“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

7/7/26

ആവണിയുടെ ഏട്ടൻ

 

 ഇന്നെന്റെ ഏട്ടൻ വരും

         രാവിലെ ഫോർത്ത് ബി ക്ലാസിലെത്തിയ ആവണി അരവിന്ദ് സ്‌കൂൾ ബാഗ് ഡസ്കിൽ വെച്ചശേഷം പതുക്കെ പറഞ്ഞതുകേട്ട് അടുത്തിരിക്കുന്ന ബെസ്റ്റ് ഫ്രന്റ് ദീപിക ജയറാം ഞെട്ടി. വലിയൊരു കാര്യം കേട്ടിട്ടും ഫ്രന്റ് മിണ്ടാത്തത് കണ്ടപ്പോൾ വീണ്ടും പറഞ്ഞു,

എടീ നീ കേൾക്കുന്നില്ലേ, കോഴിക്കോട്‌ന്ന് രാവിലത്തെ ട്രെയിനിൽ വന്ന് കണ്ണൂര് ഇറങ്ങും; എന്നിട്ട് നടന്നാണ് ഏട്ടൻ സ്കൂളിലേക്ക് വരുന്നത്

         സ്വന്തം ക്ലാസിൽ പഠിക്കുന്ന ഫ്രന്റ് പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാതെ ദീപിക ചോദിച്ചു,

നിന്റെ ഏട്ടന് സ്കൂളിലേക്കുള്ള വഴിയൊക്കെ അറിയോ?”

അതൊക്കെ ഞാൻ രണ്ട് ദിവസം മുൻപ് വാട്ട്സാപിൽ കൊടുത്തിട്ടുണ്ട്

എപ്പഴാ വരുന്നത്? സ്കൂളിൽ വരുമോ?”

മോണിങ്ങിലെ ഇന്റർ‌വെർ ടൈമിൽ സ്‌കൂളിന്റെ മുന്നിലുള്ള റോഡിൽ വരുമെന്നാ പറഞ്ഞത്

നമ്മുടെ ക്ലാസ് ടീച്ചർ തൻ‌വിയ മാം അറിഞ്ഞാലോ?”

ആരും അറിയില്ല; നിന്നോട് മാത്രമേ ഞാൻ പറയുന്നുള്ളൂ. നീയെന്റെ ബെസ്റ്റ് ഫ്രന്റല്ലേ,,

എന്നിട്ട് നീയെങ്ങനെ ഏട്ടനെ കാണും?”

അതൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഏട്ടൻ വന്നിട്ട് റോഡ് സൈഡിലെ ട്രീയുടെ ചോട്ടില് നിൽക്കും. ഇന്റർ‌വെൽ ടൈമിൽ ഞാൻ ഔട്ട്സൈഡിൽ പോയി ബ്രദറിനെ കാണും

അതിന് നീ അയാളെ മുൻപ് കണ്ടിട്ടുണ്ടോ? അപ്പോൾ ഏട്ടനാണെന്ന് എങ്ങനെ അറിയും?”

ഞാൻ വാട്ട്‌സാപിൽ ഏട്ടനെ കാണാറുണ്ട്. പിന്നെ ഇന്ന് വരുമ്പോൾ സ്കൂൾ യൂനിഫോം ആയ ബ്ലാക്ക് പാന്റും സ്കൈ ബ്ലൂ ഷെർട്ടും ആണ് വേഷം. കാണാൻ ബ്യൂട്ടിഫുൾ ആണ്

എനിക്കാകെ പേടിയാവുന്നു; ആരെങ്കിലും കണ്ടാലോ?”

അതിന് നീ വരേണ്ട, ഞാൻ മാത്രം പോയ്‌ക്കൊളാം. ആരോടും പറയേണ്ട,,

          കേട്ടതൊന്നും വിശ്വസിക്കാനാവാതെ ദീപിക സ്വന്തം സ്ഥലത്ത് ഇരുന്നു. ക്ലാസ് തുടങ്ങാൻ ഇനിയും സമയം ബാക്കിയുണ്ട്. സ്നേഹിതയെ ആശ്ചര്യത്തോടെ നോക്കിയപ്പോൾ അവൾ നിറഞ്ഞ സന്തോഷത്തിലാണെന്ന് കണ്ടു. വലിയൊരു കുഴപ്പത്തിൽ ചാടുകയാണെന്ന ചിന്തയൊന്നും അവൾക്കില്ല. ആരെങ്കിലും അറിഞ്ഞാൽ എന്താവും കഥ!

         ഒരുമാസം മുൻ‌പ് ഒരു തിങ്കളാഴ്ചയാണ് ആവണി ഏട്ടന്റെ കാര്യം പറയാൻ തുടങ്ങിയത്. ഉച്ചഭക്ഷണം കഴിക്കുന്ന നേരത്ത് സ്പെഷ്യലായി കൊണ്ടുവന്ന കടുമാങ്ങയുടെ പകുതി കൊടുത്തശേഷം അവൾ പറഞ്ഞു,

എടീ ഞാനൊരു കാര്യം പറയട്ടെ; നീ ആരോടും പറയില്ലെന്ന് പ്രോമിസ് ചെയ്യണം

പ്രോമിസ്,, പറഞ്ഞോളൂ

ഇന്നലെ രാത്രിയിൽ ഞാൻ ഏട്ടനോട് വർത്തമാനം പറഞ്ഞു

ഏട്ടനോ? അതെങ്ങനെയാ? നിനക്ക് ഏട്ടനും അനിയനും ഇല്ലല്ലോ 

ഏട്ടന്റെ പേര് സായന്ത്; കോഴിക്കോട് ആണ് വീട്. പ്ലസ് വൺ‌ പഠിക്കുന്നു

         പറയുന്നതൊന്നും മനസ്സിലാവാത്തതിനാൽ കൈയിലുള്ള ചോറ് തിന്നാതെ കൂട്ടുകാരി ദീപിക അവളെ നോക്കി അല്പനേരം ഇരുന്നു. അതിനുശേഷം ചോദിച്ചു,

അതെങ്ങനെയാ ദൂരെയുള്ള ആൾ ഏട്ടനാവുന്നത്? എട്ടനും അനിയനും സ്വന്തം വീട്ടിലല്ലേ

ഇത് മൊബൈലിൽ ഫോൺ ചെയ്യുന്ന ഏട്ടനാണ്. ഏട്ടൻ വാട്ട്‌സാപിൽ വന്ന് കുറേനേരം വർത്തമാനം പറഞ്ഞു

നിന്റെ അമ്മയും അച്ഛനും കണ്ടില്ലേ?”

