“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/7/11

ചിക്കു ഷെയിക്ക്

 
                       അമല ശ്രീനിവാസന്റെ വിരലുകൾ കീബോർഡിലും കണ്ണുകൾ മോണിറ്ററിലുമായി ചലിക്കുന്നുണ്ടെങ്കിലും മനസ്സ് വീട്ടിൽതന്നെയാണ്. ഭർത്താവ് ശ്രീനിവാസൻ മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനുശേഷം മൂന്ന് മാസത്തെ ഇടവേള ആസ്വദിക്കാനായി വീട്ടിൽ വന്നതുമുതൽ അമലയുടെ മനസ്സ് ഇളകിമറിയുകയാണ്. വെറുതെയുള്ള ഓരോ സംശയങ്ങൾ,,, ആരോടും പറയാനാവാത്ത ആരും വിശ്വസിക്കാത്ത ആശങ്കകൾ,,,
ഉത്തരം കിട്ടാത്ത അനേകം സമസ്യകൾ; അവളുടെ ഉള്ളിൽ‌കടന്ന്, ഭർത്താവിന്റെ സാമിപ്യം കൊണ്ടുള്ള സന്തോഷത്തെ തകർക്കുകയാണ്.

                     മനസ്സിൽ തോന്നുന്നത് ഒരിക്കലും സംഭവിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങളാണെന്ന് അമ്മു എന്ന് വിളിക്കുന്ന അമലക്ക് നന്നായി അറിയാം. എങ്കിലും ചിന്തകൾ കാട് കയറുകയാണ്.
“അമ്മുവിന്റെ ഭർത്താവ് വന്നതിന്റെ വകയായി എനിക്കൊന്നും തന്നില്ലല്ലൊ?”
പറയുന്നത് ഓഫീസിലെ പ്യൂൺ സുകുമാരേട്ടനാണ്.
“അതിനെന്താ ഇന്ന് വൈകുന്നേരത്തെ ചായ എല്ലാവർക്കും എന്റെ വകയാണ്”
“അത് വെറും ചായസൽക്കാരമല്ലെ; ഗൾഫ്‌ന്ന് വരുമ്പോ എനിക്ക് തരാൻ പറ്റിയതൊന്നും കൊണ്ടുവന്നില്ലെ?”
സുകുമാരേട്ടൻ ഉദ്ദേശിച്ചത് ഒരു ഒരു മൊബൈൽ ആയിരിക്കാം; നാല് മക്കളുടെ അച്ഛനായതിന്റെ പ്രാരബ്ദം ആ മുഖത്ത് എപ്പോഴും കാണാം.
“തിരക്കൊക്കെ കഴിഞ്ഞ് ഞാൻ നോക്കട്ടെ, സുകുമാരേട്ടന് തരാൻ പറ്റിയത് ഉണ്ടാവും, ഇപ്പോൾ ഈ ഫയലൊന്ന് ഓഫീസർക്ക് കൊടുത്താട്ടെ,”
ഫയലുമായി സുകുമാരേട്ടൻ പോയപ്പോൾ വീണ്ടും ചിന്തകൾ കടന്നുവരാൻ തുടങ്ങി,

                  ഭർത്താവ് ഗൾഫിലായിരിക്കുമ്പോൾ ഓഫീസ് ജോലിയോടൊപ്പം, വീടും വീട്ടുകാര്യവും മക്കളുടെ കാര്യവും നോക്കിനടത്തിയത് ഒറ്റയ്ക്കായിരുന്നു. നന്നായി പഠിക്കുന്ന മകൾ അച്ചു അത്യാവശ്യം വീട്ടുജോലികളിൽ സഹായിക്കും. സെക്കന്റ് സ്റ്റാന്റേർഡിൽ പഠിക്കുന്ന ഉണ്ണിക്ക് അമ്മയില്ലാതെ ഒരു കാര്യവും നടക്കില്ല. പ്രവാസജീവിതത്തിന്റെ വിരഹം മനസ്സിലേറ്റി, മരുഭൂമിയിലെ മണൽക്കാറ്റിൽ തനിക്കും മക്കൾക്കും വേണ്ടി അദ്ധ്വാനിക്കുന്ന ശ്രീയേട്ടനെ ഓരോ നിമിഷവും ഓർത്തുകൊണ്ട് ജീവിച്ചവളാണ് അമ്മു. അദ്ദേഹത്തിന്റെ ഓരോ വരവിലും ലഭ്യമാകുന്ന ആനന്ദം, അടുത്ത വരവ്‌വരെ അമ്മുവിന് കുളിരേകിയിരുന്നു. അസൂയാലുക്കളായ ബന്ധുക്കളെയും അയൽ‌വാസികളെയും അകറ്റിനിർത്തി, താനും രണ്ട് മക്കളും മാത്രമുള്ള, ശ്രീയേട്ടനെ മാത്രം കാത്തിരിക്കുന്ന ഒരുലോകം.  
                   നാല് ദിവസം മുൻപ് അദ്ദേഹത്തെ സ്വീകരിക്കാനായി മക്കളോടൊപ്പം എയർപോർട്ടിൽ എത്തി. ശ്രീയേട്ടൻ പുറത്തിറങ്ങിയ നിമിഷം; അതുവരെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച മനസ്സിലെ മോഹങ്ങൾ സന്തോഷത്തിരമാലകളായി അലയടിച്ച് അതിൽ മുങ്ങിക്കുളിച്ച അവസ്ഥയിൽ വാക്കുകൾ പുറത്തുവന്നില്ല. പരിസരം മറന്ന് സംസാരിക്കുന്നതിനിടയിൽ കൂട്ടത്തിൽ മൌനം‌പാലിച്ച്, ചിരിക്കുക മാത്രം ചെയ്യുന്ന അച്ചുവിനെ ശ്രീയേട്ടൻ ശ്രദ്ധിച്ചു,
“എന്റെ മോളെന്താ ഒന്നും മിണ്ടാത്തത്? എടീ നീയങ്ങ് ഉരുണ്ട് തടിച്ചല്ലൊ,”
                    വെളിയിൽ വന്നതുമുതൽ കൈപിടിച്ച ഉണ്ണിയെ ഒഴിവാക്കി അദ്ദേഹം അച്ചുവിനെ പരിസരം മറന്നുകൊണ്ട് കെട്ടിപ്പിടിച്ചു.
                 പണ്ടേ അച്ഛനും മകളും ഇങ്ങനെയാണ്, അതുകണ്ട് പരിസരത്തുള്ളവർ ശ്രദ്ധിക്കുന്നത് അവഗണിച്ചു. വിരഹങ്ങൾക്കും കൂടിചേരലുകൾക്കും മൂകസാക്ഷിയാണല്ലൊ ഈ വിമാനതാവളം. സ്വന്തം മകളെ അച്ഛൻ സ്നേഹിക്കുന്നത് കണ്ട് തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അസൂയ തോന്നിയിരിക്കാം’.

