“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

4/12/10

അമ്മമനസ്സ്





                      ഭർത്താവിന്റെയും ചേട്ടന്റെയും സഹായത്താൽ അമ്മയോടൊപ്പം ആശുപത്രിയിൽ‌നിന്ന് പുറത്തിറങ്ങിയ തന്നെ, അവർ രണ്ട്‌പേരും ചേർന്ന് കാറിലേക്ക് എടുത്ത്കയറ്റുമ്പോൾ മനസ്സിന്റെ തീവ്രമായ വേദനയാൽ കണ്ണിൽ ഇരുട്ട് കയറുന്നതായി അവൾക്ക് തോന്നി. ജീവിതത്തിലെ എന്തെല്ലാം പുത്തൻപ്രതീക്ഷകളാണ് ഒരു നിമിഷം‌കൊണ്ട് തകർന്നടിഞ്ഞത്? തന്റെ ശരീരത്തിൽ ജീവന്റെ ജീവനായി വളരുന്ന, സ്വന്തം കുഞ്ഞായി വളരേണ്ട; ആ ഭ്രൂണത്തെ മുറിച്ചുമാറ്റി, എല്ലാം തകർത്ത് ഇനിയെന്തിന് ഒരു ജീവച്ഛവമായി ജീവിക്കണം? എത്ര നിഷ്ഠൂരമായാണ് ആ കൊടുംപാതകിയായ ഡോക്റ്റർ അതിനെ എടുത്ത് മാറ്റിയത്? അതിന് കൂട്ട് നിന്നതാവട്ടെ സ്വന്തം അമ്മയും!

                      ഏതാനും ദിവസം മുൻപ് ഭർത്താവിന്റെ സ്നേഹം കവിഞ്ഞൊഴുകിയ നേരത്ത് രൂപം‌കൊണ്ട ആ കുഞ്ഞ് എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും? മാതാവിന്റെ ഗർഭപാത്രം നൽകുന്ന സുഖശീതളമായ പട്ടുമെത്തയിൽ വളർച്ചയുടെ പടവുകൾ പിന്നിടുന്ന ആ ‘ഭ്രൂണം’ വാരാനിടയുള്ള അപകടം അറിഞ്ഞിരിക്കില്ല. ഒരു മനുഷ്യന് ഒരിക്കൽ മാത്രം ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് ഒളിച്ചിരുന്ന്, സ്വപ്നങ്ങൾ നെയ്യുന്ന സ്വന്തം കുഞ്ഞിനെ പെട്ടെന്നൊരു ദിവസം, ഒരു കത്തിയാൽ തന്റെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി കൊല്ലുമ്പോൾ എത്ര അലറിക്കരഞ്ഞിരിക്കും?
 
                      ചുറ്റുമുള്ള വാഹനവ്യൂഹങ്ങൾ ഒന്നും അവൾ കണ്ടില്ല,, കേട്ടില്ല; ഒരു കളിപ്പാവയെ പോലുള്ള അവളുടെ കാതിൽ ഒരു കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം മാത്രം തിരമാലകൾ കണക്കെ ഇരമ്പിമറിയുകയാണ്. ആ കുഞ്ഞിന്റെ ചോദ്യം കേട്ട് അവൾ തകർന്നു,
“അമ്മേ, എന്നെയെന്തിന് കൊന്നു? ജനിക്കും‌മുൻപെ, ഈ ഭൂമിയിലെ ചൂടും വെളിച്ചവും കാറ്റും അറിയുന്നതിനു മുൻപെ എന്നെയെന്തിന് ഇല്ലാതാക്കി? ഇത്തിരി മുലപ്പാൽ കുടിച്ച് കൊതിതീർക്കും മുൻപെ എന്നോടെന്തിനീ പാതകം ചെയ്തു?”
                     ഭർത്താവിന്റെയും അമ്മയുടെയും ഇടയിൽ, അവർ തീർത്ത സുരക്ഷാവലയത്തിൽ അവൾ ഇരിക്കുകയാണ്. കരഞ്ഞ് കണ്ണുനീർ വറ്റിയതിനാൽ നിശബ്ദമായി പൊട്ടിക്കരയാൻ അവൾ പഠിച്ചുകഴിഞ്ഞു.

