“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

10/18/10

വിശ്വാസം തകർന്ന നിമിഷങ്ങൾ

                സന്ധ്യ കഴിഞ്ഞ്, ഇരുട്ടിന് ഭാരം കൂടിയതോടെ സൻഷ ഗോപിനാഥൻ പേടിച്ച് വിറക്കാൻ തുടങ്ങി. അവളുടെ ചിന്തകൾ കാടും മലയും കയറിമറിഞ്ഞതിനു ശേഷം പൊട്ടിച്ചിതറാൻ കാത്തിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തിളച്ച്‌മറിയുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ധൈര്യശാലിയാണെങ്കിലും ഏതാനും മിനിട്ടുകളായി അണകെട്ടി നിർത്തിയ ഭയം, നെഞ്ചിനുള്ളിൽ ‘അതിക്രമിച്ച് കടന്ന’ ഒരു ചിലന്തിയെപ്പോലെ, ഹൃദയപേശികൾ തകർക്കുകയാണ്. ആറ് മണിമുതൽ ആ നാൽക്കവലയിലെ സ്ട്രീറ്റ്‌ലൈറ്റിനു സമീപം ഇത്തിരി വെളിച്ചം നൽകിയ സുരക്ഷിതത്വത്തിൽ ഏകാന്തതയുടെ ഭീതിയും‌പേറി അവൾ നിൽക്കുകയാണ്;
ഇപ്പോൾ സമയം രാത്രി എട്ട് മണിയാവാറായി,

                        എന്നും ഇതേ സ്ഥലത്ത്‌വെച്ചാണ് അവൾ നാട്ടിലേക്കുള്ള ബസ് കയറുന്നത്. എല്ലാ ദിവസവും പ്ലസ്2 ക്ലാസ്സിൽ നിന്ന് നേരെ കോച്ചിങ്ങ് സെന്ററിൽ പോകും. തിരിച്ച് വരുമ്പോൾ ടൌണിൽ നിന്നുള്ള ബസ്സിൽ വന്ന്, ഇവിടെ ഇറങ്ങിയ ശേഷം, കൃത്യം ആറ് മണിക്ക് അവളുടെ നാട്ടിലേക്കുള്ള ഒരേയൊരു ബസ് വരുന്നതാണ്. ആ ബസ്സിൽ നിന്നും ഇറങ്ങി, പത്ത് മിനുട്ട് നടന്നാൽ സൻഷാലയം എന്ന മനോഹരമായ വീട്ടിലെത്താം.

എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്? 
മിന്നൽ‌പണിമുടക്ക്; തൊട്ടടുത്തുള്ള പെട്ടിക്കടയിൽ നിന്നും പറയുന്നത് കേട്ടു,
“ഒരു യാത്രക്കാരൻ ഒരു കിളിയെ അടിച്ചതിനാൽ ഇനിയിങ്ങോട്ട് ബസ്സ് വരില്ല”.
                      അരമണിക്കൂർ മുൻപ് നിറയെ ആളുകളെ കുത്തിനിറച്ച ഒരു ജീപ്പ് അവളുടെ സമീപം വന്ന് നിർത്തിയിരുന്നു,
പിന്നിൽ തൂങ്ങിനിൽക്കുന്ന ഒരാൾ അവളെ വിളിച്ചു,
“ഈ വഴി ഇനി ബസ്സൊന്നും പോകില്ല; ഈ വണ്ടി അങ്ങോട്ടേക്ക് പോകുന്നതാണ്, കയറിക്കൊ”
അകത്തും പുറത്തും ആളുകൾ നിറഞ്ഞ വാഹനത്തിൽ ആണുങ്ങളെ മുട്ടിയുരുമ്മി യാത്രചെയ്യുന്ന കാര്യം അവൾക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല. അവരുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവൾ മറുവശത്ത് നോക്കിനിന്നു. ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോകുമ്പോൾ പിന്നിൽ പിടിച്ചു തൂങ്ങുന്ന അയാൾ കമന്റിട്ടു,
“സഹായിക്കാമെന്ന് വെച്ച് ചോദിച്ച നമ്മളെയാണ് തല്ലേണ്ടത്”

