“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

2/21/11

ഇരകൾ

                          ആ ബസ്സിൽ യാത്രക്കാർ കുറവായത് കൊണ്ടായിരിക്കണം, കിളിയാൽ ഇന്റർവ്യൂ നടത്തപ്പെടാതെതന്നെ ചിഞ്ചു ബസ്സിൽ കയറി. ഫസ്റ്റ്‌ഹവർ ഫ്രീ ആയതുകൊണ്ട് പത്ത് മണികഴിഞ്ഞുള്ള യാത്ര ആയതിനാൽ പകുതിയോളം ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ബസ്സിൽ കയറിയ അവളെ വരവേറ്റപ്പോൾ ഇരിക്കാൻ കഴിഞ്ഞു. വലിയ പട്ടണത്തിനു സമീപമുള്ള കലാലയത്തിലെ ഒന്നാം‌വർഷം വിദ്യാർത്ഥിനിയാണവൾ.

                          സമയം അല്പം കഴിഞ്ഞപ്പോൾ ഓരോ സ്റ്റോപ്പിലും‌വെച്ച് കയറുന്നവരുടെ എണ്ണം കൂടുകയും ഇറങ്ങുന്നവരുടെ എണ്ണം കുറയുകയും ചെയ്യാൻ തുടങ്ങി. ചിഞ്ചുവിന്റെ സമീപം ഇരിക്കുന്നത് ഷഷ്ടിപൂർത്തി കഴിഞ്ഞെങ്കിലും പ്രായത്തിന്റെ അവശതകൾ പുറത്തുകാണിക്കാത്ത തലയിലെ കറുപ്പിനിടയിൽ ഏതാനും വെള്ളിക്കമ്പികളാൽ അലംകൃതയായ ഒരു വൃദ്ധയാണ്. അവർ ചിഞ്ചുവിനെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൾ അല്പം ഒതുങ്ങിയിരുന്നു. ഇനി അരമണിക്കൂർ യാത്രചെയ്താൽ കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങാം.

അല്പസമയം കഴിഞ്ഞപ്പോൾ അടുത്തിരിക്കുന്ന സ്ത്രീ ആരോടെന്നില്ലാതെ പറയാൻ തുടങ്ങി,
“എന്തൊരു കലികാലം, വയസ്സായാൽ അമ്മയെ മക്കൾക്ക് വേണ്ടാതായി,,,”
സസാരിക്കുന്നത് കേട്ടപ്പോൾ ചിഞ്ചു അവരെയൊന്ന് നോക്കി, ഒരു പാവം അമ്മ; അവർ ചിഞ്ചുവിന്റെ ഇടതുകരം ഗ്രഹിച്ച് അവളെ നോക്കി  സംസാരിക്കാൻ തുടങ്ങി,
“മക്കളെ പോറ്റി വലുതാക്കിയിട്ടെന്താ കാര്യം? അവരെല്ലാം വല്യആളായി ഒരു കല്ല്യാണം‌കൂടി കഴിച്ചാൽ അമ്മയെ വേണ്ടാതാവും. ഞാനെന്തിനാ ഇതെല്ലാം ഈ മോളോട് പറയുന്നത്?,,, മോളെ പേരെന്താ?”
ചിഞ്ചു പേര് പറഞ്ഞിട്ടും അവർ നിർത്താൻ ഭാവമില്ല,
“മോളെ ഞാനിത്രേം കാലം മൂത്ത മോന്റെ കൂടെയായിരുന്നു. സ്വത്തെല്ലാം അവന്റെ പേരിലാക്കിയപ്പോൾ അവരെന്നെ നോക്കാതായി. തിന്നാനും കുടിക്കാനും തരാതെ എന്നെയവർ മുറിയിൽ പൂട്ടിയിടും. ഇന്ന് രാവിലെ മരുമോള് കാണാതെ വീട്ടിന്നെറങ്ങി ആശുപത്രിയിൽ അഡ്മിറ്റായ എന്റെ ഇളയ മോളെ കാണാൻ പോവുകയ,,, മോള് പഠിക്ക്വാണോ? എവിടെയാ”
അവൾ നഗരത്തിലെ അതിപ്രശസ്തമായ കോളെജിന്റെ പേര് പറഞ്ഞു. ചിഞ്ചുവിന് അവരോട് സഹതാപം തോന്നി; ദുഷ്ടന്മാരായ മക്കൾ,,, അമ്മയുടെ സ്വത്ത് കൈക്കലാക്കിയപ്പോൾ അവരെ പൂട്ടിയിടുക; അവർക്കെതിരായി കേസു കൊടുക്കേണ്ടതാണ്. പെട്ടെന്ന് അവർ ചിഞ്ചുവിന്റെ കൈ മുറുകെ പിടിച്ചു,
“പഠിക്കുന്നകാലത്ത് എന്റെ മോളെക്കാണാൻ ഇതുപോലെ തന്നെയായിരുന്നു, ഇപ്പോൾ രോഗം‌വന്ന് ആകെ കാണാൻ പറ്റാത്ത അവസ്ഥയിലാ,,,”