                      യാത്രയിൽ നിശബ്ദരായെങ്കിലും ഉച്ചഭക്ഷണത്തിനായി ഹോട്ടലിൽ കയറിയപ്പോൾ അദ്ദേഹം വാചാലനായി. ഓഫീസിലെയും വീട്ടിലെയും കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നതിനിടയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയും ഫിഷ്‌ഫ്രൈയും മുന്നിലെത്തി. വീട്ടിലെത്തിയപ്പോഴാണെങ്കിൽ അച്ഛനും മക്കളും ചേർന്ന് ആകെ ബഹളംതന്നെ. തനിക്കും മക്കൾക്കുമായി എത്രമാത്രം സാധനങ്ങളാണ് വാങ്ങിക്കൂട്ടിയത്! കൂട്ടത്തിൽ മക്കൾക്ക് വേണ്ടി വാങ്ങിയ പാവകളും കളിപ്പാട്ടങ്ങളും കണ്ടപ്പോൾ അമ്മയുടെയും മക്കളുടെയും കണ്ണുകളിൽ ആശ്ചര്യത്തിളക്കം. പ്രവാസജീവിതത്തിൽ മുങ്ങിയ അച്ഛന്റെ മനസ്സിൽ മക്കൾ ഇപ്പോഴും കളിക്കുട്ടികളാണ്.

                      അദ്ദേഹത്തിന്റെ വരവറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾക്കിടയിൽ നിന്ന് സ്വതന്ത്രമാവുന്നത് രാത്രി ആയപ്പോഴാണ്. അത്താഴം കഴിക്കാൻ ഡൈനിംഗ് ടേബിളിനു മുന്നിലിരുപ്പോൾ ശ്രീയേട്ടന്റെ സംഭാഷണം മുഴുവൻ മകൾ അച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു. വർഷങ്ങളായി വിദേശവാസം കഴിഞ്ഞെത്തിയ പിതാവല്ലെ,,, അദ്ദേഹം പറഞ്ഞതിൽ അപാകതയൊന്നും കണ്ടെത്താൻ തനിക്കെന്നല്ല ആർക്കും കഴിയില്ല. പ്രായപൂർത്തിയായ മകളുടെ മുടിയിഴകളെക്കുറിച്ചും അവളുടെ കവിളിലുള്ള മുഖക്കുരു മാറ്റാനുള്ള ക്രീമിനെക്കുറിച്ചും അവൾ ധരിച്ച ചൂരീദാർ ബോഡിക്ക് മാച്ച് ചെയ്യാത്തതാണെന്നും പറയുന്നത് സ്വന്തം പിതാവ് തന്നെയാണല്ലൊ. കുടുംബത്തിൽ നിന്നകന്ന് മൂന്ന് വർഷം മരുഭൂമിയിൽ ജീവിച്ച അദ്ദേഹത്തിന് എല്ലാറ്റിലും ഒരു പുതുമ ദർശ്ശിക്കാൻ കഴിഞ്ഞു.  എന്നാൽ അത് മകളെക്കുറിച്ച് മാത്രമായതിൽ ഉണ്ണിയുടെ കൊച്ചുമനസ്സിൽ പരാതി ഉയർന്നു,
“ഈ പപ്പയെന്താ ചേച്ചിയെപറ്റി മാത്രം പറയുന്നത്?”
“അത് നീ ആൺ‌കുട്ടിയല്ലെ, ഇതെന്റെ മകളാണ് അച്ചു,,”
അത്രയും പറഞ്ഞ് ഒരു ഉരുള ചോറ് അച്ചുവിന് നൽകിയത് അവന് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും പറഞ്ഞില്ല. കണ്ണെടുക്കാതെ സ്വന്തം മകളെ നോക്കി സംതൃപ്തി അടയുന്ന പിതാവിനെ കണ്ടപ്പോൾ അമ്മുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
‘നോക്കട്ടെ,, മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം വന്നെത്തിയ അച്ഛൻ, അമ്മവളർത്തിയ മകളെ കണ്ണുനിറയെ കാണട്ടെ’.             
                       ഭർത്താവിന്റെ സാമീപ്യംകൊണ്ട് അമ്മുവിന്റെ ശരീരവും മനസ്സും ഒരുപോലെ ലഹരിയിൽ മുങ്ങിത്താഴുകയാണ്. രാത്രികൾക്ക് നീളം കുറവാണോ? ഇനി രണ്ട് ദിവസം ലീവെടുത്ത് വീട്ടിലിരുന്ന് ആഘോഷിക്കണം. മക്കൾ സ്ക്കുളിൽ പോയിട്ടുവേണം എല്ലാം മറന്ന് ആ മാറിലൊന്ന് തലചായ്ച്ച് കിടക്കാൻ.

                       പിറ്റേന്ന് രാവിലെ മക്കൾ രണ്ട്‌പേരും ഏറെ സന്തോഷത്തോടെ സ്ക്കൂളിലേക്ക് പോകാൻ തയ്യാറായി. ആദ്യം വന്നത് ഉണ്ണിയുടെ സ്ക്കൂൾ വാൻ; അച്ഛനോടും അമ്മയോടും റ്റാറ്റ പറഞ്ഞ് അവൻ വണ്ടിയിൽ കയറി. പത്ത് മിനിട്ട് കഴിഞ്ഞ് അച്ചുവിന്റെ സ്ക്കൂൾ ബസ് വരുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഒരു അഭിപ്രായം,
“ഇന്ന് എന്റെ മോള് സ്ക്കൂളിൽ പോകണ്ട, ഇവിടെ വന്നിട്ട് മോളെ മര്യാദക്കൊന്ന് കാണാൻ‌പോലും പറ്റിയിട്ടില്ല; അമ്മയും മോനും പോയിക്കോട്ടെ,,,”
                      അച്ഛന്റെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ മകൾ അമ്മയുടെ മുഖത്തുനോക്കിയപ്പോൾ അമ്മുവിന് ഞട്ടലുണ്ടായി. 
... മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ആളാണ് മകളോട് ഒരു ദിവസം ‘സ്ക്കൂളിൽ പോകണ്ട’ എന്ന് പറയുന്നത്!! ഇങ്ങേർക്കെന്ത് പറ്റീ?
... ‘മക്കളെ സ്ക്കൂളിൽ പറഞ്ഞയച്ച്, നാളെ നമുക്കൊന്ന് ആഘോഷിക്കാം’ എന്ന് ഇന്നലെ രാത്രി ചെവിയിൽ പറഞ്ഞ ആളാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്!
... വലിയ ഭാരവും താങ്ങിയെടുത്ത് ഗെയിറ്റിനു മുന്നിൽ വന്ന സ്ക്കൂൾ വാനിൽ അച്ഛന് റ്റാറ്റ പറഞ്ഞുകൊണ്ട് മകൻ കയറിപ്പോയപ്പോൾ ഒരക്ഷരവും പറയാത്ത ആളാണ് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളോട് സ്ക്കൂളിൽ പോവണ്ട എന്ന് പറയുന്നത്!

