“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

3/20/11

ഊഞ്ഞാൽ


                         മുറ്റത്തുനിന്ന് പൊന്നുമോൻ പൊട്ടിച്ചിരിക്കുന്നത് കേട്ടപ്പോൾ അടുക്കളയിൽ‌നിന്നും അരി കഴുകിക്കൊണ്ടിരിക്കുന്ന എന്റെ മനസ്സിൽ ആകെയൊരു ഭയം. 
‘അയാൾ വന്ന് എന്റെ കുട്ടനെ കളിപ്പിക്കുന്നുണ്ടാവണം,,,, നാശം’,
അപ്പൂപ്പനും അമ്മൂമ്മക്കും വയസ്സുകാലത്ത് കിട്ടിയ കളിപ്പാട്ടമായി മാറിയിരിക്കയാണ് എന്റെ പൊന്നുമോൻ’.

                        ആ വീട്ടിലെ മരുമകളായി, ഗൾഫിൽ ജോലിയുള്ള മൂത്ത മകന്റെ ഭാര്യയായി വന്നത്, ഒരു മഹാഭാഗ്യമായിട്ടാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഭർത്താവ് വിദേശത്താണെങ്കിലും ഭർതൃവീട് സ്വർഗ്ഗതുല്യം തന്നെയാണ്. ഏത്‌നേരത്തും അടുക്കളപ്പണി മാത്രം നോക്കിയാൽ മതി. ഒന്നര വയസുമാത്രം പ്രായമുള്ള തന്റെ മകനെ എടുത്ത് കളിപ്പിക്കലും ചിരിപ്പിക്കലുമാണ് കൂടെയുള്ള അമ്മായിഅമ്മയുടെയും അമ്മായിഅച്ഛന്റെയും പ്രധാന വിനോദം.
അത് തന്നെയാണ് എന്റെ മനസ്സിൽ തീയാളിക്കത്താനുള്ള കാരണവും,,,

                       സ്നേഹ സമ്പന്നരായ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനായ കുട്ടനെ കൊഞ്ചിക്കുന്നത്, കാണുന്നവർ അസൂയപ്പെട്ട്‌പോകും. എന്നാൽ കുട്ടന്റെ അമ്മയായ എനിക്ക്‌മാത്രം അത് ഇഷ്ടമല്ല. സ്വന്തം മകന്റെ കുഞ്ഞാണെന്ന അവകാശവും‌പേറി, കൊച്ചുമകനെ കളിപ്പിക്കുമ്പോൾ അവനെ പ്രസവിച്ച അമ്മയായ തനിക്ക് അവനിൽ ഒരവകാശവും ഇല്ലെന്ന് ഇടയ്ക്കിടെ അവർ പറയും; പ്രത്യേകിച്ച് മദർ-ഇൻ-ലാ. അവരുടെ വൃത്തിയില്ലാത്ത കൈകൊണ്ട് പൊന്നുമോന് ഭക്ഷണം കൊടുക്കുന്നതും തിളപ്പിക്കാത്ത വെള്ളം കുടിക്കാൻ കൊടുക്കുന്നതും ഒരു പരിധിവരെ ഞാൻ സഹിക്കുകയാണ്.

                       എന്നാൽ എനിക്ക് ഒരിക്കലും സഹിക്കാനാവാത്തത് ഒന്ന് മാത്രമാണ്, ‘എന്നെ ഭയപ്പെടുത്തുന്ന തരത്തിൽ കുഞ്ഞിനെ അവർ കളിപ്പിക്കുന്നു’. ഒരു കളിപ്പാട്ടം പോലെ മകന്റെ കൈപിടിച്ച് മേലോട്ടുയർത്തുന്നതും മുകളിലോട്ട് എറിഞ്ഞ് പിടിക്കുന്നതും അവനെ നൊന്തുപെറ്റ അമ്മയായ ഒരു സ്ത്രീ എങ്ങനെ സഹിക്കും? എന്റെ കൺ‌മുന്നിൽ വെച്ചാകുമ്പോൾ ആ കളി കൂടുതലാവുകയാണ്. ‘മകൻ തറയിൽ വീഴുമോ’ എന്ന് കരുതി, പേടിച്ച് നിലവിളിക്കുന്ന മരുമകളെ പരിഹസിക്കാൻ ആ തള്ളക്ക് ആയിരം നാവാണ്. ഒരാഴ്ച മുൻപ് അയൽ‌പക്കത്തുള്ള നുണച്ചി ‘ബീ.ബീ.സി’ യോട് പരിഹാസത്തോടെ തന്നെക്കുറിച്ച് എന്തൊക്കെയാ പറഞ്ഞത്?
“എടി ശാരദേ, സ്വന്തം മോന്റെ കുട്ടിയെ അപ്പൂപ്പനെടുത്ത് കളിപ്പിക്കുമ്പോൾ ഇവൾക്ക് പേടിയാ. ഓറെന്താ കുട്ടീനെ എടുത്ത് ചാടിക്കളയോ? ഓ, മറ്റാരും പെറാത്തപോലെയാ ഇവിടെ ഓരോരുത്തിന്റെ വിചാരം”
                      അത്‌കേട്ട് തിരിച്ചങ്ങോട്ട് പറയണമെന്ന് തോന്നിയതാണെങ്കിലും നിയന്ത്രണം പാലിച്ചു. വിദേശത്തുള്ള സുരേശേട്ടന്റെ ചെവിയിൽ താൻ പറഞ്ഞതിന്റെ കൂടെ പത്തിരട്ടി വെള്ളം‌ചേർത്ത് ഒപ്പം ഒരു കരച്ചിലും ചേർത്താൽ പത്ത്‌മാസം ചുമന്ന്‌പെറ്റ തള്ളയെ പീഡിപ്പിക്കുന്നവളായി കാണുന്ന ഭർത്താവ്, കുറ്റപ്പെടുത്തുന്നത് ഭാര്യയെ ആയിരിക്കും.

