“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/21/10

‘അമ്മികൊത്തൽ’-ഒരു പരീക്ഷണം


“അമ്മികൊത്താനുണ്ടോ?,,, അമ്മി;… അമ്മി കൊത്താനുണ്ടൊ?,,, അം‌മ്മി;”
കാക്കോത്തിക്കാവിൽ അപ്പൂപ്പൻ‌താടികളായി അലഞ്ഞുനടന്ന രേവതിയുടെ ശബ്ദമാണോ?
???
                   ആ ശബ്ദത്തിന്റെ ഉറവിടം തേടി അടുക്കളയിൽ നിന്ന് പുറത്ത്‌വന്നപ്പോൾ ആശാലത അത് കണ്ടു; ആ വലിയ ഇരുമ്പ്‌ഗേറ്റ് പിടിച്ച് കയറി മുറ്റത്തേക്ക് എത്തിനോക്കുന്ന ഒരു കൊച്ചുമുഖം.

വീട്ടമ്മ തന്നെ നോക്കുന്നത് കണ്ടിട്ടാവണം, അവൾ ആവേശത്തോടെ വീണ്ടും വിളിച്ച്കൂവി,
“അമ്മാ,,,അമ്മി കൊതരുതുക്കിരുക്കാ? അഴഹാ കൊത്തി താറെമ്മ,,കൊണ്ജം പൈസ കുടുത്താ പോതും,,”
ഇത്രയൊക്കെ വിളിച്ച്‌കൂവിയിട്ടും തന്നെ അവഗണിക്കുകയാണെന്ന് തോന്നിയപ്പോൾ അവൾ ഡിമാന്റ് കുറക്കാൻ തുടങ്ങി,
“അമ്മാ,, കാലീലെ ഒണ്ണുമേ സാപ്പടലെ... കൊണ്ജം കണ്ജി തണ്ണി കുടുതാ പോതും,, നല്ല അഴഹാ കൊത്തി താറെമ്മ,,,”

ലതയെന്ന് വിളിക്കുന്ന, മിസ്സിസ്സ് ലതാറാം എന്ന, ആശാലത ഒരു നിമിഷം ആശ്ചര്യപ്പെട്ടു,
… അമ്മികൾ അടുക്കളയിൽ‌നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതൊന്നും ഈ പെണ്ണിനറിയില്ലെ?
പെട്ടെന്ന് അവളിൽ ഒരു വികടചിന്ത ഉണർന്നു,
… വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അമ്മികളെ പോലെ, സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്ന ഇവളെക്കൊണ്ട് തന്റെ പുത്തൻ ‘പരീക്ഷണപാചകം’ ഉദ്ഘാടനം ചെയ്യിക്കുന്നത് നന്നായിരിക്കും. ‘അപകടം പറ്റിയാലും ആരും ചോദിക്കാൻ വരില്ലല്ലൊ’.

ലത മുറ്റത്തിറങ്ങി നടന്ന്, ‘ലതാരാമം’ എന്ന വലിയ വീടിന്റെ വലിയ ഗെയ്റ്റ് തുറന്ന് അവളെ നോക്കി.
... ഒരു നിമിഷം ലതയൊന്ന് ഞെട്ടി;
… അവിശ്വസനീയമായ കാഴ്ച!
                      ഉച്ചവെയിലിന്റെ പീഡനം പൂർണ്ണമായി ഏറ്റുവാങ്ങുന്ന ആ പെൺ‌കുട്ടിക്ക് ഏതാണ്ട് പതിനാല് വയസ്സ് തോന്നുമെങ്കിലും അഞ്ചാം ക്ലാസ്സുകാരിയുടെ വളർച്ച മാത്രം. മുഷിഞ്ഞ് അവിടവിടെ കീറിയ മഞ്ഞപ്പാവാടക്കും പച്ചബ്ലൌസിനും മുകളിൽ ഒരു ചുവന്ന ധാവണി ചുറ്റി അതിന്റെ അറ്റം‌കൊണ്ട് തല മൂടിയിട്ടുണ്ട്. വെറ്റില ചവച്ച് ചുവന്ന വായയും, എണ്ണയും വെള്ളവും കാണാത്ത മുടിയും ഉള്ള ഒരു തമിഴ് നാടോടി പെൺ‌കുട്ടി.
ലതയെ ഞട്ടിച്ചത് ഇതൊന്നുമല്ല;
… പിന്നെയോ?,,
അവളുടെ വലത്തെ ചുമലിലെ മുഷിഞ്ഞ ഷാളിനുള്ളിൽ തല പുറത്ത് കാണിച്ച്‌കൊണ്ട്, ഒരു കൊച്ചു കുഞ്ഞ് കിടക്കുന്നു!!!
… ഈശ്വരാ,,,
“അമ്മാ കൊണ്ജം തണ്ണി താങ്കമ്മ… ഒറ് കൊഴന്തയിരുക്ക്, കൊണ്ജം സാപ്പാടും താങ്കമ്മ,, ”
വീട്ടമ്മയെ കണ്ടപ്പോൾ അവൾ ദയനീയമായി യാചിച്ചു.

