“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/11/11

അനാഥന്റെ വിധി

                               സാക്ഷി മൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി, കുറ്റം ചെയ്തു എന്ന് തെളിഞ്ഞിരിക്കയാണ്; ഇനി ശിക്ഷവിധിക്കണം. വധശിക്ഷയിൽ കവിഞ്ഞ് അവനൊരു ശിക്ഷ നൽകാൻ ഒരു കോടതിക്കും കഴിയില്ല. നീതിപീഠത്തിൽ ഇരിക്കുന്ന ന്യായാധിപൻ, പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ യുവാവിനെ നോക്കിയിട്ട് പറഞ്ഞു,
“മോഷണത്തിനായി വീട്ടിൽ‌വന്ന താങ്കൾ പകൽ‌സമയം ആരും‌കാണാതെ അകത്ത് കടന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ശരിയല്ലെ?”
“അതെ”
“രാത്രിയായപ്പോൾ ആ കട്ടിലിൽ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ ഇരുമ്പ്‌വടികൊണ്ടടിച്ച് താങ്കൾ കൊന്നു, ശരിയല്ലെ?”
“അതെ”
“അതിനുശേഷം താക്കോലെടുത്ത് അലമാര തുറന്ന് പണം മോഷ്ടിച്ചു, ശരിയല്ലെ?”
“അതെ”
“പണമെടുത്തശേഷം ആ വൃദ്ധയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിച്ചു, ശരിയല്ലെ?”
“അതെ”
“ആഭരണങ്ങൾ പെട്ടെന്ന് ഊരാൻ‌പറ്റില്ലെന്നറിഞ്ഞ താങ്കൾ ആ വൃദ്ധയുടെ കൈകളും കാതുകളും അറുത്ത്‌മാറ്റിയിട്ട് അവ കൈക്കലാക്കി, ശരിയല്ലെ?”
“അതെ”
“എല്ലാം താങ്കൾ പരസഹായമില്ലാതെ ചെയ്തുവെന്ന് സമ്മതിക്കുന്നുണ്ടോ?”
“സമ്മതിക്കുന്നു”
“അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ടക്കൊലപാതകവും മോഷണവും നടത്തിയ പ്രതി ശിക്ഷാർഹനാണ്. ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതിക്ക് കോടതിമുൻപാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
“ഉണ്ട്”
“പറയു”
“ബഹുമാനപ്പെട്ട കോടതി എന്നെ വെറുതെ വിടണം, എനിക്കാരുമില്ല,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞാനൊരനാഥനാണ്,,,”

                            ഏതാനും മിനിട്ടുകൾ ന്യായാധിപൻ ചിന്താമഗ്നനായി; തലക്കുമുകളിലെ നീതിപീഠത്തിന്റെ തട്ടുകൾ പലവട്ടം താഴുകയും ഉയരുകയും ചെയ്തു. ഒടുക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അനാഥനെ നോക്കിയിട്ട് വിധിപറഞ്ഞു,
“ഇരട്ടകൊലപാതകവും മോഷണവും നടത്തിയ പ്രതി വധശിക്ഷക്ക് അർഹനാണ്, എങ്കിലും,,, അച്ഛനും അമ്മയും നഷ്ടപ്പെട്ട,,, ഒരു അനാഥനാണെന്ന പരിഗണയിൽ പ്രതിയെ വെറുതെ വിടുന്നു. കൂടാതെ...”
“...ഈ അനാഥയുവാവിന് ഇനിയങ്ങോട്ട് ജീവിക്കാനുള്ള എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കേണ്ടതാണ്”

വിധിന്യായം കേട്ട് വർദ്ധിച്ച സന്തോഷത്തോടെ വെളിയിലിറങ്ങിയ പ്രതിക്ക്ചുറ്റും പത്രക്കാരും ചാനലുകാരും പൊതിഞ്ഞു, അവർ ചോദിച്ചു,
“താങ്കൾ ഈ വിധിയിൽ സന്തോഷിക്കുന്നില്ലെ?”
“എനിക്ക് വളരെ സന്തോഷമുണ്ട്”
“താങ്കൾക്ക് വേണ്ടി ആരെങ്കിലും കോടതിയെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടുണ്ടോ?”
“അങ്ങനെ സഹായിക്കാൻ എനിക്കാരുമില്ല, ഞാനൊരനാഥനാണ്”
“അനാഥനാണെന്ന് താങ്കൾ പറയുന്നു; താങ്കളുടെ രക്ഷിതാക്കൾക്ക്, ഐ മീൻ മാതാപിതാക്കൾക്ക് എന്ത് പറ്റി?”
“അച്ഛനും അമ്മയും മരിച്ചു, അല്ല കൊല്ലപ്പെട്ടു”
“മാതാപിതാക്കളെ കൊന്ന് താങ്കളെ അനാഥനാക്കിയത് ആരാണ്? കോടതി അവന് ശിക്ഷ കൊടുത്തില്ലെ?”
“എന്റെ അച്ഛനെയും അമ്മയെയും കൊന്നവനെ കോടതി വെറുതെ വിട്ടു”
“അതെങ്ങനെ?”
“ആ കേസിന്റെ വിധിപറയലാണ് ഇപ്പോൾ നടന്നത്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ എന്നെ, അനാഥനാണെന്ന പരിഗണനവെച്ച് കോടതി വെറുതെവിട്ടു”