എന്നാൽ ഇന്നലെത്തെക്കാര്യം സഹിക്കുന്നതിന്റെ അപ്പുറമായിരുന്നു,
                       ചോറും കറിയും വെച്ച് ഉച്ചയാവാറായപ്പോൾ തുണിയലക്കാൻ കിണറ്റിൻ‌കരയിൽ പോയതായിരുന്നു. അടുക്കളപ്പുറത്തെ അലക്കുകല്ലിൽ തുണിയലക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊന്നുമോന്റെ ഓർമ്മവന്നു. അപ്പൂപ്പനും അമ്മൂമ്മയും ചേർന്ന്, പിച്ചവെച്ച് നടക്കാൻ തുടങ്ങുന്ന പേരമകനെ കളിപ്പിക്കുന്നത് കണ്ടുകൊണ്ടാണ് അലക്കാൻ പോയതെങ്കിലും ഒരു നിമിഷമുള്ള നിശബ്ദതയിൽ മനസ്സൊന്ന് പിടഞ്ഞു. വീടിന്റെ മുന്നിലേക്ക് വന്ന് നോക്കിയപ്പോൾ അയാൾ വരാന്തയിൽകിടന്ന് കൂർക്കം‌വലിച്ച് ഉറങ്ങുന്നു. ആ തള്ള മതിലിനു സമീപം പോയി ആരോടോ സംസാരിക്കുകയാണ്,
“കുട്ടാ,, എന്റെ പൊന്നേ,,,”  
ആ പരിസരത്ത് മകനെമാത്രം കാണാത്തപ്പോൾ വീളിച്ചുകൂവി വീട്ടിനകത്തും പുറത്തുമായി വെപ്രാളപ്പെട്ട് ഓടിയപ്പോൾ,,,
ഒടുവിൽ,,,
വീട്ടിനകത്ത് കുളിമുറിയിൽ എന്റെ മുത്തിനെ കണ്ടെത്തി. അവിടെ വെള്ളം നിറച്ച ബക്കറ്റിൽ പിടിച്ച് നിന്ന് വെള്ളത്തിൽ കൈമുക്കി പരിസരം മറന്ന്, പൊട്ടിച്ചിരിച്ച് കളിക്കുന്ന എന്റെ പൊന്നുമോൻ,,, എന്റെ ജീവൻ,,,
“അയ്യോ,,,”
ആ ഒരു നിമിഷം,,, സ്വന്തം ജീവൻ നഷ്ടപ്പെട്ടതായി തോന്നിയ ആ നിമിഷം, മകനെ വാരിയെടുത്ത് ഉമ്മവെച്ച് കരഞ്ഞനേരത്ത് പലതും ഓർത്തുപോയി. ‘തന്റെ ഒരേയൊരു മകൻ,,, ബക്കറ്റിലെ വെള്ളത്തിൽ’,,,

                      പൊന്നുമോനെ മാറോടണച്ച് ഉണങ്ങിയ തോർത്ത്‌കൊണ്ട് തലതോർത്തി വെളിയിലേക്ക് വന്നപ്പോൾ സുരേശേട്ടന്റെ അമ്മയുടെ ചോദ്യം,
“നമ്മള് കുട്ടിയെ നോക്കുന്നില്ല എന്ന് പറീപ്പിക്കാനായിരിക്കണം അലക്കുന്നേന്റെ എടേല് കേരി വന്നത്?”
“പിന്നെ നിങ്ങള് നോക്കിയിട്ടാണോ ഇവൻ കുളിമുറീൽ പോയിട്ട് വെള്ളത്തിൽ കളിക്കുന്നത്?”
“ഓ,, കുളിമുറീൽ ആയാലെന്താ,, ഈ വീട്ടിനകത്ത് തന്നെയല്ലെ? ഇപ്പൊ നിന്റെ കെട്ടിയോനാണെങ്കിലും സുരേശനെയും ഞാനിതുപോലെ പെറ്റ് പോറ്റിയതാ”

                       ഏത് നേരത്തും സുരേശേട്ടനെ പെറ്റതും പോറ്റിയതുമായ കാര്യങ്ങൾ മാത്രമാണ് ആ തള്ളക്ക് പറയാനുള്ളത്. ഒരു വലിയ അപകടത്തെ മുഖാമുഖം കണ്ട് വന്നപ്പോൾ ആ തള്ളയുടെ ഒരു പറച്ചിൽ, ഒരാട്ട് കൊടുക്കാനാണ് തോന്നിയത്. ഭർത്താവായ സുരേശേട്ടനോട് പോലും ആ നേരത്ത് വെറുപ്പ് തോന്നി. സ്വന്തം മകന്റെ കാര്യത്തെക്കാൾ അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ ശ്രദ്ധിക്കുന്ന ഇങ്ങനെയൊരു ഭർത്താവിനെ ലോകത്ത് ഒരിടത്തും കാണുകയില്ല. ഫോൺ ചെയ്താൽ ആദ്യം ചോദിക്കുന്നത് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ മാത്രമായിരിക്കും,
‘അവര് ഭക്ഷണം കഴിച്ചോ?’ അവര് ഉറങ്ങിയോ?’ അവര് ചൂട് വെള്ളത്തിൽ കുളിച്ചോ?’
അതിനിടയിൽ സ്വന്തം ഭാര്യയെയും മകനെയും മറന്നിരിക്കും.