പപ്പയും മമ്മയും അവരുടെ റൂമിലാണ്. അവരൊന്നും എന്റെ കാര്യം ശ്രദ്ധിക്കില്ല. ഞാനൊറ്റക്ക് ഒരു റൂമിലാണ് ഉറങ്ങുന്നത്

“എടീ, അങ്ങനെ പറയുന്ന ആൾ വെറും ഫ്രോഡ് അവാനാണ് ചാൻസ്”

“ഇത് ഫ്രോഡ് ഒന്നുമല്ല, ഹി ഈസ് വരി സ്വീറ്റ്, ഐ ഓൾവെയ്സ് ട്രസ്റ്റ് ഹിം”

     അവളുടെ വിശ്വാസം ഉറച്ചതാണ്,, എന്നാലും എത്രയെത്ര തട്ടിപ്പ് വാർത്തകളാണ് ഇന്നത്തെ കാലത്ത് നടക്കുന്നത്,, അതൊന്നും വിശ്വസിക്കാത്ത പാവം.

          ദീപികക്ക് സഹതാപം തോന്നി. ആവണിയുടെ അച്ഛൻ നഗരത്തിലെ ഏതോ ഓഫീസിൽ എഞ്ചിനീയർ ജോലി ചെയ്യുമ്പോൾ അമ്മ കോളേജ് അദ്ധ്യാപിക ആണ്. ആകെയൊരു കുട്ടിയായ ആവണിക്ക് സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന് എപ്പോഴും പരാതിയാണ്. അച്ഛനും അമ്മയും ഒപ്പമുള്ള കാറിൽനിന്ന് ആവണി ഇറങ്ങി വരുന്നത് കാണുമ്പോൾ അതുപോലെ ആളുകൾ കുറഞ്ഞ വീട്ടിലാണ് ജനിച്ചതെങ്കിൽ ഭാഗ്യമായിരുന്നു എന്ന് ദീപിക പലപ്പോഴും ചിന്തിച്ചതാണ്. അവളുടെ വീട്ടിലാണെങ്കിൽ അമ്മയും അച്ഛനും ഏട്ടനും അനുജത്തിയും അമ്മുമ്മയും ചേർന്ന് ഏത് നേരവും ഒച്ചയും ബഹളമാണ്.

         പിന്നീട് എല്ലാദിവസവും ആവണിക്ക് പറയാനുള്ളത് ഏട്ടന്റെ വിശേഷങ്ങൾ മാത്രമാണ്. അതിനുശേഷം ഏതുകാര്യവും അവൾ ചെയ്യുന്നത് ഏട്ടനോട് ചോദിച്ചിട്ടാണ്. പഠിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും എല്ലാം ഏട്ടനോട് ചോദിച്ചിട്ട് ആയിരിക്കും. സമ്മാനങ്ങൾ വാങ്ങിയാൽ മാതാപിതാക്കൾക്ക് അതെന്നും വലിയ കാര്യമല്ലെങ്കിലും ഏട്ടൻ മൊബൈൽ വഴി അഭിനന്ദനങ്ങളുടെ പൂമഴ അയക്കും; സ്മൈലികൾ പെരുകും. കാര്യങ്ങൾക്ക് പരിഗണന നൽകാൻ ഒരാൾ വന്നതുമുതൽ ആവണി എന്നും സന്തോഷവതിയാണ്.

         ചിന്തിച്ചു കൊണ്ടിരിക്കെ ക്ലാസിൽ കുട്ടികൾ നിറഞ്ഞതൊന്നും ദീപിക ശ്രദ്ധിച്ചില്ല. ക്ലാസ് തുടങ്ങാനുള്ള മണിയടിച്ചതോടെ എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. ക്ലാസ് ടീച്ചർ തൻ‌വിയ മാം വന്ന് അറ്റന്റെൻസ് എടുത്തശേഷം ഇം‌ഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. ഒന്നും സംഭവിക്കാത്ത മട്ടിൽ ക്ലാസിൽ ശ്രദ്ധിച്ച് അടുത്തിരിക്കുന്ന കൂട്ടുകാരിയെ ഇടയ്‌ക്കിടെ നോക്കിയതിനാൽ പഠിപ്പിച്ചതൊന്നും ദീപികക്ക് മനസ്സിലായില്ല. ടീച്ചർ പോയനേരത്ത് ആവണി ബാഗ് തുറന്ന് ഒരു കടലാസ് കവർ കാണിച്ചിട്ട് പറഞ്ഞു,

ഇതെന്റെ മഞ്ഞ ഉടുപ്പാണ്; യൂനിഫോം ഇട്ടിറ്റ് വെളിയിൽ പോകാൻ പറ്റില്ലല്ലോ

        രണ്ടാമത്തെ പിരീഡ് മാത്‌സ് ആയിരുന്നു; ഷീന മാം വന്ന് പഠിപ്പിച്ചപ്പോൾ കണക്കിന്റെ താളം തെറ്റുന്നതായി ദീപികക്ക് തോന്നി. ആവണിയുടെ കാര്യം ടീച്ചറെ അറിയിക്കണമെന്ന് ദീപികക്ക് തോന്നിയ നേരത്ത് ഇന്റർ‌വെൽ മണിയടിച്ചതും കുട്ടികൾ എഴുന്നേറ്റതും അവൾ അറിയാതായി. പെട്ടെന്ന് ആവണി അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു,

എടി ദീപൂ ഞാൻ പോകുന്നു; നൂൺ‌മീൽ സമയത്ത് തിരിച്ചുവരും

നിന്റെ ഏട്ടൻ വന്നോ?”