                       ബസ്സ് ഓടിക്കൊണ്ടിരിക്കെ കണ്ടക്റ്റർ സമീപിക്കുന്നത് കണ്ടപ്പോൾ മുഷിഞ്ഞ വെള്ളസാരിയുടെ അറ്റത്ത് ചുരുട്ടിവെച്ച ഏതാനും നാണയങ്ങൾ കാണിച്ച് അവർ ചിഞ്ചുവിനോട് പരാതി പറയാൻ തുടങ്ങി,
“എന്റെ കൈയിൽ ആകെ ഇതാണുള്ളത്, മരുമോള് കാണാതെ എടുത്തതാ,,, മോള് എന്റേം ടിക്കറ്റെടുക്ക്വോ, മോള് പോകുന്ന കോളേജിന്റെ തൊട്ടു മുൻപിലെ ആശുപത്രിസ്റ്റോപ്പിലാണ്,,,”

                       സ്വന്തം അമ്മയും മുത്തശ്ശിയും വിളിക്കുന്നതുപോലെ മോളെയെന്ന് വിളിച്ച്, ഒരു പാവം സ്ത്രീ അവരുടെ സങ്കടങ്ങൾ പറഞ്ഞപ്പോൾ ചിഞ്ചുവിന് മനസ്സിന്റെ ഉള്ളിൽനിന്നും വേദനകൾ ഉയരാൻ തുടങ്ങി. ഈ പാവത്തെ മുറിയിൽ അടച്ചുപൂട്ടാൻ ആ ദുഷ്ടസ്ത്രീക്ക് തോന്നിയല്ലോ; സ്ത്രീകളെ പീഡിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് സ്ത്രീകൾ തന്നെയാണ്,,, അവർക്ക് ദൈവം കൂലി കൊടുക്കാതിരിക്കില്ല,,,
അവൾ അഞ്ച് രൂപകൊടുത്ത് ആശുപത്രി സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത് അവർക്ക് നൽകി.

                        അവർ ചിഞ്ചുവിനോട് വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാതാപിതാക്കളുടെ ഏകമകളായ അവളുടെ അച്ഛൻ ബിസ്‌നസ്‌കാരനാണെന്നും വീട്ടുകാര്യങ്ങൾ നോക്കുന്നത് അമ്മയാണെന്നും അവൾ അറിയിച്ചു. ആ സ്ത്രീയെ കൂടുതൽ പരിചയപ്പെട്ടപ്പോൾ ചിഞ്ചുവിന് മരിച്ചുപോയ മുത്തശ്ശിയെ ഓർമ്മവന്നു. അവർ കാണാൻ ഇങ്ങനെയായിരുന്നു; എങ്കിലും മരിക്കുന്നതുവരെ എല്ലാവരും അവരെ സ്നേഹിച്ചിരുന്നു.