                 വളരെ ഫാസ്റ്റ് ആയി കറുപ്പ് നിറത്തിൽ, ചുറ്റും അന്ധകാരത്താൽ ആവരണം ചെയ്യപ്പെടുന്നത് കണ്ട് സൻഷ ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ട്, ഇരുട്ടിനെ മുഖാമുഖം കാണുന്ന അവൾക്ക് ഭയപ്പെട്ട് നിലവിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്പോൾ ആ ഇരുട്ടിനെ കീറി മുറിച്ച് മദ്ധ്യവയസ്ക്കനായ ഒരാൾ അടുത്തുവന്ന് അവളെ നോക്കി,
“അല്ല ഇത് നമ്മുടെ ഗോപിയേട്ടന്റെ മകളല്ലെ? മോളേ, ഇന്നിനി ബസ്സൊന്നും വരില്ല; ഒരു ഓട്ടോ വിളിക്കട്ടെ, ഞാൻ കൊണ്ടുവിടാം”
“വേണ്ടാ,,,”
മുഖത്തടിച്ചപോലെ പെട്ടെന്നുള്ള അവളുടെ മറുപടിയിൽ ആ മനുഷ്യൻ ഒന്ന് ഞെട്ടി; പിന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് തിരിച്ച് നടന്നു.

                  സൻഷ വീടിനെ പറ്റി ഓർക്കാൻ തുടങ്ങി. ഇപ്പോൾ വീട്ടിലെത്തി ചൂടു ചായയും കുടിച്ച്, സ്വന്തം മുറിയിൽ പഠിക്കാനിരിക്കുന്ന സമയമായി. അമ്മ ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത്? താൻ വീട്ടിലെത്തുന്നതിന് അര മണിക്കൂർ മുൻപ്‌തന്നെ വഴിക്കണ്ണുമായി നിൽക്കാറുള്ള അമ്മയുടെ അവസ്ഥ എന്തായിരിക്കും? കരഞ്ഞ്‌ കരഞ്ഞ് തളർന്ന്, അറിയാവുന്ന അമ്പലങ്ങളിലെല്ലാം ദൈവത്തെ വിളിച്ച് നല്ലൊരു തുക പ്രോമിസ് ചെയ്തിരിക്കും. വളരെ പാവമായ; ഭർത്താവിനെയും മക്കളെയും ജീവനുതുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന അമ്മ; ഇപ്പോൾ മകളെ കാണാതെ പേടിച്ച് മനമുരുകി പ്രാർത്ഥിക്കുന്നുണ്ടാവും. വീട്ടിൽ ഒരു ജോലിയും തന്നെക്കൊണ്ട് ചെയ്യിക്കാത്ത, വീട്ടിനു പുറത്ത് ഒരു ലോകമില്ലാത്ത ആ അമ്മയുടെ മകളായി ജനിച്ചതിൽ അവൾക്ക് എന്നെന്നും അഭിമാനമാണ്.

                    ഏകാന്തതയുടെ ഭീകരത അവൾ ശരിക്കും തിരിച്ചറിഞ്ഞു. വീടും വിദ്യാലയവും അല്ലാതെ മറ്റൊരു ലോകത്തെപറ്റി അറിയാത്ത പാവം പെൺ‌കുട്ടി ആകെ വിയർത്തു കുളിച്ചു. നാട്ടി‌ൻപുറത്തായിട്ടും അയൽ‌പക്കത്തെ വീടുകളിൽ ആരൊക്കെയാണ് താമസിക്കുന്നത് എന്ന് അറിയാത്ത ചുറ്റുപാടിലാണ് അവൾ വളർന്നത്. കൂലിപ്പണി മതിയാക്കിയ അച്ഛൻ ഗൾഫിൽ പോയി പണക്കാരനായതോടെ, കളിക്കൂട്ടുകാരനായ ചേട്ടൻ അന്യസംസ്ഥാനത്ത് ഉപരിപഠനത്തിനു പോയതോടെ, വീട്ടിൽ അമ്മയും മകളും മാത്രം. ആവശ്യത്തിനു മാത്രം എത്തിചേരുന്ന അകലെയുള്ള ബന്ധുക്കളെയാണ് അവർ എപ്പോഴും ആശ്രയിക്കുന്നത്.