                       അമ്മുവിന് എന്തോ ഒന്ന് ഫീൽ ചെയ്യാൻ തുടങ്ങി; എങ്കിലും ആ സ്നേഹം,,, അതവളെ ചിന്തകളിൽ നിന്ന് പിൻ‌തിരിപ്പിച്ചുകൊണ്ട് വാക്കുകൾ പുറത്തുവന്നു,
“അത്‌പിന്നെ ഇന്ന് ഉണ്ണിയെ സ്ക്കൂളിലേക്കയച്ച് അച്ചു ലീവെടുക്കുന്നത് കൊച്ചു കുട്ടിയാണെങ്കിലും അവന് പ്രയാസം തോന്നുകയില്ലെ? നാളെ രണ്ട്‌പേർക്കും ലീവെടുക്കാം”
“പരീക്ഷ അടുത്ത സമയത്ത് ആരും ലീവെടുക്കരുത്’, എന്നാണ് മിസ്സ് പറഞ്ഞത്, പപ്പ ഇന്ന് ഞാൻ പോയ്‌ക്കോട്ടെ?”
അത്രയും പറഞ്ഞ് പപ്പയെ ഒന്നുകൂടി നോക്കിയപ്പോൾ പാതിമനസ്സോടെ അദ്ദേഹം മകൾക്ക് യാത്രാനുമതി നൽകി.
                         മക്കൾ രണ്ട്‌പേരും സ്ക്കൂളിൽ പോയെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും കാരണം ശ്രീയേട്ടനോട് ഒറ്റക്ക് സംസാരിക്കാൻ അമ്മുവിന് നേരം കിട്ടിയില്ല. തിരക്കോട് തിരക്ക് തന്നെയാണെങ്കിലും അനിർവ്വചനീയമായ ആനന്ദവും പേറി ദിവസങ്ങൾ രണ്ടെണ്ണം കടന്നുപോയത് അറിഞ്ഞില്ല.

ഇന്നലെ രാത്രി,,,
വികലമായ കാഴ്ചൾ തന്നെ അരുതാത്തത് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണോ?
                       സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റി ശ്രീയേട്ടനെ കെട്ടിപ്പിടിച്ച് ഉറങ്ങിയ അമ്മുവിന്റെ ഉറക്കത്തിന് പെട്ടെന്ന് തടസ്സം നേരിട്ടു. ഇരുട്ടിൽ വലതുകൈകൊണ്ട് ചുറ്റും പരതിയപ്പോൾ ഒരു സത്യം അവളെ ഞെട്ടിച്ചു;
തന്റെ കൂടെ ഉറങ്ങിയിരുന്ന ശ്രീയേട്ടൻ ആ കിടക്കയിൽ ഇല്ല,,,
ഞെട്ടലിന്റെ ഒടുവിൽ എഴുന്നേറ്റ് വെളിയിൽ‌വന്ന അമ്മുവിന് സ്വന്തം ഭർത്താവിനെ കാണാൻ കഴിഞ്ഞു.
തൊട്ടടുത്തുള്ള മകളുടെ മുറിയിൽ,,,
വെളിച്ചം കണ്ട് ഓടിയെത്തിയപ്പോൾ അവൾ വിയർപ്പിൽ കുളിച്ചിരുന്നു.

തന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു,
“ഇവൾ ഒറ്റക്ക് ഉറക്കമിളച്ച് പഠിക്കുന്നത് കണ്ടപ്പോൾ വന്നതാ, മോള് പഠിക്കുമ്പോൾ നീ കൂട്ടിരിക്കാറില്ലെ?”
“എല്ലാ ദിവസവും അവൾ ഇവിടെയിരുന്നല്ലെ പഠിക്കുന്നത്,, തൊട്ടപ്പുറത്ത് നമ്മൾ എല്ലാവരും ഉണ്ടല്ലൊ”
“എന്നാലും അവളെ ഒറ്റയ്ക്ക് പഠിക്കാൻ വിട്ട് നീ പോത്ത്‌പോലെ ഉറങ്ങുകയാണോ വേണ്ടത്?”
“മോളേ നീ പഠിക്കുമ്പോൾ ആരെങ്കിലും കൂടെയിരിക്കണോ?”
തന്റെ ചോദ്യം കേട്ട അച്ചു ഉടനെ മറുപടി പറഞ്ഞു,
“അയ്യോ, എനിക്ക് ഒറ്റക്ക് മുറിയടച്ചിരുന്നാലെ വല്ലതും തലയിൽ കയറുകയുള്ളു, ഈ പപ്പയോട് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല”
തിരികെ ബെഡ്‌റൂമിലേക്ക് പോരുമ്പോൾ അദ്ദേഹം പറയുന്നുണ്ടായിരുന്നു, ‘അവളെ തനിച്ചിരുന്ന് പഠിക്കാൻ വിടരുത്’,,,
                     എല്ലാം ഒരു തമാശ ആയി അമ്മുവിനു തോന്നി, തനിച്ചിരിക്കാതെ ആർക്കെങ്കിലും മനസ്സിരുത്തി പഠിക്കാവുമോ? വളരെക്കാലം വിദേശത്തായിരുന്ന അച്ഛന്റെ ചിന്തകൾ ഇങ്ങനെയൊക്കെ ആവാം.

                      ലീവ് കഴിഞ്ഞ് ഇന്ന് രാവിലെ ഓഫീസിലേക്ക് പുറപ്പെടാൻ നേരത്ത് അദ്ദേഹം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു,
“വൈകുന്നേരം നേരത്തെ പോരണം. മക്കളും കൂടി വന്നിട്ട്, ഒന്ന് കറങ്ങാൻ പോകണം”
                        ഓഫീസിലെത്തി ഫയലുകളിലും മോണിറ്ററിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഏതാനും നേരത്തേക്ക് വീടും വീട്ടുകാരും മനസ്സിൽ‌നിന്ന് അകന്നു. സഹപ്രവർത്തകരെല്ലാം അടുത്ത്‌കൂടി വിശേഷങ്ങൾ ചോദിക്കുകയാണ്. ഒരാഴ്ച ലീവെടുക്കാനാണ് പലരും ഉപദേശിക്കുന്നത്.
പിന്നെ പതിവ് ചോദ്യം തന്നെ, ‘എത്ര മാസത്തെ ലീവുണ്ട്? എപ്പൊഴാ തിരിച്ച് പോകുന്നത്?’
                      ചോദ്യം കേട്ടപ്പോൾ അമലയുടെ മനസ്സിൽ ദേഷ്യം പതഞ്ഞുപൊങ്ങിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. നാട്ടുകാരുടെ പൊതുസ്വഭാവം അതാണല്ലൊ, ‘അനേകം വർഷങ്ങൾക്ക് ശേഷം ഒരാൾ വിദേശത്തു നിന്ന് വന്നാലും ആദ്യചോദ്യം അതായിരിക്കുമല്ലൊ; ‘ഇനി എപ്പൊഴാ തിരിച്ചു പോകുന്നത്’. ഓഫീസിൽ എല്ലാവർക്കും തന്റെ വക വൈകിട്ട് ചായക്ക് ഓർഡർ ചെയ്തു, ഒരു ട്രീറ്റ്,,,