                       വിവാഹശേഷം തന്ന ഉപദേശങ്ങളെല്ലാം മാതാപിതാക്കളുടെ പരിചരണത്തെക്കുറിച്ച് മാത്രമായിരുന്നു. നാല് മക്കളുടെ കൂട്ടത്തിൽ സുരേശേട്ടൻ മാത്രമാണ് അവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത്. ഭാര്യയോടും മകനോടും കാണിക്കേണ്ട സ്നേഹം അതിനിടയിൽ അദ്ദേഹം മറന്നിരിക്കയാണ്. എന്നാലും,,, ഇവിടെ അവർ,, തന്റെ മകൻ കുട്ടനോട് അപ്പൂപ്പനും അമ്മൂമ്മയും കാണിക്കുന്ന അളവറ്റ സ്നേഹം അംഗീകരിക്കാമെങ്കിലും അവരുടെ അശ്രദ്ധ,,, അതൊന്ന് മാത്രമാണ് അപകടം പിടിച്ചത്,,,
എന്റെ കുഞ്ഞിനെ,അവന്റെ അമ്മയായ ഞാൻ എങ്ങനെയാണ് വിശ്വസിച്ച് അവരെ ഏല്പിക്കുന്നത്?
                       വീട്ടിനകത്ത് ബക്കറ്റിൽ വെള്ളം നിറച്ച് വെക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. വീട്ടുജോലിക്കിടയിൽ ഓരോ നിമിഷവും മകനെ ശ്രദ്ധിക്കാൻ തുടങ്ങി.
                      ചോറ് അടുപ്പത്ത് നിന്ന് വേവുകയാണ്; അതിനിടയിൽ തിളച്ച വെള്ളത്തിൽ ബേബിഫുഡ് കലക്കിയത് ഒരു പാത്രത്തിൽ എടുത്ത്, അതുമായി വരാന്തയിൽ വന്നപ്പോൾ,,, കണ്ട കാഴ്ച,,,
ഞാൻ ഞെട്ടി,,,
രണ്ട് കൈകൊണ്ടും മകനെ ഉയർത്തിപ്പിടിച്ച് ഉമ്മവെക്കുന്ന അപ്പൂപ്പൻ; ഒപ്പം ഇക്കിളി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന മകൻ.
അവന്റെ തുടുത്ത കവിളിൽ തുരുതുരാ ഉമ്മകൾ നൽകിയിട്ട് ഒടുവിൽ അയാൾ കുഞ്ഞിനെ മുകളിലോട്ട് എറിഞ്ഞു,,, പിന്നെ,, പിന്നെ ഒരു നിമിഷം,,, പിടിവിട്ട് തറയിൽ തലയടിച്ച് വീഴുന്നു,,,
“അയ്യോ‍ാ,,,, എന്റെ മോനേ,,,”
തറയിൽ വീണ് ഒരു തവണമാത്രം കൈകാലിട്ടടിച്ച് നിശ്ചലനായ എന്റെ പൊന്നുമോൻ അമ്മയുടെ വിളി കേട്ടിരിക്കില്ല,,,
കാൽക്കീഴിലെ ഭൂമി കുലുങ്ങുന്നു,,, ചുറ്റും ഇരുട്ട്,,, ഞാൻ തറയിൽ വീണു,,, ഒപ്പം അവനായി കൊണ്ടുവന്ന ഭക്ഷണപാത്രം വീണുടഞ്ഞു. അവന്റെ അന്നം നിലത്ത് ചിതറി.
ഒരു കളിപ്പാട്ടം പൊട്ടിച്ചിതറി,,,

പിന്നെ,,
ശൂന്യത മാത്രം,,,
അതിനിടയിൽ അകലെ ഭൂമിയുടെ ഏതോ കോണിൽനിന്നും അവൻ എന്റെ മകൻ, എന്നെ നോക്കി ചിരിക്കുകയാണ്.
ഞാൻ അവനെപ്പിടിക്കാൻ ഓടി, തികച്ചും ഭ്രാന്തമായ ഓട്ടം.
                       അവൻ എന്റെ കുട്ടൻ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്, അവന്റെ കൊഞ്ചൽ എനിക്ക് കേൾക്കാം; അവന്റെ ഗന്ധം,,, മുലപ്പാലിന്റെതായ ഗന്ധം എനിക്കറിയാനാവുന്നുണ്ട്.
‘എന്റെ മുത്തേ,,, ഈ അമ്മയെ കളിപ്പിക്കാതെ ഓടിവാ എന്റെ പൊന്നുമോനേ?’
ഞാൻ കൈനീട്ടി, എനിക്ക് എത്തിപ്പിടിക്കാവുന്ന അകലത്തിൽ അവനുണ്ട്; അവനെ പിടിക്കണം, വാരിയെടുത്ത് ഉമ്മവെച്ച് മുലപ്പാൽ നൽകണം, അവന്റെ വിശപ്പകറ്റാനായി എന്റെ മാറിലൂടെ പാല് ഒഴുകുകയാണ്. ഭൂമിയുടെ അറ്റത്ത് നിൽക്കുന്ന ഞാൻ പ്രപഞ്ചനീലിമയിൽ നീന്തിത്തുടിക്കുന്ന അവനെ പിടിക്കാൻ കൈനീട്ടി,,,
പെട്ടെന്ന്,,
എല്ലാം പൊട്ടിത്തകർന്നു, എങ്ങും ശൂന്യതമാത്രം,,, ആ ശൂന്യതയാൽ മിർമ്മിതമായ അന്ധകാരത്തിന്റെ നിസ്സഹായതയിൽ കണ്ണുനീർ വറ്റിവരണ്ട ഞാൻ നിൽക്കുകയാണ്,