                 അമ്മയെകുറിച്ചുള്ള ചിന്തകളുടെ നോവ് അവൾക്ക് താങ്ങാവുന്നതിലപ്പുറമായി. മകളെ കാണാത്തപ്പോൾ തന്റെ കൂടേ പഠിക്കുന്നവരെയും ബന്ധുക്കളെയും അമ്മ ഫോൺ ചെയ്തിരിക്കുമോ? 
ഒന്നിച്ച് ക്ലാസിലുള്ളവരെല്ലാം വീട്ടിലെത്തി എന്നറിയുന്ന അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്?
സ്ക്കൂളിൽ മൊബൈൽ നിരോധിച്ച സർക്കാറിനെ അവൾ ശപിച്ചു. വീട്ടിലേക്ക് ഒന്ന് ഫോൺ ചെയ്യാൻ ആ പരിസരത്ത് ആകെയുള്ള കോയിൻ ബോക്സ് രണ്ട് വർഷം മുൻപ്  തുരുമ്പ് പിടിച്ച് നശിച്ചു.

                ഏകാകിയായ പെൺ‌കുട്ടിയെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടപ്പോൾ ആരൊക്കെയോ ഇരുട്ടിന്റെ മറവിൽ‌നിന്നും ഒളിച്ച് നോക്കുന്നുണ്ടായിരുന്നു. ചെറുപ്പക്കാരുടെ അടക്കം‌പറച്ചിൽ കേട്ട് അവൾ ഞെട്ടാൻ തുടങ്ങി. നാളത്തെ പത്രവാർത്തയുടെ ഫ്രണ്ട്‌പേജ് അവളുടെ മനസ്സിൽ തെളിഞ്ഞു; അതിന്റെ അടിയിൽ സ്വന്തം ഫോട്ടൊയല്ലെ?
എന്റെ ഈശ്വരാ ഇതെന്ത് പരീക്ഷണം?

                  റോഡിലൂടേ ഹൈ‌സ്പീഡിൽ പോയ ഒരു ‘റ്റു വീലർ’ സഡൻ‌ബ്രെയ്ക്കിട്ട് അല്പം മുന്നിൽ നിർത്തിയപ്പോൾ അത് കാലന്റെ വാഹനമായി അവൾക്ക് തോന്നി. ബൈക്കിൽനിന്നും താഴെയിറങ്ങിയ ചെറുപ്പക്കാരൻ അവളുടെ സമീപം വന്ന് വിളിച്ചു,
“സൻഷാ നീയിവിടെ ഒറ്റക്ക്”
                 പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ കണ്ടത് പ്ലസ്2 ക്ലാസ്സിൽ പിൻബെഞ്ചിലിക്കുന്ന സഹപാഠിയെയാണ്. സ്ഥിരം തല്ലിപ്പൊളിയായ, അദ്ധ്യാപകർക്ക് തലവേദന സൃഷ്ടിക്കുന്ന, ക്ലാസിന്റെ അച്ചടക്കം നശിപ്പിക്കുന്ന തടിയൻ. തിരിച്ചങ്ങോട്ട് വിളിക്കാൻ അവന്റെ ഒറിജിനൽ പേരുപോലും അവൾക്കറിയില്ല,
“വീട്ടിലേക്ക് പോകാൻ ബസ് കിട്ടിയിരിക്കില്ല, പെട്ടെന്നാണല്ലൊ മിന്നൽപണിമുടക്ക്”
അവളൊന്നും മിണ്ടിയില്ല, സംസാരശേഷി ആകെ നഷ്ടപ്പെട്ടതുപോലെ;
“ഓ, രാത്രിയായിട്ടും ആരും വീട്ടിൽ‌നിന്നും വരാനില്ലെ? ഈ വണ്ടിയുടെ പിന്നിൽ കയറിയിരിക്ക് ഞാൻ വീട്ടിൽ കൊണ്ടുവിടാം”
അവൻ ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തു.
                    കൂടുതൽ ചിന്തിക്കാതെ ചൂരിദാറിന്റെ ഷാൾ ഒതുക്കിയ ശേഷം പിൻസീറ്റിൽ ഒരു വശം‌ചേർന്ന് കയറിയിരുന്നു. ഭാരമുള്ള ബാഗ് മടിയിൽ വെച്ച്, വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.