                    പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത ലത അവളോട് അകത്ത് വരാൻ ആംഗ്യം കാണിച്ചു.
                   ഗേറ്റ് കടന്ന് ഉള്ളിലെത്തിയ അവൾ ആവേശത്തോടെ സംസാരിച്ച് പൂന്തോട്ടത്തിലെ പൂക്കൾക്ക് നേരെ ഒരു പൂമ്പാറ്റയായി ഓടാൻ തുടങ്ങി,
“എവ്വളു അഴഹാന പൂ,,,”

                    മല്ലികപൂവും ഡാലിയപൂവും പറിച്ചശേഷം ഓർക്കിഡ് പറിക്കുന്നതിന് മുൻപ് ലത അവളുടെ കൈ പിടിച്ച്‌വലിച്ച് വീട്ടിന്റെ പിൻ‌വശത്ത് കൊണ്ടുപോയി.
“നീ അമ്മികൊത്താൻ വന്നതല്ലെ? ഇവിടെ വാ, അമ്മി കാണിച്ചുതരാം”
                     മുറ്റത്തെ ഒരു മൂലയിൽ പൊട്ടിയ പ്ലാസ്റ്റിക്ക് സാധനങ്ങളും ഉണങ്ങിയ തേങ്ങകളും തൊണ്ടും കടലാസും കൂട്ടിയിട്ടതിന്റെ അടിയിൽ കമഴ്ന്നു കിടക്കുന്ന അമ്മി കാണിച്ച് അവളോട് വീട്ടമ്മ ചോദിച്ചു,
“ഈ അമ്മികൊത്താൻ എത്ര പൈസ വേണം?”
പൊട്ടിയ ഒരു പ്ലാസ്റ്റിക്ക് പാവയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ എന്ന് കണ്ടപ്പോൾ ലത അവളുടെ തലയിൽ ഒരടികൊടുത്തു,
“നീയെവിടെയാ നോക്കുന്നത്? ഈ അമ്മികൊത്താൻ ഒരു നേരത്തെ ചോറ് മതിയോ?”
ഒന്ന് നോക്കിയശേഷം അവളെക്കാൾ ഭാരം‌തോന്നുന്ന അമ്മി ഉരുട്ടി നേരെയിടുമ്പോൾ തോളത്ത് കിടന്നാടുന്ന കുഞ്ഞ് കരഞ്ഞു,
“സുമ്മാ ഇരീടാ,, അഴുവാതെ… അമ്മാ, ഇന്ത അമ്മി കൊതരുതുക്ക്, എരുവത് റുവാ മതിയമ്മ,, ഇതൊടെ കൊഴവി എങ്കെ,,,?”
“കുട്ടിയെ കൊത്തണ്ട, അമ്മിമാത്രം കൊത്തിയാൽ മതി. അത്‌കൊണ്ട് പത്തുറുപ്പികയെ തരത്തുള്ളു”
കേട്ടത് അവിശ്വസനീയമായി തോന്നിയ അവൾ, കൊച്ചുകണ്ണുകൾ‌‌കൊണ്ട് വീട്ടമ്മയുടെ മുഖത്ത്‌തന്നെ നോക്കിനിന്നു.
“പിന്നെ അമ്മിമാത്രമായി നല്ല ഭംഗിയിൽ കൊത്തിയാൽ നിനക്ക് ഉഗ്രൻ ശാപ്പാട് തരാം”
… മക്കൾ ജിം ചെയ്യാ‍നായി അമ്മിക്കുട്ടി എടുത്ത് ഓമനിക്കുന്നത് ഈ അണ്ണാച്ചിപെണ്ണിനോട് എന്തിന് പറയണം?

                ശാപ്പാടെന്ന് കേട്ടപ്പോൾ ഒരു കരിയിലക്കിളിയെപോലെ സ്വയം സംസാരിച്ച്‌കൊണ്ട് ജോലിയിൽ മുഴുകി. നിലത്തിരുന്ന ശേഷം അരയിൽ ചുറ്റിയ തുണിക്കെട്ടിൽ നിന്ന് പണിയായുധങ്ങൾ വെളിയിലെടുത്തു; ഉളിയും ചുറ്റികയും.

              ഗൃഹപ്രവേശന സമയത്ത് മകൾക്ക് അച്ഛൻ നൽകിയ; ഇതുവരെ ഉപ്പും മുളകും മഞ്ഞളും തൊടാത്ത പുത്തൻ അമ്മിയുടെ നെഞ്ചത്ത് ഉളി പതിക്കുന്ന ശബ്ദം കേട്ട് അവളുടെ കൊച്ച് ഞെട്ടിക്കരഞ്ഞു. ആയുധങ്ങൾ താഴെയിട്ട് അവൾ കുട്ടിയെ പുറത്തെടുത്ത് മടിയിൽ കിടത്തി പാല് കൊടുക്കുമ്പോൾ ദയനീയമായി വീട്ടമ്മയെ നോക്കി,
“അമ്മാ,, കൊണ്ജം തണ്ണി,,, കൊഴന്തെക്ക് റൊമ്പ പസി”
                     ലതക്ക് ദേഷ്യം വന്നു; ഈ നാടോടികൾക്കെല്ലാം ഒരേ വേഷം; ഒരേ സ്വഭാവം. അവൾ മുറ്റത്ത് ഒരു വശത്തായുള്ള ടാപ്പ് തുറന്ന് കാണിച്ചശേഷം അകത്ത് പോയി.
,,,
                      ഹയർ‌സെക്കന്ററി സ്ക്കൂൾ ടീച്ചറായ ആശാലത അറിയപ്പെടുന്ന പാചകവിദഗ്ദയാണ്. അവർ പഠിപ്പിക്കുന്ന സസ്യങ്ങളുടെ മോർഫോളജിയെക്കാൾ വിദ്യാർത്ഥികൾ അദ്ധ്യാപികയെ ഇഷ്ടപ്പെടുമ്പോൾ, സഹപ്രവർത്തകർ ഇഷ്ടപ്പെടുന്നത് അവരുടെ പുത്തൻ പാചകവിഭവങ്ങളാണ്. ആശാലതയുടെ കറികൾ ഉണ്ടെങ്കിൽ സ്റ്റാഫ്‌റൂമിൽ ഉച്ചഭക്ഷണസമയത്ത് എന്നും സദ്യ ആയിരിക്കും. അത്കാരണം ആശാലത മിസ്സിനെ ആരും വെറുക്കാറില്ല. വെറുപ്പുള്ളവരെ കൊതിപ്പിച്ച് വെള്ളം കുടിപ്പിച്ച ചരിത്രമാണുള്ളത്.