അപ്പോൾ ആരാണ് അലമുറയിട്ട് കരയുന്നത്?
“എന്റെ പൊന്നുമോനേ നിനക്കീഗതി വന്നല്ലോ,,,”
ആരാണ് നിലവിളിക്കുന്നത്?
ഓ, അത് സുരേശേട്ടന്റെ അമ്മയാണല്ലൊ.
                          ഇപ്പോൾ പകൽ‌വെളിച്ചം‌പോലെ എല്ലാം എനിക്ക് കാണാം. വെള്ളത്തുണിയിൽ പൊതിഞ്ഞ എന്റെ കുട്ടന്റെ ചേതനയറ്റ ശരീരത്തിനു സമീപം എണ്ണവറ്റി പടുതിരി കത്താറായ നിലവിളക്ക്. അവനെ കെട്ടിപ്പിടിച്ച്‌കൊണ്ട് അവന്റെ അമ്മയായ ഞാൻ കരയുന്നില്ലെങ്കിലും അമ്മൂമ്മ ഉച്ചത്തിൽ കരയുന്നുണ്ട്. അത്‌കേട്ട് ചുറ്റുപാടും ഉള്ളവർ മൂക്കത്ത് വിരൽ വെച്ച് കണ്ണിരൊഴുക്കുകയാണ്.
അമ്മൂമ്മയുടെ കരച്ചിലിനിടയിൽ ശബ്ദം ഉയർന്ന് പൊങ്ങുകയാണ്,
“എന്നാലും എന്റെ പൊന്നുമോനെ കുട്ടാ, നിന്റെ അമ്മയല്ലെ നിനക്കീ ഗതി വരുത്തിയത്,,, ഊഞ്ഞാലിൽ ഒറക്കിക്കെടത്തീട്ട് നോക്കാതെ പോയാല് താഴെ വീണ് തലയടിക്കുമെന്ന് ഓളോട് ഞാനെത്ര പറഞ്ഞതാ മോനേ,,,”
അമ്മൂമ്മ ഉച്ചത്തിൽ വിളിച്ച്‌കൂവി കരയുകയാണ്,
???
ഊഞ്ഞാൽ??? ഊഞ്ഞാൽ???
ഇതുവരെ മകനുവേണ്ടി ഒരു ഊഞ്ഞാൽ‌പോലും കെട്ടാത്ത ഞാൻ??? ഇതുവരെ ഊഞ്ഞാലിൽ കെടന്നുറങ്ങാത്ത എന്റെ പൊന്നുമോൻ???
എന്റെ മുത്തിന്റെ കാലനായി കടന്നുവന്ന ‘ഊഞ്ഞാൽ’,,, ആ രാക്ഷസനായ സുരേശേട്ടന്റെ അച്ഛനാണെന്ന് വിളിച്ച് പറയണമെന്നുണ്ട്,,, പക്ഷെ,,,
ആരുണ്ട് കേൾക്കാൻ??
കുട്ടനില്ലാതെ ഇനിയെന്തിന്???
പാടില്ല,,, പറയാൻ പാടില്ല,,, പറഞ്ഞിട്ടും കാര്യമില്ല,,,
മകന്റെ അമ്മ
മകൻ മരിച്ച ദുഖം സഹിക്കാനാവാതെ ഉച്ചത്തിൽ നിലവിളിച്ച്‌കൊണ്ട്, ‘പിച്ചും‌പേയും മാത്രം’ പറയേണ്ടവളാണല്ലൊ,,,

37 comments:

  1. ഒരു നിമിഷത്ത അശ്രദ്ധകൊണ്ട് മുളയിലെ കരിഞ്ഞുപോകുന്ന കുഞ്ഞുങ്ങൾക്കായി ഒരു കഥ.
    കഥയെന്താ ഇങ്ങനെ? എന്ന് ചോദിക്കുന്നവരോട് ഒരു വാക്ക്,
    ഒരു വീട്ടിൽ ‘മുത്തച്ഛൻ മകനെ എടുത്തെറിഞ്ഞ് കളിപ്പിക്കുമ്പോൾ തലയിൽ കൈവെച്ച് കരയുന്ന അവന്റെ അമ്മയെ പരിഹസിക്കുന്ന അമ്മായിഅമ്മയുടെ വാക്കുകളും കാഴ്ചയും’ എന്റെ മനസ്സിൽ ഉയർത്തിയ ഭീതിയാണ് ഈ കഥയുടെ തുമ്പ്.

    ReplyDelete
  2. ശരിയാണ്, എത്ര സ്നേഹമായാലും അപകടകരമായ കളിപ്പിക്കലുകൾ ഒഴിവാക്കണം, പിന്നെ, അമ്മയേക്കാൾ കുട്ടിയിൽ മറ്റാർക്കും താത്പര്യമുണ്ടാവില്ല, അതുകൊണ്ട് അമ്മയുടെ അഭിപ്രായത്തിനായിരിക്കണം മുൻഗണന. നന്നായി കഥ,

    ReplyDelete
  3. വായിച്ചു തരിച്ചിരിക്കുകയാണ്‌..

    ReplyDelete
  4. ഒത്തിരി കാര്യങ്ങള്‍ അടങ്ങിയ ഈ കഥയില്‍ ഞാന്‍ കാണുന്ന ഒരു അഭിപ്രായം പറയാന്‍ എന്നെ അനുവദിക്കണം. ഈ കഥയുടെ ആഖ്യാതാവ് കുട്ടിയുടെ അമ്മയല്ലായിരുന്നെങ്കില്‍ ഇതിലേറെ നന്നാക്കാമായിരുന്നു. കാരണം അമ്മയുടെ മാനസികാവസ്ഥയും കഥയുടെ വിവരണവും ഒരുമിച്ചു കൊണ്ടു പോകാന്‍ പറ്റാത്ത പോലെ.എന്റെ പേരക്കുട്ടികളെ മരു മകന്‍ തന്നെ വായുവില്‍ ഉയര്‍ത്തി കളിപ്പിക്കുമ്പോള്‍ ഞാന്‍ ശാസിക്കാറുള്ളതാണ്.കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമ്മള്‍ എല്ലാവരും ഒരു പോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  5. ഈയനുഭവം പരിചിതമാണ്, ഹൃദയം വായിലേയ്ക്ക് ചാടി വരുമ്പോലെ ഭയമുണ്ടാക്കുന്ന അനുഭവം.

    ReplyDelete
  6. കഥ വളരെ പ്രസക്തം ...കളിപ്പിക്കുമ്പോള്‍ ചിരിക്കുന്ന കുട്ടികളെ കൂടുതല്‍ ചിരിപ്പിക്കാനുള്ള ശ്രമം പലപ്പോഴും അവസാനിക്കുക ഇത്തരം ദുരന്തത്തിലാണ്.
    കുട്ടിയുടെ നിസ്സഹായതയനാണ് ഇക്കിളിച്ചിരിയായി വ്യാഖ്യാനിക്കപ്പെടുന്നത് .ഒടുവില്‍....ശ്വാസം കിട്ടാതെ.....
    മിനി കഥ യാണെങ്കിലും മനസ്സ് കരഞ്ഞു.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പ്രത്യേകിച്ചൊന്നും എഴുതാനില്ല.
    :)

    ReplyDelete
  9. വേദനിപ്പിച്ചു .അവസാനം ഇങ്ങനെ ആക്കും
    എന്ന് കരുതിയില്ല .ഒരമ്മയുടെ വേദനയും
    പഴയ തലമുറയുടെ അലസമായ എന്നാല്‍
    സ്നേഹ കുറവ് ഇല്ലാത്ത കാഴ്ചപാടും നന്നായി
    അവതരിപ്പിച്ചു .