                     കല്ല്യാണം കഴിഞ്ഞ് നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് തന്റെയുള്ളിൽ ഒരു കുരുന്ന് ജീവൻ അവതരിക്കാൻ തുടങ്ങിയത് എത്ര ആനന്ദത്തോടെയാണ് അദ്ദേഹത്തോട് പറഞ്ഞത്! അത് കേട്ട അദ്ദേഹം തന്നെയെടുത്ത് ആനന്ദനൃത്തം ചെയ്തത് ഇന്നലെയെന്ന പോലെ ഓർക്കാൻ കഴിയുന്നു. പിന്നെയുള്ള നാളുകൾ; തനിക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങിത്തരാൻ അദ്ദേഹത്തിന് എന്തൊരാവേശമായിരുന്നു! ഓരോ ദിവസവും അനേകം തവണ പറയും,
“മോളേ നീയെന്റെ ജീവനാണ്, ആ ജീവന്റെയുള്ളിലെ ഞാൻ പുറത്ത് വരുന്ന നിമിഷം എണ്ണിത്തീർക്കുകയാണ്”
എന്നിട്ടും ഒടുവിൽ തന്റെ അമ്മയുടെ മുന്നിൽ തൊറ്റു പിന്മാറിയപ്പോൾ ആരും കാണാത്ത ഇരുണ്ട മൂലയിൽ പോയി അദ്ദേഹം പൊട്ടിക്കരഞ്ഞു.

                     ജനിച്ച നാൾ‌തൊട്ട് അവൾക്ക് വായിൽ വെള്ളിക്കരണ്ടിയും കളിക്കാൻ സ്വർണ്ണപ്പാവയും സുലഭമായിരുന്നു. ആങ്ങളമാർക്ക് പൊന്നനുജത്തിയായി അമ്മക്കും അച്ഛനും കണ്മണിയായി; സ്വർണ്ണകാന്തി വിതറി ആ അനിയത്തിപ്രാവ് അവർക്കിടയിൽ പറന്ന് നടന്നു. പക്ഷെ വിധി ഒരുക്കിയ കെണിയിൽ അവളുടെ സ്വർണ്ണച്ചിറകുകൾ നിശ്ചലമായി.

                    കാലുകൾ തളർന്ന നടക്കാൻ പറ്റാത്ത മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സചെയ്തിട്ടും ഫലമൊന്നും കണ്ടില്ല. ഒടുവിൽ ഊന്നു വടിക്കും ചക്രക്കസേരക്കും ഒപ്പം അച്ഛനും അമ്മയും സഹോദരങ്ങളും അവൾക്ക് താങ്ങായി മാറി. സ്നേഹമയനായ മറുവാക്ക് പറയാനറിയാത്ത ഒരു ഭർത്താവിനെയും അമ്മ തനിക്ക്‌വേണ്ടി വിലകൊടുത്ത് വാങ്ങിത്തന്നു. അംഗവൈകല്യമുള്ള ഒരു പെൺകുട്ടിക്ക് വീട്ടുകാർ ഇതിൽ കൂടുതൽ എന്ത് നലകാനാണ്?

                     എന്നാൽ ഒരു അമ്മയാവാനുള്ള പ്രതീക്ഷകൾക്ക് മുന്നിൽ അവൾ ആകെ തകർന്നു. പരിശോധനകൾക്കൊടുവിൽ ഡോക്റ്റർമാർ അവസാന വിധിയെഴുതി, ‘തന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് വളരുന്നത് അമ്മയുടെ ജീവന് അപകടമാണ്’.
അപ്പോൾ,
അതെ,അത് സംഭവിക്കും. തന്റെയുള്ളിൽ രൂപം‌കൊണ്ട, വളർന്നുകൊണ്ടിരിക്കുന്ന ആ കുഞ്ഞ് ജനിക്കുന്നതിനുമുൻപ് തന്റെ മരണം ഉറപ്പ്.