വന്നിട്ടുണ്ടാവും,, ടൈം തെറ്റിക്കാതെ കരക്റ്റായി എത്തുന്ന ആളാണ് ഏട്ടൻ

        ബാഗിൽ നിന്ന് ഉടുപ്പിന്റെ കവറുമായി ക്ലാസിൽ‌നിന്നും ഇറങ്ങിപ്പോവുന്ന കൂട്ടുകാരിയെ നോക്കിയിരിക്കെ ദീപികയുടെ ദേഹമാകെ വിറയൽ ബാധിച്ചു. ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ അവൾക്ക് തോന്നിയില്ല. ഇനി എന്തൊക്കെയാവും ഉണ്ടാവുന്നതെന്ന് ചിന്തിച്ച് തലപുകഞ്ഞു.

        ആവണി നേരെ പോയത് ശുചിമുറിയിലാണ്. പെൺപള്ളിക്കൂടം ആയതിനാൽ ബോയ്സ് കാണുമെന്ന ചിന്തയില്ലാതെ ഏത് റൂമിലും കടന്നുപോകാം.

          ഇന്റർ‌വെൽ നേരത്ത് വാഷ്‌റൂമിന്റെ സമീപം എത്തിയ ഫോർത്ത് ബിയിലെ ആവണി മറ്റു കുട്ടികളെല്ലാം പോകാൻ കാത്തിരുന്നു. മണിയടിച്ചതോടെ മുതിർന്ന ഏച്ചിമാരെല്ലാം പോയപ്പോൾ അവൾക്ക് ഭയം തോന്നിയില്ല. വാഷ്‌റൂമിന്റെ ആദ്യത്തെ മുറിയിൽ കടന്ന് വാതിലടച്ച് കൈകാലുകൾ കഴുകിയശേഷം കവർ തുറന്ന് അതിനകത്തെ ഉടുപ്പ് അവളണിഞ്ഞു. നീളൻ ഉടുപ്പ് ആയതിനാൽ ഉള്ളിൽ യൂനിഫോം ആയ സ്കേർട്ടും ഷേർട്ടും ഉണ്ടെന്ന് അറിയുകയേ ഇല്ല. അങ്ങനെ ആവണി അരവിന്ദ് വടക്കെക്കര ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ‌സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥി അല്ലാതായി.

         വാഷ്‌റുമിൽ നിന്നിറങ്ങിയ മഞ്ഞയുടുപ്പിട്ട കുട്ടി പരിസരം ശ്രദ്ധിക്കാതെ നേരെ സ്‌കൂൾ‌ഗെയിറ്റ് കടന്ന് മുന്നിലുള്ള റോഡിൽ എത്തി. അവിടെ നിന്നുകൊണ്ട് ഓപ്പസിറ്റ് സൈഡിൽ റെയിൻ‌ട്രീയുടെ ചുവട്ടിൽ നോക്കിയപ്പോൾ അവളുടെ നുണക്കുഴികൾ വിടർന്നു. അവിടെ,, അവളെയും പ്രതീക്ഷിച്ച് ഏട്ടൻ നിൽക്കുന്നുണ്ട്. ഇന്നലെ പറഞ്ഞതുപോലെ ബ്ലാക്ക് പാന്റും സ്കൈബ്ലൂ ഷർട്ടും അണിഞ്ഞ ഏട്ടൻ സായന്തിനെ പെട്ടെന്ന് തിരിച്ചറിഞ്ഞു. മൊബൈലിൽ കാണുന്നതിനെക്കാൾ ഉയരം തോന്നുന്നുണ്ട്. വാഹനം ഇല്ലാത്ത ടൈമിൽ റോഡ് മുറിച്ചുകടന്ന ആവണി ഏട്ടന്റെ സമീപം എത്തിയതോടെ പരിസരങ്ങളിൽ പൂക്കളുടെ സുഗന്ധം നിറഞ്ഞ കാറ്റുവീശിയപ്പോൾ മഴക്കാലം അല്ലെങ്കിലും റെയിൻ‌ട്രീയുടെ ഇലകളിൽ‌നിന്നും ചാറ്റൽ‌മഴ പെയ്തു.

        ഒരുനിമിഷം സംശയിച്ചുകൊണ്ട് അവർ അന്യോന്യം നോക്കി; അതിനുശേഷം ആദ്യം മിണ്ടിയത് അവളാണ്,

ഞാൻ ആവണി അരവിന്ദ് ആണ്; എന്റെ ഏട്ടനല്ലേ,, സായന്ത്?”

അതെ,, ഞാൻ തന്നെ, കുട്ടി വരുന്നത് ആരെങ്കിലും കണ്ടോ?”

ഞാൻ ആരെയും നോക്കിയില്ല

നമുക്ക് ദൂരേക്ക് നടക്കാം, ഞാൻ ആദ്യമായിട്ടാ കണ്ണൂരിൽ വരുന്നത്. അതുകൊണ്ട് സ്ഥലം തീരെ പരിചയമില്ല

എനിക്ക് എല്ലാ സ്ഥലവും പരിചയമാണ്. പപ്പയുടെയും മമ്മയുടെയും ഒപ്പം ടൗണിലാകെ വന്നിട്ടുണ്ട്,,”

വിശക്കുന്നുണ്ടോ? നമുക്ക് എന്തെങ്കിലും ഫുഡ് കഴിച്ചാലോ?”

ഇപ്പോൾ വേണ്ട, വിശക്കുന്നില്ല. പിന്നെ ഉച്ചയാവുമ്പോഴേക്കും സ്‌കൂളിൽ എത്തണം

മഞ്ഞ ഉടുപ്പിൽ നിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്. മഞ്ഞക്കിളിയെന്ന് ഞാൻ വിളിക്കട്ടെ?”

ഇഷ്ടം പോലെ വിളിച്ചോളൂ,, എന്റെ ഏട്ടനല്ലേ

നമുക്ക് എവിടെയെങ്കിലും ഇരുന്നിട്ട് വർത്തമാനം പറയാം. അതിന് പറ്റിയ സ്ഥലം ഏതാണ്?”