                        ബസ് പതുക്കെ പോവുകയാണ് അതുവരെ വാതോരാതെ സംസാരിച്ചിരുന്ന ആ സ്ത്രീ പെട്ടെന്ന് ഇരിപ്പിടം വിട്ട് എഴുന്നേറ്റു. ബസ്സിലെ കമ്പി പിടിച്ച് പതുക്കെ നടന്ന് അവർ കണ്ടക്റ്ററുമായി സംസാരിക്കുന്നത് ചിഞ്ചു കൌതുകത്തോടെ നോക്കി. അല്പനേരത്തെ സഭാഷണത്തിനുശേഷം അവർ തിരികെ വന്ന് സീറ്റിലിരുന്ന് ചിഞ്ചുവിനോട് പറഞ്ഞു,
“മോളൊന്ന് എന്റെ കൂടെ ആശുപത്രിയിൽ വരണം. ഇതുവരെ ഒറ്റക്ക് വെളിയിലൊന്നും പോകാത്ത ഞാൻ എങ്ങനെയാ അവിടെപ്പോയി എന്റെ മോളെ കണ്ടുപിടിക്കുക? കണ്ണിന് തകരാറുള്ളതുകൊണ്ട് അവിടെ ബോർഡിൽ എഴുതിയ പേര്‌പോലും വായിക്കാനാവില്ല,,”
“അയ്യോ ഞാനെങ്ങനെയാ? എനിക്ക് കോളേജിലെത്താൻ വൈകും”
ചിഞ്ചുവിന് ആകെ വിഷമമായി; ടിക്കറ്റെടുത്തതും പരാതികൾ കേട്ടതും ഒടുവിൽ തന്നെക്കൊണ്ടാവാത്ത ഇങ്ങനെയൊരു സഹായത്തിനാണോ?
“അതൊന്നും പറഞ്ഞാൽ പറ്റില്ല, എന്റെ മോള് ആശുപത്രിയിൽ വരണം”
ഇത്തവണ അവരുടെ അപേക്ഷ നിർദ്ദേശമായി മാറി.
“എനിക്ക് വരാനാവില്ല, പെട്ടെന്ന് കോളേജിൽ എത്തണം”
അവരുടെ ആവശ്യത്തിനു മുന്നിൽ അന്തംവിട്ടിരുന്ന ചിഞ്ചു വീണ്ടും പറഞ്ഞു.
ബസ് ആശുപത്രി സ്റ്റോപ്പിൽ എത്താറായപ്പോൾ ആ സ്ത്രീയുടെ ശബ്ദം ഉയരാൻ തുടങ്ങി,
“നീയൊന്നും പറയേണ്ട, എന്റെകൂടെ ആശുപത്രിയിൽ വരുന്നതാ നിനക്ക് നല്ലത്,,”
ആശുപത്രിയുടെ മുന്നിൽ ബസ് നിന്നതോടെ ആ സ്ത്രീയുടെ ശബ്ദം‌കേട്ട് ഏതാനും യാത്രക്കാരും കണ്ടക്റ്ററും അവരുടെ സമീപിച്ചു. പെട്ടെന്ന് ആ വൃദ്ധ മറ്റുള്ളവരെ നോക്കി പറയാൻ തുടങ്ങി,
“ഇവൾ എന്റെ മകളുടെ ഒരേയൊരു മകളാണ്,,, കോളേജിൽ പഠിച്ചിട്ട് തോറ്റതിനാൽ മാനസികരോഗിയായി മാറിയിരിക്കയാ,,, എപ്പോഴും പറയും കോളേജിൽ പോകണംന്ന്; ഞാനവളെ ഇവിടെ അടുത്തുള്ള ഡോക്റ്ററെ കാണിക്കാൻ കൊണ്ടുപോവുകയാ”