കാര്യം അറിഞ്ഞ ഉടനെ അമ്മ അഭിപ്രായം പറഞ്ഞു,
“എന്നാൽ ഇനി വെച്ച് താമസിപ്പിക്കേണ്ട, പെട്ടെന്ന്‌തന്നെ എടുത്തുകളയണം”
“എന്റെ അമ്മയാണോ പറയുന്നത്? ഇങ്ങനെ പറയാൻ അമ്മക്കെങ്ങിനെ തോന്നി?”
“പിന്നെ നിനക്ക് അപകടം പറ്റിയിട്ട് ഒരു കുഞ്ഞുണ്ടാവാൻ ഇവിടെയാരും അനുവദിക്കില്ല”
അമ്മയുടെ തീരുമാനത്തിനു മാറ്റമില്ലെന്നറിയാം. എങ്കിലും മകൾ വിട്ടുകൊടുത്തില്ല. വിളിച്ചു പറയുകതന്നെ ചെയ്തു,
“എനിക്കൊരു കുട്ടിയുണ്ടാവുന്നതിനെ ഇല്ലാതാക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല”
“ഇത് നിന്റെ ഇഷ്ടത്തിനു വിടുന്ന പ്രശ്നമില്ല”
അമ്മ ദേഷ്യപ്പെട്ട് പുറത്തുപോകുമ്പോൾ അദ്ദേഹത്തെയും ചേട്ടനെയും വിളിച്ചു.

                    അകത്ത് അഭ്യന്തര ചർച്ച നടക്കുന്നുണ്ടാവണം. അമ്മ അങ്ങനെയാണ് മറ്റുള്ളവരുമായി കാര്യങ്ങൾ ചർച്ചചെയ്യും; ഒടുവിൽ അമ്മയുടെ തീരുമാനം മാത്രം നടക്കും. എന്നാൽ ഇത് തന്റെ സ്വന്തം കാര്യമാണ്, വിട്ടുകൊടുത്താൽ പിന്നെയെന്തിന് ജീവിക്കണം?
കരഞ്ഞ് തളർന്ന തന്നെ സമാധാനിപ്പിക്കാനെന്നപോലെ മൂത്ത ചേട്ടൻ അരികിൽ വന്നു. തലയിൽ പതുക്കെ  തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു,
“മോളേ, നിന്റെ സുഖത്തിനു വേണ്ടതെല്ലാം ഞങ്ങൾ ചെയ്തുതന്നിട്ടില്ലെ? ഇതുവരെ നിനക്കെതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?”
“ഇല്ല”
“അങ്ങനെയുള്ള നീയില്ലാതെ ഞങ്ങൾക്കാർക്കും ജീവിക്കാനാവില്ല. അതുകൊണ്ട്,,,”
“അതുകൊണ്ട് എനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കൊല്ലാനോ? അതാവില്ല”
“വേണ്ട, നിന്റെ ഇഷ്ടം അതാണെങ്കിൽ ആ കുഞ്ഞ് ജനിച്ചോട്ടെ; പക്ഷെ നിന്റെ കാര്യം ആലോചിച്ചിട്ടുണ്ടോ?”
“എനിക്ക് ഒരു കുട്ടി ഉണ്ടാവാൻ‌വേണ്ടി മരിക്കാൻ‌പോലും ഞാൻ തയ്യാറാണ്. എനിക്ക് എന്റെ ജീവനെക്കാൾ വലുത് എന്റെ കുഞ്ഞാണ്”
  