ഇവിടെ അടുത്തൊരു ചെറിയ പാർക്ക് ഉണ്ട്. അങ്ങോട്ട് പോകാം

ശരി അങ്ങോട്ട് പോകാം

           റോഡരികിൽ ഫുട്‌പാത്തിലൂടെ രണ്ടുപേരും നടക്കുമ്പോൾ ചെറുതും വലുതുമായ തണൽ‌മരങ്ങളെല്ലാം പൂവിട്ടതായി കാണപ്പെട്ടു. ചെടികൾക്ക് ചുറ്റും പറക്കുന്ന ചെറുപക്ഷികളും പൂമ്പാറ്റകളും അവരെ ചുറ്റിയിട്ട് പറക്കാൻ തുടങ്ങി. സമീപമുള്ള വീടുകളിലും ഫ്ലാറ്റുകളിലും കടകളിലും വളരുന്ന എല്ലാ കുഞ്ഞുചെടികളിലും പൂക്കൾ വിടർന്നപ്പോൾ അവയിൽ പലതും പാതയോരത്തേക്ക് തലനീട്ടി ആവണിയെയും അവളുടെ ഏട്ടനെയും നോക്കിയിട്ട് കാറ്റത്ത് ഇളകിയാടി. അപ്പോൾ ആവണി കുഞ്ഞുശബ്ദത്തിൽ ചോദിച്ചു,

ഏട്ടൻ എന്റെ കൈ പിടിക്കുമോ?”

പിന്നെന്താ,, എന്റെ മഞ്ഞക്കിളിയുടെ കൈ പിടിക്കാൻ എനിക്ക് ഇഷ്ടമാണ്

പിന്നെ, ഇന്നലെപറഞ്ഞ എന്റെ വീട്ടിലെ ചുവന്ന റോസാച്ചെടിയില്ലേ,, ഇന്നു രാവിലെ അതിലൊരു മോട്ട് വിടർന്നു. ചുവന്ന വലിയ പൂവ്, എന്തൊരു ഭംഗിയാണ് കാണാൻ; നല്ല മണവും ഉണ്ട്

എന്നിട്ട് എനിക്ക് കൊണ്ടുത്തരാമായിരുന്നില്ലേ?”

തരണമെന്ന് ഉണ്ടായിരുന്നു, പിന്നെ സ്കൂളിൽ വരുന്നതല്ലേ. ഫോട്ടോ എടുത്ത് വാട്ട്‌സാപിൽ അയച്ചുതരാം

ഞാൻ വെറുതെ പറഞ്ഞതാ

പിന്നെ വീട്ടിലെ പൂച്ചക്കുഞ്ഞില്ലേ,, അതിപ്പോൾ എന്റെ പിന്നാലെ നടക്കാറുണ്ട്

പൂച്ചകളുമായി അധികം അടുപ്പം വേണ്ട

         വീട്ടിലെയും വഴിയിലെയും കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവർ നിറയെ ചെടികളുള്ള ചെറിയൊരു പാർക്കിൽ എത്തിച്ചേർന്നു. വസന്തം വിടർന്ന പാർക്കിൽ അവർ പ്രവേശിച്ചപ്പോൾ അവിടെയുള്ള മൺ‌തരികൾ പോലും രോമാഞ്ചമണിഞ്ഞു. പതിയെ വീശുന്ന മന്ദമാരുതനിൽ കുഞ്ഞുചെടികൾ പൂക്കളോടൊത്ത് നൃത്തം ചെയ്യാൻ തുടങ്ങി. അകത്തു കടന്നപ്പോൾ അങ്ങിങ്ങായി ഏതാനും‌‌പേരെ കണ്ടെങ്കിലും ആരും പരിചയക്കാരല്ല. അല്പം ഉള്ളിലേക്ക് നടന്നപ്പോൾ ഒറ്റപ്പെട്ട് കാണപ്പെട്ട ഇരിപ്പിടത്തിൽ രണ്ടാളും ഇരുന്നു. കൈ മുറുകെ പിടിച്ചെങ്കിലും ഇത്തിരിനേരം രണ്ടുപേരും മിണ്ടിയില്ല. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി ധാരാളം കാര്യങ്ങൾ ആവണി പറയാൻ തുടങ്ങിയപ്പോൾ പാർക്കിലെ ചെടികൾ‌കൂടി ശ്രോതാക്കളാവാൻ മത്സരിച്ചു. അതിനിടയിൽ സമയം അതിക്രമിച്ച് നട്ടുച്ച കഴിഞ്ഞ കാര്യം രണ്ടുപേരും മറന്നുപോയി.

        ഇന്റർ‌വെൽ കഴിഞ്ഞശേഷം ഫോർത്ത് ബി ക്ലാസിൽ സം‌ഗീതം ടീച്ചറാണ് വന്നത്. ടീച്ചർ നന്നായി പാടുമ്പോൾ കുട്ടികളും അവരോടൊത്ത് പാടി. അതിനിടയിൽ ആവണിയുടെ കാര്യം അടുത്തിരിക്കുന്ന ബെസ്റ്റ് ഫ്രന്റ് ദീപികപോലും മറന്നുപോയി. അടുത്ത പിരീഡ് ബെയ്സിക് സയൻസ് പഠിപ്പിക്കാൻ ദിവ്യ മിസ് വന്നപ്പോൾ പൂർണ്ണശ്രീ ഗിരീഷ് ഉച്ചത്തിൽ പറഞ്ഞു,

മാം വൺ ഗേൾ ഈസ് മിസ്സിംഗ് ഹിയർ; ആവണി

ആവണി,, അവളിന്ന് സ്‌കൂളിൽ വന്നിനോ?”

യെസ് മാം, ആഫ്റ്റർ ദി ഇന്റർ‌വെൽ അവളെ കണ്ടില്ല

എന്നിട്ടിപ്പോഴാണോ പറയുന്നത്?”