                          പെട്ടെന്ന് ചിഞ്ചു ഭയപ്പെടാൻ തുടങ്ങി, ഇവർ ഒരു മനോരോഗി ആണോ? തലക്ക് വട്ടയതുകൊണ്ടായിരിക്കാം മുൻ‌പരിചയമില്ലാത്ത തന്നെനോക്കി ഇങ്ങനെയൊക്കെ പറയുന്നത്! അവൾ എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു,
“ഇവരെന്റെ ആരുമല്ല, ഇപ്പോൾ ബസ്സിൽ‌വെച്ച് പരിചയപ്പെട്ടതാ,,, എനിക്ക് കോളേജിൽ പോകണം”
“എന്റെ കൊച്ചുമോള് ഇങ്ങനെയൊക്കെ പറയുമെന്ന് ഞാനാദ്യംതന്നെ നിന്നോട് പറഞ്ഞതല്ലെ?” കണ്ടക്റ്ററെ നോക്കി അത്രയും പറഞ്ഞ് ആ സ്ത്രീ ചിഞ്ചുവിനെ മുറുകെപിടിച്ചു. അവൾ കുതറിമാറാൻ ശ്രമിച്ചപ്പോൾ അവർ മറ്റുള്ളവരെ സഹായത്തിനായി വിളിച്ചു കരയാൻ തുടങ്ങി,
“അയ്യോ, ഒന്ന് സഹായിക്ക്, എല്ലാരും‌ചേർന്ന് എന്റെ മോളെ ബസ്സിന്ന് ഇറക്കിവിട്,,, സുഖമില്ലാത്തോളാ,,”
അവരെ സഹായിക്കാനായി മുന്നിൽ വന്ന കണ്ടക്റ്ററും കിളിയും യാത്രക്കാരും ഒന്നിച്ച് പറഞ്ഞു,
“പെങ്ങളെ വെറുതെ ഞങ്ങൾക്ക് പണിയാക്കല്ലെ, പിരി ഇളകിയ ഒരു കോളേജ്‌കുമാരി,,, മുത്തശ്ശീടെകൂടെ ആശുപത്രിയിൽ പോയി നല്ല ഡോക്റ്ററെ കാണിക്ക്,,,”
“ഞാനിവരുടെ ആരുമല്ല, ഈ മുത്തശ്ശി പറയുന്നതെല്ലാം തട്ടിപ്പാണേ,,,”
അവൾ വിളിച്ച് കൂവിയത്‌കേട്ട് യാത്രക്കാരികൾ പരിഹസിച്ച് ചിരിച്ചു.
“പ്രായമായ മുത്തശ്ശിയെ തള്ളിപ്പറയുന്ന ഒരു പെണ്ണ്, അഹങ്കാരി,,,”
ചിഞ്ചുവിന്റെ എതിർപ്പും കരച്ചിലും അവഗണിച്ച് ആ വൃദ്ധയോടൊപ്പം ബസ്സിൽ‌നിന്ന് ഏതാനും‌പേർ ചേർന്ന് പിടിച്ചിറക്കിയ നേരത്ത് അവൾ കരയാൻ തുടങ്ങി.

ഒരു പെൺ‌കുട്ടിയെ ബസ്സിൽ‌നിന്നു പുറത്താക്കി, അങ്ങനെ ഒരു നല്ലകാര്യം ചെയ്തതിൽ യാത്രക്കാരും ബസ്‌ജീവനക്കാരും സന്തോഷിച്ചു.
“ആ അമ്മൂമ്മ ആദ്യമേ എന്നോട് പറഞ്ഞിരുന്നു, അവൾ മാനസികരോഗിയാണെന്ന്” കണ്ടക്റ്റർ,
“നല്ലൊരു പെൺകുട്ടി അതിങ്ങനെ രോഗിയായി പോയല്ലോ,,,” യാത്രക്കാരിയായ ഒരു യുവതി,
“ഒരു പെൺ‌കുട്ടിക്ക് വേണ്ടി ഞങ്ങൾ ഒരു നല്ല കാര്യം ചെയ്തത് നോക്കിയാട്ടെ, എന്നിട്ടും യാത്രക്കാരായ ആണുങ്ങളെ എല്ലാവരും കുറ്റം പറയും” ബസ്സിനകത്തിരിക്കുന്ന കാരണവർ പറഞ്ഞു.

                         ബസ്സിൽ‌നിന്ന് പിടിച്ചിറക്കിയപ്പോൾ ഉണ്ടായ ഞെട്ടൽ വിട്ടുമാറുന്നതിനുമുൻപ് ചിഞ്ചുവിനും ആ സ്ത്രീക്കും മുന്നിൽ ഒരു ചുവന്ന മാരുതിവാൻ വന്ന് നിർത്തി. അതിൽ‌നിന്നിറങ്ങിയ രണ്ട്‌ യുവാക്കൾ ചിഞ്ചുവിനെ പിടിച്ച് അകത്തേക്ക് തള്ളുമ്പോൾ അവൾ ‘രക്ഷിക്കണേ,,,’ എന്ന് പറഞ്ഞ് അലറിക്കരഞ്ഞു. വണ്ടിയുടെ പിന്നിൽ ഇരയെ കയറ്റിയശേഷം, മുന്നിലെ ഡോർ‌തുറന്ന് അകത്തുകയറിയ മുത്തശ്ശി, ഡോറിന്റെ കറുത്ത ഗ്ലാസ്സ് താഴ്ത്തുന്നതിനു മുൻപ് ബസ്സിലുള്ളവരെ നോക്കി നന്ദിസൂചകമായി കൈവീശി. കറുത്ത ഗ്ലാസ്സുള്ള ചുവന്ന വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഉള്ളിൽ‌നിന്നും ഉയരുന്ന അവളുടെ കരച്ചിന്റെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതായി.