    എന്‍റെ ഒരു സുഹൃത്തിന്റെ കുഞ്ഞു കുളിമുറിയില്‍
    ബകറ്റിലെ വെള്ളത്തില്‍ മൂക്ക് കുത്തി വീണു .അമ്മ
    തുവര്താന്‍ തോര്‍ത്ത്‌ എടുക്കാന്‍ പോയ നേരത്തെ
    ഇടവേള മാത്രം .നാലു വര്ഷം ആശുപത്രിയില്‍
    കോമയില്‍ കിടന്നു അവസാനം മരിച്ചു .എങ്ങനെ
    സഹിക്കും ഈ വേദന ..


    അവസാനം കുറ്റം അമ്മയുടെ മാത്രം.അത് സ്വാഭാവികം
    ആയിത്തന്നെ പറഞ്ഞു.എനിക്ക് മെയില്‍ അയച്ചില്ല
    കേട്ടോ .അപ്പച്ചന്റെ കമന്റ്‌ ബോക്സില്‍ ആണ് പുതിയ
    കഥയുടെ കാര്യം കണ്ടത് .

    ReplyDelete
  10. നല്ല സന്ദേശം.
    ശശി, നര്‍മവേദി

    ReplyDelete
  11. thikachum oru sathyam mathram... marmakalude kuttam kandupichu mathram naddakkunna ammayiammmar ippozhum undu.. avarude thettukal marumakkalude mel adichelppikkananu avarkku thalpariyam...

    ithu vayichappol njattipoyiii....

    ReplyDelete
  12. കഥ വായിച്ചു വല്ലാതെ വേദനിച്ചു സാധാരണ വീടുകളില്‍ കാണുന്ന ഒരവസ്ഥ.
    ഇത് എതോരമ്മയുടെയും മനസ്സില്‍ തുറന്നു പറയാത്ത വേദനകളാണ്.
    ശരിക്കും ഇതു വായിക്കുന്നവരെങ്കിലും ഇനിമുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കും തീര്‍ച്ച അത്രയ്ക്ക് നൊമ്പരം തന്നു ഈ കഥ.

    ReplyDelete
  13. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോഴുള്ള പലരുടേയും ആശ്രദ്ധ നെഞ്ചിടിപ്പുകൂട്ടാറുണ്ട്.

    ReplyDelete
  14. കഥയില്‍ സന്ദേശം തീര്‍ച്ചയായും ഉണ്ട്. പക്ഷേ പറഞ്ഞ രീതി ശരിയായില്ല. ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ള കുടുംബങ്ങളില്‍ കുഞ്ഞുങ്ങളെ സ്വന്തം മക്കളേക്കാള്‍ സ്നേഹിക്കുന്നവരാണ് മുത്തശ്ശനും മുത്തശ്ശിയും. വിശ്രമകാലത്ത് അവര്‍ക്ക് നേരംപോക്കും സന്തോഷവും സമ്മാനിക്കുന്നത് ഈ കൊച്ചുമക്കളാണ്.

    ഞാന്‍ മക്കളുടെ ചിരികാണാന്‍ അവരെ വായുവുല്‍ ഉയര്‍ത്തി കളിക്കുംബോള്‍ ഉമ്മയുടെ അടി എന്റെ പുറത്ത് വീണിരിക്കും. ഭര്‍ത്താവ് അവരുടെ അച്ഛനേയും അമ്മയേയും സ്നേഹിക്കുന്നതിനെ പരാതി പറയുന്ന നായിക. ഇത്തരം നായികമാര്‍ അവരെ നയിക്കുന്നത് വ്ര്ദ്ധസദനങ്ങളിലേക്കായിരിക്കില്ലേ... മനസ്സിലെന്നപോലെ കഥയിലും നന്മയുണ്ടെങ്കില്‍ അത് മനസ്സിനെ സ്പര്‍ശിക്കും.

    ഇവനാരെടാ ഇങ്ങനെയൊക്കെ പറയാന്‍ എന്ന് ചോദിക്കരുത്. എന്റെ അഭിപ്രായം തുറന്ന് പറഞ്ഞെന്നേയുള്ളൂ...

    ആശംസകള്‍...

    ReplyDelete
  15. തികച്ചും പ്രസകതവും വ്യത്യസ്തവുമാണ് ഈ കഥ. പലപ്പോഴും പലരും കുഞ്ഞുങ്ങളെ ഇത്തരത്തില്‍ 'ഓമനിക്കുന്നത്' കാണുമ്പോള്‍ എതിര്‍ക്കണമെന്ന് തോന്നാറുണ്ട് .പക്ഷെ അന്യന്റെ കാര്യത്തില്‍ തലയിടുന്നത് അവിവേകമാണ് എന്ന തിരിച്ചറിവില്‍ വേദനയോടെ പിന്മാറാണ് പതിവ്.
    ഇത്തരം സംഭവത്തിന്‌ ശേഷം ഭ്രാന്തിയായി തീര്‍ന്ന അമ്മമാരെ കുറിചു കേട്ടിട്ടുണ്.
    എല്ലാവരും ഒരാവര്‍ത്തി വായിക്കേണ്ട കഥ.

    ReplyDelete
  16. ഒന്നര വയസ്സായ മകളുടെ അച്ചനായ ഞാൻ ഇത് വായിച്ച് തരിച്ചിരിക്കുകയാണ്.. :((

    ReplyDelete
  17. അപകടമായ രീതിയില്‍ ഉള്ള ലാളനകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ് .......ഇതില്‍ പരാമര്‍ശിച്ച പല കാര്യങ്ങളും നടന്നിട്ടുമുണ്ട്‌ ( ഊഞ്ഞാലില്‍ കുടുങ്ങി , ബാത്രൂമിലെ ബക്കറ്റില്‍ വീണു ഉള്ള മരണം മുതലായ സംഭവങ്ങള്‍ ).ഒരു സംശയം ഉള്ളത് മുത്തച്ചനും മുത്തശ്ശിയും ഇങ്ങനെ അപകടമായ രീതിയില്‍ കുട്ടികളെ കളിപ്പിക്കുമോ എന്നതാണ്. എന്തായാലും വളരെ ഗൌരവമായി കാണേണ്ട ഒരു വിഷയം ......