                     മൂന്ന് ദിവസം മുൻപ് ഓഫീസിൽ വന്ന ഫയൽ വായിച്ച് മറുപടി ടൈപ്പ് ചെയ്യുമ്പോഴാണ് ബാഗിനകത്തിരിക്കുന്ന മൊബൈൽ റിംഗ് ചെയ്തത്. ഓൺ‌ചെയ്തപ്പോൾ നമ്പർ കണ്ട് അച്ചുവിന്റെ അമ്മയായ, അമല ശ്രീനിവാസൻ ഞെട്ടിവിറച്ചു; മകളുടെ ഫോൺ!
മകൾക്ക് സ്വന്തമായ മൊബൈൽ, ഒരിക്കലും സ്ക്കുളിലേക്ക് കൊണ്ടുപോകാത്ത, സ്വന്തം മുറിയിലെ ഷെൽഫിൽ മകൾ അടച്ചു വെച്ച ഫോൺ റിംഗ് ചെയ്താൽ മകളുടെ അമ്മ എങ്ങനെ ഞെട്ടാതിരിക്കും?
വിറയലോടെ മൊബൈൽ ഞെക്കിയപ്പോൾ അച്ചുവിന്റെ പരിഭ്രമിച്ച ശബ്ദം,
“മമ്മീ, മമ്മി എവിടെയാ ഉള്ളത്?”
“ഞാൻ, ഓഫീസിൽ,, അല്ല,, മോളേ അച്ചൂ,, നീ ഇതെന്താ സ്ക്കൂളില്ലെ?”
“പപ്പ എന്റെ സ്ക്കൂളിൽ‌വന്ന് മിസ്സിനോട് പറഞ്ഞു, ‘മമ്മിക്ക് സുഖമില്ല’ എന്ന്,,,  മമ്മി ‘എന്നെ കാണണം’‌ന്ന് പറഞ്ഞത് കേട്ട് ഞാനാകെ പേടിച്ച് പപ്പേടെകൂടെ വണ്ടീല് വീട്ടില് വന്നിരിക്കയാ; എന്റെ മമ്മിക്ക് എന്താ പറ്റിയത്?”
“എനിക്കൊന്നും പറ്റിയില്ല. എന്നിട്ട് നിന്റെ പപ്പ?”
“വീട്ടെലെത്തിയപ്പോൾ പപ്പ പറയുന്നത് ‘മമ്മിക്കൊന്നും പറ്റിയിട്ടില്ല, വെറുതെ പറഞ്ഞതാണെന്ന്, പിന്നെ ഇതൊന്നും മമ്മിയെ അറിയിക്കണ്ടാന്ന്’, ഈ പപ്പേടെ ഒരു കാര്യം”
“എന്നിട്ട് നിന്റെ പപ്പയോ?”
“പപ്പ അടുക്കളയിലാണ്, എനിഷ്ടപ്പെട്ട ചിക്കുഷെയ്ക്ക് ഉണ്ടാക്കുകയാ. ഞാൻ പപ്പയറിയാതെ ബെഡ്‌റൂമിൽ നിന്നും മൊബൈലെടുത്ത് ബാത്ത്‌റൂമിൽ കയറി ഡോറ് ക്ലോസ് ചെയ്തിട്ടാ വിളിക്കുന്നത്, മമ്മിയൊന്ന് വരാമോ? എനിക്കാകെ എന്തോ,,,”
                       പെട്ടെന്ന് ഓഫ് ആയ മൊബൈൽ നോക്കിയിരിക്കെ അമല വിയർപ്പിൽ കുളിക്കാൻ തുടങ്ങി. അമലയുടെ  തലയിൽ അല്ല തലച്ചോറിനകത്ത് ചിക്കുഷെയ്ക്ക് കറങ്ങുകയാണ്. സുഖകരമായ മധുരിക്കുന്ന തണുപ്പിനു പകരം ചൂട്‌‌പിടിച്ച ചിക്കുഷെയ്ക്ക് അഗ്നിപർവ്വതത്തിൽ നിന്നുയരുന്ന ലാവകണക്കെ മസ്തിഷ്ക്കത്തിന് വെളിയിലേക്ക് തിളച്ചു മറിയുകയാണോ? ആ ലാവയുടെ അത്യുഗ്രമായ ചൂടുകൊണ്ട് പൊള്ളുന്ന മനസ്സ്, ഒരു മഹാസമുദ്രമായി മാറി അതിൽ നിന്നും സുനാമിത്തിരമാലകൾ ഉയർന്ന് പൊട്ടിത്തകരുന്നതിനു മുൻപ് അമല സ്വന്തം ബാഗുമെടുത്ത് ഓഫീസിൽ‌നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കമ്പ്യൂട്ടർ ഓഫാക്കാൻ മറന്നിരുന്നു. ഉച്ചവെയിലിന്റ് ചൂട് അറിയാതെ റോഡിലേക്ക് ഓടി, ആദ്യം കണ്ട ഓട്ടോ പിടിച്ച്, അതിൽ കയറുമ്പോൾ ഉച്ചവെയിലിനെക്കാൾ കൂടുതൽ ചൂട് അമലയുടെ ഉള്ളിലായിരുന്നു.

40 comments:

  1. എന്താ പറയുക .....എന്ത് ഒക്കെയോ പറയാനുള്ള ഒരു ധനി ഈ കഥയില്‍ മിഴിച്ചിരിക്കുന്നു .ഒരു അമ്മയുടെ വേവലാതി ആവാം അതുമലെങ്കില്‍ ലോകത്തിന്റെ ഈ അവസ്ഥയില്‍ ആശങ്കയും ആവാം ...പക്ഷേ ഒരു പൈങ്കിളി കഥയുടെ ആകാംഷ കാണാം

    ReplyDelete
  2. അല്ല എന്താണ് ഉദ്ദേശം .....
    ഒരു കയ്യലപുറത്തെ തെങ്ങ പോലെ...

    ReplyDelete
  3. പെൺ‌മക്കളുള്ള അമ്മയുടെ അനാവശ്യ ചിന്തകൾ ഒരു പ്രത്യേക വീക്ഷണകോണിൽ നോക്കി കാണുന്ന കഥയാണ്.