                          മസാലയും മല്ലിയും കുരുമുളകും ഇഞ്ചിയും കൂട്ടി വെളിച്ചെണ്ണയിൽ വറുത്തരച്ച തേങ്ങ ചേർത്ത്, കടുക് വറുത്തിട്ട ‘ചെമ്മീൻ കറി’, കറിവേപ്പിലയും മല്ലിയിലയും കൊണ്ടലങ്കരിച്ച്; ഓരോ ലഞ്ച്‌ബോക്സിലും അവർ വിളമ്പിക്കൊടുക്കും. ചിലപ്പോൾ ചിക്കനോ, ഞണ്ടോ, കക്കയിറച്ചിയോ, മഷ്‌റൂമോ ആവാം. ടീച്ചറെ വെറുത്താലും അവരുടെ കറികൾ വെറുക്കാൻ ആർക്കും കഴിയാറില്ല. ടീച്ചറുടെ ഭർത്താവ് ആയ കോളേജ് ലക്ച്ചർ ‘റാം’ ഭാഗ്യവാനാണെന്ന് സഹഅദ്ധ്യാപകർ പറയും. (കുഞ്ഞിരാമൻ എന്നതിലെ കുഞ്ഞിയും രാമനും ലോപിച്ച് വെറും ‘റാം’ ആയി രൂപാന്തരപ്പെട്ടതാണ്)
                       പുത്തൻ പാചക ഐറ്റംസ് കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് നൽകി ടെസ്റ്റ് ചെയ്യുന്ന സ്വഭാവം ഉള്ള ആളാണ്, ഈ പാചകറാണി. അതിനായി സഹപ്രവർത്തകരെ ഗിനിപ്പന്നികളാക്കി ടെസ്റ്റ് ചെയ്യുകയാണെന്ന്, പുത്തൻ ഭക്ഷണം ടെയ്സ്റ്റ് ചെയ്ത് കഴിക്കുന്ന ആരും അറിയാറില്ല.

                         ലതക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഷ്‌റൂം ഡിഷുകളാണ്. മഷ്‌റൂം മഞ്ചൂരി, മഷ്‌റൂം മസാല, മഷ്‌റൂം അവിയൽ, മഷ്‌റൂം ഉപ്പേരി, മഷ്‌റൂം അച്ചാർ, മഷ്‌റൂം ഫ്രൈ, അങ്ങനെ ഇനിയും അനേകം ഐറ്റംസ് ഉണ്ട്. ഇന്ന് ഞായറാഴ്ച നിർമ്മിച്ച മഷ്‌റൂം മസാലയിലെ മഷ്‌റൂമിന് അല്പം വ്യത്യാസം ഉണ്ട്; പുതുമഴ പെയ്തപ്പോൾ സമീപത്തെ തെങ്ങിൻ‌തടത്തിൽ പൊങ്ങിവന്ന നാടൻ കൂണുകളാണ് പാചകത്തിനുപയോഗിച്ചത്. കുട്ടിക്കാലത്ത് മുത്തശ്ശി തൊടിയിൽ‌നിന്ന് ശേഖരിച്ച ഫ്രഷ് കൂണുകൾ കൊണ്ട് കറിവെച്ച് കഴിച്ചതിന്റെ ഓർമ്മയിലാണ് ലതയുടെ ഇന്നത്തെ പാചകം.
                          ഒരു ബോട്ടണി അദ്ധ്യാപിക ആയതിനാൽ കറിവെച്ചത് വിഷമില്ലാത്ത കൂണുകളാണെന്ന് ലതക്ക് 100% ഉറപ്പുണ്ട്. എങ്കിലും അതൊന്ന് ടെസ്റ്റ് ചെയ്യാതെ എങ്ങനെ ഉപയോഗിക്കും? തന്റെ പാചകം കഴിച്ച് ഇതുവരെ ആർക്കും ഒരു അപകടവും പറ്റിയിട്ടില്ല. അത്‌കൊണ്ട് ഈ നാടോടി പെൺകുട്ടിക്ക് തന്നെ ആദ്യം കൊടുക്കാം.
,,,
                          ഒരു സ്റ്റീൽ‌പ്ലെയിറ്റിൽ ചോറും പുത്തൻ ഐറ്റമായ ഡലീഷ്യസ് കൂൺ‌കറിയുമായി വീട്ടമ്മ അവളെ സ്മീപിച്ചു. അമ്മികൊത്തി കഴിഞ്ഞതിനാൽ അവൾ ക്ഷീണിച്ചിരിക്കയാണ്; കുഞ്ഞ് കിടന്ന് ഉറക്കം തന്നെ. ചോറ്റുപാത്രം അവൾക്ക് നേരെ നീട്ടിയപ്പോൾ പെട്ടെന്ന് പിടിച്ചുവാങ്ങി അല്പം അകലെ പോയിരുന്ന് ആർത്തിയോടെ വാരിത്തിന്നാൻ തുടങ്ങി. ചോറിന്റെ കൂടെ ഉപ്പേരിയും അവിയലും കാളനും കൂൺകറിയും ഒന്നിച്ച് വായിലാക്കുന്ന അവൾ ഒന്നിന്റെയും രുചി അറിയുമെന്ന് തോന്നുന്നില്ല. അവസാനവറ്റും തിന്ന് പ്ലെയിറ്റ് കഴുകിയതുപോലെ തുടച്ച് കഴിഞ്ഞശേഷം തലയുയർത്തി വീട്ടമ്മയെ നോക്കി.
ആ നോട്ടത്തിന് ആയിരമായിരം നന്ദിയുടെ സൂചനയുണ്ട്.
ടേപ്പ് തുറന്ന് വെള്ളം കുടിച്ച്, പാത്രം കഴുകിത്തന്നപ്പോൾ പരിസരബോധം വന്ന ആശാലത ചോദിച്ചു,
“നിന്റെ നാടെവിടെയാ?”
“സേലതിലെ പെറുമാൾപുറാം”
“ഇപ്പോൾ താമസിക്കുന്നത്?”
“പാളതുക്കു പക്കം”
“ഇത് നിന്റെ കൊച്ചല്ലെ, ഇതിന്റെ അച്ഛനെവിടെയാ?”
“ഇന്ത കൊഴന്തയോടെ അപ്പ… എൻ മാമ താൻ,,, ഇവൻ പെരന്തതും ഊറെ വിട്ടെ പോയാച്ച്”
… നല്ല ബെസ്റ്റ് മാമതന്നെ; കൊച്ചു മരുമകളെ സംരക്ഷിക്കുന്നതിനു പകരം അവൾക്ക് കളിപ്പാട്ടം പോലുള്ള ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുത്ത് നാടുവിട്ട ദുഷ്ടൻ!