    ReplyDelete
  18. ഒന്നും പറയാനില്ല...
    ഒരമ്മയുടെ ഭീതിയിൽ നിന്നും ഉടലെടുത്ത ഒരു ദിവാസ്വപ്നം പോലെ...
    ആശംസകൾ...

    ReplyDelete
  19. പറയാൻ വാക്കുകൾ കിട്ടുന്നില്ല,
    എങ്കിലും ഒന്ന് പറയാം..നല്ല രചന,
    ആശംസകൾ

    ReplyDelete
  20. @ശ്രീനാഥന്‍-,
    ആദ്യമായി വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Mohamedkutty മുഹമ്മദുകുട്ടി-,
    കഥ ആദ്യം എഴുതാൻ തുടങ്ങിയത് താങ്കൾ പറഞ്ഞത് പോലെ ആയിരുന്നു. പിന്നെ അത് സ്വന്തമായി ഏറ്റെടുത്തു. അതിന് കാരണമായ സംഭവം എന്റെ അറിവിൽ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാരുടെ അശ്രദ്ധ തിരിച്ചറിഞ്ഞ ഞാൻ എന്റെ മക്കളെ അവരുടെ കുട്ടിക്കാലത്ത്, അമ്മയായ ഞാൻ കൂടെയില്ലാതെ അവിടെ താമസിക്കാൻ വിടാറില്ല. (ഒരടി നീളമുള്ള 2കൊമ്പുള്ള പശുവിന്റെ സമീപം വെള്ളം‌കൊടുക്കാനായി 2വയസ്സുള്ള എന്റെ മകളെ അച്ഛമ്മ അയച്ചത് ഓർക്കുമ്പോൾ ഇന്നും എന്നിൽ ഞെട്ടലുണ്ടാവുന്നു. പശു പാവമാ, ഒന്നും ചെയ്യില്ല, എന്നാണ് അവർ പറഞ്ഞത്)
    @Echmukutty-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രന്‍..-,
    ടീച്ചർ പറഞ്ഞത് ശരിയാണ്, ചിരിക്കുന്ന കുട്ടികളെ കൂടുതൽ ചിരിപ്പിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ കരയുന്ന കുഞ്ഞിനെ ചിരിപ്പിക്കുന്നവർ കുറവാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  21. @കുമാര്‍ വൈക്കം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ente lokam-,
    ഇനി മറക്കാതെ മെയിൽ അയക്കാം. ഇവിടെ കണ്ണൂർ ജില്ലയിൽ ഏതാനും വർഷം മുൻപ്, 28 ദിവസം പ്രായമായ കുഞ്ഞ്, അമ്മയുടെ കൈയിൽ നിന്ന് വീണ് മരിച്ച വാർത്ത വന്നിരുന്നു. അവർ മഴ പെയ്തപ്പോൾ കുഞ്ഞിനെയും എടുത്ത് ഉണങ്ങാനിട്ട തുണിയെടുക്കാൻ ഓടീയതാണ്. എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ ദുഖം സഹിക്കാനാവാതെ ആ അമ്മ ആത്മഹത്യ ചെയ്ത വാർത്തയും വായിച്ചു. ഇത്തരം സംഭവങ്ങൾ ദയനീയമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Narmavedi-,
    നർമ്മം അല്ലെങ്കിലും വായിച്ചല്ലൊ, നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
    @santhoo-,
    രക്ഷപ്പെടാൻ വേണ്ടി പാവങ്ങളുടെ തലയിൽ കുറ്റം ചാർത്തുന്ന പതിവ് പണ്ടു മുതലേയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @സാബിബാവ-,
    കഥയാണെങ്കിലും ഇത് വായിച്ച് ഇത്തരം അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും എന്നത് ആശ്വാസം തന്നെ. അഭിപ്രായം എഴുതിയതിന് നന്ദി.
    @kARNOr(കാര്‍ന്നോര്)-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. @ഷബീര്‍ (തിരിച്ചിലാന്‍)-,
    മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുമക്കളെ പൊന്നുപോലെ നോക്കും, എന്നത് ഉറപ്പാണ്. എന്നാൽ കരയാൻ മാത്രം അറിയുന്ന സ്വന്തം മക്കളെ, അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒരമ്മയും പൊറുക്കില്ല. ‘എനിക്കെല്ലാം അറിയാം തെറ്റ് പറ്റില്ല, ചെറുപ്പക്കാർക്ക് വിവരം ഇല്ല’ എന്ന് വിശ്വസിക്കുന്ന പ്രായം ചെന്നവർ ചിലപ്പോൾ മറ്റുള്ളവരുടെ വെറുപ്പിന് പാത്രമാവും. പിന്നെ അഭിപ്രായം എന്ത് ആയാലും എഴുതാം. ഇപ്പോൾ അഭിപ്രായം എഴുതിയതിന് നന്ദി.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
    ചിലർ സ്വന്തം മക്കളെ ആയാലും ഉപദ്രവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @sijo george-,
    ശ്രദ്ധിച്ചാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാജി-,
    ജീവിതസാഹചര്യങ്ങൾ മാറിവരുന്ന ഇക്കാലത്ത് അപകട സാദ്ധ്യതകൾ വർദ്ധിച്ചിരിക്കയാണ്. പണ്ട് കാലത്ത് വീടുകളിൽ മുറികൾ കുറവാണ്, വലിയ വീടുകൾ ആണെങ്കിൽ അവിടെ കൂടൂതൽ ആളുകൾ താമസ്സിക്കുന്നുണ്ടാവും. അതുകൊണ്ട് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ അനേകം പേർ ഉണ്ടാവും. ഇന്ന് കൊട്ടാരം പോലൊരു വീട്ടിൽ വെറും മൂന്നു പേരായിരിക്കും താമസം. അതുപോലെ ഇന്ന് വീട്ടുപകരണങ്ങളും ധാരാളം ഉള്ളതിൽ പലതും കുട്ടികൾ അശ്രദ്ധമായി ഉപയോഗിച്ചാൽ അപകടം വരും. അതിനാൽ കുട്ടികളിൽ എപ്പോഴും ഒരു കണ്ണ് ആവശ്യമായി വരുന്നു. ഇന്നത്തെ സാഹചര്യം തിരിച്ചറിയാതെ മുതിർന്നവർ കുട്ടികളെ ശ്രദ്ധിക്കാതിരുന്നാൽ പലപ്പോഴും അപകടം വരും.
    സ്വന്തം കുഞ്ഞിന് അപകടം വരാതിരിക്കാൻ വേണ്ടി അമ്മമാർ പരമാവധി പരിശ്രമിക്കും. അതിനുവേണ്ടി അവർ എന്തും ചെയ്യും. അഭിപ്രായം എഴുതിയതിന് നന്ദി.
    @വീ കെ-, കമ്പർ-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  23. കഥ വായിച്ച് വല്ലാതെ വേദനിച്ചു.
    അപ്പുപ്പനൊപ്പം മുറ്റത്ത് കളിച്ച് നടന്ന രണ്ടുവയസ്സുകാരി തൊടിയിലെ കുളത്തിൽ പൊങ്ങിക്കിടന്നത് എന്റെ നാട്ടിൽ സംഭവിച്ചതാണ്. കുട്ടികളുടെ കാര്യത്തിലുള്ള അശ്രദ്ധ വലിയ വിപത്തുകൾ വിളിച്ചുവരുത്തും...
    <a href="http://kadalass.blogspot.com“>അൽ‌പ്പം കാര്യങ്ങൾ ഇവിടെ വായിക്കാം</a>