36 comments:

  1. സ്വകാര്യങ്ങള്‍ പങ്കു വയ്ക്കാതെയുള്ള സഹായങ്ങള്‍ മതി അല്ലേ ?

    ReplyDelete
  2. ഇത് എവിടെയോ കേട്ടതാണല്ലോ ടീച്ചറെ...

    ReplyDelete
  3. കഥ നന്നായി
    ആശംസകള്‍

    ReplyDelete
  4. @ഫെനില്‍-,
    ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി. വേണ്ടെടത്ത് വെച്ച് നിർത്തണം എന്നാണോ?
    @kARNOr(കാര്‍ന്നോര്)-, എന്റെ കാർന്നോരെ ഇത്തിരി കള്ളം കൂടി പറയാൻ ഇന്നത്തെ പെൺപിള്ളേർ പതിക്കണം. എന്റെ മകൾ ഒറ്റയ്ക്ക് ദൂരയാത്ര ചെയ്യുമ്പോൾ കൂടെയിരിക്കുന്ന തള്ളമാർ ചോദിച്ചാൽ പറയും, ‘ചേട്ടൻ പിന്നിലിരിക്കുന്നുണ്ടെന്ന്’. ഇല്ലാത്ത ചേട്ടൻ? അഭിപ്രായം എഴുതിയതിന് നന്ദി.
    @ദിവാരേട്ടn-,
    ഒന്ന് ഓർത്തു നോക്കിയാട്ടെ,,, അഭിപ്രായം എഴുതിയതിന് നന്ദി.
    @ismail chemmad-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  5. ടീച്ചറെ... കഥയുടെ പോക്ക് ആദ്യമേ മനസ്സിലായിരുന്നു. പിന്നെ ഒരു സംശയം. പെണ്‍കുട്ടി ഒറ്റയ്ക്കല്ലേ ബസ്സില്‍ കയറിയത്? പിന്നെ എങ്ങനെ കിളിയും കണ്ടക്റ്ററും ഒക്കെ തള്ളയുടെ വാക്ക് വിശ്വസിക്കും?
    ഓ.... എന്നെ സമ്മതിക്കണം, അല്ലെ ടീച്ചറെ?

    ReplyDelete
  6. അങ്ങനെയല്ല ലാസ്റ്റ്‌ പാരഗ്രാഫ് ഒഴിവാക്കാമായിരുന്നു.
    ഒരു ജോക്കില്‍ കഥ തീര്‍ക്കാമായിരുന്നു

    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete
  7. ആകെ പേടിയാകുന്നല്ലോ ടീച്ചറേ!

    ReplyDelete
  8. ഹേയ്........
    സംഭവിക്കാതിരിക്കട്ടെ ഇത്തരം നാടകങ്ങള്‍.

    പാവം.... തുനിഞ്ഞിറങ്ങിയാല്‍ അരേയും വീഴ്ത്താമല്ലേ... :(

    നല്ലത് വരട്ടെ

    ReplyDelete
  9. @ ആളവന്‍താന്‍
    താങ്കള്‍ ആ ബസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞ പോലെ ഒരു ഡിക്റ്ററ്റീവ് ചിന്ത ഇട്ട ശേഷമേ പ്രതികരിക്കൂ??
    എങ്കില്‍
    ഹൊ.... തന്നെ സമ്മതിക്കണം..!!

    :)

    ReplyDelete
  10. കഥ കഥയ്ക്കുവേണ്ടി!!!...അവതരണവും നന്നായോ????