                        ഭക്ഷണം കഴിച്ചതു കൊണ്ടാവാം അവളുടെ ദൈന്യഭാവം മാറി മുഖത്ത് സന്തോഷം നിറഞ്ഞു. അവൾ ചോദിച്ച ഇരുപത് രൂപതന്നെ ലഭിച്ചപ്പോൾ രണ്ട് കൈയും കൂപ്പി കാല് തൊട്ട് വന്ദിച്ചു. ലതയുടെ മനസ്സിൽ നേരിയ ഒരു നൊമ്പരം.
“ചോറ് തിന്നിട്ട് നിനക്ക് പ്രയാസമൊന്നും ഇല്ലല്ലൊ, നല്ല രുചിയില്ലെ?”
“ഏ, മാ,, അപ്പടി കേക്കുരിങ്കെ,,,?”
“ഒന്നുമില്ല നീ വേഗം സ്ഥലം വിട്”
“കുമ്പുടുറെങ്കെ,,, അമ്മാ എൻ കടവൂൾ മാതിരി”
… കൂടുതൽ സമയം അവളെ നിർത്താൻ പാടില്ല. പെട്ടെന്ന് പുറത്താക്കണം. കൂൺ‌കറി കഴിച്ചപ്പോൾ അവൾക്ക് ഒരു പ്രയാസവും ഉണ്ടായില്ല. അവധിദിവസം കുട്ടികളോടൊത്ത് രാവിലെ ബീച്ചിൽ പോയ റാം തിരിച്ചുവരാറായി. പുത്തൻ ഭക്ഷണം ഡൈനിംഗ് ടേബിളിൽ അറേഞ്ച് ചെയ്ത് അവരെ അത്ഭുതപ്പെടുത്തണം.

                          ലത ഗെയ്റ്റ് തുറന്ന് അവളെയും കൊച്ചിനെയും പുറത്ത് കടത്തി. ആ പെൺകുട്ടി നടന്നു നീങ്ങുന്നത് അല്പം വിഷമത്തോടെ നോക്കിനിന്നു. കളിപ്പാട്ടമെടുത്ത് കളിക്കേണ്ട പ്രായത്തിലാണ് ഒരു കൊച്ചിനെ ചുമക്കുന്നത്,,,
,,,
പിറ്റേദിവസം തിങ്കളാഴ്ച,
                       യൂനിഫോം അണിഞ്ഞ വിദ്യാർത്ഥികളും സ്ക്കൂൾ ബസ്സുകളും റോഡിൽ നിറഞ്ഞൊഴുകുന്ന സമയം.
‘ലതാരാമ’ത്തിന്റെ മുന്നിൽ കൊച്ചു പെൺകുട്ടിയുടെ ശബ്ദം മുഴങ്ങി,
“അമ്മി കൊത്താനുണ്ടോ?,,,,,,, അമ്മി കൊത്താനുണ്ടോ?,,, കൊത്താനുണ്ടോ?,,,”
                      തലേദിവസത്തെ ഭക്ഷണത്തിന്റെ രുചിയോർത്ത് അവൾ ഇരുമ്പ് ഗെയിറ്റിന്റെ വിടവിലൂടെ അകത്തേക്ക് എത്തിനോക്കി. വീടിന്റെ വരാന്തയിൽ അനക്കമൊന്നും കാണാതായപ്പോൾ അവൾ വീണ്ടുംവീണ്ടും വിളിച്ചു ചോദിക്കാൻ തുടങ്ങി.
“അമ്മി കൊത്താനുണ്ടോ,,,?”
                     എത്ര വിളിച്ച്‌കൂവിയിട്ടും ആരും പുറത്ത് വരുന്നില്ലെന്ന് കണ്ടപ്പോൾ, ഉറങ്ങുന്ന കുഞ്ഞിനെയും എടുത്ത് ആ ‘കുഞ്ഞ്’ നിരാശയോടെ നടന്നു.
… അപ്പോൾ തൊട്ടടുത്ത ചായക്കടയിൽ നിന്ന് അന്നത്തെ പത്രം വായിക്കുന്നത് കേട്ടു,
“വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ...
 ‘ലതാരാമത്തിൽ ഗൃഹനാഥനായ കോളേജ് ലക്ച്ചറർ കുഞ്ഞിരാമനെയും, ഭാര്യ ഹയർസെക്കന്ററി ടീച്ചറായ ആശാലതയെയും, വിദ്യാർത്ഥികളായ രണ്ട് മക്കളെയും, വിഷമുള്ള കൂൺ‌കറി കഴിച്ചതിനാൽ, അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്‌പേരും ‘സസ്യശാസ്ത്രം’ അദ്ധ്യാപകരാണ്”