        കുട്ടികളാരും മറുപടി പറഞ്ഞില്ല. ടീച്ചർ ചോദ്യം ചെയ്തപ്പോൾ അവർക്കെല്ലാം പറയാനുള്ളത് ഒരേ മറുപടി മാത്രം; ‘ആവണി ഒറ്റക്ക് ക്ലാസിൽ‌നിന്ന് വെളിയിൽ പോകുന്നത് കണ്ടവരുണ്ട്, പിന്നെയാരും കണ്ടില്ല’. ഒരു ചോദ്യചിഹ്നം പോലെ ആവണിയുടെ പുസ്തകം നിറഞ്ഞ ബാഗ് ഡസ്കിനടിയിൽ ഉണ്ട്. നഗരത്തിലെ അറിയപ്പെടുന്ന പെൺ‌പള്ളിക്കൂടത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കാണാതാവുക എന്നത് ഗുരുതരമായ കുറ്റമാണ്. ദിവ്യ മിസ് വാഷ്‌റുമിൽ പോയിട്ട് കുട്ടി അവിടെയെങ്ങാനും വീണു കിടക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തിയശേഷം നേരെ പ്രിൻസിപാളിന്റെ മുറിയിലേക്ക് ഓടി. ആ നേരത്ത് അദ്ധ്യാപികയുടെ തലയിൽ പലതരം അശുഭചിന്തകൾ കറങ്ങാൻ തുടങ്ങി.

         ക്ലാസ് ടൈമിൽ ഓടി വരുന്ന ടീച്ചറെ കാണാനിടയായ പ്രിൻസിപാൾ റോസ്‌ലി ഡേവിഡ് ആകെ പേടിച്ചു. പരിഭ്രമം കാരണം ദിവ്യ ടീച്ചർക്ക് വാക്കുകൾ വെളിയിൽ വന്നില്ല. ഒടുവിൽ പറഞ്ഞു,

മാഡം വി ലൊസ്റ്റ് വൺ ഗേൾ ഇൻ ഫോർത്ത് ബി, ഹെർ നെയിം ഈസ് ആവണി

വാട്ട് യു ആർ സെയിങ്ങ്? കുട്ടി എവിടെയാ പോയത്?”

അതെ മാഡം ഇന്റർ‌വെൽ ടൈമിൽ വെളിയിൽ പോയ കുട്ടി ക്ലാസിൽ എത്തിയില്ല. ബുൿസെല്ലാം ക്ലാസിലുണ്ട്

          കാര്യം അറിഞ്ഞതോടെ പ്രിൻസിപാൾ റോസ്‌ലി മാഡത്തിന്റെ ഉള്ളാകെ ഞെട്ടി വിറച്ചു. അവരുടെ തലയിലൂടെ അനേകം കാര്യങ്ങൾ കയറിയിറങ്ങി. പെൻഷനാവാൻ ഇനി ഒരു വർഷം മാത്രമേയുള്ളൂ; അതിനിടയിൽ സ്കൂളിന് ചീത്തപ്പേര് ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ. ആർക്കോ ഫോൺ ചെയ്യാനായി മൊബൈൽ തുറക്കുന്ന ദിവ്യ മിസ്‌ന്റെ കൈപിടിച്ച് പെട്ടെന്നവർ പറഞ്ഞു,           

ടീച്ചറേ ഇക്കാര്യം ആലോചിച്ച് കൈകാര്യം ചെയ്യണം. കുട്ടി സ്‌കൂളിനകത്ത് ഉണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തണം 

അതിന് ഞാൻ എല്ലായിടത്തും നോക്കി മാഡം

കാര്യം വളരെ ഗൌരവം ഉള്ളതാണ്; ഫോർത്ത് ബി,യിലെ ക്ലാസ് ടീച്ചർ തൻ‌വിയയെ വിളിക്കു,, ദിവ്യ തന്നെ വിളിച്ചാൽ മതി. പിന്നെ ഇക്കാര്യം മറ്റാരോടും പറയരുത്

        സെക്കന്റ് ഫ്ലോറിലെ സവൻ‌ത് സ്റ്റാൻ‌ഡേർഡ് യിൽ പഠിപ്പിക്കുന്ന തൻ‌വിയ മിസ്, അവരെയും കൂട്ടി വരുന്ന വഴിയിൽവെച്ച് ദിവ്യ മിസ് കാര്യം പറഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു. രാവിലെ ക്ലാസിലിരുന്ന് പഠിപ്പിച്ചതും ചോദ്യത്തിനെല്ലാം ഉത്തരം പറഞ്ഞതുമായ കുട്ടിയാണ്. ഇത്ര പെട്ടെന്ന് എങ്ങോട്ട് പോകാനാണ്? അവരുടെ മനസ്സിൽ വികലമായ അനേകം ചിന്തകൾ ഉയർന്നു.

         പ്രിൻസിപാളിന്റെ മുറിയിലെത്തി മൂന്നുപേരും ചേർന്ന് കാര്യം ചർച്ച ചെയ്തപ്പോൾ കുട്ടിക്ക് എന്തോ അപകടം പറ്റിയതാവാം എന്ന ചിന്തയാണ് അവർക്ക് ഉണ്ടായത്. ഇന്നത്തെ കാലത്ത് പത്രമാധ്യമങ്ങളിൽ പെൺ‌കുട്ടികളെ ഉപദ്രവിക്കുന്ന വാർത്തകളാണല്ലോ എന്നും കേൾക്കുന്നത്. പ്രിൻസിപാൾ പോലീസ്‌സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. അറിയപ്പെടുന്ന സ്‌കൂൾ ആയതിനാൽ കുട്ടി മിസ് ആയ കാര്യം വെളിയിൽ അറിയരുതെന്ന് പ്രത്യേകം പറഞ്ഞു. ടൌൺ സ്റ്റേഷനിൽ ചാർജ്ജുള്ള എസ്.. വിനോദ് മോഹന്റെ മകളെ മുൻപ് പഠിപ്പിച്ച പരിചയം വെച്ച് കാര്യങ്ങളൊക്കെ സ്‌കൂളിൽ വന്നിട്ട് പറയാമെന്ന് അവർ പറഞ്ഞു.