  ഒരു കുഞ്ഞിന്റെ അമ്മയായി മാറാനുള്ള ആവേശം‌കൊണ്ട് മകൾ വിളിച്ചുപറയുന്നത് കേട്ടാണ് ആ സമയത്ത് അമ്മ അകത്തേക്ക വന്നത്. അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു,
“പ്രസവിക്കുന്നസമയത്ത് നിനക്ക് അപകടം പറ്റിയാൽ കുട്ടിയെ ആര് നോക്കും?”
“അത് കുട്ടിയുടെ അച്ഛനും നിങ്ങളും ഒക്കെയുള്ളപ്പോൾ പൊന്നുപോലെ നോക്കൂല്ലെ?”
മകളിൽ നിന്നും അങ്ങനെയൊരു മറുപടി കേട്ടപ്പോൾ അവളുടെ അമ്മ ശരിക്കും ഒരു അമ്മയുടെ തനിരൂപം  പ്രകടമാക്കി,
“നീയില്ലാതെ നിന്റെ സന്തോഷം കാണാതെ ഇവിടെയാർക്കും നിന്റെ കുഞ്ഞിനെ വേണ്ട. ഒരു കുഞ്ഞ് ജനിക്കാൻ വേണ്ടി നീ മരിക്കുകയാണെങ്കിൽ ആ കുഞ്ഞിനെ ഞങ്ങൾ ഒരിക്കലും വളർത്തുകയില്ല”
അത്രയും പറഞ്ഞ് ഒരു കോടുങ്കാറ്റ്‌പോലെ അമ്മ പുറത്തേക്ക് പോയപ്പോൾ ലോകം മുഴുവൻ തനിക്ക് ചുറ്റും കറങ്ങുന്നതായി അവൾക്ക് തോന്നി. ഒന്നും മിണ്ടാതെ വെറും പ്രേക്ഷകനായി നിന്ന ഭർത്താവിന്റെ മടിയിൽ തലചായ്ച്ച് ഏറെനേരം കരഞ്ഞു.

                    ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടെന്ന് നിശ്ചലമായി; മുന്നിലും പിന്നിലും വാഹനവ്യൂഹം, ട്രാഫിക്ക് ബ്ലോക്ക്. ഡ്രൈവിങ്ങ് സീറ്റിലുള്ള ചേട്ടൻ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു; ഭക്തിഗാനം പതുക്കെ ഒഴുകിയെത്തി.
“അമ്മാ വല്ലതും തരണേ,,,”
ശബ്ദത്തോടൊപ്പം ഉണങ്ങിമെലിഞ്ഞ ഒരു കൈ അകത്തേക്ക് നീണ്ടു,
“പോ, പോ, കാറിനകത്ത് കൈനീട്ടുന്നോ?” അമ്മ ആ കൈ തട്ടിമാറ്റി.

                     വണ്ടി മുന്നോട്ടെടുത്തപ്പോൾ അവൾ ആ മനുഷ്യരൂപത്തെ ഒന്ന് നോക്കി. വെറും എല്ലും തോലും മാത്രമായി മാറി മുഷിഞ്ഞുകീറിയ വസ്ത്രം ധരിച്ച ആ സ്ത്രീയുടെ കൈയിലുള്ള കുഞ്ഞിനെ കണ്ടപ്പോൾ കാറിനകത്തെ തണുപ്പിലും അവൾ വിയർത്ത്കുളിച്ചു. പെട്ടെന്ന് അവൾ ഒരു കാര്യം ഓർത്തു; വരാൻ‌നേരത്ത് ഡോക്റ്റർ പറഞ്ഞ പ്രതീക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ. തനിക്കു വേണ്ടി തന്റെ കുഞ്ഞ് മറ്റൊരാളുടെ ശരീരത്തിൽ വളരുക, ടെസ്റ്റ്‌ട്യൂബ് ശിശു. പണം ചെലവാക്കിയാൽ തനിക്ക് അപകടമില്ലാതെ ഒരു കുഞ്ഞിനെ നേടാനുള്ള എളുപ്പമാർഗം. അല്ലെങ്കിൽ ജനിച്ച ഉടനെയുള്ള ഒരു കുഞ്ഞിനെ ദത്തെടുക്കണം.
അത് വേണ്ട ദത്തെടുത്ത് അന്യന്റെ കുഞ്ഞിനെ വളർത്തേണ്ട.