    നല്ലി . . . . ., MyDreams, പഞ്ചാരക്കുട്ടന്‍....,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  4. തീര്‍ച്ചയായും എല്ലാ അമ്മമാര്‍ക്കും ഉള്ള ഒരു പാഠപുസ്തകം ...വായിക്കാതെ വിട്ടു കളയുന്നത് വന്‍ നഷ്ടം .പിതാവ് ആയാലും സഹോദരനായാലും ഒരു പരിധിക്കപ്പുറമുള്ള അടുപ്പം നിയന്ത്രിക്കേണ്ടത് തന്നെ .ഒരു മാതൃ മനസ്സിന്റെ വെമ്പല്‍ സൂക്ഷ്മമായി രേഖപ്പെടുത്തി .അഭിനന്ദനങ്ങള്‍

    ReplyDelete
  5. പലരും ഇതൊക്കെ പറയാൻ മടിക്കുന്നൂ... പറഞ്ഞാലോ അതു പൈങ്കിളി എന്ന് ആക്ഷേപം...താങ്കളെപ്പോലുള്ളവർ ഇതൊക്കെ പറയണം കഥയായിട്ടായാലും... 40 വയസ്സ് കഴിഞ്ഞ എതൊരു വ്യക്തിക്കുമുണ്ടാകുന്ന ചാപല്ല്യം...അത് നിയന്ത്രിക്കാൻ മനസ്സിനെ പ്രാപ്തരാക്കുന്നവർ വിജയിക്കുന്നൂ..ഇല്ലാത്തവർക്ക് മോളെന്നും മരുമകളെന്നും ഒന്നുമില്ല.. സെക്സ് പാപമല്ലാ പക്ഷേ അത് പ്രയോഗിപ്പിക്കുന്ന രീതിയിലാണ് പാപ പുണ്യങ്ങൾ.. എന്റെ നാട്ടിൽ നിന്നകന്ന് ഒരു ഉൾനാടൻ ഗ്രാമത്തിൽ,അച്ഛനും മകനും കൂ‍ൂടി ഒരു ഭാര്യ, അതിൽ നാലു കുട്ടികൾ,മറ്റൊരിടത്ത് അമ്മയും മകൾക്കും കൂടി ഒരു ഭർത്താവ് അതും അയ്യാളുടെ മകൾ..ഇതൊക്കെ അറിയാവുന്ന കാര്യങ്ങൾ അപ്പോൾ അറിയാത്തതായി എന്തെല്ലാം ഉണ്ട്... ഇവിടെ അഭിപ്രായം പറഞ്ഞതിൽ ‘സ്നേഹിതയുടെ’ പക്ഷത്താണ് ഞാൻ,മൈഡ്രിംസ് പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ട് ഇതിനെയൊക്കെ പൈങ്കിളിയായി കാണരുത്.. ലോകം ഇങ്ങനെയും ഉണ്ട്.. പിന്നെ രചനാ രീതിയിൽ, മിനിറ്റീച്ചരൊരു കാര്യം കൂടി ശ്രദ്ധിക്കണം... അമല എന്ന കഥാപാത്രം ചിലപ്പോൾ കഥാകാരിയായും,ചിലപ്പോൾ അമലയായും മാറി മാറി അനുഭവപ്പെടുന്നൂ.എതെങ്കിലും ഒന്നിൽ നിൽക്കുക..ഇനിയും എഴുതുക.. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതയെപ്പറ്റി.......

    ReplyDelete
  6. @snehitha-,
    മുൻപ് എന്റെ ഒരു ബ്ലോഗിൽ (മിനിലോകം) ‘ഹാഷിം സീരകത്ത്’ എന്ന കണ്ണൂരിലെ കവിയുടെ കവിതകൾ പരിചയപ്പെടുത്തിയിരുന്നു. അതിലൊരു കവിത ഓർത്തുപോയി.
    ‘പതിവായി ഉമ്മകൾ നൽകി ഞാൻ,
    ഒരുനാൾ വേണ്ടെന്നനുജത്തി,
    കാര്യമെന്തെന്നാരാഞ്ഞു,
    കാര്യം ഏട്ടനും ആണല്ലെ.’
    ഇങ്ങനെ ഈ ലോകം തിരിച്ചറിയുന്ന പെൺകുട്ടികളും ഉണ്ടാവും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    പേടിച്ചുപോയോ? അഭിപ്രായം എഴുതിയതിന് നന്ദി.
    @ചന്തു നായർ,ആരഭി-,
    കഥ വായിച്ച് കാര്യങ്ങൾ അറിയിച്ചതിന് വളരെ നന്ദി. അച്ഛനും സഹോദരനും സ്ക്കൂൾ പരിസരത്ത് അദ്ധ്യാപകരുടെ മുൻപിൽ വെച്ച് പെൺകുട്ടിയുടെ ചുമലിൽ കൈവെച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ മുതിർന്ന ഒരു പയ്യൻ പത്താം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുടെ ചുമലിൽ കൈവെച്ച് സ്ക്കൂൾ വരാന്തയിലൂടെ നടന്നപ്പോൾ ഹെഡ്‌ടീച്ചറായ ഞാൻ വിളിച്ച് താക്കീത് നൽകി. അപ്പോൾ അവൻ എന്നെ ഉപദേശിക്കുകയാണ്, “ടീച്ചറെ അതെന്റെ പെങ്ങളാ, വീടായാലും സ്ക്കൂളായാലും ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം ഒരുപോലെയാണ്. ടിച്ചർക്കിതൊന്നും അറിയില്ല”

    കഥയല്ലാത്ത ഞെട്ടിക്കുന്ന ഒറിജിനൽ സംഭവം അനുഭവം
    ഗൃഹപീഡനപാഠം
    വായിക്കാം.
    കഥ എഴുത്തിൽ വന്ന പോരായ്മകൾ പറഞ്ഞുതന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

    ReplyDelete
  7. വേണമായിരുന്നോ..

    ReplyDelete
  8. ടീച്ചറെ, എന്തോ എനിയ്ക്കിതങ്ങോട്ട് ദഹിയ്ക്കുന്നില്ല. ഇങ്ങനെയുമുള്ളവര്‍ ഉണ്ടായേക്കാം, ഇല്ലെന്ന് പറയാനാവില്ല. എങ്കിലും കഥയുടെ രീതി ഒരു റിപ്പോര്‍ട്ടിങ്ങ് ശൈലിയിലേയ്ക്കു പൊയതു പോലെ.. ഇത്തരം കഥകളില്‍ ഏതാനും പരോക്ഷ സൂചനകളില്‍ കൂടി വിഷയം വ്യക്തമാക്കുന്നതാവും വായനക്കാരന് ഞെട്ടല്‍ സമ്മാനിയ്ക്കുക. ആദ്യം മുതലേ കഥയുടെ തീം കിട്ടിയതു കൊണ്ട് വായനയുടെ രസം കുറഞ്ഞതായി തോന്നി.
    പിന്നൊന്ന്, അമ്മമാരുടെ മനസ്സ് വായിയ്ക്കാന്‍ കഴിയുന്നു. എന്നെപ്പോലെ പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അപ്പന്മാര്‍ എന്തുചെയ്യും? ഞാനിത്തവണ നാട്ടിലെത്തിയപ്പോഴും 9 വയസ്സുള്ളമോള്‍ പുറത്തുകയറി ക്കിടന്നാണ് ഉറങ്ങുന്നത്.
    അച്ഛന്റെ വാത്സല്യമല്ലാതെ മറ്റൊന്നും തോന്നുന്നുമില്ല. ഇതൊക്കെ വായിയ്ക്കുന്ന അമ്മമാര്‍ എങ്ങനെ ഇതിനെ വിലയിരുത്തുമോ ആവോ..!