        പോലീസ് വണ്ടി സ്‌കൂൾ കോമ്പൌണ്ടിൽ വന്നതോടെ കുട്ടികൾക്കും അദ്ധ്യാപകർക്കും കാര്യം അറിയാനുള്ള ആകാംക്ഷ ഉണ്ടായെങ്കിലും അവരെല്ലാം ക്ലാസിൽ തന്നെ തുടർന്നു. എസ്.. നേരെ ഓഫീസ് റൂമിലേക്ക് വന്നപ്പോൾ അവിടെ പ്രിൻ‌സിപാളിനൊപ്പം ദിവ്യ മാഡവും തൻ‌വിയ മാഡവും ഉണ്ടായിരുന്നു. എസ്.. ചോദിച്ചു,

മാഡം വാട്ട് ഹേപ്പന്റ്?”

ഇവിടെ ഫോർത്ത് സ്റ്റാൻഡേർഡിൽ പഠിക്കുന്ന ആവണി എന്നൊരു സ്റ്റൂഡന്റ് രാവിലെ ഇന്റർവെൽ നേരം മുതൽ മിസ്സിംഗ് ആണ്

നാലാം ക്ലാസിലെ കുട്ടിയെ കാണാനില്ലെന്നോ? ഇവിടെ സ്ട്രെയിഞ്ജേർസ് ആരെങ്കിലും വന്നിരുന്നോ?”

ഇന്ന് രാവിലെമുതൽ അങ്ങനെയാരും വന്നിട്ടില്ല

മാഡം സ്‌കൂൾ പരിസരം മൊത്തമായി പരിശോധിച്ചോ?”

ഞങ്ങൾ മൂന്നുപേരും ചേർന്ന് പരിശോധിച്ചു. മറ്റു കുട്ടികൾ അറിയാതിരിക്കാൻ ഈ വാർത്ത കൂടുതൽ ടീച്ചേർസിനെ അറിയിച്ചില്ല

മാഡം സി.സി.ടി.വി. നോക്കിയോ?”

ഇല്ല; അക്കാര്യം നിങ്ങൾ വന്നിട്ട് ആവാമെന്ന് വിചാരിച്ചു

          സി.സി.ടി.വി. സർവയലൻസ് നോക്കിയിട്ട് സ്‌കൂൾ കുട്ടികളുടെ ചലനം നിരീക്ഷിക്കുന്ന പ്രിൻസിപാൾ അന്നേദിവസം അക്കാര്യം വിട്ടുപോയെന്ന് അപ്പോഴാണ് ചിന്തിച്ചത്. എസ്.. യുടെ നേരെ മോണിറ്റർ തിരിച്ചുവെച്ചിട്ട് അവർ പറഞ്ഞു,

ഞാൻ നോക്കിയിട്ട് പുറത്തുനിന്ന് ആരും വരുന്നത് കണ്ടിട്ടില്ല. പിന്നെ ഇങ്ങനെയൊരു ഇൻ‌സിഡന്റ് ഉണ്ടാവുമെന്ന് ഓർത്തില്ല

         കൂടുതലൊന്നും പറയാതെ എസ്.. മോണിറ്റർ നീക്കി മൌസ് ഉപയോഗിച്ച് പ്ലേ ബാക്ക് ചെയ്തു. ഇൻ‌ന്റർവെൽ സമയത്തേക്ക് അഡ്‌ജസ്റ്റ് ആക്കി നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ ടീച്ചേർസിനോട് പറഞ്ഞു,

മാഡം മിസ് ആയ കുട്ടിയെ കാണുമ്പോൾ പറയണം

        എസ്..യുടെ കര ചലനങ്ങൾക്കൊത്ത് സ്‌കൂളിന്റെ ഓരോ ഭാഗവും സ്ക്രീനിൽ തെളിയാൻ തുടങ്ങി. കാഴ്ച ഗെയ്റ്റിനുനേരെ തിരിച്ചപ്പോൾ പ്രിൻസിപാൾ പറഞ്ഞു,

നമ്മുടെ കുട്ടികളാരും ഇന്റർ‌വെൽ ടൈമിൽ റോഡിൽ ഇറങ്ങാറില്ല

        അക്കാര്യം പറയുന്ന നേരത്ത് യൂനിഫോം അണിഞ്ഞ ഏതാനും കുട്ടികൾ ഗെയ്റ്റ് കടന്ന് വെളിയിൽ പോകുന്നുണ്ടായിരുന്നു. അവരൊന്നും ആവണി അല്ലെന്ന് തൻ‌വിയ മിസ് ഉറപ്പിച്ച് പറഞ്ഞു. വീണ്ടും സേർച്ച് ചെയ്ത നേരത്ത് വാഷ്‌റൂമിന് സമീപം പതുങ്ങിനിൽക്കുന്ന കുട്ടിയെ കണ്ടപ്പോൾ ദിവ്യ മിസ് ഉച്ചത്തിൽ പറഞ്ഞു,

ഇതാ ഇതുതന്നെ ആവണി,, ആ ചുരുളൻമുടിയും വിടർന്ന കണ്ണുകളും ഉള്ള കുട്ടി

         കാണാതായ കുട്ടിയെ ട്രെയ്സ് ചെയ്യുന്ന എസ്..യോട് തൻ‌വിയ മിസ് പറഞ്ഞു,

കുട്ടിയുടെ കൈയിൽ എന്തോ ഉണ്ടല്ലോ

        സൂം ചെയ്ത് നോക്കിയപ്പോൾ ഒരു പൊതിയാണെന്ന് മനസ്സിലായി. പുസ്തകമൊ വസ്ത്രമോ ആണെന്ന് തോന്നുന്നു. ഇടതുകൈയിൽ ഒളിച്ചുവെച്ച പൊതിയുമായി ആവണി വാഷ്‌റൂമിനകത്തേക്ക് പോകുന്ന നേരത്താണ് ഇന്റർ‌വെൽ തീർന്നതായി മണിയടിച്ചത്. മറ്റു കുട്ടികളെല്ലാം പെട്ടെന്ന് ക്ലാസുകളിൽ ഓടിയെങ്കിലും ആ കൂട്ടത്തിൽ ആവണി ഉണ്ടായിരുന്നില്ല. എല്ലാവരും ക്ലാസിലേക്ക് പോയ നേരത്ത് മഞ്ഞ ഉടുപ്പണിഞ്ഞ ഒരു കുട്ടി തിരക്കിട്ട് ഗെയിറ്റിനു നേരെ നടന്ന് റോഡിൽ പ്രവേശിക്കുന്നത് കണ്ടു. മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും അത് ആവണി അരവിന്ദ് തന്നെയാണെന്ന് തൻ‌വിയ മിസ് ഉറപ്പിച്ച് പറഞ്ഞു. മുന്നിലുള്ള മോണിറ്റർ നീക്കിവെച്ചശേഷം എസ്.. ചോദിച്ചു,

മാഡം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചോ?”