    ReplyDelete
  11. എന്റീശ്വരാ..ഇക്കാലത്ത്‌ ആരെയും സഹായിക്കാന്‍ മേലേ..

    ReplyDelete
  12. കഥയിൽ ചില ചോദ്യങ്ങളൂണ്ടെങ്കിലും , “സൂക്ഷിക്കണം” എന്ന ധ്വനി .
    ആശംസകൾ………….

    ReplyDelete
  13. കഥ ഇന്നത്തെ കാലത്ത്‌ പ്രസക്തം തന്നെ.
    ഓരോ കുട്ടികളും സൂക്ഷിക്കണം!

    ReplyDelete
  14. കൂടെകിടക്കുന്നവൻ കൊലക്ക് കൊടുക്കുന്ന കാലം!
    ഇതും ഇതിനപ്പുറവും സംഭവിക്കും.. കഥയിൽ സന്ദേശമുണ്ട്....
    പെൺകുട്ടികളെ കാപാലികർക്ക് മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്നത് സ്ത്രീകൾ തന്നെയാകുമ്പോൾ അത് എളുപ്പമാകും....
    നമ്മുടെ നാട്ടിലെ പ്രമാദമായ പെൺകേസ്സുകളുടെ തുടക്കവും ഇങ്ങനെയൊക്കെതന്നെ ആയിരുന്നല്ലൊ..

    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  15. കഥ കൊള്ളാം, ചോദ്യങ്ങള്‍ ഒരുപാടുണ്ട്, സംഭവിച്ചു കൂടായ്കയും ഇല്ല,

    പക്ഷേ, പ്രായമായവരുടെ വാക്കുകള്‍ കേള്‍ക്കുന്നതു പോലെ കൌമാരക്കാരുടെയും വാക്കുകള്‍ സമൂഹം കേള്‍ക്കില്ല എന്നു പറയുന്നത്, യോജിക്കാനാവുന്നില്ല

    ഹാഷിം ചോദിച്ചതു പോലെ, അല്പം ഡിറ്റക്ടീവ് ചിന്തകളൊക്കെ ഉള്ള ആള്‍ക്കാരും ഉണ്ട് മാഷെ നമ്മുടെ സമൂഹത്തില്‍, ആ കുട്ടിയോട് കോളേജ് ഐഡി കാര്‍ഡ് ചോദിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു, ഇല്ലങ്കില്‍ അവളുടെ ബാഗൊന്നു നോക്കിയാല്‍, പഠിക്കുന്ന കുട്ടിയുടെ ബാഗില്‍ നോട്ട് ബുക്കെങ്കിലും കാണില്ലേ

    കഥകളിലും ഒളിയമ്പെയ്യുന്ന രീതി, എന്തോ അംഗീകരിക്കാനാവുന്നില്ല :-)

    ReplyDelete
  16. ടീച്ചറേ,

    വല്ലാത്ത ഒരു ഷോക്കാക്കി കളഞ്ഞല്ലോ.. ഹോ.. ഇത്രക്കും വേണ്ടായിരുന്നു.