    ReplyDelete
  9. ഇവിടെ ഉദ്ദേശിച്ചത്‌ over possessive ആയ ഒരു അച്ഛനെക്കുറിച്ചാണോ, അതോ വികലമായ ഒരു മനസ്സിന്റെ ഉടമായ ഒരു പ്രവാസിയേക്കുറിച്ചാണോ എന്നറിയില്ല.

    വളരെ ഗൗരവമായ ഒരു വിഷയം കഥയാക്കിയപ്പോൾ 'ചീക്കു ഷേയ്ക്ക്‌' എന്ന പേർ - എന്തോ..

    കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന് ആദ്യം തന്നെ പിടികിട്ടിയിരുന്നു. അതു മറ്റൊരു രീതിയിൽ എഴുതിയിരുന്നെങ്കിൽ, കുറച്ച സസ്പൻസ്‌ ഉണ്ടാകുമായിരുന്നു എന്നു തോന്നുന്നു.

    third person പറഞ്ഞതും, കഥാപാത്രത്തിന്റെ മനോവ്യാപരങ്ങളും ഇടയ്ക്കിടെ ചേർന്നു പോയി എന്നു തോന്നി.

    ReplyDelete
  10. വിഷയത്തിന്റെ ഗൌരവം ഉള്ളുലയ്ക്കുന്നതാണ്. അതിനുള്ള തീവ്രത കഥാഖ്യാനത്തിൽ വേണ്ടത്ര വന്നില്ലെന്ന് എനിയ്ക്ക് പരാതിയുണ്ട്.

    ReplyDelete
  11. എന്താ പറയുക ടീച്ചറെ ..അച്ഛന്മാരെ പേടിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ അമ്മമാരുടെ എണ്ണം കൂടി വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്..കഴിഞ്ഞ 2 വര്‍ഷമായി 5000 ത്തിലധികം 10,12 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കേട്ട അനുഭവങ്ങള്‍ ഇപ്പോഴും മനസ്സ് നീറ്റുന്നു..

    കഥയെപറ്റി എനിക്കും എച്ചുമുവിന്റെ അഭിപ്രായമാണ് ..

    ReplyDelete
  12. ഇതെല്ലാ അമ്മമാരും വായിച്ചിരിക്കുന്നത് നന്നായിരിക്കും. കഥയ്ക്ക് കൊടുത്ത പേരെന്തോ യോചിക്കാത്ത പോലെ. അതു പോലെ ആഖ്യായന രീതിയിലും പലരും ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ കാണുന്നു.പിന്നെ സസ്പെന്‍സ് നില നിര്‍ത്താന്‍ തീരെ കഴിഞ്ഞില്ലെന്നു തോന്നുന്നു.മനുഷ്യ മനസ്സിന്റെ ഇത്തരം സങ്കീര്‍ണ്ണതകളെപ്പറ്റി ഇനിയും ധാരാളം എഴുതാന്‍ ടീച്ചര്‍ക്കു കഴിയും.ഭാവുകങ്ങള്‍!

    ReplyDelete
  13. മുതിര്‍ന്ന പെണ്മക്കളുള്ള അമ്മമാരുടെ വിഹ്വലത ഈ കഥ അനുഭവിപ്പിക്കുന്നു. വളരെ ഭേദപ്പെട്ട ഒരു രചന.
    All the Best !

    ReplyDelete
  14. മിനി,എനിക്ക് വളരെ ഇഷ്ടമായി ഇത്.മൈ ഡ്രീംസ് പറഞ്ഞതി നോട് തീരെ യോജിക്കനാവുന്നില്ല. ഇതില്‍ ഒരു പൈങ്കിളിയുമില്ല.
    നായികയുടെ തീ കത്തുന്ന അതെ മനസ്സോടെയാണ് ഞാനും ഇത് വായിച്ചു തീര്‍ത്തത്‌. നമ്മുടെ നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളെ പൈങ്കിളി സംഭവങ്ങള്‍ എന്ന് പറയേണ്ടി വരുമോ..?


    (പിന്നെ മിനി എന്നെ കടത്തി വെട്ടിക്കളഞ്ഞു.സമാന ഇതിവൃത്തത്തില്‍ ഒരു കഥ ഞാന്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഒരു തൃപ്തി വരാഞ്ഞത് കൊണ്ടു പോസ്റ്റു ചെയ്തില്ല. ഇനി അത് അവിടെ തന്നെ ഇരിക്കട്ടെ അല്ലെ )

    ReplyDelete
  15. കാലികമായ ആകുലതകള്‍ ..

    വളരെ നന്നായി ..ആശംസകള്‍

    ReplyDelete
  16. കഥ പറഞ്ഞ രീതിയും , കൈകാര്യം ചെയ്ത വിഷയവും നന്നായിരുന്നു.
    ആശംസകള്‍

    ReplyDelete
  17. ആശങ്കയുണര്ത്തുന്ന കാലികമായ വിഷയം.

    ബിജുകുമാര്‍ പറഞ്ഞപോലെ അച്ചന്മാരുടെ ഓരോ ചെയ്തികളെയും മറ്റൊരുകണ്ണിലൂടെ കാണില്ലേ എന്ന ആശങ്ക എനിക്കുമുണ്ട്.
    ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഒരു കഥ ഇതിനോട് കൂട്ടിവായിക്കാം എന്ന് തോന്നുന്നു ഇവിടെ:

    ReplyDelete
  18. ഇതുപോലുള്ള സംഭവങ്ങൾ ഇതിനകം നാം ഒത്തിരി കേട്ടതാണല്ലൊ...

    എല്ലാ ആശംസകളും

    ReplyDelete
  19. പറയണം എന്ന് വിചാരിച്ചത് ബിജുവേട്ടനും സാബു ചേട്ടനും ചേര്‍ന്ന് പറഞ്ഞു കളഞ്ഞു.