                    വണ്ടി മുന്നോട്ടെടുക്കുമ്പോൾ അതുവരെ ഇരുട്ടിൽ ഒളിച്ചവർ സ്ട്രീറ്റ്‌ലൈറ്റിന്റെ ചുവട്ടിൽ ഒത്തുകൂടുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു.
അല്പദൂരം പോയി ഒരു വളവ് തിരിയുമ്പോൾ പെട്ടെന്ന് അവളുടെ ബാഗ് താഴെ വീണു,
“അയ്യോ,,”
അവൻ വണ്ടി നിർത്തിയശേഷം ഇറങ്ങിപോയി ബാഗുമായി തിരിച്ച് വരുമ്പോൾ പറഞ്ഞു,
“എന്തൊരു കനമാ? വീട്ടിലുള്ള എല്ലാ ബുൿസും വാരിനിറച്ചാണല്ലൊ ഈ പെൺകുട്ടികളുടെ വരവ്”
ബാഗ് ബൈക്കിന്റെ കെരിയറിൽ വെച്ചശേഷം കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ ചോദിച്ചു,
“ഇതുവരെ ബൈക്കിന്റെ പിന്നിലൊന്നും ഇരുന്നിട്ടില്ലെ? നിന്റെ ടെൻഷൻ കണ്ട് ചോദിച്ചതാ”
“ഇല്ല”
“എന്നാൽ സൈഡിൽ പിടിച്ച് താഴെ ചവിട്ടി ഉറപ്പിച്ചിരുന്നോ. പിന്നെ വീഴുമെന്ന് പേടിയുണ്ടെങ്കിൽ എന്റെ ചുമലിലോ കോളറിലോ എവിടെയായാലും ധൈര്യമായി പിടിച്ചൊ,,”
               അവന്റെ ശരീരം തൊടാതെ മുറുകെപിടിച്ച് ഇരുട്ടത്ത് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ പലതും ചിന്തിച്ചു.
‘ആണിനെ ഒരിക്കലും വിശ്വസിക്കെരുതെന്നാണ് അമ്മ അവളെ പഠിപ്പിച്ചത്. സ്വന്തം അച്ഛനെപോലും വിശ്വസിക്കാൻ പാടില്ല എന്നാണ് ഒരിക്കൽ അവളോട് പറഞ്ഞത്. ക്ലാസ്സിലെ മറ്റു പെൺ‌കുട്ടികൾക്കെല്ലാം മിനിമം ഒരു ലൈൻ ഉണ്ടെങ്കിലും അങ്ങനെയൊന്ന് തനിക്കില്ലാത്തത് ഒരു പോരായ്മയായി സൻഷക്ക് തോന്നിയിട്ടില്ല. പലരും സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് വീട്ടിൽ‌നിന്നും പുറത്ത്‌ചാടി ബോയ്‌ഫ്രന്റ്സിന്റെ കൂടെ അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ അവൾ‌മാത്രം അതിൽ‌നിന്നെല്ലാം അകന്നുമാറി നിൽക്കുകയാണ്. ആൺ‌കുട്ടികളോട് എപ്പോഴും അകൽച്ച കാണിക്കുന്ന അവൾക്ക് സഹപാഠികൾ നൽകിയ ഓമനപ്പേരുണ്ട്;
‘വെർജിൻ മൊബൈൽ’.

                 അങ്ങനെയുള്ള സൻഷ ഇപ്പോൾ ക്ലാസ്സിലെ ഏറ്റവും തല്ലിപ്പൊളി പയ്യനെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു! ബൈക്കുമായി ഇങ്ങനെയൊരുത്തൻ വന്നില്ലെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരിക്കും? ക്ലാസ്സിൽ തരികിടയാണെങ്കിലും തന്റെ മുന്നിൽ വളരെ ഡീസന്റായി, ഇതുവരെ പെരുമാറിയ പയ്യനോട് അവൾക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ആ നേരത്ത്, ഈ തടിയൻ‌ എത്തിച്ചേർന്നത് വീട്ടിലിരുന്ന് അമ്മ തനിക്ക് വേണ്ടി പ്രാർത്ഥിച്ചതു കൊണ്ടാവാം.