                     ഗെയ്റ്റ് കടന്ന് സ്വന്തം വീട്ടിന്റെ മുറ്റത്ത് എത്തുയപ്പോഴാണ് പരിസരബോധം വന്നത്. കാറിന്റെ ഡോർ തുറന്നയുടനെ ഏട്ടന്മാരുടെ കുട്ടികൾ ഓടിവന്നു, അഞ്ചുപേരുണ്ട്, അവർ വിളിച്ചു കൂവി,
“ആന്റി വന്നേ,,,”
                    ഏട്ടന്മാരും നാത്തൂന്മാരും കുട്ടികളും അവളെ പൊതിഞ്ഞു. സഹോദരന്മാർ ചേർന്ന് അവളെ നിലം തൊടീക്കാതെ അകത്ത് കിടക്കയിൽ എടുത്തിരുത്തി. കുട്ടികൾ എല്ലാവരും ചുറ്റിനിന്ന് വിശേഷങ്ങൾ തിരക്കുകയാണ്,
“ആന്റി എവിടെയാ പോയത്? നമുക്ക് എന്തെല്ലാം പറയാനുണ്ട്?”
അവർ നിർത്താതെ സംസാരിക്കുകയാണ്. ഏറ്റവും ചെറിയവൾക്ക് രണ്ട് വയസ്സ്; മുതിർന്നവൾക്ക് പതിനാല്. എല്ലാവരും ഒത്തുചേർന്നാൽ എന്നും ആഘോഷം തന്നെ.

                      ഒരു പാവകണക്കെ നിശ്ചലമായി എല്ലാം കണ്ടും കേട്ടും അവൾ അല്പസമയം കിടന്നു. തന്നെ സന്തോഷിപ്പിക്കാൻ പാടുപെടുന്ന ബന്ധുക്കളെ നിർവികാരയായി അവൾ നോക്കി. മൂത്ത ഏടത്തിയമ്മ ഒരു ഗ്ലാസ്സിൽ അവൾക്കിഷ്ടപ്പെട്ട പൈനാപ്പിൾജൂസുമായി മുറിയിൽ കടന്നുവന്നു,
“യാത്രചെയ്ത് നല്ല ക്ഷീണം കാണും; നന്നായി തണുപ്പിച്ചതാ, വേഗം കുടിക്ക്”
കിടക്കയിൽ‌നിന്നും അവളെ താങ്ങിയിരുത്തിയശേഷം ഒരു കൊച്ചുകുട്ടിയോടെന്നപോലെ പറഞ്ഞ് ഏടത്തിയമ്മ ഗ്ലാസ്സ് കൈയിൽ തന്നു.
കുടിച്ചപ്പോൾ നല്ല തണുപ്പ് തോന്നി; ചൂടുപിടിച്ച ചിന്തകൾക്കും അല്പം ശമനം ഉണ്ടായി.

                      തൊട്ടടുത്ത് അദ്ദേഹം വന്നിരുന്ന് എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവരാതെ ഉള്ളിലേക്ക്തന്നെ ഒതുക്കി. തന്റെ കൈ പിടിച്ച് നിശബ്ദമായി കണ്ണീരൊഴുക്കുന്ന അദ്ദേഹത്തെ നോക്കിയപ്പോൾ അവൾക്ക് പൊട്ടിക്കരയാൻ തോന്നി. ഒരു നിമിഷം അവൾ പലതും ചിന്തിച്ചു, ‘തന്നെ ജീവനെപ്പോലെ സ്നേഹിച്ച മരിച്ചുപോയ അച്ഛന്റെ അതേസ്വഭാവമുള്ള ഭർത്താവ്. അമ്മയെ വിമർശ്ശിക്കാത്ത, എതിർവാക്ക് പറയാത്ത അച്ഛനെപ്പോലെ അദ്ദേഹവും സ്വന്തം ഭാര്യയുടെ ഇച്ഛാനുസരണം ജീവിക്കുകയാണ്. ആ സ്നേഹത്തിനു പകരമായി ഒരു കുഞ്ഞിനെ നൽകാൻ തനിക്ക് കഴിയുമോ?’ ഡോക്റ്റർ പറഞ്ഞ ടെസ്റ്റ്‌ട്യൂബ് ശിശുവിന്റെ കാര്യം അവൾ ഓർത്തു.