    ReplyDelete
  20. @കുമാരന്‍ | kumaran-,
    വേണമെന്ന് തോന്നി, ഇനി അവിടെ നിൽക്കട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @ബിജുകുമാര്‍ alakode-,
    ഇത് ഒരു കഥ മാത്രമാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    വികലമായ മനസ്സിന്റെ ഉടമയായ ഒരു വ്യക്തിയെ ചിത്രീകരിച്ചതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Echmukutty-,
    കഥ പറഞ്ഞ രീതിയിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @ധനലക്ഷ്മി-,
    പെൺ‌കുട്ടികൾ പറഞ്ഞ കാര്യങ്ങൾ കഥയായിട്ട് ആയാൽ‌പോലും പറയാൻ എനിക്കും പേടിയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    കഥയുടെ പോരായ്മകൾ തുറന്നുപറഞ്ഞതിന് നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
    @ദിവാരേട്ടn-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  21. @റോസാപൂക്കള്‍-,
    ഏതായാലും പോസ്റ്റ് ചെയ്യുക, അഭിപ്രായം എഴുതിയതിന് നന്ദി.
    @the man to walk with-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ismail chemmad-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @തെച്ചിക്കോടന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ആളവന്‍താന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. ഈ കഥ വായിക്കേണ്ടായിരുന്നു...!!

    ReplyDelete
  23. ബിജുവിന്റെയും സബുവിന്റെയും അഭിപ്രായങ്ങളോട് യോജിക്കുന്നു...

    അച്ഛനെ തെറ്റുകാരന്‍ ആക്കാന്‍ ഉള്ള ഒരു വ്യഗ്രത കഥയുടെ തുടക്കം മുതലേ കാണാന്‍ സാധിക്കും..
    അവസാനം ഒന്നും പറയാതെ കഥ എവിടെയോ വെച്ച് പെട്ടന്ന് നിന്ന് പോയപ്പോള്‍ സാബു ചോദിച്ച അതേ ചോദ്യം പ്രേക്ഷകരുടെ മുന്നില്‍ ഉദിച്ചു വരുന്നു..

    "ഇവിടെ ഉദ്ദേശിച്ചത്‌ over possessive ആയ ഒരു അച്ഛനെക്കുറിച്ചാണോ, അതോ വികലമായ ഒരു മനസ്സിന്റെ ഉടമായ ഒരു പ്രവാസിയേക്കുറിച്ചാണോ ?"

    ReplyDelete
  24. ബന്ധങ്ങളില്‍ വിള്ളലുകളും പൊള്ളലുകളും വന്നുകൂടുന്ന ഇക്കാലത്ത് മിനിയുടെ കഥയ്ക്ക്‌ കാമ്പുണ്ട്.
    ഒരച്ഛന്‍റെ പരിപാവനമായ പിതൃസ്നേഹത്തിനപ്പുറം അകക്കണ്ണില്‍ ആശങ്കകളെ വീക്ഷിക്കുന്ന ഒരമ്മയുടെ മനസ്സിനെയും ഇവിടെ കുറ്റം പറയാനാവില്ല.

    ReplyDelete
  25. @പള്ളിക്കരയില്‍-,
    ഇനിയിപ്പൊ എന്താ ചെയ്യ? അഭിപ്രായം എഴുതിയതിന് നന്ദി.
    @മഹേഷ്‌ വിജയന്‍-,
    കഥ അമ്മയെ കേന്ദ്രമാക്കി മാത്രമാണ്. നമ്മുടെ നാടിന്റെ അവസ്ഥകൾ കണ്ടും കേട്ടും മക്കൾ വളരുമ്പോൾ വേവലാതിപ്പിടുന്ന ഒരു അമ്മ. അഭിപ്രായം എഴുതിയതിന് നന്ദി.
    @rafeeQ നടുവട്ടം-,
    അമ്മയുടെ വികലമായ ചിന്തകൾക്കിടയിൽ സ്നേഹവും വാത്സല്യവും അവൾക്ക് കണ്ടെത്താൻ അവൾക്ക് കഴിയുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  26. വായിച്ചു കഴിയുമ്പോള്‍ പല സംശയങ്ങളും ബാക്കി...
    പക്ഷെ ഓരോ വായനക്കാരനും അവരുടേതായ കാഴ്ചപ്പാടില്‍ കഥയെ വിശകലനം ചെയ്യാന്‍ അവസരം കൊടുത്തു കൊണ്ടുള്ള കഥയുടെ പര്യവസാനം നന്നായിട്ടുണ്ട് മിനി ചേച്ചീ...
    ആശംസകള്‍

    ReplyDelete
  27. കഥയുടെ ക്രാഫ്റ്റ്‌ കൊള്ളാം.

    ReplyDelete
  28. ആദ്യമേ ടീച്ചറെ ഒന്നഭിനന്ദിക്കട്ടെ.പൊള്ളുന്ന വിഷയമെടുത്തതിന്.ഇതൊരു മന:ശാസ്ത്ര വിഷയവും കൂടിയാണല്ലോ.അച്ഛന് പെണ്മക്കളോടുള്ള ഇഷ്ടക്കൂടുതൽ.അതിന്നു തുടങ്ങിയതല്ല.ഫ്രോയിഡിന്റെ സിദ്ധാന്തം ഓർക്കുക.
    പിന്നെ ഇന്ന് അത് വല്ലാണ്ട് വികലമാവുന്നുണ്ട്.കാലികസംഭവങ്ങൾ അതാണ് തെളിയിക്കുന്നത്.അച്ഛന്റെ മക്കളെ പ്രസവിക്കേണ്ടി വന്ന പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്.
    കിട്ടിയ കമന്റുകൾ ശ്രദ്ധിച്ചു.ചിലതെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതൊക്കെ സത്യമാണ്.
    ആരെഴുതി എന്നതും ഒരു വിഷയമാകാം.എനിക്ക് തോന്നിയത് എഴുതേണ്ട ആൾ തന്നെ എഴുതി എന്നാണ്.

    ReplyDelete
  29. ഇതു പോലുള്ള സംഭവങ്ങള്‍ പലരും വിശ്വസിക്കാന്‍ താമസിക്കുന്നത്/മടിക്കുന്നത് കൊണ്ടാണ് ഇന്നു പല കുടുംബങ്ങളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. പണ്ടത്തെ കൂട്ടു കുടുംബ സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കുറവായിരുന്നു.