44 comments:

  1. അമ്മി കൊത്താനുണ്ടോ എന്ന് ആദ്യവാചകം വായിച്ചപ്പോള്‍ തന്നെ ടിച്ചര്‍ പറഞ്ഞതുപോലെ കാക്കോത്തിക്കാവിലെ രേവതിയെയാണ് ഞാനും ഓര്‍ത്തത്.
    പഴയ കഥകള്‍ പോലെ നല്ല അവതരണം.
    അവസാനം ഒരു പിടി കിട്ടായ്ക വന്നു എനിക്ക്.

    ReplyDelete
    Replies
    1. teacher namaskaram. very good.. anubhavathinte edukal ennum panku vechu kondirikkuk.veyilum, mazhayumettu podi thinnu valarunna nadodi makkal..... avarkku vishamelkkilla. manushyamanasinte vishavum elkkathirikkatte.
      radha bedakam

      Delete
  2. നല്ല കഥ...
    മറ്റുള്ളവരെ ഗിനിപ്പന്നികളാക്കുന്നവർക്ക് അവസാനം ഇങ്ങനെയിരിക്കും ഫലം...

    ReplyDelete
  3. രസകരമായ കഥ.

    (കാക്കോത്തിക്കാവ് എന്റെ വീടിനടുത്താണ്. ഞങ്ങളൂടെ കുടുംബക്ഷേത്രം. ആ കഥയെഴുതിയ മധു മുട്ടം തൊട്ടയൽ ഗ്രാമക്കാരനാണ്0

    ReplyDelete
  4. കടുത്ത വിശപ്പ്,വിഷത്തെ ശുദ്ധീകരിക്കുമോ..?
    കഥ വായിച്ചപ്പൊ അങ്ങിനെ ഒരു തോന്നല്‍...
    ചില ഡോക്ടറന്മാര്‍ പാവപ്പെട്ട രോഗികളെ മാരകമായ,മരുന്നുകള്‍നല്‍കിപരീക്ഷിക്കുന്നില്ലേ!!
    "‘അമ്മികൊത്തൽ’-ഒരുപരീക്ഷണം",പ്രമേയം
    വളരേ നന്നായി,കഥനം അത്രയങ്ങ് പോര
    എന്നാലും രസകരമായി അവതരണം.
    പൊങ്ങച്ചക്കാരുടെ പിടലിയില്‍ തന്നെ
    വന്‍ പ്രഹരമേല്പിച്ചല്ലൊ..

    ആശംസകള്‍.

    ReplyDelete
  5. സഹാനുഭൂതിയില്‍ ഒളിപ്പിച്ച വഞ്ചന... ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കും?
    എന്തായാലും വാളെടുത്തവന്‍ വാളാല്‍... കഥ ഇഷ്ടപ്പെട്ടു...

    ReplyDelete
  6. ടീച്ചറേ.. നല്ല കഥ..

    ReplyDelete
  7. ടീച്ചറേ.. കഥ കൊള്ളാം. പക്ഷെ, റാംജി സൂചിപിച്ചപോലെ ഒരു പിടികിട്ടായ്ക എനിക്കും വന്നു.. ഇതേ കൂൺകറി തന്നെയല്ലേ ആ അമ്മികൊത്താൻ വന്ന പെൺകുട്ടിയും കഴിച്ചത്? എങ്കിലും സന്ദേശം നന്നായി..

    ReplyDelete
  8. അമ്മിയുടെ
    ഫോട്ട‍ാ എങ്ങനെ സംഘടിപ്പിച്ചു?...
    :)

    ReplyDelete
  9. അപ്പോള്‍ വിഷക്കൂണ്‍ കറി അമ്മികൊത്താന്‍ വന്ന കുട്ടിയ്ക്ക്‌ ഏശിയില്ല അല്ലേ... അല്ലെങ്കിലും അങ്ങനെയാ... ദാരിദ്ര്യത്തോടൊപ്പം സ്വയം ആര്‍ജ്ജിച്ച പ്രതിരോധ ശക്തി സാധാരണക്കാര്‍ക്കേ ഉണ്ടാകൂ... ഇന്നത്തെ ബ്രോയിലര്‍ മനുഷ്യര്‍ക്ക്‌ ഒന്നും താങ്ങാനുള്ള ശക്തിയില്ല...