    ReplyDelete
  17. @ആളവന്‍താന്‍-,
    ഒറ്റയ്ക്ക് ബസ്സിൽ കയറിയത് എല്ലാവരും കാണണമെന്നില്ല. കഥയങ്ങനെ പോകട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
    @Anju Aneesh-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ശ്രീനാഥന്‍-,
    പേടിക്കേണ്ട, ഇത്തിരി ധൈര്യം മതി. അഭിപ്രായം എഴുതിയതിന് നന്ദി.
    @കൂതറHashimܓ-,
    അവർ ഒരു സ്ത്രീയാണെന്നും പ്രായമുള്ളവരാണെന്നും കാണുന്ന നമ്മൾ വിശ്വസിക്കേണ്ട, എല്ലാ വാണിഭത്തിനു പിന്നിലും പ്രതിസ്ഥാനത്ത് ഒരു സ്ത്രീയെങ്കിലും കാണും, കോടാലിക്കൈ ആയിട്ട്,,, ഒരിക്കൽ കോഴിക്കോട് ബസ്സിൽവെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ എന്റെ വീടിനടുത്തുള്ള പട്ടണത്തിലെ ബാർ‌ഹോട്ടലിനെയും ബാറുകളെയും കുറിച്ചാണ് അന്വേഷിച്ചത്.
    പിന്നെ ഈ ഡിക്റ്ററ്റീവ് ചിന്ത പല അവസരത്തിലും കാണണമെന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @nikukechery-,
    കഥ കഥയായി കാണുക. ഇത് ബ്ലോഗ് ആയതുകൊണ്ട് അവതരണം ഇനിയും മാറ്റാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @റോസാപ്പൂക്കള്‍-,
    സഹായിക്കണം, ആളെ അറിഞ്ഞ് സഹായിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. @Naushu-,
    കലികാലം തന്നെയാ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @sm sadique-,
    ശരിക്കും സൂക്ഷിക്കണം, അഭിപ്രായം എഴുതിയതിന് നന്ദി.
    @തെച്ചിക്കോടന്‍-,
    ശരി തന്നെയാ, സൂക്ഷിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @സുജിത് കയ്യൂര്‍-,
    ഇവിടെ വന്നതിനും കഥ വായിച്ചതിനും നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-,
    സ്ത്രീകൾ, അതും പ്രായമുള്ള അമ്മൂമ്മയാണെന്ന് തോന്നുന്ന പലരെയും വാണിഭത്തിനു പിന്നിൽ നമ്മൾ കാണുന്നതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    @നല്ലി . . . . . -,
    ഈ ഡിക്റ്ററ്റീവ് ചിന്ത ഉദിക്കുമ്പോഴേക്കും ഇരയെ പിടിച്ചവർ സ്ഥലം വിട്ടിരിക്കും. ‘തോമസ്‌കുട്ടി വിട്ടോടാ,,,‘ എന്ന് പറയേണ്ടി വരുമോ, എന്ന് പലർക്കും തോന്നാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Manoraj-,
    എന്റെ മനോരാജെ ഈ കഥക്കു പിന്നിൽ പലരും പറഞ്ഞുകേട്ട ഒരു സംഭവം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  19. സംഭവിച്ചേക്കാവുന്നതാണ്. കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  20. ഈ സംഭവം പണ്ട് ശരിക്കും നടന്നതല്ലേ..?കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ പത്രത്തില്‍ നിന്നും വായിച്ചിരുന്നു. പക്ഷെ ആ പെണ്‍ക്കുട്ടി എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ആ സ്ത്രി അമ്മയെന്നാണ് അവകാശപെട്ടത്‌. അവര്‍ ആ കുട്ടിയെ പരിച്ചയപെടുകയും പേരും വിവരവും എല്ലാം ചോദിച്ചു അറിഞ്ഞു. എന്നിട്ടാണ് നാടകം കളിച്ചത്.പക്ഷെ ബസിലെ ഏതോ യാത്രക്കാരന്‍ പെണ്‍ക്കുട്ടി ബസില്‍ കയറുന്നത് ശ്രദ്ധിച്ചിരുന്നു. ആ കുട്ടി ഒറ്റക്കായിരുന്നു കയറിയതെന്നും. ആ സ്ത്രി പിന്നീടാണ് ബസില്‍ കയറിയതെന്നും അയാള്‍ പറഞ്ഞു.ആ കുട്ടി പിന്നീട് സ്വന്തം ID എല്ലാം എടുത്തു കാണിച്ചു. കള്ളി വെളിച്ചതാവുമെന്നു ഉറപ്പായപ്പോള്‍ ആ സ്ത്രി മുങ്ങുകയായിരുന്നു.

    ഇങ്ങനെയുള്ള യാത്രയില്‍ ആരോടും സ്വന്തം details പറയാതിരിക്കുന്നതാണ് നല്ലത്..