                 അവൾ പറഞ്ഞ വഴിയെ വണ്ടിയോടിച്ച് വളവും തിരിവും കഴിഞ്ഞ് വീട്ടിന്റെ ഗെയിറ്റ് കടക്കുമ്പോൾതന്നെ മകളെയും പ്രതീക്ഷിച്ച് വരാന്തയിൽ നിൽക്കുന്ന അമ്മയെ കണ്ടു. ബസ് ഓടാത്ത കാര്യമൊന്നും അമ്മ അറിഞ്ഞിരിക്കാൻ ഇടയില്ല. മുറ്റത്ത് നിർത്തിയ വണ്ടിയിൽ നിന്നും ഇറങ്ങിയ അവൾ, കെരിയറിൽ നിന്നും എടുത്ത ബാഗ് കൈനീട്ടി വാങ്ങുമ്പോൾ അത്‌വരെ സഹായിച്ചവനോട് പറഞ്ഞു,
“ഇത്രത്തോളം വന്നില്ലെ; ഒന്ന് വീട്ടിൽ കയറി എന്റെ അമ്മയെ പരിചയപ്പെട്ടശേഷം ചായകുടിച്ച് പോകാം”
“അത് വേണ്ട, എനിക്ക് പോകാൻ തിരക്കുണ്ട്. പിന്നെ അമ്മ പേടിച്ചിരിക്കയാ, മോള് വേഗം പോയാട്ടെ”

                  വലിയ അപകടത്തിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയതു പോലുള്ള ആശ്വാസത്തോടെ അവൾ വരാന്തയിൽ കയറി അമ്മയെ വിളിച്ചു,
“അമ്മെ ഞാൻ .”
“ഠേ,”
മുന്നോട്ട് വന്ന അമ്മ അപ്രതീക്ഷിതമായി മകളുടെ ചെകിട്ടത്ത് അടിച്ചു. അമ്മയിൽ നിന്നും ആദ്യമായി കിട്ടിയ അടിക്ക് നല്ല ശക്തിയുണ്ടായിരുന്നു. ദേഷ്യം തീരാത്ത അമ്മ അവൻ കേൾക്കെ പറയാൻ തുടങ്ങി,
“കണ്ട തെണ്ടിയോടൊപ്പം കറങ്ങിനടന്നിട്ട് രാത്രി കയറി വന്നിരിക്കയാ; എടീ നിന്നെയൊക്കെ ഇതിനാണോ വളർത്തി വലുതാക്കിയത്? ഇവിടെയൊരാള് മരുഭൂമിയിൽ‌പോയി കഷ്ടപ്പെടുന്നുണ്ടെന്ന വിചാര‌ം‌പോലും ഇല്ലല്ലൊ”

                   സൻഷ ശരിക്കും ഞെട്ടി. അടിയെക്കാൾ വേദനിപ്പിച്ചത് വാക്കുകളായിരുന്നു. ഒരു വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ട് വരുന്ന മകളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിനു പകരം അടിക്കുക. രക്ഷപ്പെടുത്തിയവന്റെ മുന്നിൽ വെച്ച് കാര്യമറിയാതെ അപമാനിക്കുക. തന്റെ അമ്മയിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

                  ഓടിപ്പോയി സ്വന്തം മുറിയിൽ കടന്ന് വാതിലടക്കുമ്പോൾ അമ്മയുടെ ശബ്ദം ഉയർന്ന് കേട്ടു,
“എടാ തെണ്ടീ, നിനക്കൊക്കെ കൊണ്ടുനടക്കാൻ എന്റെ മകളെത്തന്നെ വേണമായിരുന്നോ? നിന്റെ തലയിൽ ഇടിത്തീ വീഴും. അച്ഛനും അമ്മക്കും നാണക്കേടുണ്ടാക്കാൻ ഇവിടെ ഒരുത്തി കണ്ട എരപ്പാളിയുടെകൂടെ പാതിരാത്രിക്ക് കയറി വന്നിരിക്കുന്നു, നാശം”