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  24. അശ്രദ്ധകള്‍ കാരണം എന്തൊക്കെ വേദനാജനകമായ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു ..

    ReplyDelete
  25. ഒരമ്മയുടെ ദുസ്വപ്നം മാത്രമായി ഈ കഥയെ കാണുന്നു. ഇന്നത്തെ അമ്മ, നാളത്തെ അമ്മൂമ്മ.
    സാധാരണ വലിയമ്മമാരും വലിയച്ചന്മാരുമെല്ലാം നല്ല ശ്രദ്ധ പുലർത്തുന്നവരാണ്. ഇതെന്തുകൊണ്ടോ ഒരു നെഗറ്റീവ് ഫീലിങ്സ് പ്രായമായവരിലേക്ക് സൃഷ്ടിക്കപെടുന്നു. വലിയുമ്മ മാരില്ലാത്ത വീട്ടിലെ കുട്ടികളും മരിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ട കഥയിലെ നല്ല മെസേജ് അംഗീകരിക്കുന്നു എന്നാൽ പ്രായമായവരെ കുറിച്ച് മോശമായ പ്രതീതി സൃഷ്ടിക്കുന്നത് നല്ലതല്ല, പ്രത്യേകിച്ച് വൃദ്ധരായവരെ അവഗണിക്കുന്ന ഈ കാലത്ത്.

    ReplyDelete
  26. മ്മ്....
    തള്ള..... എന്നൊക്കെ വായിച്ച് വന്നപ്പോ എന്തോ മടുപ്പ് തോന്നി, കഥയുടെ പോക്കില്‍ അവ ഒട്ടും ഇല്ലാതായി.
    അശ്രദ്ധയേക്കാള്‍ മറ്റെന്തോ ഫീല്‍ ചെയ്യുന്നു.
    കഥയയിരുന്നിട്ടും നെട്ടലോടെ വായിച്ചു

    ReplyDelete
  27. @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍-,
    അശ്രദ്ധകൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങളെല്ലാം അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു, എന്ന് പിന്നീട് തോന്നും. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മുതിർന്നവർ മാത്രമാണ് അതിന് കാരണക്കാർ. അഭിപ്രായം എഴുതിയതിന് നന്ദി.
    @സിദ്ധീക്ക..-,
    അശ്രദ്ധ കാരണം ഉണ്ടാവുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവത്ത ദുരന്തങ്ങൾ ആയിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ബെഞ്ചാലി-,
    അശ്രദ്ധ ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ മാറിയേക്കം. പ്രായമായവർ മോശക്കാരായതു കൊണ്ടല്ല. പ്രായമായതുകൊണ്ട് അവർക്ക് എല്ലാം അറിയാം അതാണ് ശരി എന്ന് വിശ്വസിക്കുമ്പോഴാണ് അപകടം വരുന്നത്. പിന്നെ മകളുടെ കുഞ്ഞിനെ കൂടുതൽ ഓമനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവർ അന്യവീട്ടിൽ നിന്ന് വന്നവളുടെ കുഞ്ഞ്, എന്ന് ചിന്തിക്കുന്നതിനാൽ(പറഞ്ഞിട്ടും ഉണ്ട്) മകന്റെ കുഞ്ഞിനോട് അകലം കാണിക്കുന്നത് എന്റെ അനുഭവത്തിൽ ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @കൂതറHashimܓ-,
    ഭതൃവീട്ടിലെ എല്ലാ ജോലിയും ചെയ്ത്, ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന മരുമകളെ, അന്യയായി കാണുന്നവരെ, നേരിട്ട് പ്രകടിപ്പിച്ചില്ലെങ്കിലും മനസ്സിൽ അവൾ അവരെ വെറുക്കും. (‘എന്റെ മകന്റെ ചെലവിൽ കഴിയുന്നവൾ’ എന്ന് പറഞ്ഞു കേൾക്കാറുണ്ട്) അഭിപ്രായം എഴുതിയതിന് നന്ദി.

    ... ‘അയലിൽ കുരുങ്ങി’, ‘ഊഞ്ഞാലിൽ കുരുങ്ങി’ കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകൾ പലപ്പോഴും ശരിയാവണമെന്നില്ല.

    ReplyDelete
  28. കൊച്ചു കുഞ്ഞുങ്ങളെ ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് ശ്വാസം മുട്ടറുണ്ട്. സത്യത്തില്‍ കുഞ്ഞിന്‍റെ അസ്വസ്ഥത ആരും അപ്പോള്‍ ഓര്‍ക്കാറില്ല..