    ReplyDelete
  10. സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നവരെ മറ്റുള്ളവർ മനുഷ്യരായി കണക്കാക്കുന്നില്ല എന്ന ആശയമാണ് ഈ കഥ. മണ്ണിൽ ജീവിക്കുന്ന, പ്രകൃതിയുടെ ഭാഗമായ റോഡരികിൽ വസിക്കുന്നവർ ഏത് തരം ആഹാരവും കഴിക്കും. അത്‌കൊണ്ട് വിഷം കഴിച്ചാലും അവർക്ക് ഒന്നും സംഭവിക്കില്ല. മറിച്ച് ജീവിതം ക്രമീകരിച്ച, വൃത്തിയുള്ള ആഹാരം മാത്രം ശീലിച്ചവർക്ക് വിഷം ഉൾക്കൊള്ളാൻ കഴിയുന്നില്ല.

    പരിചയമില്ലാത്തവർ വെറുതെ ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കണം.

    കഥ വായിച്ച് അഭിപ്രായം പറഞ്ഞ,
    പട്ടേപ്പാടം റാംജി, വീ കെ, jayanEvoor, ഒരു നുറുങ്ങ്, വഷളൻ, വിജിത, Manoraj, ദീപു,
    എല്ലാവർക്കും നന്ദി.

    തമിഴന്മാരുടെ ഇടയിൽ ഒരു മാസം ജീവിച്ചിട്ടും തമിഴ് പഠിക്കാത്ത (അപ്പോൾ ബോധം ഉണ്ടായിരുന്നില്ല) എന്റെ കഥയിലെ തമിഴ് ഡയലോഗ് ശരിയാക്കിയവർക്ക് പ്രത്യേകം നന്ദി. അമ്മി എന്റെ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ‌താടികൾ എന്ന സിനിമ എന്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞുപോയതാണ്. jayanEvoor ആ സ്ഥലം അതേപടി ഇപ്പോഴും ഉണ്ടോ?

    ReplyDelete
  11. അമ്മി കൊത്തല്‍ കൊള്ളാം
    സത്സ്യാന്വേക്ഷണ പരീക്ഷണങ്ങള്‍ ബുക്ക്‌ ഇറക്കാന്‍ സമയമായി എന്ന് തോന്നുന്നു.. :)

    ReplyDelete
  12. അമ്മിയുടെ ഫോട്ടോ ടിച്ചര്‍ എടുത്തതാ.
    രസകരമായ കഥ...

    ReplyDelete
  13. ടീച്ചര്‍ കൊതിയതാണോ ആ അമ്മി?...
    കഥ നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  14. ടീച്ചറെ, നല്ലൊരു കഥ..
    നല്ലൊരു സന്ദേശം..

    ReplyDelete
  15. കഥ നന്നായിട്ടുണ്ട് ടീച്ചറേ...

    നാടോടികളായ ആ പെണ്‍കുട്ടിയെപ്പോലുള്ളവര്‍ക്ക് ഒരുമാതിരി വിഷമൊന്നും ഏല്‍ക്കില്ല എന്ന് അവരോര്‍ത്തു കാണില്ല

    ReplyDelete
  16. താഴെതട്ടുകാരുടേയും മേലെതട്ടുകാരുടേയും അവസ്ഥകൾ നന്നായി ചിത്രീകരിച്ചിരിക്കുന്നൂ

    ReplyDelete
  17. വിനുവേട്ടൻ|vinuvettan-, Sabu M H-, കുമാരൻ|kumaran ‌, ടൊംസ് കോനുമഠം-, ഒഴാക്കൻ-, സുമേഷ്|Sumesh Menon-, ശ്രീ-, ബിലാത്തിപ്പട്ടണം/Bilatthipattanam-,
    അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
    കഥയിൽ പറയുന്നതുപോലുള്ള നാടോടികൾ ഏത് ദുരന്തത്തെയും അതിജീവിക്കും. എന്നാൽ മറ്റുള്ളവർ ഒരു ദുരന്തം ഉണ്ടായാൽ പെട്ടെന്ന് തകരും. പിന്നെ പാവപ്പെട്ടവരെ ദ്രോഹിക്കാൻ ധാരാളം‌പേർ കാണും.

    ReplyDelete
  18. നല്ലൊരു കഥ..
    കഠിനമായ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ വിഷത്തിനു പോലും ശക്തി പോരാതെ വരുന്നു...

    ReplyDelete
  19. വൈറ്റ്ലഗോണ്‍ കോഴികളെ പോലെയാ നമ്മളിപ്പോള്‍ ഒരു തരത്തിലുള്ള പ്രധിരോധശേഷിയില്ല..ഒരു കുഞ്ഞ് മഴകൊണ്ടാല്‍ ഒരാഴ്ച നീളുന്ന പനിയാണ്..പണ്ടൊക്കെ മഴനനഞ്ഞ് സ്കൂളില്‍ പോയിരുന്ന ഓര്‍മ്മകള്‍ സ്വപ്നം പോലെയായിരിക്കുന്നു

    ReplyDelete
  20. ടീച്ചറെ കഥ നന്നായി
    അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന ഒരു നാടോടി പെണ്‍കുട്ടിയെ സ്വന്തം പാചക പരീക്ഷണം നടത്താന്‍ ഉപയോഗിച്ച ടീച്ചര്‍ക്ക്‌ ( അവരെ അങ്ങനെ വിളികാവോ ) സംഭവിച്ചിലെന്കിലെ അല്ബുതപെടാന്‍ ഉള്ളു .