ഇല്ല, മറ്റുള്ളവർ അറിയുന്നതിനു മുൻപ് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാലോ? ഈ കുട്ടിയുടെ രക്ഷിതാക്കൾ എഞ്ചിനീയറും കോളേജ് പ്രൊഫസറും ആണ്

ആദ്യം അറിയിക്കേണ്ടത് രക്ഷിതാക്കളെയല്ലേ? അവരോട് വരാൻ പറയുക,, സംഭവം ഇവിടെ വന്നിട്ട് അറിഞ്ഞാൽ മതി. പിന്നെ മിസ് ആയ കുട്ടിയുടെ ഫോട്ടോസഹിതം വാർത്ത പ്രാദേശിക ചാനലിൽ കൊടുക്കണം

        അത് കേട്ടപ്പോൾ പെട്ടെന്ന് പ്രിൻസിപാൾ പറഞ്ഞു,

അയ്യോ, അത് വേണ്ട, ടൌണിലെ ടോപ് സ്‌കൂളാണ്. പിന്നെ പെൺ‌കുട്ടി ആയതുകൊണ്ട് ചാനലിൽ കൊടുക്കേണ്ട. അല്ലാതെ തന്നെ കണ്ടെത്താൻ കഴിയുന്നതാണ് നല്ലത്

         പ്രിൻസിപാൾ രക്ഷിതാവിനെ ഫോൺ ചെയ്യുമ്പോൾ എസ്.. ടീച്ചേർസിനോട് കാര്യങ്ങൾ തിരക്കി,

മിസ് ആയ കുട്ടിയുടെ ക്ലാസ് ടീച്ചർ ആരാണ്?”

ഞാ‍നാണ് സാർ

ഈ കുട്ടിക്ക് അടുപ്പമുള്ള ഫ്രന്റ് ഉണ്ടാവും. ടീച്ചർ ക്ലാസിൽ പൊയിട്ട് ഈ കുട്ടിയുടെ ഏറ്റവും അടുത്ത ഫ്രന്റിനെ വിളിക്കണം. സംഭവം പറയരുത്

          തൻ‌വിയ മിസ് നാല്‌ ബി ക്ലാസിനുനേരെ അതിവേഗം നടന്നു. വഴിയിലുള്ള പലരും കാര്യം അന്വേഷിച്ചെങ്കിലും ഒന്നും കേട്ടതായി ഭാവിച്ചില്ല. നാല് ബിയിൽ പഠിപ്പിക്കുന്ന റീത്ത മിസിനോട് കാര്യം പറഞ്ഞശേഷം ദീപിക ജയറാമിന്റെ കൈപിടിച്ച് വെളിയിലേക്ക് നടത്തിച്ച് ഓഫീസ് റൂമിൽ എത്തിച്ചു. കാര്യം അറിയാതെ പരിഭ്രമിച്ച ദീപിക കരച്ചിലിന്റെ വക്കിലോളം എത്തി.

          പ്രിൻസിപാളിന്റെ മുറിയിൽ എത്തിയ ദീപിക പോലിസിനെ കണ്ടതോടെ കരയാൻ തുടങ്ങി. എസ്.. കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു,

മോളുടെ പേരെന്താണ്?”

ദീപിക ജയറാം

ദീപികയുടെ ബെസ്റ്റ് ഫ്രന്റ് ആവണിയെ കാണാനില്ല. പുസ്തകങ്ങളൊക്കെ ക്ലാസിൽ വെച്ചിട്ട് അവളെങ്ങോട്ടാണ് പോയതെന്ന് കുട്ടിക്ക് അറിയാമോ?”

       ചോദ്യം കേട്ടപ്പോൾ ദീപിക വീണ്ടും കരയാൻ തുടങ്ങിയപ്പോൾ അദ്ധ്യാപികമാർ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു,

മോളേ ദീപൂ, നിന്റെ ഫ്രന്റിനെ കാണാനില്ല. അവൾ സ്‌കൂളിന് വെളിയിലിറങ്ങി പോകുന്നത് സി.സി.ടി.വി.യിൽ കണ്ടു. എങ്ങോട്ടാണ് പോകുന്നതെന്ന് കുട്ടിയോട് പറഞ്ഞിരുന്നോ? എന്തെങ്കിലും അപകടം പറ്റിയോ എന്നറിയാനാണ്

       വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ദീപിക പറയാൻ തുടങ്ങി,

അവളുടെ ഏട്ടൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു, ഏട്ടനെ കാണാൻ പോകുമെന്ന് പറഞ്ഞു

ഏട്ടനോ? അത് വീട്ടിലല്ലേ?”

വീട്ടിൽ അവൾക്ക് ഏട്ടനില്ല. ഇത് മൊബൈലിൽ വരുന്ന ഏട്ടനാണ്

ഏട്ടൻ എവിടെയുള്ള ആളാണ്?”

