“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

11/1/20

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

#ഒന്നാം ദിവസം

1, ഇനി അവൾ ഉറങ്ങട്ടെ

    മലയാളി മങ്കമാർ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൈങ്കിളി വാരികയിൽ എന്റെ ചെറുകഥ ആദ്യമായി അച്ചടിച്ചു വന്നപ്പോൾ മനസ്സിലാകെ പൂത്തിരി കത്തി. അന്നു വൈകുന്നേരം ചക്കരക്കല്ല് ടൌണിലെ സൂപ്പർ‌മാർക്കറ്റിൽനിന്നും ഷോപ്പിംഗ് കഴിഞ്ഞ് വരുന്നവഴിയിൽ എന്റെ കഥ ഒളിപ്പിച്ച വാരികകൾ മിൽമ ബൂത്തിൽ തൂങ്ങിക്കിടന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾ‌തന്നെ പത്തെണ്ണം ഒന്നിച്ച് വാങ്ങി പണം കൊടുക്കുമ്പോൾ ബൂത്തുടമ രമേശൻ പറഞ്ഞു,

“ടീച്ചറെന്തിനാ എല്ലാ ആഴ്ചപ്പതിപ്പും വാങ്ങുന്നത്? മറ്റുള്ളവർക്കൊന്നും വായിക്കണ്ടേ?”

“മറ്റുള്ളവർക്ക് വേറെ വാങ്ങിക്കൊടുത്തോ, ഇതിനകത്ത് എന്റെ കഥ വന്നിട്ടുണ്ട്”

“അതയോ, ടീച്ചറിത് ആദ്യമേ പറഞ്ഞെങ്കിൽ കുറേയെണ്ണം ഞാൻ വാങ്ങുമായിരുന്നില്ലേ; ടീച്ചറ് കോളടിച്ചല്ലോ”

    കൂടുതൽ പറയാൻ നിൽക്കാതെ അവന് പണം കൊടുത്തശേഷം സമീപത്തുള്ള ഓട്ടോപിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ മൊബൈൽ ശബ്ദിച്ചു, അനുജന്റെ ഭാര്യയാണ്,

“ഏച്ചിയുടെ കഥയുള്ള ആഴ്ചപ്പതിപ്പ് ചാലോട് ടൌണിൽ കിട്ടാനില്ല. അവിടെ ഉണ്ടെങ്കിൽ ഒരു കോപ്പി എനിക്കും വേണം“

“ഇവിടെയൊരു ഷോപ്പിലുള്ള പത്തെണ്ണം വാങ്ങി. വീട്ടിൽ വരുമ്പോൾ എടുക്കാം” 

   വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിൽ‌നിന്നും ഇറങ്ങാൻ നേരത്ത് വീണ്ടും മൊബൈൽ ശബ്ദിച്ചു; അനുജത്തിയാണ്,

“ഏച്ചീ എഴുതിയ കഥ വായിച്ചു, പെണ്ണുങ്ങളുടെ ജീവിതം ഇതുപോലെ തന്നെയാണ്. കഥ വായിച്ചിട്ട് ഏട്ടനെന്താ പറഞ്ഞത്?”

“അതിന് അങ്ങേര് കഥ വായിച്ചില്ല; പറയുന്നത് എന്തായാലും പറയട്ടെ. ഞാനിപ്പൊൾ ടൌണിന്ന് വരുന്നതേയുള്ളൂ”

“അതെയോ, പിന്നെ വിളിക്കാം”

വീട്ടിലെത്തിയപ്പോൾ ബാഗിൽ‌നിന്നും പത്ത് വാരികകൾ അദ്ദേഹം കാൺ‌കെ മേശപ്പുറത്ത് നിരത്തിവെച്ച് പറഞ്ഞു,

“ഏത് വായിച്ചാലും ഒരേ കഥയാണ്, വായിച്ച് അഭിപ്രായം പറയണം”

“ഒരു കഥ അച്ചടിച്ചുവന്നതിന് ഇങ്ങനെ ചാടേണ്ട, വേഗം പോയി ചായവെക്ക്”

    ഇതാണ് പെണ്ണിന് വിധിച്ചത്, ഏത് കൊമ്പത്ത് കയറിയാലും അവളെ തളച്ചിടാൻ അടുക്കള ഉണ്ടല്ലോ,, ഞാനാണെങ്കിൽ സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലാണ്. ആഴ്ചപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചുവരുന്നത് ആദ്യമായിട്ടാണ്. കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പ്രസിദ്ധികരണത്തിൽ വരിക എന്നത് വലിയൊരു ഭാഗ്യമല്ലാതെ മറ്റെന്താണ്. കഥകൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ആദ്യമായിട്ടൊന്നും അല്ല. ബ്ലോഗിൽ ഫെയ്സ്‌ബുക്കിൽ, വാട്ട്‌സാപ്പിൽ കൂടാതെ അനേകം മാസികകളിൽ, സ്മരണികകളിൽ എത്രയെത്രയാണ് കഥകളും ലേഖനങ്ങളും ഒക്കെ വന്നതാണ്. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ മികച്ചത് ഈ രചന തന്നെ, വാരിക തുറന്നപ്പോൾ ഞാനെഴുതിയ കഥ മുന്നിൽ, പേര് വായിച്ചു,

‘ഇനി അവൾ ഉറങ്ങട്ടെ’

          ഫെയ്സ്‌ബുക്കിലും വാട്ട്‌സാപ്പിലും ചാറ്റ് ചെയ്യാൻ പറ്റിയ നേരം രാത്രിയാണ്. മിണ്ടിയും പറഞ്ഞും ഇരിക്കാനാവില്ല എന്നേയുള്ളൂ; ഒച്ചകേട്ടാൽ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന ഭർത്താവ് എഴുന്നേറ്റുവരും,

“നട്ടപ്പാതിര ആയിട്ട് നിനക്കൊന്നും ഉറങ്ങാനായില്ലേ?”