    ReplyDelete
  30. @രഘുനാഥന്‍-,
    അത് അങ്ങിനെത്തന്നെയാണ്, കഥയുടെ അവസാനം വായനക്കാർക്ക് പൂരിപ്പിക്കാം. അമ്മ ചിന്തിക്കുന്നതുപോലെയൊന്നും ആയിരിക്കില്ല കാര്യങ്ങൾ. മകനെ തഴഞ്ഞുകൊണ്ട് മകളെ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അമ്മ അത് മറ്റൊരു തലത്തിൽ ചിന്തിക്കുന്നത് ആവാം. മറ്റുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പെരുമാറ്റങ്ങൾ ഒരാളിൽനിന്ന് ഉണ്ടാവുകയാണെങ്കിൽ അതിന് ഉത്തരവാദി ആരാണ്? അഭിപ്രായം എഴുതിയതിന് നന്ദി.
    @nikukechery-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ശാന്ത കാവുമ്പായി-,
    ടീച്ചർമാർക്ക് ഇത്തരം അനുഭവങ്ങൾ ശിഷ്യകളിൽ നിന്ന് അറിയാൻ കഴിയും. അച്ഛനുള്ള വീട്ടിൽ അമ്മയോടെ കൂടെ കിടന്നുറങ്ങാൻ ഭയപ്പെടുന്ന പെൺകുട്ടിയെ എനിക്കറിയാം. മകളെ മകളായി കാണാൻ അച്ഛന് കഴിയണം. ശിഷ്യയെ ശിഷ്യയായി കാണാൻ അദ്ധ്യാപകനു കഴിയണം. അതിൽനിന്ന് വേറിട്ട കാഴ്ചകൾ മറ്റുള്ളവരിൽ സംശയം ഉണർത്തും. പത്താം തരത്തിൽ ഞാൻ പഠിപ്പിച്ച ശിഷ്യയെ തൊട്ടടുത്ത വർഷം എന്റെ സഹപ്രവർത്തകൻ വിവാഹം കഴിച്ച അനുഭവം, വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    ഇന്നലത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു. ‘ചെറിയച്ഛനും മകളും ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങി മരിച്ചു’. അതാണ് കാലം പോയ പോക്ക്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  31. എനിക്ക് വയ്യ...
    വായിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും പലപ്പോഴും നമുക്കിടയില്‍ സംഭവിക്കുന്നത് ഇത്തരം കാപട്യങ്ങള്‍ ആണ്

    ReplyDelete
  32. എന്തോ.. എനിക്കൊന്നും പറയാൻ കഴിയുന്നില്ല....
    അമ്മയേയും മക്കളേയും ഇത്രയധികം സ്നേഹിക്കുന്ന ഒരഛന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത കടന്നു കൂടിയെന്നു പറഞ്ഞാൽ......!!?
    നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്ന കാര്യമാണെങ്കിലും അതിനുള്ള സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാനാണ് സാദ്ധ്യത...

    ഇതൊരു കഥയാണെങ്കിലും, മിനിചേച്ചി പറഞ്ഞ സ്നേഹം നിറഞ്ഞ ജീവിത സാഹചര്യത്തിൽ ഇങ്ങനെ ഒരഛനുണ്ടാവാൻ സാദ്ധ്യത ഇല്ലെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം...!

    ആശംസകൾ...

    ReplyDelete
  33. ഒരു അമ്മയുടെ വ്യഥകള്‍.....ഒരു പെണ്‍കുട്ടിയെ ഒരാളുടെ കൈപിടിച്ച് എല്പ്പികുനത് വരെ ഒരു അമ്മയുടെ നെഞ്ചില്‍ തീയാണ് .........ഈ കഥയില്‍ എന്തോ ഒരു അസ്വാഭാവികത നിഴലിക്കുന്നു........ ആസംഭികം എന്ന് പറയുന്നില്ല ......... തുടര്‍ന്നും എഴുതുക ....ആശംസകള്‍.

    ReplyDelete
  34. @Jazmikkutty-,
    അപൂർവ്വമായി കണ്ടുമുട്ടുന്നവരാണ് കഥാപാത്രങ്ങളായി മുന്നിൽ വരുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @വീ കെ-,
    കഥ വെറുംകഥ ആയിത്തന്നെയിരിക്കട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാജി-,
    സംഭവിക്കാതിരിക്കട്ടെ എന്ന് ആശ്വസിക്കാം, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  35. very nice story..എനിക്കറിയാം ഇത് വെറുമൊരു കഥയാവില്ല..ഇതു പോലെയുള്ള അനുഭവം ഞാൻ കേട്ടിട്ടുണ്ട്..അച്ഛനായാലും സഹോദരനായാലും ഒക്കെ ഒരു പരിധി വരെ അകലങ്ങൾ സൂക്ഷിക്കാൻ അമ്മമാർ ശ്രദ്ധിച്ചെ മതിയാവൂ..അത് അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്തു..ഭാവുകങ്ങൾ...

    ReplyDelete
  36. കാലികമായ വിഷയം തന്നെ ടീച്ചറെ.
    പിന്നെ ഓരോ ദിവസവും പത്രങ്ങളിലുടെ അറിയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇതോന്നും കേട്ടാല്‍ ആരെയും ഞെട്ടിപ്പിക്കാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു! കഴിഞ്ഞ ദിവസത്തെ പത്രത്തിലും സ്വന്തം മകളെ പീഡിപ്പിക്കുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത ഒരു മലയാളി അച്ഛന്റെ കാര്യം വായിച്ചിരുന്നു (അതാണ് ഇന്നലെ ഒരു കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌!). ഇന്നത്തെ പത്രത്തില്‍ കവിയൂരിലെ അനഘാ കേസില്‍ സിബിഐ പറയാതെ വിട്ടത് അച്ഛനും മകളും വരുന്ന എന്തോ കഥയാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു!

    മലയാളിയുടെ കപട സദാചാരത്തിന്റെ മറ്റൊരു മുഖമാണ് 'incest' സൈറ്റുകളിലെ ആണും പെണ്ണുമായ നൂറു കണക്കിന് മലയാളികളുടെ അംഗത്വം!!!

    കഥ നന്നായി എങ്കിലും പറഞ്ഞ രിയ്തിയില്‍ ചില വിഴ്ച്ചകള്ള്ളത് ചിലരൊക്കെ എഴുതി. "തൊട്ടടുത്തുള്ള മകളുടെ മുറിയിൽ,,,
    വെളിച്ചം കണ്ട് ഓടിയെത്തിയപ്പോൾ അവൾ വിയർപ്പിൽ കുളിച്ചിരുന്നു" - ഈ വരിക്ക് വേറൊരു അര്‍ത്ഥമല്ലേ കിട്ടുന്നത് ടീച്ചര്‍ ?

    ഏതായാലും പൊള്ളുന്ന ഈ വിഷയം എഴുതിയതിനു അഭിനന്ദനങ്ങള്‍ .

    ReplyDelete
  37. Some fathers might be like that. But I don't think any of the brother's will think like that.
    I can completely say that all Kerala brothers have very good behaviors to their sisters.

    സഹോദരന്മാരെ പെങ്ങൾമാർക്ക് 100% വിശ്വസിക്കാം.

    ReplyDelete
  38. ടീച്ചര്‍ ഇതു കഥ ആണെങ്കിലും വര്‍ത്തമാന കാലത്തിന്റെ ചില ജീര്‍ണ്ണിച്ച വശങ്ങള്‍ തുറന്നു പറഞ്ഞു....

    ReplyDelete
  39. ‘പതിവായി ഉമ്മകൾ നൽകി ഞാൻ,
    ഒരുനാൾ വേണ്ടെന്നനുജത്തി,
    കാര്യമെന്തെന്നാരാഞ്ഞു,
    കാര്യം ഏട്ടനും ആണല്ലെ.’

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..