                     പേരമക്കളുടെ അകമ്പടിയോടെ അമ്മ അകത്തേക്ക് വന്ന് സമിപം ഇരുന്നു. അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാൻ അമ്മക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. അതുകണ്ട സൂനുമോൾ ചോദിച്ചു,
“അമ്മൂമ്മെ, ഈ ആന്റിയെന്താ നമ്മുടെകൂടെ വരാതെ കിടന്ന് കരയുന്നത്?”
“മോളേ ഇനി ആന്റിക്ക് കരയാൻ മാത്രമാണ് യോഗം
ബാക്കി പറയാൻ അമ്മ അനുവദിച്ചില്ല. മകളുടെ കൈപിടിച്ച് സ്നേഹത്തിന്റെ ഭാഷയിൽ അവർ പറഞ്ഞു,
“ഇങ്ങനെ കരഞ്ഞാലെങ്ങനെയാ? എന്റെ മോൾ വിശ്രമിക്കേണ്ട സമയമാണ്; നന്നായി ഭക്ഷണം കഴിക്കണം. പിന്നെ കഴിഞ്ഞതൊന്നും ചിന്തിച്ച് ആരോഗ്യം കളയേണ്ട, കേട്ടോ”
കരച്ചിൽ ഒതുക്കിക്കൊണ്ട് അവൾ പറഞ്ഞു,
“അമ്മേ, ഇനി എനിക്കൊരു കുഞ്ഞ്?”

                   അമ്മ അല്പസമയം ആ മകളെ നോക്കിയിരുന്നു, അവളെ ആദ്യമായി കാണുന്നമട്ടിൽ നോക്കിയിരിക്കെ കൺ‌കോണിലൂടെ ഏതാനും കണ്ണുനീർത്തുള്ളികൾ മുത്തുമണികൾ പോലെ താഴോട്ട് പതിച്ചു. മകളുടെ സുന്ദരമായ മുഖം തലോടിക്കൊണ്ട് അവളെ വിളിച്ചു,
“എന്റെ പൊന്നുമോളേ; നീ കൂടെയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നിന്റെ സ്വന്തം ആങ്ങളമാരുടേതായ ഈ കുഞ്ഞുമക്കളുടെ കൂട്ടത്തിൽ‌നിന്ന് നിനക്കിഷ്ടപ്പെട്ട ഒന്നോ രണ്ടോ പേരെ സ്വന്തം കുഞ്ഞിനെപ്പോലെ നിനക്ക് വളർത്താനായി വിട്ടുതന്ന്, നിനക്ക്  വേണ്ടതെല്ലാം ഞാൻ ചെയ്യാം. അല്ലാതെ എന്റെ മകള്, മറ്റൊന്നിനെകുറിച്ചും ചിന്തിക്കരുത്,,,”
     അമ്മ എത്ര സമർത്ഥമായി കണക്കുകൂട്ടിയാണ് കാര്യങ്ങൾ നടത്തുന്നത്! ഇങ്ങനെയൊരമ്മയുടെ മകളായി പിറന്നതിൽ അവൾക്ക് ഒരു നിമിഷം അഭിമാനം തോന്നി. അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ മനസ്സിന് എന്തൊരു  ആശ്വാസം.
                
                സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി തനിക്ക്ചുറ്റും ഇഷ്ടം പോലെ ബന്ധുക്കളുള്ള കാലത്തോളം ജീവിതം സുരക്ഷിതം. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് അവളൊരു പുതിയ തീരുമാനം എടുത്തു; ‘ഈ സ്നേഹത്തിന്റെ, തന്നെ സ്നേഹിക്കുന്നവരുടെ, ഇടയിൽ വളരെക്കാലം ജീവിക്കണം. ഈ കുഞ്ഞുങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ, ഒരു ജീവന്മരണ പരീക്ഷണം നടത്തിയിട്ട് തനിക്കിനി എന്തിനാണ്, സ്വന്തമാ‍യി ഒരു കുഞ്ഞ്,,,?’

19 comments:

  1. ഈ കഥ ‘ഋതു’വിൽ ‘കഥയുടെ ഒരു വസന്ത’മായി പോസ്റ്റ് ചെയ്തതാണ്. അതിൽ ചില പോരായ്മകൾ ഉണ്ടായത് അല്പം മാറ്റി മറിച്ച് ഇവിടെ പോസ്റ്റുകയാണ്. ക്ഷമിക്കുക, വായിക്കുക, സഹകരിക്കുക.