      മക്കളും ചെറുമക്കളും ഉപേക്ഷിച്ചുപോയി ഏതാണ്ട് വൃദ്ധസദനം പോലെയായ വീട്ടിൽ തിന്നലും കുടിയും കുളിയും മാത്രമായിട്ട് നാളുകൾ ഏറെയായി. അതിനിടയിൽ ഇത്തിരി സാഹിത്യം തലക്കു പിടിച്ചത് അങ്ങേർക്ക് സഹിക്കുന്നില്ല.  

  ഫെയ്സ്‌ബുക്കിൽ ഇന്നത്തെ പോസ്റ്റ് സ്പെഷ്യലാണ്. രാവിലെതന്നെ വാരികയുടെ മുഖചിത്രം വെച്ച് പോസ്റ്റ് ഇട്ടതാണ്. കമന്റും ലൈക്കും നിറഞ്ഞുകവിഞ്ഞിരിക്കും; ഏതായാലും തുറന്നു നോക്കട്ടെ,,

തുറന്നപ്പോൾ ഞാനാകെ ഞെട്ടി,, ആകെ പതിനെട്ട് ലൈക്കും ആറ് കമന്റും.

ദരിദ്രവാസികൾ, നന്ദിയില്ലാത്ത വർഗ്ഗം,, 

  വായനക്കാർ ഇങ്ങനെ ആയതിൽ ഞാനെന്ത് പിഴച്ചു! അപ്പോഴാണ് മെസെഞ്ജറിൽ പച്ചവെളിച്ചം തെളിഞ്ഞത്,, ആരോ വന്നിട്ടുണ്ട്, മംഗ്ലീഷിൽ ഏതാനും വാക്കുകൾ,

“ചേച്ചി എഴുതിയ കഥ വായിച്ചു, സൂപ്പർ; ഇന്ന് കിട്ടിയ ആഴ്ചപ്പതിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്”

ഹോ,, എന്റെ ദേഹമാസകലം കുളിരുകോരി, ഒരാളെങ്കിലും എന്നെ അം‌ഗീകരിച്ചല്ലോ. ലൈക്ക് ചെയ്തശേഷം പേര് വായിച്ചു, രജനി വിനോദ്’, ഞാൻ മറുപടി എഴുതി,

“ഹായ് സന്തോഷം, താങ്കളുടെ കമന്റ് എന്റെ എഫ്.ബി. പേജിൽ ഇട്ടുകൂടെ?”

“അധികമൊന്നും ഞാൻ എഫ്,ബി,യിൽ എഴുതാറില്ല, വായിക്കാറാണ് പതിവ്. പിന്നെ ചില പോസ്റ്റുകൾ ഷെയർ ചെയ്യും”

പെട്ടെന്ന് മറുപടി വന്നപ്പോൾ എനിക്ക് സന്തോഷമായി. ആള് ഓൺലൈനിൽ ഉണ്ടല്ലോ,, പെട്ടെന്ന് ഞാൻ എഴുതി,

“വായിക്കുന്നത് നല്ലതാണ്, ഏതാനും കഥകളുടെ ലിങ്ക് അയച്ചുതരാം”

“വേണ്ട ചേച്ചി, എനിക്ക് അധികസമയം ഇവിടെ വരാൻ പറ്റില്ല. ചേച്ചിയുടെ കഥ പോലെയാണ് എന്റെ ജീവിതം, ക്ലൈമാക്സ് നടന്നില്ല എന്നേയുള്ളൂ. അതിൽ പറയുന്ന വീട്ടമ്മ പ്രീയ ഞാൻ തന്നെയാണ്”

   അവളങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷം പതഞ്ഞുപൊങ്ങി. എഴുത്തു‌‌കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം. കഥാനായികയുടെ ജീവിതം തന്റേത് കൂടിയാണെന്ന് ഒരു വായനക്കാരിയിൽ നിന്നും കേൾക്കുക, ഇതിലധികം എന്തുവേണം!

“താങ്കൾ പറയുന്നത് വലിയൊരു അവാർഡായി ഞാൻ കണക്കാക്കുന്നു”

“കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?”

അവളുടെ ചോദ്യം കേട്ട് ഉത്തരം കണ്ടെത്താനാവാതെ ഞാനിരുന്നു. അടുത്ത മുറിയിൽ സമാധാനത്തോടെ കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾ എന്റെ ഓർമ്മയിൽ കടന്നുവന്നു.

(തുടരും)

1 comment:

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..