“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/5/10

തുറക്കാത്ത കുപ്പിയിലെ മരുന്ന്

                രാവിലെ ഇഡ്ഡ്‌ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു വലിയകാര്യം പറഞ്ഞു,
“എനിക്ക് ഒരു ചെറിയ തലവേദന,,”
അത്‌കേട്ട് ഒന്ന് ഞെട്ടിയതോടെ അദ്ദേഹം കഴിച്ച ഭക്ഷണമെല്ലാം ഒരുനിമിഷം‌കൊണ്ട്തന്നെ ദഹിച്ചു. മാസ്റ്ററുടെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി.

                   മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെകുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം മനസ്സിൽ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടും‌തോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ.
“അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം”
പെൻഷനായെങ്കിലും, ചർമ്മം കണ്ടാൽ പ്രായം തോന്നത്ത ടീച്ചറുടെ മുഖം‌നോക്കി മാസ്റ്റർ പറഞ്ഞു.
“ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും”
“നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറ്റി വന്നാട്ടെ; പെട്ടെന്ന്‌തന്നെ നമുക്ക് ഡോക്റ്ററെ കാണാം”
സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം.

                     നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ അത്യന്താധുനിക കാർട്ടൂൺ വരച്ചിട്ടശേഷം ആ കടലാസ് കൈയിൽ കൊടുത്ത് മാസ്റ്ററെ നോക്കി പറഞ്ഞു,
“ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്”
പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽ‌ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി.

                           വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു,
“ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു”
“അപ്പോൾ ഡോക്റ്ററെ കണ്ടാൽ മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്”
“അതെങ്ങനെ മറക്കാനാണ്?”
അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു.

                      ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു,
“നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?”
                        ടീച്ചർ ഞെട്ടി; മരുന്ന് കഴിക്കേണ്ട കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ,,, പിന്നെ…
“ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്”
“എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും”

                            രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കിയശേഷം തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
“അതെയ് ഇതിന്റെ ഈ മരുന്നിന്റെ അടപ്പൊന്ന് തുറന്ന് താ; ഞാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല”
“അപ്പോൾ തുറക്കാത്ത, സീല് പൊട്ടിക്കാത്ത കുപ്പിയിലെ മരുന്നെങ്ങിനെയാ നിനക്ക് കയ്പായത്?”
അതുകേട്ട് നാരായണി ടീച്ചർ ഞെട്ടിയപ്പോൾ നാരായണൻ മാസ്റ്റർക്ക് കുറേശ്ശെ കയ്പ് അനുഭവപ്പെടാൻ തുടങ്ങി.

അറിയിപ്പ്:
... ഈ കഥ മുൻപ് മറ്റൊരിടത്ത് പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ എന്റെ സ്വന്തം തട്ടകത്തിൽ പോസ്റ്റ് ചെയ്യുന്നു.
... നാരായണി നാരായണന്മാരുടെ വ്യത്യസ്ഥമാം ഒരു നർമ്മകഥ വായിക്കാൻ...
ഇവിടെ  തുറക്കുക

32 comments:

 1. വളരെ സുന്ദരമായി ഒരു ചെറുചിരി സമ്മാനിച്ചു....

  ReplyDelete
 2. പനിയുത്സവം, പിന്നെ അക്കിടിയുത്സവം.
  ചിരിപ്പിച്ചു.

  ReplyDelete
 3. വായിച്ചു തുടങ്ങിയപ്പോൾ സംശയിച്ചു.. ഇതു മുൻപ് വായിച്ചതല്ലെ എന്ന്.

  ഒന്നു കൂടി വായിച്ചു.
  രസമുണ്ട്.

  ഒന്നു കൂടി രസമാക്കുവാൻ ടീച്ചറിന്‌ കഴിയും.

  ReplyDelete
 4. തലവേദനാരായണീയം രസകരമായി.

  ReplyDelete
 5. ഹ ഹ നാരായണീ നാരായണന്‍മാര്‍...!

  ReplyDelete
 6. ആഹാ..സംഭവം കൊള്ളാമല്ലോ.ഞാന്‍ ഇങ്ങനെ പലപ്രാവശ്യം ഭര്‍ത്താവിനാല്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

  ReplyDelete
 7. നന്നായിട്ടുണ്ട്....ആശംസകൾ

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. നിര്‍ദ്ദോഷമാണെങ്കിലും നുണകളെപ്പോഴും നമുക്ക് പാരയായി വരാമെന്ന് ഈ 'മിനി'ക്കഥ ഓര്‍മ്മിപ്പിക്കുന്നു. പഴയ കഥയില്‍ നാരായണിട്ടീച്ചറെക്കൊണ്ട് ശ്രീ വരപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും നാരായണന്‍ മാഷുടെ മനസ്സില്‍ യാഥാര്‍ത്ഥ്യം അലതല്ലിയടിക്കുന്നുണ്ടെന്ന് ഈ വരികള്‍ സൂചിപ്പിക്കുന്നു.