    ReplyDelete
  2. ഇപ്പോ ഒന്നൂ‍ടെ നന്നായി.

    ReplyDelete
  3. തന്റെ കുഞ്ഞ് ഒരമ്മയുടെ സ്നേഹലാളനകള്‍ കിട്ടാതെ വളരുവാന്‍വേണ്ടിയാണോ അവള്‍ വാശിപിടിച്ചത് .യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുവാന്‍ കഴിയണം ,അവസാനം അതിന് കീഴടങ്ങിയല്ലോ .അതു നന്നായി ,ഇല്ലായിരുന്നെങ്കില്‍ ജനിച്ചേക്കുമായിരുന്ന അമ്മയില്ലാതെ വളരേണ്ടിവരുമായിരുന്ന കുഞ്ഞിന്റെ വേദന ആരുകാണാന്‍ ...

    ReplyDelete
  4. ഒരു മനുഷ്യന് ഒരിക്കൽ മാത്രം ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് ഒളിച്ചിരുന്ന്, സ്വപ്നങ്ങൾ നെയ്യുന്ന സ്വന്തം കുഞ്ഞിനെ പെട്ടെന്നൊരു ദിവസം,

    നന്നായിരിക്കുന്നു ടീച്ചര്‍.
    മനുഷ്യന്റെ ഓരോരു അവസ്ഥകള്‍...

    ReplyDelete
  5. ആദ്യമൊക്കെ കാണാകണ്മണി സിനിമയുടെ ടച്ച്‌ ആയിരുന്നു..പിന്നെ നല്ല തീമായി മാറി..മുൻപ്‌ വായിക്കാൻ സാധിച്ചില്ല ടീച്ചറേ..നന്നായി...

    ReplyDelete
  6. ടീച്ചറെ വളരെ നന്നായി..
    വല്ലാതെ ഹൃദയത്തെ വൃണപ്പെടുത്തി..
    :(

    ReplyDelete
  7. അനാവശ്യ വാശി ഒഴിവാക്കണം...
    അവസാനം കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെട്ടല്ലൊ.
    അതു തന്നെ നല്ല തീരുമാനം..

    ആശംസകൾ...

    ReplyDelete
  8. ഒഴാക്കൻ-,
    അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran-,
    അഭിപ്രായത്തിനു നന്ദി.

    അപർണ്ണ-,
    അഭിപ്രായത്തിനു നന്ദി.

    ജീവി കരിവെള്ളൂർ-,
    ഈ ഭൂമിയിൽ ജനിച്ചു എന്നൊരു കുറ്റം ചെയ്തതിലാൽ ശിക്ഷിക്കപ്പെടുന്ന അനേകം കുട്ടികളിൽ ഒരാളായി മാറുന്നതിലും നല്ലത്, ജനിക്കാതിരിക്കുന്നത് ആയിരിക്കും. അഭിപ്രായത്തിനു നന്ദി.

    പട്ടേപ്പാടം‌റാംജി-,
    അഭിപ്രായത്തിനു നന്ദി.

    നിയ ജിഷാദ്-,
    അഭിപ്രായത്തിനു നന്ദി.

    എറക്കാടൻ/Erakkadan-,
    അഭിപ്രായത്തിനു നന്ദി.

    സുമേഷ്|Sumesh Menon-,
    അഭിപ്രായത്തിനു നന്ദി.

    വീ കെ-,
    മാതൃസ്നേഹം മറ്റുള്ളവരുടെ കുട്ടികൾക്കും നൽകാമെന്ന് അവൾ തിരിച്ചറിഞ്ഞു. അത് ബന്ധുക്കളുടെ മക്കളായാൽ വളരെ നന്നായി. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  9. അവിടെ വായിച്ചത് കൊണ്ട് പിന്നെയാവാം എന്ന് വച്ചതാ.. നല്ല കഥ.. നന്നായി എഴുതി..

    ReplyDelete
  10. കഥ നന്നായി ആസ്വദിച്ചു. ഒരു പുതുനാമ്പിന്റെ കൂടി ആശംസകള്‍

    ReplyDelete
  11. ചിന്തിപ്പിച്ചു.