കോഴിക്കോട് നിന്നാണ് ഏട്ടൻ വരുന്നതെന്ന് പറഞ്ഞു

കോഴിക്കോട് നിന്നോ? മൈ ഗോഡ്,,”

         ദീപികയിൽ നിന്നും വിവരങ്ങൾ അറിഞ്ഞതോടെ അദ്ധ്യാപികമാരുടെ ഭയം ഇരട്ടിച്ചു. ഏതോ വലിയ കുരുക്കിലാണ് നാലാം ക്ലാസുകാരി പെട്ടതെന്ന് ഓർത്തപ്പോൾ ശരിക്കും ഞെട്ടി. രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ട അവസ്ഥ ഓർമ്മയിൽ വന്നു. പെട്ടെന്ന് എസ്.. എഴുന്നേറ്റുകൊണ്ട് പറഞ്ഞു,

ഇപ്പോൾ അധികം അകലെയൊന്നും പോയിരിക്കില്ല. പെട്ടെന്ന് കണ്ടുപിടിക്കാം,, കുട്ടിയെ അറിയുന്ന ടീച്ചേർസ് രണ്ടുപേരും കൂടെ വരണം. പേരന്റ്സ് വന്നാൽ കാര്യം പറയുക, അവരും അന്വേഷിക്കട്ടെ


         ഓഫീസ്‌റൂമിൽ നിന്നും ഇറങ്ങിയ തൻ‌വിയ മിസ്സിന്റെ ബൈക്കിനു പിന്നിൽ ദിവ്യ മിസ് കയറിയിരുന്നു. മുന്നിൽ പോകുന്ന പോലീസ് വണ്ടിയുടെ പിന്നാലെ രണ്ടുപേരും പതുക്കെ സഞ്ചരിച്ചു. സ്‌കൂൾ ഗെയ്റ്റ് കടന്ന പോലീസ് വണ്ടി നേരെ പടിഞ്ഞാറോട്ട് പോകുന്ന റോഡിലൂടെ സഞ്ചരിച്ച്  ആദ്യം കണ്ട സൂപ്പർ മാർക്കറ്റിൽ കയറിയിട്ട് സി.സി.ടി.വി. പരിശോധിച്ചെങ്കിലും മഞ്ഞക്കുപ്പായം അണിഞ്ഞ കുട്ടിയെ കണ്ടില്ല. ഒടുവിൽ അടുത്തുള്ള മെഡിക്കൽ ഷോപ്പിലെ സി.സി.ടി.വി. മോണിറ്ററിൽ മഞ്ഞയുടുപ്പിട്ട ആവണിയെയും അവളുടെ കൈ പിടിച്ച് നടക്കുന്ന ചെറുപ്പക്കാരനെയും കണ്ടു. അപ്പോഴേക്കും കാര്യം നാട്ടുകാർ അറിഞ്ഞു. ഒരു ഓട്ടോറിക്ഷ തൊഴിലാളി പറഞ്ഞു, എവർ‌ഗ്രീൻ പാർക്കിന് സമീപം മഞ്ഞയുടുപ്പിട്ട കുട്ടിയെയും ചെറുപ്പക്കാരനെയും കണ്ടെന്ന്. അതോടെ പോലീസ് വണ്ടി പാർക്കിലേക്ക് ഓടിച്ചു.

          പാർക്കിന്റെ ആളൊഴിഞ്ഞ മൂലയിലെ മരച്ചുവട്ടിൽ ഇരുന്ന് കഥകൾ ഉച്ചത്തിൽ പറഞ്ഞ് ചിരിക്കുന്ന ആവണിയുടെയും സായന്ത് എന്ന പ്ലസ്‌വൺ കുട്ടിയുടെയും മുന്നിൽ പോലീസ് വന്നതോടെ രണ്ടുപേരും ഞെട്ടി. കൂടുതൽ കാര്യങ്ങൾ പറയാൻ അനുവദിക്കാതെ രണ്ടുപേരെയും പോലീസ് കൈയോടെ പിടിച്ച് സ്‌കൂളിലേക്ക് തിരിച്ചു.

       ഓഫീസ് റൂമിൽ എത്തിയപ്പോൾ അമ്മയെയും അച്ഛനെയും കാണാനിടയായ ആവണിക്ക് ആശ്ചര്യം. എല്ലാവരും ചേർന്ന് അവളോട് കാര്യങ്ങൾ ചോദിക്കുന്ന നേരത്ത് വലിയൊരു കുറ്റവാളിയെപോലെ നിൽക്കുന്ന സായന്തിനെ വിശദമായി ചോദ്യം ചെയ്തതിന്റെ ഒടുവിൽ എസ്.. ചോദിച്ചു,

താനെന്തിനാണ് കണ്ണൂരിൽ വന്നത്?”

അത് ആവണിയെ കാണാൻ

എന്തിന്?”

കണ്ടിട്ട് വർത്തമാനം പറയാൻ, അവൾ പറയുന്നത് കേൾക്കാൻ,,

വർത്തമാനം പറയാനോ? എന്നിട്ട് പറഞ്ഞോ?”

ആ കുട്ടിക്ക് ധാരാളം പറയാനുണ്ട്. ഞാനവളുടെ ബ്രദറാണെന്നാ പറഞ്ഞത്, എന്റെ സ്വന്തം അനുജത്തിയാണവൾ

സുഹൃത്തേ നിനക്ക് വർത്തമാനം പറയാൻ ഇത്രയും ദൂരേക്ക് വരണമായിരുന്നോ? നിനക്കൊരു ഫ്രന്റിനെ കോഴിക്കോട് നിന്നൊന്നും കിട്ടിയില്ലേ?”

എനിക്കല്ല ആവണിക്കാണ് പറയാനുള്ളത്, അവളെ ആരും പരിഗണിക്കുന്നില്ല. ചുറ്റിലും ധാരാളം ആളുകൾ ഉണ്ടെങ്കിലും മനസ്സറിഞ്ഞ് സ്നേഹിക്കാനോ സംസാരിക്കാനോ പറയുന്നത് കേൾക്കാനോ വീട്ടിലും നാട്ടിലും സ്കൂളിലും ആരുമില്ലാത്ത കുട്ടിയുടെ അവസ്ഥ ഭീകരമാണ്. ആവണി അങ്ങനെ പറഞ്ഞപ്പോൾ അവളെ സ്നേഹിച്ച് സംസാരിക്കാനും പറയുന്നത് കേൾക്കാനുമായി ഞാനിവിടെ വന്നു സാർ. അവളെന്റെ കുഞ്ഞനിയത്തി ആയതുകൊണ്ടാണ് അകലെനിന്നും ഞാൻ വന്നത്.

       മുന്നിൽ നിൽക്കുന്ന പതിനാറ് വയസുകാരൻ പറഞ്ഞത് കേട്ടപ്പോൾ മറ്റൊന്നും പറയാനാവാതെ കൂടിനിൽക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും അകലേക്ക് നോക്കി.

*******