    ReplyDelete
  21. നല്ലകഥ, അവസാനഭാഗം അല്‍പ്പം മനസ്സിലാകാന്‍ പ്രയാസമുണ്ട്...

    ReplyDelete
  22. ലളിതമായ അവതരണം. നല്ല കഥ. എന്റെ അഭിനന്ദങ്ങള്‍

    ReplyDelete
  23. ടീച്ചറെ ഇതിനു ഗുണപാടമായി...

    പൈപ്പ് വെള്ളം കുടിച്ചു കിട്ടുന്നത് ശുചിത്വം നോക്കാതെ വലിച്ചു വാരി തിന്നാല്‍ ഒരു വിഷവും ഏല്‍ക്കില്ല എന്ന് എഴുതി ചേര്‍ത്താലോ...


    ഹിഹി ഞാന്‍ ഓടി..

    ReplyDelete
  24. തമിഴത്തികള്‍ക്കും റ്റീര്ച്ചര്‍ക്കും അഭിവാദനങള്‍...

    ReplyDelete
  25. നല്ല്ല കഥ . അവസാന ഭാഗം മനസ്സിരുത്തി വാ‍യിക്കേണ്ടി വന്നു.

    ReplyDelete
  26. നല്ല കഥ.തെരുവിലെ മനുഷ്യര്‍ക്ക് ഏതു വെള്ളം കുടിച്ചാലും ഒരസുഖവുമില്ല,നമുക്കോ തിളപ്പിക്കാത്ത വെള്ളം കുടിച്ചാല്‍ വരാത്ത അസുഖങ്ങളുമില്ല.
    കഥ ഇഷ്ടപ്പെട്ടു.അതിന്റെ ഗുണപാഠവും

    ReplyDelete
  27. മുരളി|Murali nair-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.
    ഗൌരിനാഥൻ-,
    സ്ക്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ മഴനനഞ്ഞ് പോകുന്നത് കണ്ട് എനിക്ക് അസൂയ തോന്നാറുണ്ട്. സമീപമുള്ള പുഴയിൽ തുണികഴുകാൻ പോകാറുണ്ട്. എങ്കിലും തിരിച്ച് വീട്ടിൽ വന്ന് ചൂടുവെള്ളത്തിൽ മാത്രം കുളിക്കാൻ അനുവദിച്ച എന്റെ അമ്മയാണ് എനിക്ക് രോഗങ്ങൾ ഉണ്ടാക്കിയതെന്ന് ഞാനടക്കം മക്കൾ എല്ലാവരും അമ്മയോട്തന്നെ തമാശയായി പറയാറുണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.

    അഭി-,
    കൂൺ‌കറിയല്ലെങ്കിലും ഇങ്ങനെ പരീക്ഷിച്ച സംഭവം എനിക്കറിയാം. അഭിപ്രായം പറഞ്ഞതിനു നന്ദി.

    കൊട്ടോട്ടിക്കാരൻ-,
    അവസാനം ആ കുട്ടി എത്രയും വേഗം പുറത്ത് പോയിക്കിട്ടിയാൽ മതിയെന്നായി. അഭിപ്രായം പറഞ്ഞതിനു നന്ദി.

    ബിഗു-,
    അഭിപ്രായം പറഞ്ഞതിനു നന്ദി.

    കണ്ണനുണ്ണി-,
    പഠിക്കുന്ന കാലത്ത് ഒരു പ്രൊഫസർ പറയാറുണ്ട്. ‘നമ്മുടെ നാട്ടിൽ ഒരു ദുരന്തം ഉണ്ടായാൽ അവശേഷിക്കുന്നത് ഇപ്പോൾ തെരുവിൽ ജീവിക്കുന്നവർ മാത്രമായിരിക്കും‘ എന്ന്. അഭിപ്രായം പറഞ്ഞതിനു നന്ദി.

    poor-me|പാവം-ഞാൻ-, പാലക്കുഴി-,
    Jishad Cronic-, ഉമേഷ് പിലിക്കോട്-,
    റോസാപ്പൂക്കൾ-,
    തെരുവിൽ ജീവിക്കുന്നവരെ അവരറിയാതെ ശ്രദ്ധിച്ച് പലപ്പോഴും ഞാൻ ആശ്ചര്യപ്പെടാറുണ്ട്. അഭിപ്രായം പറഞ്ഞതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  28. “” അമ്മി കൊത്തലിലെ ഈ ഭാഗം എനിക്കിഷ്ടപ്പെട്ടു.
    +വറുത്തരച്ച മുളക് ചേര്‍ത്ത് വെളിച്ചെണ്ണയൊഴിച്ച “ചെമ്മീന്‍ ചമ്മന്തി”
    കഥയും ഇഷ്ടപ്പെട്ടു.
    ++ പിന്നെ പ്രൊഫൈല്‍ വായിച്ച് ഇഷ്ടപ്പെടതിരിക്കയോ, വേദനിക്കുകയോ ചെയ്തു. എല്ലാവര്‍ക്കും അവരുടേതായ വേദനകളുണ്ട്.
    +++ എല്ലാം ഈശ്വര നിശ്ചയം. നമ്മള്‍ ഒരു നിമിത്തം മാത്രം.

    ReplyDelete
  29. ‘ലതാരാമത്തിൽ ഗൃഹനാഥനായ കോളേജ് ലക്ച്ചറർ കുഞ്ഞിരാമനെയും, ഭാര്യ ഹയർസെക്കന്ററി ടീച്ചറായ ആശാലതയെയും, വിദ്യാർത്ഥികളായ രണ്ട് മക്കളെയും, വിഷമുള്ള കൂൺ‌കറി കഴിച്ചതിനാൽ, അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്‌പേരും ‘സസ്യശാസ്ത്രം’ അദ്ധ്യാപകരാണ്’

    ന്റെ മിനീ..
    ഞാനെന്താ പറയ!
    അവതരണം
    അസ്സലായി..