    ReplyDelete
  21. @കുമാരന്‍ | kumaran-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Sneha-,
    ഈ കഥയുടെ ആദ്യഭാഗം നമ്മുടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു വലിയ പട്ടണത്തിൽ ഏതാനും വർഷം മുൻപ് സംഭവിച്ച കാര്യം പറഞ്ഞുകേട്ടതിൽ നിന്നാണ് ഓർമ്മിച്ച് എഴുതിയത്. ആ സംഭവത്തിൽ പോലീസിനെ വിളിച്ചിട്ട് കാര്യം തീരുമാനിക്കാം എന്ന് യാത്രക്കാരൻ പറഞ്ഞപ്പോൾ, ആ പ്രായമുള്ള സ്ത്രീ പെട്ടെന്ന് ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ അടുത്ത നിമിഷം അവരുടെ മുന്നിൽ വന്ന് നിർത്തിയ കാറിൽ കയറി സ്ഥലം വിടുകയാണ് ഉണ്ടായത്, എന്ന് പറഞ്ഞുകേട്ടു. ആ ഓർമ്മയിൽ ഒറ്റക്ക് ദൂരയാത്ര ചെയ്യുന്ന എന്റെമകൾ അടുത്തിരിക്കുന്ന സ്ത്രീകൾ ചോദിച്ചാൽ ‘ചേട്ടൻ കൂടെയുണ്ട്’ എന്ന് പറയാറുണ്ട്. മുൻ‌പരിചയമില്ലാത്ത ആരെയും വിശ്വസിക്കരുത് എന്നാണ് ഇതിലെ പാഠം.
    ഒടുവിലത്തെ ക്ലൈമാക്സ് സഹയാത്രക്കാർ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന വിപത്തിനെ കുറിച്ചാണ് (ട്രെയിനിൽ ചങ്ങല വലിക്കാത്തതു കൊണ്ട്, സൌമ്യയുടെ ദുരന്തം പോലെ). സ്നേഹക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. പിന്നെ അഭിപ്രായം എഴുതിയതിന് നന്ദിയുണ്ട്.

    ReplyDelete
  22. കൊള്ളാം ടീച്ചറെ...
    പക്ഷെ, ഇങ്ങനെ ഒന്നും ഒരു കുട്ടിക്കും സംഭവിക്കാതിരിക്കട്ടെ...
    ഒറ്റയെണ്ണത്തിനേയും വിശ്വസിക്കാൻ പാടില്ലെന്ന് കാട്ടിത്തരുന്നു.

    ആശംസകൾ...

    ReplyDelete
  23. കുറേപേറ്‍ ഒരുമിച്ചു ചേറ്‍ന്നാല്‍ ഒരാളെ ഭ്രാന്തനാക്കാന്‍ കഴിയും. എനിക്കു പേടിയാകുന്നു.

    ReplyDelete
  24. ഇത് സംഭവിച്ചതോ സംഭവിച്ചുകൊണ്ടിരിക്കുന്ന്തോ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നു തന്നെ. 50 പേരെങ്കിലുമുണ്ടായിരുന്ന ബസ്സിലാർക്കും മിണ്ടാൻ നാവുണ്ടായിരുന്നില്ല.
    എന്റെ പുതിയ പോസ്റ്റും ഇതേ വിഷയത്തിൽ..

    ReplyDelete
  25. @jayarajmurukkumpuzha-, @ശങ്കരനാരായണന്‍ മലപ്പുറം-, @വീ കെ-, @ഒറ്റയാന്‍-, @Kalavallabhan-, @ഉമേഷ്‌ പിലിക്കൊട്-,

    അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി അറിയിക്കുന്നു..

    ReplyDelete
  26. ഇങ്ങനെയും സംഭവിച്ചേക്കാം..പക്ഷേ കഥ വായനക്കാരനോട്
    വല്ലാതെ അടുത്തു നിന്ന് സംസാരിച്ചത് കൊണ്ടാവും അവിശ്വസനീയത
    അനുഭവപ്പെട്ടത്.

    ReplyDelete
  27. @Muneer N.P-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  28. ഇതും സംഭവിക്കാന്‍ സാധ്യത ഏറെ ആണ് .......കലികാലം അല്ലാതെന്തു പറയാന്‍ .... വീണ്ടും ഒരു നല്ല കഥ ......അഭിനന്ദങ്ങള്‍ ടീച്ചര്‍ .....

    ReplyDelete
  29. ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാന്‍ പോയാലും കുഴപ്പമാ അല്ലെ?

    ReplyDelete
  30. നല്ല കഥ അഭിനന്ദങ്ങള്‍

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..