    കുറച്ചു നാള്‍ മുമ്പ് ഒരു news വായിച്ചു. 23 വര്‍ഷം  coma യില്‍ കിടന്ന ഒരു മനുഷ്യന്‍. ആളുകള്‍ വിചാരിച്ചത് അയാള്‍ക്കൊന്നും അറിയില്ലെന്നാണ്. പക്ഷെ അയാള്‍ എല്ലാം അറിയ്ന്നുണ്ടായിരുന്നു. പ്രതികരിക്കാന്‍ ഇന്ദ്രിയങ്ങള്‍ കൂട്ടിനില്ലായിരുന്നു. ഇതുപോലെ coma-യില്‍ ഉള്ളവരുടെ മുമ്പില്‍ വച്ച് ഫീഡിംഗ് ട്യൂബ് എടുത്തു കളയണമോ വേണ്ടയോ എന്ന  ചര്‍ച്ചകളും അവരെ എങ്ങനെ dispose ചെയ്യണം എന്നൊക്കെ പറയുന്നതും അവരില്‍ കുറെപ്പെരെങ്കിലും മനസ്സിലക്കുന്നുണ്ടായിരിക്കും. സ്വന്തം ശരീരത്തിന്റെ തടവറയില്‍ ജീവിക്കുന്നവര്‍!

    ഇതുപോലെ, കശാപ്പു ചെയ്തു കളയുന്ന മിണ്ടാന്‍ അറിയാത്ത ശിശുക്കള്‍ (എത്ര ചെറിയ ഭ്രൂണം ആയാല്‍പ്പോലും) വേദന അറിയുന്നുണ്ടാവുമോ? അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമുള്ള സന്ദര്‍ഭത്തില്‍ മാത്രം ഇത് ന്യായീകരിക്കാം...

    ReplyDelete
  12. Hi Mini
    I hope all is well
    come over to say Hi :)))))
    Lovely duck
    soooooo C_U_T_E_

    :)
    :)

    greetings Anya :)

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ‘ഈ സ്നേഹത്തിന്റെ, തന്നെ സ്നേഹിക്കുന്നവരുടെ, ഇടയിൽ വളരെക്കാലം ജീവിക്കണം. ഈ കുഞ്ഞുങ്ങളുടെ ഇടയിൽ ജീവിക്കുമ്പോൾ, ഒരു ജീവന്മരണ പരീക്ഷണം നടത്തിയിട്ട് തനിക്കിനി എന്തിനാണ്, സ്വന്തമാ‍യി ഒരു കുഞ്ഞ്,,,?’
    അതെ, യാഥാര്‍ത്യങ്ങളെ അംഗീകരിക്കാതെ ജീവിതമില്ല.

    എഴുത്തില്‍ 'അവള്‍' എന്നതിനു പകരം 'ഞാന്‍' എന്നായിരുന്നെങ്കില്‍ കഥ ഒന്നൂടെ തീവ്രമായേനേ..

    ഭാവുകങ്ങള്‍..
    തുടരുക...

    ReplyDelete
  15. നല്ല കഥ !! നല്ല വായന സുഖം.!!

    ReplyDelete
  16. Manoraj-,
    അഭിപ്രായത്തിനു നന്ദി.

    മൻസു-,
    അഭിപ്രായത്തിനു നന്ദി.

    വഷളൻ-,
    ശിശുമനസ്സ് ഇതേവരെ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്; അതുപോലെ ഭ്രൂണാവസ്ഥയും.
    അഭിപ്രായത്തിനു നന്ദി.

    Anya-, Thank you.

    മുഖ്താർ-,
    അത് നല്ല അഭിപ്രായം ആയിരുന്നു. ഇത് എനിക്ക് അറിയുന്ന മറ്റൊരാളുടെ അനുഭവം ആയതിനാൽ അതേപടി എഴുതിയതാണ്. അഭിപ്രായത്തിനു നന്ദി.

    ഹംസ-,
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  17. കഥ നന്നായിട്ടുണ്ട്.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..