    ReplyDelete
  30. നല്ല കഥ- കഥയിലെ കാര്യവും

    ReplyDelete
  31. വഴിയരുകില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളരുന്ന തെരുവ് കുട്ടികള്ക് പ്രതിരോധ ശേഷി കൂടും എന്ന് കേട്ടിട്ടുണ്ട് , അതൊരു കഥയില്‍ ഉള്‍പെടുത്തി ജീവിതവുമായി ബന്ധമുള്ള രീതിയില്‍ അവതരിപ്പിച്ചു വായനയുടെ സുഖം പകര്നതില്‍ നന്ദി ...

    ReplyDelete
  32. avasanam chirichu poyi..
    vishannu karangi nadakkunavanu vishamayalum amrith thanne aayirikkum alle?..

    ReplyDelete
  33. നന്നായിട്ടുണ്ട് മിനി

    ReplyDelete
  34. ജെ പി വെട്ടിയാട്ടിൽ-,
    ശരിക്കും ഒരു നിമിത്തം മാത്രം. അല്ലെങ്കിൽ ഈ വയസ്സുകാലത്ത് ഇങ്ങനെ എഴുതാൻ എനിക്ക് തോന്നുമോ? അഭിപ്രായത്തിനു നന്ദി.

    mukthar udrampoyil-,
    അതൊരു രഹസ്യമാണ്. ഞാനും സസ്യശാസ്ത്രമാണ്. കൂൺ വളരെ ഇഷ്ടമാണ്. വാർത്തകൾ വരുമെന്ന് പേടിച്ചാണ് പറമ്പത്ത് കാണുന്ന കൂണുകൾ ഉപയോഗിക്കാത്തത്.അഭിപ്രായത്തിനു നന്ദി.

    കാട്ടിപ്പരുത്തി-,
    അഭിപ്രായത്തിനു നന്ദി.

    Readers dais-,
    പ്രകൃതിയുമായി പൊരുത്തപ്പെടുന്നവർക്ക് പ്രധിരോധം കൂടും. അഭിപ്രായത്തിനു നന്ദി.

    Sirjan-,
    വിശക്കുന്നവന്റെ മുന്നിൽ വിഷം അമൃതായി മാറും. അഭിപ്രായത്തിനു നന്ദി.

    Sapna Anu B.George-,
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  35. നല്ല കഥ, നന്നായി പറഞ്ഞു ടീച്ചറെ.

    ReplyDelete
  36. പറമ്പിലൂടെ കരഞ്ഞു നടക്കുന്നു പൂച്ച ചില പുല്ലു കടിച്ചു തിന്നുന്നത് കുഞ്ഞു നാളില്‍ ഞാന്‍ അത്ഭുതത്തോടെ കാണുമ്പോള്‍ മുത്തശ്ശിയോടു ചോദിക്കും പൂച്ച സാധാരണ ഇറച്ചിയും മീനുമൊക്കെ അല്ലെ തിന്നാരുള്ളത്ത് ഈ പൂച്ച്ചയെന്താ പുല്ലു തിന്നുന്നതെന്നു. അപ്പൊ മുത്തശ്ശി ചിരിച്ചോണ്ട് പറയും അതിനു വയറു വേദന വരുമ്പോള്‍ അത് മാറാന്‍ കഴിക്കുന്നതാ എന്ന്.
    അന്ന്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് നമ്മള്‍ ഒരു ചെറിയ വയറുവേദന വന്നാല്‍ എന്തൊക്കെ മരുന്നാ കഴിക്കുന്നത് ദേ ഈ പൂച്ചക്ക് ആരാ ഈ മരുന്ന് പഠിപ്പിച്ചു കൊടുത്തതെന്ന്..
    ഉത്തരം നിസ്സാരം.. ദൈവം കാണിച്ചു കൊടുക്കുന്നതാ അപ്പൊ വിഷവും ഒന്നും എശില്ലല്ലോ....?

    ReplyDelete
  37. വെള്ളത്തൂവൽ-,
    അഭിപ്രായം എഴുതിയതിനു നന്ദി.
    ഏ.ആർ. നജീം-,
    ഒരു വലിയ പ്രകൃതിസത്യം പറഞ്ഞതിനു നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം എഴുതിയതിനും എല്ലാവർക്കും നന്ദി.

    ReplyDelete
  38. കഥയുടെ ഗുണപാഠം നന്നായി, ടീച്ചർ.

    ReplyDelete
  39. ..
    റാംജിയുടെ അഭിപ്രായം തന്നെ, കഥയിലെ അവസാനം മാലപ്പടക്കം തീക്കൂനേലിട്ട പോലെയായിപ്പോയി.

    കഥയിഷ്ടമായിട്ടൊ..
    ഈ ലതാമ്മയാണൊ മിനിടിച്ചര്‍ എന്ന് വര്‍ണ്ണ്യത്തില്‍ ഒരു ഉത്പ്രേക്ഷന്‍.. :D:D
    ..

    ReplyDelete
  40. കൂണില്‍ പിടിച്ചു ഇവടെ എത്തി കഥ വായിച്ചു ടീച്ചറെ .....നന്നായിരികുന്നു ...

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..