  "അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല". അതെ സ്ത്രീശക്തികൂടെയുണ്ടെങ്കിലേ പുരുഷന്‍ പൂര്‍ണനാകുന്നുള്ളു.

  വള്ളി(സ്ത്രീ)യില്ലെങ്കില്‍ ശിവം ശവമാകുമെന്നു ചുരുക്കം.

  ReplyDelete
 10. നാരായണനും, നാരായണിയും...പേരില്‍ പോലും എന്തൊരു ചേര്‍ച്ച..
  നല്ല അവതരണം...ആശംസകള്‍..

  ReplyDelete
 11. നാരായണനും... നാരായണിയും....
  നന്നായിട്ടുണ്ട്....ആശംസകൾ....

  ReplyDelete
 12. ഈ കഥ മുന്‍പൊരിക്കല്‍ അമ്മ മലയാളം എന്ന ബ്ലോഗില്‍ കണ്ടതായി ഓര്‍ക്കുന്നു.. നല്ല അവതരണം.

  ReplyDelete
 13. കോള്ളാട്ടാ.....സസ്നേഹം

  ReplyDelete
 14. കഥ ചിരിപ്പിച്ചു. ഒരു നുണ നേരാവാന്‍ പിന്നെ ഒരു പാട് നുണകള്‍ പറയേണ്ടി വരും അല്ലെ. ടീച്ചറുടെ നുണ കേട്ടപ്പോള്‍ മാസ്റ്റര്‍ക്ക് കൈപ്പു തോന്നി ത്തുടങ്ങിയത് സ്വാഭാവികം.
  അല്ല - നാരായണി ടീച്ചർ വാസ്തവത്തില്‍ മിനി ടീച്ചര്‍ തന്നെയാണോ. ?

  ReplyDelete
 15. Gopakumar V S (ഗോപന്‍ )-,
  ഗോപൻ, ആദ്യമായി കമന്റ് എഴുതിയതിനു നന്ദി.
  ചെറുവാടി-, Sabu M H-,
  ഈ കഥ മുൻപ് മറ്റൊരു ബ്ലോഗിൽ ഞാൻ പ്രസിദ്ധപ്പെടുത്തിയതാണ്. അഭിപ്രായത്തിനു നന്ദി.
  ശ്രീനാഥന്‍-, ആളവന്‍താന്‍-, റോസാപ്പൂക്കള്‍-, മഴ-, the man to walk with-, Hari | (Maths)-,
  അഭിപ്രായം എഴുതിയതിനു നന്ദി. ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ കൊച്ചു കൊച്ചു നുണകൾ പറയുന്നത് ഒരു വലിയ തെറ്റെല്ലങ്കിലും അത് ജീവിതത്തിൽ കല്ലുകടിയുണ്ടാക്കാൻ ഇടയാക്കും.
  റിയാസ് (മിഴിനീര്‍ത്തുള്ളി)-, റ്റോംസ് കോനുമഠം-, Manoraj-, ഒഴാക്കന്‍.-, ഒരു യാത്രികന്‍-, Akbar-, മേഘമല്‍ഹാര്‍(സുധീര്‍)-,
  ഇവിടെ വന്ന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. നിരുപദ്രവങ്ങളായ നുണപറയുന്നതിനു മുൻപ് ആ നുണകൾ നേരാവാൻ സഹനുണകൾ കൂടി സംഘടിപ്പിക്കണം. നുണപറയാൻ നല്ല പരിശീലനം വേണം; സത്യം പറയാൻ പരിശീലനം വേണ്ട.
  അത് മിനിടീച്ചർ അല്ല. വർഷങ്ങളായി മിനിടീച്ചർക്ക് എല്ലാദിവസവും മരുന്ന്, അളവ് നോക്കി എടുത്ത് തരാനുള്ള കോണ്ട്രാക്റ്റ് ഭർത്താവിനു കൊടുത്തിരിക്കയാ.

  ReplyDelete
 16. രസിച്ചു...ആത്മകഥാംശം ഉണ്ടില്ലേ എന്നു തംശ്യം....