    എഴുത്ത് ഇത്തിരികൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി ..

    ആശംസകള്‍..

    ReplyDelete
  29. ഈ കഥയില്‍ അല്‍പം യാഥാര്‍ത്ഥ്യം ഉണ്ട്. പെറ്റ വയറിനു സ്വന്തം മക്കളോടുള്ള ശ്രദ്ധയും പരിചരണവും മറ്റുള്ളവര്‍ എത്ര അടുത്തവരായാലും ഉണ്ടായിക്കോള്ളണം എന്നില്ല. ഇങ്ങിനെ എത്രയോ സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. മിനി ടീച്ചറുടെ മറ്റു കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. കഥയുടെ ആഖ്യാനം നിലവാരം പുലര്‍ത്തുന്നതാണ്.

    ReplyDelete
  30. ടീച്ചറേ
    ഒന്നും പറയാനില്ല,
    ഏഴുമാസക്കാരന്റെ അച്ഛനാ‍യ ഞാന്‍ വായിച്ചു തരിച്ചിരിക്കുവാ,

    ഒരാശ്വാസം, മുട്ടേല്‍ നീന്തുന്ന അവനൊന്നു വീഴാനാഞ്ഞാല്‍ ചാടിപ്പീടിക്കാനായി കൈകള്‍ എപ്പോഴും നീട്ടിപ്പിടിച്ചിരിക്കുന്ന മുത്തച്ഛനേയും മുത്തശ്ശിയും ആണല്ലോ അവനു കിട്ടിയിരിക്കുന്നതെന്നോര്‍ക്കുമ്പോളാണ്

    ReplyDelete
  31. മനസ്സില്‍ തറച്ചു നില്‍ക്കുന്നു ഈ കഥ.
    ടീച്ചറുടെ ആഖ്യാന ശൈലി തീര്‍ത്തും ഹൃദയസ്പര്‍ഷം.
    നമ്മുടെ മക്കള്‍ നമ്മെ വിട്ടകലുന്നുവോ.......

    ReplyDelete
  32. @ധനലക്ഷ്മി-,
    കൊച്ചുകുട്ടികൾ നടത്തുന്ന തെരുവ് സർക്കസ് കാണുമ്പോൾ ഉണ്ടാവുന്ന ഭയം തന്നെയാണ് അവരെ അപകടകരമായ രീതിയിൽ കളിപ്പിക്കുന്നത് കാണുമ്പോഴും ഉണ്ടാവുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @Akbar-,
    പെറ്റ വയറിനുമാത്രമാണ് വേദന അറിയുന്നത്, കൂടാതെ സമാന ചിന്താഗതിക്കാർക്കും അറിയാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
    @നല്ലി . . . . . -,
    സ്വന്തം കുഞ്ഞിനെ മറ്റുള്ളവർ കളിപ്പിക്കുന്നത് കാണുമ്പോൾ 2മിനിറ്റുകൊണ്ട് അമ്മക്ക് തിരിച്ചറിയാൻ പറ്റും,,, അവരുടെ ‘ശ്രദ്ധ’. പല അമ്മമാരും, ‘അവർ ബന്ധുക്കൾ ആയാലും അല്ലെങ്കിലും’, അവർ അറിയാതെ, അവരിൽനിന്ന് കുട്ടിയെ അകറ്റും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ശങ്കരനാരായണന്‍ മലപ്പുറം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @rafeeQ നടുവട്ടം-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  33. കഥ നന്നായി..
    enkilum...
    വാർദ്ധക്യത്തിൽ സ്നേഹം കൂടുമെങ്കിലും ജീവിതത്തൊട് തന്നെ ലാഘവത്വം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്..അതാവാം ഇത്തരം അശ്രദ്ധക്ക് കാരണമാകുന്നത്..teacher പറഞ്ഞത് ഒരു നഗ്ന സത്യമാവാം..എങ്കിലും വാർദ്ധക്യത്തെ അപമാനിച്ചത് പോലൊരു feeling..[ബെഞ്ചാലി പറഞ്ഞത് പോലെ...

    ചില സത്യങ്ങൾ പറയുമ്പോൾ അതൊരു അപ്രിയ സത്യമാണോ എന്ന് കൂടി ആലോചിക്കുന്നത് നന്നാവും എന്ന് തോന്നുന്നു..എന്റെ വെറും തോന്നലാണ്‌..ശരിയാവണമെന്നില്ല..തെറ്റെങ്കിൽ ക്ഷമിക്കുക..
    “സത്യം ബ്രൂയാത്,
    പ്രിയം ബ്രൂയാത്,
    ന ബ്രൂയാത് സത്യമപ്രിയം,
    പ്രിയം ചനാനൃതം ബ്രൂയാത്,......
    ഏഷ ധർമ്മ സനാതന..
    ഐതരെയാരണ്യകം ഉപനിഷത്...”

    ReplyDelete
  34. ക്ഷമിക്കണേ,..മുകളിൽ പറഞ്ഞത് ബൃഗാത് ഉപനിഷത്തിലേതാണേ..പെട്ടെന്ന് കമന്റിയപ്പോൾ തെറ്റിയതാണ്‌

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. പ്രീയപ്പെട്ട അനശ്വരേ,
    ഒരു അമ്മ സ്വന്തം മക്കൾക്ക് വേണ്ടി (അവർ കൊച്ചു കുഞ്ഞായിരിക്കുമ്പോൾ) എന്തും ചെയ്യും. പിന്നെ പ്രായമായവർക്ക് സ്നേഹമില്ലാത്തതു കൊണ്ടല്ല. അവർ വളർന്ന കാലത്ത് അപകടസാദ്ധ്യതകൾ കുറവാണ്. ഇന്നത്തെ വീടുകൾ‌ നോക്കിയാൽ നമുക്കറിയാം; പല വീടുകളും ഒരു കുട്ടിക്ക് സ്വതന്ത്രമായി ഓടിക്കളിക്കാൻ പറ്റിയതല്ല എന്ന്. ഇനിയും ഒറിജിനൽ സത്യങ്ങൾ വരുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..