നിന്നോടൊത്തുള്ള ജീവിതം,,, അതെന്റെ ഉയർച്ചയെ തടയും”
അവൾ കാത്തിരുന്നു, അയാളുടെ ഉയർച്ചയിൽ ആഹ്ലാദം‌പൂണ്ട് അവൾ കാത്തിരുന്നു.
വർഷങ്ങൾ താണ്ടിയപ്പോൾ ഉത്തുംഗശൃഗത്തിൽ വാഴുന്ന അയാളെതേടി ഒരുനാൾ അവൾ വന്നു,
നമുക്ക് ഒന്നിച്ച് ജീവിക്കാം”
“സമയമായില്ല, നിന്റെ സ്ഥാനമാനങ്ങളും ശേഷികളും ഉപേക്ഷിച്ച് നീയൊരു സാധാരണ പെണ്ണായി മാറണം. എന്നോടൊപ്പം നീ ഉയരുന്നത് എനിക്ക് സഹിക്കാനാവില്ല”
                   കാലത്തിന്റെ പ്രയാണത്തിനിടയിൽ അവൾ ഓരോന്നായി ഉപേക്ഷിക്കാൻ തുടങ്ങി; പണവും പഠിപ്പും പ്രശസ്തിയും സൌന്ദര്യവും യൌവനവും, എല്ലാം ഉപേക്ഷിച്ച് വെറും‌പെണ്ണായി വന്ന് അയാളോട് പറഞ്ഞു,
“നമുക്കിനി ഒന്നിച്ച് ജീവിക്കാം”
മരണശയ്യയിൽ കിടന്നുകൊണ്ട് അയാൾ പറഞ്ഞു,
“എനിക്ക് ആഗ്രഹമുണ്ട്; പക്ഷെ,,, സമയം കഴിഞ്ഞുപോയി,,,,,”