  ReplyDelete
 17. ഒരു പുഞ്ചിരി തന്നു..ഈ മിനികഥ.

  ReplyDelete
 18. ശരിക്കും നല്ല ഒരു മിനിക്കഥ!

  ReplyDelete
 19. ഇവിടെ ആണ്‍ ആദ്യം വായിൂച്കത്‌ പക്ഷെ അന്നേരം കമന്റാന്‍ നിവൃത്തിയില്ലായിരുന്നു.
  അതുകൊണ്ട്‌ ഇപ്പോള്‍ ദാ കമന്റാനായി ഒന്നു കൂടി വന്നു.
  കഥ വളരെ ഇഷ്ടപ്പെട്ടു നന്ദി

  ReplyDelete
 20. തുറക്കാത്ത കുപ്പിയിലെ മരുന്ന്.......നല്ല ചെപ്പടി മരുന്ന്

  ReplyDelete
 21. ചെറിയ കള്ളങ്ങള്‍ നിലനില്പ്നുവേണ്ടി തല്‍ക്കാലത്തേക്ക് പറയുന്നത് പറഞ്ഞ ഉടനെ തന്നെ അതെക്കുറിച്ച് മറന്നു പോകുന്നത് സാധാരണയാണ്. അതൊരുപക്ഷേ വലിയ കോളിളക്കം ശ്രഷ്ടിച്ചെക്കാം.
  വളരെ രസമായി പറഞ്ഞു.

  ReplyDelete
 22. നമ്മള്‍ പെണ്ണുങ്ങള്‍ കുപ്പിതുറക്കാതെയും മരുന്നു കുടിക്കും. എന്നാലും ഹരി ടെ ബാക്കി ശ്രീ എഴുതുതാന്‍ കഴിയില്ലല്ലൊ.ഹി ഹി.
  നല്ല എഴുത്ത്. വല്ലാതെ മനസ്സ് വിഷമിച്ചിരുന്നപ്പോളാ മിനീടെ അടുത്തു വന്നത്. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ......സമാധാനം.

  ReplyDelete
 23. Marunnukal ...!

  Manoharam, Ashamsakal...!!!

  ReplyDelete
 24. പലപ്പോഴും നുണകള്‍ പറഞ്ഞാല്‍ അറിയാതെ ഇങ്ങിനെ പലരും അബദ്ധത്തില്‍ പെട്ട് പോവാറുണ്ട്.
  കഥയെ ക്കാള്‍ കഥ പറയുന്ന ഗുണപാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എല്ലാവരും.

  ReplyDelete
 25. Good one, medicinal !

  www.mukulam.blogspot.com

  ReplyDelete
 26. സ്വിഫ്റ്റ് തിങ്ങ്സ്‌ ആര്‍ ബ്യുടിഫുള്‍...:)

  ReplyDelete
 27. സിറപ്പു കുടിക്കാത്ത (ഗുളിക എത്ര വേണമെങ്കിലും വിഴുങ്ങും) ഞാന്‍ എന്‍റെ കുറെ മരുന്നുകള്ളത്തരങ്ങളെ കുറിച്ച് ഓര്‍ത്ത്‌പോയി.
  ആശംസകള്‍....

  ReplyDelete
 28. poor-me/പാവം-ഞാന്‍-,
  അങ്ങനെ തംശയിക്ക്യോന്നു വേണ്ട, അത്മകഥയല്ല, അനുഭവകഥയാ; അഭിപ്രായം എഴുതിയതിനു നന്ദി.
  വരയും വരിയും : സിബു നൂറനാട്-, jayanEvoor-, ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-, ഷംസീര്‍ melparamba-, ആയിരത്തിയൊന്നാംരാവ്-, പട്ടേപ്പാടം റാംജി-,
  സ്വന്തം പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനായി നിരുപദ്രവകരങ്ങളായ കൊച്ചു കൊച്ചു കള്ളങ്ങൾ പറയും. എന്നാൽ പിന്നീട് അതൊരു വലിയ പ്രശ്നമായി മാറും. അഭിപ്രായം എഴുതിയതിനു നന്ദി.
  ഉഷശ്രീ (കിലുക്കാംപെട്ടി)-, പെണ്ണുങ്ങൾ രക്ഷപ്പെടാനായി പലതും ചെയ്യും. അഭിപ്രായം എഴുതിയതിനു നന്ദി.
  Sureshkumar Punjhayil-, SULFI-, ..naj-, രമേശ്‌അരൂര്‍-, ~ex-pravasini*-,
  മരുന്ന് കള്ളത്തരങ്ങൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..